അധ്യാപകരേ, മാറാം,
Gen Alpha-യ്ക്കൊപ്പം

ജെൻ ആൽഫക്കാലത്ത് എങ്ങനെയുള്ള അധ്യാപകരെയാണ് ക്ലാസ്മുറികൾ ആവശ്യപ്പെടുന്നത് എന്ന വിശകലനം. പുതിയ സാഹചര്യത്തിനനുസരിച്ച് അധ്യാപനത്തെ രൂപകല്പന ചെയ്യാൻ ശേഷിയുള്ളവരും മറ്റ് അധ്യാപകരിൽ നിന്ന് പഠിക്കുവരും ജനാധിപത്യപരമായ ക്ലാസ് മുറികളെ സൃഷ്ടിക്കുന്നവരും കുട്ടികളുടെ വിമർശനങ്ങളെ കേൾക്കുന്നവരുമാവണം അധ്യാപകർ: ഡോ. പി.വി. പുരുഷോത്തമൻ എഴുതുന്നു.

‘‘ഇന്നത്തെ കുട്ടികൾ പഴയതുപോലെയല്ല’’ - സ്‌കൂൾ സ്റ്റാഫ് മുറികളിലും രക്ഷാകർത്താക്കളുടെ സംഭാഷണങ്ങളിലും പതിവായി കേൾക്കുന്ന ഒരു വാചകമാണിത്. ചിലപ്പോൾ അത് പരാതിയായിട്ടാവും അവതരിപ്പിക്കപ്പെടുന്നത്; മറ്റു ചിലപ്പോൾ കടുത്ത ആശങ്കയായും.

മുതിർന്നവർ പഠിച്ച കാലത്തെ കുട്ടികളിൽ നിന്ന് ഇന്നത്തെ കുട്ടികൾ ഏറെ മാറിയിരിക്കുന്നു എന്നതിൽ സംശയമില്ല. പക്ഷേ, എന്താണ് ആ മാറ്റം? എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്? കുട്ടികളിലുണ്ടായ മാറ്റത്തെ അധ്യാപകർ എങ്ങനെയാണ് നോക്കിക്കാണേണ്ടത്? പുതിയ കാലം ആവശ്യപ്പെടുന്ന തരത്തിലുള്ള അധ്യാപകരായി അവർക്ക് എങ്ങനെ മാറാനാവും? ഇത്തരം ചോദ്യങ്ങൾ ചോദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കേരളത്തെ സംബന്ധിച്ചു പറയുമ്പോൾ, ഏതാണ്ട് 1950- കൾ വരെ നമ്മുടെത് കാർഷികസമൂഹമായിരുന്നു. തുട‌ന്ന് 1990- കൾ വരെയുള്ള കാലത്ത് ഒരു വ്യാവസായിക സമൂഹത്തിന്റെ സവിശേഷതകളാണ് മുന്നിൽ നിന്നത്. അതിനുശേഷമാണ് വിവരസാങ്കേതിക വിദ്യയും ആഗോളവത്കരണവും മറ്റും സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തിത്തുടങ്ങിയത്. 2010- ഓടെ മൊബൈലിന്റെയും ഇന്റർനെറ്റിന്റെയും പ്രഭാവം പ്രകടമായി. 2020- നുശേഷം കൃത്രിമബുദ്ധി (Artificial Intelligence - AI) നമ്മുടെ അനുഭവങ്ങളെ പുതുക്കിപ്പണിയാൻ തുടങ്ങി.

ഇന്ന് സ്കൂളുകളിലുള്ള കുട്ടികൾ വിവരവിനിമയ സാങ്കേതികവിദ്യയുടെ അത്ഭുതങ്ങൾക്കുള്ളിൽ ജനിച്ചവരാണെന്നു പറയാം. എന്തെന്നാൽ, അവർ ജനിച്ച കാലം തൊട്ട് മൊബൈൽ ഫോൺ കാണുന്നുണ്ട്. അത് നൽകുന്ന ശബ്ദപരവും ദൃശ്യപരവുമായ അനുഭവങ്ങൾ അവരെ ആകർഷിക്കുന്നുണ്ട്. അതിന്റെ സ്വാധീനം കാണെക്കാണെ വർധിക്കുകയാണ്. വെറുതെയിരിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴുമെല്ലാം മൊബൈൽ സ്ക്രീനിലേക്ക് കണ്ണുപായിക്കുന്ന മുതിർന്നവ‌ക്ക് കുട്ടികളിലെ ഈ സ്വാധീനത്തെ തടഞ്ഞുനിർത്താനാവില്ല. അതുകൊണ്ട് സ്കൂൾ കുട്ടികൾ റീലുകൾ കണ്ടും ചിലപ്പോൾ അവയുടെ നിർമാണത്തിൽ പങ്കാളിയായും സാങ്കേതിക സംസ്കാരത്തിന്റെ ഭാഗമാവുകയാണ്. വാട്സാപ്പിലും ഗൂഗിളിലുമെല്ലാം കയറിക്കൂടിയ കൃത്രിമബുദ്ധി ബുദ്ധിമുട്ടേറിയ ഏത് ചോദ്യത്തിനും ഉത്തരം തരുന്ന വിദ്വാനാണെന്ന് അവർ മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ട്. ഇത് ഏറെ അസ്വസ്ഥതപ്പെടുത്തുന്നത് ഒരുപക്ഷേ അധ്യാപകരെയാവാം! കുട്ടികൾക്കും അധ്യാപകർക്കുമിടയിലെ വില്ലനായിപ്പോലും AI മാറുന്നുണ്ട്.

അല്ലിസൺ ജെയിംസ് (Allison James), അലൻ പ്രൗട്ട് (Alan Prout) എന്നീ ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്, കുട്ടികൾ ജീവിക്കുന്ന സാമൂഹിക സാഹചര്യമാണ് അവരുടെ ബാല്യത്തെ മുഖ്യമായും നിർണയിക്കുന്നത് എന്നാണ്.
അല്ലിസൺ ജെയിംസ് (Allison James), അലൻ പ്രൗട്ട് (Alan Prout) എന്നീ ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്, കുട്ടികൾ ജീവിക്കുന്ന സാമൂഹിക സാഹചര്യമാണ് അവരുടെ ബാല്യത്തെ മുഖ്യമായും നിർണയിക്കുന്നത് എന്നാണ്.

ബാല്യത്തെക്കുറിച്ചുള്ള ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്, ബാല്യം എന്നത് ജൈവപരമായ ഒരവസ്ഥ മാത്രമല്ലെന്നും അത് ഒരു സാമൂഹികനിർമ്മിതി കൂടിയാണ് എന്നുമാണ്. അല്ലിസൺ ജെയിംസ് (Allison James), അലൻ പ്രൗട്ട് (Alan Prout) എന്നീ ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്, കുട്ടികൾ ജീവിക്കുന്ന സാമൂഹിക സാഹചര്യമാണ് അവരുടെ ബാല്യത്തെ മുഖ്യമായും നിർണയിക്കുന്നത് എന്നാണ്. സാമൂഹ്യസാഹചര്യം എന്നതിൽ അവർ ജീവിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തിന്റെയും സ്വഭാവം, സാമ്പത്തിക സാഹചര്യം, കുടുംബഘടന തുടങ്ങിയവ ഉൾപ്പെടുന്നു. എന്നാലിന്ന് കുട്ടികളെ ഏറെ സ്വാധീനിക്കുന്ന സാമൂഹ്യഘടകമായി സാങ്കേതികവിദ്യ മാറിയിരിക്കുന്നു. മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത വിധം അതവരുടെ വ്യക്തിത്വത്തെയും ചിന്തകളെയും പഠനതാത്പര്യങ്ങളെയും സ്വാധീനിച്ചു കൊണ്ടിരിക്കുന്നു. വിദ്യാഭ്യാസകാര്യത്തിൽ ഈ സ്വാധീനം ഏറെ നിർണായകമാണുതാനും. അത് അധ്യാപകർ നടത്തേണ്ട ഇടപെടലുകളെ സങ്കീർണമാക്കുന്നുണ്ട്. അതുകൊണ്ട് തങ്ങൾ ജീവിച്ചതോ പരിശീലിക്കപ്പെട്ടതോ ആയ കാലത്തെ കുട്ടികളല്ല മുമ്പിലിരിക്കുന്നതെന്ന ബോധം അധ്യാപകർക്ക് ഉണ്ടായേ പറ്റൂ.

പഴയ രീതിയിൽ ബോർഡും ചോക്കും നാക്കും കൊണ്ട് നിർമിക്കപ്പെടുന്ന സ്കൂൾ ദിനങ്ങൾ ജെൻ ആൽഫ തലമുറയ്ക്ക് വിരസമായേ അനുഭവപ്പെടൂ.

ജനറേഷൻ ആൽഫ

ഏത് സാങ്കേതികവിദ്യയും അത് വികസിച്ചുവന്ന പ്രദേശങ്ങളെയാണ് ആദ്യം സ്വാധീനിച്ചു തുടങ്ങുന്നത്. നമ്മുടെ നാട്ടിലൊക്കെ അതിന്റെ അലകൾ എത്തുന്നത് വളരെ വൈകിയാണ്. ഉദാഹരണമായി ടി.വിയും കമ്പ്യൂട്ടറും മറ്റും ഉൾപ്പെടുന്ന ആദ്യകാല സാങ്കേതികവിദ്യകൾ നമ്മുടെ നാട്ടിലെത്തിയത് വർഷങ്ങൾ കഴിഞ്ഞാണ്. എന്നാൽ അതിനുശേഷം വന്ന ഇന്റർനെറ്റും സ്മാർട്ട് ഫോണുമടങ്ങിയ നവീന സാങ്കേതികവിദ്യകൾ ഇവിടെയെത്താൻ അധികസമയം വേണ്ടിവന്നില്ല. ഇപ്പോഴത്തെ AI വിപ്ലവമാകട്ടെ, ലോകത്തെങ്ങും ഏതാണ്ട് ഒരേ കാലത്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

സാങ്കേതികവിദ്യയിലും സമൂഹത്തിലും വരുന്ന മാറ്റങ്ങളെ അടിസ്ഥാനമാക്കി തലമുറകളെ വേർതിരിക്കുന്ന രീതി നമുക്കിന്ന് അപരിചിതമല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നാം ചർച്ച ചെയ്ത പ്രധാന കാര്യങ്ങളിലൊന്ന്, 1995- നു ശേഷം ജനിച്ച ജെൻസി തലമുറയിൽ പെട്ടവർ ആർക്കാണ് വോട്ടുചെയ്തത് എന്നാണല്ലോ. അങ്ങനെയെങ്കിൽ ഇന്ന് നമ്മുടെ സ്കൂളുകളിൽ പഠിക്കുന്ന തലമുറ ഏതാണെന്നും അവരുടെ വിദ്യാഭ്യാസ പ്രശ്നങ്ങൾ എന്താണെന്നും ചർച്ച ചെയ്യുന്നത് സംഗതമായിരിക്കും. പ്രത്യേകിച്ചും, സംസ്ഥാന സ്കൂൾ കരിക്കുലം പുനരാവിഷ്കരിക്കുമെന്ന് പുതിയ സർക്കാർ പറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ.

ആസ്ട്രേലിയൻ സാമൂഹ്യ ഗവേഷകൻ മാക് മക്രിൻഡിൽ. ഒരുകാലത്ത് ടി. വി കാണാൻ സമ്മതിക്കാത്തതുകൊണ്ടായിരുന്നു സ്കൂൾകുട്ടികൾ ആത്മഹത്യ ചെയ്തിരുന്നത്. ഇപ്പോഴത് സ്മാർട്ട് ഫോണിൽ ഗെയിം കളിക്കാൻ അനുവദിക്കാത്തതിന്റെ പേരിലായിരിക്കുന്നുവെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
ആസ്ട്രേലിയൻ സാമൂഹ്യ ഗവേഷകൻ മാക് മക്രിൻഡിൽ. ഒരുകാലത്ത് ടി. വി കാണാൻ സമ്മതിക്കാത്തതുകൊണ്ടായിരുന്നു സ്കൂൾകുട്ടികൾ ആത്മഹത്യ ചെയ്തിരുന്നത്. ഇപ്പോഴത് സ്മാർട്ട് ഫോണിൽ ഗെയിം കളിക്കാൻ അനുവദിക്കാത്തതിന്റെ പേരിലായിരിക്കുന്നുവെന്ന് അദ്ദേഹം വിശദീകരിക്കുന്നു.

