Photos: Unsplash.com, themedium

സർവകലാശാലകൾക്കു മുന്നിലുള്ളത്​

ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ വരവോടെ സർവകലാശാലാ വിദ്യാഭ്യാസം കാതലായ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. സർവകലാശാലകളുടെ ഘടനാപരമായ അതിരുകളെ ഉല്ലംഘിക്കുന്ന ഒരു ആശയമായി ഉന്നത വിദ്യാഭ്യാസം പരിവർത്തിപ്പിക്കപ്പെടും; ഭാവിയിൽ ഉന്നതവിദ്യാഭ്യാസത്തിലുണ്ടാകാൻ പോകുന്ന ആഗോള മാറ്റങ്ങളെക്കുറിച്ച്​

മാറ്റം, അല്ലെങ്കിൽ ദാരുണ അന്ത്യം

ളന്ദ, തക്ഷശില, BCE 387ലെ പ്ലേറ്റോയുടെ അക്കാദമി, അരിസ്റ്റോട്ടിലിന്റെ ലൈസിയം എന്നിങ്ങനെ പൗരാണിക കാലഘട്ടത്തിലുണ്ടായിരുന്ന ധാരാളം സർവകലാശാലകളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എങ്കിലും 1088ൽ ഇറ്റലിയിലെ ബോൾഗാനയിൽ സ്ഥാപിക്കപ്പെട്ട യൂണിവേഴ്‌സിറ്റി ഓഫ് ബോൾഗാനയാണ് ആധുനികലോകത്ത് സ്ഥാപിക്കപ്പെട്ട ആദ്യത്തെ സർവകലാശാല. പതിനൊന്നാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട ഓക്‌സ്‌ഫോർഡ് സർവകലാശാല രണ്ടാമത്തെ പഴയ യൂണിവേഴ്‌സിറ്റി ആണ്.

ചർച്ചകളും തർക്കങ്ങളും പ്രസംഗങ്ങളും ഒക്കെയടങ്ങിയ വൈജ്ഞാനിക കേന്ദ്രങ്ങളായിരുന്നു അക്ഷരാർത്ഥത്തിൽ ഈ സർവകലാശാലകൾ അത്രയും. എന്നാൽ ഏതാണ്ട് പതിനെട്ടാം നൂറ്റാണ്ടോടെ സർവകലാശാലകളുടെ സ്വഭാവത്തിൽ ഏതാണ്ട് ചില മാറ്റങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നുണ്ട്. പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്പിൽ മൊത്തത്തിൽ ഉണ്ടായിരുന്നത് 143ഓളം സർവകലാശാലകളാണ്. ഏതാണ്ട് ഈ കാലഘട്ടം വരെ സർവകലാശാലകലിൽ മാനവിക വിഷയങ്ങളുടെ സ്വാധീനം വളരെ ശക്തമായിരുന്നു. ശാസ്ത്രമടക്കം മാനവികവിഷയങ്ങളുടെ സ്വാധീനത്തിലായിരുന്നുവെന്നുപറഞ്ഞാലും തെറ്റുണ്ടാവുമെന്നു തോന്നുന്നില്ല. നാമിന്നു കാണുന്നതുപോലെയുള്ള ശാസ്ത്ര പഠന രീതികളും ശാസ്ത്ര ഗവേഷണങ്ങളും അന്ന് നിലവിലുണ്ടായിരുന്നില്ല. എന്നാൽ പതിനെട്ടാം നൂറ്റാണ്ടോടെ ശാസ്ത്രങ്ങൾ മാനവിക വിഷയങ്ങളുടെ സ്വാധീന വലയത്തിൽ നിന്ന് അകന്നുപോകുന്നുണ്ട്.

 ഓക്​സ്​ഫോർഡിലെ ബാലിയോൾ കോളജ്, 1870-കളിലെ ചിത്രം.
ഓക്​സ്​ഫോർഡിലെ ബാലിയോൾ കോളജ്, 1870-കളിലെ ചിത്രം.

നാമിന്ന് കാണുന്നതുപോലെയുള്ള ഗവേഷണ ജേണലുകളുടെ പ്രസിദ്ധീകരണവും അതിൽ യൂണിവേഴ്‌സിറ്റികളിൽ പഠിപ്പിക്കുന്ന അധ്യാപകർ എഴുതുന്നതും പതിനെട്ടാം നൂറ്റാണ്ടിലാണ്​ തുടങ്ങുന്നത്​. ജർമനിയിൽ വില്യം ​ഫൊൻ ഹുംബോൾട്ടിനെ പോലെയുള്ളവർ അക്കാദമിക സ്വാതന്ത്ര്യം, സെമിനാർ എന്നിങ്ങനെയുള്ള ആശയങ്ങൾ മുന്നോട്ടുവെക്കുകയും ചർച്ചകൾ, അറിവിന്റെ ഉൽപാദനം, ശാസ്ത്രീയാന്വേഷണങ്ങൾ എന്നിവ അനിഷേധ്യ ഭാഗമാകുകയും ചെയ്യുന്നത് ഈ കാലഘട്ടത്തിലാണ്. ഈ മാറ്റങ്ങളെക്കെയുണ്ടാവുമ്പോഴും ഉന്നതവിദ്യാഭ്യാസം വരേണ്യവർഗത്തിന്റെ മാത്രം പരിപാടി എന്ന കാര്യത്തിൽ വലിയ മാറ്റമുണ്ടായില്ല. പത്തൊമ്പതാം നൂറ്റാണ്ടോടെ യൂറോപ്പിലെയും അമേരിക്കയിലെയും സർവകലാശാലകൾ വരേണ്യ വർഗ്ഗങ്ങളിൽ നിന്ന് കൂടുതൽ ജനവിഭാഗങ്ങളിലേക്ക് തുറന്നു കൊടുക്കുന്നുണ്ട്. ഇതേ കാലയളവിൽ തന്നെ മതത്തിന്റെ സ്വാധീനം പാഠ്യപദ്ധതിയിൽ കുറഞ്ഞു വരുന്നതായും കാണാൻ സാധിക്കുന്നു.

സർവകലാശാലകൾ മാറുന്നു

എന്നാൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ പാതിയോടു കൂടിയും ഇരുപതാം നൂറ്റാണ്ടിലുമായി സർവകലാശാല സങ്കല്പത്തിൽ പ്രബലമായ മറ്റൊരു മാറ്റം കൂടി ഉണ്ടാവുന്നുണ്ട്. ദേശീയമായ ഗവർമെൻറുകളുടെയും, വ്യാവസായിക സമ്പദ് വ്യവസ്ഥയുടെയും ആവശ്യങ്ങളെ അഭിമുഖീകരിക്കുക എന്ന സുപ്രധാന ലക്ഷ്യം സർവകലാശാലകളുടെ ഭാഗമാകുന്നത് ഈ കാലഘട്ടത്തിലാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയോടെ 1858ൽ ഇന്ത്യയിൽ നിലവിൽ വന്ന കൽക്കത്ത, ബോംബെ, മദ്രാസ് യൂണിവേഴ്‌സിറ്റികൾ അടിസ്ഥാനപരമായി ഇത്തരത്തിലുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെയും വ്യാവസായിക താൽപര്യങ്ങളുടെയും സ്വാധീനത്തിൽ ഉണ്ടായി വന്ന സർവകലാശാലകളാണ്.

സ്വയം പരിവർത്തിപ്പിക്കാനുതകുന്ന ഉന്നത വിദ്യാഭ്യാസ ഇക്കോ സിസ്റ്റം നിലവിൽ വന്നില്ലെങ്കിൽ സർവകലാശാലകളുടെ ദാരുണമായ അന്ത്യത്തിന് നാം സാക്ഷിയാകേണ്ടി വരും

സാമൂഹിക കാര്യക്ഷമത (Social efficiency) സിദ്ധാന്തം യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിന്റെ ഭാഗമായി മാറുന്നത് ഈ കാലഘട്ടത്തിലാണ്. സർവകലാശാലകൾ സാമൂഹിക ആവശ്യങ്ങളെ നിറവേറ്റുന്നതിനുള്ള ഒരു പ്രധാന ഉപകരണമായിട്ടാണ് സാമൂഹിക കാര്യക്ഷമത വാദം സിദ്ധാന്തിച്ചത്. ജോൺ ബോബിറ്റിലൂടെയും ഫ്രെഡറിക് വിൻസലോ ടെയിലറിലൂടെയും വികസിച്ചുവന്ന സാമൂഹിക കാര്യക്ഷമതാ സിദ്ധാന്തം സമൂഹത്തിന്റെ അടിസ്ഥാനഘടകമായ വ്യവസായശാലകൾക്ക് പ്രവർത്തിക്കുന്നതിനാവശ്യമായ ശേഷികളുള്ള തൊഴിലാളികളെ നിർമിച്ചെടുക്കുക എന്ന ലക്ഷ്യം വച്ചുള്ളതായിരുന്നു. സാമൂഹിക കാര്യക്ഷമത വാദം സർവകലാശാലകളുടെ പ്രവർത്തന പദ്ധതിയിലേക്ക് ആഗോളതലത്തിൽ വ്യാപിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അതുകൊണ്ടുതന്നെ കാര്യക്ഷമത എന്ന ആശയം സർവകലാശാലകളുടെ പ്രവർത്തനത്തെ സ്വാധീനിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകമായി മാറി. അതിന്റെ ഫലമായി സർവകലാശാലകൾ മൂർത്തമായതും അളന്നു തിട്ടപ്പെടുത്താവുന്നതുമായ ഉൽപന്നങ്ങൾ നിർമിക്കുക എന്ന ഉദ്ദേശ്യത്തെ കേന്ദ്രബിന്ദുവാക്കിയുള്ള പ്രവർത്തനങ്ങളിലേക്ക് മാറുകയാണുണ്ടായത്.

ജോൺ ബോബിറ്റ്, ഫ്രെഡറിക് വിൻസലോ ടെയിലർ
ജോൺ ബോബിറ്റ്, ഫ്രെഡറിക് വിൻസലോ ടെയിലർ

സാമൂഹിക കാര്യക്ഷമതാ സങ്കൽപത്തിൽ നിന്ന് ഉന്നത വിദ്യാഭ്യാസം ഒരു വലിയ പരിവർത്തനത്തെ നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണുള്ളത്. വ്യാവസായിക ലക്ഷ്യങ്ങൾ ആയിരുന്നു എങ്കിൽ കൂടിയും പരസ്പര സഹായവും സഹകരണവും ഒരു അളവുവരെയെങ്കിലും സാമൂഹിക കാര്യക്ഷമതാ വാദത്തിൽ ഉള്ളടങ്ങിയിരുന്നു. ഇതിൽ നിന്ന് വ്യത്യസ്തമായി, മത്സരാത്മകത വിദ്യാഭ്യാസത്തെ ഒന്നടങ്കം, വിശിഷ്യ, ഉന്നതവിദ്യാഭ്യാസത്തെ കീഴടക്കി കൊണ്ടിരിക്കുകയാണ്. വിദ്യാർഥികൾ പരസ്പരം മത്സരിക്കുമ്പോൾ, അദ്ധ്യാപകർ താങ്കളുടെ സ്‌ക്കോറുകൾ ഉയർത്തുന്നതിനു വേണ്ടി മത്സരിക്കുന്നു. സ്ഥാപനങ്ങൾ താങ്കളുടെ ഗ്രേഡുകൾ ഉയർത്തുന്നതിന്​ മത്സരിക്കുന്നു. ഇരുപതാം നൂറ്റാണ്ട് വരെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് അന്യമായിരുന്ന ഒന്നായിരുന്നു ഈ അതി തീവ്ര മത്സര്യം. സാമൂഹിക കാര്യക്ഷമതാ വാദത്തിൽ നിന്ന്​ അതി മാത്സര്യവാദത്തിലേക്ക് ഉന്നതവിദ്യാഭ്യാസം ചുവടു മാറുമ്പോൾ ഘടനാപരമായ മാറ്റങ്ങൾക്ക് സർവകലാശാല സങ്കല്പം വിധേയമാകും.

സ്​ഥലകാലങ്ങൾക്ക്​ അപ്പുറത്തേക്ക്​

ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വരവോടെ സർവകലാശാലാ വിദ്യാഭ്യാസം കാതലായ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഈ മാറ്റങ്ങളെ ത്വരിതപ്പെടുത്തുന്ന രീതിയിലാണ് കോവിഡ് മഹാമാരി ഉണ്ടാവുന്നത്.
ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉന്നത വിദ്യാഭ്യാസ പ്രക്രിയ പുതിയ ഒരു തലത്തിലേക്ക് തന്നെ കടക്കുകയാണ്. ‘മാസ്സീവ് ഓപൺ ഓൺലൈൻ കോഴ്‌സു’കൾ (MOOC- ‘മൂക്​’) എന്നറിയപ്പെടുന്ന സംവിധാനം വഴി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് തങ്ങൾക്ക് ആവശ്യമുള്ള കോഴ്‌സുകൾ തിരഞ്ഞെടുത്ത് ചെയ്യുന്നതിനുള്ള അവസരം ലഭ്യമാകും. പഴയ കാലത്ത് നിലനിന്നിരുന്ന വിദൂര വിദ്യാഭ്യാസ വ്യവസ്ഥയെ അപ്പാടെ തൂത്തുമാറ്റി ‘മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്‌സു’കൾ കളം പിടിക്കുകയാണ് ആദ്യം ചെയ്യുക.

‘മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്‌സു’കൾ വഴി ഉന്നതവിദ്യാഭ്യാസരംഗത്ത് പഠിക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ മാനകീകരണം വലിയ അളവിൽ ഉണ്ടാകാനുള്ള സാധ്യതയാണ് ഭാവി ഉന്നത വിദ്യാഭ്യാസ മേഖലയിൽ അനിവാര്യമായ ഒരു മാറ്റം.

ഡിജിറ്റലായി വിദ്യാർഥികകളിലേക്ക് എത്തപ്പെടുന്ന ഇത്തരം പാഠ്യപദ്ധതിയും പാഠ്യവസ്തുക്കളും സ്ഥാപനവൽക്കരിക്കപ്പെട്ട വിദ്യാഭ്യാസ പ്രക്രിയയ്ക്ക് ആവശ്യമായ സ്ഥലകാല നിബന്ധനകളെ നിരാകരിക്കുന്നുണ്ട്. ഈ സ്ഥലകാലനിരസത്തോടൊപ്പം, കുറഞ്ഞ ചെലവിലുള്ള ഡിഗ്രികൾ, കാലഘട്ടത്തിന് ആവശ്യമായ നൈപുണികൾ, സാങ്കേതിക വിദ്യയുടെ കാര്യക്ഷമമായ ഉപയോഗം, സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദ്യാഭ്യാസം ജനകീയ വൽക്കരിക്കുകയും അരികുവൽക്കരിക്കപ്പെട്ടവരിലേക്ക് എത്തിക്കുകയും ചെയ്യുന്നതിനുള്ള കഴിവ് എന്നിങ്ങനെ പല മേന്മകളും ഈ തരത്തിലുള്ള വിദ്യാഭ്യാസത്തിന് അതിന്റെ പ്രയോക്താക്കൾ അവകാശപ്പെടുന്നുണ്ട്.
ഭാവി കാലത്തെ യൂണിവേഴ്‌സിറ്റി സങ്കൽപ്പത്തെ തന്നെ മാറ്റിമറിക്കാൻ പ്രാപ്തമാണ് ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ കടന്നുവരുന്ന ഉന്നത വിദ്യാഭ്യാസ മാതൃകകൾ.

പഴയ കാലത്ത് നിലനിന്നിരുന്ന വിദൂര വിദ്യാഭ്യാസ വ്യവസ്ഥയെ അപ്പാടെ തൂത്തുമാറ്റി  ‘മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്‌സു’കൾ കളം പിടിക്കുകയാണ് ആദ്യം ചെയ്യുക.
പഴയ കാലത്ത് നിലനിന്നിരുന്ന വിദൂര വിദ്യാഭ്യാസ വ്യവസ്ഥയെ അപ്പാടെ തൂത്തുമാറ്റി ‘മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്‌സു’കൾ കളം പിടിക്കുകയാണ് ആദ്യം ചെയ്യുക.

‘മൂക്​’ വഴിയുള്ള കോഴ്‌സുകൾ ലോകമെമ്പാടും പ്രശസ്തമാകുന്നതോടുകൂടി ഉന്നത വിദ്യാഭ്യാസം കാംക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള സർവകലാശാലകളുടെ കീഴിൽ ഉന്നതവിദ്യാഭ്യാസ യോഗ്യത നേടുന്നതിനുള്ള വഴികൾ തുറക്കപ്പെടും. അതായാത് പാർലമെൻറിൽ വിദേശ സർവകലാശാലാ ബിൽ പാസാവുന്നതിനുമുമ്പുതന്നെ അതിന്റെ അന്തസത്ത വലിയെരളവുവരെ രാജ്യത്ത് (പല രാജ്യങ്ങളലും) നടപ്പാക്കപ്പെടും. സ്ഥല കാലഭേദങ്ങൾ നിഷേധിക്കുന്നതും, കുറഞ്ഞ ചെലവിൽ പഠനം ആഗോളതലത്തിൽ പൂർത്തിയാക്കാൻ സാധിക്കുന്നതും, വിദ്യാർത്ഥിയുടെ സമയത്തിനനുസരിച്ച് പഠനം പൂർത്തിയാക്കാൻ സാധിക്കുന്നതുമായ ഇത്തരം കോഴ്‌സുകളിലൂടെ ഉന്നതവിദ്യാഭ്യാസം വലിയ അളവിൽ മാനകീകരിക്കപ്പെടുന്ന അവസ്ഥ സംജാതമാകും. പ്രബലമായ സർവകലാശാലകളുടെ ഓൺലൈൻ കോഴ്‌സുകൾ ലോകമെമ്പാടും സ്വീകരിക്കപ്പെടുകയും അതുവഴി ഒരു പുതിയ ഉന്നത വിദ്യാഭ്യാസ സംസ്‌കാരം രൂപപ്പെടുകയും ചെയ്യും.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഉന്നത വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള ഒരു മാർഗമായി മാത്രം തദ്ദേശീയമായി നിർമിക്കപ്പെടുന്ന ‘മൂക്​’ കോഴ്‌സുകൾ മാറാനാണ് സാധ്യത.

മൾട്ടി ചാനൽ ടെലിവിഷനുകൾ വഴി നമ്മുടെ കുട്ടികളിലേക്ക് ടോം ആൻഡ് ജെറി, സ്‌പൈഡർമാൻ, ഹാരി പോട്ടർ എന്നിങ്ങനെയുള്ള പരിപാടികൾ എത്തുകയും അതുവഴി ആസ്വാദനം വലിയ അളവിൽ ക്രോഡീകരിക്കുകയും മാനകീകരിക്കപ്പെടുകയും ചെയ്യപ്പെടുന്നുണ്ട്. ഇതിനെ കുറച്ചുകൂടി ആഴത്തിലാക്കുന്ന രീതിയിലാണ് വീഡിയോ ഗെയിമുകളും മറ്റും ഇന്റർനെറ്റ് സഹായത്തോടുകൂടി കടന്നുവന്നത്. ഇത്തരത്തിൽ വിദ്യാർത്ഥികളുടെ ആസ്വാദനത്തെ, താല്പര്യത്തെ, ഒഴിവുസമയങ്ങൾ ചെലവാക്കുന്നതിനുള്ള മാർഗ്ഗത്തെ വലിയ ആളവിൽ ഏകീകരിക്കുന്ന ഒരു പ്രക്രിയ നടപ്പാക്കപ്പെടുന്നുണ്ട്. ഇതേ മാതൃകയിൽ ‘മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്‌സു’കൾ വഴി ഉന്നതവിദ്യാഭ്യാസരംഗത്ത് പഠിക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ മാനകീകരണം വലിയ അളവിൽ ഉണ്ടാകാനുള്ള സാധ്യതയാണ് ഭാവി ഉന്നത വിദ്യാഭ്യാസ മേഖലയിൽ അനിവാര്യമായ ഒരു മാറ്റം. ഇതിന്റെ ഗുണദോഷഫലങ്ങളെ കുറിച്ചുള്ള ചർച്ച ഇവിടെ ഉദ്ദേശിക്കുന്നില്ല. മറിച്ച് ഇത്തരം മാറ്റങ്ങൾ വളരെ അനിവാര്യവും തടഞ്ഞുനിർത്താൻ പറ്റാത്തതുമാണ് എന്ന തിരിച്ചറിവ് നമ്മിൽ പതിയെ ഉരുത്തിരിഞ്ഞുകൊണ്ടിരിക്കുകയാണ്.

വിദ്യാർത്ഥികളുടെ ആസ്വാദനത്തെ, താല്പര്യത്തെ, ഒഴിവുസമയങ്ങൾ ചെലവാക്കുന്നതിനുള്ള മാർഗ്ഗത്തെ വലിയ ആളവിൽ ഏകീകരിക്കുന്ന ഒരു പ്രക്രിയ നടപ്പാക്കപ്പെടുന്നുണ്ട്.  / Photo: from PUBG Game
വിദ്യാർത്ഥികളുടെ ആസ്വാദനത്തെ, താല്പര്യത്തെ, ഒഴിവുസമയങ്ങൾ ചെലവാക്കുന്നതിനുള്ള മാർഗ്ഗത്തെ വലിയ ആളവിൽ ഏകീകരിക്കുന്ന ഒരു പ്രക്രിയ നടപ്പാക്കപ്പെടുന്നുണ്ട്. / Photo: from PUBG Game

പ്രാദേശികമായും ‘മൂക്​’ കോഴ്‌സുകൾ നിർമിച്ച് വിതരണം ചെയ്യാൻ സാധിക്കും എന്നത് വാസ്തവം തന്നെയാണ്. എന്നാൽ പോലും ആഗോളതലത്തിലുള്ള സർവകലാശാലകളിൽ നിർമിക്കപ്പെടുന്ന ‘മൂക്​’ കോഴ്‌സുകളുമായി താരതമ്യം ചെയ്യുമ്പോൾ നമ്മുടെ സർവകലാശാലകളിൽ ഉൽപാദിപ്പിക്കുന്ന ‘മൂക്’ കോഴ്‌സുകളുടെ മത്സരാത്മകത വലിയ ചോദ്യചിഹ്നമായി മാറും. പ്രാദേശികമായ സർവകലാശാലകളിൽ നിർമിക്കപ്പെടുന്ന ‘മൂക്​’ കോഴ്‌സുകളുടെ നിലനിൽപ്പിന് ഏറ്റവും അനിവാര്യമായി ആശ്രയിക്കാൻ പറ്റുന്ന ഘടകം, ഗവൺമെൻറ്​ ജോലികൾക്ക് യോഗ്യമായ ‘മൂക്​’ കോഴ്‌സുകൾ എന്ന തരത്തിൽ മാത്രമാവും.

പുതിയ പെൻഷൻ സ്‌കീമിന്റെ വരവോടെ ഗവൺമെൻറ്​ ജോലിയും അതിന്റെ ഭാഗമായി ഉണ്ടായിരുന്നു സാമ്പത്തിക സ്ഥിരതയും ഏതാണ്ട് പ്രൈവറ്റ് ജോലിക്ക് തുല്യമായിക്കൊണ്ടിരിക്കുകയാണ്. നയങ്ങളുടെ തുടർച്ചക്ക് ഭരണമാറ്റം തടസ്സമാവുന്നില്ല എന്നതിന്റെ ഉദാഹാരണമാണ് പ്രതിപക്ഷത്തായിരുന്നപ്പോൾ എൽ.ഡി.എഫ്​ എതിർത്ത പുതിയ പെൻഷൻ സ്‌കീം അവർ രണ്ടാം തവണ ഭരണത്തിൽ വരുമ്പോഴും മാറ്റമില്ലാതെ തുടരുന്നത്. ഗവൺമെൻറ്​ ഉദ്യോഗസ്ഥർക്ക് കിട്ടുന്ന പുതിയ പെൻഷൻ സ്‌കീം, ഇൻഷുറൻസ് പരിരക്ഷ എന്നിവയൊക്കെ സ്വകാര്യമേഖലയിലും ഇപ്പോൾ നിലവിലുണ്ട്. അതുകൊണ്ടുതന്നെ ഗവൺമെൻറ്​ ജോലി ഭാവി സമൂഹത്തിന് വലിയൊരു കൊതിപ്പിക്കുന്ന ലക്ഷ്യമായിക്കൊള്ളണമെന്നില്ല. സ്വകാര്യ മേഖലയിലെ ജോലികൾക്ക് അന്തർദേശീയതലത്തിൽ ഉയർന്ന നിലവാരമുള്ള യൂണിവേഴ്‌സിറ്റികളുടെ ‘മൂക്​’ കോഴ്‌സുകൾക്ക് കൂടുതൽ പരിഗണന ലഭിക്കുമ്പോൾ സ്വാഭാവികമായും തദ്ദേശീയമായ നിർമിക്കപ്പെട്ട ‘മൂക്​’ കോഴ്‌സുകൾ വലിയ അളവിൽ ദയനീയമായി പരാജയപ്പെട്ടുപോയേക്കാം.

അന്തർദേശീയ തലത്തിൽ കോഴ്‌സുകൾ അംഗീകരിക്കപ്പെടുമ്പോൾ പ്രാദേശിക കോഴ്‌സുകൾ മാത്രം അംഗീകരിച്ച്​ തൊഴിൽ അപേക്ഷകരെ തിരഞ്ഞെടുക്കുന്നതിന് പ്രൈവറ്റ് സ്ഥാപനങ്ങൾക്കും ഗവൺമെൻറ്​ സ്ഥാപനങ്ങൾക്കും പരിമിതി നേരിടും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഉന്നത വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള ഒരു മാർഗമായി മാത്രം തദ്ദേശീയമായി നിർമിക്കപ്പെടുന്ന ‘മൂക്​’ കോഴ്‌സുകൾ മാറാനാണ് സാധ്യത. അതുകൊണ്ടുതന്നെ ‘മൂക്​’ കോഴ്‌സുകളിലൂടെ യൂണിവേഴ്‌സിറ്റികൾക്ക് പഴയകാല വിദൂരവിദ്യാഭ്യാസ കേന്ദ്രങ്ങളിലൂടെ നേടിയതുപോലെയുള്ള സാമ്പത്തിക ലാഭമുണ്ടാക്കാൻ കഴിയുകയില്ലയെന്ന്​ ചുരുക്കം. വരിഞ്ഞുമുറുക്കുന്ന ഈ മത്സരാത്മകതയുടെ ആത്യന്തിക ഫലമായി പൊതു സർവകലാശാലാ സമ്പ്രദായം വലിയ അസ്തിത്വ പ്രതിസന്ധി നേരിടും. മികവുള്ള അധ്യാപകർ നല്ല ‘മൂക്​’ കോഴ്‌സുകളിലൂടെ വിദ്യാർഥികളെ ആകർഷിക്കുമ്പോഴും ഓരോ വിദ്യാർത്ഥിയും പല യൂണിവേഴ്‌സിറ്റികളിൽ നിന്ന്​ തിരഞ്ഞെടുത്ത ‘മൂക്​’ കോഴ്‌സുകളിലൂടെയാവും ബിരുദം പൂർത്തിയാക്കുക. അതുകൊണ്ടുതന്നെ സർവകലാശാല എന്ന സമഗ്രത ഭാവിയിൽ നഷ്ടമാവും. ഓരോ സർവകലാശാലയും അവർ പരമ്പരാഗതമായി പ്രദാനം ചെയ്യുന്ന ബിരുദ പരിപാടികളുടെ ഒരു ഭാഗം മാത്രം നൽകുന്ന (അതായത് വിദ്യാർത്ഥികൾ സ്വയമേവ തിരഞ്ഞെടുക്കുന്ന സ്വന്തം സർവകലാശാലയിലേതോ മറ്റു സർവകലാശാലയിലേതോ ആയ ‘മൂക്​’ കോഴ്‌സുകൾ) ഇടങ്ങളായി ചുരുങ്ങി പോവുകയാണ് ചെയ്യുക.

വ്യാവസായിക താൽപര്യങ്ങളുടെയും അതിന്റെ അടിസ്ഥാനത്തിൽ ജോലികൾ അന്വേഷിക്കുന്ന വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും താൽപര്യങ്ങൾക്കനുസരിച്ച് കോഴ്‌സുകൾ രൂപപ്പെടുത്തേണ്ട സാഹചര്യം സംജാതമാകും.

അധ്യാപകരും അവർ പ്രദാനം ചെയ്യുന്ന ‘മൂക്​’ കോഴ്‌സുകളും ഉന്നത സർവകലാശാലായുടെ അടിസ്ഥാന യൂണിറ്റുകളായി മാറും. ഓരോ യൂണിറ്റിനും വിദ്യാഭ്യാസ ഉപഭോക്താക്കളെ കണ്ടെത്തുന്നതിൽ അധികാരവും സ്വയം പര്യാപ്തതയും അനുവദിച്ചുകെടുക്കപ്പെടുമ്പോൾ ഒരധ്യാപകനും അവർ പഠിപ്പിക്കുന്ന കോഴ്‌സും (പഴയ ഭാഷയിൽ പേപ്പർ) ഒരു സർവകളാശാലയോടുമാത്രം ബന്ധപ്പെട്ടിരിക്കുക എന്നത് അസാധ്യമായി മാറും. ഇങ്ങനെ യൂണിറ്റുകളുടെ ആകെത്തുകയാണ് സർവകലാശാല വിദ്യാഭ്യാസം എന്നുവരുമ്പോൾ വിദ്യാഭ്യാസ അനുഭവങ്ങളുടെ സമഗ്രത നഷ്ടമാവുകയും മത്സരാത്മകത പ്രകടിപ്പിക്കുന്ന അധ്യാപകർ, സർവകലാശാലകൾ എന്നിവ മാത്രം പ്രസക്തമാവുകയും ചെയ്യുന്ന അവസ്ഥയാണ് സംജാതമാകുന്നത്. ഈ ഒരു സാഹചര്യത്തിൽ പല പൊതു സർവകലാശാലകളും ഒന്നുകിൽ ചുരുങ്ങുകയോ അല്ലെങ്കിൽ അടച്ചുപൂട്ടൽ ഭീഷണി നേരിടുകയോ ചെയ്യും.

സ്റ്റാൻഫോഡ് സർവകലാശാലയിലെ പ്രൊഫസർ ആൻഡ്രൂ നാൻ ഒരു ഓൺലൈൻ 'മൂക്' കോഴ്‌സിൽ മെഷീൻ ലേണിംഗ് ക്ലാസ് നൽകുന്നു. / Photo: Coursera.org
സ്റ്റാൻഫോഡ് സർവകലാശാലയിലെ പ്രൊഫസർ ആൻഡ്രൂ നാൻ ഒരു ഓൺലൈൻ 'മൂക്' കോഴ്‌സിൽ മെഷീൻ ലേണിംഗ് ക്ലാസ് നൽകുന്നു. / Photo: Coursera.org

ഈ മത്സരാത്മകതക്ക് പറ്റുന്ന രീതിയിലാണോ നമ്മുടെ യൂണിവേഴ്‌സിറ്റികൾ മുൻപോട്ടു പോകുന്നത് എന്നത് വളരെ പ്രസക്തമായ ചോദ്യമാണ്. യൂണിവേഴ്‌സിറ്റി തലങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന നിയമനങ്ങൾ ഭാവി മാറ്റങ്ങൾക്ക് എത്രകണ്ട് ഊന്നൽ നൽകുന്നുണ്ട് എന്നതും പ്രധാനമാണ്. ഇപ്പോൾ നമ്മുടെ സർവകലാശാലകളിൽ നിയമിക്കപ്പെടുന്നവരാണ് ഭാവിയിൽ ഈ മത്സരാത്മകതയെ നേരിടേണ്ടി വരിക. മത്സരാത്മകതയെ നേരിടുന്നതിനുള്ള കഴിവും പ്രാപ്തിയും ഇല്ലാത്ത, രാഷ്ട്രീയ ബന്ധത്തിന്റെയും മറ്റ് സ്വാധീനങ്ങളിലൂടെയും പേരിൽ മാത്രം സർവകലാശാലകളിൽ നിയമിക്കപ്പെടുന്നവർ വലിയ മത്സരങ്ങളുടെ ലോകത്ത് യൂണിവേഴ്‌സിറ്റികളെ എത്രമാത്രം മുന്നോട്ട് കൊണ്ടുപോകും എന്നത് കാത്തിരുന്നു കാണേണ്ടതാണ്.

ഒരു ആഗോള നിയന്ത്രണ സംവിധാനം ഉന്നത വിദ്യാഭ്യാസത്തിൽ രൂപപ്പെട്ടുവരുന്നത് വളരെ പ്രകടമായി ഇപ്പോഴേ നമുക്ക് കാണാം

ഉന്നത വിദ്യാഭ്യാസ പ്രക്രിയയിൽ സ്ഥാപനങ്ങൾക്ക് (സർവകലാശാലകൾ, കോളേജുകൾ) വലിയ നിയന്ത്രണങ്ങളുള്ള സംവിധാനമാണ് നമുക്കുള്ളത്. എന്നാൽ ആഗോളതലത്തിൽ കോഴ്‌സുകൾ ലഭ്യമാകുമ്പോൾ സ്ഥാപനങ്ങൾക്ക് ഉന്നതവിദ്യാഭ്യാസ പ്രക്രിയയെ എപ്രകാരം രൂപപ്പെടുത്തണം എന്നതിനുള്ള സവിശേഷമായ സാഹചര്യവും അധികാരവും ചുരുക്കപ്പെടും. മറിച്ച് വ്യാവസായിക താൽപര്യങ്ങളുടെയും അതിന്റെ അടിസ്ഥാനത്തിൽ ജോലികൾ അന്വേഷിക്കുന്ന വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും താൽപര്യങ്ങൾക്കനുസരിച്ച് കോഴ്‌സുകൾ രൂപപ്പെടുത്തേണ്ട സാഹചര്യം സംജാതമാകും. ഒരു ആഗോള നിയന്ത്രണ സംവിധാനം ഉന്നത വിദ്യാഭ്യാസത്തിൽ രൂപപ്പെട്ടുവരുന്നത് വളരെ പ്രകടമായി ഇപ്പോഴേ നമുക്ക് കാണാം. ഏതു ബിരുദം തുടങ്ങണം, പാഠ്യപദ്ധതി എങ്ങനെ പരിഷ്‌കരിക്കണം, സിലബസിൽ എന്തൊക്കെ ഉൾപ്പെടുത്തണം, എന്തൊക്കെ തരത്തിലുള്ള വിദ്യാഭ്യാസ അനുഭവങ്ങൾ ക്രമീകരിക്കണം എന്നിവയെല്ലാം സ്ഥാപനങ്ങളുടെ സവിശേഷമായ അധികാരങ്ങൾക്കു പുറത്തേക്ക് പോവുകയും വിദ്യാഭ്യാസത്തിന്റെ ഉപഭോക്താക്കളുടെ താൽപര്യങ്ങൾക്കനുസരിച്ച് രൂപപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥ സംജാതമാകും.

ഇതേ സാഹചര്യത്തിലൂടെ നമ്മുടെ വാർത്താമാധ്യമങ്ങൾ കടന്നുപോയിട്ടുണ്ട്. ഒരുകാലത്ത് തങ്ങളുടെ വായനക്കാരുടെ ചിന്തയെയും പ്രവർത്തികളെയും സ്വാധീനിക്കുന്നത് പത്രമാധ്യമങ്ങൾ ആയിരുന്നു. അതായത് പത്രമാധ്യമങ്ങൾ രൂപപ്പെടുത്തിയ ഒരു തലമുറ തന്നെ ഉണ്ടായിരുന്നു എന്നുപറയുന്നതിൽ അതിശയോക്തിയില്ല. സ്വാതന്ത്ര്യ സമരകാലഘട്ടത്തിലും മറ്റും വാർത്താ മാധ്യമങ്ങൾ എങ്ങനെയാണ് ഇന്ത്യൻ യുവത്വത്തെ സ്വാധീനിച്ചത് എന്നത് വളരെ വ്യക്തമാണ്. എന്നാൽ വാർത്താമാധ്യമങ്ങളുടെ പിന്നീടുള്ള കാലഘട്ടത്തിൽ വലിയ പരിവർത്തനങ്ങൾ ഉണ്ടാവുകയും വാർത്താ മാധ്യമങ്ങളെ വായനക്കാർ രൂപപ്പെടുത്തുന്ന സാഹചര്യം സംജാതമാവുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ദൃശ്യ- ശ്രവ്യ- പ്രിൻറ്​ മാധ്യമങ്ങൾ വായനക്കാരെ രൂപപ്പെടുത്തുന്ന കാഴ്ചയല്ല, മറിച്ച് വായനക്കാർ മാധ്യമങ്ങളെ രൂപപ്പെടുത്തുന്ന കാഴ്ചയാണ് നാമിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. വായനക്കാരുടെ താൽപര്യങ്ങളെ തൃപ്തിപ്പെടുത്താതെ ഒരു മാധ്യമത്തിനും നിലനിൽക്കാൻ സാധിക്കുകയില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അതുകൊണ്ടുതന്നെ വായനക്കാരുടെ താൽപര്യങ്ങളെ മൈക്രോസ്‌കോപ്പ് വെച്ച് പരിശോധിച്ച് അവർക്ക് ആവശ്യമുള്ളത് എത്തിച്ചുകൊടുക്കുന്നതിന്​ വാർത്താ മാധ്യമങ്ങൾ ഇപ്പോൾ മത്സരിച്ചു കൊണ്ടിരിക്കുന്നു. ഇതുവഴി ‘നിർമ്മിച്ചെടുക്കാനുള്ള' സവിശേഷമായ അധികാരവും ഉത്തരവാദിത്വവും ചോർന്നു പോവുകയാണ് ചെയ്യുന്നത്. ഇതേ അവസ്ഥ തന്നെയാണ് ഉന്നത വിദ്യാഭ്യാസവും ഭാവി കാലങ്ങളിൽ നേരിടാൻ പോകുന്നത്.

നിലനിൽക്കുന്ന ജോലികൾ പലതും യന്ത്രവൽക്കരിക്കപ്പെടുമ്പോൾ ബിരുദ പഠനവും അതുവഴി ആർജ്ജിച്ച നൈപുണികളും ശേഷികളുമായി ഒരു വ്യക്തിക്ക് ജീവിതകാലം മുഴുവൻ ഒരു ജോലിയിൽ തുടരാൻ കഴിഞ്ഞു എന്നുവരില്ല.

ഉന്നത വിദ്യാഭ്യാസത്തിന്റെ സാർവ്വത്രികമായ (സൗജന്യമല്ല) ലഭ്യത സംഗീതം, ചലച്ചിത്രം, വീഡിയോ ഗെയിമുകൾ എന്നിങ്ങനെയുള്ള മറ്റ് ആസ്വാദന ഉപാധികൾക്ക് സമാനമായ സാഹചര്യത്തിലേക്ക് ഉന്നതവിദ്യാഭ്യാസത്തെ നയിക്കും. യുവത്വം ഒഴിവുസമയം മാറ്റിവെക്കുന്നത് വീഡിയോ ഗെയിമുകൾ, സംഗീതം, ചലച്ചിത്രം എന്നിങ്ങനെ ചടുലമായ ദൃശ്യ-ശ്രവ്യ സങ്കലനത്തിലൂടെ നിർമ്മിക്കപ്പെടുന്ന ഉപാധികളെ ആശ്രയിച്ചാണ്. അതുകൊണ്ടുതന്നെ ആഗോള ഡിജിറ്റൽ ലോകത്ത് ഉന്നത വിദ്യാഭ്യാസത്തിനും മത്സരിക്കേണ്ടിവരിക ഒരേ ഉപകരണത്തിലൂടെ വന്നെത്തുന്ന മേൽപ്പറഞ്ഞ ആസ്വാദന പരിപാടികളുമായിട്ടവും. കാരണം ഈ വിനോദോപാധികൾ ലാഭ്യമാവുന്ന മെബൈൽ ഫോൺ അല്ലെങ്കിൽ കംപ്യൂട്ടറിലൂടെയാണ് ‘മൂക്​’ വഴിയുള്ള ഡിജിറ്റൽ ക്ലാസുകളും എത്തിച്ചേരുക. സിനിമയും സംഗീതവും സ്‌പോർട്‌സും ഒക്കെ വിദ്യാർഥികളുടെ വിദ്യാഭ്യാസ പ്രക്രിയയ്ക്ക് എക്കാലവും വലിയ വെല്ലുവിളി തന്നെയാണ്. എന്നാൽ ഇവയൊക്കെ തന്നെ വ്യത്യസ്തമായ ഭൗതിക സാഹചര്യങ്ങളിൽ ( സിനിമാ തിയേറ്റർ, മൈതാനം എന്നിങ്ങനെ) മാത്രമാണ് ലഭ്യമായിരുന്നത് എന്നുള്ളതുകൊണ്ട് ഒന്നിൽ നിന്ന്​ മറ്റൊന്നിലേക്ക് പോകുക എന്നത് സമയം- സ്ഥലം എന്നിങ്ങനെയുള്ള ഘടകങ്ങളെ വലിയൊരളവിൽ ആശ്രയിച്ചിരുന്നു. എന്നാൽ സമയവും സ്ഥലവും മാറാതെ മ്യൂസിക്കും ചലച്ചിത്രവും ഗെയിമുകളും വിദ്യാഭ്യാസവും ഒരൊറ്റ ഭൗതിക മാർഗ്ഗത്തിലൂടെ ലഭ്യമാകുന്ന സാഹചര്യങ്ങൾ, മൊബൈൽ ഫോൺ അല്ലെങ്കിൽ കമ്പ്യൂട്ടർ, ഇവയ്ക്കു വേണ്ടിയുള്ള വീതംവെപ്പ് മുൻകാലങ്ങളിലേതിനേക്കാൾ എളുപ്പമായി മാറുന്നു. അതായത് മറ്റുള്ള വിനോദോപാധികളുമായി വിദ്യാഭ്യാസത്തിന്റെ മത്സരം മുഖാമുഖം നടക്കേണ്ടുന്ന അവസ്ഥ സംജാതമാകും.

ഇങ്ങനെ ഒരു മത്സരം ഉണ്ടായാൽ വിദ്യാഭ്യാസ പ്രക്രിയ ദയനീയ പരാജയമാണ് സാധ്യത. കാരണം വിദ്യാർഥികളുടെ സ്വാഭാവികമായ താല്പര്യത്തെ ഉണർത്തി മറ്റ് ആസ്വാദന മാർഗങ്ങളുമായി മത്സരിച്ച് മുന്നേറുന്ന രീതിയിൽ വൈജ്ഞാനികതയെ രൂപപ്പെടുത്തുക എന്നത് വലിയ വെല്ലുവിളിയായി മാറും. അതുകൊണ്ടുതന്നെ വൈജ്ഞാനികത ഏറ്റവും ആകർഷകമായ ഒന്നാക്കി അവതരിപ്പിക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടായാൽ അറിവിൽ നിന്ന്​തിരിച്ചറിവിലേക്കുള്ള ദൂരം വരുംകാല സമൂഹത്തിൽ പതിന്മടങ്ങു വർദ്ധിക്കും. ഒരു വൈജ്ഞാനിക സമൂഹത്തെ നിലനിർത്തുന്നതിന് വൈജ്ഞാനികതയെ ഏറ്റവും ആകർഷകവും അനിവാര്യവുമായ രീതിയിൽ അവതരിപ്പിക്കുന്നതിന്​ സാധിക്കുന്ന അധ്യാപകർക്കും വിദ്യാഭ്യാസ വ്യവസ്ഥയ്ക്കും മാത്രമേ സാധിക്കൂ. ഇത്തരം ഒരു മാറ്റത്തെ മുൻകൂട്ടി കണ്ട്​ നാം ഇനിയെങ്കിലും പ്രവർത്തിക്കേണ്ടിയിരിക്കുന്നു. ഈ തയ്യാറെടുപ്പുകളുടെ കാര്യത്തിൽ നമ്മുടെ കേരളത്തിലെ സർവകലാശാലകൾ എന്ത് ചെയ്യുന്നു എന്നതാണ് ചോദ്യം.

 മറ്റുള്ള വിനോദോപാധികളുമായി വിദ്യാഭ്യാസത്തിന്റെ മത്സരം മുഖാമുഖം നടക്കേണ്ടുന്ന അവസ്ഥ സംജാതമാകും. ഇങ്ങനെ ഒരു മത്സരം ഉണ്ടായാൽ വിദ്യാഭ്യാസ പ്രക്രിയ ദയനീയ പരാജയമാണ് സാധ്യത.
മറ്റുള്ള വിനോദോപാധികളുമായി വിദ്യാഭ്യാസത്തിന്റെ മത്സരം മുഖാമുഖം നടക്കേണ്ടുന്ന അവസ്ഥ സംജാതമാകും. ഇങ്ങനെ ഒരു മത്സരം ഉണ്ടായാൽ വിദ്യാഭ്യാസ പ്രക്രിയ ദയനീയ പരാജയമാണ് സാധ്യത.

കൃത്യമായി നിർവചിക്കപ്പെട്ട ‘പഠന ഔട്ട്കം’കളുടെ (Learning outcomes) അടിസ്ഥാനത്തിൽ ഉന്നത വിദ്യാഭ്യാസ പ്രക്രിയ ഒന്നാകെ പുനരേകീകരിക്കപ്പെടുന്നതാണ് ഭാവിയിൽ ഉണ്ടാകാൻ പോകുന്ന മറ്റൊരു പ്രധാന മാറ്റം. വ്യവസായികാധിഷ്ഠിതമായ തൊഴിൽ വിപണിയിലുള്ള, വിദ്യാഭ്യാസത്തിലെ ശക്തമായ ഇടപെടലാവും ഇതിനുള്ള പ്രധാന കാരണം. തൊഴിൽ മേഖലയിലേക്ക് വിദ്യാർത്ഥിക്ക്​ കടന്നു ചെല്ലുന്നതിനുള്ള പൊതു മാനകങ്ങൾ എന്ന നിലയിലാണ് ഔട്ട്കമ്മുകൾ കടന്നുവരുന്നത്. വ്യവസായ ലോകം ആവശ്യപ്പെടുന്ന രീതിയിൽ വളരെ കൃത്യമായി നിർവ്വചിക്കപ്പെടാൻ സാധിക്കുന്നതും അളന്നു തിട്ടപ്പെടുത്താൻ സാധിക്കുന്നതുമായ രീതിയിലാവും പാഠ്യപദ്ധതിയിൽ ഔട്ട്കമ്മുകൾ നിശ്ചയിക്കുക. വിദ്യാർത്ഥികൾക്ക് ആവശ്യമുള്ളടത്തോളം പഠിപ്പിക്കുക എന്നതിൽ നിന്ന്​ നമുക്കാവശ്യമുള്ളയത്ര പഠിപ്പിച്ച ശേഷം നിർത്തുകയെന്നതാണ് ഔട്ട് കം അധിഷ്ഠിതമായ വിദ്യാഭ്യാസം ചെയ്യുന്നത്. അതുകൊണ്ട് പത്തു മണിക്കെത്തി നാലുമണിക്ക് വീട്ടിൽ പോകാവുന്ന ജോലി എന്നതിൽ നിന്ന് സർവകലാശലാ അധ്യാപനം മാറുകയും വ്യാവസായധിഷ്ഠിതമായ താത്പര്യങ്ങളെ മനസ്സിലാക്കാനുള്ള ജാഗ്രതയും അവയെ പാഠ്യപദ്ധതിയിൽ വിളക്കി ചേർക്കുന്നതിനുള്ള കഴിവും അനിവാര്യമാകുകയും​ ചെയ്യും. അങ്ങനെയല്ലാത്ത സർവകലാശാലകൾ ഭാവിയിൽ അന്യം നിന്നു പോകും.

അതിയാന്ത്രികത (automation ) ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റം സൃഷ്ടിക്കാൻ സാഹചര്യമൊരുക്കും. നിലനിൽക്കുന്ന ജോലികൾ പലതും യന്ത്രവൽക്കരിക്കപ്പെടുമ്പോൾ ബിരുദ പഠനവും അതുവഴി ആർജ്ജിച്ച നൈപുണികളും ശേഷികളുമായി ഒരു വ്യക്തിക്ക് ജീവിതകാലം മുഴുവൻ ഒരു ജോലിയിൽ തുടരാൻ കഴിഞ്ഞു എന്നുവരില്ല. ഒരുപക്ഷേ, ഒരിക്കൽ ആർജ്ജിച്ച നൈപുണികൾ യന്ത്രവല്ക്കരണത്തോടെ പാടെ പിഴുതെറിയപ്പെട്ടേക്കാം. മനുഷ്യന്റെ ഓർമ എന്ന ബൗദ്ധിക ശേഷിയെ മൊബൈൽ ഫോണുകളും കമ്പ്യൂട്ടറുകളും വെല്ലുവിളിക്കുന്നത് നാം കാണുന്നുണ്ടല്ലോ. സ്വന്തം വീട്ടിലുള്ളവരുടെ ഫോൺ നമ്പർ പോലും ഓർമിക്കേണ്ടതിന്റെ ആവശ്യമില്ല എന്ന നിലയിൽ നമ്മുടെ സംഖ്യാ സംബന്ധിയായ ഓർമകൾക്കുമേൽ വലിയ വെല്ലുവിളിയാണ് ഡിജിറ്റൽ സാങ്കേതിക വിദ്യ മുന്നോട്ടുവയ്ക്കുന്നത്. ഇങ്ങനെ ജീവിതത്തിന്റെ വിവിധ തുറകളിൽ പഴയ നൈപുണികൾ തുടച്ചു മാറ്റപ്പെടുകയും വിപണിയുടെ ആവശ്യത്തിനനുസരിച്ച് പുതിയ നൈപുണികൾ ആവശ്യമായി വരികയും ചെയ്യുന്ന സാഹചര്യം ഉണ്ടാകുന്നു.

സർവകലാശാല എന്ന ആശയം തന്നെ വിഘടിച്ചു പോവുകയും അധ്യാപകർ വിദ്യാഭ്യാസത്തിലെ ഒരു യൂണിറ്റ് എന്ന നിലയിൽ സ്വന്തം കഴിവുകൾക്കനുസരിച്ച്​നിലനിൽക്കേണ്ടിയും വരും.

ഉദാഹരണമായി അധ്യാപക വൃത്തി എടുക്കാം. വിദ്യാർത്ഥി നൽകുന്ന അസൈൻമെന്റിൽ ഉൾപ്പെട്ടിരിക്കുന്ന കോപ്പിയടി കണ്ടുപിടിക്കുന്നതിന് അദ്ധ്യാപകൻ സൂക്ഷ്മദർശിനി വച്ചു വായിക്കേണ്ട ആവശ്യമില്ലാതെ വരുന്നു. ടെണിറ്റിൻ (Turnitin) പോലുള്ള സോഫ്റ്റ്​വെയറുകൾ കൃത്യമായി ഈ പണി ചെയ്യുമ്പോൾ വിദ്യാർത്ഥികളുടെ അസൈൻമെന്റുകൾ വായിക്കേണ്ട ആവുശ്യമുണ്ടാവില്ല. OMR പരീക്ഷകൾ മാത്രമല്ല, കൃത്യമായ പോയിൻറുകളും മൂല്യനിർണയത്തിന് മാനദണ്ഡങ്ങളും നൽകിയാൽ ഉപന്യാസ ചോദ്യങ്ങൾക്കും മാർക്കിടുന്ന സോഫ്റ്റ്​വെയറുകൾ പോലും ലഭ്യമാണെന്നിരിക്കെ ഇത്തരത്തിലുള്ള ശേഷി അധ്യാപനത്തിന് ആവശ്യമില്ലാതായി മാറുന്നു. ഗവേഷണ പ്രവർത്തനങ്ങളിൽ വിശകലനം ചെയ്യുന്നതിന് SPSS പോലുള്ള സോഫ്റ്റ്​വെയറുകൾ വരുന്നതോടെ ശേഖരിച്ച വിവരങ്ങളുടെ വിശകലനത്തിന്റെ രീതിശാസ്ത്രം തന്നെ എന്തെന്നറിയാത്ത ഒരു ഗവേഷക സമൂഹം രൂപപ്പെട്ടുവരുന്നു. ഇത്തരത്തിൽ കാലഘട്ടത്തിനനുസൃതമായി നൈപുണികൾ മാറി മാറി വരുമ്പോൾ ഇവക്കനുസരിച്ച് പാഠ്യപദ്ധതിയും സിലബസും നവീകരിക്കുകയും അവയോരോന്നും ആവശ്യമുള്ളവരിൽ അത്രയും ( വിദ്യാർത്ഥികൾ മാത്രമല്ല, ജോലിചെയ്യുന്നവരും ) എത്തിക്കുക എന്ന മാർക്കറ്റിംഗ് ജോലിയും ഉന്നതവിദ്യാഭ്യാസരംഗത്ത് അധ്യാപകരുടെ ജോലിയുടെ ഭാഗമാകാൻ പോവുകയാണ്.

ഈ മാറ്റങ്ങൾക്കെല്ലാം അനുസൃതമായി സ്വയം പരിവർത്തിപ്പിക്കാനുതകുന്ന ഉന്നത വിദ്യാഭ്യാസ ഇക്കോ സിസ്റ്റം നിലവിൽ വന്നില്ലെങ്കിൽ സർവകലാശാലകളുടെ ദാരുണമായ അന്ത്യത്തിന് നാം സാക്ഷിയാകേണ്ടി വരും. സർവകലാശാല എന്ന ആശയം തന്നെ വിഘടിച്ചു പോവുകയും അധ്യാപകർ വിദ്യാഭ്യാസത്തിലെ ഒരു യൂണിറ്റ് എന്ന നിലയിൽ സ്വന്തം കഴിവുകൾക്കനുസരിച്ച്​നിലനിൽക്കേണ്ടിയും വരും. സർവകലാശാലാ അദ്ധ്യാപകരിൽ നിന്ന്​ സർവകലാശാലയുടെ ഭാഗമായ ‘സ്വയാശ്രയ (self- reliant) അദ്ധ്യാപകരിലേക്കുള്ള' ദൂരം അത്രയകലെയല്ല. ഒരു വിദ്യാഭ്യാസ യൂണിറ്റും സ്ഥിരമായി ഒരു സർവകലാശാല സമ്പ്രദായത്തോട് ബന്ധപ്പെട്ടതായി കൊള്ളണമെന്നില്ല. സർവകലാശാലകളുടെ ഘടനാപരമായ അതിരുകളെ ഉല്ലംഘിക്കുന്ന ഒരു ആശയമായി ഉന്നത വിദ്യാഭ്യാസം പരിവർത്തിപ്പിക്കപ്പെടും. അതുകൊണ്ടുതന്നെ, അടിത്തൂൺ പറ്റുന്നതുവരെ ശമ്പളം കിട്ടുന്ന ഉപാധിയായി സർവകലാശാലയെ കണക്കാക്കുന്ന അധ്യാപകരും, ജീവിതകാലം മുഴുവൻ ഉപയോഗിക്കാൻ പറ്റുന്ന ബിരുദങ്ങൾ അന്വേഷിച്ചെത്തുന്ന വിദ്യാർത്ഥികളുടെയും അവസാനത്തെ കണ്ണി ആയിരിക്കും നമ്മുടെ തലമുറയിലേത്. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


അമൃത് ജി. കുമാർ

സെൻട്രൽ യൂണിവേഴ്‌സിറ്റി ഓഫ് കേരളയിലെ സ്‌കൂൾ ഓഫ് എഡ്യുക്കേഷനിൽ പ്രഫസർ. വിദ്യാഭ്യാസമെന്ന ആസൂത്രിത കലാപം, Factors Relating to Information Skills എന്നിവയാണ് കൃതികൾ

Comments