ബിരുദ പ്രോഗാമുകൾ നാലുവർഷമാക്കി പുനഃസംഘടിപ്പിച്ചതിനു ശേഷമുള്ള ആദ്യ സെമസ്റ്റർ പരീക്ഷയിലേക്ക് കടക്കുകയാണ് കേരളം. നവംബർ അഞ്ചിന് ഷെഡ്യൂൾ ചെയ്തിരുന്ന പരീക്ഷ 20 മുതൽ ഡിസംബർ എട്ടുവരെയാക്കി റീ ഷെഡ്യൂൾ ചെയ്തിരിക്കുകയാണിപ്പോൾ. പുതുക്കിയ കരിക്കുലം പ്രകാരമുള്ള ക്ലാസുകൾ വേണ്ടത്ര ലഭിച്ചിട്ടില്ലെന്ന വ്യാപക പരാതിയെതുടർന്നാണ് ഷെഡ്യൂൾ പുതുക്കേണ്ടിവന്നത്. വയനാട് ദുരന്തത്തിന്റെയും മഴയുടെയും പാശ്ചാത്തലത്തിൽ ആവശ്യത്തിന് ക്ലാസ് നടത്താനായില്ല എന്നാണ് മന്ത്രി ആർ. ബിന്ദു വിശദീകരിക്കുന്നതെങ്കിലും നാലുവർഷ ബിരുദ പ്രോഗ്രാം സംബന്ധിച്ച് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും തുടക്കം മുതലുള്ള ആശങ്കകൾ സാധൂകരിക്കുന്നതാണ് സെമസ്റ്റർ പരീക്ഷാ ഷെഡ്യൂൾ മാറ്റം.
മൂന്ന് വർഷ ബിരുദ പ്രോഗ്രാമിൽ നിന്ന് കാര്യമായ മാറ്റങ്ങളില്ലാതെയാണ് പുതുക്കിയ കരിക്കുലം പ്രകാരമുള്ള ക്ലാസുകളും നടക്കുന്നത്. ഒരു വർഷം അധികമായി ചേർത്തു എന്നല്ലാതെ കാര്യമായ മാറ്റങ്ങളൊന്നും പുതുക്കിയ കരിക്കുലം പ്രകാരമുള്ള ക്ലാസുകളിൽ ഉണ്ടായിട്ടില്ലെന്നും ആരോപണങ്ങളുയരുന്നു.
ഒരു വർഷത്തെ ആസൂത്രണത്തിനൊടുവിലാണ് സംസ്ഥാന ഉന്നത വിദ്യഭ്യാസ വകുപ്പ് പരിഷ്കാരത്തിന് തുടക്കമിട്ടത്. എന്നാൽ, ഈ തയാറെടുപ്പ് പ്രായോഗിക തലത്തിൽ പ്രതിഫലിച്ചിട്ടില്ല. നിലവിലുണ്ടായിരുന്നു മൂന്നു വർഷ കോഴ്സുകളുടെ തുടർച്ചയായല്ല നാലു വർഷ പ്രോഗ്രാം വിഭാവനം ചെയ്തത് എങ്കിലും, അത്തരമൊരു മാറ്റം പ്രാവർത്തികമാക്കാനായിട്ടില്ല. പെഡഗോജി പ്രാക്ടീസ്, കരിക്കുലം റിവിഷൻ, പുതിയ ബോധനശാസ്ത്രത്തിന്റെ പ്രാപ്യത തുടങ്ങിയ മേഖലകളിലെ പ്രതിസന്ധികൾ, വൈദഗ്ധ്യം അടിസ്ഥാനമാക്കിയുള്ള പരിശീലന ടൂളുകളുടെ അപര്യാപ്തത തുടങ്ങി നിരവധി അടിസ്ഥാന പ്രശ്നങ്ങളാണ് ഇനിയും ശാസ്ത്രീയമായി അഭിസംബോധന ചെയ്യപ്പെടാതിരിക്കുന്നത്.
