അനശ്വരത്ത് ശാരദ

പുഴകൾ നീന്തി സ്കൂളിലേക്ക്,
ഗോത്രവിദ്യാർത്ഥികൾക്കായുള്ള
വിദ്യാസാഹസങ്ങൾ

അതിജീവനത്വരയുള്ള ഗോത്രജനതയെ അടിച്ചമർത്തുന്നതിനും അരികുവത്കരിക്കുന്നതിനുമാവശ്യമായ ആസൂത്രിത കുറ്റകൃത്യങ്ങൾ നടത്തുന്നതിനുള്ള വേദികളായി ഗോത്ര മേഖലയിലെ വിദ്യാലയങ്ങൾ മാറുന്നുണ്ടെന്ന വിമർശനമുയർത്തുകയാണ് അനശ്വരത്ത് ശാരദ.

വിദ്യാഭ്യാസമെന്ന പ്രക്രിയ ആധുനിക സമൂഹത്തിന് കേവലം അറിവു നേടൽ മാത്രമല്ല. അറിവുൽപ്പാദനവും അതിന്റെ പ്രായോഗികവശങ്ങളും കൂടിച്ചേർന്നുള്ള ബൃഹത്തായൊരാശയമാണത്. ആ ആശയത്തെ ഉപജീവനമാർഗ്ഗം കണ്ടെത്താനുള്ള സാധ്യത എന്ന രീതിയിൽകൂടി പ്രയോജനപ്പെടുത്തുന്നവരാണ് ബഹുഭൂരിപക്ഷം വരുന്ന കേരളജനത. ഈ യാഥാർത്ഥ്യത്തെ മുൻനിർത്തി കേരളീയ വിദ്യാഭ്യാസരംഗത്ത് വിവിധ സർക്കാരുകൾ ചെലവഴിച്ചതും ചെലവഴിച്ചുകൊണ്ടിരിക്കുന്നതുമായ മുതൽമുടക്ക് ചെറുതല്ല.

അടിസ്ഥാനസൗകര്യ വികസനമായാലും വിദ്യാഭ്യാസ പ്രവർത്തനങ്ങളായാലും നവീനമായ പലതരം സാധ്യതകളെ ഉപയോഗപ്പെടുത്തികൊണ്ടാണ് ഓരോ പ്രവർത്തനങ്ങളും നടന്നുവരുന്നത്. പക്ഷേ ഈ നവീന സാധ്യതകളുടെയും വിദ്യാഭ്യാസ പ്രക്രിയയിലെ പൊതുപ്രവണതകളുടെയും ഭാഗമാകാൻ സമൂഹത്തിലെ എല്ലാ മേഖലയിലേയും ജനവിഭാഗങ്ങൾക്ക് സാധിക്കുന്നുണ്ടോ? ഭൂമിശാസ്ത്രപരമായും സാമൂഹികമായും പല ശ്രേണിയിലുള്ള ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ പരിതഃസ്ഥിതി പരിശോധിക്കുമ്പോൾ ഈ ചോദ്യം വളരെ പ്രസക്തമായി മാറുന്നു. പ്രത്യേകിച്ച് കേരളീയ ഗോത്രമേഖലയിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വിലയിരുത്തുമ്പോൾ കാര്യങ്ങൾ ആശാവഹമല്ലെന്നുമാത്രമല്ല ആശങ്കാജനകവുമാണ്.

ഗോത്ര വിദ്യാർത്ഥികൾ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ പൊതുസമൂഹത്തിന് സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത തരത്തിലുള്ളതാണ്.
ഗോത്ര വിദ്യാർത്ഥികൾ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ പൊതുസമൂഹത്തിന് സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത തരത്തിലുള്ളതാണ്.

