‘ജനാലക്കരികിലെ ആ വികൃതിക്കുട്ടി’ കേരളത്തെ പഠിപ്പിക്കുന്നത്​…

ലോകമെമ്പാടുമുള്ള വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട 'ടോട്ടോ- ചാന്' ഇന്ന് 90 തികയുന്നു. 1933 ആഗസ്റ്റ് ഒമ്പതിനായിരുന്നു തെത്സുകോ കുറോയോനഗി എന്ന ആ വികൃതിക്കുട്ടിയുടെ ജനനം. കേരളത്തില്‍ പാഠ്യപദ്ധതി പരിഷ്‌കരണ ചര്‍ച്ച നടക്കുന്ന സന്ദര്‍ഭത്തില്‍, 'ടോട്ടോ- ചാന്‍' എന്ന പുസ്തകം പകരുന്ന പാഠങ്ങള്‍ പ്രധാനമാണെന്ന് പി.ടി. രാഹേഷ്.

'ദാ നോക്ക്, നേരായിട്ടും നീയൊരു നല്ല കുട്ട്യാ'

ടോട്ടോ- ചാന്‍ വീണ്ടും വായിക്കുകയായിരുന്നു. കുറേ കാലത്തിനുശേഷം വായിക്കുമ്പോഴും ഈ പെണ്‍കുട്ടിയുടെ ലോകത്തോളം വലുതാവാന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്നത് അടിവരയിട്ട് ഓര്‍മ്മപ്പെടുത്തുകയാണ് അവള്‍.

ടോട്ടോ- ചാന്​ 90 വയസ്സായിരിക്കുന്നു.

റ്റോമോ എന്ന വിദ്യാലയത്തെക്കുറിച്ചും അതിന്റെ സ്ഥാപകന്‍ സൊസാകു കൊബായാഷി എന്ന മനുഷ്യനെക്കുറിച്ചുമാണ് ഈ പുസ്തകം. ടോട്ടോ- ചാന്‍ എന്ന് വിളിക്കപ്പെട്ടിരുന്ന തെത്‌സുകോ കുറോയാനഗിയുടെ അനുഭവമാണ് ഈ പുസ്തകം. ക്ലാസില്‍ കലപില ശബ്ദമുണ്ടാക്കിയിരുന്ന അവളെ സ്‌കൂളില്‍നിന്ന് പുറത്താക്കുകയും അങ്ങനെ അവള്‍ കൊബായാഷി മാസ്റ്ററുടെ റ്റോമോ സ്‌കൂളിലെത്തുകയുമാണ്. ആ സ്‌കൂളിലെ അനുഭവങ്ങളാണ് ടോട്ടോ- ചാന്‍ പകര്‍ത്തുന്നത്. ഒരു സ്ത്രീ എഴുതിയ ആദ്യ ജാപ്പാനീസ് ബെസ്റ്റ് സെല്ലര്‍ കൂടിയാണ് ടോട്ടോ- ചാന്‍. തെത്‌സുകോ കുറോയാനഗി ഇപ്പോള്‍ പ്രശസ്ത നടിയും ടെലിവിഷന്‍ അവതാരകയും വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ ഉപദേശകയും യൂനിസെഫ് ഗുഡ്‌വില്‍ അംബാസഡറുമാണ്. 1992-ല്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്താണ് പുസ്തകത്തിന്റെ ആദ്യ മലയാള പരിഭാഷ പുറത്തിറക്കിയത്. തുടര്‍ന്ന്, 97 മുതല്‍ നാഷനല്‍ ബുക്ക് ട്രസ്റ്റും മലയാള പതിപ്പ് പുറത്തിറക്കുന്നുണ്ട്. കവി അന്‍വര്‍ അലിയാണ് പരിഭാഷ നടത്തിയത്.

ലക്ഷക്കണക്കിന് കോപ്പികള്‍ കേരളത്തില്‍ മാത്രം വിറ്റഴിഞ്ഞ പുസ്തകം നമ്മുടെ പൊതുബോധത്തെ സ്വാധീനിച്ചിട്ടുണ്ടാവുമോ? കുട്ടികളുടെ പഠനാന്തരീക്ഷത്തിലും പഠനരീതിയിലും മികവേറെയുള്ള നമ്മുടെ നാട്ടിലും, മനുഷ്യന് സാധ്യമാവുന്ന മറ്റൊരു ജീവിതാവസ്ഥയെ കുറിച്ച് സംസാരിക്കുന്ന റ്റോമോ വിദ്യാലയ മാതൃകകള്‍ പരീക്ഷിക്കാവുന്നതല്ലേ?

കുറച്ചു കുട്ടികളും പ്രിയപ്പെട്ട അദ്ധ്യാപകനും വിദ്യാഭ്യാസത്തിന് ഉപയോഗിക്കുന്ന സിലബസിന്റെ സവിശേഷതകള്‍ പ്രയോഗിക്കാന്‍ നമുക്ക് കഴിയാതെ പോയതെന്താവും. സ്‌നേഹം, കരുണ, ബഹുമാനം, ലാളിത്യം, ജെന്‍ഡര്‍ ന്യൂട്രാലിറ്റി, പ്രകൃതി, ആത്മവിശ്വാസം, പ്രതിബന്ധത - എത്രയെത്ര സ്വഭാവങ്ങളാണ് ഒരു സകൂള്‍ പഠിപ്പിക്കുന്നത്. നമ്മുടെ സ്‌കൂളുകള്‍ ഒരു മനുഷ്യക്കുട്ടിയെ രൂപപ്പെടുത്താന്‍ സഹായിക്കുന്നതായി മാറിയിട്ടുണ്ടോ?

തെത്‌സുകോ കുറോയാനഗി

സെക്‌സ് എഡ്യുക്കേഷന്‍ എന്താണെന്ന് നമുക്കിപ്പോഴും പിടികിട്ടിയിട്ടില്ല. ഒരുമിച്ച് നീന്തിത്തുടിച്ച കുട്ടികളുടെ സ്‌കൂള്‍ ഇന്നാണെങ്കില്‍ പഞ്ചമിയുടെ വിദ്യാലയം പോലെ തീ വെച്ചിട്ടുണ്ടാവും. മരത്തിന്റെ മുകളില്‍ കയറി കണ്ട കാഴ്ച്ചകള്‍ യാസ്വാക്കിയും കാണാനായി ടോട്ടോ- ചാന്‍ വിയര്‍ക്കുമ്പോള്‍ അപരനിലേക്ക് വളരുന്ന ഒരു കുട്ടിയെ കാണാം. മൂന്നാമത്തെ വയസ്സില്‍ പഠിപ്പിക്കേണ്ടതാണോ നമ്മുടെ കുട്ടികളെ പ്രീപ്രൈമറികളില്‍ പഠിപ്പിക്കുന്നത്? വായിക്കാനായാല്‍ കുട്ടികളാദ്യം ടോട്ടോ- ചാന്‍ വായിക്കണം. ടോട്ടോ- ചാന്റെ കഥ ഓഡിയോ, വിഷ്വല്‍ സാങ്കേതികത്വത്തില്‍ കുട്ടിക്ക് മുന്‍പിലെത്തിക്കാനായാല്‍ ചെറു പ്രായത്തില്‍ മറ്റൊരു വിദ്യാഭ്യാസവും നല്‍കേണ്ടതില്ല എന്നുറപ്പാണ്. തലമുറകളുടെ മാനവികതയുടെ പാഠപുസ്തകമാണിത്. തീവണ്ടി ക്ലാസ് മുറികളും കൊബിയാഷി മാഷും ആവര്‍ത്തിക്കപ്പെട്ടേക്കാം. അതൊന്നും ഒറ്റപ്പെട്ട അനുഭവങ്ങള്‍ മാത്രമാവാതെ, റ്റോമോ വിദ്യാഭ്യാസ സമ്പ്രദായ രീതി സാര്‍വത്രികമായി നടപ്പിലാക്കാനാവുമോ?

മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും നടത്തുന്ന വിദേശയാത്രയുടെ ചെലവിനെ സംബന്ധിച്ചാണ് നാം ഗൗരവത്തില്‍ ചര്‍ച്ച ചെയ്യത്. അല്ലെങ്കില്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യിപ്പിച്ചത്. ഫിന്‍ലാൻഡ്​ എന്ന കൊച്ചു രാജ്യം സന്ദര്‍ശിക്കുന്നതിനെ കുറിച്ചവര്‍ റിപ്പോര്‍ട്ട് ചെയ്‌തോ? എന്തിനാണവിടെ പോകുന്നതെന്ന് ചര്‍ച്ച ചെയ്‌തോ?

ഫിന്‍ലാൻഡ് എന്ന രാജ്യം വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ലോക ശ്രദ്ധ നേടിയ ഇടമാണ്. ഫിന്‍ലാന്‍ഡിന്റെ ഈ മികവ് സ്വകാര്യ ട്യൂഷനുകളില്ലാതെയും, സ്‌കൂള്‍ സമയത്തിനുശേഷമുള്ള ക്ലാസുകളില്ലാതെയും, ഭാരിച്ച ഹോം വര്‍ക്കുകള്‍ ഇല്ലാതെയുമാണ് എന്നതാണ് സവിശേഷത. നിരന്തരമായി, ഇടവേളകളില്ലാതെ കുട്ടികളെ പഠിപ്പിക്കുക, കഴിയുന്നത്ര കാര്യങ്ങള്‍ കുത്തിച്ചെലുത്തുക എന്നതാണ് കാര്യക്ഷമമായ പഠനത്തിനു വേണ്ടതെന്നാണ് നമ്മുടെ സ്‌കൂള്‍ അന്തരീക്ഷം പ്രഖ്യാപിക്കുന്നത്. പത്താം ക്ലാസിലെത്തുമ്പോള്‍ അതിന്റെ തീവ്രരൂപം നമ്മള്‍ കാണുകയും ചെയ്യുന്നു. എന്നാല്‍ ഫിന്‍ലാൻഡിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് ഓരോ 45 മിനിറ്റിനുശേഷവും കാല്‍ മണിക്കൂര്‍ ഇടവേള അനുവദിക്കുന്നു. ഈ സമയം കുട്ടികള്‍ കളിക്കാനും കൂട്ടുകൂടാനുമാണ് ഉപയോഗിക്കുന്നത്. മൊത്തം സ്‌കൂള്‍ സമയത്തിന്റെ നാലിലൊന്ന് ഇങ്ങനെ ചെലവഴിക്കുന്നത് കുട്ടികളെ ദിവസം മുഴുവന്‍ ഉന്മേഷമുള്ളവരാക്കുന്നു.

1960 മുതല്‍ ഈ രീതി തുടരുന്നവരാണ് ഫിന്‍ലാൻഡുകാർ. 15 മിനിറ്റ് ഇടവേളകള്‍ക്ക് ശേഷം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധാലുക്കളായി കാണപ്പെടുന്നു. മഴയായാലും വെയിലായാലും ഈ ഇടവേള സമയം എങ്ങനെ ചെലവഴിക്കണമെന്ന് തീരുമാനിക്കുവാനുള്ള അവകാശവും കുട്ടികള്‍ക്കുതന്നെയാണ് വിട്ടു കൊടുത്തിരിക്കുന്നത്. പരീക്ഷകളില്ലാതെ, കേള്‍ക്കുമ്പോള്‍ അത്ഭുതമെന്ന് തോന്നുന്ന ഇത്തരം അനവധി പ്രവര്‍ത്തനങ്ങളുടെ പരീക്ഷണ വിജയമാണ് ഈ വിദ്യാഭ്യാസ മാതൃകയെ ലോകം പുണരാന്‍ കാരണം.

ടോ​ട്ടോ- ചാന്റെ റ്റോമോ സ്‌കൂളിന്റെ ആധുനിക രൂപമാവാം ഫിന്‍ലാൻഡ് വിദ്യാഭ്യാസ മാതൃക. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ജനകീയ ചര്‍ച്ചക്കായി പുതിയ പാഠ്യപദ്ധതിയുടെ പരിഷ്‌കാരത്തിന്റെ കരട് കേരള സര്‍ക്കാര്‍ അവതരിപ്പിക്കുകയാണ്. പുതിയതിനെ പഠിക്കുകയും പ്രയോഗിക്കുകയും ചെയ്യുക എന്നത് സമൂഹത്തെ അപ്‌ഡേറ്റ് ചെയ്യാനുള്ള മാര്‍ഗ്ഗമാണ്. കേവലം ഒരു പുസ്തകത്തിന് നല്‍കാനായ ആശയവും, ഒരു രാജ്യം മുന്നോട്ടു വെക്കുന്ന ആശയവും പുരോഗമന കേരളത്തിന് കുതിക്കാനുള്ള പാഠ്യപദ്ധതി ഒരുക്കാന്‍ സഹായിക്കുന്നതാണ്. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും നടത്തിയ ഫിന്‍ലാൻഡ് സന്ദര്‍ശനം കേരളത്തിന്റെ പാഠ്യപദ്ധതിയെ ആധുനിക വല്‍ക്കരിക്കുന്നതിനുള്ള ആശയതലമൊരുക്കും. ലോകത്ത് സന്തോഷസൂചികയില്‍ ഉയര്‍ന്നു നില്‍ക്കുന്ന രാജ്യമാണ് ഫിന്‍ലാൻഡ്. അവരോടു ചേര്‍ന്നു നില്‍ക്കാനാവുമ്പോള്‍ സന്തോഷത്തിന്റെ പര്‍വ്വത നെറുകയില്‍ നില്‍ക്കാനാവുന്നത് സ്വാഭാവികം. ഈ അടുത്തായി എറ്റവുമധികം അറിയാന്‍ ശ്രമിച്ചത് ഫിന്‍ലാൻഡ് വിദ്യാഭ്യാസ മാതൃകയെ കുറിച്ചാണ്. അറിവു നിര്‍മ്മിക്കുന്ന പഠനരീതിയെ അദ്ഭുതത്തോടെയാണ് വായിച്ചെടുത്തത്. കേരളം ഈ സന്ദര്‍ഭത്തിലാണ് ഫിന്‍ലാൻഡ് സന്ദര്‍ശിക്കുന്നതും, വിദ്യാഭ്യാസ മേഖലയില്‍ സഹകരിക്കാന്‍ തീരുമാനിക്കുന്നതും.

മികവുള്ള സ്‌കൂളുകളുള്ള നമുക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യസം നല്‍കാന്‍ ഈ സഹകരണം സഹായകമാവും. അദ്ധ്യാപക ശാക്തീകരണം, പ്രീ-പ്രൈമറി വിദ്യാഭ്യാസം, സാങ്കേതികവിദ്യ, ഗണിത- ശാസ്ത്ര പഠനം, വിലയിരുത്തല്‍ സമീപനം, ഗവേഷണാത്മക പഠനം എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഹ്രസ്വ- ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന് ധാരണയായിട്ടുണ്ട്. സന്തോഷ സൂചികയില്‍ ഒന്നാമതുള്ള രാജ്യം നല്‍കുന്ന അനുഭവങ്ങള്‍ ഇന്ത്യയിലെ ഏറ്റവും മെച്ചപ്പെട്ട ജീവിത നിലവാരമുള്ള കേരളത്തിന്റെ വിജ്ഞാന സമൂഹമാകാനുള്ള ശ്രമങ്ങള്‍ക്ക് വേഗത വര്‍ദ്ധിപ്പിക്കും.


പി.ടി.രാഹേഷ്

പാലക്കാട്​ ജില്ല ശിശുക്ഷേമ സമിതി എക്​സിക്യൂട്ടീവ്​ അംഗം. കുട്ടികളുടെ സംഘടനാരംഗത്തും വിദ്യാഭ്യാസ- സാംസ്​കാരിക രംഗത്തും പ്രവർത്തിക്കുന്നു. ‘ബൂസ്​റ്റർ ഡോസ്​’ എന്ന പുസ്​തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments