90- കളുടെ അവസാനം ബ്രിട്ടനിൽ രണ്ടു തരം ജോലികൾക്ക് ആളുകളെ കിട്ടാൻ ബുദ്ധിമുട്ടായിരുന്നു. അതിലൊന്ന് നഴ്സിംഗ് ആയിരുന്നു, രണ്ടാമത്തേത് സ്കൂൾ അധ്യാപനവും.
രോഗികളായവരെയും പ്രായമായവരെയും ശുശ്രൂഷിക്കുക എന്നത് തരംതാണ ജോലിയാണ് എന്നതായിരുന്നു നഴ്സിംഗിനെക്കുറിച്ചുള്ള പൊതുബോധം. സ്കൂൾ അധ്യാപനമാവട്ടെ നിയമകുരുക്കിലും ആയിരുന്നു. നിയമങ്ങളെല്ലാം വിദ്യാർഥികൾക്ക് അനുകൂലമാണ്. അതുകൊണ്ടുതന്നെ സ്കൂൾ വിട്ടു കഴിഞ്ഞാൽ അധ്യാപകരെ കാത്ത് വിദ്യാർത്ഥികൾ ഗേറ്റിനു പുറത്ത് കൂട്ടം കൂടി നിൽക്കുന്നുണ്ടാവും. നടന്നു പോകുന്ന അധ്യാപകരെ കളിയാക്കുകയും ചീത്തവിളിക്കുകയും ചെയ്യും. ഇതൊക്കെ അനുഭവിച്ചുകൊണ്ടുമാത്രമേ അധ്യാപകരായി ജോലി ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ.
പറഞ്ഞുവരുന്നത്, അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള പ്രശ്നങ്ങൾ ലോകത്തെ പല രാജ്യങ്ങളിലും ഉണ്ടായിട്ടുണ്ട്, പരിഹരിക്കപ്പെട്ടിട്ടുണ്ട് എന്നാണ്. ഓരോയിടത്തും പുതിയ അറിവിലൂടെയും സിദ്ധാന്തവൽക്കരണത്തിലൂടെയുമാണ് ഈ പ്രശ്നത്തെ മറികടന്നിട്ടുള്ളത്; വൈകാരികതയിലൂടെയല്ല.
മൂന്ന് തലമുറകൾ ഇടപെടുന്ന ഒരു ഇടമായി സ്‌കൂളിനെ നമുക്ക് സങ്കൽപ്പിക്കേണ്ടതായി വരും.
പാലക്കാട് ജില്ലയിലെ ഒരു സ്കൂളിൽ പ്രധാനാധ്യാപകനോട് ഒരു വിദ്യാർത്ഥി കയർത്തു സംസാരിക്കുന്നതിന്റെ വീഡിയോ പ്രചരിക്കുകയും അതുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള ചർച്ച നടക്കുകയും ചെയ്യുന്ന സന്ദർഭത്തിൽ പുതിയ ധാരാളം ചോദ്യങ്ങൾ ഉയർന്നുവന്നിട്ടുണ്ട്.
ഒന്ന്; ആരുടെ ഭാഗത്താണ് തെറ്റ്?
അധ്യാപകരുടെ ഭാഗത്താണോ?
വിദ്യാർഥിയുടെ ഭാഗത്താണോ?
കുട്ടി പറയുന്നതുപോലെ, എന്തൊക്കെ പീഡനങ്ങളാണ് ആ കുട്ടിക്ക് നേരിടേണ്ടി വന്നിട്ടുണ്ടാവുക?
ആ സംഭവത്തിന്റെ വീഡിയോ പകർത്തിയത് ശരിയാണോ?
അഥവാ പകർത്തിയിട്ടുണ്ടെങ്കിൽ തന്നെ അത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് ശരിയാണോ?
മാത്രമല്ല, ഇത് ഏതെങ്കിലും തരത്തിൽ അധ്യാപക വിദ്യാർത്ഥി ബന്ധത്തെ പുനർ നിർവചിക്കാനായി നമ്മെ പ്രേരിപ്പിക്കുന്നുണ്ടോ?
ഈ ചോദ്യങ്ങളുടെ ഉത്തരമാണ് അന്വേഷിക്കാൻ ശ്രമിക്കുന്നത്.

കെ. ജെ. ബേബിയുടെ കനവ് പോലെ, ഗോപാലകൃഷ്ണന്റെ സാരംഗ് പോലെ, മേരി റോയിയുടെ പള്ളിക്കൂടം പോലെ, വളരെ വ്യത്യസ്തമായ അധ്യാപന സമ്പ്രദായങ്ങളുടെയും വ്യത്യസ്തമായ സ്‌കൂളുകളുടെയും ചരിത്രം കേരളത്തിനുണ്ട്. ആ ശൃംഖലയിൽ തന്നെ, എന്നാൽ നിലനിൽക്കുന്ന സാമ്പ്രദായിക വിദ്യാഭ്യാസ സംവിധാനങ്ങളോട് ചേർന്നുനിന്നുകൊണ്ട് നടന്നുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ പരീക്ഷണത്തെക്കുറിച്ചാണ് ഈ കുറിപ്പ്. ഈ കുറിപ്പിലൂടെ കടന്നുപോകുമ്പോൾ പ്രതീക്ഷിക്കുന്നത് മുൻചൊന്ന പ്രശ്നങ്ങൾക്കുള്ള ഉത്തരങ്ങൾ ലഭ്യമാവാൻ സാധ്യതയുണ്ട് എന്നാണ്.
തലമുറകൾ തമ്മിലുള്ള ഏറ്റുമുട്ടൽ
സത്യത്തിൽ ഇത് അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ഒരു പ്രശ്നമല്ല. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ മൂന്ന് തലമുറകൾ ഇടപെടുന്ന ഒരു ഇടമായി സ്‌കൂളിനെ നമുക്ക് സങ്കൽപ്പിക്കേണ്ടതായി വരും. മൂന്ന് തലമുറകളിൽ 45 വയസ്സിനു മുകളിലുള്ള അധ്യാപകരെല്ലാം ഉൾപ്പെടുന്നത് ജനറേഷൻ X- ലാണ്. അതിനു ശേഷമുള്ള, ചെറുപ്പക്കാരായ, 45- ൽ താഴെ വയസുള്ള അദ്ധ്യാപകരെല്ലാം, ജനറേഷൻ Y- ൽ ഉള്ളവരാണ്. എന്നാൽ വിദ്യാർത്ഥികളാവട്ടെ ‘ജെൻസി’കൾ എന്നു പറയുന്ന ജനറേഷൻ Z- ൽ പെടുന്നവരാണ്. മൂന്ന് വ്യത്യസ്ത തലമുറകളാണ്, മൂന്ന് വ്യത്യസ്ത കാഴ്ചപ്പാടുകളാണ്, മൂന്ന് വ്യത്യസ്ത സാമൂഹ്യബോധമാണ്, മൂന്ന് വ്യത്യസ്ത തലത്തിലുള്ള ധാരണകളും പ്രതീക്ഷകളും വിശ്വാസങ്ങളുമാണ്. ഇവ തമ്മിലുള്ള ഏറ്റുമുട്ടലാണ് സ്‌കൂളുകളിൽ നടക്കുന്നത്.

ജനറേഷൻ X- ൽ പെടുന്ന മുതിർന്ന അധ്യാപകരുടെ ലിംഗനിയമങ്ങളെല്ലാം പാരമ്പര്യമായി പരിണമിച്ചു വന്നതാണ്. സ്ത്രീകളും പുരുഷന്മാരും അവർക്ക് തൊട്ടു മുന്നേയുള്ള തലമുറയെക്കാൾ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നവരാണ്. ആളുകളുമായി നേരിട്ട് സംസാരിക്കുക എന്നതാണ് അവരുടെ പ്രധാന ആശയവിനിമയരീതി. വളരെ ദീർഘനാളത്തേയ്ക്കുള്ള, ഉറച്ച ബന്ധങ്ങളിലായിരിക്കും അവർക്ക് വിശ്വാസം. വിവാഹമെന്നത് അവരെ സംബന്ധിച്ച് ജീവിതത്തിലേറ്റവും പ്രധാനപ്പെട്ട ഒരു നാഴികക്കല്ലാണ്. വളരെ നേരത്തെ തന്നെ വിവാഹം കഴിക്കുന്നവരുമാണ് അവർ. അവരുടെ ലൈംഗിക ധാരണകളൊക്കെ തന്നെ വളരെ സ്വകാര്യവും യഥാസ്ഥിതികവുമാണ്. അത് പ്രധാനമായും സാംസ്‌കാരികവും മതപരവുമായിട്ടുള്ള കാര്യങ്ങളാൽ നിയന്ത്രിതവുമാണ്.
ജനറേഷൻ Z- ൽ പെടുന്ന വിദ്യാർത്ഥികളെ സംബന്ധിച്ച്, ലിംഗ നിയമങ്ങളിൽ വളരെ കർക്കശമായ ധാരണകളില്ല. ആൺ- പെൺ തരം തിരിക്കൽ മാത്രമല്ല, അതിനിടയിൽ ധാരാളം ഇടങ്ങളുണ്ട് എന്ന് തിരിച്ചറിയുന്നവരാണ്.
എന്നാൽ ജനറേഷൻ Y- ൽ പെടുന്ന ഇളയ അധ്യാപകർ കുറച്ചു കൂടി ലിംഗസമത്വത്തിനുവേണ്ടി ശ്രമിക്കുന്നവരാണ്, മുൻ ധാരണകളെയൊക്കെ വെല്ലുവിളിക്കാൻ ശ്രമിക്കുന്നവരാണ്. അവർ ബന്ധങ്ങളിൽ വൈകാരികമായ അടുപ്പമാണ് പ്രതീക്ഷിക്കുന്നത്. വൈകി വിവാഹം കഴിക്കുന്നവരോ വൈകി കുട്ടികളുണ്ടായാൽ മതിയെന്ന് വിചാരിക്കുന്നവരോ ആണ്. അവർ ജോലിയുമായോ, സാമ്പത്തിക മുൻഗണനകളുമായോ ബന്ധപ്പെടുത്തിയാണ് വിവാഹത്തേക്കുറിച്ച് ആലോചിക്കുക എന്നതിനാൽ പലപ്പോഴും വിവാഹം വൈകിക്കാറുമുണ്ട്. മുൻതലമുറയെക്കാൾ ലൈംഗിക താത്പര്യങ്ങളെക്കുറിച്ചുള്ള തുറന്ന സംസാരങ്ങൾ അവർക്ക് സാധ്യമാണ്. വൈകാരികമായ അടുപ്പം ആഗ്രഹിക്കുന്നവരുമാണ്.

ജനറേഷൻ Z- ൽ പെടുന്ന വിദ്യാർത്ഥികളെ സംബന്ധിച്ച്, ലിംഗ നിയമങ്ങളിൽ വളരെ കർക്കശമായ ധാരണകളില്ല. ആൺ- പെൺ തരം തിരിക്കൽ മാത്രമല്ല, അതിനിടയിൽ ധാരാളം ഇടങ്ങളുണ്ട് എന്ന് തിരിച്ചറിയുന്നവരാണ്. അവരെ സംബന്ധിച്ച് ഡിജിറ്റൽ മീഡിയ വളരെ ശക്തമാണ്. ഡിജിറ്റൽ ലോകത്തേക്ക് പിറന്നുവീണ ആളുകളാണെന്നതുകൊണ്ടുതന്നെ അവരുടെ അറിവുസമ്പാദനത്തിനടക്കം സമൂഹ മാധ്യമങ്ങൾ വളരെ വലിയ പങ്ക് വഹിക്കുന്നു. ബന്ധങ്ങളിൽ മുൻ തലമുറകളെപോലെ വളരെ സ്ഥിരതയുള്ള, ദീർഘാകാല ബന്ധങ്ങളെക്കാൾ അതിനെ ചോദ്യം ചെയ്യുകയും വളരെ ഫ്ലൂയിഡ് ആയിട്ടുള്ള ബന്ധങ്ങൾ താത്പര്യപ്പെടുകയും ചെയ്യുന്നവരാണ്. വിവാഹം വേണോ എന്നു തന്നെ സംശയിക്കുന്ന കുട്ടികളാണ്. ഒറ്റയ്ക്ക് ജീവിക്കാം, സ്വാതന്ത്ര്യമാണ് പ്രധാനം എന്നിങ്ങനെയുള്ള ആലോചനകൾ ധാരാളമായിട്ടുള്ള ആളുകളാണ്. വളരെ തുറന്ന ലൈംഗിക മനോഭാവമുള്ളവരും ആളുകളുടെ പരസ്പര സമ്മതത്തിന് വലിയ പ്രാധാന്യം കൊടുക്കുന്നവരുമാണ്. പരസ്പരം വലിയ തോതിലുള്ള ബഹുമാനം സൂക്ഷിക്കുന്നവരാണ്.
വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ, മുതിർന്ന അധ്യാപകരെ സംബന്ധിച്ച്, പ്രയോഗിക അറിവുകൾക്കും അനുഭവങ്ങളിൽ നിന്നുള്ള പഠനത്തിനും വലിയ പ്രാധാന്യം നല്കുന്ന ആളുകളാണ്. ഇളയ അധ്യാപകർ ഉന്നത വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം കൊടുത്തവരും വലിയ സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുള്ളവരുമാണ്. ഇന്നത്തെ വിദ്യാർത്ഥികളെ സംബന്ധിച്ച്, വിദ്യാഭ്യാസമെന്നത് ക്ലാസ് മുറികളിൽ നിന്നുമാത്രമല്ല, അതിനേക്കാളേറെ ഓൺലൈൻ ഉപാധികളെയും സ്കില്ലുകളെയും ആശ്രയിക്കലാണ്.

ഇങ്ങനെ വ്യത്യസ്തമായ മൂന്ന് തലമുറകൾ തമ്മിൽ ഒരുമിച്ച് പ്രവർത്തിക്കുന്ന ഇടമായി സ്‌കൂളിനെ സങ്കൽപ്പിക്കുകയാണെങ്കിൽ സംഘർഷങ്ങളുടെ ഉത്ഭവം എവിടെയാണെന്ന് നമുക്ക് തിരിച്ചറിയാൻ കഴിയും. സംഘർഷങ്ങൾ തുടങ്ങുന്നത് ഓരോ തലമുറയിൽ പെട്ടവരും അവരുടെ തലമുറയിലുള്ള മൂല്യങ്ങളെ നെഞ്ചോട് ചേർത്തുപിടിച്ചുകൊണ്ട്, അതു തന്നെയാണ് ശരിയെന്നു വിശ്വസിച്ച്, ആ ശരിയെ തങ്ങളുടെ ജോലിയിലേക്ക് ചേർത്തുവയ്ക്കാൻ ശ്രമിക്കുമ്പോഴാണ്. അത് വിദ്യാഭ്യാസത്തിന്റെ മുന്നോട്ടുള്ള പോക്കിന് തടസ്സമാവുകയും ചെയ്യും. നേരത്തെ പറഞ്ഞതു പോലെ സംഘർഷങ്ങൾ, അഭിപ്രായ വ്യത്യാസങ്ങൾ, നിലപാടുകളിലുള്ള വ്യത്യാസം, അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ മാത്രമല്ല, മുതിർന്ന അധ്യാപകരും ഇളയ അധ്യാപകരും തമ്മിലുമുണ്ട്. അതുപോലെ, അവർക്ക് രണ്ടുപേർക്കും വിദ്യാർത്ഥികളുമായും ഉണ്ട്. ഈ തരത്തിലുള്ള ഒരു സമ്മിശ്ര ഇടമായി സ്‌കൂളിനെ തിരിച്ചറിയേണ്ടതുണ്ട്.
എന്താണ് സ്കൂളിന്റെ ധർമ്മം?
ഈ സമൂഹത്തിൽ എന്താണ് വിദ്യാലയങ്ങൾ അനുഷ്ഠിക്കുന്ന ധർമ്മമെന്ന് ചോദിച്ചാൽ, ആദ്യകാല മാർക്സിസ്റ്റ് രീതിയിൽ വിശകലനം ചെയ്താൽ കിട്ടുന്ന ഉത്തരം, സ്‌കൂളെന്നു പറയുന്നത് ഇപ്പോഴത്തെ തലമുറയെ പുനരുത്പാദിപ്പിക്കാനായിട്ടുള്ള സംവിധാനം എന്നാണ്. ഇന്നത്തെ സമൂഹത്തിലെത്ര അധ്യാപകരുണ്ടോ അത്രതന്നെ നമുക്ക് അടുത്ത തലമുറയിലും വേണം, അത്ര തന്നെ ഡോക്ടർമാരും വേണം, അത്ര തന്നെ എഞ്ചിനീയർമാരും വേണം, അത്ര തന്നെ മറ്റ് തൊഴിലുകളിൽ ഏർപ്പെട്ടവരും വേണം, അത്ര തന്നെ പോലീസ് വേണം, അത്ര തന്നെ കള്ളന്മാർ വേണം, അത്ര തന്നെ ഗുണ്ടകൾ വേണം.
എന്തുകൊണ്ടാണ് ഇത്രയും സ്‌കൂളുകളിലെ അധ്യാപകർ ഒരുമിച്ച് ആഞ്ഞുപിടിച്ചിട്ടും ഈ സമൂഹത്തിൽ ഒരിത്തിരിപ്പോലും കാഴ്ചപ്പാടുകളിൽ മാറ്റം വരാത്തത്?
അങ്ങനെ, ഒരു സമൂഹത്തെ ഒരു മാറ്റവുമില്ലാതെ അപ്പുറത്തേക്ക് കോപ്പി പേസ്റ്റ് ചെയ്യുന്ന സംവിധാനത്തെയാണ് നമ്മൾ സ്കൂൾ എന്ന് വിളിക്കുന്നത്. ഇതിങ്ങനെയല്ലായിരുന്നെങ്കിൽ ഈ സമൂഹം എന്നേ മാറിയേനെ. എന്തുകൊണ്ടാണ് ഇത്രയും സ്‌കൂളുകളിലെ അധ്യാപകർ ഒരുമിച്ച് ആഞ്ഞുപിടിച്ചിട്ടും ഈ സമൂഹത്തിൽ ഒരിത്തിരിപ്പോലും കാഴ്ചപ്പാടുകളിൽ മാറ്റം വരാത്തത്, എന്തുകൊണ്ടാണ് ഈ സമൂഹം ഇപ്പോഴും വലിയ തോതിലുള്ള ജാതിയും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും നിറഞ്ഞ ഒരു സമൂഹമായി നില്ക്കുന്നത് എന്നു ചോദിച്ചാൽ, ഈ സ്കൂളുകൾ അതിന്റെ പ്രാഥമികമായിട്ടുള്ള കാര്യം മാത്രമേ ചെയ്യുന്നുള്ളൂ, അതിന്റെ ജോലി ഈ സമൂഹത്തെ പുനരുത്പാദിപ്പിക്കുക എന്നതു മാത്രമാണ്, ഇതിനെ മാറ്റിയെടുക്കുക എന്നത് വേറൊരു പണിയാണ് എന്നതാണ് ഉത്തരം. ആ പണി സ്‌കൂളുകളിൽ തുടങ്ങിയിട്ടുപോലുമില്ല.
