ഒരു വർഷമായി ഫെലോഷിപ്പില്ല,
ഗവേഷക വിദ്യാർഥികൾ എങ്ങനെ പഠനം തുടരും?

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഗവേഷകരായി ചേർന്നിട്ട് ഒരു വർഷമാകുന്നു. ഇത്രയും കാലമായിട്ടും ഫെലോഷിപ്പ് തുക ലഭിച്ചിട്ടില്ല. 12,000 രൂപയാണ് ഓരോ മാസവും ലഭിക്കേണ്ടത്. സാമ്പത്തിക അരക്ഷിതത്വം മാനസിക പ്രത്യാഘാതങ്ങളും സൃഷ്ടിക്കുന്നുണ്ട്. എന്റെ തെറാപ്പികൾ മുടങ്ങിയിട്ട് മൂന്നു മാസമാകുന്നു. കഴിഞ്ഞദിവസം ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി- ആദി എഴുതുന്നു.

ആദി⠀

രു ക്വിയർ ബഹുജൻ വ്യക്തിയെന്ന നിലയിൽ ഉന്നതവിദ്യാഭ്യാസത്തിലേക്ക് കടന്നുവരുന്ന ഒന്നാം തലമുറയിൽപ്പെട്ട ആളാണ് ഞാൻ. നിരന്തരം സമരം ചെയ്തും ഒച്ചയിട്ടുമാണ് ഇവിടം വരെ എത്തിനിൽക്കുന്നത്.

കഴിഞ്ഞ ദിവസം ഗവേഷക ഫെല്ലോഷിപ്പ് ലഭിക്കുന്നതിലെ കാലതാമസവുമായി ബന്ധപ്പെട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുകയുണ്ടായി. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഗവേഷകരായി ചേർന്നിട്ട് ഒരു വർഷമാകുന്നു. ഇത്രയും കാലമായിട്ടും ഫെലോഷിപ്പ് തുക ലഭിച്ചിട്ടില്ല. 12000 രൂപയാണ് ഓരോ മാസവും ഫെലോഷിപ്പ് ഇനത്തിൽ ലഭിക്കേണ്ടത്. ഈ തുക തുച്ഛമാണെങ്കിലും JRF, മറ്റ് ഫെലോഷിപ്പുകൾ, ഇ- ഗ്രാൻ്റ്സ് സൗകര്യങ്ങൾ എന്നിവയില്ലാത്ത ഗവേഷകർ യൂണിവേഴ്സിറ്റി നൽകുന്ന ഈ തുച്ഛമായ ഫെലോഷിപ്പിനെയാണ് ആശ്രയിക്കുന്നത്.

ഗവേഷണ കാലയളവിൽ ലഭിക്കുന്ന ഫെലോഷിപ്പുകൾ കേവലം സാമ്പത്തിക സഹായം മാത്രമല്ല ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ഗവേഷണ അവസരങ്ങളിലേക്കുമുള്ള പാർശ്വവത്കൃത സമൂഹങ്ങളുടെ പ്രവേശനത്തെ കൂടി പ്രതിനിധീകരിക്കുന്നുണ്ട്. കാലങ്ങളായി സവിശേഷാധികാരങ്ങളാൽ നിർണ്ണയിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്തിരുന്ന ജ്ഞാനോൽപ്പാദനത്തിന്റെയും ജ്ഞാന വിതരണത്തിന്റെയും ഇടങ്ങളിലേക്കുള്ള ദലിത് - ആദിവാസി - ബഹുജൻ - ക്വിയർ സമൂഹങ്ങളുടെ പ്രവേശനവും പങ്കാളിത്തവും ഉറപ്പാക്കുന്നതിൽ ഫെലോഷിപ്പുകൾക്ക് പങ്കുണ്ട്.

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല

ഇതിനാൽ തന്നെ ഫെലോഷിപ്പുകൾ വിതരണം ചെയ്യുന്നതിനുള്ള കാലതാമസം ന്യൂനപക്ഷവത്കരിക്കപ്പെട്ട പശ്ചാത്തലങ്ങളിൽ നിന്നുമുള്ള ഗവേഷകരിൽ ഗുരുതര പ്രത്യാഘാതമുണ്ടാക്കുകയും ഇതിനകം അവർ അഭിമുഖീകരിക്കുന്ന വ്യവസ്ഥാപരമായ അസമത്വങ്ങൾക്ക് ആക്കം കൂട്ടുകയും ചെയ്യും. രോഹിത് വെമുലയുടെ ആത്മഹത്യ തന്നെ ഉദാഹരണമാണ്. രോഹിതിന്റെ സ്‌കോളർഷിപ്പ് തുക വൈസ് ചാൻസലർ അന്യായമായി തടഞ്ഞുവെച്ചിരുന്നു. ഇതേതുടർന്ന് തുക അനുവദിച്ച് തരണമെന്നാവശ്യപ്പെട്ട് രോഹിത് വി.സി ക്ക് അയച്ച കത്തിൽ, സ്‌കോളർഷിപ്പ് തരുന്നില്ലെങ്കിൽ പകരം കുറച്ച് വിഷമോ കയറോ തരണമെന്ന് സൂചിപ്പിച്ചിരുന്നു.

ഇന്ത്യയിൽ ഉന്നതവിദ്യാഭ്യാസം വരേണ്യവർഗ്ഗത്തിന്റെ കുത്തകയാണ്. ന്യൂനപക്ഷവത്കരിക്കപ്പെട്ട പശ്ചാത്തലങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളും ഗവേഷകരും വളരെ പണിപ്പെട്ടാണ് ഈ ഇടങ്ങളിൽ അതിജീവിക്കുന്നതെന്നതിന് തെളിവുകളേറെയാണ്. പരിമിതമായ സാമൂഹികവും സാമ്പത്തികവുമായ മൂലധനത്തോടെയാണ് ഈ വിദ്യാർത്ഥികൾ ഗവേഷണമുൾപ്പെടെയുള്ള ഉന്നതവിദ്യാഭ്യാസ രംഗത്തിലേക്ക് പ്രവേശിക്കുന്നത്. ഭക്ഷണം, വാടക, ഗവേഷണ ചെലവുകൾ എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങൾക്കായി അവർ ഫെലോഷിപ്പുകളെ ആശ്രയിക്കുന്നു.

ഫെലോഷിപ്പ് ലഭ്യതയുടെ കാലതാമസം അക്കാദമിക് ജീവിതത്തിൽ പൂർണ്ണമായി പങ്കെടുക്കാനുള്ള വിദ്യാർത്ഥികളുടെ കഴിവിനെ വലിയ തോതിൽ തടസ്സപ്പെടുത്തുന്നു. ഗവേഷണത്തിൽ നിന്നും അക്കാദമിക് ശ്രദ്ധയിൽ നിന്നും വ്യതിചലിച്ച് മറ്റ് ജോലികൾ ഏറ്റെടുക്കാനും നിർബന്ധിതരാകുന്ന സ്ഥിതിയിലെത്തിക്കുന്നു. ഫെലോഷിപ്പ് വൈകലിലൂടെ സംഭവിക്കുന്ന സാമ്പത്തികമായ അരക്ഷിതത്വം മാനസികമായ വലിയ പ്രത്യാഘാതങ്ങളും സൃഷ്ടിക്കുന്നുണ്ട്.

രോഹിത് വെമുല
രോഹിത് വെമുല

എന്റെ തെറാപ്പികൾ മുടങ്ങിയിട്ട് മൂന്നു മാസത്തോളമാകുന്നു. സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള അനിശ്ചിതത്വം ക്വിയർ സൗഹാർദപരമായ തെറാപ്പി ഉൾപ്പെടെയുള്ള സേവനങ്ങൾ പോലും ലഭ്യമാകാത്ത അവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. ജാതി, വർഗ്ഗ, ലിംഗം, ലൈംഗികത തുടങ്ങി ഇൻ്റർസെക്ഷണലായ വിവേചനങ്ങൾ നേരിടുന്ന വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്കിലേക്കാണ് ഇതെല്ലാം കൊണ്ടെത്തിക്കുന്നത്. ഒറ്റപ്പെട്ട തുറകളിൽ നിന്നുള്ള സാമ്പത്തിക പിന്തുണകളെ മുന്നേ ആശ്രയിച്ചിരുന്നെങ്കിലും അതൊന്നും ഈ പ്രശ്നത്തെ ശാശ്വതമായി പരിഹരിക്കുന്നില്ലെന്ന തിരിച്ചറിവിലാണ് ഈ കുറിപ്പ് എഴുതുന്നത്.

ഗവേഷണ പ്രവർത്തനത്തിൽ ഏർപ്പെടാൻ സമയവും വിഭവങ്ങളും മാനസികശേഷിയും ആവശ്യമാണ്. ഈ ഞെരക്കങ്ങൾക്കിടയിൽ എങ്ങനെയാണ് ഗവേഷണം മുന്നോട്ട് നീങ്ങുക?

ഫെലോഷിപ്പ് വൈകിപ്പിക്കൽ സാമ്പത്തിക അരക്ഷിതത്വം ശാശ്വതമാക്കുന്നതിലൂടെയും ഗവേഷണത്തെ തടസ്സപ്പെടുത്തുന്നതിലൂടെയും മാനസികാരോഗ്യപ്രശ്നങ്ങളെ വർദ്ധിപ്പിക്കുന്നതിലൂടെയും, DBA, ക്വിയർ, വിദ്യാർത്ഥികളെ അക്കാദമിക് ഇടങ്ങളിൽ നിന്ന് ചരിത്രപരമായി ഒഴിവാക്കുകയാണ്.

ഫെലോഷിപ്പ് കാലതാമസം ഫീൽഡ് വർക്ക് നടത്താനും കോൺഫറൻസുകളിൽ പങ്കെടുക്കാനും അവശ്യ സാമഗ്രികളും പുസ്തകങ്ങളും ലഭ്യമാകാനുമുള്ള സാഹചര്യത്തെയെല്ലാം നിയന്ത്രിക്കുന്നുണ്ട്. ഇത് വ്യക്തിഗത അക്കാദമിക വളർച്ചയെ തടസ്സപ്പെടുത്തുക മാത്രമല്ല, അക്കാദമികരംഗത്ത് നിന്ന് ഞങ്ങളെ പുറന്തള്ളുകയും ചെയ്യുന്നു. ഫെലോഷിപ്പുകളുടെ ഈ കാലതാമസം വളരെ ലാഘവത്തോടെയാണ് പൊതുവിൽ മനസ്സിലാക്കപ്പെടുന്നത്. അഡ്മിഷൻ എടുത്ത് ഒരു വർഷമായി ഫെലോഷിപ്പ് ലഭിക്കാത്ത കാര്യം ഉന്നയിക്കുമ്പോഴും ‘ഇത് അങ്ങനെ തന്നെയാണ് ’ എന്ന മറുപടിയാണ് ലഭിക്കുന്നത്.

ഫെലോഷിപ്പ് കാലതാമസം പരിഹരിക്കുന്നതിന് വ്യവസ്ഥാപരമായ അടിയന്തര മാറ്റങ്ങൾ ആവശ്യമാണ്. സർവകലാശാലകൾ ഫെലോഷിപ്പുകൾ വിതരണം ചെയ്യുന്നതിന് കർശനമായ സമയക്രമം സ്ഥാപിക്കുകയും കാലതാമസത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും വേണം. വിദ്യാർത്ഥികളുടെ സാമ്പത്തികവും വൈകാരികവുമായ ആഘാതം തിരിച്ചറിഞ്ഞ്, വൈകിയ തുകകൾക്ക് സ്വയമേവയുള്ള നഷ്ടപരിഹാര പോളിസികൾ ഉറപ്പാക്കണം. ഫെലോഷിപ്പ് വിതരണ പ്രക്രിയകൾ കൂടുതൽ കാര്യക്ഷമവും നീതിയുക്തവുമാക്കാനുള്ള നടപടികളും സ്വീകരിക്കേണ്ടതുണ്ട്. അക്കാദമിക് ഇടങ്ങളിൽ നിലനിൽക്കുന്ന ജാതി, വർഗം, ലിംഗ, ലൈംഗികത സംബന്ധിയായ വേർതിരിവുകളെക്കുറിച്ച് കൂടുതൽ അവബോധം ഉണ്ടാകണം. ഫെലോഷിപ്പ് കാലതാമസം പരിഹരിക്കുന്നത് സാമൂഹിക നീതിയുടെ കാര്യമാണെന്ന തിരിച്ചറിവ് രൂപപ്പെടേണ്ടതുണ്ട്.

സമയബന്ധിതവും ഉത്തരവാദിത്തപരവും സുതാര്യവും ആയി ഫെലോഷിപ്പ് സംവിധാനങ്ങൾ പുനഃക്രമീകരിക്കപ്പെടുമ്പോൾ മാത്രമേ തുല്യമായ- നീതീയധിഷ്ഠിതമായ അക്കാദമിക് അന്തരീക്ഷം സാധ്യമാകൂ.

ഫെലോഷിപ്പ് ഗവേഷകരുടെ അവകാശമാണ്, ഔദാര്യമല്ല.



Summary: Due of University fellowships and scholarships crisis serious issue of scholars in Kerala. Queer activist and Sree Sankaracharya University of Sanskrit, Kalady Phd scholar Aadhi writes.


ആദി⠀

കവി. ശ്രീ ശങ്കരാചാര്യ സംസ്​കൃത സർവകലാശാലയിൽ റിസർച്ച് സ്കോളർ. പെണ്ണപ്പൻ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments