തീവണ്ടി കൃത്യമായി ഓടി. സമരങ്ങൾ തീരെ ഇല്ല. ഓഫീസുകളെല്ലാം കൃത്യമായി പ്രവർത്തിച്ചു. സർവ്വോപരി കർശനമായ അച്ചടക്കം. അടിയന്തിരാവസ്ഥയെ ന്യായീകരിക്കുന്നവർ നിരത്തിയിരുന്ന വാദങ്ങളാണ്. പക്ഷേ ഭയം ഗ്രസിച്ച ഒരു കാലം എന്ന് പിൽക്കാലത്ത് നാമതിനെ വിലയിരുത്തി. നാവുകൾ നിശ്ശബ്ദമാക്കപ്പെട്ട കാലം.
അത്തരമൊരു ലോകത്തിലേക്കാണോ നാമിപ്പോൾ നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന് സംശയിക്കത്തക്ക രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വിധം പി എസ് സി വഴി നിയമിച്ച അധ്യാപകരെ പെട്ടെന്നൊരു ദിവസം കൂട്ടത്തോടെ പിരിച്ചു വിടുന്നു. വിദ്യാഭ്യാസ മേഖലയിൽ ഗുണാത്മകമായ വിമർശനങ്ങൾ ഉയർത്തുന്നവരെ പോലും മന്ത്രിയുടെ വാക്കിനെ മറികടന്ന് നടപടിക്കു വിധേയമാക്കുന്നു. ഇതെല്ലാം കണ്ടു കൊണ്ട് നാം നിസ്സംഗരായി നിൽക്കുന്നു. പ്രതിഷേധങ്ങളുടെ സ്ഥാനം ന്യായീകരണങ്ങൾ കയ്യടക്കുന്നു. ഒറ്റയ്ക്കും തെറ്റയ്ക്കും ചില വിമതസ്വരങ്ങൾ ഉയരുന്നില്ലെന്നല്ല.
വലതുപക്ഷ ഗവണ്മെന്റുകൾ ഭരിക്കുമ്പോൾ അഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടി ഏതറ്റം വരെയും പൊരുതിയിരുന്ന ഇടതുപക്ഷ സാംസ്‌കാരിക പ്രവർത്തകരും എഴുത്തുകാരും ബ്യൂറോക്രസിയെ പഴിക്കുന്നുണ്ട്. അബ്ദുറബ്ബിനെയും നാലകത്ത് സൂപ്പിയെയും ഉമ്മൻ ചാണ്ടിയെയും പരസ്യമായി വിമർശിച്ചിരുന്ന ഇടതുപക്ഷം ഭരണത്തിലെത്തുമ്പോൾ നിസ്സാര വിമർശനങ്ങളെ പോലും കുറ്റകൃത്യങ്ങളാക്കി ശിക്ഷ വിധിക്കുന്നു.
ഭയപ്പെടുത്തിയും ശിക്ഷിച്ചും അച്ചടക്കം പഠിപ്പിച്ചും നന്നാക്കാവുന്ന ഒന്നാണ് വിദ്യാഭ്യാസം എന്ന് ധരിച്ചിരിക്കുന്നവരാണ് നിർഭാഗ്യവശാൽ ഇപ്പോൾ ആ വകുപ്പിന്റെ തലപ്പത്തിരിക്കുന്നത്. നമ്മുടെ മന്ത്രിയും പരിവാരങ്ങളും വിദ്യാഭ്യാസത്തിന്റെ മികച്ച മാതൃകകൾ പരിചയപ്പെടാൻ ഏതാനും നാളുകൾക്കു മുമ്പ് ഫിൻലന്റിലേക്കു പോയിരുന്നല്ലോ. കേരളത്തിൽ വിദ്യാഭ്യാസത്തെക്കുറിച്ച് ഒരു സെമിനാറും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു. അതൊക്കെ എന്തുകൊണ്ടും നല്ലതു തന്നെ. പക്ഷേ പ്രയോഗത്തിൽ എന്താണ് നടക്കുന്നത് ? അപ്പുറത്ത് സെമിനാറിൽ ജനാധിപത്യത്തെക്കുറിച്ചുള്ള വാചാടോപങ്ങളുണ്ടാവുന്നു. മറുവശത്ത് വിദ്യാഭ്യാസ വകുപ്പിനെ ഭയം വിതയ്ക്കുന്ന സാമ്രാജ്യമാക്കി മാറ്റുന്നു.
അധ്യാപകനും വിദ്യാഭ്യാസപ്രവർത്തകനുമായ പി. പ്രേമചന്ദ്രനെതിരെ കഴിഞ്ഞ വർഷം വിദ്യാഭ്യാസവകുപ്പ് അദ്ദേഹമെഴുതിയ ഒരു ലേഖനത്തിന്റെ പേരിൽ കുറ്റപത്രം കൊടുത്തത് നാമാരും മറന്നിട്ടില്ല. എന്തായിരുന്നു അദ്ദേഹം ചെയ്ത തെറ്റ് ? നമുക്കെല്ലാമറിയുന്ന പോലെ കോവിഡ് കാലത്ത് പരിമിതമായ പഠനാനുഭവങ്ങൾ മാത്രം ലഭ്യമായ വിദ്യാർഥികളെ സഹായിക്കാനായി സിലബസ്സ് ലഘൂകരിച്ച് ഒരു ഫോക്കസ് ഏരിയ ഗവണ്മെന്റ് നിർണയിക്കുന്നു. അധ്യാപകരും കുട്ടികളും അതിനനുസരിച്ച് പഠന പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നു. പരീക്ഷക്ക് തൊട്ടു മുമ്പ് ഒരു മുന്നറിയിപ്പുമില്ലാതെ നോൺ ഫോക്കസ് ഏരിയയിൽ നിന്നും 30% ചോദ്യം ഉൾപ്പെടുത്തി ആരെയും അറിയിക്കാതെ ചോദ്യങ്ങൾ ഉണ്ടാക്കുന്നു. മാത്രവുമല്ല അതിലെ ചില വിഭാഗത്തിലെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതിയിരിക്കണമെന്ന് നിർബന്ധപൂർവ്വം നിഷ്‌കർഷിക്കുകയും ചെയ്യുന്നു.
വിദ്യാർഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ഒന്നു പോലെ സംഘർഷത്തിലാക്കിയതായിരുന്നു വകുപ്പിലെ ഈ നീക്കം. അക്കാദമികമായ യാതൊരു ധാരണയുമില്ലാത്ത ഉദ്യോഗസ്ഥരുടെ തീരുമാനത്തിനെതിരെ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ പങ്കുവെച്ച് തിരുത്തൽ നിർദ്ദേശങ്ങൾ കൂടി അടങ്ങുന്ന ഒരു ലേഖനം എഴുതി എന്നതാണ് പി പ്രേമചന്ദ്രൻ ചെയ്ത "കുറ്റം.' വിദ്യാർഥി സംഘടനകളും അധ്യാപക സംഘടനകളും ഏറ്റെടുക്കേണ്ടിയിരുന്ന അടിയന്തിര പ്രാധാന്യമുള്ള ദൗത്യമാണ് ഒരു വിദ്യാഭ്യാസ പ്രവർത്തകനായ പ്രേമചന്ദ്രൻ ഒറ്റയ്ക്ക് ചുമലിലേറ്റിയത്. ഗവണ്മെന്റിന്റെ പാഠ്യപദ്ധതി സമീപനത്തിന് വിരുദ്ധവുമായിരുന്നു ആ പരിഷ്‌കാരം എന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. ഗവണ്മെന്റിന്റെ നയത്തെ അട്ടിമറിക്കാൻ ശ്രമിച്ചത് സത്യത്തിൽ SCERT പോലെയുള്ള വിദ്യാഭ്യാസ ഗവേഷണ സ്ഥാപനത്തെ നോക്കുകുത്തിയാക്കി, കുട്ടികളെ സമ്മർദ്ദത്തിലാക്കുന്ന തരത്തിലുള്ള പരിഷ്‌കാരങ്ങൾ വരുത്തിയ ഉദ്യോഗസ്ഥരായിരുന്നു. പക്ഷേ ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നത് കുട്ടികളുടെ പക്ഷത്തു നിന്ന വ്യക്തിക്കും. കോവിഡ് കാലത്ത് യുപിയിൽ സർക്കാർ ഓക്‌സിജൻ സിലിണ്ടർ നൽകാൻ തയാറാവാത്ത സമയത്ത് സ്വന്തം റിസ്‌കിൽ രക്ഷാപ്രവർത്തനം നടത്തിയതിന്റെ പേരിൽ ചട്ടലംഘനം കണ്ടെത്തി ശിക്ഷിച്ച കഫീൽഖാൻ എന്ന ഡോക്ടറെ നടപടിക്ക് വിധേയമായതിനെ കേരളത്തിലിരുന്നു കൊണ്ട് നാമെല്ലാം പ്രതിഷേധമുയർത്തിയിരുന്നു. മാത്രവുമല്ല, അദ്ദേഹം അത് സംഘടനയിൽ റിപ്പോർട്ടു ചെയ്യുകയല്ലേ വേണ്ടിയിരുന്നത് എന്നൊന്നും ആരും പറഞ്ഞിരുന്നില്ലെന്നുമാണോർമ്മ. ഇടതുപക്ഷ ഭരണകാലത്ത് നമ്മുടെ പ്രതിഷേധങ്ങളെല്ലാം കേരളത്തിനു പുറത്ത് നടക്കുന്ന അനീതികളിൽ ഒതുക്കി നിർത്താൻ ബാധ്യസ്ഥരാണല്ലോ നമ്മൾ.
സത്യത്തിലിവിടെ സംഭവിച്ചത് അറിവും അധികാരവും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു. സ്വാഭാവികമായും താല്കാലിക വിജയം മിക്കപ്പോഴും അധികാരത്തിനായിരിക്കുമല്ലോ. പക്ഷേ പൊതുസമൂഹം ആദ്യ ഘട്ടത്തിൽ വിഷയം ഏറ്റെടുക്കുകയുണ്ടായി. സച്ചിദാനന്ദനും ഇ വി രാമകൃഷ്ണനും സുനിൽ പി ഇളയിടവും മുതൽ പല സാംസ്‌കാരികനായകരും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തു വന്നു. ശാസ്ത്രസാഹിത്യ പരിഷത്തും ഒട്ടേറെ അധ്യാപക സംഘടനകളും ഇതിനെതിരെ പ്രതിഷേധിച്ചു. അധ്യാപകർ അവരുടെ പണിയെടുത്താൽ മതി എന്ന മന്ത്രിയുടെ വാക്കുകളും പ്രതിഷേധകാരണമായി. അധ്യാപകരുടെ അക്കാദമിക സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള മുദ്രാവാക്യമായി അത് മാറി. ഒടുവിൽ വിമർശനം ഉന്നയിച്ച അധ്യാപകനെതിരെ ഒരു നടപടിയും ഉണ്ടാവുകയില്ലെന്ന് മന്ത്രി പൊതുസമൂഹത്തിന് ഉറപ്പു നൽകി.
ദൗർഭാഗ്യമെന്നു പറയട്ടെ അധികാരം തരവും തക്കവും നോക്കി ഫണം വിടർത്തുന്ന ഒന്നാണ്. അലൻ റെനെയുടെ നൈറ്റ് ആന്റ് ഫോഗ് എന്ന സിനിമയിൽ ഒരു വാക്യമുണ്ട്. യുദ്ധം ഉറങ്ങാൻ പോകുമ്പോഴും ഒരു കണ്ണ് അതെപ്പോഴും തുറന്നു വെക്കുമെന്ന്. അധികാരവും അത്രമേൽ ജാഗ്രതയോടെയാണ് പ്രവർത്തിക്കുക. അതും അവിവേകികളുടെ കൈയിൽ കിട്ടുമ്പോൾ. 30 വർഷത്തിലധികം അധ്യാപകനായി പ്രവർത്തിച്ച ഒരു വ്യക്തി. 20 വർഷത്തിലധികം പാഠ്യപദ്ധതി പരിഷ്‌കരണത്തിൽ നേതൃപരമായ പങ്കുവഹിച്ച ആൾ. ഇടതുപക്ഷ സംഘടനയിൽ അടിയുറച്ചു നിന്ന അംഗം. ശ്രീ. പി. പ്രേമചന്ദ്രൻ അധ്യാപന ജീവിതത്തിൽ നിന്നും വിട വാങ്ങുന്ന ദിവസം രാവിലെ, അദ്ദേഹത്തെ താക്കീത് ചെയ്യാൻ തീരുമാനിച്ചു കൊണ്ടുള്ള ഉത്തരവുമായി പ്രത്യേക ദൂതൻ തിരുവനന്തപുരത്തു നിന്നും പറന്നെത്തുന്നു (എണ്ണയിട്ട യന്ത്രം പോലെ എന്തൊരു കാര്യക്ഷമത).
അധ്യാപകരുടെ പെരുമാറ്റച്ചട്ടങ്ങളെക്കുറിച്ച് സ്വന്തം ഭരണകാലത്തു മാത്രം വാചാലരാവുന്നവരുണ്ട്. മാറ്റുവിൻ ചട്ടങ്ങളെ എന്നു മുൻഗാമികൾ തൊണ്ട പൊട്ടു മാറുച്ചത്തിൽ വിളിച്ച മുദ്രാവാക്യത്തിന്റെ അർഥമെന്തെന്നറിയാത്തവർ. അവർ കേരളത്തിലെ ആഫ്രിക്ക എഴുതിയ കെ. പാനൂരിനെക്കുറിച്ചറിയണം. ആ പുസ്തകമെഴുതിയതിന്റെ പേരിൽ അദ്ദേഹത്തിനെതിരെ നടപടിയുണ്ടായി (സർക്കാരുദ്യോഗസ്ഥർ എന്തെങ്കിലും എഴുതി പ്രസിദ്ധീകരിക്കും മുമ്പ് മുൻകൂർ അനുമതി വാങ്ങണമെന്ന കരിനിയമം നിലനിൽക്കാൻ പാടില്ലെന്നു അന്നു പറഞ്ഞത് ഇ എം എസ് ആണെന്നും അദ്ദേഹത്തിന്റെ പിന്മുറക്കാർ അറിഞ്ഞിരിക്കണം). തിരിഞ്ഞിട്ട കല്ല് മൂലക്കല്ലായി എന്നു പറയും പോലെ കേരളീയ സാമൂഹ്യ ചരിത്രത്തിലെ പ്രധാനാധ്യായമായി ആ പുസ്തകം മാറി. യുനസ്‌കോയുടെ അവാർഡു നേടി. പാഠപുസ്തകമായി. അദ്ദേഹത്തിനെതിരെ നടപടിക്കു മുതിർന്ന ചട്ടംനോക്കി പ്രവർത്തിച്ച അൽപ്പന്മാരെ ഇന്ന് ആരോർക്കുന്നു?
പെരുമാറ്റച്ചട്ടങ്ങളെക്കുറിച്ചല്ല, ഭരണഘടന വിഭാവനം ചെയ്യുന്ന അഭിപ്രായസ്വാതന്ത്ര്യത്തെപ്പോലും ലംഘിക്കുന്ന ഇത്തരം നിയമങ്ങൾ വലിച്ചെറിയേണ്ടതിനെക്കുറിച്ചാണ് സത്യത്തിൽ ഇടതുപക്ഷക്കാർ ചർച്ച ചെയ്യേണ്ടത്. സർക്കാരുദ്യോഗസ്ഥർ ഇത്തരം ചട്ടങ്ങൾ പാലിക്കണം എന്നത് സാങ്കേതികമായി ശരിയായിരിക്കാം. പക്ഷേ ഏതെങ്കിലും കാലത്ത് അടിമകളെയും ഉടമകളെയും സൃഷ്ടിക്കാൻ വേണ്ടി ഉണ്ടാക്കി വെച്ച നിയമാവലികളെ അതേ പോലെ പാലിക്കണമെന്നു പറയുകയാണോ ഒരു പരിഷ്‌കൃത സമൂഹം ചെയ്യേണ്ടത് ? വിദ്യാഭ്യാസ മേഖലയിൽ സമൂലമായ മാറ്റങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള ഇടതുപക്ഷത്തിന് ഇത്തരം നിയമങ്ങൾ മാറ്റാൻ കഴിയുമായിരുന്നു. അനുദിനം വളരുന്ന ഒരു ജനാധിപത്യ സമൂഹത്തിൽ ഇത്തരം നിയമങ്ങൾ എതിർക്കപ്പെടേണ്ടതില്ലേ? അത്തരത്തിലുള്ള ചർച്ചകൾ നടന്നില്ലെന്നു മാത്രമല്ല, ആ നിയമങ്ങൾ ആയുധമാക്കാനാണ് ഇപ്പോൾ അവർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇതേ ലേഖകനടക്കം പലരും അബ്ദുറബ്ബിന്റെ കാലത്ത് സംഭവിച്ച വീഴ്ചകളെ നഖശിഖാന്തം എതിർത്തും പരിഹസിച്ചും ലേഖനങ്ങളെഴുതിയിരുന്നു. ഇടതുപക്ഷ വൃന്ദങ്ങളിൽ നിന്ന് നിറഞ്ഞ കൈയടികൾ അതിനു ലഭിച്ചിരുന്നു. ഒരു അപരിഷ്‌കൃതമായ നിയമം എടുത്തു പ്രയോഗിക്കാതിരിക്കാനുള്ള വിവേകമെങ്കിലും അന്നത്തെ ഭരണാധികാരികൾ കാട്ടിയിരുന്നു എന്നു വേണം കരുതാൻ. റൂളും ചട്ടവുമെടുത്ത് എല്ലാവരെയും ശിക്ഷിക്കാൻ ശ്രമിച്ചാൽ നമ്മുടെ സർവ്വീസ് സംഘടനകൾ മുഴുവൻ പ്രവർത്തനശേഷി നഷ്ട്ടപ്പെട്ട് നിശ്ചലമായിത്തീരും. അവിടുന്ന് ഫാസിസത്തിലേക്ക് വളരെ കുറച്ച് ദൂരമേയുള്ളു. ഇത്തരം നിയമങ്ങളെ അടിയന്തിരമായി പരിഷ്‌ക്കരിക്കേണ്ട ഇടതുപക്ഷം തന്നെ അധ്യാപകർ വായടച്ചാൽ മതി, പഠിപ്പിച്ചാൽ മതി എന്നു നിർദ്ദേശിക്കുന്നത് ചരിത്രബോധമോ സാമൂഹ്യബോധമോ അവർക്കന്യമാവുന്നതുകൊണ്ടാണ്.
അധ്യാപകർ പണ്ടത്തെ പോലെയല്ല. വിദ്യാർഥികളോട് വളരെ സൗഹാർദ്ദപരമായി പെരുമാറേണ്ടവരാണ്. ജനാധിപത്യത്തെക്കുറിച്ച് തിരിച്ചറിവുണ്ടാക്കേണ്ടവരാണ്. ആരോഗ്യകരമായ സാമൂഹ്യ വിമർശനമെന്തെന്ന് മനസ്സിലാക്കിക്കൊടുക്കേണ്ടവരാണ്. വിദ്യാലയം എന്നത് ഒരു പൊതു ഇടമാണ്. പൊതു ഇടങ്ങളിൽ മനുഷ്യർ പെരുമാറേണ്ടതെങ്ങിനെയെന്നതിന്റെ പ്രായോഗിക പാഠങ്ങൾ വിദ്യാർഥികൾക്കു ലഭിക്കുന്നത് അധ്യാപകരിൽ നിന്നാണ്. അതുകൊണ്ടു തന്നെ ഫിൻലന്റ് പോലുള്ള രാജ്യങ്ങളിൽ വിദ്യാഭ്യാസത്തെക്കുറിച്ചു പഠിക്കാൻ പോകുമ്പോൾ അവിടങ്ങളിൽ അധ്യാപകർക്കു കൊടുക്കുന്ന മുൻഗണനകളെക്കുറിച്ച് അറിഞ്ഞിരിക്കണം. കാരണം അധ്യാപകർ ഇടപെടുന്നത് ഫയലുകളോടല്ല. ഏറ്റവും പുതിയ കാലത്ത് ജീവിക്കുന്ന കുട്ടികളോടാണ്. അത്തരത്തിലുള്ള അധ്യാപകരെ അച്ചടക്കത്തിന്റെ തുരുമ്പിച്ച വാളുമെടുത്ത് നേരിടുകയല്ല വേണ്ടത്. കുട്ടികൾക്കു വേണ്ടി സംസാരിക്കുക എന്നാൽ അവരെ ഉൾക്കൊള്ളുക എന്നാണർഥം. കുട്ടികൾക്കൊപ്പം നടക്കുന്ന, അവർക്ക് വഴികാട്ടികളായ അധ്യാപകർക്കു നേരെയുണ്ടാവുന്ന ശിക്ഷാ നടപടികൾ നൽകുന്ന സന്ദേശം എന്താണ്? അവർ സർഗാത്മകത വറ്റിയ ചട്ടപ്രകാരം മാത്രം ചലിക്കുന്ന മനുഷ്യ സംവിധാനങ്ങളായി മാറിയാൽ മതി എന്നല്ലേ?
അക്കാദമികമായ മേഖലകളിൽ പ്രവർത്തിക്കുന്നവർ സ്വതന്ത്രമായി അഭിപ്രായങ്ങൾ ഉള്ളവരും അത് തുറന്നു പറയുന്നവരുമായിരിക്കണം. അതിനെ പോസിറ്റീവായി കാണാതെ നടപടിയെടുക്കുന്ന രീതിയെ ഒരു പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാനാവില്ല. മാത്രവുമല്ല സ്വന്തം ഉദ്യോഗസ്ഥർ അത്തരത്തിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ ആ ഉദ്യോഗസ്ഥർക്കാണ് ഗവണ്മെന്റ് നോട്ടീസയക്കേണ്ടത്. പൊതു വിദ്യാഭ്യാസത്തിനെതിരെ പ്രവർത്തിച്ചു , വിദ്യാർഥികളെയും രക്ഷിതാക്കളെയും ഗവണ്മെന്റിനെതിരെ തിരിച്ചു, സി ബി എസ് സി ലോബിക്കു വേണ്ടി ഗൂഢാലോചന നടത്തുന്നവരാണ് ഉദ്യോഗസ്ഥർ എന്നാക്ഷേപിച്ചു എന്നൊക്കെയായിരുന്നു കുറ്റപത്രത്തിലെ പ്രധാന ആരോപണങ്ങൾ.
"പൊതു വിദ്യാഭ്യാസത്തെ തകർക്കാനും സിബിഎസ് സി അടക്കമുള്ള ഇതര രീതികളെ പോഷിപ്പിക്കാനുമുള്ള ശ്രമം തിരുവനന്തപുരത്തെ ബ്യൂറോക്രസിയുടെ ഭാഗത്തു നിന്നുണ്ടാവുന്നു എന്നത് ഒരു വാസ്തവമാണ് '. സാഹിത്യഅക്കാദമി വൈസ് പ്രസിഡന്റായ ശ്രീ അശോകൻ ചരുവിൽ അക്കാലത്ത് എഴുതിയ ഈ അഭിപ്രായം ഈ പൊതുബോധത്തെ ശരിവെക്കുന്നതാണ്.
പൊളിറ്റിക്കൽ കറക്ട്‌നസ്സ് അല്പം കുറഞ്ഞേക്കാമെങ്കിലും കഴുതയോട് തർക്കത്തിലേർപ്പെട്ട കടുവയ്ക്ക് സിംഹം ഒരു അടി വെച്ചു കൊടുത്ത കഥയിൽ ഒരു സന്ദേശമുണ്ട്. ഇമ്മാതിരി കാര്യങ്ങൾക്ക് സമയം കളയരുത് എന്നു പറഞ്ഞു കൊണ്ടായിരുന്നു അടി. അപ്പോൾ പ്രേമചന്ദ്രനായിരുന്നില്ല, ഇങ്ങിനെ നോട്ടീസയക്കാൻ കാരണമായവരെയായിരുന്നു ഗവണ്മെന്റ് താക്കീത് ചെയ്യേണ്ടത്. കാരണം അവർക്ക് വിദ്യാഭ്യാസമെന്താണെന്നു മനസ്സിലായിട്ടില്ല. അതിൽ വന്നു ചേർന്ന കാലികമായ പരിഷ്‌കരണങ്ങളുടെ ആവശ്യമെന്തെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കുട്ടികളുടെ പഠനാനുഭങ്ങൾ, പഠന പ്രശ്‌നങ്ങൾ, മാനസിക നില, മൂല്യനിർണയം ഇവയൊക്കെ അനുഭവങ്ങളിലൂടെ തിരിച്ചറിയാൻ കഴിയുന്നത് അവരോട് നിരന്തരം സഹവർത്തിക്കുന്ന അധ്യാപകർക്കു തന്നെയാണ്. മൂന്നക്ഷരങ്ങളുടെ തിളക്കത്തിൽ കണ്ണു മഞ്ഞളിച്ചു പോയവരും അനർഹമായ സ്ഥാനത്ത് പലവിധ പ്രിവിലേജുകളാൽ കയറിയിരിക്കുന്നവരുമായ, സർവ്വജ്ഞരെന്ന് ഭാവിക്കുന്ന ഉദ്യോഗസ്ഥ പ്രമാണിമാർക്കല്ല.
ഇത് ഒറ്റപ്പെട്ട കാര്യമല്ല. ഗവണ്മെന്റിലെ എല്ലാ വകുപ്പുകളിലും ഇത്തരം ഉദ്യോഗസ്ഥരുണ്ട്. മനുഷ്യരോട് ഏറ്റവും കൂടുതൽ ഇടപെടുന്ന വിദ്യാഭ്യാസ, ആരോഗ്യ, പോലീസ് വകുപ്പുകളാണ് ഏറ്റവും കൂടുതൽ ഓഡിറ്റ് ചെയ്യപ്പെടുക. മറ്റു വകുപ്പുകളിലെ ദ്രോഹങ്ങൾ അത്ര പ്രകടമായിരിക്കില്ല. അവിടെ നിസ്സഹായമായ നിലവിളികൾ ഫയലുകളിൽ ഒതുങ്ങും. അപൂർവ്വമായി മാത്രമേ അത് പ്രത്യക്ഷമാകാറുള്ളു. എന്നാൽ ഫോക്കസ് ഏരിയ പ്രശ്‌നത്തിൽ ലക്ഷക്കണക്കിനു കുട്ടികളും രക്ഷിതാക്കളുമാണ് സംഘർഷത്തിലായത്. അതിൽ ഉദ്യോഗസ്ഥരെടുത്ത നിലപാടിനെക്കുറിച്ച് അനേകമധ്യാപകർ കുട്ടികളോട് പറഞ്ഞിട്ടുണ്ട്. നിങ്ങൾക്കു വേണ്ടി സംസാരിച്ചതിന് ഒരധ്യാപകന് നടപടി നേരിടേണ്ടി വന്നു എന്ന്. അതവരിലുണ്ടാക്കിയ അരക്ഷിതാവസ്ഥ അധ്യാപകർക്കേ മനസ്സിലാവൂ. ചട്ടങ്ങൾ ഇഴ കീറുന്ന ഉദ്യോഗസ്ഥർക്കത് മനസ്സിലാവില്ല. കുട്ടികൾ ആ അരക്ഷിതാവസ്ഥ മറക്കില്ല. പതിനെട്ടു തികയാൻ അധികകാലം വേണ്ടാത്തവരാണവർ എന്ന ബോധ്യം രാഷ്ട്രീയ നേതൃത്വത്തിനുണ്ടാവേണ്ടതാണ്.
അശോകൻ ചെരുവിലിനെ പോലൊരാൾ പോലും ഈ നടപടിയെ വിമർശിച്ചു കൊണ്ട് ശക്തമായി പ്രതികരിക്കുകയുണ്ടായി എന്നു കാണണം. ഗവണ്മെന്റ് നേരിട്ടിതിൽ പ്രതിയല്ലെന്നും ഇടതുപക്ഷ നയങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കുന്ന ബ്യൂറോക്രാറ്റിക്ക് തമ്പുരാന്മാരെ നിലയ്ക്കു നിർത്തണമെന്നാണദ്ദേഹം ആവശ്യപ്പെത്. ഇടതു പക്ഷ വിദ്യാഭ്യാസനയമാണ് പ്രേമചന്ദ്രൻ പറഞ്ഞത് എന്നാണ് ഇതിനർഥം. ഉദ്യോഗസ്ഥർ ചെയ്യുന്ന പ്രവൃത്തി ഗവണ്മെന്റിനെ അപമാനിക്കുന്നതിനു തുല്യമാണെങ്കിൽ മന്ത്രിമാർ വെറും നോക്കുകുത്തികളാകരുത് എന്നും ഇടതുപക്ഷ നയങ്ങളെ മറികടന്നുകൊണ്ടാണ് ഇപ്പോൾ ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതെന്നുമാണ് അദ്ദേഹം പറയാതെ പറഞ്ഞത്.
തിരഞ്ഞെടുപ്പിലൂടെ വന്നാലും, തുടർഭരണത്തിലേറുന്ന
ഭരണകൂടങ്ങൾക്ക് വരാവുന്ന അപകടം നമുക്ക് പാഠമാവേണ്ടതാണ്. ആദ്യ ഘട്ടത്തിൽ ഏറ്റവും മികച്ചവരെ കണ്ടെത്തും. അടുത്ത ഘട്ടത്തിൽ ഡോമിനന്റ് കാസ്റ്റ് തിയറി വെച്ചും അധികാരത്തിന് ദല്ലാൾപ്പണി ചെയ്തും ഉപജീവനം നടത്തുവർ രംഗം കൈയടക്കും. ഇനിയുള്ള ഘട്ടമെന്തായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. റഷ്യയും ബംഗാളും അതിന്റെ പാഠപുസ്തകകങ്ങളായി നമുക്കു മുന്നിലുണ്ട്. ഗവണ്മെന്റിനെ വിമർശിച്ചതിന്റെ പേരിൽ അശോകൻ ചെരുവിലിനെത്തന്നെ ഭാവിയിൽ വിചാരണ ചെയ്‌തേക്കാം. അദ്ദേഹത്തിന്റെ പല കഥകളിലും പ്രത്യക്ഷമാവുന്ന ഇടതുപക്ഷ വിമർശനത്തിന്റെ പേരിൽ അന്നത്തെ പുരോഗമന കലാസാഹിത്യസംഘക്കാർ ലേഖനങ്ങളെഴുതിയേക്കാം. എതിർത്താൽ പി എസ് സി അംഗമായിരുന്ന കാലത്തെ ഏതെങ്കിലും ചട്ടലംഘനത്തിന്റെ പേരിൽ ജയിലിലും അയച്ചേക്കാം. അമിതാധികാരം പ്രവർത്തിക്കുന്ന വഴികളെക്കുറിച്ചു ധാരണയുള്ളവർക്ക് ഇത് അതിശയോക്തിയായി തോന്നില്ല.
ഈ കുറിപ്പ് എഴുതി അവസാനിപ്പിച്ചപ്പോഴാണ് ബഹു. വിദ്യാഭ്യാസ മന്ത്രിയുടെ പ്രസംഗത്തിന്റെ വാർത്ത കണ്ടത്. അടുത്ത വർഷം മുതൽ കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും അവധിക്കാല ചലച്ചിത്ര ക്യാമ്പുകൾ ഉണ്ടാകുമെന്നാണതിന്റെ ഉള്ളടക്കം. ആട്ടകഥ പോലെ, നാടകം പോലെ സിനിമയും പഠനവിഷയമാകേണ്ടതുണ്ട് എന്ന നിലപാട് ഇന്ന് എല്ലാവരും സ്വീകരിച്ചു കഴിഞ്ഞതാണ്. പക്ഷേ പത്തുപതിനെട്ടു വർഷം മുമ്പ് അത് കരിക്കുലത്തിൽ ഉൾപ്പെടുത്തുക എന്നത് വിദ്യാഭ്യാസ വിചക്ഷണന്മാർക്ക് സങ്കൽപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ഏറെ വെല്ലുവിളികളിലൂടെ ഇക്കാര്യം ഉന്നത തലങ്ങളിൽ ബോധ്യപ്പെടുത്തി സിനിമയെ പതിയെപ്പതിയെ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിൽ നേതൃപരമായ പങ്ക് വഹിച്ചത് പി. പ്രേമചന്ദ്രനാണ്. പഥേർ പാഞ്ചാലി, ബൈസൈക്കിൾ തീവ്‌സ് തുടങ്ങിയ സിനിമകൾ ലക്ഷക്കണക്കിനു വിദ്യാർഥികൾ കണ്ടു. അനേകം സ്‌കൂളുകൾ ചലച്ചിത്ര മേളകൾ നടത്തി. നല്ല സിനിമയെക്കുറിച്ചുള്ള അവബോധം കുട്ടികളിലുണ്ടായി. അദ്ദേഹം കൂടി ഉൾപ്പെടുന്ന പാഠപുസ്തക കമ്മറ്റി കെട്ടിപ്പൊക്കിയ നിലപാടു തറയിൽ നിന്നു കൊണ്ടാണ് വിദ്യാഭ്യാഭ്യാസ മന്ത്രി ആ പ്രഖ്യാപനം നടത്തിയത് എന്ന് ഓർമ്മിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.