മാർക്ക് മക്രിൻഡിൽ (Mark McCrindle) എന്ന ആസ്ട്രേലിയൻ സാമൂഹ്യ ഗവേഷകന്റെ കണക്കുകൂട്ടൽ പ്രകാരം 2010 മുതൽ 2024 വരെ ജനിച്ചവർ ‘ജനറേഷൻ ആൽഫ’ എന്ന വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ഇവരാണ് പൂർണമായും 21-ാം നൂറ്റാണ്ടിൽ ജനിച്ച ആദ്യത്തെ തലമുറ. ഇന്ന് നമ്മുടെ പ്രീ പ്രൈമറി ക്ലാസുകൾ മുതൽ ഏതാണ്ട് ഹൈസ്കൂൾ ക്ലാസുകൾ വരെയുള്ളവർ ഈ വിഭാഗത്തിലാണ് വരിക. ജനിച്ചതുമുതൽ സ്മാർട്ട് ഫോണുകൾ കാണുന്ന വിഭാഗമാണിത്. നെറ്റ് അധിഷ്ഠിതമായി പ്രവർത്തിക്കുന്ന സ്മാർട്ട് ഫോണിലൂടെ കണ്ടതും കേട്ടതുമായ ഡിജിറ്റൽ അനുഭവങ്ങൾ അവരുടെ ജീവിതപരിസരത്തിന്റെ ഭാഗമാണ്. ഒരുകാലത്ത് ടി. വി കാണാൻ സമ്മതിക്കാത്തതുകൊണ്ടായിരുന്നു സ്കൂൾകുട്ടികൾ ആത്മഹത്യ ചെയ്തിരുന്നത്. ഇപ്പോഴത് സ്മാർട്ട് ഫോണിൽ ഗെയിം കളിക്കാൻ അനുവദിക്കാത്തതിന്റെ പേരിലായിരിക്കുന്നു. കോവിഡിന്റെ വേറിട്ട അനുഭവങ്ങളും ഈ തലമുറയെ വ്യത്യസ്തമാക്കുന്നുണ്ടെന്ന് മാർക്ക് മക്രിൻഡിൽ പറയുന്നു.

ജനറേഷൻ ആൽഫയിൽ പെട്ട കുട്ടികളുടെ അനുഭവ വ്യത്യസ്തതകളും അത് വിദ്യാഭ്യാസത്തെ ബാധിക്കുന്നത് എങ്ങനെയെന്നും നോക്കാം.

1. ഡിജിറ്റൽ, AI നേറ്റീവുകൾ

മുൻതലമുറകൾ അന്നന്നത്തെ സാങ്കേതികവിദ്യകളിലേക്ക് പതിയെ മാത്രം കടന്നുവന്നവരാണെങ്കിൽ ജനറേഷൻ ആൽഫ ജനനം തൊട്ട് നവസാങ്കേതികവിദ്യകളാൽ നിർണയിക്കപ്പെട്ടവരാണ്. അതുകൊണ്ടുതന്നെ പഴയ രീതിയിൽ ബോർഡും ചോക്കും നാക്കും കൊണ്ട് നിർമിക്കപ്പെടുന്ന സ്കൂൾ ദിനങ്ങൾ അവർക്ക് വിരസമായേ അനുഭവപ്പെടൂ.

2. വിവരസമൃദ്ധി

ചരിത്രത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്തത്ര വേഗത്തിലും എളുപ്പത്തിലുമാണ് വിവരങ്ങളിലേക്കും അറിവുകളിലേക്കും കുട്ടികൾ പ്രവേശിക്കുന്നത്. ഈ വിവരങ്ങൾ നല്ലതാണോ ചീത്തയാണോ വ്യാജമാണോ (fake) എന്നൊന്നും അവർക്കറിയില്ല. ഈ വിവരങ്ങളുടെ കൂടി സ്വാധീനത്തിലാവും അവരുടെ സ്വാഭാവിക ധാരണകൾ രൂപപ്പെട്ടിട്ടുണ്ടാവുക. റഷ്യൻ മനഃശ്ശാസ്ത്രജ്ഞനായിരുന്ന ലവ് വൈഗോട്സ്കിയുടെ (Lev Vygotsky) നിരീക്ഷണമനുസരിച്ച് പഠിതാവിന്റെ സാമാന്യ ധാരണകളെ ശാസ്ത്രീയധാരണകളാക്കുന്ന പ്രക്രിയയാണ് സ്കൂളിൽ നടക്കേണ്ടത്. ഈ പ്രക്രിയ പഴയതുപോലെ എളുപ്പമല്ലെന്ന് വന്നിരിക്കുന്നു.

3. വ്യക്തിഗത അനുഭവങ്ങളുടെ പ്രാധാന്യം

സ്വന്തം ഇഷ്ടങ്ങളിലേക്ക് തടസ്സമില്ലാതെ സർച്ച് ചെയ്യുന്നവരാണ് പുതിയ കുട്ടികൾ. നെറ്റ്ഫ്ലിക്സിൽ നിന്ന് ഇഷ്ടപ്പെട്ട സിനിമയും യൂ ട്യൂബിൽ നിന്ന് തന്റെ നിലവാരത്തിലുള്ള കാര്യങ്ങളും സ്വയം തെരഞ്ഞെടുക്കുന്ന തലമുറയാണവർ. എന്നാൽ അവരുടെ ക്ലാസ് മുറികളിൽ ടീച്ചറാണ് എന്ത് കാണണമെന്നും ച‌ർച്ച ചെയ്യണമെന്നും തീരുമാനിക്കുന്നത്. എല്ലാവർക്കും ഒരേ ഉള്ളടക്കവും പഠനസാമഗ്രികളും പഠനവേഗതയും എന്നതാണ് അവിടുത്തെ പതിവ്. ഇത് ഉൾക്കൊള്ളാൻ ഡിജിറ്റൽ നേറ്റീവുകളായ പുതിയ തലമുറയ്ക്ക് പാടാണ്.

4. ദൃശ്യ - മാധ്യമ സംസ്കാരം

റീലുകൾ, വീഡിയോകൾ, ഇൻഫോഗ്രാഫിക്സ്, ആനിമേഷൻ, ഗെയിമുകൾ തുടങ്ങിയവയാണ് ജെൻ ആൽഫയുടെ മേച്ചിൽപ്പുറം. നവീനമായ കാഴ്ചകളിലും കേൾവികളിലും അഭിരമിക്കുന്നവരാണ് കുട്ടിച്ചങ്ങാതിമാർ. പഴയ കാലത്ത് വളർന്നവരും പരിശീലിക്കപ്പെട്ടവരുമായ അധ്യാപകർ തയ്യാറാക്കുന്ന ചാർട്ടുകളും പി പി ടി കളും കാണുമ്പോൾ ‘ഇതെന്ത് ’ എന്ന തോന്നലാവും പുതിയ കുട്ടികൾക്കുണ്ടാവുക.

