സമാന്തര വിദ്യാഭ്യാസരംഗത്തെ തൃശൂർ ജില്ലയിലെ തന്നെ പേരെടുത്ത സ്ഥാപനം. എങ്കിലും മുറ്റത്തെ മുല്ലക്ക് മണമില്ലെന്നത് അന്വർത്ഥമാക്കുന്ന ചിന്തകളോടെയായിരുന്നു ഞാനും അവിടെ ഒരു അധ്യാപകനായി ചേർന്നത്. കേരളത്തിലെ പേരുകേട്ട കലാലയങ്ങളിലൊന്നിൽ എല്ലാവിധ കൗമാര- യൗവനാനുഭവങ്ങളിലൂടെയും കടന്നുപോയ ഏതൊരുവനും പാരലൽ കോളേജ് എന്ന് കേൾക്കുമ്പോഴുള്ള പുച്ഛം എന്നിലും ഉണ്ടായിരുന്നു. സപ്ലികൾ നിരനിരയായി എഴുതി ഒരു വിധം ഒരു ബി.എഡ് ഒപ്പിച്ചെടുത്തവന് ശരാശരി ചെറുപ്പക്കാർക്കിടയിലുള്ള വിയർപ്പിന്റെ അസുഖം (പണിയെടുത്ത് തിന്നാനുള്ള മടി) വേണ്ടുവോളം ഉണ്ടായിരുന്നു. എങ്കിലും അച്ഛന്റെയും അമ്മയുടെയും പെൻഷൻകാശ് കണ്ട് മേലിളകാത്തവൻ, പണ്ടൊരിക്കൽ അമേരിക്കക്ക് പോകാൻ ശ്രമിച്ച് പരാജയപ്പെട്ട് ഇപ്പോഴും ദിവാസ്വപ്നങ്ങളുമായി ജീവിക്കുന്നവൻ ഇത്യാദി ദുഷ്പേരുകൾ പണിക്കുപോകാൻ നിർബന്ധിതനാക്കി.
സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തിപ്പെടുന്ന കുട്ടികൾ പലപ്പോഴും മൂന്നാം തരവും നാലാം തരവും കാറ്റഗറിയിൽ പെടുന്നവരാണ്. അതിലും താഴെയുള്ളവരെയാണ് പത്തും പ്ലസ്ടുവും എഴുതാൻ ഓപ്പൺ സ്‌കൂളിലേക്ക് കിട്ടുന്നത്.
2007 ലെ ഒരു ഫെബ്രുവരി 12ന് അധ്യാപകവൃത്തി ആരംഭിച്ചു. കാര്യങ്ങൾ "ഈസി ഗോയിങ്' ആണെന്ന മുൻവിധി ആകെ മാറിമറിഞ്ഞു. വിവിധ സ്‌കൂളുകളിൽ നിന്ന് ഒൻപതാം ക്ലാസിൽ വെച്ച് തോൽപ്പിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് കേന്ദ്ര സർക്കാർ പദ്ധതിയുടെ കീഴിൽ പത്താം ക്ലാസ് എഴുതാൻ വന്നവർ. പണ്ടൊക്കെ പാരലൽ കോളേജുകളിൽ പത്താം ക്ലാസ് തോറ്റ് റീ ടെസ്റ്റിന് വരുന്ന ട്യൂഷൻ വിദ്യാർത്ഥികളാണെങ്കിൽ ഇന്നത് പത്താം ക്ലാസ്സ് റെഗുലർ ബാച്ചിൽ വരുന്ന 10 മണി തൊട്ട് നാലുമണി വരെ ക്ലാസിൽ ഇരിക്കുന്നവർ. അവരുടെ സ്‌കൂൾ ഞങ്ങളുടെ കോളേജ് ആണ്. ബി.എഡും ഗുസ്തിയും മാത്രമുള്ള ഈയുള്ളവന് ഡിഗ്രി ക്ലാസുകളും പി.ജി. ക്ലാസുകളും അന്യമായിരുന്നു.
പുതിയ ഗ്രേഡിംഗ് സംവിധാനത്തിൽ പഠിച്ചു വന്ന കുട്ടികൾ.
ശ്രീരാമന്റെ ഭാര്യയുടെ പേരെന്ത്?
a. സീത b. ഗീത c. നീത d. പീത.
ഉത്തരം പീത എന്നെഴുതിയാലും സീതയിലെ "ത' യെ കുറിച്ച് കുട്ടിക്ക് ജ്ഞാനമുണ്ട്, മാർക്ക് കൊടുക്ക് എന്ന് കൽപ്പിക്കുന്ന സംവിധാനത്തിൽ പഠിച്ചുവന്നവർ.
പ്ലസ് വണ്ണും പ്ലസ് ടുവും തോറ്റ് പ്ലസ് ടു നേരിട്ട് എഴുതാൻ വരുന്ന കുട്ടികളും ഇതേ നിലവാരം.
സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തിപ്പെടുന്ന കുട്ടികൾ പലപ്പോഴും മൂന്നാം തരവും നാലാം തരവും കാറ്റഗറിയിൽ പെടുന്നവരാണ്. അതിലും താഴെയുള്ളവരെയാണ് ഞങ്ങൾക്ക് പത്തും പ്ലസ്ടുവും എഴുതാൻ ഓപ്പൺ സ്‌കൂളിലേക്ക് കിട്ടുന്നത്.
പൊതുവെ ബാക്‌ബെഞ്ചേഴ്സായ ഈ കുട്ടികളിലെ പിറകിലെ നിരയിൽ ഇരിക്കുന്നവരോട് പരമ്പരാഗത "അധ്യാപക നിലപാട്' തന്നെയാണ് ഞാനും പുലർത്തിവന്നത്.
അവരിൽ പലരും കാണിക്കുന്ന ബഹുമാനക്കുറവും തർക്കുത്തരവുമെല്ലാം അവരുടെ സ്രഷ്ടാക്കളെ പഴിചാരി ഞാനും എതിർത്തുപോന്നു.
പിന്നീട് അടുത്തറിഞ്ഞപ്പോഴാണ് പലരും പെരുമാറ്റ വൈകല്യത്തിന് ഉടമകളാവുന്നതിന്റെ കാരണം വ്യക്തമാവുന്നത്. പലർക്കും പഠന വൈകല്യമുണ്ടെന്നും സാമാന്യ അക്ഷര ജ്ഞാനമില്ലെന്നതും ഞങ്ങൾ പറയുമ്പോഴാണ് രക്ഷിതാക്കൾ അറിയുന്നത്. രക്ഷിതാക്കൾക്കിടയിലെ "പ്രശ്‌നങ്ങൾ' മക്കളെ തിരിച്ചറിയുന്നതിൽ നിന്നും അവരെ അകറ്റി നിർത്തി എന്നും പറയാം. പലരുടെയും മാതാപിതാക്കൾ വേർപിരിഞ്ഞാണ് താമസം.
അൽപ്പസമയത്തെ സ്‌നേഹം പങ്കുവെച്ച് അവൻ ആ കാറിൽ കേറി പാഞ്ഞുപോയി. ഏറെ അഭിമാനവും സന്തോഷവും തോന്നിയ ഞങ്ങൾ അൽപ്പസമയം പത്തുവർഷം പുറകിലേക്ക് പോയി.
ഈ പതിനാല് വർഷത്തെ അനുഭവങ്ങൾക്കിടയിൽ മനസ്സിൽ പതിഞ്ഞുപോയ ചില മുഖങ്ങളുണ്ട്. എല്ലാവരെയും പരിചയപ്പെടുത്താൻ പരിമിതികളുണ്ട്. എങ്കിലും ഏതാനും മാസങ്ങൾക്ക് മുൻപത്തെ ഒരു അനുഭവം ഒരാളെ പരാമർശിക്കാതെ വയ്യെന്നാക്കുന്നു.
ദിവസവും 11 മണിയുടെ ഇടവേള സമയത്ത് ഞാനും സതീർഥ്യരായ ജോസ് മാഷും മോഹനൻ മാഷും ഒന്നിച്ചൊരു ചായകുടിക്കാൻ ഇറങ്ങലുണ്ട്. മണിക്കൂറുകൾക്കിടയിലെ ആകെയൊരു റിഫ്രഷ്‌മെന്റ് ആണത്. ചായയും കടിയും കഴിച്ച് പത്ത് മിനിറ്റ് കഴിഞ്ഞ് പുറത്തിറങ്ങിയ ഞങ്ങളുടെ മുന്നിലേക്ക് പെട്ടെന്നാണ് ഒരു പുതുപുത്തൻ ഹോണ്ട സിറ്റി കാർ ചേർത്തുനിർത്തിയത്. അത്തരം ഒരു ലാൻഡിങ്ങിൽ ചെറിയ അലോസരം തോന്നിയെങ്കിലും ഉള്ളിൽ നിന്നിറങ്ങി വന്ന ചിരിക്കുന്ന മുഖം ഞങ്ങളുടെ ദേഷ്യം അകറ്റി.
""മാഷെ ഓർമ്മയുണ്ടോ?'' ചോദ്യം കേട്ട് മറ്റു രണ്ടുപേരും ഓർത്തെടുക്കാൻ അൽപം ബുദ്ധിമുട്ടിയെങ്കിലും എനിക്ക് അവനെ പെട്ടെന്ന് തിരിച്ചറിയാൻ പറ്റി.
നിഷാദ്... കുട്ടികൾക്കിടയിൽ ഇറച്ചി നിഷാദ് എന്നാണ് അവൻ അറിയപ്പെട്ടിരുന്നത്. പത്തുവർഷം കൊണ്ട് ഏറെ മുതിർന്ന് സുമുഖനും ആരോഗ്യവാനും ആയിരുന്നെങ്കിലും മീശ വളർത്താത്ത ആ മുഖം പഴയ പത്താം ക്ലാസുകാരനെ അതേപടി എന്റെ മുന്നിൽ കൊണ്ടുവന്നു നിർത്തി.
ഞാൻ ഓർമിപ്പിച്ചപ്പോൾ മറ്റ് രണ്ട് അധ്യാപകരുടെ മുഖത്തും ചിരിയും സന്തോഷവും നിറഞ്ഞു. അൽപനേരത്തെ വർത്തമാനത്തിനിടയിൽ അവൻ തന്റെ വിജയകഥ വിവരിച്ചു. പ്ലസ് ടു മുഴുവനാക്കാതിരുന്ന അവൻ എവിടെയോ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് കോഴ്‌സിന് ചേർന്നു. അവിടെ വെച്ചുണ്ടായ ചില സൗഹൃദങ്ങളാണ് അവനെ ഒരു സെക്കന്റ് ഹാൻഡ് കാർ ഡീലറും ആഡംബര വാഹനങ്ങൾ വാടകക്ക് കൊടുക്കുന്ന ബിസിനസുകാരനുമൊക്കെയായി മാറ്റിയത്. ഇന്ന് അവന്റെ അധ്യാപകരെല്ലാം ചേർന്നുണ്ടാക്കുന്നതിനേക്കാൾ കൂടുതൽ ഒരു മാസം അവൻ സമ്പാദിക്കുന്നുണ്ട്. അൽപ്പസമയത്തെ സ്‌നേഹം പങ്കുവെച്ച് അവൻ ആ കാറിൽ കേറി പാഞ്ഞുപോയി. ഏറെ അഭിമാനവും സന്തോഷവും തോന്നിയ ഞങ്ങൾ അൽപ്പസമയം പത്തുവർഷം പുറകിലേക്ക് പോയി.
2009 ലെ ഒരു മാർച്ച്. ക്ലാസിലെ പെൺകുട്ടികളെ കമന്റ് പറഞ്ഞതിന് ഡിഗ്രി ക്ലാസിലെ ആൺകുട്ടികളുടെ മൂക്കിടിച്ച് പരത്തിയത്രെ പത്താം ക്ലാസുകാരൻ നിഷാദ്. സംഭവത്തിന്റെ വിചാരണ പ്രിൻസിപ്പാളുടെ മുറിയിലെത്തി. ഉമ്മയെ ഉപേക്ഷിച്ചു പോയ ഉപ്പയോടും ജീവിതത്തിലെ പ്രാരാബ്ധങ്ങളോടും ഉള്ള ഒരു പതിനാറുകാരന്റെ വാശിയും വിരോധവും പൊറുക്കാനേ അവിടെ കൂടിയ എല്ലാർക്കും കഴിഞ്ഞുള്ളൂ. ഇറച്ചി വെട്ടാൻ കൂടി പോയിട്ടാണ് അവൻ ഉമ്മയെ സഹായിക്കുന്നതെന്നും ഫീസ് അടക്കുന്നതെന്നും കൂടി കേട്ടപ്പോൾ അവനെതിരെ പരാതിപ്പെട്ടവർ പോലും ഒരു നിമിഷം ഉള്ളിൽ വിങ്ങിപ്പോയി. തങ്ങളുടെ തെറ്റ് സമ്മതിച്ച് ആ ഡിഗ്രിക്കാർ അന്ന് ആരുടേയും പ്രേരണയില്ലാതെ തന്നെ ആ വഴക്ക് ഒത്തുതീർക്കുകയായിരുന്നു. ആ സംഭവത്തോടെ ഇറച്ചി നിഷാദ് ഒരു ചെറിയ ഹീറോ ആയി മാറി.
നിഷാദിന്റെ സംഭവം ഇവിടെ പറഞ്ഞത് ഏറെ പുതുമയുള്ള ഒരു കാര്യം എന്ന മട്ടിലല്ല. ഇത്തരം ധാരാളം നിഷാദുമാരെ എല്ലാ വർഷവും കാണുന്നുണ്ട്. വലിയ സാമൂഹിക പശ്ചാത്തലം ഇല്ലാതെ മികച്ച കലാലയ അനുഭവങ്ങളില്ലാതെ ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ആയിത്തീരുന്നവർ നമുക്കിടയിൽ ഉണ്ടെന്ന് ഓരോർമപ്പെടുത്തൽ മാത്രം. ▮