വിദ്യാഭ്യാസത്തെകുറിച്ച് ഗോത്രസമൂഹത്തിനും പൊതുസമൂഹത്തിനും വ്യത്യസ്ത കാഴ്ചപ്പാടുകളാണുള്ളത്. വിദ്യാഭ്യാസമെന്നത് പൊതുസമൂഹത്തിന് ഉപജീവനമാർഗ്ഗവും ഗോത്രസമൂഹത്തിനത് അതിജീവനമാർഗ്ഗവുമാകുന്നു. എന്നാൽ വിദ്യാഭ്യാസ പ്രക്രിയയിലൂടെ സാമൂഹികവും സാമ്പത്തികവുമായ അടിത്തറയും സുരക്ഷിതത്വവും രൂപപ്പെടുത്താമെന്ന പൊതുസമൂഹത്തിന്റെ വാഗ്ദാനത്തിലെ കപടത തുറന്നുകാട്ടപ്പെടേണ്ടതുണ്ട്. അതിജീവനോപാധിയായി സ്വീകരിക്കാൻ പര്യാപ്തമാണോ കേരളീയ വിദ്യാഭ്യാസ പ്രക്രിയ എന്ന ചോദ്യത്തിന് അല്ല എന്ന് മാത്രമല്ല ഉത്തരം; അതിലുപരി അതിജീവനത്വരയുള്ള ഗോത്രജനതയെ അടിച്ചമർത്തുന്നതിനും അരികുവത്കരിക്കുന്നതിനുമാവശ്യമായ ആസൂത്രിത കുറ്റകൃത്യങ്ങൾ നടത്തുന്നതിനുള്ള വേദികളായി ഗോത്രമേഖലയിലെ വിദ്യാലയങ്ങൾ മാറുന്നുണ്ട്.

അതിജീവനാധിഷ്ഠിതമായ വിദ്യാഭ്യാസം നേടിയെടുക്കുന്നതിനായി സ്കൂളിലെത്തുന്ന ഗോത്ര വിദ്യാർത്ഥികൾ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ പൊതുസമൂഹത്തിന് സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത തരത്തിലുള്ളതാണ്. പ്രാഥമികമായി സ്കൂളിലെ പഠനാന്തരീക്ഷം, സ്കൂളിലേക്കുള്ള യാത്ര, വീടുകളിൽ നിന്ന് ലഭിക്കേണ്ടുന്ന പഠന പിന്തുണ, തുടങ്ങി കാലങ്ങളായി ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളൊന്നും ഫലപ്രദമായി പരിഹരിക്കപ്പെട്ടിട്ടില്ല. മാത്രമല്ല കൊഴിഞ്ഞുപോക്ക്, പണിഷ്മെൻറ് ട്രാൻസ്ഫർ, സ്‍ക്രൈബ്, തുടങ്ങി വിദ്യാഭ്യാസ മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ ഭീകരമായി ഗോത്രമേഖലയിലെ വിദ്യാർത്ഥികളെ ബാധിക്കുന്നുമുണ്ട്.

ഗോത്രമേഖലയിലെ സ്കൂളുകളിൽ കൊഴിഞ്ഞുപോക്കും, വിദ്യാർത്ഥികൾ ക്ലാസിലെത്താത്ത സാഹചര്യവും സാധാരണമാണ്. ഈ പ്രശ്നങ്ങൾ കൃത്യമായ ഇടപെടലുകളിലൂടെ പരിഹരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാതെ അതൊരു സാധാരണ സംഭവമാക്കിതീർത്തു എന്നതാണ് വാസ്തവം.

കൊഴിഞ്ഞുപോക്ക്,
നീണ്ട അവധികൾ…

ഭരണഘടനയുടെ ആർട്ടിക്കിൾ 21A പ്രകാരം വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും മൗലികാവകാശവും ആർട്ടിക്കിൾ 51 A (k) പ്രകാരം എല്ലാ രക്ഷിതാക്കളുടെയും മൗലിക കടമയുമാകുന്നു. എന്നാൽ ഗോത്രമേഖലയിൽ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിൽ നടന്നുകൊണ്ടിരിക്കുന്ന ഭീകരവും മനുഷ്യത്വരഹിതവുമായ വീഴ്ച പൊതുസമൂഹം തിരിച്ചറിയാതിരിക്കുകയോ, തിരിച്ചറിയാത്തതായി നടിക്കുകയോ ചെയ്യുകയാണ്.

ഗോത്രമേഖലയിലെ സ്കൂളുകളിലെ, പ്രത്യേകിച്ച് ട്രൈബൽ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ എണ്ണമെടുത്താൽ, ഇരുപതിനടുത്ത് കുട്ടികളുള്ള ക്ലാസ് മുറികൾ ചുരുക്കമാണ്. ഇത് ഗോത്രമേഖലയിൽ കുട്ടികളില്ലാത്തതുകൊണ്ടല്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഗോത്രമേഖലയിലെ സ്കൂളുകളിൽ കൊഴിഞ്ഞുപോക്കും, വിദ്യാർത്ഥികൾ ക്ലാസിലെത്താത്ത സാഹചര്യവും സാധാരണമാണ്. ഈ പ്രശ്നങ്ങൾ കൃത്യമായ ഇടപെടലുകളിലൂടെ പരിഹരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാതെ അതൊരു സാധാരണ സംഭവമാക്കിതീർത്തു എന്നതാണ് വാസ്തവം. കേരളത്തിലെ മറ്റു ജില്ലകളെ അപേക്ഷിച്ച് ഇടുക്കി, വയനാട് ജില്ലകളിലെ മലയോര പ്രദേശങ്ങളിലും അട്ടപ്പാടി മേഖലയിലും അക്കാദമിക കലണ്ടർ ആരംഭിക്കുമ്പോൾ തന്നെ കാലവർഷക്കെടുതി കാരണം വിദ്യാഭ്യാസപ്രവർത്തനങ്ങൾ മുടങ്ങി പോകുന്ന സാഹചര്യമാണുള്ളത്. അട്ടപ്പാടിയിലെ ഇടവാണി, തുടുക്കി, ഗലസി, സ്വർണ്ണഗദ്ദ തുടങ്ങിയ അനേകം ഗ്രാമങ്ങളിൽ നിന്ന് ജൂൺ, ജൂലൈ മാസങ്ങളിൽ ആരും സ്കൂളുകളിൽ എത്താറില്ല. അട്ടപ്പാടിയിലെ ഇടവാണി ഗ്രാമത്തിൽ നിന്ന് ഏറ്റവും അടുത്തുള്ള പുതൂരിലെ ഗവൺമെൻറ് ട്രൈബൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലേക്ക് വിദ്യാർഥികൾക്കെത്താൻ മഴ പെയ്ത് കുലം കുത്തിയൊഴുകുന്ന, വഴിക്ക് കുറുകെയുള്ള ആറ് പുഴകൾ കടക്കണമെന്ന യാഥാർത്ഥ്യം പൊതുസമൂഹത്തിന് വിശ്വസിക്കാൻ സാധിക്കുമോ എന്നറിയില്ല.

ഇത്തരം പ്രതിസന്ധികൾ പരിഹരിക്കാനാവശ്യമായ ഇടപെടലുകൾ കാര്യക്ഷമമല്ല എന്നതാണ് കൊഴിഞ്ഞുപോക്കുകളുടെ മുഖ്യ കാരണങ്ങളിലൊന്ന്.

ബോധനമാധ്യമം (Medium of instruction) കൊഴിഞ്ഞുപോക്കിന് വലിയൊരു കാരണമാകുന്നുണ്ട്. ഗോത്രജനതയ്ക്ക് അന്യഭാഷാബോധം നിലനിൽക്കുന്ന മലയാള ഭാഷയിലൂടെയുള്ള പഠനം വരുത്തുന്ന ബുദ്ധിമുട്ടുകൾ ചെറുതല്ല.(https://truecopythink.media/education/anaswarath-sarada-writes-about-the-challenges-of-language-learning-in-tribal-schools).
വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് മാതാപിതാക്കൾക്ക് കൃത്യമായ അവബോധമില്ല എന്നതും, മാതാപിതാക്കൾക്കത് കൃത്യമായി നൽകുന്നില്ല എന്നതും ഇതിനോടൊപ്പം കൂട്ടിച്ചേർക്കേണ്ടതുണ്ട്.

ഗോത്രമേഖലയിലെ സ്കൂളുകളിലെ, പ്രത്യേകിച്ച് ട്രൈബൽ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ എണ്ണമെടുത്താൽ, ഇരുപതിനടുത്ത് കുട്ടികളുള്ള ക്ലാസ് മുറികൾ ചുരുക്കമാണ്.
ഗോത്രമേഖലയിലെ സ്കൂളുകളിലെ, പ്രത്യേകിച്ച് ട്രൈബൽ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ എണ്ണമെടുത്താൽ, ഇരുപതിനടുത്ത് കുട്ടികളുള്ള ക്ലാസ് മുറികൾ ചുരുക്കമാണ്.

ഗോത്രമേഖലയിലെ ട്രൈബൽ സ്കൂളുകളിൽ പഠനപ്രക്രിയ നടത്താനാവശ്യമായ അധ്യാപകരില്ല എന്നത് സ്കൂളിലെ കൊഴിഞ്ഞുപോക്കുമായി ബന്ധപ്പെടുത്തി വായിക്കേണ്ടുന്ന കാര്യമാണ്. ഗോത്രമേഖലയിലെ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് കാരണം സ്കൂളുകളിൽ വിദ്യാർത്ഥികൾ കുറയുകയും അധ്യാപക - വിദ്യാർത്ഥി അനുപാതപ്രകാരം (1:40) അധ്യാപകരുടെ എണ്ണത്തിൽ കുറവു വരികയും എല്ലാ വിഷയങ്ങളും പഠിപ്പിക്കാനാവശ്യമായ അധ്യാപകരില്ലാതെ വരികയും ചെയ്യുന്ന സ്ഥിതിവിശേഷമാണുള്ളത്. ഗോത്രമേഖലയിലെ സ്കൂളുകളിൽ ഇംഗ്ലീഷ്, ഐ.ടി വിഷയങ്ങൾ പഠിപ്പിക്കേണ്ടിവരുന്നത് മറ്റു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകരാണ്. ക്ലാസ് റൂം പഠനാന്തരീക്ഷത്തിലെ പ്രശ്നങ്ങൾ, യാത്രാ സൗകര്യങ്ങളിലുള്ള അപര്യാപ്തതകൾ, വീടുകളിൽ നിന്ന് പഠനപിന്തുണ ഉറപ്പാക്കൽ തുടങ്ങിയ കാര്യങ്ങളിൽ കൃത്യമായ ഇടപെടലുകൾ നടത്താതെ കൊഴിഞ്ഞുപോക്ക്, നീണ്ട അവധികൾ തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവില്ല.

അട്ടപ്പാടിയിൽ ഏറ്റവും കൂടുതൽ ഗോത്രവിദ്യാർത്ഥികൾ പഠിക്കുന്ന ഒരു സ്കൂളിൽ മാത്രം 150 കൂടുതൽ കുട്ടികളെ സ്‍ക്രൈബ് പരിധിയിൽപ്പെടുത്തിയിട്ടുണ്ട്.

പണിഷ്മെൻറ് ട്രാൻസ്ഫറുകൾ…

വിദ്യാഭ്യാസ വകുപ്പ് സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വിഷയങ്ങളിലൊന്നാണ് പണിഷ്മെൻറ് ട്രാൻസ്ഫർ. ഗോത്രമേഖലയിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ പിന്നോട്ടടിപ്പിക്കുന്നതിൽ പണിഷ്മെൻറ് ട്രാൻസ്ഫറുകൾ പ്രധാന പങ്കുവഹിക്കുന്നുണ്ട്. മേലധികാരികളുടെ അപ്രിയം കാരണമോ, ജോലിയിലെ ‘ദുർനടപ്പ്’ നിമിത്തമോ അധ്യാപകരെ പ്രത്യേക പരിഗണന വേണ്ടുന്നതും കാര്യക്ഷമമായി പ്രവർത്തിക്കേണ്ടതുമായ ഇടുക്കി, വയനാട്, കാസർഗോഡ് ജില്ലകളിലെയും അട്ടപ്പാടിയിലേയും ഗോത്രമേഖലകളിലേക്ക് സ്ഥലം മാറ്റുന്ന രീതി തുടരുന്നുണ്ട്. അത്രമാത്രം മനുഷ്യത്വ വിരുദ്ധമായ രീതിയിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഗോത്രമേഖലയെ കൈകാര്യം ചെയ്യുന്നത്. അച്ചടക്കനടപടി നേരിട്ട് ഗോത്രമേഖലയിലെത്തുന്ന ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ കുട്ടികളുടെ പഠനത്തെ വലിയ തോതിൽ ബാധിക്കാറുണ്ട്. അവരിൽ നിന്ന് വിദ്യാർത്ഥികൾ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് ഒരുതരത്തിലുള്ള ആശങ്കകളും ആരും പ്രകടിപ്പിച്ചു കാണാറില്ല. അച്ചടക്കനടപടി സ്വീകരിക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ കുട്ടികളുടെ പഠനപ്രവർത്തനങ്ങൾ നടത്താൻ അച്ചടക്കനടപടി നേരിടുന്ന അധ്യാപകരെ നിയോഗിക്കുമോ എന്ന ചോദ്യം ചോദിച്ചാൽ ഇതിലെ ഇരട്ടത്താപ്പ് വ്യക്തമാകും. അധ്യാപകരെ അച്ചടക്കം പഠിപ്പിക്കാനുള്ള ഇടങ്ങളായി ഗോത്രമേഖലയേയും, അധ്യാപകരുടെ അച്ചടക്കമില്ലായ്മ ഉരച്ചു തീർക്കാനുള്ള കരിങ്കൽ ഭിത്തികളായി ഗോത്രജനതയെയും കാണുന്ന പ്രാകൃത മനസികാവസ്ഥയുള്ള അധികാരിവർഗ്ഗം ഇന്നും നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ ഉന്നതങ്ങളിലുണ്ട്.

