Photo : Arun Inham

​സോഡ നിറയ്ക്കുന്ന ആൻറണിയുടെ മെലിഞ്ഞു നീണ്ട കൈകൾ

വീഴാൻ തുടങ്ങുമ്പോൾ ആദ്യം മനസ്സിലെത്തുന്നു,

ജീവിതത്തോടു പൊരുതി ഇത്രയൊക്കെ നേടാനാവുമെന്ന് ആൻറണി തോമസ്​ എന്നെ പഠിപ്പിക്കുന്നു

കൊറോണ ലോകത്തെ ഗ്രസിക്കുന്നതിനുമുമ്പുള്ള ഒരു ദിവസം,
​രാത്രി വൈകിയാണ്, ദുബായിയിൽ നിന്ന് ആ ഫോൺ കോൾ ...
‘മാഷിന് പാസ്‌പോർട്ടൊക്കെയുണ്ടല്ലോ അല്ലേ?
ദുബായ് കാണാൻ മാഷെ ഒന്നു കൊണ്ടുവരണമെന്നത് എന്റെ വലിയൊരാഗ്രഹമാണ്. വിസയൊക്കെ ഞാനെടുക്കാം. ഈ വെക്കേഷന് മറ്റു പരിപാടികളൊന്നും ഏറ്റെടുക്കരുത്. ഇങ്ങോട്ടു വരണം ...’
ഗൾഫിൽ നിന്ന്​ ആന്റണി തോമസാണ് വിളിക്കുന്നത്.

ഓർമകൾ ഇരുപതു വർഷങ്ങൾക്കു പിന്നിലേക്ക് സഞ്ചരിക്കുകയാണ്.
അന്ന് ഞാൻ ജോലി ചെയ്തിരുന്ന സ്‌കൂളിൽ കുട്ടികൾ കുറവായതിനാൽ എല്ലാ വർഷവും മധ്യവേനലവധിക്കാലമായ ഏപ്രിൽ, മെയ് മാസങ്ങളിൽ ‘പിള്ളേരെ പിടുത്തക്കാരുടെ' വേഷത്തിലിറങ്ങേണ്ടി വന്നിരുന്നു (ഉയർന്ന ഭൗതിക സൗകര്യങ്ങളും നല്ല അധ്യാപകരുമുണ്ടായിരുന്നിട്ടും അടുത്തുള്ള സ്‌കൂളുകളിലെ തോൽപ്പിക്കപ്പെട്ടവരോ പല കാരണങ്ങളാൽ തിരസ്‌കൃതരായവരോ ഒക്കെയാണ് പലപ്പോഴും ഞങ്ങളുടെ സ്‌കൂളിൽ അക്കാലത്ത് ചേരാനെത്തിയിരുന്നവരിൽ അധികവും).

കുട്ടികളെ അന്വേഷിച്ചുള്ള അങ്ങനെയൊരു യാത്രയ്ക്കിടയിലാണ് അടുത്തുള്ള സ്‌കൂളിൽ ഒമ്പതാം ക്ലാസിൽ തോൽപ്പിക്കപ്പെട്ട ആന്റണി ഞങ്ങളുടെ സ്‌കൂളിൽ ചേരാൻ തയ്യാറാണെന്നറിഞ്ഞ് അവന്റെ വീടന്വേഷിച്ചു പോകുന്നത്. മാപ്രാണത്തെ ഒരു ഉൾപ്രദേശത്ത് മൺകട്ട കൊണ്ട്​ കെട്ടി നിറം മങ്ങിയ ഓല മേഞ്ഞ ഒരു വീട്. നിന്നുതിരിയാനിടമില്ലാത്ത അവിടെ ഓടി നടക്കുന്ന കോഴികൾ (അച്ഛന്റെ നിരന്തര ചികിത്സ മൂലം സാമ്പത്തിക ബാദ്ധ്യത വന്നപ്പോൾ വീടു വിറ്റ് വാടകവീട്ടിലേക്കും പിന്നീട് ചാണകം മെഴുകിയ തറയുള്ള ഓല മേഞ്ഞ മേൽക്കൂരയുള്ള ഒരു കൊച്ചു വീട്ടിലേക്കും മാറിത്താമസിക്കേണ്ടി വന്ന, മൂന്നു ഷർട്ടും ട്രൗസറും മാറിമാറി ധരിക്കേണ്ടി വന്നിരുന്ന എന്റെ യു.പി .സ്‌കൂൾ കാലം ഞാനോർത്തു).

വിളി കേട്ട് പുറത്തിറങ്ങി വന്നത് ആന്റണിയുടെ അമ്മയാണ്.
തിളങ്ങുന്ന വലിയ കണ്ണുകൾ, വാരിവലിച്ചുടുത്ത നിറം മങ്ങിയ സാരിക്കുള്ളിൽ അവർ ഒരു ബ്ലാക്ക് ആൻറ്​ വൈറ്റ് സിനിമയിലെ കഥാപാത്രത്തെ ഓർമിപ്പിച്ചു.
അവർ പറഞ്ഞു, ‘സ്‌കൂൾ മാറ്റിച്ചേർക്കാൻ എന്താ വേണ്ടേന്നു പറഞ്ഞാൽ ഞാൻ ചെയ്യാം. കണക്കിനും ഇംഗ്ലീഷിനും മോശായിന്നു പറഞ്ഞാ അവരവനെ തോൽപ്പിച്ചത്. മക്കൾടെ അപ്പന് ആരോഗ്യം കുറവായതിനാൽ പണിക്കു പോകുന്ന തൊക്കെ വല്ലപ്പോഴുമാണ്. ആന്റണിയും അനിയനും സെന്ററിലുള്ള ഒരു സോഡാ ഫാക്ടറിയിൽ സോഡ നിറയ്ക്കാൻ പോണുണ്ട് ഇപ്പൊ. മാഷ് അവനെക്കണ്ട് ഒന്നു പറഞ്ഞാൽ നന്നായിരുന്നു.....'

തിരിച്ചു പോകുന്ന വഴിയിൽ സെന്ററിലുള്ള സോഡാ ഫാക്ടറിയിൽ ഞാൻ കയറി.
ഒരു കടമുറിക്കുള്ളിൽ മെഷീനുകളൊക്കെ വെച്ച് താൽക്കാലികമായൊരു സെറ്റപ്പിലാണ് അതു പ്രവർത്തിക്കുന്നത്.
കടയുടെ ഇരുണ്ട മൂലയിൽ നിന്ന് സോഡ നിറയ്ക്കുന്ന ആന്റണിയുടെ മെലിഞ്ഞു നീണ്ട കൈകളാണ് ഞാനാദ്യം കണ്ടത്. കുപ്പികളെടുത്തു കൊടുക്കുന്നത് ആന്റണിയുടെ അനിയൻ.
ആന്റണിയോട് പറഞ്ഞപ്പോൾ അവൻ സന്തോഷത്തോടെ സമ്മതിച്ചു. യൂണിഫോം തുണിയും പുസ്തകങ്ങളുമൊക്കെ എത്തിക്കാമെന്ന് പറഞ്ഞ് അവിടുന്നിറങ്ങി.

Photo : ounodesign.com/
Photo : ounodesign.com/

ഞങ്ങളുടെ സ്‌കൂളിൽ ആന്റണി സന്തോഷമുള്ളവനായിരുന്നു. പല കാര്യങ്ങളും ഏറ്റെടുത്തു ചെയ്യാനും ഉത്സാഹം കാണിച്ചു. പഠനത്തിലെ മികവിനേക്കാൾ എല്ലാത്തിനും മുന്നിൽ നിൽക്കാനും ക്രിക്കറ്റുകളിയിലും ഫുട്‌ബോളിലുമൊക്കെ മികവു കാണിക്കാനും അവനു കഴിഞ്ഞു. പലപ്പോഴും അവന് അനാവശ്യമായ പരിഗണന നൽകുന്നുവെന്ന സഹപ്രവർത്തകരുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള കുത്തുവാക്കുകളും എനിക്കന്നു കേൾക്കേണ്ടിവരാറുണ്ട്.

എന്റെ അച്ഛൻ മരിച്ചപ്പോൾ, ആരും പറയാതെ തന്നെ സഹായത്തിനായി അവനെത്തിയിരുന്നു, ഏറെ വർഷങ്ങൾക്കിപ്പുറം.

സഹനങ്ങൾക്കിടയിലും പോളിടെക്‌നിക്കിലെ പഠനം പൂർത്തിയാക്കി, വർഷങ്ങളുടെ ശ്രമം കൊണ്ട് അവൻ ദുബായിലെത്തി. ജോലിയിൽ ചേർന്നശേഷം പതുക്കെ അനിയനെയും അങ്ങോട്ടു കൊണ്ടുപോയി. നാട്ടിൽ പുതിയ വീടു വെച്ചു. വിശേഷങ്ങളൊക്കെ അവനറിയിക്കാറുണ്ട്.
അവന്റെ വിവാഹത്തിന് ഞാൻ പോയിരുന്നു. അമ്മയുടെ കണ്ണുകളിലെ സ്‌നേഹത്തിന്റെ തിളക്കത്തിന് ഇപ്പോഴും ഒരു മാറ്റവുമില്ല.

പലപ്പോഴും പരാജയത്തിന്റെയും തിരസ്‌കാരത്തിന്റെയും കയ്പു നിറഞ്ഞ ജീവിതാനുഭവങ്ങളിൽ വീഴാൻ തുടങ്ങുമ്പോൾ എന്റെ മനസ്സിൽ ആദ്യമെത്തുക അവന്റെ മുഖമാണ്, സോഡ നിറയ്ക്കുന്ന ആ മെലിഞ്ഞു നീണ്ട കൈകളും.
​ജീവിതത്തോടു പൊരുതി ഇത്രയൊക്കെ നേടാനാവുമെന്ന് അത് വീണ്ടും വീണ്ടും പ്രകാശം നിറയ്ക്കുന്ന ജീവിതത്തിന്റെ നേരനുഭവമായി എന്നോട് പറഞ്ഞു കൊണ്ടേയിരിക്കുന്നു ... ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.


സനോജ്​ രാഘവൻ

തൃശൂർ ‘ഡയറ്റി’ൽ ലക്ചറർ. ദൃശ്യമാധ്യമങ്ങളിൽ അഭിമുഖങ്ങൾ, ഡബ്ബിംഗ്, കോംപിയറിംഗ് എന്നിവ ചെയ്യാറുണ്ട്. "വിശ്വസാഹിത്യ ചൊൽക്കഥകൾ’ എന്ന സമാഹാരത്തിൽ ആഫ്രിക്കൻ കഥകളുടെ പരിഭാഷ നിർവ്വഹിച്ചു.

Comments