മുരുഗള: എങ്കളെ ഊര്

‘‘തിരികെ സ്‌കൂളിലേക്ക് തിരിക്കുമ്പോള്‍ ഊരിലുള്ളവരോട് യാത്ര പറഞ്ഞ്​ അവളും അച്ഛനും ഒരൊറ്റ പോക്കായിരുന്നു. അവര്‍ക്കുപുറകില്‍ അവര്‍ക്കൊപ്പം എത്താന്‍ ഞങ്ങളും പിന്നാലെ. അവള്‍ കാട് കേറുന്നത്, പുഴ നീന്തി കടക്കുന്നത് ഒക്കെ ഞാന്‍ അതിശയത്തോടെ നോക്കി നിന്നു.’’- ടീച്ചേഴ്​സ്​ ഡയറി എന്ന കോളത്തിൽ അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിൽനിന്നുള്ള അനുഭവം എഴുതുകയാണ്​ സുബിൻ കെ.

Teachers Diary

വേട്ടക്കുപോകുന്ന രീതിയിലാണ് ഗുഹാചിത്രങ്ങള്‍ കാണുന്നത്…
ആദ്യം ഒരു മൃഗവും അതിനുപുറകില്‍ ആയുധങ്ങള്‍ പിടിച്ച മനുഷ്യര്‍ നിരനിരയായി നടന്നുവരുന്നതുമായ രംഗമാണ് ഈ ഗുഹാചിത്രങ്ങളില്‍. ചിത്രങ്ങളില്‍ വളരെയധികം കരി പുരണ്ടതുകൊണ്ട് കൂടുതല്‍ വ്യക്തമല്ല.
മധ്യപ്രദേശിലെ റായ്‌സണ്‍ ജില്ലയിലെ ഭീംബേദ്ക്കയിലുളള പ്രാചീന ഗുഹയില്‍ നിന്ന്​ കണ്ടെത്തിയ ഹോമോ വര്‍ഗത്തില്‍പ്പെട്ടവര്‍ വരച്ച ചില ഗുഹാചിത്രങ്ങളും അട്ടപ്പാടിയില്‍ നിന്ന് ലഭിച്ച മുരുഗള ഗുഹാചിത്രങ്ങളും തമ്മില്‍ അതിശയകരമായ സാമ്യമുണ്ട്.

എന്റെ വായന മുഴുമിക്കുന്നതിനുമുന്നേ ആ ക്ലാസ്​ മൊത്തം അലക്കുന്ന ഉച്ചത്തില്‍ അവള്‍ ഉറക്കെ വിളിച്ചു പറഞ്ഞു; മുരുഗള, എങ്കളെ ഊര്...

അവളുടെ ശബ്ദം എന്നെ കണ്ടെത്തിച്ചത് ആ സാഹസികയാത്രയുടെ മധ്യത്തിലേക്കാണ്.

സാറേ.. ദേ.. ഇവിടം മുതലാണ് സൈലൻറ്​ വാലിയുടെ ഭാഗം തുടങ്ങുന്നത്.

Representative image

തടിക്കുണ്ട് ഫോറസ്റ്റ് ഡിവിഷനില്‍ പേരും നമ്പറും യാത്രയുടെ ഉദ്ദേശ്യവും എഴുതിവെച്ച് കാടിന്റെ വന്യതയിലേക്ക് ഞങ്ങള്‍ പ്രവേശിച്ചു. ആ യാത്രയില്‍എന്നോടൊപ്പം അജേഷ് മാഷും ചിഞ്ചു ടീച്ചറും, ജയേഷ് മാഷും, ശശികല ടീച്ചറും, ശ്രീജ ടീച്ചറും, എന്തിനുവേറെ, എല്ലാമെല്ലാമായ സിബിച്ചനുമുണ്ടായിരുന്നു.

കാടിനോടും അതിന്റെ വന്യതയോടും വിട്ടുപിരിയാന്‍ പറ്റാത്ത തനത് അവസ്ഥയില്‍ നിന്ന്​ ഒരു കുട്ടിയെ അടര്‍ത്തിമാറ്റി വിദ്യാഭ്യാസത്തിന്റെ മൂല്യങ്ങളില്‍ ജീവിക്കാന്‍ ഒരു ക്ഷണക്കത്തുമായാണ്​ ഞങ്ങളുടെ യാത്ര.

കാട് എന്താണെന്നോ അതിനോടുള്ള ആത്മബന്ധം എത്രത്തോളമുണ്ടെന്നോ അറിയാതെയാണ് അട്ടപ്പാടി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠിപ്പിക്കലിന്റെ ആദ്യ അനുഭവം നുകരാന്‍ എനിക്ക് അവസരം ലഭിക്കുന്നത്. കാടിനോടും മരങ്ങളോടും പക്ഷിമൃഗാദികളോടുമൊക്കെ എന്റെ കുട്ടികള്‍ക്കുള്ള ഇഷ്ടവും താല്പര്യമൊക്കെ അധ്യാപന വേളയില്‍ ഞാന്‍ മനസിലാക്കിയിരുന്നു. 2022-ല്‍ സ്‌കൂള്‍ തുറന്ന് 20 ദിവസം കഴിഞ്ഞപ്പോഴായിരുന്നു ഞങ്ങള്‍ ഒരു ക്ഷണക്കത്തുമായി മുരുഗള ഊരിലേക്ക് പോവുന്നത്. ആനവായ് വരെ നീളുന്ന കട്ട പതിച്ച റോഡിനൊരു ഇടവേള പറഞ്ഞു കണ്ണ് വെട്ടി തുറക്കുന്നതിന് മുന്‍പ് ഞങ്ങള്‍ മുരുഗളയിലേക്കുള്ള വഴിയോരത്ത് എത്തി.

അട്ടപ്പാടി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍

സ്‌കൂള്‍ വാന്‍ ഒതുക്കിയതിനുശേഷം സിബിച്ചന്‍ പറഞ്ഞു, ഇറങ്ങുവിന്‍...
മുന്‍പില്‍ സിബിച്ചന്‍, പുറകില്‍ ഞങ്ങള്‍ ഓരോരുത്തരും.

കൊടും വനത്തിനിടയില്‍ കഷ്ടിച്ച് ഒന്നോ രണ്ടോ ആളുകള്‍ക്ക് കൈകോര്‍ത്ത് നടക്കാന്‍ പറ്റുന്ന വഴി... വഴി ക്രോസ്​ ചെയ്ത് വലിയ കാലുകലുള്ളൊരു ജീവി പോയിരിക്കുന്നു, ആന.

ആനയുടെ മണമുണ്ട്.

ലൈവ് ആയി ആനയെ കണ്ടാല്‍ ആരും ഭയക്കരുത് എന്ന സിബിച്ചന്റെ നിര്‍ദേശം. പേടിയും ഭയവും എല്ലാം കലര്‍ന്നൊരു നിമിഷത്തില്‍ പെട്ടന്ന് ഒരു നിലവിളി; കടിച്ചു.. അയ്യോ... കടിച്ചു... വല്ല പാമ്പുമാണോ എന്തോ എന്ന ധാരണയില്‍ ശശികലടീച്ചറുടെ അടുത്തേക്ക്.
പാമ്പല്ല; അട്ട.
കയ്യിലെ ഉപ്പു പയ്ക്കറ്റ് എടുത്തു വിതറി. സാനിറ്റെസര്‍ സ്‌പ്രൈ ചെയ്തു.
ഒരു വില്ലനെപ്പോല്‍ അട്ട ഞങ്ങളിലെല്ലാവരിലും ഒരു പ്രയോഗം നടത്തി. അതേ, അട്ടയുടെ അട്ടകൈപ്രയോഗം.

കടന്നുകടന്ന് കുറെ മുന്നിലേക്ക് പോയപ്പോള്‍ മുന്നില്‍ ഒരു പുഴ.
നല്ല ഒഴുക്കുണ്ട്.
എങ്ങനെ ഈ അടിയൊഴുക്കുള്ള പുഴ മുറിച്ചു കടക്കും?
കൈകള്‍ കോര്‍ത്തുകോര്‍ത്ത് പുഴ മുറിച്ചു കടന്നു.