ക്രൂരതയായി മാറുന്ന സ്‍ക്രൈബ്

ഭിന്നശേഷിക്കാരുടെയും പഠനവൈകല്യം നേരിടുന്നവരുടെയും പഠന സാധ്യത നിലനിർത്താനും പരീക്ഷാ സംബന്ധമായ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും നടപ്പാക്കിയ ശ്ലാഘനീയമായ പദ്ധതിയാണ് സ്ക്രൈബ്. ഈ പദ്ധതിയുടെ മറവിൽ സ്കൂളുകളിൽ നടക്കുന്ന ഭീകരമായ യാഥാർത്ഥ്യങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട്. പലവിധ കാരണങ്ങളാൽ പഠനത്തിൽ പിന്നാക്കാവസ്ഥ നേരിടുന്ന വിദ്യാർത്ഥികളെ കൂട്ടമായി വിജയിപ്പിക്കാൻ അത്തരത്തിലുള്ള മുഴുവൻ വിദ്യാർഥികളെയും ഭിന്നശേഷി വിദ്യാർത്ഥികളായി മാറ്റുകയാണ് അധ്യാപകരും വിദ്യാഭ്യാസ വകുപ്പും ചെയ്യുന്നത്. ഇതിൽ ആരോഗ്യവകുപ്പിന്റെ ഇടപെടൽ കൂടിയുണ്ട്. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന മുഴുവൻ കുട്ടികളെയും സ്ക്രൈബ് പരിശോധനയിൽ പങ്കെടുപ്പിക്കുകയും അതിൽ 99% വിദ്യാർത്ഥികളും ആരോഗ്യവകുപ്പിന്റെ സർട്ടിഫിക്കറ്റോടെ ആനുകൂല്യം നേടുകയും ചെയ്യുന്നു.

അട്ടപ്പാടിയിലെ ഇടവാണി ഗ്രാമത്തിൽ നിന്ന് ഏറ്റവും അടുത്തുള്ള പുതൂരിലെ ഗവൺമെൻറ് ട്രൈബൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലേക്ക് വിദ്യാർഥികൾക്കെത്താൻ മഴ പെയ്ത് കുലം കുത്തിയൊഴുകുന്ന, വഴിക്ക് കുറുകെയുള്ള ആറ് പുഴകൾ കടക്കണമെന്ന യാഥാർത്ഥ്യം പൊതുസമൂഹത്തിന് വിശ്വസിക്കാൻ സാധിക്കുമോ എന്നറിയില്ല.
അട്ടപ്പാടിയിലെ ഇടവാണി ഗ്രാമത്തിൽ നിന്ന് ഏറ്റവും അടുത്തുള്ള പുതൂരിലെ ഗവൺമെൻറ് ട്രൈബൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലേക്ക് വിദ്യാർഥികൾക്കെത്താൻ മഴ പെയ്ത് കുലം കുത്തിയൊഴുകുന്ന, വഴിക്ക് കുറുകെയുള്ള ആറ് പുഴകൾ കടക്കണമെന്ന യാഥാർത്ഥ്യം പൊതുസമൂഹത്തിന് വിശ്വസിക്കാൻ സാധിക്കുമോ എന്നറിയില്ല.

2022 - 23 വർഷത്തിൽ 21,452 കുട്ടികളാണ് ഭിന്നശേഷി കുട്ടികളാണെന്ന ആനുകൂല്യത്തിൽ പരീക്ഷ എഴുതിയത്. 2023-24 ൽ 26,518 പേരും 2024-25 ൽ 27, 323 പേരുമാണ് ഈ വിഭാഗത്തിലുണ്ടായിരുന്നത്. മൂന്നുവർഷം കൊണ്ട് 75,293 കുട്ടികൾ ഭിന്നശേഷിക്കാരായി പരീക്ഷയെഴുതി. ഈ വിവരങ്ങൾ വിദ്യാഭ്യാസവകുപ്പിന്റെ പോർട്ടലിൽ ലഭ്യമാണ്. മൂന്നുവർഷങ്ങളിലായി പത്താം ക്ലാസിൽ മാത്രം 75,000- ലേറെ കുട്ടികൾ ഭിന്നശേഷിക്കാരായി പരീക്ഷ എഴുതി എന്നതിലെ അസ്വാഭാവികത പരിശോധിക്കപ്പെടേണ്ടതുണ്ട്.

SSLC പരീക്ഷയിൽ 2023, 24, 25 വർഷങ്ങളിൽ നേടിയ 99.70, 99.69, 99.05 ശതമാനം വിജയങ്ങളുടെ പിന്നിലും അതിനുമുമ്പും വിജയശതമാനം വർദ്ധിപ്പിക്കാൻ പഠനപ്രക്രിയയിലെ പലവിധങ്ങളായ പോരായ്മകൾ കൊണ്ട് ആവശ്യമായ പഠന നേട്ടങ്ങൾ ലഭിക്കാതെ പോയ കുരുന്നുകളെ ഭിന്നശേഷിക്കാരാക്കാൻ ആസൂത്രിത നീക്കം വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് നടന്നിട്ടുണ്ട്. ഇത് ഒരേ സമയം അർഹരായ ഭിന്നശേഷി കുട്ടികളോടും, പഠന വൈകല്യമില്ലാതെ ഭിന്നശേഷിപട്ടികയിൽപ്പെടുന്ന കുട്ടികളോടും ചെയ്യുന്ന ക്രൂരതയാണ്. ഈ ക്രൂരതയുടെ ഇരകളാകേണ്ടി വന്നവരിൽ വലിയൊരു വിഭാഗം ഗോത്ര വിദ്യാർത്ഥികളാണ്.

വിദ്യാഭ്യാസ വകുപ്പിന്റെ പഠനപ്രക്രിയ ഫലപ്രദമായി എത്താതിരുന്ന ഗോത്ര മേഖലയിലെ സ്കൂളുകളിലെ കുട്ടികളിൽ വലിയൊരു വിഭാഗം ഭിന്നശേഷിക്കാരായി മാറ്റപ്പെട്ടു. സ്‍ക്രൈബു കൊണ്ട് പൊതുജനത്തിന്റെ കണ്ണ് കെട്ടുകയാണ് വിദ്യാഭ്യാസ വകുപ്പും അധ്യാപകരും ചെയ്തത്.

മേൽ സൂചിപ്പിച്ച പലവിധങ്ങളായ കാരണങ്ങളാൽ വിദ്യാഭ്യാസ വകുപ്പിന്റെ പഠനപ്രക്രിയ ഫലപ്രദമായി എത്താതിരുന്ന ഗോത്ര മേഖലയിലെ സ്കൂളുകളിലെ കുട്ടികളിൽ വലിയൊരു വിഭാഗം ഭിന്നശേഷിക്കാരായി മാറ്റപ്പെട്ടു. വിദ്യാഭ്യാസ പ്രക്രിയയിലെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുപകരം സ്ക്രൈബു കൊണ്ട് പൊതുജനത്തിന്റെ കണ്ണ് കെട്ടുകയാണ് വിദ്യാഭ്യാസ വകുപ്പും അധ്യാപകരും ചെയ്തത്. എത്ര ഗോത്ര വിദ്യാർത്ഥികൾക്ക് സ്ക്രൈബ് അനുവദിച്ചു എന്നതിനെപ്പറ്റി എസ്.ടി ഡിപ്പാർട്ട്മെന്റിനോ വിദ്യാഭ്യാസ വകുപ്പിനൊ യാതൊരു ധാരണയുമില്ല. വിവരവകാശ മറുപടിയിൽ വിവരങ്ങൾ ലഭ്യമല്ലെന്നു മാത്രമാണുത്തരം. എന്നാൽ അട്ടപ്പാടിയിൽ ഏറ്റവും കൂടുതൽ ഗോത്രവിദ്യാർത്ഥികൾ പഠിക്കുന്ന ഒരു സ്കൂളിൽ മാത്രം 150 കൂടുതൽ കുട്ടികളെ സ്ക്രൈബ് പരിധിയിൽപ്പെടുത്തിയിട്ടുണ്ട്. നാം സാക്ഷരതയുടെ തോതും വിജയ ശതമാനത്തിന്റെ മേന്മയും എണ്ണിത്തിട്ടപ്പെടുത്തുന്നത് അധഃസ്ഥിത വർഗത്തിന്റെ കഞ്ഞിയിൽ മണ്ണ് വാരിയിട്ടുകൊണ്ടാണ്. അവരുടെ വിദ്യാഭ്യാസത്തിനെയും അതിലൂടെ നേടാൻ ആഗ്രഹിക്കുന്ന അതിജീവനത്തിനെയും കുരുതി കൊടുത്തു കൊണ്ടാണ്.

നാം സാക്ഷരതയുടെ തോതും വിജയ ശതമാനത്തിന്റെ മേന്മയും എണ്ണിത്തിട്ടപ്പെടുത്തുന്നത് അധഃസ്ഥിത വർഗത്തിന്റെ കഞ്ഞിയിൽ മണ്ണ് വാരിയിട്ടുകൊണ്ടാണ്. അവരുടെ വിദ്യാഭ്യാസത്തിനെയും അതിലൂടെ നേടാൻ ആഗ്രഹിക്കുന്ന അതിജീവനത്തിനെയും കുരുതി കൊടുത്തു കൊണ്ടാണ്.
നാം സാക്ഷരതയുടെ തോതും വിജയ ശതമാനത്തിന്റെ മേന്മയും എണ്ണിത്തിട്ടപ്പെടുത്തുന്നത് അധഃസ്ഥിത വർഗത്തിന്റെ കഞ്ഞിയിൽ മണ്ണ് വാരിയിട്ടുകൊണ്ടാണ്. അവരുടെ വിദ്യാഭ്യാസത്തിനെയും അതിലൂടെ നേടാൻ ആഗ്രഹിക്കുന്ന അതിജീവനത്തിനെയും കുരുതി കൊടുത്തു കൊണ്ടാണ്.

വിഭവങ്ങളാൽ സമ്പന്നമായ ഗോത്ര ജനതയുടെ ഭൂമിക പോലെ തന്നെ അധികാരിവർഗ്ഗം കയ്യടക്കിയിരിക്കുന്ന പൊതുവിടങ്ങളും ഗോത്ര ജനതയ്ക്കുകൂടി അവകാശപ്പെട്ടതാണ്. അതിലേക്കെത്തിച്ചേരാനുള്ള ഓരോ വഴിയും അടച്ചു കളയുക എന്നത് കാലാകാലങ്ങളായി ഉപരിവർഗ്ഗം ചെയ്തുകൊണ്ടിരിക്കുന്ന ദൈനംദിന ശീലങ്ങളിൽ ഒന്നു മാത്രമാണ്. ‘പാഠമില്ലെങ്കിൽ പാടത്തേക്കില്ല’ എന്ന് അയ്യങ്കാളി പറഞ്ഞതിന് നൂറു വർഷങ്ങൾക്കിപ്പുറവും പാഠം പഠിക്കാൻ ആദിവാസികൾക്കും ദലിതർക്കും പോരാടേണ്ടി വരുന്നു എന്നതോളം വലിയ സമരസാധ്യത പൊതുസമൂഹത്തിൽ വേറെയില്ല. വിദ്യാഭ്യാസ മേഖലയിൽ ഗോത്ര വിഭാഗത്തിന്റെ നേർക്ക് ഇന്നും ശീലിച്ചു പോരുന്ന വിവേചനത്തിന് കാലം കണക്ക് ചോദിക്കുക തന്നെ ചെയ്യും.

Comments