നാലു വർഷ ബിരുദം എന്ന ഏറെ ദൂരവ്യാപക മാറ്റങ്ങൾക്കിടയാക്കുന്ന ഒരു വിദ്യാഭ്യാസ പരിപാടി തുടങ്ങുന്നതിനുമുമ്പ് നടത്തേണ്ട പല കാര്യങ്ങളും ആദ്യ സെമസ്റ്റർ പരീക്ഷയുടെ സമയത്ത്, പ്രോഗ്രാമിന്റെ പുരോഗതി വിലയിരുത്താൻ ചേരുന്ന യോഗത്തിലാണ് പ്രഖ്യാപിക്കുന്നത് എന്നതുതന്നെ വലിയ വീഴ്ചയാണ്.
കഴിഞ്ഞ ജൂലൈ ഒന്നു മുതലാണ് കേരളത്തിൽ നാലുവർഷ ബിരുദപ്രോഗ്രാം നടപ്പാക്കി തുടങ്ങിയത്. മൂന്നു വർഷം കൊണ്ട് ബിരുദവും നാലുവർഷം കൊണ്ട് ഓണേഴ്‌സ് ബിരുദവും എൻ മൈനസ് വൺ സമ്പ്രദായത്തിലൂടെ രണ്ടര വർഷം കൊണ്ട് ബിരുദം നേടാനുള്ള അവസരവും, പഠനത്തിനിടയിൽ താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് സർവ്വകലാശാലകൾ മാറ്റാനുള്ള അനുവാദമുൾപ്പടെ വിപുലമായ സവിശേഷതകളുമായാണ് പുതുക്കിയ കരിക്കുലം പ്രകാരം നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ ക്ലാസുകൾ തുടങ്ങിയത്.
ആദ്യ ആഴ്ചകളിൽ, പുതുക്കിയ കരിക്കുലവും പുതിയ സംവിധാനങ്ങളും പരിചയപ്പെടുത്തുന്ന ക്ലാസുകളായിരുന്നു അധികവും. എന്നാൽ പ്രവേശനം തുടങ്ങിയശേഷവും വിദ്യാർത്ഥികൾക്കിടയിലും അധ്യാപകർക്കിടയിലും നാലുവർഷ പ്രോഗ്രാം സംബന്ധിച്ച് തുടർന്ന ആശങ്കകൾ കല്ലുകടിയായിരുന്നു. ക്ലാസ് തുടങ്ങുന്നത് പിന്നെയും വൈകാൻ ഇത് കാരണമായി. കൂടാതെ അലോട്ട്‌മെന്റുകൾ വൈകിയതുൾപ്പടെ മറ്റ് കാരണങ്ങൾ കൊണ്ടും ക്ലാസുകൾ തുടങ്ങുന്നത് വൈകി. സെപ്തംബർ നാലിനു മാത്രമാണ് രണ്ടാംഘട്ട അലോട്ട്മെൻ്റ് പൂർത്തിയാക്കാൻ കഴിഞ്ഞത്. അവസാന ഘട്ടത്തിൽ പോലും സിലബസിൽ പരിഷ്‌കരണങ്ങൾ വരുത്തിയത് വിദ്യാർത്ഥികളെ കൂടുതൽ കുഴക്കി. കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗം, അഫിലിയേറ്റഡ് കോളേജുകൾക്ക് പുതുക്കിയ കരിക്കുലം വിഭാവന ചെയ്യുന്ന തരത്തിൽ ക്ലാസുകൾ നടപ്പാക്കാൻ കഴിയാത്തതിലുള്ള പരിമിതി സംബന്ധിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
മൾട്ടി ഡിസിപ്ലിനറി കോഴ്സുകൾ പൂർണതോതിൽ തുടങ്ങാനായിട്ടില്ല. മൈനർ കോഴ്സുകൾ തെരഞ്ഞെടുക്കുന്നതിൽ വിദ്യാർഥികൾ ആശയക്കുഴപ്പം പ്രകടിപ്പിച്ചതിനെതുടർന്ന് അവർക്ക് അതിന് കൂടുതൽ സമയം അനുവദിച്ചിരിക്കുകയാണ്.
പരീക്ഷ അടുത്ത മാസം തുടങ്ങാനിരിക്കേ, ആവശ്യത്തിന് ക്ലാസുകൾ ലഭിക്കാതെ പരീക്ഷയെ അഭിമൂഖീകരിക്കുന്നതിൽ ആത്മവിശ്വാസക്കുറവുണ്ടെന്നാണ് വിദ്യാർത്ഥികളും പറയുന്നത്. കാസർഗോഡ് ഗവ. കോളേജിൽ ഒന്നാം വർഷ ബി.എ ഹിസ്റ്ററി വിദ്യാർത്ഥി മുഹമ്മദ് ഷമ്മാസ് എ.ബി ട്രൂകോപ്പി തിങ്കിനോട് ആശങ്ക പങ്കുവെക്കുന്നു:
'സ്‌പോട്ട് അഡ്മിഷൻ വഴി, കഴിഞ്ഞ മാസമാണ് എനിക്ക് കാസർഗോഡ് ഗവൺമെന്റ് കോളേജിൽ അഡ്മിഷൻ കിട്ടിയത്. ഒരു മാസത്തെ ക്ലാസ് മാത്രമാണ് കിട്ടിയിട്ടുള്ളത്. നവംബറിൽ നടക്കാനിരിക്കുന്ന പരീക്ഷ എഴുതാൻ മാത്രം ക്ലാസുകൾ ഞങ്ങൾക്ക് കിട്ടിയിട്ടില്ല. സ്‌പോട്ട് അഡമിഷനിൽ എത്തിയ കുട്ടികൾക്ക് മാത്രമല്ല. ആർക്കും വേണ്ടത്ര ക്ലാസുകൾ കിട്ടിയിട്ടില്ല. ആവശ്യമായ ക്ലാസ് ലഭിക്കാതെ പരീക്ഷയെ അഭിമുഖീകരിക്കുന്നതിൽ ആശങ്കയുണ്ട്. വിദ്യാർത്ഥികളിൽ തന്നെ മിക്കവർക്കും നാലു വർഷ പ്രോഗ്രാമിനെക്കുറിച്ച് ധാരണയില്ല. മേജർ, മൈനർ എന്നൊക്കെയാണ് പുതുക്കിയ കരിക്കുലം പ്രകാരമുള്ള കോഴ്‌സുകൾ. മൈനർ കോഴ്‌സ് ഏത് തിരഞ്ഞെടുക്കണം തുടങ്ങിയ കാര്യത്തിൽ വിദ്യാർത്ഥികൾക്ക് ആശങ്ക നിലനിൽക്കുകയാണ്. പ്ലസ് ടുവിൽ നിന്ന് നേരിട്ട് ബിരുദ പ്രോഗ്രമിലേക്ക് വരുന്നവരാണ് മിക്കവരും. മുൻപ് പരിചയിച്ചിട്ടില്ലാത്ത ഒരു സിസ്റ്റമായതുകൊണ്ട് തന്നെ വിദ്യാർത്ഥികൾക്ക് ഇത്തരം കാര്യങ്ങളിൽ ആശങ്കയുണ്ട്.'
അധ്യാപക പരിശീലനം, വിദ്യാർഥികളെ ബോധവൽക്കരിക്കൽ, അടിസ്ഥാന സൗകര്യമൊരുക്കൽ തുടങ്ങിയ പ്രാഥമിക കാര്യങ്ങൾ ഇപ്പോഴും ആലോചനകളുടെ തലത്തിലാണ് എന്നത് അധ്യാപകരും വിദ്യാർഥികളും പങ്കുവെക്കുന്ന ആശങ്കകളുടെ ആക്കം കൂട്ടുന്നു.
പൊതു അവധികൾ, ഓണാവധി, മഴ അലോട്ടമെന്റിലുണ്ടായ താമസം തുടങ്ങി നിരവധി കാരണങ്ങളാൽ ക്ലാസുകൾ മുടങ്ങിയതും മറ്റും പുതുക്കിയ കരിക്കുലം പ്രകാരം ക്ലാസ് മുന്നോട്ട് കൊണ്ടുപോകുന്നതിന് തടസ്സമായിരുന്നു. പല വിഷയങ്ങളുടെയും പാഠപുസ്തകങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ മാത്രമാണ് എത്തിയത്. അവസാന നിമിഷത്തിൽ പോലും സിലബസ് മൊഡ്യൂളുകളിലും മാറ്റമുണ്ടായിട്ടുമുണ്ട്. ഇതെല്ലാം ക്ലാസുകളുടെ എണ്ണം കുറയുന്നതിന് കാരണമായി. നാലുവർഷ ബിരുദം പ്രായോഗികമാകണമെങ്കിൽ, അത് പൂർണാർത്ഥത്തിൽ വിജയിപ്പിക്കണമെങ്കിൽ എറ്റവും കൂടുതൽ പരിശീലനം നൽകേണ്ടത് അധ്യാപകർക്കാണ്, എന്നാൽ അധ്യാപകർക്കും
ആവശ്യത്തിന് പരശീലനം ലഭ്യമാക്കിയിട്ടില്ല. ക്ലാസ് റൂം വിനിമയത്തിലെ മാറ്റങ്ങളെക്കുറിച്ചും പരീക്ഷ, മൂല്യനിർണയ രീതികളെക്കുറിച്ചും മനസ്സിലാക്കാൻ സംസ്ഥാനത്തെ മുഴുവൻ അധ്യാപകർക്കും ഉടൻ പരിശീലനം നൽകുമെന്നും ഫെബ്രുവരി 28നകം പരിശീലനം പൂർത്തിയാക്കുമെന്നുമാണ് മന്ത്രി ആർ.ബിന്ദു കഴിഞ്ഞ ദിവസം അറിയിച്ചത്. അതായത് പുതിയ കരിക്കുലം പ്രകാരം ക്ലാസ് തുടങ്ങിയിട്ടും അധ്യാപകർക്ക് ആവശ്യത്തിന് പരിശീലനം ലഭിച്ചിട്ടില്ലെന്നും മന്ത്രി തന്നെ സമ്മതിക്കുകയായിരുന്നു.
മാത്രമല്ല മൾട്ടി ഡിസിപ്ലിനറി കോഴ്‌സുകളുടെ ക്ലാസുകളും പൂർണാർത്ഥത്തിൽ തുടങ്ങാൻ കഴിഞ്ഞിട്ടില്ല. മൈനർ കോഴ്‌സുകൾ തിരഞ്ഞെടുക്കുന്നതിൽ വിദ്യാർത്ഥികൾക്കിടയിലും ആശങ്കകൾ നിലനിൽക്കുന്നു. സയൻസ് കോഴ്‌സുകളിൽ ലാബ് വർക്കുകൾ പൂർത്തീകരിക്കാനും കഴിഞ്ഞിട്ടില്ലെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. ഒരു സെമസ്റ്ററിൽ 75 പ്രവർത്തി ദിവസം എന്നത് മിക്ക കോഴ്‌സുകളിലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.