Representative image

ജീവിതത്തില്‍ ആദ്യമായാണ് സ്‌കൂളിലേക്ക് ഒരു കുട്ടിയെ വിളിക്കാന്‍ പോവേണ്ടിവരുന്നത്. ആദ്യത്തെ അധ്യാപന അനുഭവമല്ലേ, എന്തായാലും മുന്നോട്ടുതന്നെ.
വീണ്ടും നടന്ന് നടന്ന് മുന്നോട്ട് നീങ്ങിയപ്പോള്‍ ഒരു തൂക്കുപ്പാലം. പാലത്തില്‍ കയറാന്‍ ഒരാള്‍ പൊക്കത്തില്‍ കയറണം. പാലത്തിലൂടെ അക്കരെക്ക്. എന്നിട്ട് അപ്പുറത്തേക്ക് എത്തണോ?
എന്നാ... ഇന്നാ പിടിച്ചോ ഒരു ലോങ്ങ് ജംപ്.
അതിനിടയില്‍ ശശികല ടീച്ചറുടെ വീഴ്ച്ച ഞാന്‍ ഈ ജീവിതത്തില്‍ മറക്കില്ല. ഭാഗ്യം ഒന്നും പറ്റിയില്ല.

പുഴയുടെ വക്ക് ചേര്‍ന്ന് ഞങ്ങള്‍ നടപ്പ്​ തുടര്‍ന്നു.

ഊരിലേക്ക് എത്താറായി എന്ന സൂചന സിബിച്ചന്‍ തരുമ്പോള്‍, പണ്ട് ഡോറ ബുജിയില്‍ പറയുന്നപോലെ...
നമ്മള്‍ എങ്ങോട്ടാ പോവുന്നെ?
മുരുഗളയിലേക്ക്.
എന്തിനാ?
കുട്ടിയെ കൊണ്ടോവാന്‍...

അതെ, മുരുഗള.
രാവും പകലും ആ കൂരക്കുള്ളില്‍ മഴ നോക്കിയിരിക്കുന്ന ഒരു കൂട്ടം മനുഷ്യരിലേക്ക് എത്തിപ്പെടാന്‍ ഞങ്ങള്‍ ആ ഉള്‍ക്കാട്ടിലൂടെ സഞ്ചരിച്ചത് നാലര കിലോമീറ്ററോളം.

ഞങ്ങളെ കണ്ടതും അധ്യാപകരാണെന്ന് മനസിലാക്കിയിട്ടായിരിക്കണം കുട്ടി ഓടിയൊളിച്ചു.

അവളെ പറഞ്ഞു സമ്മതിപ്പിക്കാന്‍ പഠിച്ച അധ്യാപന തന്ത്രങ്ങള്‍ ഒന്നും സഹായിച്ചില്ല. നിരാശയോടെ തിരികെ പോരേണ്ടിവരുമെന്ന് വിചാരിച്ചു. പക്ഷെ കുട്ടിയുടെ അച്ഛന്റെ സമയോചിത ഇടപെടല്‍. പെട്ടന്ന് മുടി ചീകാനും, പൊട്ട് വെക്കാനും വസ്ത്രങ്ങളും ബുക്കുകളും ബാഗില്‍ ഒതുക്കാനും അവള്‍ കാണിച്ച താല്പര്യം കണ്ടിട്ട് ഞാന്‍ അന്തം വിട്ട് നിന്നുപോയി.

Representative image

തിരികെ സ്‌കൂളിലേക്ക് തിരിക്കുമ്പോള്‍ ഊരിലുള്ളവരോട് യാത്ര പറഞ്ഞ്​ അവളും അച്ഛനും ഒരൊറ്റ പോക്കായിരുന്നു. അവര്‍ക്കുപുറകില്‍ അവര്‍ക്കൊപ്പം എത്താന്‍ ഞങ്ങളും പിന്നാലെ. അവള്‍ കാട് കേറുന്നത്, പുഴ നീന്തി കടക്കുന്നത് ഒക്കെ ഞാന്‍ അതിശയത്തോടെ നോക്കി നിന്നു. കാട്ടിലെ തനതായ ആവാസവ്യവസ്ഥയോട് ആ കുരുന്ന്​ എത്രത്തോളമാണ് ഇഴുകിച്ചേര്‍ന്നിരിക്കുന്നതെന്ന് പറഞ്ഞ് മനസിലാക്കാന്‍ മറ്റൊന്നും വേണ്ടെന്ന് തീര്‍ച്ച.
ആറു മണിയോടെ സാഹസികമായൊരു യാത്രക്ക് ശേഷം ഞങ്ങള്‍ സ്‌കൂളിലെത്തി.

മുരുഗള, എങ്കളെ ഊര് എന്നൊരു പ്രയോഗത്തില്‍ എന്റെ തലച്ചോറിലേക്ക് അതിപ്രസരമായി ഒഴുകിയെത്തിയ ഓര്‍മ്മകള്‍ക്കപ്പുറത്ത്...
എന്റെ കുട്ടികളോട് ഞാന്‍ മുരുഗളയിലെ ഗുഹയെ ക്കുറിച്ചും ഗുഹയിലെ ചിത്രങ്ങളെ പറ്റിയും ചോദിച്ചു.
35 കുട്ടികളുള്ള ആ ക്ലാസിൽ പതിവിലും വിപരീതമായി ഉച്ചത്തില്‍ അവള്‍ അത് പറഞ്ഞു.
അങ്ങോട്ട് പോവാന്‍ പാടില്ലെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്. മാമനും അച്ഛനുമൊക്കെ ഗുഹയില്‍ പോയിട്ടുണ്ട്. ചോര കൊണ്ടാണ് ആ ചിത്രങ്ങള്‍ വരച്ചത്. അവിടെ മൃഗങ്ങള്‍ ഒക്കെ വരും. ആന വരും. സാര്‍ അങ്ങോട്ട് പോവാ കൂടാത്.

പൊതുവെ നാണം കലര്‍ന്ന സംസാരക്കാരിയായിരുന്ന അവള്‍ അന്ന് ഉറച്ച കാഴ്ചപ്പാടാണ് ഞങ്ങള്‍ക്ക് മുന്നില്‍ തുറന്നിട്ടത്.

Representative image

ഞാന്‍ ക്ലാസിൽ ആ ഗുഹാചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. മുരുഗളയിലെ വിശേഷങ്ങള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ അവിടെനിന്നുവന്ന് സ്‌കൂളില്‍ പഠിക്കുന്ന മറ്റ് കുട്ടികളോട് ചോദിച്ചു. അതിനിടയില്‍ ആറാം ക്ലാസിലെ ഇതേ കുട്ടി എന്നോടുപറഞ്ഞത് , ഇന്നലെയെന്നോണം എന്റെ കാതുകളില്‍ മുഴങ്ങിനില്‍ക്കുന്നുണ്ട്.

സാറേ, എനിക്ക് ഡോക്ടറാകണം. ഞങ്ങള്‍ക്ക് ആശുപത്രിയിലേക്ക് പോകണമെങ്കില്‍ ഒന്നുങ്കില്‍ കാട്ടിലൂടെ ഇടവാണി വഴി പുതൂരിലെ ആരോഗ്യ കേന്ദ്രത്തിലേക്ക് എത്തണം. അല്ലെങ്കില്‍, മുക്കാലി വഴി അഗളിയില്‍ എത്തണം. അതൊക്കെ ബുദ്ധിമുട്ടാണ് സാറേ. അതോണ്ട് എന്റെ ഊരിലെ ഡോക്ടര്‍ ആവണം എനിക്ക്.
ആ കുട്ടിയുടെ ഉറച്ച തീരുമാനം കേട്ടപ്പോ നന്നായി പഠിക്കണം, സ്‌കൂളില്‍ വരണം, അടുത്ത കൊല്ലം നേരത്തെ സ്‌കൂളില്‍ എത്തണം എന്നൊക്കെ പറഞ്ഞു ഞാന്‍. നന്നായി പഠിക്കണം എല്ലാം നടക്കും എന്നുകൂടി പറഞ്ഞു.

ജീവിതത്തിലൊരിക്കലും മറക്കാന്‍ പറ്റാത്ത അനുഭവം. കാടിനോടുള്ള ആത്മബന്ധം വിട്ടുകളയാന്‍ പറ്റാത്ത അവസ്ഥ. കാടിനോടുള്ള തനതായ വികാരത്തിനപ്പുറം ഉയരങ്ങള്‍ വെട്ടിപ്പിടിക്കാന്‍ എന്റെ കുട്ടി കാണിക്കുന്ന താല്പര്യവും ഇഷ്ടവും ആഗ്രഹവുമൊക്കെ കാണുമ്പോള്‍ അവള്‍ക്കത് നേടിയെടുക്കാന്‍ പറ്റുമെന്ന വിശ്വാസം എനിക്കുമുണ്ട്. അവളുടെ ആഗ്രഹങ്ങള്‍ യാഥാര്‍ഥ്യത്തിലേക്ക് എത്തട്ടെ എന്ന് മാത്രം.

(അധ്യാപകർക്ക്​ അനുഭവക്കുറിപ്പുകൾ അയക്കാം, ഇ- മെയിൽ: [email protected])

Comments