രക്ഷിതാക്കളുടെ പങ്കെന്താണ്?
"നിങ്ങളുടെ മക്കൾ നിങ്ങളുടെ മക്കൾ അല്ല എന്നും അവർ ജീവന്റെ അനസ്യൂതമായ ഒഴുക്കിലുള്ള ബിന്ദുക്കളാണ്" എന്നും പറഞ്ഞത് ഖലീൽ ജിബ്രാനാണ്.
പലപ്പോഴും അവർ പ്രതീക്ഷിക്കുന്നത് അധ്യാപകർ കുട്ടികളെ നല്ല വഴിക്ക് നടത്തിക്കോളും എന്നാണ്. അവരെ ശിക്ഷിക്കാനുള്ള അധികാരം പോലും അധ്യാപകർക്ക് കൊടുത്തിട്ടുണ്ട്. തല്ലി പഠിപ്പിച്ച് നേരെയാക്കി നല്ല കുട്ടിയാക്കി മാറ്റിയെടുക്കേണ്ട ഉത്തരവാദിത്തം അധ്യാപകർ ചെയ്തോളും എന്ന പ്രതീക്ഷയുള്ള രക്ഷിതാക്കളുണ്ട്. അതുകൊണ്ടു തന്നെ രക്ഷിതാക്കളും അധ്യാപകരും ഒറ്റകെട്ടായി നിന്നുകൊണ്ടാണ് പലപ്പോഴും വിദ്യാർത്ഥികൾക്ക് എതിരെ നിൽക്കുക.
ക്ലാസ് റൂമിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റം വരുത്തണം എന്ന കാര്യം അധ്യാപകരോട് സംസാരിക്കുമ്പോൾ, അവർ പറയുന്ന പ്രധാന പരിമിതി, ഇതെല്ലാം പഠിപ്പിച്ചു തീർക്കണ്ടേ, പരീക്ഷക്ക് കുട്ടികളെ സജ്ജരാക്കണ്ടേ, പരീക്ഷ നടത്തണ്ടേ, ഉത്തരക്കടലാസ് നോക്കണ്ടേ, അതിനിടക്ക് എങ്ങനെയാണ് ആ വഴിയിൽ നിന്ന് മാറിസഞ്ചരിക്കാൻ പറ്റുക എന്നതാണ്.

ബീജിങിൽനിന്ന് ഒരുദാഹരണം
ഇതിനുള്ള മറുപടിക്കായി നമുക്ക് ബീജിങ്ങിലേക്ക് പോകാം. ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിൽ ഒരിക്കൽ ഒരു വീട്ടിൽ പോയതാണ്. അവിടെ അച്ഛൻ, അമ്മ, രണ്ട് കുട്ടികൾ. അവിടെ ചെല്ലുന്നു, അവരെ പരിചയപ്പെടുന്നു. ഞാൻ കാടിനെക്കുറിച്ചു പഠിക്കുന്ന ആളാണെന്നു പറയുമ്പോൾ കുട്ടികളുടെ അച്ഛൻ മകനെ വിളിച്ചിട്ട് പറയുന്നു, നിനക്കു പറ്റിയ ആളാണെന്ന്. സംസാരിക്കായി ആ കുട്ടിയുടെ റൂമിൽ പോകുന്നു. ആ കുട്ടിയോട് എനിക്ക് മറ്റേതൊരു ഗവേഷകനോട് സംസാരിക്കുന്നത് പോലെ തന്നെയാണ് സംസാരിക്കാനായത്. അദ്ദേഹത്തിന് ഒരു കൺസെർവേഷൻ ബയോളജിസ്റ്റ് ആകണമെന്നാണ് താത്പര്യം. ലോകത്തുള്ള വംശനാശ ഭീഷണി നേരിടുന്ന സ്പീഷിസുകൾ, പ്രത്യേകിച്ച് സസ്തനികളെക്കുറിച്ചുള്ള കൃത്യമായ ധാരണയുണ്ട്. എവിടെയൊക്കെ എന്തൊക്കെയാണ് പ്രശ്നങ്ങൾ എന്നും. അരമുക്കാൽ മണിക്കൂറോളം നമ്മളിങ്ങനെ രസകരമായി സംസാരിച്ചുകൊണ്ടിരുന്നു. അതിനു ശേഷം ചായക്കുള്ള സമയമായപ്പോൾ എല്ലാവരും ഒരുമിച്ചിരുന്ന് ചായ കുടിക്കുന്നതിനിടയ്ക്ക്, ആറു മാസം മുമ്പാണ് അവർ ബിജിങ്ങിലെത്തിയതെന്നും കുട്ടികൾ അവിടെ പഠിക്കാൻ തുടങ്ങിയതെന്നും അമ്മ എന്നോട് പറഞ്ഞു:
‘‘ഞാൻ ഇവരെ സ്കൂളിൽ ചേർത്തു, ഏകദേശം രണ്ടു മാസം കഴിഞ്ഞപ്പോൾ ഞാൻ സ്കൂളിൽ പോയി ക്ലാസ് ടീച്ചറോട് ചോദിച്ചു, കുട്ടികളെങ്ങനെയുണ്ട്, പഠിത്തം എങ്ങനെയുണ്ട് എന്ന്. അപ്പോൾ ടീച്ചർ പറഞ്ഞു; കുഴപ്പമില്ല, നന്നായി പോകുന്നു”.
അമ്മയ്ക്ക് സമാധാനമാകാത്തതിനാൽ അമ്മ വീണ്ടും ക്ലാസിൽ അവരുടെ പ്രകടനം എങ്ങനെയുണ്ടെന്ന് ചോദിച്ചു. അപ്പോൾ ടീച്ചർ വീണ്ടും പറഞ്ഞു കുഴപ്പമില്ല, അവർ നന്നായി പഠിക്കുന്നുണ്ടല്ലോ എന്ന്. സമാധാനമാകാതെ അമ്മ വീണ്ടും ചോദിച്ചു; അല്ല, മറ്റ് കുട്ടികളുമായി താരതമ്യം ചെയുമ്പോൾ റാങ്ക് എങ്ങനെയുണ്ടെന്ന്. അപ്പോൾ ടീച്ചർ പറഞ്ഞു, ഞങ്ങൾ സ്കൂളിൽ കുട്ടികളെ റാങ്ക് ചെയ്യാറില്ല. ഒരു കുട്ടി മറ്റൊരു കുട്ടിയേക്കാൾ മുന്നിലാണെന്ന് നമ്മൾ ഒരിക്കലും പറയാറില്ല, അത് മറ്റു കുട്ടികളെ അപമാനിക്കലാണ്. ഞങ്ങളുടെ എല്ലാ കുട്ടികളും മിടുക്കന്മാരും മിടുക്കികളുമാണ്. അവരിലുള്ള കഴിവുകൾ കണ്ടെത്തുക എന്നുള്ള ജോലി മാത്രമേ ഞങ്ങളിവിടെ ചെയ്യുന്നുള്ളൂ.

