മത്സരപ്പരീക്ഷകൾ തന്നെ ഇനി എന്തിന്?

രാപ്പകലില്ലാതെ അധ്വാനിച്ചും പഠിച്ചും കിലോമീറ്ററുകൾ താണ്ടി പരീക്ഷ എഴുതിയും പണവും സമയവും ചെലവഴിച്ച വിദ്യാർഥികളോട് ചെയ്ത ചതിയ്ക്ക് പരിഹാരമാവില്ല. അവരുടെ നഷ്ടങ്ങൾക്ക് യു.ജി.സി എന്ത് പരിഹാരമാണ് കാണുക? റദ്ദാക്കിയ പരീക്ഷ മികച്ച രീതിയിൽ എഴുതിയ ഒരു വിദ്യാർഥിക്ക് അടുത്ത തവണ അത് ആവർത്തിക്കാൻ കഴിയണമെന്നില്ല. അതിനെന്താണ് ബദൽ?

രീക്ഷകളൊക്കെയും പ്രഹസനമാകുന്ന ഒരു കാലം. വിദ്യാർഥികളെയും ഉദ്യോഗാർഥികളെയും സംബന്ധിച്ച് ഏറ്റവും പരീക്ഷിക്കപ്പെടുന്ന സാഹചര്യങ്ങളാണ് രാജ്യത്ത് രൂപപ്പെട്ടു വന്നിരിക്കുന്നത്. എന്തിനാണീ പരീക്ഷകൾ? വാസ്തവത്തിൽ പരീക്ഷയിലൂടെ എന്താണ് പരിശോധിക്കപ്പെടുന്നത്? മത്സരപ്പരീക്ഷകൾക്ക് ഇത്രമേൽ പ്രസക്തി കല്പിക്കുന്നത് ശരിയാണോ? ചിലത് പരിശോധിക്കാം.

രാജ്യം മുൻപ് കണ്ടിട്ടില്ലാത്തവിധം അഴിമതികൾക്ക് വഴങ്ങുന്ന നിരുത്തരവാദഭരണത്തിൻ്റെ കൂത്തരങ്ങായിരിക്കുന്നു. സൈനികരുടെ ശവപ്പെട്ടിയിൽവരെ ആർത്തിയോടെ നൊട്ടിനുണഞ്ഞു തുടങ്ങിയവരിൽനിന്ന് മറ്റൊന്നും പ്രതീക്ഷിക്കേണ്ടതുമില്ല. ഉന്നതവിദ്യാഭ്യാസം, യോഗ്യതാനിർണ്ണയം, സർക്കാർ ജോലി തുടങ്ങിയ വ്യത്യസ്ത റിക്രൂട്ട്മെൻ്റ് ഏജൻസികളെല്ലാം കക്ഷിരാഷ്ട്രീയഭേദമില്ലാതെ സ്വജനപക്ഷപാതത്തിനും കൊള്ളയ്ക്കുമുള്ള ഇടനിലക്കാരായിരിക്കുന്നു എന്നതാണ് സമകാലസംഭവങ്ങൾ തെളിയിക്കുന്നത്.

നീറ്റ് പരീക്ഷയുടെ നടത്തിപ്പിലും മാർക്കുദാനത്തിലും ഫലപ്രഖ്യാപനത്തിലും നടന്ന വൻഅഴിമതിയ്ക്കുശേഷം കേന്ദ്ര ഏജൻസിയായ യു.ജി.സി നടത്തുന്ന നെറ്റും വിവാദങ്ങൾ ക്ഷണിച്ചിരിക്കുന്നു. ഇന്ത്യയിലെ 317 നഗരങ്ങളിലായി ഒമ്പതുലക്ഷത്തിലധികം കുട്ടികൾ എഴുതിയ പരീക്ഷയാണ് റദ്ദാക്കുകയും വീണ്ടും നടത്താൻ തീരുമാനിക്കുകയും ചെയ്തിരിക്കുന്നത്. കോളേജ് അധ്യാപകരാവാനുള്ള യോഗ്യതയും റിസർച്ച് ഫെല്ലോഷിപ്പിനുമായാണ് NET പരീക്ഷ നടത്തിവരുന്നത്. ഇത്തവണ NET ന് PhD അഡ്മിഷൻ നേടാനുള്ള മാനദണ്ഡം എന്ന അധികമൂല്യവുമുണ്ട്. പറഞ്ഞിട്ടെന്ത് കാര്യം, രാഷ്ടീയവും സാമ്പത്തികവും കെടുകാര്യസ്ഥതയുമായി രാജ്യം കേട്ടുകേൾവിയില്ലാത്തവിധം ജനായത്തവിരുദ്ധമായിരിക്കുന്നു. ലക്ഷക്കണക്കിന് വിദ്യാർഥികളുടെ അധ്വാനവും സമർപ്പണവും അധികാരികളുടെ ചൂതാട്ടക്കരുക്കളാകുന്നു. രാഷ്ട്രത്തിൻ്റെ പുനർനിർമിതിയിലും വിഭവശേഷിയിലും ഏറ്റവും പ്രധാനപ്പെട്ട യുവതയോട് ഇത്രയേറെ പ്രതികാരബുദ്ധിയോടെ പെരുമാറുന്ന ഗവൺമെൻ്റുകൾ രാജ്യത്ത് ഉണ്ടായിട്ടില്ല എന്ന് ചരിത്രം പറയുന്നു. പ്രതിഷേധങ്ങൾ ഇനിയും മെഷീനിൽ ഒതുക്കിനിർത്തുന്നതിൽ കാര്യമില്ല. കർഷകസമരം പോലെ യുവാക്കൾ തെരുവിലിറങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ‘നെറ്റും നീറ്റല്ലെന്ന’ സ്റ്റാറ്റസുകൾക്കോ പോസ്റ്റുകൾക്കോ അധികാരപ്രമത്തതയെ സ്പർശിക്കാനാവില്ല എന്ന് യുവാക്കൾ തിരിച്ചറിയണം.

ചോദ്യപേപ്പർ ചോർന്നുവെന്നും ക്രമക്കേട് നടന്നുവെന്നും യു.ജി.സി തത്ത്വത്തിൽ സമ്മതിച്ചിരിക്കുന്നു. സി.ബി.ഐ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. യഥാർഥ കുറ്റവാളികൾ അവരുടെ നീരാളിക്കൈകളുൾപ്പെടെ ശിക്ഷിക്കപ്പെട്ടാൽ മാത്രമേ ഇതിന് ഭാഗികമായെങ്കിലും പരിഹാരമാകൂ. എങ്കിലും രാപ്പകലില്ലാതെ അധ്വാനിച്ചും പഠിച്ചും കിലോമീറ്ററുകൾ താണ്ടി പരീക്ഷ എഴുതിയും പണവും സമയവും ചെലവഴിച്ച വിദ്യാർഥികളോട് ചെയ്ത ചതിയ്ക്ക് പരിഹാരമാവില്ല. അവരുടെ നഷ്ടങ്ങൾക്ക് യു.ജി.സി എന്ത് പരിഹാരമാണ് കാണുക? റദ്ദാക്കിയ പരീക്ഷ മികച്ച രീതിയിൽ എഴുതിയ ഒരു വിദ്യാർഥിക്ക് അടുത്ത തവണ അത് ആവർത്തിക്കാൻ കഴിയണമെന്നില്ല. അതിനെന്താണ് ബദൽ? റൂമെടുത്ത് താമസിച്ചും നൂറിലധികം കിലോമീറ്ററുകൾ താണ്ടിയും പരീക്ഷയെഴുതിയവരുടെ സാമ്പത്തിക ബാധ്യത ആരേറ്റെടുക്കും? എന്തുകൊണ്ട് ഈ സംവിധാനത്തിൽ ഇത്രവലിയ വീഴ്ച സംഭവിച്ചു? യുവാക്കളുടെ ജീവിതത്തിനും അധ്വാനത്തിനും സ്വപ്നങ്ങൾക്കുംമേൽ ഇത്രമാത്രം ഉദാസീനമായി പെരുമാറാൻ അധികാരത്തിന് എവിടെനിന്ന് ധൈര്യം കിട്ടി? ചോദ്യങ്ങൾ അനവധിയാണ്. ഉത്തരങ്ങൾ അനിവാര്യവുമാണ്. (മലയാളമടക്കമുള്ള മാനവിക വിഷയങ്ങളിൽ നെറ്റ് കിട്ടിയാലും ജോലിയൊന്നും കിട്ടാനില്ലെന്നത് മറ്റൊരു വസ്തുതയാണ്. ശരാശരി പത്തുവർഷത്തിലൊരിക്കലാണ് മലയാളത്തിലൊക്കെ കൊളീജിയേറ്റ് പരീക്ഷ നടക്കുന്നത്. ഏറ്റവും ഒടുവിൽ 2019- ലെ വിജ്ഞാപനപ്രകാരം ഒരാൾപോലും നാളിതുവരെ നിയമിക്കപ്പെട്ടിട്ടില്ല. പിന്നെന്തിനാണീ നെറ്റിനുവേണ്ടി മെനക്കെടുന്നത്? JRF കിട്ടിയാൽ അത്യാവശ്യം പൈസ വാങ്ങിച്ചെടുക്കാം എന്നതുമാത്രമാണ് ആശ്വാസം. ഒരു താത്കാലിക / സമാശ്വാസജോലിയായി ആ കാലം കണക്കാക്കാം. പിന്നെ വീണ്ടും മറ്റ് പണികൾ അന്വേഷിച്ച് ഇറങ്ങണം. ഫെല്ലോഷിപ്പിനുവേണ്ടിയാണ് എങ്കിലും മറ്റ് നിയമനങ്ങൾക്കും JRF- ന് ഗ്രേസ് മാർക്ക് കൊടുക്കുന്നതും കേരളത്തിൽ കണ്ടുവരുന്ന വിചിത്രമായ ആചാരമാണ്. Mphil ഉള്ളവർക്ക് മാർക്ക് കൊടുക്കില്ല എന്നത്രേ ഏറ്റവും ഒടുവിലെ മറ്റൊരു വിചിത്ര തീരുമാനം. ആരോട് പറയാൻ. ഇനിയെങ്കിലും ഇത്തരം അഴിമതികൾക്കും കൊള്ളയ്ക്കും ഇടവരില്ലെന്ന് സർക്കാറുകൾക്കോ കോടതികൾക്കെങ്കിലുമോ ഉറപ്പുവരുത്താൻ പറ്റണം.

പരീക്ഷകൾ നടത്തുന്നതിൽ തുടർച്ചയായി വരുന്ന വീഴ്ചകളെക്കുറിച്ച് പഠിക്കാനും സുതാര്യത ഉറപ്പുവരുത്താനുമുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാനുമായി മുൻ ഐ.എസ്.ആർ.ഒ. ചെയർമാൻ കെ. രാധാകൃഷ്ണൻ്റെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചു എന്നത് സ്വാഗതാർഹമാണ്. പരീക്ഷകളുടെ നടത്തിപ്പ് മാത്രമല്ല പരീക്ഷകൾക്കു നൽകുന്ന അമിതപ്രാധാന്യവും പക്ഷെ സമിതി പഠിക്കേണ്ടതുണ്ട്. വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം പരീക്ഷകളാകുന്നത് തീർച്ചയായും അശാസ്ത്രീയമാണ്. വിദ്യാർഥികളെ സംബന്ധിച്ചും ആകെ വിദ്യാഭ്യാസത്തിൻ്റെ ഗുണാത്മകഫലതയെ സംബന്ധിച്ചും പരീക്ഷകളുടെ അതിപ്രാധാന്യം ദൂരവ്യാപകമായ ആഘാതങ്ങളാണ് ഉണ്ടാക്കുക. ഈ വിഷയത്തിൽ ഗൗരവമുള്ള ഒരു ചർച്ചയ്ക്കുള്ള സാധ്യത ഡോ. സോമനാഥൻ പി. മാതൃഭൂമി പത്രത്തിലൂടെ തുറന്നിടുന്നുണ്ട്. വർഷങ്ങളെടുത്ത് നടത്തുന്ന പഠനത്തേക്കാൾ വിശ്വാസ്യത മൂന്ന് മണിക്കൂർ നേരത്തെ ഒരു പരീക്ഷയിലേക്ക് വരുന്നതിൻ്റെ അയുക്തിയെയും വിജ്ഞാനവിരുദ്ധവും സമൂഹവിരുദ്ധവുമായ നിലയേയും അദ്ദേഹം ചോദ്യം ചെയ്യുന്നു.

ഏറ്റവും കാതലായ പ്രശ്നം എന്താണ് ഈ മത്സരപരീക്ഷകളുടെ ധർമം എന്നതാണ്. പഠിച്ചതൊക്കെ ഓർത്തെടുക്കുകയും ‘നിർണായകമായ’ ഒരു അന്തരീക്ഷത്തിലിരുന്ന് (ഇപ്പോഴത് ഏതാണ്ട് പട്ടാളച്ചിട്ടയിലാണ്. ഇൻവിജലേറ്ററുടെ കയ്യിൽ റിവോൾവർ ഇല്ല എന്നതുമാത്രമാണ് ആശ്വാസം. പുതിയ സമിതി അതുകൂടി നിർദ്ദേശിച്ചാൽ അത്ഭുതപ്പെടാനില്ല) രേഖപ്പെടുത്തുകയുമാണ് ആകെ പരീക്ഷകളുടെയും മത്സരപരീക്ഷകളുടെയും സ്വഭാവം. എന്താണീ കസർത്തിൽ കണ്ടെത്തുന്നത്? ഓർമശക്തിയിൽ കൂടുതലെന്തെങ്കിലും പരീക്ഷിക്കാൻ ഈവക പരീക്ഷകൾക്ക് കഴിയാറില്ല എന്നതാണ് സത്യം. ഈ ഡിജിറ്റൽ ജീവിതസാഹചര്യത്തിൽ ഓർമശക്തി മാത്രം മുൻനിർത്തി ഒരാളുടെ യോഗ്യത അളക്കുന്നത്ര അശാസ്ത്രീയത മറ്റെന്താണ്? നിരന്തരമായ പഠനവും മൂല്യനിർണ്ണയവുമാണ് ഒരാളുടെ മികവിൻ്റെ വിശ്വസനീയമായ രേഖയായി നിലവിലെ സാഹചര്യത്തിൽ പരിഗണിക്കാനാവുക. അങ്ങനെ വരുമ്പോൾ ഏതെങ്കിലും ഒരു ദിവസത്തെ ശാരീരിക, മാനസികസ്ഥിതിയിൽ മാറിമറിയില്ല ഒരാളുടെ മൂല്യം. മത്സരപ്പരീക്ഷകളാകട്ടെ കോടിക്കണക്കിന് രൂപയൊഴുകുന്ന ഒന്നാന്തരം പ്രഹസനമാണ്. കോച്ചിങ് സെൻ്ററുകൾമുതൽ പരീക്ഷാഫീസും പുസ്തകങ്ങളും യാത്രാച്ചെലവും മറ്റ് ചെലവുകളുമടക്കം എത്രയെത്ര രൂപയാണ് പരീക്ഷക്കമ്പോളത്തിലിറങ്ങുന്നതെന്ന് കണക്കുകൂട്ടാൻപോലും കഴിയില്ല. ഇതിനും പുറത്താണ് ടെലഗ്രാമിലും ഡാർക് നൈറ്റിലും പേശിയുറപ്പിക്കുന്ന തുക. വിദ്യാർഥികളുടെ പഠനനിലവാരമാണ് അറിയേണ്ടതെങ്കിൽ അവരുടെ പലതരം മൂല്യനിർണ്ണങ്ങൾക്കു ശേഷമുള്ള അടിസ്ഥാനയോഗ്യതാഫലത്തെ ആശ്രയിക്കാവുന്നതാണ്. അതിനപ്പുറമുള്ള വിശ്വാസ്യതയോ മാനദണ്ഡങ്ങളോ യുക്തിയോ ശാസ്ത്രീയതയോ ഒന്നും നിലവിൽ ഒരു മത്സരപ്പരീക്ഷയ്ക്കുമില്ല. ഉന്നതവിദ്യാഭ്യാസരംഗത്ത് ഗൗരവത്തിൽ ഇടപെടാനാഗ്രഹിക്കുന്നു സർക്കാറെങ്കിൽ മത്സരപ്പരീക്ഷകളെ നിയന്ത്രിക്കുകയും ഒഴിവാക്കുകയുമാണ് വേണ്ടത്.

NTA യുടെ കീഴിൽവരുന്ന പരീക്ഷകൾ മാത്രമല്ല ഇവിടെ വിഷയമായി സ്വീകരിച്ചിട്ടുള്ളത്. ഒറ്റപ്പരീക്ഷയാൽ കഴിവ് തെളിയിക്കണമെന്ന് ആവശ്യപ്പെടുന്ന മുഴുവൻ പരീക്ഷകളുമാണ്. അതിൽ ജോലിയ്ക്കുവേണ്ടിയുള്ള പരീക്ഷകളും ഉൾപ്പെടും. PSC അടക്കുള്ളവയ്ക്ക് അഭിമുഖങ്ങൾകൂടി ഉണ്ടല്ലോ എന്ന ന്യായവും യുക്തിയ്ക്ക് നിരക്കുന്നതല്ല. അപ്പോഴും എഴുത്തുപരീക്ഷയാണ് പ്രധാനം എന്നതും രണ്ടിൻ്റെയും അനുപാതം ഒരുപോലെയല്ല എന്നതും ശ്രദ്ധേയമാണ്. അഭിമുഖത്തിൻ്റെ അനുപാതം വർദ്ധിപ്പിച്ചാലും പ്രശ്നം തീരുകയില്ല. ആ കസർത്തുകൾ അത്രമേൽ പ്രഹസനമാണെന്ന് അനുഭവമുള്ള ലക്ഷക്കണക്കിനുപേർ നമുക്കു ചുറ്റുമുണ്ട്. മലയാളം HSA യുടെ കഴിഞ്ഞവർഷം നടന്ന അഭിമുഖത്തിൽ ബയോഡാറ്റയാൻ ഹോബിയുടെ കളത്തിൽ പാചകം എന്നുകൂടിയെഴുതിയ ഒരു ടീച്ചർക്ക് പാചകകലയുമായി ബസപ്പെട്ട അടിസ്ഥാനഗ്രന്ഥങ്ങളെക്കുറിച്ച് സംസാരിക്കാനാണ് നിർദ്ദേശം കിട്ടിയത്. എഴുത്തച്ഛനേയും കണ്ണശനേയും പഠിച്ച് പോയ ടീച്ചർ എരിചട്ടിയിൽ പെട്ടപോലെ പൊരിഞ്ഞിറങ്ങി എന്ന് കഥ ചുരുക്കാം. ഇങ്ങനെ എത്രയോ ഉദാഹരണങ്ങൾ പറയാനുണ്ട്. പരീക്ഷയുടെ കാര്യവും വൻ കോമഡിയാണെന്ന് എഴുതിയിട്ടുള്ളവർക്ക് അറിയാം. നാളിതുവരെ 100 തെറ്റില്ലാത്ത ചോദ്യങ്ങൾ ഉൾകൊള്ളിച്ച് ഒരു പരീക്ഷ നടത്താൻപോലും ഏജൻസികൾക്ക് കഴിഞ്ഞതായി കാണുന്നില്ല. പത്തും പന്ത്രണ്ടുമൊക്കെ ചോദ്യങ്ങൾ ഡിലീറ്റ് ചെയ്യേണ്ട അവസ്ഥയാണ് പരീക്ഷാനന്തരമുള്ളത്. ഇത്തവണത്തെ മലയാളം നെറ്റ് പരീക്ഷയിൽതന്നെ രാമരാജ്യത്തിൻ്റെ അതിപ്രസരം മാത്രമല്ല വിമർശിക്കാൻ ഉണ്ടായിരുന്നത്. നാടൻപാട്ടുകളുടെ പ്രത്യേകതയായി യു.ജി.സി പറയുന്ന പൊതുവായ ഒരു കാര്യം അത് വരമൊഴിയിലൂടെ പ്രചരിക്കുന്നു എന്നതാണത്രേ. ഈവക പരീക്ഷണങ്ങളെയും ഒരു വിദ്യാർഥിക്ക് താണ്ടാനുണ്ട് എന്നർഥം.

അശാസ്ത്രീയവും സമൂഹവിരുദ്ധവുമായ ഇത്തരം പരീക്ഷകൾ ഒഴിവാക്കുകയാണ് വേണ്ടതെന്ന വാദം പ്രസക്തമാണ് എന്ന് പ്രകരണം ചുരുക്കട്ടെ. നിരന്തരം പരീക്ഷിക്കപ്പെടുന്ന രാജ്യത്തെ യുവാക്കൾ സംഘടിക്കേണ്ട കാലമാണ് ആസന്നമായിരിക്കുന്നത്. കർഷകരും തൊഴിലാളികളുംമാത്രം സംഘടിച്ചാൽ മതിയാവില്ല ഇനിയുള്ള കാലം.

Comments