കേരള കേന്ദ്രസർവകലാശാലിയിലെ സ്‌കൂൾ ഓഫ് എഡ്യുക്കേഷൻ പ്രഫസർ ഡോ. അമൃത് ജി. കുമാർ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നു:
‘‘ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റത്തിലാണ് നാലുവർഷ പ്രോഗ്രാം ഡിസൈൻ ചെയ്തിരിക്കുന്നത്. ഈ സിസ്റ്റത്തിന്റെ എറ്റവും വലിയ പ്രത്യേകത എന്നത് ക്രെഡിറ്റ് അവേഴ്‌സിലാണ് ഓരോ കോഴ്‌സും പ്ലാൻ ചെയ്യുന്നത് എന്നതാണ്. അതായത് നാല് ക്രെഡിറ്റ് ഉള്ള ഒരു കോഴ്‌സിന് ഒരു ആഴ്ച്ചയിൽ നാല് അവർ ക്ലാസ് ലഭ്യമാക്കണം. അങ്ങനെ ഒരു സെമസ്റ്ററിൽ 20 ആണ് ഉള്ളതെങ്കിൽ ആ 20 ക്രെഡിറ്റിന് തത്തുല്യമായ ക്രെഡിറ്റ് അവേഴ്‌സ് ലഭ്യമാക്കിയിരിക്കണം എന്നാണ് നിർദേശിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മൊത്തം സെമസ്റ്റർ തന്നെ പ്ലാൻ ചെയ്യുന്നത്. ഈ 20 ക്രെഡിറ്റ് പൂർത്തിയാക്കുന്നതിനായി 14-15 വരെ ആഴ്ച്ചകളാണ് നിജപ്പെടുത്തിയിരിക്കുന്നത്. ക്രെഡിറ്റ് സിസ്റ്റം ആണ് ഈ പ്രോഗ്രാമിന്റെ അടിസ്ഥാനം എന്ന് തന്നെ പറയാം. എന്നാൽ ക്രെഡിറ്റ് അവേഴ്‌സ് കൃത്യമായി ലഭിച്ചില്ലെങ്കിൽ, അത് ഫോളോ ചെയ്യാൻ കഴിഞ്ഞിട്ടില്ല എങ്കിൽ, സെമസ്റ്റർ സംവിധാനം തന്നെ പരാജയപ്പെടുമെന്ന് പറയുന്നതിന്റെ കാരണം അതാണ്’’.
‘‘എന്താണ് ക്രെഡിറ്റ് അവേഴ്‌സ് എന്നോ സെമസറ്റർ സമ്പ്രദായത്തെക്കുറിച്ചോ കൃതമായ ഓറിയന്റേഷൻ അധ്യാപകർക്കും ലഭ്യമായിട്ടില്ല. ഇതിനൊക്കെ മുന്നേയാണ് ഈ ക്രെഡിറ്റ് അവേഴ്‌സ് സിസ്റ്റത്തിലേക്ക് നമ്മൾ എടുത്ത് ചാടിയിരിക്കുന്നത്’’
‘‘പുതുക്കിയ കരിക്കുലം പ്രകാരം, ക്രെഡിറ്റ് അവേഴ്‌സ് പ്ലാൻ ചെയ്തിരുന്നത് ശനിയാഴ്ച്ച കൂടെ ക്ലാസ് നടപ്പാക്കാം എന്ന തരത്തിലായിരുന്നു. എന്നാൽ, ശനിയാഴ്ച്ചകളിലെ ക്ലാസ് പ്ലാൻ ചെയ്തതുപോലെ നടക്കാതെ വരികയാണ് ഉണ്ടായത്. കൂടാതെ മഴയും മറ്റും മൂലം നിരവധി ക്ലാസുകൾ നഷ്ടപ്പെട്ടു പോവുകയും ചെയ്തിട്ടുണ്ട്. ഇതു മൂലം സിലബസ് മുന്നോട്ടു വെക്കുന്ന ക്രെഡിറ്റ് അവേഴ്‌സ് കുട്ടികൾക്ക് നേടാൻ കഴിയാത്ത സാഹചര്യമുണ്ടായിട്ടുണ്ട്. ക്രെഡിറ്റ് അവേഴ്‌സിൽ പ്ലാൻ ചെയ്തിരുന്ന ക്രെഡിറ്റ് ആക്ടിവിറ്റികളും കുട്ടികൾക്ക് നഷ്ടപ്പെടും. അതേ സമയം ക്രെഡിറ്റ് അവേഴ്‌സ് ലഭിക്കാതെ തന്നെ, കുട്ടികൾക്ക് പരീക്ഷയെഴുതേണ്ടി വരുന്ന സാഹചര്യവുമുണ്ടാകും. ഇത് പരീക്ഷയുടെയും സിസ്റ്റത്തിന്റെയും ഗുണനിലവാരത്തെ തന്നെ ബാധിക്കുന്നതാണ്. മറ്റൊന്ന്, നാലുവർഷ ബിരുദ പ്രോഗ്രാം നടത്തിപ്പ് സംബന്ധിച്ച് അധ്യാപകർക്കും ആവശ്യത്തിന് പരിശീലനം ലഭിച്ചിട്ടില്ലെന്നാണ് അറിയാൻ കഴിയുന്നത്. എന്താണ് ക്രെഡിറ്റ് അവേഴ്‌സ് എന്നോ ഈ സെമസറ്റർ സമ്പ്രദായത്തെക്കുറിച്ചുള്ള കൃതമായ ഓറിയന്റേഷനോ ഒന്നും അധ്യാപകർക്കും ലഭ്യമായിട്ടില്ല. ഇതിനൊക്കെ മുന്നേയാണ് ഈ ക്രെഡിറ്റ് അവേഴ്‌സ് സിസ്റ്റത്തിലേക്ക് നമ്മൾ എടുത്ത് ചാടിയിരിക്കുന്നത്’’, അദ്ദേഹം പറഞ്ഞു.
നാലു വർഷ ബിരുദ പ്രോഗ്രാം സംബന്ധിച്ച് അധ്യാപകർക്കും കുട്ടികൾക്കുമുള്ള ധാരണക്കുറവാണ് എറ്റവും വലിയ പ്രശ്നമായി തുടരുന്നത്. മൂന്ന് വർഷ പ്രോഗ്രാമിൽ നിന്ന് വലിയ വ്യത്യാസങ്ങൾ പുതുക്കിയ പ്രോഗ്രാമിൽ ഉണ്ട്. മൈനർ, മേജർ, മൾട്ടി ഡിസിപ്ലിനറി കോഴ്‌സ് തുടങ്ങി പല തരത്തിലുള്ള കോഴ്‌സുകൾ നാലുവർഷ പ്രോഗ്രമാൽ ഉണ്ട്. എന്നാൽ ഈ കോഴ്‌സുകളുടെ സ്വഭാവം നിർണയിക്കുന്നതിൽ മിക്ക കോളേജുകളിലെയും അധ്യാപകർക്ക് ധാരണക്കുറവുണ്ട്. ഈ വ്യക്തതക്കുറവ് ഉള്ളതുകൊണ്ട് തന്നെ പല കോളേജുകളും ഇപ്പോഴും ചെയ്യുന്നത്, മുൻപുണ്ടായിരുന്ന കോംപ്ലിമെന്ററി പേപ്പറുകൾ തന്നെ മൾട്ടി ഡിസിപ്ലിനറി കോഴ്‌സായി കൊടുക്കുകയാണ്. മാത്രമല്ല, പുതിയ കരിക്കുലം പ്രകാരമുള്ള മൾട്ടി ഡിസിപ്ലിനറി കോഴ്‌സുകൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കാൻ മാത്രമുള്ള ഡിപ്പാർട്ട്‌മെന്റുകൾ കുറവാണെന്നുള്ളതും കോളേജുകൾക്ക് ഈ പ്രോഗ്രാം നടപ്പാക്കുമ്പോൾനേരിടേണ്ടി വരുന്ന പ്രതിസന്ധിയാണ്. അത്തരമൊരു തലത്തിലേക്ക് ഇവിടുത്തെ കോളേജുകൾ വളർന്നിട്ടുമില്ല എന്നതാണ് സത്യം.
എല്ലാ കോളേജുകളിലും നൈപുണ്യ വികസന സെന്ററുകൾ തുടങ്ങാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, കോളേജുകളിൽ ഇതിനുള്ള നടപടി എത്രത്തോളമായിട്ടുണ്ട്?
ഓരോ കോഴ്‌സ് പഠിക്കുമ്പോഴും പഠിതാവ് നേടിയെടുക്കേണ്ട, 'ലേണിംഗ് ഔട്ട്കംസ്' അതിൽതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. കോഴ്‌സ് പൂർത്തിയാക്കുമ്പോൾ വിദ്യാർത്ഥി, ഈ ഔട്ട്കം കൈവരിച്ചോ എന്നാണ് ടെസ്റ്റ് ചെയ്യുന്നത്. എന്നാൽ ഈ ഔട്ട്കം മെഷർമെന്റിന്റെ കാര്യത്തിലും ചുവടുകൾ വെച്ച് തുടങ്ങിയിട്ടേയുളൂ.
ഇക്കാര്യങ്ങളെല്ലാം ഇപ്പോൾ ചർച്ചയായശേഷമാണ് പല നടപടികളും സർക്കാർ പ്രഖ്യാപിക്കുന്നതുതന്നെ. നാലു വർഷ ബിരുദ കോഴ്സുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മുഴുവൻ അധ്യാപകർക്കും അതിതീവ്ര പരിശീലനം തുടങ്ങുമെന്ന് മന്ത്രി ആർ. ബിന്ദു ഇന്നലെ പ്രഖ്യാപിച്ചിട്ടുണ്ട്. പരിശീലനം നാലു മാസത്തിനകം പൂർത്തിയാക്കും. അധ്യാപകർക്ക് മാർഗനിർദേശം നൽകാൻ ഉന്നത വിദ്യാഭ്യാസ കൗൺസിൽ പ്രത്യേക കൈപ്പുസ്തകം തയാറാക്കും. കോഴ്സുകളുടെ സുഗമമായ നടത്തിപ്പിന് സർവകലാശാലകളിൽ ഏകീകൃത സോഫ്റ്റവെയർ നടപ്പാക്കുന്നതിനുള്ള റീപ് സോഫ്റ്റ്വെയർ ഫ്രെയിം വർക്ക് എല്ലാ സർവകലാശാലകൾക്കും ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി പറയുന്നു. വിദ്യാർഥികളെ നാലു വർഷ കോഴ്സിലേക്ക് ആകർഷിക്കാൻ പ്രത്യേക ബോധവൽക്കരണ പരിപാടിയും സംഘടിപ്പിക്കും.
നാലു വർഷ ബിരുദം എന്ന ഏറെ ദൂരവ്യാപക മാറ്റങ്ങൾക്കിടയാക്കുന്ന ഒരു വിദ്യാഭ്യാസ പരിപാടി തുടങ്ങുന്നതിനുമുമ്പ് നടത്തേണ്ട പല കാര്യങ്ങളും ആദ്യ സെമസ്റ്റർ പരീക്ഷയുടെ സമയത്ത്, പ്രോഗ്രാമിന്റെ പുരോഗതി വിലയിരുത്താൻ ചേരുന്ന യോഗത്തിലാണ് പ്രഖ്യാപിക്കുന്നത് എന്നതുതന്നെ വലിയ വീഴ്ചയാണ്. അധ്യാപക പരിശീലനം, വിദ്യാർഥികളെ ബോധവൽക്കരിക്കൽ, അടിസ്ഥാന സൗകര്യമൊരുക്കൽ തുടങ്ങിയ പ്രാഥമിക കാര്യങ്ങൾ ഇപ്പോഴും ആലോചനകളുടെ തലത്തിലാണ് എന്നത് അധ്യാപകരും വിദ്യാർഥികളും പങ്കുവെക്കുന്ന ആശങ്കകളുടെ ആക്കം കൂട്ടുന്നു.
തുടക്കത്തിലുള്ള സ്വഭാവിക പ്രശ്നങ്ങളെന്ന നിലയ്ക്കാണ് സെമസ്റ്റർ പരീക്ഷ റീ ഷെഡ്യൂൾ ചെയ്യേണ്ടിവന്നതുമുതലുള്ള പ്രശ്നങ്ങളെ സർക്കാറും സർവകലാശാലാ സംവിധാനങ്ങളും സമീപിക്കുന്നത്. എന്നാൽ, നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ അക്കാദമികമായ ഘടന പ്രയോഗവൽക്കരിക്കുന്നതിലുള്ള പ്രശ്നങ്ങൾ പരിശോധിക്കപ്പെടാതെയിരുന്നാൽ, അത് ഗുരുതരമായ പ്രശ്നങ്ങളിലേക്കാണ് നയിക്കുക.