‘മഴവില്ല്’ പദ്ധതി
സ്കൂൾ വിദ്യാർത്ഥികൾക്ക് ശാസ്ത്രവിദ്യാഭ്യാസം വളരെ വ്യത്യസ്തമായ രീതിയിൽ നൽകാനുദ്ദേശിച്ച് ആരംഭിച്ച പദ്ധതിയാണ് ‘മഴവില്ല്’. ഈ പദ്ധതിയുടെ ഒരു പ്രത്യേകത, നാലാം ക്ലാസു മുതൽ എട്ടാം ക്ലാസു വരെയുള്ള വിദ്യാർത്ഥികളാണ് അതിൽ പങ്കെടുത്തിരുന്നത് എന്നതാണ്. പല സ്‌കൂളുകളിലെ കുട്ടികളാണ് ഒരുമിച്ച് ചേർന്നിരുന്നത്. എല്ലാ ദിവസവും സ്കൂൾ വിട്ടശേഷം അവർ വരികയും ഏകദേശം ഒന്നര- രണ്ട് മണിക്കൂർ ചെലവഴിക്കുകയും ചെയ്തിരുന്നു. ശാസ്ത്രസംബന്ധിയായ വിഷയങ്ങളായിരുന്നു ഏറെയും സംവദിച്ചത്. സാമ്പ്രദായിക ക്ലാസുകളില്ലാതെ സംവദിച്ചും നിരീക്ഷണ, പരീക്ഷണ രീതിയിലൂടെയുമാണ് അധ്യാപനം.
പ്രധാന സവിശേഷതകൾ ഇതൊക്കെയാണ്: ഒന്നാമതായി; ഇവരെ നമ്മൾ കുട്ടികളായി കാണുന്നില്ല, നമ്മുടെ സമകാലീനരായിട്ടാണ് കാണുക. നമ്മുടെ ഒപ്പം, ഒരേ സമയത്ത് ഈ ഭൂമിയിൽ ജീവിക്കുന്ന മനുഷ്യരായിട്ടാണ് കാണുക. ഒരു കാരണവശാലും അവരെ നമ്മുടെ കുട്ടിക്കാലവുമായി താരതമ്യം ചെയ്യുന്ന പ്രശ്നമില്ല. നമ്മളെല്ലാവരും ഒരുമിച്ചാണ് ജീവിക്കുന്നത്. അതുകൊണ്ടുതന്നെ സംഭവിക്കുന്നത്, എല്ലാ കാര്യത്തെക്കുറിച്ചും നമുക്ക് ഒരേപോലെ ചർച്ച ചെയ്യാൻ പറ്റും എന്നുള്ളതാണ്. നമ്മൾ ഒരേ വായുവാണ് ശ്വസിക്കുന്നത്, ഒരേ പത്രമാണ് വായിക്കുന്നത്, ഒരേ ടി.വിയാണ് കാണുന്നത്. ഇതെല്ലാം തന്നെ നമ്മളെ ഒരേ പോലെ ബാധിക്കുന്ന കാര്യങ്ങളാണ്.
കുട്ടികളുടെ കഴിവിൽ ധാരാളം മാറ്റങ്ങൾ ഞങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു. കുറച്ച് ഉൾവലിവുണ്ടായിരുന്ന കുട്ടികളെല്ലാം തന്നെ വളരെ ധൈര്യത്തോടെ മുതിർന്ന ആളുകളോട് ഇടപഴകാനുള്ള ശേഷി നേടിയിട്ടുണ്ട്.
വലുപ്പച്ചെറുപ്പങ്ങളില്ലാതെ സമകാലീനരായി നിൽക്കുക എന്നതാണ് ഒന്നാമത്തെ കാര്യം. രണ്ടാമത്തേത്, അധ്യാപനത്തിന്റെ പ്രത്യേകതയാണ്. ഞങ്ങൾ പറഞ്ഞു എന്നുള്ളതുകൊണ്ട് ഒരു കാര്യവും വിദ്യാർത്ഥികൾ വിശ്വസിക്കേണ്ടതില്ല. കാരണം, ശാസ്ത്രം എന്നത് തെളിവുണ്ടെങ്കിൽ മാത്രം വിശ്വസിക്കേണ്ടതാണ് എന്ന നിലപാടാണ്. അതുകൊണ്ട് നമ്മൾ കുട്ടികളോട് ചോദിക്കും, ഭൂമി ഉരുണ്ടതാണോ പരന്നതാണോ? കുട്ടികൾ സ്വഭാവികമായിട്ടും ഉരുണ്ടതാണെന്ന് പറയും. നമ്മൾ അതിന്റെ കാരണങ്ങൾ ചോദിക്കും. എന്തുകൊണ്ടാണ് നിങ്ങൾക്ക് അങ്ങനെ തോന്നിയത്? അപ്പോൾ കുട്ടികൾ പറയും; ടീച്ചർ പറഞ്ഞതുകൊണ്ടാണ്, അല്ലെങ്കിൽ സ്കൂളിലെ ഗ്ലോബ് ഉരുണ്ടതാണ്, അതുകൊണ്ടാണ് എന്ന്. അതുപോരാ, നമുക്ക് നേരിട്ടുതന്നെ ബോധ്യം വേണം എന്ന നിലയ്ക്ക് മുന്നോട്ട് പോവുകയും അവർക്ക് സമയം കൊടുക്കുകയും ചെയ്യും. ഏകദേശം രണ്ട് മൂന്ന് ദിവസമൊക്കെ സമയം കൊടുത്ത് അവരാലോചിച്ചു തിരിച്ചുവരികയും അതിനെക്കുറിച്ച് ചർച്ച ചെയ്ത് അതുറപ്പിക്കുകയും ചെയ്ത് മുന്നോട്ട് പോകുന്ന രീതിശാസ്ത്രമാണ് ഈ പദ്ധതിയിൽ തുടർന്നിരുന്നത്.

നമ്മൾ അധികാരം കയ്യാളുന്നില്ല എന്നതാണ് മറ്റൊരു പ്രധാന കാര്യം. അവരോട് എല്ലാ വിഷയത്തെക്കുറിച്ചും സംസാരിക്കുന്ന സമയത്ത്, അറിയാത്ത കാര്യങ്ങൾ അറിയില്ല എന്ന് പറയുകയും നമ്മൾ ഒരുമിച്ച് അന്വേഷിക്കുകയും ചെയ്യുന്ന രീതി.
വിഷയങ്ങൾ അവതരിപ്പിക്കുന്ന രീതിയാണ് മറ്റൊന്ന്. സാധാരണ സ്കൂൾ വിഷയങ്ങൾക്കുള്ളിൽ പലതായി കുടുങ്ങിപ്പോയ വിഷയങ്ങളെ പുറത്തെടുക്കുകയും സമഗ്രമായി സംയോജിപ്പിക്കുകയും ചെയ്യുന്ന രീതിശാസ്ത്രം വളർത്തിയെടുത്തിരുന്നു. ഉദാഹരണത്തിന്, ജലം എന്ന കാര്യത്തെ കുറിച്ച് സാധാരണയായി സ്കൂളിൽ അതിന്റെ രാസപരമായ കാര്യങ്ങൾ കെമിസ്ട്രി ക്ലാസിലും ഭൗതികമായ കാര്യങ്ങൾ ഫിസിക്സ് ക്ലാസിലും ജൈവപരമായ കാര്യങ്ങൾ ബയോളജി ക്ലാസിലും പഠിപ്പിക്കുന്നുണ്ടാവും. എന്നാൽ ഇവിടെ, ജലം എന്ന കാര്യത്തിന്റെ കെമിസ്ട്രി, ഒഴുക്കിന്റെ ഫിസിക്സ് തുടങ്ങിയവയൊക്കെ വരും. കിണറുകളെക്കുറിച്ച്, കുടിവെള്ളത്തെക്കുറിച്ച്, പുഴകളെക്കുറിച്ച്, തടാകങ്ങളെക്കുറിച്ച്, മഞ്ഞിനെക്കുറിച്ച്, മഞ്ഞുപാളികളെക്കുറിച്ച്, വലിയ ഹിമശിഖരങ്ങളെക്കുറിച്ച്, ഭൂമിയുടെ ചൂട് കൂടുന്നതിനെക്കുറിച്ച്, സമുദ്രജലത്തിന്റെ താപനിലയെക്കുറിച്ച്, സമുദ്രജലനിരപ്പ് ഉയരുന്നതിനെക്കുറിച്ച്, ജലം ഇല്ലാതാകുന്ന അവസ്ഥയെക്കുറിച്ച്, ഭൂഗർഭ ജലത്തെക്കുറിച്ച്, പ്ലാച്ചിമട സമരത്തെക്കുറിച്ച്, നദീ സംയോജനവുമായി ബന്ധപ്പെട്ട ധാരണകളെക്കുറിച്ച്, സംസ്ഥാനങ്ങൾ തമ്മിലും രാജ്യങ്ങൾ തമ്മിലും നടക്കുന്ന വഴക്കിനെക്കുറിച്ച്.. ഒക്കെ പറഞ്ഞിട്ടാവും ജലത്തെക്കുറിച്ചുള്ള സംവേദനം പൂർണ്ണമാവുക. അതിനിടക്ക് മഴയെക്കുറിച്ചും വിവിധ തരം മഴകളെക്കുറിച്ചും സ്ഥലത്തിനും സമയത്തിനുമനുസരിച്ച് മഴയുടെ പാറ്റേണിൽ വരുന്ന മാറ്റങ്ങളെക്കുറിച്ചുമെല്ലാം ചർച്ച ചെയ്യും. അങ്ങനെ ഒരു വിഷയത്തെ തൊട്ടാൽ അതിന്റെ ജൈവശാസ്ത്രപരമായതും ഭൗതികശാസ്ത്രപരമായതും സാമൂഹിക ശാസ്‌ത്രപരമായതുമായ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യുന്ന ഇടമായി ക്ലാസ് മുറികൾ മാറിത്തീർന്നിരുന്നു.

മറ്റൊരു ഉദാഹരണം: ജൈവവൈവിധ്യത്തെക്കുറിച്ചുള്ള സെഷൻ തുടങ്ങുമ്പോൾ കുട്ടികൾ എല്ലാവരും വട്ടത്തിലിരിക്കുന്നു, നമ്മളുമിരിക്കുന്നു. ആദ്യമിരിക്കുന്ന കുട്ടിയോട് വീട്ടിൽ ആരൊക്കെയുണ്ടെന്നു ചോദിക്കുന്നു.
അച്ഛനുണ്ട്, അമ്മയുണ്ട്, ജേഷ്ഠനുണ്ട്, അനിയത്തിയുണ്ട് എന്നു പറയുന്നു.
ആകെ 5 പേർ. അതല്ലാതെ വേറെ ആരുമില്ലേ എന്നു ചോദിക്കുമ്പോൾ കുട്ടി പറയുന്നു ഇല്ല, അവർ തന്നെയുള്ളൂ എന്ന്.
വീണ്ടും ചോദിക്കുന്നു, അപ്പോൾ പറയും, ബന്ധുക്കൾ ഇടയ്ക്ക് വരും, പക്ഷെ അവർ തിരിച്ചു പോകും, താമസിക്കാറൊന്നുമില്ല എന്ന്.
ഒരിക്കൽ കൂടി വേറെ ആരുമില്ലേ എന്നു ചോദിക്കുമ്പോൾ കുട്ടിക്ക് ദേഷ്യം വരികയാണ് ചെയ്യുക. എന്റെ വീടല്ലേ, എനിക്കറിയില്ലേ എന്നു പറയുമ്പോൾ നമ്മൾ തിരിച്ചു ചോദിക്കും, അവിടെ ഉറുമ്പ് ഉണ്ടോ? അപ്പോൾ ഉറുമ്പ് ഉണ്ടെന്ന് പറയും. പിന്നെ വേറെ ആരൊക്കെയുണ്ടെന്ന് ചോദിക്കുമ്പോൾ പാറ്റയെക്കുറിച്ച്, പല്ലിയെക്കുറിച്ച്…
മുറ്റത്തേക്കിറങ്ങിയാൽ ആരൊക്കെയുണ്ടെന്ന് ചോദിക്കുമ്പോൾ പുതിയ ജീവജാലങ്ങളെക്കുറിച്ച്.. അങ്ങനെ ഓരോ കുട്ടികളും പുതിയ ഓരോ ജീവജാലങ്ങളെ ചേർത്തുകൊണ്ടിരിക്കും. അതിനെക്കുറിച്ചുള്ള ചർച്ചകൾ കഴിയുമ്പോൾ അവരെല്ലാവരുടേയും വീടുകളിൽ ഓരോ ജൈവ വൈവിധ്യ രജിസ്റ്റർ അവിടെ രൂപപ്പെടുകയാണ്.
ഈ തരത്തിലുള്ള രീതിശാസ്ത്രത്തിലൂടെ മുന്നോട്ട് പോകുന്ന സമയത്ത് രണ്ടു വർഷങ്ങൾ കഴിഞ്ഞപ്പോൾ നമ്മൾ അവരുടെ രക്ഷിതാക്കളെയും അധ്യാപകരെയും കണ്ടു സംസാരിക്കുകയും ഒരു വിശകലനം നടത്തുകയും ചെയ്തപ്പോൾ മനസ്സിലായ ഒരു പ്രധാന കാര്യം, ഈ കുട്ടികൾക്ക് മൊബൈൽ അഡിക്ഷൻ ഇല്ല എന്നുള്ളതാണ്. അതിന്റെ കാരണം, മൊബൈലിനെ കുറിച്ച് ഇവർക്ക് ഒരു ക്ലാസ് ഉണ്ടായിട്ടുണ്ട്. മൊബൈൽ അഴിച്ച് കൊടുത്തിട്ട് മൊബൈലിനകത്തു നടക്കുന്ന എല്ലാ പ്രക്രിയകളും പരിചയപ്പെടുത്തിയിട്ടുണ്ട്. ഒരു നമ്പർ ഡയൽ ചെയ്യുന്ന സമയത്ത് എന്തൊക്കെ കാര്യങ്ങളാണ് മൊബൈലിനകത്ത് സംഭവിക്കുന്നത്, മൊബൈലിൽ നിന്ന് എന്തു തരത്തിലുള്ള സിഗ്നലുകളാണ് പുറത്തേക്കു പോകുന്നത്, അതെങ്ങോട്ടാണ് പോകുന്നത്, ടവറുമായിട്ടുള്ള ബന്ധം എന്താണ്, എങ്ങനെയാണ് ഈ നിർദേശം വേറെ ഒരാളുടെ കയ്യിലിരിക്കുന്ന മൊബൈൽ കണ്ടെത്തി അത് റിങ് ചെയ്യുന്ന നിലയിലേക്ക് എത്തുന്നത് ഇതെല്ലാം പരിചയപ്പെടുത്തിയിട്ടുണ്ട്. ഇന്റർനെറ്റുമായി ബന്ധപ്പെട്ടും വ്യത്യസ്ത സൈറ്റുകളെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും അറിവ് നേടാൻ ഉപകരിക്കുന്ന ധാരാളം ടൂളുകളെക്കുറിച്ചും നിരന്തരമായി കുട്ടികൾ ഇടപെട്ട് പോകുന്നുണ്ട്. അതുകൊണ്ടുതന്നെ മൊബൈൽ എന്നത് അവരെ സംബന്ധിച്ച് എപ്പോഴെങ്കിലും കിട്ടുന്ന ഒരു കാര്യമൊന്നുമല്ല. മറിച്ച് നിരന്തരം അവർക്കുപയോഗിക്കാൻ പറ്റുന്ന ഒരു വസ്ത്‍വായതുകൊണ്ടുതന്നെ അവർക്കാവശ്യമുള്ളപ്പോൾ മാത്രം ഉപയോഗിക്കുന്ന, അതും ഏറ്റവും വിവേകത്തോടു കൂടി ഉപയോഗിക്കുന്ന ഒരു വസ്തുവായി അത് മാറുകയും ചെയ്തിട്ടുണ്ട്.
സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്കുവേണ്ടി ഒരുക്കിയ ഒരു ശാസ്ത്രസിനിമാ പ്രദർശനത്തിന് ഈ കുട്ടികളെ കൊണ്ടുപോകുമ്പോഴാണ് ഞങ്ങൾക്ക് പുതിയൊരു തിരിച്ചറിവുണ്ടാകുന്നത്.
കുട്ടികളുടെ കഴിവിൽ ധാരാളം മാറ്റങ്ങൾ ഞങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു. കുറച്ച് ഉൾവലിവുണ്ടായിരുന്ന കുട്ടികളെല്ലാം തന്നെ വളരെ ധൈര്യത്തോടെ മുതിർന്ന ആളുകളോട് ഇടപഴകാനുള്ള ശേഷി നേടിയിട്ടുണ്ട്. ഭാഷയിൽ ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നവർ, അക്ഷരത്തെറ്റുകൾ വരുത്തിയിരുന്നവർ, ചില അക്ഷരങ്ങൾ എഴുതാനറിയാത്തവർ തുടങ്ങിയവരെല്ലാം വളരെ പെട്ടെന്ന്, ഏകദേശം ഒന്നൊന്നര മാസം കൊണ്ടുതന്നെ അതെല്ലാം മാറ്റിയെടുത്ത്, ഭാഷ നന്നായി ഉപയോഗിക്കാനും ധാരാളം പുസ്തകങ്ങൾ വായിക്കാനും, വീടുകൾക്കടുത്തുള്ള ലൈബ്രറികളിൽ മെമ്പർഷിപ്പെടുക്കാനും കഥയും കവിതയും വായിക്കാനും വായിച്ചതൊക്കെ വീട്ടുകാർക്ക് പറഞ്ഞുകൊടുക്കാനും, തിരിച്ച് ഞങ്ങൾക്കരികിലെത്തി വായിച്ച പുസ്തകത്തിന്റെ കഥ പറഞ്ഞു തരാനുമൊക്കെ പറ്റുന്ന തരത്തിൽ മാറിയിരുന്നു.
സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്കുവേണ്ടി ഒരുക്കിയ ഒരു ശാസ്ത്രസിനിമാ പ്രദർശനത്തിന് ഈ കുട്ടികളെ കൊണ്ടുപോകുമ്പോഴാണ് ഞങ്ങൾക്ക് പുതിയൊരു തിരിച്ചറിവുണ്ടാകുന്നത്. അവിടെ അവർ ഒരു ദിവസം മുഴുവൻ മറ്റ് സ്‌കൂളുകളിൽ നിന്നു വന്ന കുട്ടികളുമായി ചേർന്ന് സിനിമ ആസ്വദിച്ചു. ആ സമയത്ത് ഞങ്ങൾ ശ്രദ്ധിച്ച ഒരു കാര്യം, സ്കൂളിൽ നിന്നു വരുന്ന കുട്ടികളെ സംബന്ധിച്ച് വലിയ ബഹളങ്ങളാണ് ഉണ്ടാവുന്നത്. സിനിമ കാണുന്ന സമയത്ത് ഓരോ സീനുകൾ വരുമ്പോഴും കൂവലും ബഹളവുമായി വലിയ ശബ്ദമുണ്ടാവുകയും അവരെ അടക്കിയിരുത്താൻ ടീച്ചർമാർ പാടുപെടുകയും ചെയ്യുന്നു.
അതേസമയം ഈ കുട്ടികൾ വളരെ പക്വതയോടെ ഒരു തരത്തിലുമുള്ള ആശ്ചര്യവും പുറത്തു കാണിക്കാതെ, വളരെ ശാന്തരായി ഇരിക്കുകയും സിനിമ ആസ്വദിക്കുകയും ചെയ്യുന്നു. ഈ പദ്ധതിയിലൂടെ മുന്നോട്ടുവന്ന ഒരു കുട്ടിയെ സംബന്ധിച്ചും അവർക്കൊരു അസ്വസ്ഥതയുമില്ല, ഒരു അവസരം കിട്ടുമ്പോൾ പൊട്ടിത്തെറിക്കേണ്ടതായ ഒന്നും തന്നെ ഇല്ല. കാരണം, ഏറ്റവും സ്വതന്ത്രവും ആഹ്ലാദകരവുമായ, നിറയെ ചോദ്യം ചോദിക്കാൻ പറ്റുന്ന, അവർക്കും അഭിപ്രായം പറയാൻ പറ്റുന്ന, അവരുടെ അഭിപ്രായവും മാനിക്കപ്പെടുന്ന ഒരു ഇടമായി ക്ലാസ് മുറിയെ മാറ്റിയെടിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്.

അതുകൊണ്ടുതന്നെ ക്ലാസ് മുറി ഒരു അടഞ്ഞ മുറിയല്ല, പുറത്തേക്കിറങ്ങാൻ പറ്റുന്ന സ്ഥലമാണ്. ക്ലാസിന്റെ സംവിധാനം കുട്ടികളും കൂടി ചേർന്ന് തീരുമാനിക്കുന്ന കാര്യമാണ്. ക്ലാസിൽ വിഷയങ്ങൾ തീരുമാനിക്കുന്നതിനടക്കം കുട്ടികൾക്ക് പൂർണമായിട്ടുള്ള ഇടപെടൽ സാധ്യതയുണ്ട്. ഇത്തരത്തിൽ സമകാലീനരാവുകയും അവരോടൊപ്പം ചേരുകയും അവരോടൊപ്പം തന്നെ നിൽക്കുകയും ചെറിയ ഇടപെടലുകളിലൂടെ പഠനം എന്ന പ്രക്രിയ അവരുടെ അറിയാനുള്ള ആഗ്രഹത്തിന്റെ തുടർച്ചയായി മാറുകയും ചെയ്യുന്ന സമയത്തേ ഈ തരത്തിലുള്ള അസ്വസ്ഥതകൾ മാറ്റിയെടുക്കാൻ നമുക്ക് സാധിക്കൂ.
ഒരു അധ്യാപകനോ അധ്യാപികയോ ക്ലാസിലേക്കെത്തുമ്പോൾ ചെന്നു കയറുന്നത് സെക്ഷ്വലി ഡൈനാമിക് ആയ ഇടത്തേക്കാണ് എന്നു പറഞ്ഞത് ബെൽ ഹൂക്സ് ആണ്. ബെൽ ഹൂക്സ് അത് പറഞ്ഞില്ലെങ്കിൽ പോലും അല്ലെങ്കിൽ അതു വായിച്ചിട്ടില്ലെങ്കിൽ പോലും, ഈ കാര്യം അറിയാത്ത അധ്യാപകരുണ്ടാവില്ല. അത്രമാത്രം ഊർജ്ജം സംഭരിച്ചിട്ടുള്ള ഒരു ഇടത്തേക്കാണ് അവർ ചെന്നുകയറുന്നത്. ആ ഊർജ്ജത്തെ കൈകാര്യം ചെയ്യാതെ ഒരുതരത്തിലുള്ള അധ്യാപനവും അവിടെ നടക്കില്ല. ബെൽ ഹൂക്സിന്റെ അനുഭവത്തിൽ ലിംഗം മാത്രമല്ല, വർണവും വലിയ പ്രശ്നമായിരുന്നു. വംശീയമായി വിഭജിക്കപ്പെട്ട, ലിംഗപരമായി വിഭജിക്കപ്പെട്ട, സാമ്പത്തിക ശ്രേണിയിൽ വ്യത്യസ്തരായ കുട്ടികളെല്ലാവരും ഒരുമിച്ചിരിക്കുന്ന സമയത്ത് എങ്ങനെയാണ് ഒരു ക്ലാസിനെ എല്ലാവർക്കും ഒരേ പോലെ തന്നെ ഇടപെടാൻ പറ്റുന്ന ഒരു സ്ഥലമാക്കി മാറ്റുക എന്നുള്ളിടത്താണ് അദ്ധ്യാപകന്റെ സർഗ്ഗാത്മകത പ്രവർത്തിക്കേണ്ടത്. അതിനപ്പുറം, ചില കുട്ടികൾക്ക് മനസ്സിലാവുകയും ബാക്കിയുള്ളവർക്ക് മനസിലാവാതിരിക്കുകയും, പരീക്ഷ പാസാകാൻ വേണ്ടിയുള്ള കസർത്തു കളിക്കുകയും ചെയ്യാനുള്ള സ്ഥലമായി സ്കൂൾ നിൽക്കുന്നിടത്തോളം കാലം ഈ തരത്തിലുള്ള പ്രശ്നങ്ങൾ ആവർത്തിക്കുക തന്നെ ചെയ്യും.
(ഈ ലേഖനത്തിൽ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം).