കെ. കണ്ണൻ: ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട യു.ജി.സിയുടെ പുതിയ കരട് റഗുലേഷനിലെ (UGC Draft Regulations- 2025) പല വ്യവസ്ഥകളും സംസ്ഥാനങ്ങൾക്കുള്ള ഫെഡറൽ അവകാശങ്ങളെ തകർക്കുമെന്നും കേന്ദ്ര സർക്കാറിന്റെ അധികാര കേന്ദ്രീകരണം ശക്തമാക്കുമെന്നും വിമർശനമുണ്ട്. കേരളത്തിന്റെ വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട് പരിശോധിച്ചാൽ, എന്തായിരിക്കും യു.ജി.സി റഗുലേഷന്റെ ഇംപാക്റ്റ്?
ഡോ. കെ. മുഹമ്മദ് ബഷീർ: ഫെഡറൽ സംവിധാനം തകർക്കുന്നു എന്നതിലുപരി ഗുണനിലവാരത്തിനുണ്ടായേക്കാവുന്ന തകർച്ചയാണ് പ്രധാനം. ദേശീയ വിദ്യാഭ്യാസ നയമായാലും യു.ജി.സി റഗുലേഷനായാലും, കൂടുതൽ സൗകര്യമുള്ളവർക്ക് പിന്നെയും സൗകര്യം കൊടുക്കുകയാണ് ചെയ്യുന്നത്. അതായത്, നിലവാരമുള്ള സ്ഥാപനങ്ങൾക്ക് പിന്നെയും ഫണ്ടും സംവിധാനങ്ങളും അനുവദിക്കുക. ‘യംങ്’ ആയതും സൗകര്യം കുറഞ്ഞവയുമായ സ്ഥാപനങ്ങൾ ഇല്ലാതാകാനുളള സാഹചര്യമാണ് വരാൻ പോകുന്നത്.
ഫെഡറൽ സംവിധാനം നിലനിൽക്കേണ്ടതുതന്നെയാണ്. കേന്ദ്രം സംസ്ഥാനങ്ങൾക്കുള്ള അധികാരം മാനിക്കേണ്ടതുമാണ്. എന്നാൽ, വിഷയത്തിന്റെ കാതൽ അതല്ല. അധികാരത്തിലുള്ളവർ ഫെഡറൽ സംവിധാനത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് പ്രധാനം.
യു.ജി.സിയുടെ പുതിയ നിർദേശം വായിച്ചാൽ, ചാൻസലറാണ് സെർച്ച് കമ്മിറ്റിയിലെ മൂന്നംഗങ്ങളെയും നിയമിക്കുന്നത് എന്ന തെറ്റിധാരണ ചിലർക്കുണ്ടായിക്കാണും. അതാണ്, വിമർശനത്തിന് കാരണമെന്നു തോന്നുന്നു.
ഉദാഹരണത്തിന്, പുതിയ യു.ജി.സി കരടിൽ വൈസ് ചാൻസലർ നിയമനത്തിന് നിർദേശിച്ചിരിക്കുന്ന സെർച്ച് കമ്മിറ്റിയും യൂണിവേഴ്‌സിറ്റി ആക്റ്റുകളിലുള്ള സെർച്ച് കമ്മിറ്റിയും ഏറക്കുറെ ഒന്നുതന്നെയാണ്. പുതിയ കരടിൽ, Three member search committee is constituted by Chancellor എന്നാണ് പറയുന്നത്. കാലിക്കറ്റ് അടക്കമുള്ള യൂണിവേഴ്‌സിറ്റിയുടെ ആക്റ്റിലുള്ളത്, Search committee appointed by Chancellor എന്നാണ്. രണ്ടും തമ്മിൽ വ്യത്യാസമില്ല.
യു.ജി.സിയുടെ കരട് മാനദണ്ഡത്തിൽ, സെർച്ച് കമ്മിറ്റിയുടെ ഘടന വിശദീകരിക്കുന്നുണ്ട്.
ചാൻസലറുടെ നോമിനിയാണ് കമ്മിറ്റിയുടെ ചെയർപേഴ്‌സൻ. യു.ജി.സി ചെയർമാന്റെ നോമിനി അംഗമായിരിക്കും. അപ്പെക്‌സ് ബോഡിയുടെ- അതായത് സെനറ്റ്, എക്‌സിക്യൂട്ടീവ് കൗൺസിൽ തുടങ്ങിയവ- നോമിനിയും അംഗമാണ്. ഇതുതന്നെയാണ് യൂണിവേഴ്‌സിറ്റി ആക്റ്റിലും പറയുന്നത്.
അപ്പെക്സ് ബോഡി അംഗത്തെ ‘elected by senate’ എന്നാണ് സർവകലാശാലാ നിയമത്തിൽ പറയുന്നത്. യു.ജി.സിയുടെ കരടിൽ, നോമിനി ഓഫ് അപ്പെക്‌സ് ബോഡി എന്നാണുള്ളത്. നോമിനിയാണെങ്കിലും elect ചെയ്യേണ്ടിവരും.

നേരത്തെയും ചാൻസലറുടെ നോമിനിയുണ്ട്. എന്നാൽ, മുമ്പുണ്ടായിരുന്ന ചാൻസലർമാർ, ഫെഡറൽ സംവിധാനത്തെ മാനിക്കുന്നവരായതിനാൽ, സംസ്ഥാന ചീഫ് സെക്രട്ടറിയെയാണ് നോമിനിയായി നിയോഗിച്ചിരുന്നത്. അദ്ദേഹമായിരിക്കും സെർച്ച് കമ്മിറ്റി കൺവീനർ. കൺവീനറിലൂടെ സംസ്ഥാനത്തിന് കമ്മിറ്റിയിൽ നിയന്ത്രണമുണ്ടാകുമെങ്കിലും മൂന്ന് അംഗങ്ങൾക്കും ഐക്യകണ്‌ഠ്യേന ഒരാളുടെ പേര് നിർദേശിക്കാം. അതിന് കഴിയുന്നില്ലെങ്കിൽ മൂന്നു പേരുടെ പാനൽ കൊടുക്കാം. അതിനും സാധ്യമല്ലെങ്കിൽ മൂന്നുപേർക്കും വ്യത്യസ്തമായി മൂന്നു പേരെ നിർദേശിക്കാം. അതായത്, ഒമ്പത് അംഗങ്ങൾ വരെ പാനലിലെത്താൻ സാധ്യതയുണ്ട്. ഇവരിൽനിന്ന് വി.സിയെ നിയമിക്കേണ്ടത് ചാൻസലറാണ്.
ഇത് നേരത്തെയുള്ള വ്യവസ്ഥ തന്നെയാണ്. പലപ്പോഴും മൂന്നുപേരുടെ പാനലാണ് ചാൻസലറുടെ മുന്നിലെത്തുക. ഫെഡറൽ സംവിധാനം മാനിക്കുന്ന ചാൻസലർമാരെല്ലാം സംസ്ഥാന സർക്കാറിന് താൽപര്യമുള്ളവരെയാണ് നിയമിക്കാറ്. ഇപ്പോൾ, ഫെഡറൽ സംവിധാനം മാനിക്കാതെ ചാൻസലർ അധികാരം പ്രയോഗിക്കാൻ തുടങ്ങിയതോടെ ചീഫ് സെക്രട്ടറിക്കുപകരം തങ്ങൾക്ക് താൽപര്യമുള്ളവരെ നോമിനിയാക്കാൻ തുടങ്ങി. അതോടെ തർക്കവും രൂക്ഷമായി. സെർച്ച് കമ്മിറ്റി രൂപീകരണം പൂർത്തിയാകണമെങ്കിൽ യൂണിവേഴ്‌സിറ്റി നോമിനി കൂടി വേണം. തങ്ങൾ ഉദ്ദേശിക്കുന്ന വ്യക്തികളെ വി.സിമാരായി നിയമിക്കാനാകില്ല എന്ന കാരണത്താൽ സർവകലാശാലകൾ സെനറ്റ് നോമിനിയെ കൊടുക്കാതായി. അപ്പോൾ ചാൻസലർമാർ സെനറ്റ് നോമിനിയില്ലാതെ സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ ശ്രമിച്ചു. അത് കോടതിയിൽ ചോദ്യം ചെയ്യപ്പെടുന്നു, അത്തരം നീക്കങ്ങൾ പരാജയപ്പെടുന്നു. ഇതാണ് ഇപ്പോൾ സംഭവിക്കുന്നത്.
അന്നും ഇന്നും വ്യവസ്ഥ ഒന്നാണെങ്കിലും ഇന്ന് അധികാരം കൈയാളുന്നവരുടെ ആറ്റിറ്റ്യൂഡ് മാറി. അതാണ് തർക്കങ്ങൾക്ക് കാരണം.
ഫെഡറൽ സംവിധാനം നിലനിൽക്കേണ്ടതുതന്നെയാണ്. കേന്ദ്രം സംസ്ഥാനങ്ങൾക്കുള്ള അധികാരം മാനിക്കേണ്ടതുമാണ്. എന്നാൽ, വിഷയത്തിന്റെ കാതൽ അതല്ല. അധികാരത്തിലുള്ളവർ ഫെഡറൽ സംവിധാനത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് പ്രധാനം.
മാത്രമല്ല, യു.ജി.സിയുടെ പുതിയ നിർദേശം വായിച്ചാൽ, ചാൻസലറാണ് സെർച്ച് കമ്മിറ്റിയിലെ മൂന്നംഗങ്ങളെയും നിയമിക്കുന്നത് എന്ന തെറ്റിധാരണ ചിലർക്കുണ്ടായിക്കാണും. അതാണ്, വിമർശനത്തിന് കാരണമെന്നു തോന്നുന്നു. നേരത്തെയും ചാൻസലറുടെ നോമിനിയുണ്ടായിരുന്നു. അദ്ദേഹം ചീഫ് സെക്രട്ടറിയായിരിക്കും എന്നു മാത്രമേയുള്ളൂ.
അടുത്തകാലത്ത് പശ്ചിമബംഗാളിൽ വൈസ് ചാൻസലർ നിയമനത്തെ ചൊല്ലി സംസ്ഥാന സർക്കാറും ഗവർണറും തമ്മിലുണ്ടായ തർക്കം നോക്കുക. വിഷയത്തിൽ സുപ്രംകോടതി സംസ്ഥാന സർക്കാറിനും ഗവർണർക്കും അന്ത്യശാസനം നൽകി; രമ്യമായ തീരുമാനത്തിലെത്താൻ. ഇരു കക്ഷികൾക്കും അതിന് കഴിഞ്ഞില്ല. അപ്പോൾ സുപ്രീംകോടതി തന്നെ, മുൻ ചീഫ് ജസ്റ്റിസ് യു.യു. ലളിതിനെ 36 യൂണിവേഴ്സിറ്റികളുടെയും സർച്ച് കമ്മിറ്റി ചെയർമാനായി നിയമിച്ചു. സെർച്ച് കമ്മിറ്റിയിലേക്കുള്ള മറ്റ് അംഗങ്ങളെ നിശ്ചയിക്കാനായി നൂറോളം വരുന്ന ഉന്നത വിദ്യാഭ്യാസവിദഗ്ധരുടെ പാനലും കോടതി നൽകി. അവരിൽനിന്ന് ഓരോ യൂണിവേഴ്സിറ്റിക്കും വേണ്ട സെർച്ച് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ചെയർമാന് നൽകി. അങ്ങനെ 36 യൂണിവേഴ്സിറ്റികൾക്കും ആവശ്യമായ സെർച്ച് കമ്മിറ്റികൾ രൂപീകരിച്ചു. വി.സിമാരുടെ പോസ്റ്റിലേക്ക് ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്ത് ഇന്റർവ്യൂ (ഇന്ററാക്ഷൻ) നടത്തി, കോടതി പറഞ്ഞതിനനുസരിച്ച്, മൂന്നംഗങ്ങളുടെ പാനൽ തയ്യാറാക്കി മുഖ്യമന്ത്രിയുടെ ഓഫീസിൽ സബ്മിറ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് വി.സിമാരുടെ ലിസ്റ്റ് ചാൻസലർക്ക് കൈമാറുന്നതിനനസുരിച്ച്, പകുതിയോളം യൂണിവേഴ്സിറ്റികളിൽ നിയമനം പൂർത്തിയായിട്ടുണ്ട്. ബാക്കിയുള്ളിടങ്ങളിൽ നടപടി പുരോഗമിക്കുന്നു.

ഇവിടെ, സെർച്ച് കമ്മിറ്റി പാനലുണ്ടാക്കി ചാൻസലർക്ക് കൈമാറാനല്ല സുപ്രീംകോടതി നിർദേശിച്ചത്, മറിച്ച്, മുഖ്യമന്ത്രിക്കാണ്. സെർച്ച് കമ്മിറ്റിക്ക് പ്രയോരിറ്റി തീരുമാനിക്കാൻ അധികാരമില്ല. ആൽഫബറ്റിക് ഓർഡറിൽ മൂന്നുപേരെ നിർദേശിക്കാനേ പാടുള്ളൂ. പ്രയോരിറ്റി തീരുമാനിക്കാനുള്ള അധികാരം സുപ്രീംകോടതി ഈ കേസിൽ മുഖ്യമന്ത്രിക്കാണ് നൽകിയത്. മുഖ്യമന്ത്രി പ്രയോരിറ്റി ഫിക്‌സ് ചെയ്ത് ചാൻസലർക്ക് കൈമാറണം. ഇതനുസരിച്ച് നിയമനം നടത്താനുള്ള അധികാരം മാത്രമേ ചാൻസലർക്കുള്ളൂ. നിയമനം നൽകാനാകാത്ത എന്തെങ്കിലും പ്രശ്‌നം കണ്ടെത്തിയാൽ അദ്ദേഹത്തിന് അത് തള്ളാൻ അധികാരമില്ല, മറിച്ച് സുപ്രീംകോടതിയെ അറിയിക്കണം. ഫെഡറൽ സംവിധാനത്തെ പൂർണമായും മാനിച്ചുകൊണ്ടുള്ള വിധിയാണ് സുപ്രീംകോടതിയിൽനിന്നുണ്ടായത്. അത് സംസ്ഥാനത്ത് നടപ്പാക്കുകയും ചെയ്തു.
വൈസ് ചാൻസലർക്ക് വേണ്ട യോഗ്യതകളിൽ യു.ജി.സി കരട് മാർഗനിർദേശത്തിൽ പറയുന്ന മാറ്റങ്ങൾ ഉന്നത വിദ്യാഭ്യാസത്തിലെ അക്കാദമിക് നിലവാരത്തെ എങ്ങനെയാണ് ബാധിക്കുക? ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുതിയ കാലത്തിന് അനുയോജ്യമായ വൈജ്ഞാനികവും അക്കാദമികവും ഭരണപരവുമായ നേതൃത്വത്തിന് വേണ്ട മികവ് എങ്ങനെയാണ് നിർണയിക്കാനാകുക?
വി.സിമാരുടെ യോഗ്യതയെക്കുറിച്ച് യു.ജി.സി ആക്റ്റുകളിൽ സൂചിപ്പിച്ചിരുന്നില്ല. 2010-ലെ റഗുലേഷനു ശേഷമാണ് വി.സിമാരുടെ യോഗ്യത നിശ്ചയിച്ച് പറയാൻ തുടങ്ങിയത്. അതിനർഥം, 2010-നുമുമ്പുള്ള വി.സിമാർ യോഗ്യത കുറഞ്ഞവരായിരുന്നു എന്നല്ല. യോഗ്യതയെക്കുറിച്ച് സൂചിപ്പിക്കാത്ത സമയത്തും, യോഗ്യതയുള്ളവരെ തന്നെയാണ് വി.സിമാരായി നിയമിച്ചിരുന്നത്. കേരളത്തിൽ അപൂർവം സമയങ്ങളിൽഐ.എ.എസ് ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. അതുകൊണ്ടൊന്നും ഉന്നത വിദ്യാഭ്യാസത്തിന് വലിയ കോട്ടം സംഭവിച്ചിട്ടില്ല.
വി.സിമാരുടെ യോഗ്യത നിശ്ചയിക്കാനും അതിലൂടെ സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താനുമുള്ള അധികാരം യു.ജി.സിക്കുണ്ട്. വി.സിമാർക്ക് അക്കാദമിക് യോഗ്യത മാത്രം പോരാ, അഡ്മിനിസ്ട്രറ്റീവ് യോഗ്യത കൂടി പരിഗണിക്കേണ്ടതുണ്ട്.
യു.ജി.സിയുടെ പുതിയ മാനദണ്ഡത്തിൽ, വ്യവസായം, പൊതുഭരണം, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങി, അക്കാദമിക് മേഖലയ്ക്കുപുറത്ത് അനുഭവ സമ്പത്ത് തെളിയിച്ചവർക്ക് വി.സിയാകാം എന്ന നിർദേശമുണ്ട്. ഈ വ്യവസ്ഥ പഴുതുകളുള്ള ഒന്നാണ്.
യു.ജി.സിയുടെ പുതിയ മാനദണ്ഡത്തിൽ, വ്യവസായം, പൊതുഭരണം, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങി, അക്കാദമിക് മേഖലയ്ക്കുപുറത്ത് അനുഭവ സമ്പത്ത് തെളിയിച്ചവർക്ക് വി.സിയാകാം എന്ന നിർദേശമുണ്ട്. ഈ വ്യവസ്ഥ പഴുതുകളുള്ള ഒന്നാണ്. അതുകൊണ്ടുതന്നെ ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതയുണ്ട്. പഴുതടച്ച റഗുലേഷനാണ് ഉണ്ടാകേണ്ടത്. അധികാരം ആര് കൈകാര്യം ചെയ്താലും അർഹരായവർ തന്നെ സ്ഥാനത്ത് എത്തുന്ന അവസ്ഥയുണ്ടാകണം. അതിനുസരിച്ചുള്ള നിയമമാണ് ഉണ്ടാകേണ്ടത്. അതായത്, ചട്ടങ്ങളുടെയോ നിയമങ്ങളുടെയോ പോരയ്മ എന്നതിനേക്കാൾ അത് കൈകാര്യം ചെയ്യുന്ന സംവിധാനത്തിന്റെ പിഴവുകളാണ് പ്രശ്‌നങ്ങൾക്ക് കാരണമാകുന്നത്. യോഗ്യതകൾ നിശ്ചയിക്കപ്പെടാത്ത കാലത്തുതന്നെ അതി പ്രഗൽഭരായവർ ഈ സ്ഥാനത്ത് വന്നിട്ടുണ്ട് എന്നത്, അന്നത്തെ സംവിധാനത്തിന്റെ കാര്യക്ഷമതയാണ് കാണിക്കുന്നത്. ഈ പദവി എങ്ങനെയുള്ളതാണ് എന്നതിനെക്കുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് ഇത് കൈകാര്യം ചെയ്തിരുന്നത് എന്നർഥം. ഇന്ന് അതിൽ മാറ്റം വന്നിരിക്കുന്നു.
കോളേജ് അധ്യാപക നിയമനത്തിനുള്ള യോഗ്യതകളിലും യു.ജി.സി കരടു മാർഗരേഖ അടിസ്ഥാന മാറ്റങ്ങൾ നിർദശിക്കുന്നുണ്ട്. ഉദ്യോഗാർഥിയുടെ പഠനമികവ്, ഗവേഷണ നേട്ടങ്ങൾ, പ്രസിദ്ധീകരണങ്ങൾ തുടങ്ങിയ മാനദണ്ഡങ്ങളേക്കാൾ ഇന്റർവ്യൂ ബോർഡിന്റെ മൂല്യനിർണയത്തിന് പ്രാധാന്യം നൽകുന്ന രീതിയിലുള്ള നിയമന സംവിധാനത്തിനാണ് ശുപാർശ. ഇത്, ഉന്നത വിദ്യാഭ്യാസത്തിലെ അക്കാദമിക് ഗുണനിലവാരത്തെ എങ്ങനെയാണ് ബാധിക്കുക?
അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് യു.ജി.സി മാനദണ്ഡം പുറപ്പെടുവിക്കാറുണ്ട്. 2018-ലാണ് ഇതിൽ ഒരു മാറ്റമുണ്ടായത്.
അധ്യാപക നിയമനത്തിന്റെ കാര്യത്തിൽ സെൻട്രൽ യൂണിവേഴ്‌സിറ്റികളിൽ ഒരു സംവിധാനമുണ്ടായിരുന്നു. നിരവധി അപേക്ഷകരിൽനിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്ത്, അതിലുള്ളവരെ ഇന്റർവ്യൂവിന് വിളിക്കും. അതേ രീതിയിലുള്ള സംവിധാനമാണ് 2018-ലെ റഗുലേഷനിൽ വന്നത്. അത് ഒരുതരം നേർപ്പിക്കലിന് കാരണമായി. നേരത്തെ അധ്യാപകരുടെ പോസ്റ്റ് ഗ്രാജ്വേഷൻ മാർക്ക്, പ്രസിദ്ധീകരണങ്ങൾ, പിഎച്ച്.ഡികൾ, പേറ്റന്റ്, മൈനർ- മേജർ റിസർച്ച് പ്രൊജക്റ്റുകൾ, കൺസൽട്ടൻസി എന്നിവയ്ക്ക് വെയ്‌റ്റേജുകൾ നൽകിയിരുന്നു. ഇന്റർവ്യൂവിന് കുറച്ച് മാർക്കുണ്ടാകും. ആകെയുള്ള മാർക്കാണ് പരിഗണിക്കുക. അപ്പോൾ, വെയ്‌റ്റേജ് കുറഞ്ഞവർക്ക് ഇന്റർവ്യൂവിന് മുഴുവൻ മാർക്ക് കിട്ടിയാലും ഒരു നിലയ്ക്കും റാങ്ക്‌ലിസ്റ്റിലെത്താനാകുമായിരുന്നില്ല. 2018-ലെ റഗുലേഷനിലെ വ്യവസ്ഥ മൂലം, മിനിമം യോഗ്യതയുള്ളവരെ ഷോർട്ട് ലിസ്റ്റ് ചെയ്തുകഴിഞ്ഞാൽ, പിന്നെ ഇന്റർവ്യൂ മാർക്ക് മാത്രമേയുള്ളൂ. കൂടുതൽ പബ്ലിക്കേഷനുകളും മറ്റു യോഗ്യതകളുള്ളവർക്കും അത് കുറഞ്ഞവർക്കും ഇന്റർവ്യൂവിൽ കിട്ടാൻ പോകുന്നത് പരമാവധി 25 മാർക്കാണ്. മറ്റ് യോഗ്യതകളെല്ലാം മാറ്റിവച്ചിട്ടാണ് ഇന്റർവ്യൂ നടത്തുന്നത്. അതുകൊണ്ട് ഇഷ്ടക്കാരെ നിയമിക്കാനുള്ള അവസരമുണ്ടായി. കേരളത്തിലും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്.

യു.ജി.സിയുടെ പുതിയ മാർഗനിർദേശത്തിൽ, പി.ജി യോഗ്യതയില്ലാത്തവരെ അധ്യാപകരായി നിയമിക്കാനുള്ള വ്യവസ്ഥയുണ്ട്. നാലു വർഷ ബിരുദ പ്രോഗ്രാമിൽ ഓണേഴ്‌സ് ബിരുദമുള്ളവർക്ക് നെറ്റ് എഴുതാം. അങ്ങനെ നെറ്റ് ക്വാളിഫൈ ചെയ്യുന്നവരെ കോളേജ് അധ്യാപകരാക്കാം എന്ന വ്യവസ്ഥ ഗുണനിലവാരം തകർക്കും. മുമ്പ് ഓണേഴ്‌സ് ബിരുദമുള്ളവർ അധ്യാപകരായിട്ടുണ്ട്. അന്നത്തെ ഓണേഴ്‌സിനുള്ള നിലവാരം ഇന്നത്തെ നാലുവർഷം പൂർത്തിയാക്കുന്നവർക്കുണ്ടാകണമെന്നില്ല. അതിനാൽ കോളേജ് അധ്യാപന നിയമനത്തിനുള്ള അടിസ്ഥാന യോഗ്യതയായി പി.ജി നിലനിൽക്കണം.
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ (National Education Policy- 2020) ‘പ്രൊഫസർ ഓഫ് പ്രാക്ടീസ്’ എന്നൊരു സംവിധാനമുണ്ട്. നിലവിലുള്ള അധ്യാപകരുടെ എണ്ണത്തെ ബാധിക്കാതെ വിസിറ്റിങ് പ്രൊഫസർ പോലെ, വ്യത്യസ്ത മേഖലകളിൽ അനുഭവസമ്പത്തുള്ളവരെ കുറച്ചുകാലത്തേക്ക് നിയമിക്കാം. അവരുടെ വൈദഗ്ധ്യം അക്കാദമിക് മേഖലയ്ക്ക് ഷെയർ ചെയ്യാനുള്ള അവസരമാണിത്. വിവിധ മേഖലകളിൽ സീനിയറായവരെ വയസ് പരിഗണിക്കാതെ ഉപയോഗപ്പെടുത്തുന്ന ഈ സംവിധാനം വളരെ ഗുണകരമായ ഒന്നാണ്.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിലവാരത്തകർച്ചയുണ്ടെന്നും അതുകൊണ്ടാണ് വിദ്യാർഥികൾ ഉപരിപഠനത്തിന് വിദേശരാജ്യങ്ങളിലേക്കു പോകുന്നതെന്നുമുള്ള വാദമുണ്ട്. ഇതിൽ എത്ര വാസ്തവമുണ്ട്?
കേരളത്തിൽ പ്രൈമറി മുതലുള്ള വിദ്യാഭ്യാസ സംവിധാനത്തിൽ പൊതുവെ നിലവാരത്തകർച്ചയുണ്ട്. എസ്.എസ്.എൽ.സിക്കും പ്ലസ് ടുവിനും എ പ്ലസ് കിട്ടുന്നവർക്ക് വേണ്ടത്ര അറിവുകളില്ല എന്ന പൊതുധാരണ ഏറെക്കുറെ ശരിയാണ്.
അതുപോലെ കോളേജുകളിലും സർവകലാശാലകളിലും ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് സിസ്റ്റമാക്കിയതോടെ കണ്ടിന്യുവസ് ഇവാല്യുവേഷൻ എന്ന പ്രോസസ് വന്നു. ഇതിൽ നൂറിൽ 30 മാർക്ക്, 20 മാർക്ക് എന്നിങ്ങനെയാണ്. അതിൽ പരമാവധി മാർക്ക് കൊടുക്കുന്ന അവസ്ഥയുണ്ട്. അങ്ങനെ വരുമ്പോൾ, സെമസ്റ്ററിനൊടുവിൽ നടക്കുന്ന തിയറി പരീക്ഷയിൽ മാർക്ക് കുറഞ്ഞാലും മിനിമം ഫസ്റ്റ് ക്ലാസോ സെക്കന്റ് ക്ലാസോ കിട്ടും. നന്നായി പഠിക്കുന്നവർക്ക് എൺപതും തൊണ്ണൂറും ശതമാനം കിട്ടും.
ഇന്ന്, ബിരുദത്തിന് എൺപതും തൊണ്ണൂറും ശതമാനം മാർക്ക് നേടിയിറങ്ങുന്നവർപോലും ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷകളിൽ പുറകോട്ടു പോകുകയാണ്. നേരത്തെ മാർക്ക് മാത്രം മാനദണ്ഡമാക്കിയ സമയത്ത് കേരളത്തിൽനിന്ന് നിരവധി കുട്ടികൾക്ക് ദേശീയതലത്തിലുള്ള സ്ഥാപനങ്ങളിൽ അഡ്മിഷൻ കിട്ടിയിരുന്നു.
മുമ്പ്, ഫസ്റ്റ് ക്ലാസുകാരുടെ ശതമാനം വളരെ കുറവായിരുന്നു. അവർ HIGH COMPETENCY ഉള്ളവരുമായിരുന്നു. ഇന്ന്, ബിരുദത്തിന് എൺപതും തൊണ്ണൂറും ശതമാനം മാർക്ക് നേടിയിറങ്ങുന്നവർപോലും ദേശീയ തലത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ടുകളുടെ പ്രവേശന പരീക്ഷകളിൽ പുറകോട്ടു പോകുകയാണ്. നേരത്തെ മാർക്ക് മാത്രം മാനദണ്ഡമാക്കിയ സമയത്ത് കേരളത്തിൽനിന്ന് നിരവധി കുട്ടികൾക്ക് ദേശീയതലത്തിലുള്ള സ്ഥാപനങ്ങളിൽ അഡ്മിഷൻ കിട്ടിയിരുന്നു. ഇപ്പോൾ ടെസ്റ്റ് അടിസ്ഥാനമായപ്പോൾ കേരളത്തിലെ വിദ്യാർഥികളുടെ എണ്ണം കുറഞ്ഞു. കിട്ടുന്ന സ്‌കോറിനനുസരിച്ചുള്ള നിലവാരം പുലർത്താൻ കഴിയുന്നില്ല എന്നാണ് ഇത് കാണിക്കുന്നത്. ഗുണനിലവാരത്തിൽ വെള്ളം ചേർക്കൽ സംഭവിച്ചിരിക്കുന്നു. ഇത് ഭൂതത്തെ തുറന്നുവിട്ടതുപോലെയാണ്. ലിബറലായിക്കഴിഞ്ഞാൽ പിന്നീട് നിലവാരം പുനഃസ്ഥാപിക്കുക ബുദ്ധിമുട്ടാണ്. അതാണ് ഇന്ന് കേരളത്തിലെ ഉന്നത വിദ്യാഭ്യാസം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്.

അതേസമയം, നമ്മുടെ വിദ്യാർഥികൾ വിദേശത്തേക്ക് പോകുന്നതുമായി ഇതിന് ബന്ധമുണ്ടെന്നു പറയാനാകില്ല. വിദേശത്തുപോയി മികച്ച നിലവാരത്തിൽ ഗവേഷണം നടത്തണമെന്നാഗ്രഹിക്കുന്നവർ പോകുന്നുണ്ട്. അതുപോലെ കേരളത്തിനുപുറത്ത് ഐ.ഐ.ടികളിലും ഐ.ഐ.എമ്മുകളിലും പഠിക്കാനാഗ്രഹിക്കുന്നവരും പോകുന്നുണ്ട്. ഇതിൽനിന്ന് ഭിന്നമായി, വിദേശത്ത് പഠിക്കുക എന്നൊരു പ്രവണത പുതിയ തലമുറയിലുണ്ട്. അതുകൊണ്ടുകൂടിയാണ് ഇത്രയധികം പേർ പോകുന്നത്. ഐ.ഐ.ടികളിലും സാധാരണ കോളേജുകളിൽ പോലും മെരിറ്റിൽ അഡ്മിഷൻ കിട്ടാത്ത പല വിദ്യാർഥികളും ഈയൊരു പുതിയ ട്രെൻഡ് നോക്കി വിദേശത്തേക്കു പോകുന്നുണ്ട്. ക്വാളിറ്റി നോക്കിയല്ല, വിദേശത്തു പഠിക്കണം എന്നുമാത്രമേയുള്ളൂ ഇവർക്ക്. അങ്ങനെയുള്ളവർ നിലവാരമില്ലാത്ത സ്ഥാപനങ്ങളിൽ പഠിച്ച് ഒന്നുമാകാതെ തിരിച്ചുവരുന്നുമുണ്ട്.
ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഉന്നത നിലവാരം പുലർത്തി വിദേശത്തു പോകുന്നവർക്ക് തിരിച്ചുവരാൻ സാഹചര്യമൊരുക്കേണ്ടതുണ്ട്. ഞാൻ മുമ്പ് പ്രിൻസിപ്പലായിരുന്ന കോളേജിലെ ഒരു വിദ്യാർഥിയെക്കുറിച്ച് പറയാം. എസ്.സി വിഭാഗക്കാരനായ ഈ വിദ്യാർത്ഥി എൻ.ഐ.ടിയിൽനിന്ന് പി.ജിയും എസ്‌തോണിയ എന്ന രാജ്യത്തുനിന്ന് പിഎച്ച്.ഡിയും സ്വീഡനിലും ഇസ്രായേലിലും നിന്ന് രണ്ട് പോസ്റ്റ് ഡോക്ടറൽ യോഗ്യതകളും നേടി. നാട്ടിലൊക്കെ ജോലി ചെയ്യേണ്ടേ എന്നു ചോദിച്ചപ്പോൾ അവൻ പറഞ്ഞത്, തനിക്ക് നാട്ടിൽ ജോലി ചെയ്യാൻ താൽപര്യമുണ്ട്, എന്നാൽ മിനിമം ഒരു നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടിലാണ് താൽപര്യം എന്നാണ്. ജോലിയിൽ കയറിയാലും ഗവേഷണം തുടരാനാണ് അവന് താൽപര്യം. അതിന് ലാബ് സൗകര്യമുള്ള സ്ഥാപനമാണ് അവന് വേണ്ടത്. സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റികളിലും കോളേജുകളിലും ഇത്തരം സൗകര്യം കുറവാണ്. അതുകൊണ്ടാണ് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് തെരഞ്ഞെടുക്കുന്നതെന്ന് അവൻ പറഞ്ഞു. ഇത്തരം മനോഭാവങ്ങളുള്ള നിരവധി മികച്ച വിദ്യാർഥികൾ നമുക്കുണ്ട്.
2020-ലെ ദേശീയ വിദ്യാഭ്യാസ നയം മുതലുള്ള പരിഷ്‌കാരങ്ങൾ, ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടുതൽ വിപണിവൽക്കരിക്കാനും സ്വകാര്യവൽക്കരിക്കാനും ലക്ഷ്യമിട്ടുള്ളതാണെന്ന വിമർശനങ്ങളുണ്ടായിട്ടുണ്ട്. കേരളമാകട്ടെ, പൊതുവിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്ന വിദ്യാഭ്യാസ മോഡൽ തന്നെ വികസിപ്പിച്ചെടുക്കാൻ ശ്രമിക്കുകയും അതിൽ ഒരു പരിധിവരെ വിജയിച്ചതുമായ സംസ്ഥാനമാണ്. പുതിയ നയസമീപനങ്ങളുടെ പാശ്ചാത്തലത്തിൽ വിദ്യാഭ്യാസത്തിൽ ‘പുരോഗനമപരമായ ഒരു കേരള മോഡൽ' എത്രത്തോളം സാധ്യമാണ്?
ദേശീയ വിദ്യാഭ്യാസ നയത്തെ കേരളം തത്വത്തിൽ എതിർക്കുന്നുണ്ടെങ്കിലും പ്രായോഗികമായി അതിലെ പല വ്യവസ്ഥകളും നടപ്പിലാക്കിക്കഴിഞ്ഞു. നാലു വർഷ ബിരുദം ഒരുദാഹരണമാണ്. ദേശീയ വിദ്യാഭ്യാസ നയത്തിൽ പല പ്രശ്‌നങ്ങളുമുണ്ട്. NEP 2020 നിർദേശപ്രകാരം ഈയിടെ നിലവിൽവന്ന അനുസന്ധാൻ റിസർച്ച് ഫൗണ്ടേഷൻ (Anusandhan National Research Foundation- ANRF) പുതിയ പല പ്രോജക്റ്റുകളും നടപ്പിലാക്കിതുടങ്ങിയിട്ടുണ്ട്. ഇതിനുകീഴിൽ വരുന്ന സ്‌കീമുകൾ വളരെ നിലവാരം പുലർത്തുന്ന സ്ഥാപനങ്ങൾക്കു മാത്രമേ ഉപകരിക്കൂ എന്നൊരു പ്രശ്നമുണ്ട്. അതായത്, NIRF, NAAC അക്രഡിറ്റേഷനുകളിൽ ഉയർന്ന സ്കോറുള്ള സ്ഥാപനങ്ങൾക്കുമാത്രം. കുറഞ്ഞ സ്കോറുള്ളവയ്ക്ക് ഇത്തരം പ്രൊജക്റ്റുകളുടെ ആനുകൂല്യം കിട്ടാറില്ല.
ദേശീയ വിദ്യാഭ്യാസ നയത്തെ കേരളം തത്വത്തിൽ എതിർക്കുന്നുണ്ടെങ്കിലും പ്രായോഗികമായി അതിലെ പല വ്യവസ്ഥകളും നടപ്പിലാക്കിക്കഴിഞ്ഞു. നാലു വർഷ ബിരുദം ഒരുദാഹരണമാണ്.
NEP 2020-ൽ ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് പോലെ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളുടെ മാതൃകയിൽ MERU - Multidisciplinary Education and Research University- നിലവിൽ വരും എന്നു പറയുന്നുണ്ട്. ഇത്തരം യൂണിവേഴ്‌സിറ്റികൾ നിലവിൽ വരുന്നത് ഗുണകരമായിരിക്കും, അത് സ്വാഗതാർഹമാണ്.
NEP 2020 നിർദേശപ്രകാരം ഗ്രേഡഡ് ഓട്ടോണമി നടപ്പാക്കുമ്പോൾ, 15 വർഷത്തോടെ ഇന്നത്തെ അഫിലിയേറ്റഡ് കോളേജുകൾ ഒന്നുകിൽ മൾട്ടി ഡിസിപ്ലിനറി യൂണിവേഴ്സിറ്റികളായി മാറുകയോ അല്ലെങ്കിൽ ആയിരക്കണക്കിന് കുട്ടികൾ പഠിക്കുന്ന ഓട്ടോണോമസ് ഡിഗ്രി ഗ്രാന്റിങ് ഇൻസ്റ്റിറ്റ്യൂട്ടുകളാകുകയോ വേണ്ടിവരും. ഇതിന് സാധിക്കാത്ത ചെറിയ സ്ഥാപനങ്ങളുടെ നിലനിൽപ് ദുഷ്കരമാകും. വിപണിയിൽ വലിയ സൂപ്പർമാർക്കറ്റുകളും മാളുകളും വരുമ്പോൾ റീട്ടെയിൽ സ്ഥാപനങ്ങൾ പൂട്ടിപ്പോകുന്ന അവസ്ഥ. 11ാം പഞ്ചവൽസര പദ്ധതിയിൽ ‘യംഗ്’ കോളേജുകൾക്ക് പ്രത്യേകം ഗ്രാന്റുണ്ടായിരുന്നു. ഇന്ന് അത് മാറി. നിലവാരം പുലർത്തുന്നവർക്കുമാത്രം ഗ്രാന്റ് കൊടുത്ത്, അവരെ പരിപാലിക്കുന്ന അവസ്ഥ. ഈ അർഥത്തിലാണ് പുതിയ വിദ്യാഭ്യാസ നയത്തിലെ വ്യവസ്ഥ കേരളത്തെ ബാധിക്കാൻ പോകുന്നത്.

എല്ലാ യൂണിവേഴ്‌സിറ്റികളും കോളേജുകളും മൾട്ടി ഡിസിപ്ലിനറിയാകണം എന്ന് പറയുന്നുണ്ട്. ഈ അപ്രോച്ച് സ്വീകാര്യം തന്നെയാണ്. വിവിധ വിഷയങ്ങൾ ഒരു കുടക്കീഴിൽ വരുന്ന തരത്തിലുള്ള സ്ഥാപനങ്ങളാണ് ഉണ്ടാകേണ്ടത്. എന്നാൽ, ഇപ്പോൾപല സംസ്ഥാനങ്ങളിലും സോഷ്യൽ സയൻസ്, സയൻസ് ആന്റ് ടെക്‌നോളജി തുടങ്ങി വ്യത്യസ്ത ഡിസിപ്ലിനറികളുള്ള യൂണിവേഴ്‌സിറ്റികൾ വന്നുകഴിഞ്ഞു. ഈ വ്യവസ്ഥ കർശനമാക്കിയാൽ ഇവയുടെ നിലനിൽപ്പ് അസാധ്യമാകും.
കേരളത്തിലാകട്ടെ മലയാളം, സംസ്കൃത സർവകലാശാലകൾ, എ.പി.ജെ. അബ്ദുൽകലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി, ഹെൽത്ത് യൂണിവേഴ്സിറ്റി, ലോ യൂണിവേഴ്സിറ്റി, കലാമണ്ഡലം ഡീംഡ് ടുബി യൂണിവേഴ്സിറ്റി, മാനേജുമെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, ബി.എഡ് ട്രെയിനിങ് കോളേജുകൾ, അറബിക് കോളേജുകൾ എന്നിവിടങ്ങളിലെല്ലാം 2040-ഓടെ മൾട്ടി ഡിസിപ്ലിനറിയായി ആയിരക്കണക്കിന് കുട്ടികൾ പഠിക്കുന്ന അവസ്ഥയുണ്ടാകുക എന്നത് ശ്രമകരമാണ്. അതിനാൽ ഇത്തരം സ്ഥാപനങ്ങളുടെ ഭാവിയും അനിശ്ചിതത്വത്തിലാകും.
നിലവിലെ പ്രതിസന്ധിക്ക് പരിഹാരമായി കേരളത്തിന് ചെയ്യാനാവുന്നത്, വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതൽ ഫണ്ട് ചെയ്യുക എന്നതാണ്. എന്നാൽ അതിന് വിപരീതമായി, സർക്കാർ പിൻവാങ്ങുകയാണ് ചെയ്യുന്നത്. ഈയിടെ ഇറക്കിയ ഉത്തരവിൽ, സർവകലാശാലകകൾ ഓട്ടോണോമസ് ബോഡിയാണെന്നും അതുകൊണ്ട് സ്വയം ഫണ്ട് കണ്ടെത്തണമെന്നും നിർദേശിക്കുന്നു. സർക്കാർ ഗ്രാന്റുകളെല്ലാം ഭാവിയിൽ നിർത്തിയേക്കും എന്ന സൂചനയുമുണ്ട്. ഇത് സംസ്ഥാനത്തെ സർവകലാശാലകളുടെ നിലവാരത്തകർച്ചയ്ക്കിടയാക്കും.