5. ആഗോള ബോധമുണ്ട്,
പക്ഷെ അയൽപക്ക ധാരണയില്ല

ലോകത്തിന്റെ പല ഭാഗത്തും നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ഇന്നത്തെ കുട്ടികൾക്ക് സോഷ്യൽ മീഡിയ വഴി പരിചിതമാണ്. നമ്മെ അത്ഭുതപ്പെടുത്തും വിധം പല വിദേശരാജ്യങ്ങളിലെ സിനിമകളുടെയും മ്യൂസിക്ക് ബാന്റുകളുടെയും ആരാധകരാണ് പലരും. ഇപ്രകാരം വിദൂരങ്ങളിലെ പല കാര്യങ്ങളും അറിയുന്ന ജെൻ ആൽഫകൾ പക്ഷേ, സ്വന്തം ചുറ്റുവട്ടത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ച് അജ്ഞരാണ്.

എൻട്രൻസുകൾ പോലുള്ള ഏതൊക്കെയോ വിപത്തുകൾ തങ്ങളെ കാത്തിരിക്കുന്നുണ്ടെന്ന് പുതിയ തലമുറയ്ക്കറിയാം. ജീവിതം അടിപൊളിയാണെന്ന് പുറമെ തോന്നിക്കുന്നുണ്ടെങ്കിലും ഇവർ അസ്വസ്ഥരും ഉത്കണ്ഠ പേറുന്നവരുമാണ്.

6. അമിതമായ ഉത്തേജനവും ഉൽകണ്ഠകളും

എൻട്രൻസുകൾ പോലുള്ള ഏതൊക്കെയോ വിപത്തുകൾ തങ്ങളെ കാത്തിരിക്കുന്നുണ്ടെന്ന് പുതിയ തലമുറയ്ക്കറിയാം. ജീവിതം അടിപൊളിയാണെന്ന് പുറമെ തോന്നിക്കുന്നുണ്ടെങ്കിലും ഇവർ അസ്വസ്ഥരും ഉത്കണ്ഠ പേറുന്നവരുമാണ്. പരിചയിച്ചുവന്ന സാങ്കേതികവിദ്യകളുടെ സ്വാധീനത്താലാകാം, അവർക്ക് ഒന്നിലും ഏറെ നേരം ശ്രദ്ധിക്കാനാവുന്നില്ല. “വേഗത്തിൽ അല്ലെങ്കിൽ ചുരുക്കത്തിൽ ഒന്ന് പറഞ്ഞുതുലക്കാമോ” എന്നാവും അവർ മുതിർന്നവരോട് ഉള്ളിൽ പറയുന്നുണ്ടാവുക. പക്ഷേ, ടെക്നോളജി എത്രതന്നെ കിടിലനായാലും, കുട്ടികളുടെ അടിസ്ഥാന ആവശ്യങ്ങളെന്ന് അബ്രഹാം മാസ്‍ലോ (Abraham Maslow) പറഞ്ഞിട്ടുള്ള അംഗീകാരവും സുരക്ഷിതത്വബോധവുമൊക്കെ നിവർത്തിക്കപ്പെടാതെ പോവുകയാണ്. സ്കൂളുകളിൽ ഫോണുകൾ പിടിച്ചുവെച്ചും പട്ടാളഭരണം ഏർപ്പെടുത്തിയും പ്രശ്നപരിഹാരമുണ്ടാക്കാനാണ് ചില അധ്യാപകർ ശ്രമിക്കുന്നത്.

7. സംരംഭകമനസ്സും സൃഷ്ടിക്കാനുള്ള വ്യഗ്രതയും

ജെൻ ആൽഫകൾ ഒന്നിനും കൊള്ളാത്തവരാണെന്ന് മുദ്രകുത്തുന്നവരെ ഞെട്ടിച്ചുകൊണ്ട് പത്തു വയസ്സുള്ള കുട്ടികൾ പോലും യൂ ട്യൂബിലൂടെ പണമുണ്ടാക്കുന്ന കാലമാണിത്. ഓരോന്നിനും ഒരു നിശ്ചിതപ്രായം വരെ എന്തിന് കാത്തിരിക്കണം എന്നതാണവരുടെ ചിന്ത. എന്തും വിലമതിക്കപ്പെടുന്ന ഒരു ചന്ത അവരുടെ വിരൽത്തുമ്പിലുണ്ട്. പ്രശസ്തരാവാൻ ഇന്നിന്ന വഴികൾ എന്നില്ല. “എന്നെ എന്റെ വഴിക്കുവിടൂ” എന്നാണവർ പറഞ്ഞുകൊണ്ടിരിക്കുന്നത്. പല കുട്ടികളും വൈവിധ്യമാർന്ന സർഗാത്മകതയാൽ അതിശയങ്ങൾ തീർക്കാൻ കെൽപുള്ളവരാണ്. ലോകത്തിന് നാളെ വേണ്ടതും പുതുമകൾ സൃഷ്ടിക്കാൻ കഴിവുള്ളവരെത്തന്നെയാണ്. പക്ഷെ തങ്ങൾക്ക് ബോധ്യമുള്ള വിജയവഴികളിലൂടെതന്നെ മക്കൾ സഞ്ചരിക്കണമെന്ന് വാശി പിടിക്കുന്നവരാണ് പല രക്ഷിതാക്കളും. അധ്യാപകരിൽ ചിലരാവട്ടെ, പഴയ രീതിയിൽ പഠിപ്പിച്ചാലേ പഠിയൂ എന്ന് നിർബന്ധമുള്ളവരാണ്. ഇതൊക്കെയുണ്ടാക്കുന്ന പ്രതിഭാനാശം ചെറുതല്ല.

8. മൂല്യങ്ങൾ പാലിക്കൽ,
അനീതികളെ ചോദ്യം ചെയ്യൽ

പുതിയ കുട്ടികൾ മൂല്യങ്ങൾക്ക് വില കൽപിക്കാത്തവരാണെന്ന ധാരണ അത്രകണ്ട് ശരിയല്ല. അവസരങ്ങൾ വരുമ്പോൾ സമൂഹം നല്ലതെന്ന് കരുതുന്ന മൂല്യങ്ങൾ അവരെ നയിക്കുന്നതു കാണാം. അതുപോലെ മുതിർന്നവർ നടത്തുന്ന സാമൂഹ്യചർച്ചകളിൽ ജെൻസിക്കും ജെൻ ആൽഫയ്ക്കും ചില അഭിപ്രായങ്ങൾ പറയാനുണ്ട്. പക്ഷേ മുതിർന്നവർ അത് കേൾക്കാൻ തയ്യാറാണോ എന്നതാണ് പ്രശ്നം. സ്വന്തം നിലപാടുകളിലൂന്നി മുന്നോട്ടു പോകുന്നവരാണ് പുതിയ കുട്ടികൾ. പല അനീതികളെയും ചോദ്യം ചെയ്യണമെന്ന് അവ‌ർക്കുണ്ട്. അതിനിടയിൽ സംഭവിക്കാവുന്ന അപകടങ്ങളെക്കുറിച്ച് അവർക്ക് വേണ്ടത്ര ജാഗ്രതയില്ല എന്നത് ഒരു പ്രശ്നം തന്നെയാണ്.

ടോണി വാഗ്നർ. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ഇന്നും പല സ്കൂളുകളും കേന്ദ്രീകരിക്കുന്നത് ഓർമ്മ പരിശോധന, ശരിയായ ഒറ്റയുത്തരം കണ്ടെത്തൽ തുടങ്ങിയവയിലാണ്.
ടോണി വാഗ്നർ. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ഇന്നും പല സ്കൂളുകളും കേന്ദ്രീകരിക്കുന്നത് ഓർമ്മ പരിശോധന, ശരിയായ ഒറ്റയുത്തരം കണ്ടെത്തൽ തുടങ്ങിയവയിലാണ്.

സ്കൂൾ വിദ്യാഭ്യാസത്തിലേക്ക് വരുമ്പോൾ

21-ാം നൂറ്റാണ്ടിലെ വിദ്യാഭ്യാസത്തെ കുറിച്ച് ഏറെ എഴുതിയിട്ടുള്ള വിദഗ്ധനാണ് ടോണി വാഗ്‌നർ (Tony Wagner). അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ഇന്നും പല സ്കൂളുകളും കേന്ദ്രീകരിക്കുന്നത് ഓർമ്മ പരിശോധന, ശരിയായ ഒറ്റയുത്തരം കണ്ടെത്തൽ തുടങ്ങിയവയിലാണ്. എന്നാൽ പുതിയ കാലവും സമൂഹവും ആവശ്യപ്പെടുന്നത്, ചിന്തിക്കാനും സഹകരിക്കാനും പുതിയ സാഹചര്യങ്ങളോട് അതിവേഗം പൊരുത്തപ്പെടാനും കഴിയുന്ന ഒരു തലമുറയെ രൂപപ്പെടുത്തണമെന്നാണ്. നിലവിലുള്ള വിദ്യാഭ്യാസ പദ്ധതികളിലൂടെ ലഭിക്കുന്ന അറിവുകളും ശേഷികളും നാളത്തെ ലോകത്ത് ജീവിക്കാനാവശ്യമായ കഴിവുകളും തമ്മിൽ പ്രകടമായ വിടവുകളുണ്ട് എന്നാണിത് സൂചിപ്പിക്കുന്നത്. വാഗ്നർ ‘Global Achievement Gap’ എന്ന് വിശേഷിപ്പിക്കുന്ന പ്രശ്നം ഈ നൂറ്റാണ്ടിൽ നമ്മളും അഭിമുഖീകരിക്കുന്നുണ്ട് എന്നതിൽ സംശയമില്ല.

ഡേവിഡ് പെർക്കിൻസ്. ഭാവിജീവിതവുമായി ബന്ധമുള്ള ആശയങ്ങൾ, അവയിലുള്ള ആഴത്തിലുള്ള ധാരണ, അറിവിന്റെ പ്രയോഗശേഷി തുടങ്ങിയ കാര്യങ്ങളിൽ കേന്ദ്രീകരിക്കാനാണ് അദ്ദേഹത്തിന്റെ നിർദേശം.
ഡേവിഡ് പെർക്കിൻസ്. ഭാവിജീവിതവുമായി ബന്ധമുള്ള ആശയങ്ങൾ, അവയിലുള്ള ആഴത്തിലുള്ള ധാരണ, അറിവിന്റെ പ്രയോഗശേഷി തുടങ്ങിയ കാര്യങ്ങളിൽ കേന്ദ്രീകരിക്കാനാണ് അദ്ദേഹത്തിന്റെ നിർദേശം.

അറിവിന്റെ വിസ്ഫോടനം അക്ഷരാർത്ഥത്തിൽ നടന്നുകൊണ്ടിരിക്കുന്ന കാലമാണിത്. ഒരു വിജ്ഞാനസമൂഹത്തിലേക്കാണ് കുട്ടികൾ മുതിർന്നുകൊണ്ടിരിക്കുന്നത്. കരിക്കുലത്തിൽ കൂട്ടിച്ചേർക്കാൻ അനവധി പുതിയ കാര്യങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. നിലവിലുള്ള പലതും നിലനിർത്തേണ്ട ബാധ്യത നമുക്കുണ്ട്. ഒരു കാര്യം ഉറപ്പാണ്. പഠിക്കേണ്ടതെന്ന് കരുതപ്പെടുന്ന എല്ലാ കാര്യങ്ങളും പാഠപുസ്തകത്തിൽ ഉൾപ്പെടുത്താനോ പഠിപ്പിക്കാനോ ആവില്ല. ഓരോ വിഷയത്തിലും ചില തെരഞ്ഞെടുപ്പുകൾ വേണ്ടി വരും. ഡേവിഡ് പെർക്കിൻസ് (David Perkins) തന്റെ Future Wise: Educating Our Children for a Changing World എന്ന പുസ്തകത്തിൽ ചർച്ച ചെയ്യുന്നതും ഈയൊരു പ്രശ്നത്തെ കുറിച്ചു തന്നെയാണ്. ജീവിതത്തിന് ഉതകുന്ന പഠനം (Lifeworthy Learning) എന്നതിലാണ് അദ്ദേഹം ഊന്നുന്നത്. ഭാവിജീവിതവുമായി ബന്ധമുള്ള ആശയങ്ങൾ, അവയിലുള്ള ആഴത്തിലുള്ള ധാരണ, അറിവിന്റെ പ്രയോഗശേഷി തുടങ്ങിയ കാര്യങ്ങളിൽ കേന്ദ്രീകരിക്കാനാണ് അദ്ദേഹത്തിന്റെ നിർദേശം.

ഇതിനു പുറമെയാണ് ജെൻ ആൽഫകൾ ഉയർത്തുന്ന സവിശേഷമായ ചില പ്രശ്നങ്ങൾ. അവ എന്തൊക്കെയെന്നും അവ നമ്മുടെ സ്കൂൾ വിദ്യാഭ്യാസത്തെ പ്രശ്നവത്കരിക്കുന്നതെങ്ങനെയെന്നും ചുരുക്കത്തിൽ നോക്കാം.

  1. വിവരങ്ങൾക്കായി ഏത് സ്രോതസ്സിനെ ആശ്രയിക്കണം എന്നത് ഇന്ന് ഒരു പ്രശ്നമാണ്. കുട്ടികൾ പലവിധ സ്രോതസ്സുകളെ ഉപയോഗപ്പെടുത്തുന്നവരാണ്. അതുകൊണ്ട് പാഠപുസ്തകത്തിനൊപ്പം, അത്തരം സ്രോതസ്സുകളെയും ആശ്രയിക്കുന്നതാണ് അവർക്ക് തൃപ്തി നൽകുക. അതിൽ വരാവുന്ന ആധികാരികതയുടെ പ്രശ്നം ടീച്ചർ ഇടപെട്ട് പരിഹരിക്കണം. ചുറ്റുമുള്ള ലോകം, അതിൽ ജീവിക്കുന്ന മനുഷ്യർ, അവരുടെ അനുഭവങ്ങൾ എന്നിവയും വിവരശേഖരണത്തിനായി പ്രയോജനപ്പെടുത്തണം. സമൂഹത്തിൽ നിന്നും സംസ്കാരത്തിൽ നിന്നും ചരിത്രത്തിൽ നിന്നും പഠിക്കുകയെന്ന വൈഗോട്സ്കിയൻ ആശയം ഇന്നത്തെ കാലത്ത് കൂടുതൽ പ്രസക്തമാവുകയാണ്.

  2. പഠനത്തിന്റെ രീതി എന്താവണം എന്നതാണ് അടുത്ത ചോദ്യം. മനഃപാഠം കൊണ്ട് ഇന്നത്തെ കുട്ടികളുടെയും നാളത്തെ സമൂഹത്തിന്റെയും ആവശ്യകതകൾ പൂർത്തീകരിക്കാനാവില്ല. അനുഭവങ്ങളിലൂടെയും അന്വേഷണങ്ങളിലൂടെയും ഇന്നുതന്നെ സഞ്ചരിച്ചു തുടങ്ങണം. സങ്കീർണമായ ജീവിതപ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ പ്രാപ്തമാക്കുന്ന പ്രശ്നപരിഹരണ പഠനരീതിയാണ് ഇവിടെ അഭികാമ്യം. നാളെ ഒരു ടീം ലീഡറോ അല്ലെങ്കിൽ ടീമിലെ കാര്യശേഷിയുള്ള ഒരംഗമോ ആയിത്തീരാൻ സംഘപഠനം പ്രയോജനപ്പെടും. പ്രക്രിയകളിൽ അധിഷ്ഠിതമായ പഠനരീതികളെ ഇതെല്ലാം ആവശ്യമാക്കുന്നു.

  3. ഇന്നത്തെ കാലത്ത് പഠനത്തിന്റെ ഇടം ക്ലാസ് മുറി മാത്രമായി പരിമിതപ്പെടുത്തരുത്. ലൈബ്രറി, പരീക്ഷണശാല, കമ്പ്യൂട്ടർ ലാബ് എന്നിവയൊക്കെ പഠനത്തിന്റെ വേദികളാവണം. ചുറ്റുമിറങ്ങി നിരീക്ഷിച്ചും സർവ്വേ ചെയ്തും ആളുകളോട് സംസാരിച്ചും പഠിക്കാൻ കുട്ടികളെ ശീലിപ്പിക്കണം. അതുവഴി സാങ്കേതികവിദ്യയ്ക്കുള്ളിൽ കുടുങ്ങിയ ഒരു തലമുറയെ പുറത്തുകൊണ്ടുവരാനുള്ള ബാധ്യത വിദ്യാലയങ്ങൾ ഏറ്റെടുക്കണം. വൈവിധ്യം ഇഷ്ടപ്പെടുന്നവരെന്ന നിലയിലും സാങ്കേതികവിദ്യയിൽ പ്രാവീണ്യമുള്ളവരെന്ന നിലയിലും ഓഫ്‍ലൈൻ പഠനത്തോടൊപ്പം ഓൺലൈൻ രീതികളും പ്രയോജനപ്പെടുത്താം.

  4. വിലയിരുത്തലുകൾ ഏത് കാലത്തും വേണമെന്നതിൽ സംശയമില്ല. പക്ഷേ നിലവിലുള്ള പരീക്ഷകളിലൂടെ മാത്രമേ അത് സാധ്യമാകൂ എന്ന പിടിവാശി വേണ്ട. മന:പാഠത്തെ പ്രോൽസാഹിപ്പിക്കുന്നു എന്നതാണ് അവയുടെ മുഖ്യപരിമിതി. പഠനത്തിന്റെ ഓരോ സന്ദർഭത്തിലും കുട്ടികളെ അവരറിയാതെ വിലയിരുത്താൻ ടീച്ചർക്കാവും. അതിനായി അപ്പപ്പോൾ ലഭിക്കുന്ന പഠനത്തെളിവുകളെ തന്നെ പ്രയോജനപ്പെടുത്താം. അതിലൂടെ ലഭിക്കുന്ന തിരിച്ചറിവുകൾ ഉപയോഗപ്പെടുത്തി ഫലപ്രദമായ ഫീഡ്ബാക്കുകളും പഠനപിന്തുണയും നൽകാം. സ്വയം വിലയിരുത്തുന്നതിന്റെ രീതിയും പ്രയോജനവും കുട്ടികളെ ബോധ്യപ്പെടുത്തേണ്ടതും അനിവാര്യമായ മാറ്റങ്ങളിൽ പെടുന്നു.

  5. അംഗീകരിക്കപ്പെടാനുള്ള ആഗ്രഹം ജനറേഷൻ ആൽഫയിൽ അതിശക്തമാണ്. പാഠപുസ്തകങ്ങളിലൂടെ പഠിച്ചതിന്റെ പേരിൽ തന്നെയാകണമെന്നില്ല അംഗീകാരം. മറ്റ് സ്രോതസ്സുകളിലൂടെ ലഭിക്കുന്ന അറിവും പരിശീലനവും പ്രയോജനപ്പെടുത്തി കുട്ടികൾ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളും അവരുടെ പെർഫോമൻസുകളും പങ്കുവെക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും വേണം. സ്കൂളും അതിന്റെ വെബ്സൈറ്റുമൊക്കെ ഇതിന്റെ വേദികളാവട്ടെ. താരതമ്യം ഒഴിവാക്കാനുള്ള വിവേകം മുതിർന്നവരാണ് പ്രകടിപ്പിക്കേണ്ടത്.

  6. കുട്ടികൾ സാമൂഹ്യവൽക്കരിക്കപ്പെടുക എന്നത് സമൂഹത്തിന്റെ കൂടി ആവശ്യമാണ്. ജനാധിപത്യപരമായ അനുഭവങ്ങളിലേക്കും ശീലങ്ങളിലേക്കും കടന്നുവരാൻ ജെൻ ആൽഫകൾക്ക് പൊതുവേദികൾ ആവശ്യമുണ്ട്. ക്ലാസ്‍മുറിയെ തന്നെ സംവാദവേദിയാക്കുക എന്നത് ഒരു സാധ്യതയാണ്. താത്പര്യമനുസരിച്ചുള്ള കൂട്ടായ്മകളിൽ സജീവമാകാൻ ക്ലബ് പ്രവർത്തനം അവസരമൊരുക്കണം. സ്കൂൾ പാർലമെന്റ് എന്നത് തിരിച്ചുപിടിക്കേണ്ട ഒരു സംവിധാനമാണ്. സഹവാസ ക്യാമ്പുകൾ വർഷത്തിലൊരിക്കലെങ്കിലും സംഘടിപ്പിക്കണം. ജനാധിപത്യ വിദ്യാഭ്യാസത്തെ കുറിച്ചുള്ള ജോൺ ഡ്യൂയിയുടെ ആശയങ്ങളും വിമർശനാത്മക വിദ്യാഭ്യാസ സമീപനത്തെ കുറിച്ചുള്ള പൗലോ ഫ്രെയറിന്റെ നിരീക്ഷണങ്ങളും ഇക്കാര്യത്തിൽ കരിക്കുലം നിർമാതാക്കളെ വഴികാട്ടും.

  7. വർധിച്ച വൈവിധ്യമാണ് ഇന്നത്തെ സമൂഹത്തിന്റെ ഒരു പ്രത്യേകത. സംഘർഷങ്ങൾക്ക് ഇടവെക്കാതെ സഹവർത്തിത്വത്തിലേക്ക് നയിക്കപ്പെടണം. ഇതിന്റെ ആരംഭം കുറിക്കേണ്ടത് വിദ്യാലയങ്ങളിൽ വെച്ചാണ്. പൊതുവിദ്യാലയങ്ങളിലാണ് വൈവിധ്യം ഏറെ പ്രകടമാവുന്നത്. അവ പ്രോൽസാഹിപ്പിക്കപ്പെടേണ്ടത് രാജ്യത്തിന്റെ നല്ല ഭാവിക്ക് ആവശ്യമാണ്. വ്യത്യസ്ത മതവിഭാഗങ്ങളുടെ ആഘോഷങ്ങളിൽ പങ്കുകൊള്ളാനുള്ള അവസരങ്ങൾ സ്കൂളുകളിൽ ഉണ്ടാവണം. അരികുവൽക്കരിക്കപ്പെടുന്നവരെ ഉൾക്കൊള്ളാനും ചേർത്തുപിടിക്കാനുമുള്ള മനോഭാവം വളർത്തുന്ന പ്രവർത്തനങ്ങളും സ്കൂളുകളിൽ നടക്കട്ടെ.

ജെൻ ആൽഫക്കാലത്തെ അധ്യാപനം

പുതിയ കുട്ടികളെ പഠിപ്പിക്കാൻ പല പുതിയ ശേഷികളും ആവശ്യമായി വരും. സാങ്കേതികവിദ്യയിലെ മാറ്റങ്ങൾക്കനുസരിച്ച് അവ ആർജിച്ചെടുക്കാൻ അധ്യാപകർ മടിച്ചുനിൽക്കരുത്. അതിനുള്ള നിരവധി ഓഫ്‍ലൈൻ, ഓൺലൈൻ പരിശീലനവേദികൾ ഉണ്ടായിവരേണ്ടതുണ്ട്.

വിവരങ്ങളുടെ ധാരാളിത്തമേ പുതിയ സാങ്കേതികവിദ്യ ഒരുക്കുന്നുള്ളൂ. വിവരങ്ങളിൽ നിന്ന് എങ്ങനെയാണ് അറിവും തിരിച്ചറിവും നിർമ്മിക്കുകയെന്നത് വിദ്യാഭ്യാസത്തിലൂടെ തന്നെ മനസ്സിലാക്കണം. വിവരവിശകലനം, പ്രശ്നപരിഹരണം, ആശയവിനിമയം എന്നീ ശേഷികളും സ്കൂളുകളിലൂടെ വികസിക്കപ്പെടണം. വിമർശനാത്മക ചിന്തയും മൂല്യാധിഷ്ഠിതമായ വിലയിരുത്തലും മറ്റെവിടെ നിന്നാണ് എല്ലാ കുട്ടികളും പഠിക്കുക?

ജെൻ ആൽഫ ഏതൊരു മുൻതലമുറയെക്കാളും സ്വാതന്ത്ര്യബോധമുള്ളവരാണ്. അവരെ അറിയാൻ ശ്രമിക്കാതെ, അവരും അവരുൾക്കൊള്ളുന്ന ലോകവും അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ മനസ്സിലാക്കാതെ, ഇന്നത്തെ അധ്യാപകർക്ക് മുന്നോട്ടുപോകാനാവില്ല.

ഉള്ളവരും ഇല്ലാത്തവരും ക്ലാസിലുണ്ട്. ഭിന്നശേഷിക്കാരും കോളനിവാസികളും കുടിയേറ്റക്കാരും ഇതരസംസ്ഥാനക്കാരും വരെ അവിടെ എത്തിപ്പെടുന്നുണ്ട്. ഓരോ കുടുംബത്തിലെയും സാഹചര്യങ്ങൾ വ്യത്യസ്തമാണ്. ഓരോ കുട്ടിയുടെയും ആവശ്യങ്ങൾ ഒന്നിനൊന്ന് ഭിന്നമാണ്. ‘ടിപ്പിക്കൽ’ ആയ ഒരു കുട്ടിയും ഇല്ല എന്നതാണ് വസ്തുത. ഓരോ പഠിതാവിന്റെയും ആവശ്യകതകൾ തിരിച്ചറിയാനും അവർക്കൊപ്പം നിൽക്കാനും അധ്യാപകർക്ക് സാധിക്കണം.

മുതിർന്ന കുട്ടികളുടെ ക്ലാസുകളിൽ സങ്കീർണമായ പല പ്രശ്നങ്ങളും ഉയർന്നുവരുന്നുണ്ട്. അവ സമചിത്തതയോടെ കൈകാര്യം ചെയ്യുക എളുപ്പമല്ല. ഓരോ അധ്യാപകനും കൗൺസലിങ്ങിലുള്ള പ്രായോഗികപരിശീലനം ആവശ്യമായി വരുന്നുണ്ട്. നീട്ടിവെക്കേണ്ടതല്ല ഇതൊന്നും.

ആൻഡി ഹർഗ്രീവ്സ്. Andy Hargreaves, Michael Fullan എന്നിവരാണ് പ്രൊഫഷണൽ മൂലധനം (Professional Capital) എന്ന ആശയം അവതരിപ്പിച്ചത്. അവരുടെ കാഴ്ചപ്പാടിൽ, നല്ല അധ്യാപകർ ഉണ്ടാകുന്നത് വർധിച്ച നിയന്ത്രണങ്ങളിലൂടെയല്ല. പകരം അവരെ സ്വതന്ത്രരാക്കുമ്പോഴാണ്.
ആൻഡി ഹർഗ്രീവ്സ്. Andy Hargreaves, Michael Fullan എന്നിവരാണ് പ്രൊഫഷണൽ മൂലധനം (Professional Capital) എന്ന ആശയം അവതരിപ്പിച്ചത്. അവരുടെ കാഴ്ചപ്പാടിൽ, നല്ല അധ്യാപകർ ഉണ്ടാകുന്നത് വർധിച്ച നിയന്ത്രണങ്ങളിലൂടെയല്ല. പകരം അവരെ സ്വതന്ത്രരാക്കുമ്പോഴാണ്.

ആൻഡി ഹർഗ്രീവ്സ് (Andy Hargreaves), മൈക്കിൾ ഫുള്ളൻ (Michael Fullan) എന്നിവർ അവതരിപ്പിച്ച പ്രൊഫഷണൽ മൂലധനം (Professional Capital) എന്ന ആശയം പരിശോധിക്കുന്നത് നന്നാവും. അവരുടെ കാഴ്ചപ്പാടിൽ, നല്ല അധ്യാപകർ ഉണ്ടാകുന്നത് വർധിച്ച നിയന്ത്രണങ്ങളിലൂടെയല്ല. പകരം അവരെ സ്വതന്ത്രരാക്കുമ്പോഴാണ്.

അവർ മുന്നോട്ടുവെച്ച പ്രൊഫഷണൽ മൂലധനം എന്ന സങ്കല്പത്തിന് മൂന്ന് ഘടകങ്ങളുണ്ട്. അതിൽ ആദ്യത്തേത് അധ്യാപകന്റെ അറിവുകളും തൊഴിൽപരമായ നൈപുണികളും കാഴ്ചപ്പാടുകളും മറ്റും അടങ്ങിയതാണ്. രണ്ടാമത്തേത് മറ്റുള്ളവരിൽ നിന്ന് പഠിക്കാനുള്ള കഴിവാണ്. സങ്കീർണമായ ഒരു പ്രക്രിയയുടെ ഭാഗമായി വിവിധ സന്ദർഭങ്ങളിൽ ശരിയായ തീരുമാനങ്ങളെടുക്കാനുള്ള കഴിവാണ് മൂന്നാമത്തേത്.

നമ്മുടെ പ്രീസർവീസ്, ഇൻസർവീസ് പരിശീലനങ്ങൾ ഒന്നാമത്തെ ഘടകത്തെ ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. രണ്ടാമത്തെയും മൂന്നാമത്തെയും ഘടകങ്ങൾ പരിശീലനത്തിന്റെ ഭാഗമായും അല്ലാതെയും ഉണ്ടായി വരേണ്ടതാണ്. പ്രൊഫഷണൽ താത്പര്യമുള്ള അധ്യാപകർ സ്വയം സംഘടിച്ചുകൊണ്ട് അധ്യാപകക്കൂട്ടങ്ങളായി മാറുന്നതും പരസ്പരം പഠിക്കുന്നതും അവശ്യം നടക്കേണ്ട ഒന്നാണ്. കോവിഡാനന്തരം ഇതിലുള്ള ശ്രമങ്ങൾ കേരളത്തിൽ അവിടവിടെ നടക്കുന്നുണ്ട് എന്നത് ആശാവഹമാണ്.

ജെൻ ആൽഫക്കാലത്ത് നമുക്ക് വേണ്ടത് ‘അധ്യാപകത്തൊഴിലാളി’കളെയല്ല. മറിച്ച് പ്രൊഫഷണലുകളെയാണ്. അവർ പുതിയ സാഹചര്യത്തിനനുസരിച്ച് അധ്യാപനത്തെ രൂപകല്പന ചെയ്യാൻ ശേഷിയുള്ളവരാവണം. മറ്റ് അധ്യാപകരിൽ നിന്ന് പഠിക്കുവരും ക്ലാസ്സിനെ ഗവേഷണാത്മകമായി സമീപിക്കുന്നവരുമാവണം. ജനാധിപത്യപരമായ ക്ലാസ് മുറികളെ സൃഷ്ടിക്കുന്നവരും കുട്ടികളുടെ വിമർശനങ്ങളെ കേൾക്കുന്നവരുമാവണം. എല്ലാറ്റിനുമുപരി, കുട്ടികളുടെ ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ തുറന്ന മനസ്സോടെ നോക്കിക്കാണുന്നവരും അവർക്കൊപ്പം നിൽക്കുന്നവരുമാവണം.

അവലംബം:

James, A., & Prout, A. (1997), Constructing and Reconstructing Childhood, Falmer Press.

McCrindle, M., & Fell, A. (2021), Generation Alpha: Understanding Our Children and Helping Them Thrive, Hachette Australia.

Wagner, T. (2008), The Global Achievement Gap: Why Even Our Best Schools Don't Teach the New Survival Skills Our Children Need—and What We Can Do About It, New York: Basic Books.

Perkins, D. (2014), Future Wise: Educating Our Children for a Changing World, Jossey-Bass.

Hargreaves, A., & Fullan, M. (2012), Professional Capital: Transforming Teaching in Every School, Teachers College Press.


Summary: An analysis of what kind of teachers classrooms demand during the Gen Alpha era, Dr PV Purushothaman writes.


ഡോ. പി.വി. പുരുഷോത്തമൻ

കണ്ണൂർ ‘ഡയറ്റി’ൽ സീനിയർ ലക്​ചററായിരുന്നു. പുരോഗമന വിദ്യാഭ്യാസ ചിന്തകർ, വിഗോട്സ്കിയും വിദ്യാഭ്യാസവും, വിമർശനാത്മക ബോധനം: സിദ്ധാന്തവും പ്രയോഗവും തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments