മലയാളം മീഡിയമാണോ ഇംഗ്ലീഷ് മീഡിയമാണോ നല്ലത് ?

'ഇംഗ്ലീഷിലാണ് പഠിക്കേണ്ടത് എന്ന ജനകീയമായ തീർപ്പിനനുസൃതമായി വിദ്യാഭ്യാസചിന്തകൾ മാറ്റുകയാണോ വേണ്ടത്? മലയാളം മീഡിയത്തിൽ അവശേഷിക്കുന്നവർ ജാതീയമായോ സാമൂഹികമായോ സാമ്പത്തികമായോ പിന്നോക്കം നിൽക്കുന്നവരാണോ എന്നതും ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്.' - കേരളത്തിലെ പൊതുവിദ്യാഭ്യാസം പതിയെ ഇംഗ്ലീഷ് മീഡിയത്തിലേക്കു വഴിമാറുന്ന പ്രതിഭാസം ചർച്ചയ്ക്കായി മുന്നോട്ടുവെക്കുകയാണ് ലേഖകൻ

കേരളത്തിൽ സർക്കാർ സിലബസിൽ പത്താംക്ലാസ് പരീക്ഷയെഴുതുന്ന വിദ്യാർത്ഥികളിൽ പാതിയിലേറെയും ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് എന്ന കണക്കു പുറത്തുവന്നിരിക്കുന്നു. സർക്കാർ സ്‌കൂളുകൾ, എയ്ഡഡ് സ്‌കൂളുകൾ, അൺഎയ്ഡഡ് സ്‌കൂളുകൾ എന്നിവിടിങ്ങളിൽനിന്നായി 422226 വിദ്യാർത്ഥികളാണ് ഇത്തവണ പത്താംക്ലാസ് പരീക്ഷ എഴുതുന്നത്. ഇതിൽ 218043 വിദ്യാർത്ഥികൾ ഇംഗ്ലീഷ് മീഡിയത്തിലും 200613 വിദ്യാർത്ഥികൾ മലയാളം മീഡിയത്തിലും പരീക്ഷയെഴുതുന്നു. മലയാളം മീഡിയത്തേക്കാൾ 17430 വിദ്യാർത്ഥികളാണ് ഇംഗ്ലീഷ് മീഡിയത്തിൽ അധികമായി പരീക്ഷയെഴുതുന്നത്. തമിഴ് മീഡിയമായി 2163 വിദ്യാർത്ഥികളും കന്നഡ മീഡിയമായി 1409 വിദ്യാർത്ഥികളും കേരളസിലബസിൽ പരീക്ഷയെഴുതുന്നുണ്ട്. ഇതിനുപുറമെ സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. തുടങ്ങിയ കേന്ദ്ര സിലബസുകളിൽ പരീക്ഷയെഴുതുന്ന വിദ്യാർത്ഥികളുടെ അധ്യയനമാധ്യമവും ഇംഗ്ലീഷാണ്. മൊത്തം വിദ്യാർത്ഥികളിൽ ഭൂരിഭാഗവും ഇംഗ്ലീഷ് അധ്യയനമാധ്യമമായി സ്വീകരിച്ചവരാണ് എന്നതാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. മലയാളം അധ്യയനമാധ്യമമായി പഠിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം ക്രമേണ കുറയുന്നു എന്നു ചുരുക്കം.

ഇടതുപക്ഷജനാധിപത്യമുന്നണി സർക്കാറിന്റെ പ്രധാന ഭരണനേട്ടങ്ങളിലൊന്നായി എടുത്തുപറഞ്ഞിരുന്നത് പൊതുവിദ്യാലയങ്ങളുടെ മുന്നേറ്റമായിരുന്നു. കൃത്യമായ ആസൂത്രണത്തോടെ സ്‌കൂൾവിദ്യാഭ്യാസമേഖലയിൽ നടത്തിയ ഇടപെടലുകൾ വഴി പൊതുവിദ്യാലയങ്ങളിൽനിന്നുള്ള കൊഴിഞ്ഞുപൊക്ക് കുറയുകയും ക്രമേണ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാവുകയും ചെയ്തു. തത്തുല്യമായി സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിൽ കുട്ടികളുടെ എണ്ണം കുറയുകയും തൽക്കാലത്തേക്കെങ്കിലും ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങൾ ലാഭകരമല്ലാതാവുകയും ചെയ്തു. എല്ലാ മേഖലകളും സ്വകാര്യമേഖലയിലേക്കു തിരിയുമ്പോൾ കേരളത്തിലെ പൊതുവിദ്യാലയങ്ങൾ ഇത്തരത്തിൽ മെച്ചപ്പെട്ടത് ഒഴുക്കിനെതിരെയുള്ള പ്രവണതയാണ്. സർക്കാർ ആവിഷ്‌കരിച്ചു നടപ്പിലാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ബഹുമുഖമായ പരിപാടികളാണ് നടപ്പിലാക്കിയത്. ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിൽനിന്നു വ്യത്യസ്തമായി കുട്ടികളുടെ എന്റോളിംഗ്, കൊഴിഞ്ഞുപോക്ക്, പാഠ്യപദ്ധതി, പാഠപുസ്തകങ്ങൾ, ചിട്ടയായ അധ്യയനവും പരീക്ഷയും, അധ്യാപകവിന്യാസം തുടങ്ങിയ കാര്യങ്ങളിൽ കേരളം ഏറെ മുന്നിലാണ്. അതുകൊണ്ടുതന്നെ വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക, ഹൈടെക് സ്‌കൂളുകൾ വ്യാപകമാക്കുക തുടങ്ങിയ പദ്ധതികളാണ് സർക്കാർ ഏറ്റെടുത്തു നടപ്പിലാക്കിയത്. ഇടക്കാലത്ത് പൊതുവിദ്യാലയങ്ങളുടെ ശോച്യാവസ്ഥ കാരണം സ്വകാര്യവിദ്യാലയങ്ങൾ തേടിപ്പോയ വിദ്യാർത്ഥികൾ പൊതുവിദ്യാലയങ്ങൾ ഭൗതികമായി
മെച്ചപ്പെട്ടപ്പോൾ തിരിച്ചെത്തി. ഇതിനിടയിൽ വേണ്ടത്ര ശ്രദ്ധിക്കാതെ പോയ കാര്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്. പൊതുവിദ്യാലയങ്ങൾ കാര്യക്ഷമമാക്കി സ്വാകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളെ തടയാനുള്ള ശ്രമത്തിൽ പൊതുവിദ്യാലയങ്ങൾ തന്നെ ക്രമേണ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളാകുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്.

പൊതുവിദ്യാലയങ്ങളിലേക്കുള്ള കുട്ടികളുടെ ഒഴുക്ക് മനോഭാവപരമായ മാറ്റമല്ലെന്നും മെച്ചപ്പെട്ട സൗകര്യങ്ങൾ സൗജന്യമായി കിട്ടുന്നതിന്റെ ഭാഗമാണെന്നും വരുന്നു. പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറഞ്ഞ് ഡിവിഷൻ ഫാൾ വരുന്നതിന് പെട്ടെന്നുള്ള പരിഹാരമായി എയ്ഡഡ് സ്‌കൂളുകളിലാണ് ഇംഗ്ലീഷ് മീഡിയം ഡിവിഷൻ എന്ന സൂത്രപ്പണി ആദ്യം തുടങ്ങിയത്. ക്രമേണ അത് സർക്കാർ വിദ്യാലയങ്ങളിലേക്കും വ്യാപിച്ചു.. വേണ്ടത്ര ആലോചനകളില്ലാതെ ഇതിനുള്ള ചട്ടങ്ങളും രൂപപ്പെട്ടു. അധ്യയനമാധ്യമം മാതൃഭാഷയാകുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് നൂറ്റാണ്ടു മുമ്പേ വിദ്യാഭ്യാസവിചക്ഷണർ പറഞ്ഞു തുടങ്ങിയതാണ്.

എ.ആർ.രാജരാജവർമ്മയും ജോർജ്ജുമാത്തനും ജോഹന്നാസ് ഫ്രോൺമേയറും സഹോദരൻ അയ്യപ്പനും മക്തി തങ്ങളുമെല്ലാം പല സന്ദർഭങ്ങളിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ലോകമെങ്ങുമുള്ള വിദ്യാഭ്യാസചിന്തകരിൽ ഭൂരിഭാഗവും മാതൃഭാഷാവിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നവരാണ്. നാടിന്റെ വികസനം, സമൂഹരൂപീകരണം, ഉൽപാദനപരമായ തനതുഭാവനകളുടെ വികാസം തുടങ്ങി വ്യക്തിത്വവികാസംവരെ മാതൃഭാഷാവിദ്യാഭ്യാസവുമായി ബന്ധപ്പെട്ടാണിരിക്കുന്നതെന്ന് വിദ്യാഭ്യാസപണ്ഡിതർ എക്കാലവും സമർത്ഥിക്കും. എന്നാൽ മലയാളംപോലൊരു ഭാഷയിൽ ജനകീയവിദ്യാഭ്യാസം രൂപപ്പെട്ടുവരുന്നതും വികസിക്കുന്നതും പല അടരുകളുള്ള സാമൂഹികരാഷ്ട്രീയ സംഭവവികാസങ്ങളോട് കെട്ടുപിണഞ്ഞുകൊണ്ടാണ്. മലയാളത്തിനുമേൽ എല്ലാ കാലവും ഒരു അധീശഭാഷയുണ്ടായിരുന്നു. വിശേഷവ്യവഹാരങ്ങൾക്കും ഭരണനിർവ്വഹണത്തിനും ഒരു മേൽഭാഷ എപ്പോഴുമുണ്ടാകും. അത് തമിഴോ സംസ്‌കൃതമോ ഇംഗ്ലീഷോ ഒക്കെയായിരുന്നു. കേരളത്തിലെ പ്രധാന മതവിഭാഗങ്ങൾ ഭാഷയാലും വിഭജിതരായിരുന്നു. ക്രിസ്ത്യാനികൾക്ക് സിറിയാക്, മുസ്‌ലീങ്ങൾക്ക്‌ അറബി, ജൂതന്മാർക്ക് ഹീബ്രു എന്നീ ഭാഷകൾ നമുക്കുണ്ടായിരുന്നു. ഇത് നാട്ടുഭാഷയുമായി ചേർന്ന് കർസോനി, അറബിമലയാളം, ജൂതമലായളം എന്ന മട്ടിൽ രൂപപ്പെടുന്നുണ്ട്. സംസ്‌കൃത-പ്രാകൃങ്ങളുമായുള്ള സമ്പർക്കഫലമായാണ് മലനാട്ടുതമിഴ് ഇന്നത്തെ മലയാളമായി വന്നത് എന്ന സൂചന തൊൽക്കാപ്പിയത്തിലും ലീലാതിലകത്തിലും കാണാൻ കഴിയും.

ഉന്നതവിദ്യാഭ്യാസത്തിനായി കേരളത്തിലെ വിദ്യാർത്ഥികൾ സംസ്‌കൃതമോ അറബിയോ സിറിയാക്കോ ലാറ്റിനോ ഒക്കെ സ്വീകരിച്ച ഒരു കാലം നമുക്കുണ്ട്. കൊളോണിയൽ ആധുനികതയുടെ ഭാഗമായാണ് ഇന്നു കാണുന്ന രീതിയിലുള്ള ജനകീയവിദ്യാഭ്യാസം കേരളത്തിൽ രൂപപ്പെട്ടുവരുന്നത്. അതിനുമുമ്പും ജൈനബൗദ്ധപാരമ്പര്യത്തിലുള്ള ഒരു ജനകീയ പ്രാഥമികവിദ്യാഭ്യാസ സംസ്‌കാരം കേരളത്തിലുണ്ടായിരുന്നതായി കാണാം. മലബാറിലെ നാട്ടുപള്ളിക്കൂടങ്ങൾ ഒരു കാലത്ത് യൂറോപ്പിനുപോലും മാതൃകയായിരുന്നതായി കേട്ടിട്ടുണ്ട്. അത്യാവശ്യം എഴുത്തും കണക്കും പഠിക്കുന്നതിനപ്പുറത്തേക്ക് ഈ വിദ്യാഭ്യാസം നീണ്ടിരുന്നില്ല. ആധുനികതയുടെ ഭാഗമായി കേരളത്തിൽ രൂപപ്പെട്ടുവന്ന ജനകീയവിദ്യാഭ്യാസത്തിന് ഒരു കൊളോണിയൽ യുക്തിയുണ്ടായിരുന്നു. ആ വിദ്യാഭ്യാസം കേരളത്തിന്റെ തനതുമുദ്രകളിൽനിന്നുള്ള വികാസമല്ല ലക്ഷ്യംവെച്ചിരുന്നത്. ഈ വിദ്യാഭ്യാസസംവിധാനത്തിനകത്ത് നാട്ടുഭാഷയോ ഇംഗ്ലീഷോ എന്നൊരു സന്ദേഹം തുടക്കംതൊട്ട് കാണാൻ കഴിയും. ബ്രിട്ടീഷുകാർക്കുമുമ്പ് ഇന്ത്യയിലെ ഭരണഭാഷയായിരുന്നത് പേർഷ്യനായിരുന്നു. ബ്രിട്ടീഷുകാർക്ക് ഇന്ത്യയുടെമേൽ പൂർണ്ണ നിയന്ത്രണം ലഭിച്ചതിനുശേഷവും ഭരണഭാഷയായി വർഷങ്ങളോളം പേർഷ്യൻ തുടരുന്നുണ്ട്. അക്കാലമത്രയും ഭരണകൂടത്തോട് ചേർന്നു പ്രവർത്തിക്കേണ്ടവർക്ക് പേർഷ്യൻ പഠിക്കുക അത്യാവശ്യമായിരുന്നു. അതു പതിയെ ഇംഗ്ലീഷാവുകയും വിദ്യാഭ്യാസം എന്നുവെച്ചാൽ ഇംഗ്ലീഷ് പഠിക്കുക എന്നാവുകയും ചെയ്തു.

ജനാധിപത്യസർക്കാരുകൾ നിലവിൽവന്നപ്പോൾ ജനകീയവിദ്യാഭ്യാസം വ്യാപിപ്പിക്കുന്നതോടൊപ്പം അതിന്റെ കൊളോണിയൽ യുക്തികളെ അഴിച്ചുകളയുകയും ഇംഗ്ലീഷിന്റെ സ്ഥാനത്തേക്ക് മലയാളത്തെ കൊണ്ടുവരികയും ചെയ്യേണ്ടതുണ്ടായിരുന്നു. ഇവിടെ അധികമാരും ചർച്ച ചെയ്യാത്ത ഒരു പ്രശ്‌നമുണ്ട്. അത് ഉന്നതവിദ്യാഭ്യാസമടക്കം ഉൾക്കൊള്ളാൻ മലയാളം പ്രാപ്തമായിരുന്നോ എന്നുള്ള ചോദ്യമാണ്. അതിനുമുമ്പ് മലയാളത്തിന് അങ്ങനെയൊരു അനുഭവമില്ല എന്നതുകൊണ്ട് വിദ്യാഭ്യാസപ്രക്രിയയ്ക്ക് അനുഗുണമായി ഭാഷയെയും വികസിപ്പിക്കേണ്ടതുണ്ടായിരുന്നു. ഇത്തരത്തിലുള്ള ആലോചനകൾ നടക്കുന്നുണ്ടെങ്കിലും അതൊന്നും ഫലവത്തായിട്ടില്ല എന്നുകൂടി ഇപ്പോഴത്തെ സംഭവവികാസങ്ങൾക്ക് അർത്ഥമുണ്ട്. ഇനിയും പരിഹരിക്കാത്ത പ്രശ്‌നങ്ങളുള്ള ഒരു സങ്കരഭാഷയാണ് മലയാളം. സ്വനതലത്തിലും പദതലത്തിലും സംസ്‌കൃതത്തെ കാര്യമായി ഉപജീവിക്കുന്ന മലയാളത്തിന് പിതൃഭാഷ എന്ന നിലയിൽ സംസ്‌കൃതവുമായുള്ള ബന്ധം ചരിത്രപരമായ കാരണങ്ങളാൽ മുറിഞ്ഞുപോവുകയും ചെയ്തിട്ടുണ്ട്. മണിപ്രവാളജന്യമായ ആധുനികവിശേഷവ്യവഹാരമലയാളത്തിന് സമാന്തരമായി ഒരു ജനഭാഷ കേരളത്തിലുണ്ട്. മലയാളത്തിന് വ്യാകരണമുണ്ടാക്കാൻ ശ്രമിച്ച പാശ്ചാത്യപണ്ഡിതർ ഉച്ചഭാഷയെന്നും നീചഭാഷയെന്നും ഈ വ്യത്യാസത്തെ രേഖപ്പെടുത്തിയിട്ടുണ്ട്. ത്രൈവർണ്ണികരുടെ ഭാഷയെക്കുറിച്ച് ലീലാതിലകവും ചിന്തിക്കുന്നുണ്ട്. ഐക്യകേരളപ്രസ്ഥാനം എന്നു പറയുമ്പോൾ അതിനടിയിൽ ഒരു ഐക്യമലയാളപ്രസ്ഥാനംകൂടി ഉള്ളടങ്ങിയിട്ടുണ്ട്. നേരത്തേ സൂചിപ്പിച്ച ഭാഷാവഴികളുടെ പലമ മണിപ്രവാളത്തിന്റെ തുടർച്ചയായ ഒരു ഭാഷയിലേക്ക് കണ്ണിചേരുകയാണുണ്ടായത്. മലയാളത്തിന്റെ ദ്രാവിഡ-വട്ടെഴുത്തുപാരമ്പര്യം, അറബിമലയാളപാരമ്പര്യം, കർസോനി മലയാളം തുടങ്ങിയ ഭാഷാവഴികൾ ഇല്ലാതാവുകയോ മതപരമായ ഇടങ്ങളിലേക്കു മാത്രമായി ചുരുങ്ങുകയോ ചെയ്തു. പൊതുമണ്ഡലവ്യവഹാരത്തിനുള്ള ഭാഷയായി മണിപ്രവാളപാരമ്പര്യത്തിലുള്ള, സംസ്‌കൃതത്തിന് നല്ല സ്വാധീനമുള്ള മലയാളം സ്വീകരിക്കപ്പെട്ടു. ഈ മലയാളത്തിലേക്കാണ് നമുക്ക് നമ്മുടെ ഭരണവും അധ്യയനവും കോടതിവ്യവഹാരങ്ങളുമെല്ലാം ഇറക്കിവെക്കേണ്ടിയിരുന്നത്. ആധുനികകേരളമുണ്ടായ ശേഷമുള്ള ഭാഷാസൂത്രണപരിപാടികളിൽ എവിടെയെങ്കിലും കേരളത്തിലെ ജനങ്ങളുടെ നിത്യജീവിതഭാഷയും വിശേഷവ്യവഹാരഭാഷയും തമ്മിലുള്ള പൊരുത്തക്കേടുകൾ ചർച്ച ചെയ്തിട്ടുണ്ടോ എന്ന് സംശയമാണ്. ഒരു ബഹുസംസ്‌കാരമേഖലയായ കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ചിന്തകളെയും ഭാവനയെയും ഉൾക്കൊള്ളാവുന്ന വിധം ആധുനികമലയാളത്തെ രൂപപ്പെടുത്തിയെടുക്കുക എന്ന പ്രക്രിയ എത്രത്തോളം നടന്നിട്ടുണ്ട് എന്നാലോചിക്കേണ്ടതുണ്ട്.

സ്വാഭാവികപ്രക്രിയ എന്ന നിലയിലും സർക്കാർ ഇടപെടലുകൾ, യൂണിവേഴ്‌സിറ്റികളുടെയും ഭാഷാവികാസത്തിനുവേണ്ടി രൂപീകരിക്കപ്പെട്ട മറ്റു സ്ഥാപനങ്ങളുടെയും ഇടപെടലുകൾ എന്നിവ വഴിയും ഇതുണ്ടാകേണ്ടതാണ്. ഇല്ലെങ്കിൽ ജനഭാഷയുടെ തുടർച്ച എന്നതിനുപകരം ഒരു അദൃശ്യവേലി ഭാഷകൾക്കിടയിൽ രൂപപ്പെട്ടുവരും. വിശേഷവ്യഹാരമലയാളം മറ്റേതെങ്കിലും ഭാഷയേക്കാൾ-ഇവിടെ ഇംഗ്ലീഷ്- ബുദ്ധിമുട്ടുള്ളതും താരതമ്യേന പ്രയോജനരഹിതവുമാണെന്ന അവസ്ഥ വന്നാൽ അത് ഉപേക്ഷിക്കപ്പെടുക സ്വാഭാവികമാണ്. കേരളത്തിലെ വിദ്യാർത്ഥികൾ അധ്യയനമാധ്യമം എന്ന നിലയിൽ മലയാളത്തെ കൈയൊഴിയുന്നതിന് ഇതും ഒരു കാരണമാണെന്ന് ഞാൻ വിചാരിക്കുന്നു.

കോടിക്കണക്കിനു മനുഷ്യർ സംസാരിക്കുന്ന ഭാഷയാണ് മലയാളം. ഇന്റർനെറ്റധിഷ്ഠിത ഭാഷാവ്യവഹാരങ്ങളിൽ അനുനിമിഷം മലയാളത്തിലുള്ള ഡാറ്റ രൂപപ്പെട്ടുകൊണ്ടേയിരിക്കുകയാണ്. അധ്യയനമാധ്യമം എന്ന നിലയിൽ ഇംഗ്ലീഷിനെ സ്വീകരിക്കുന്ന മലയാളി സോഷ്യൽ മീഡിയ വ്യവഹാരങ്ങളിൽ ഇംഗ്ലീഷ് തുടരുന്നില്ല. ടെക്സ്റ്റായും ഓഡിയോ വീഡീയോകളായും വരുന്ന മലയാളി സോഷ്യൽമീഡിയ ഇടപാടുകളിൽ ഭൂരിഭാഗവും മലയാളത്തിലാണെന്നു കാണാൻ കഴിയും. ടെലിവിഷൻ ചാനലുകൾ, സിനിമ ഇവയൊന്നും ഇംഗ്ലീഷിലേക്കു മാറിയിട്ടില്ല. കേരളത്തിൽ ചെലവാകുന്ന പത്രമാധ്യമങ്ങൾ, പുസ്തകങ്ങൾ എന്നിവയുടെ കണക്കുനോക്കിയാലും മലയാളം ഏറെ മുന്നിലാണ്. വളരെക്കുറച്ചുപേരേ ഇംഗ്ലീഷ് മാത്രം വായിക്കുന്നവരായോ മലയാളത്തോടൊപ്പം ഇംഗ്ലീഷുകൂടി വായിക്കുന്നവരായോ ഉള്ളൂ. ജനതയുടെ ഭാഷ ഇംഗ്ലീഷായിപ്പോയതിന് ഇന്ത്യയിൽനിന്നുതന്നെ ഉദാഹരണങ്ങളുള്ളപ്പോഴാണ് കേരളവും മലയാളവും ഈ വിധമൊരു ഭാഷാമനോഭാവം കാണിക്കുന്നത് എന്നതും ശ്രദ്ധിക്കണം. കേരളത്തിനു പുറത്ത് പഠിക്കുകയും ഗവേഷണങ്ങളിലേർപ്പെടുകയും ചെയ്യുന്നവർ, ജോലി ചെയ്യുന്നവർ തുടങ്ങി വലിയൊരു കൂട്ടം മലയാളികൾ മറ്റുഭാഷകളിലാണ് ജീവിക്കുന്നത്, പ്രധാനമായും ഇംഗ്ലീഷിൽ. അപ്പോഴും സോഷ്യൽമീഡിയാ എഴുത്തുകളിൽ അവർ മലയാളമാണ് സ്വീകരിക്കുന്നത് എന്നു കാണാം. മലയാളികളുടെ ഭാഷാ മനോഭാവത്തെക്കുറിച്ച് ധാരാളം പഠനങ്ങളുണ്ടായിട്ടുണ്ട്. ഡോ.സി.ജെ.ജോർജ്ജിന്റെ ഇംഗ്ലീഷാവിഷ്ടമായ മലയാളം എന്ന പുസ്തകം, ഡോ.പി.എം.ഗീരീഷിന്റെ വ്യവഹാരഭാഷയുടെ പരിണാമം, ഡോ.പി.ശ്രീകുമാറിന്റെ ലോകഭാഷകളിൽ മലയാളം: സ്ഥാനവും ഘടനയും എന്നീ ലേഖനങ്ങൾ എന്നിവ മലയാളഭാഷയുടെ ഇത്തരത്തിലുള്ള വളർച്ചയുടെയും പരിണാമങ്ങളുടെയും വിവിധങ്ങളായ മുഖങ്ങൾ തുറന്നുതരുന്ന പഠനങ്ങളാണ്. പൊതുവെ പറഞ്ഞാൽ മലയാളം വളരുകയാണ് ചെയ്യുന്നത്. ഭിന്നവ്യവഹാരരൂപങ്ങൾ മലയാളത്തിൽ രൂപപ്പെട്ടുവരുന്നുണ്ട്. സാഹിത്യത്തിനു പരമപ്രാധാന്യമുള്ള ഒരു ഭാഷ എന്ന നിലയിൽനിന്ന് തത്ത്വചിന്തയും ശാസ്ത്രവുമൊക്കെ കൈകാര്യം ചെയ്യാവുന്ന ഭാഷയായി ഒരുഭാഗത്ത് മലയാളം വളരുന്നുണ്ട്. ഇതിൽത്തന്നെ അക്കാദമികമായി രൂപപ്പെട്ടുവരുന്ന ഗ്രന്ഥങ്ങളുടെ ഗൂഢസ്വഭാവവും സോഷ്യൽമീഡിയാപ്ലാറ്റ് ഫോമുകൾ വഴി വരുന്ന എഴുത്തുകളുടെ ജനകീയസ്വഭാവവും ശ്രദ്ധിക്കേണ്ടതുണ്ട്.

സാഹിത്യത്തിൽത്തന്നെയും ഈ വ്യത്യാസം ദൃശ്യമാണ്. അധ്യയനമാധ്യമം എന്ന നിലയിൽ മലയാളികൾ മലയാളത്തെ കൈയൊഴിയുന്ന പ്രതിഭാസത്തെ ഈ പശ്ചാത്തലത്തിൽകൂടിവേണം പഠിക്കേണ്ടത് എന്നു തോന്നുന്നു.

ഇംഗ്ലീഷു പഠിക്കാനുള്ള മലയാളികളുടെ വർധിച്ച ആഭിമുഖ്യത്തെ ലോകതൊഴിൽക്കമ്പോളവുമായി ബന്ധപ്പെടുത്തിപ്പറയാറുണ്ട്. നന്നായി ഇംഗ്ലീഷു പഠിക്കാൻ പഠനമാധ്യമംതന്നെ ഇംഗ്ലീഷാക്കുക എന്നതാണ് ജനകീയമായി സ്വീകരിക്കപ്പെട്ടിട്ടുള്ള വഴി. ഈ മനോഭാവത്തെ കുഞ്ഞുണ്ണിമാഷുതൊട്ടുള്ളവർ പരിഹസിച്ചിട്ടുണ്ടെങ്കിലും മനോഭാവത്തിന് മാറ്റം വരുന്നതായി കാണുന്നില്ല. ഏതെങ്കിലും സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലല്ല ഈ തിരഞ്ഞെടുപ്പ്. അംബേദ്കറെ പോലുള്ളവർ കീഴാളജനതയുടെ വിമോചനഭാഷയായി ഇംഗ്ലീഷിനെ കാണുന്നുണ്ട്. ഇംഗ്ലീഷ് അധികാരത്തിന്റെയും വരേണ്യതയുടെയും ഭാഷയാണെങ്കിൽ കേരളത്തിലെങ്കിലും കീഴാളജനത ആ ഭാഷയിലൂടെയുള്ള വിദ്യാഭ്യാസത്തിന് പുറത്താണെന്നതാണ് സത്യം. കൊളോണിയൽ ഹാങ്ങോവർ, മധ്യവർഗ്ഗപൊങ്ങച്ചം തുടങ്ങിയ കാര്യങ്ങളും ഈ ഇംഗ്ലീഷ് മീഡിയ താൽപര്യത്തിന് കാരണമായി ചൂണ്ടിക്കാണിക്കാറുണ്ട്. ബ്രീട്ടീഷുകാർ ഇന്ത്യയിൽനിന്നു പോയെങ്കിലും നമ്മുടെ ഭരണനിർവ്വഹണസംവിധാനം ഇംഗ്ലീഷുകാരേക്കാൾ ഇംഗ്ലീഷിലാണ് എന്നതും മലയാളിയുടെ ഇംഗ്ലീഷാഭിമുഖ്യത്തിനു കാരണമായി പറയാറുണ്ട്. ഒന്നാം ക്ലാസുതൊട്ട് ഇംഗ്ലീഷു പഠിക്കുന്നുണ്ടെങ്കിലും ആ പഠിപ്പുകൊണ്ട് ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ കുട്ടികൾ പ്രാപ്തരാകുന്നില്ല എന്ന ആക്ഷേപവും മീഡിയം തന്നെ ഇംഗ്ലീഷാക്കുന്നതിനു പിന്നിലുണ്ട്. അതത്ര ഭോഷ്‌കല്ല താനും. മാതൃഭാഷയിലുള്ള സ്‌കൂൾവിദ്യാഭ്യാസത്തിനുശേഷം ഇംഗ്ലീഷ് മാധ്യമമായ ഉന്നതവിദ്യാഭ്യാസത്തിലേക്കു പ്രവേശിക്കുമ്പോൾ ഇംഗ്ലീഷിലുള്ള പ്രാവീണ്യമില്ലായ്മ പല വിദ്യാർത്ഥികൾക്കും പ്രശ്‌നമായിത്തീരുന്നുണ്ട്. ഉന്നതവിദ്യാഭ്യാസം മലയാളത്തിലാക്കുന്നതിനുപകരം സ്‌കൂൾ വിദ്യാഭ്യാസംമുതൽ മീഡിയം ഇംഗ്ലീഷാക്കുക എന്നതാണ് ഇതിനുള്ള കുറുക്കുവഴിയായി സ്വീകരിക്കപ്പെടുന്നത് എന്നും കാണാം.

അധ്യയനമാധ്യമം എന്ന നിലയിൽ മലയാളം പിന്തള്ളപ്പെടുന്നതിന് എന്തെങ്കിലും തീർപ്പു പറയുക ഈ കുറിപ്പിന്റെ ലക്ഷ്യമല്ല. ക്രമേണ കേരളത്തിലെ പൊതുവിദ്യാഭ്യാസം ഇംഗ്ലീഷ് മീഡിയത്തിലേക്കു വഴിമാറുന്ന പ്രതിഭാസം ചർച്ചക്കായി മുന്നോട്ടുവെക്കുക മാത്രം ചെയ്യുന്നു. മേല്പറഞ്ഞ കാരണങ്ങളൊക്കെത്തന്നെയാണോ ഈ പ്രതിഭാസത്തിനു കാരണം? ഇംഗ്ലീഷിലാണ് പഠിക്കേണ്ടത് എന്ന ജനകീയമായ തീർപ്പിനനുസൃതമായി വിദ്യാഭ്യാസചിന്തകൾ മാറ്റുകയാണോ വേണ്ടത്? മലയാളം മീഡിയത്തിൽ അവശേഷിക്കുന്നവർ ജാതീയമായോ സാമൂഹികമായോ സാമ്പത്തികമായോ പിന്നോക്കം നിൽക്കുന്നവരാണോ എന്നതും ഗൗരവമായി
പരിശോധിക്കേണ്ടതുണ്ട്. മലയാളം മീഡിയത്തിൽ പട്ടികജാതിവിഭാഗത്തിൽപ്പെട്ട കുട്ടികളാണ് കൂടുതൽ എന്നതുകൊണ്ടാണ് അവിടെ കുട്ടികളെ ചേർക്കാൻ പല രക്ഷിതാക്കളും താൽപര്യപ്പെടാത്തത് എന്ന് ഒരു പ്രൈമറിസ്‌കൂൾ അധ്യാപിക എന്നോടു പറഞ്ഞത് ഓർക്കുന്നു. ശാരീരികവും മാനസികവുമായി ബുദ്ധിമുട്ടനുഭവിക്കുന്നവരും പഠനപിന്നോക്കാവസ്ഥയുള്ളവരും മലയാളം മീഡിയത്തിലേക്ക് റിസർവ്വുചെയ്യപ്പെടുന്നു. ഒരു സുഹൃത്തിന്റെ രണ്ടു മക്കളിൽ ഒരാൾ നഗരത്തിലെ പ്രമുഖ ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുമ്പോൾ രണ്ടാമത്തെ കുട്ടി മലയാളം മീഡിയത്തിലാണ് പഠിക്കുന്നത്. രണ്ടാമത്തെ കുട്ടിയുടെ പഠനപിന്നോക്കാവസ്ഥയാണ് അതിനു കാരണമായി പറഞ്ഞത്. മീഡിയം ഇംഗ്ലീഷോ മലയാളമോ എന്ന ചർച്ച വരുമ്പോൾ ആർക്കാണ് മലയാളം നീക്കിവെക്കുന്നത് എന്നത് ഗൗരവമായി ചർച്ച ചെയ്യേണ്ട വിഷയമാണ്.

വിദ്യാഭ്യാസരംഗത്തു സജീവമായി പ്രവർത്തിക്കുന്ന ഒരധ്യാപകൻ എന്നോടു പറഞ്ഞത് ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തി വിദ്യാർത്ഥികളെ പൊതുവിദ്യാലയങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരിക എന്ന പണി കഴിഞ്ഞശേഷം ആസൂത്രിതമായ ബോധവൽക്കരങ്ങളിലൂടെയും കർമ്മപരിപാടികളിലൂടെയും മലയാളം മീഡിയവും വീണ്ടെടുക്കും എന്നാണ്. അത്ര ലളിതമാണോ കാര്യങ്ങൾ?


Summary: 'ഇംഗ്ലീഷിലാണ് പഠിക്കേണ്ടത് എന്ന ജനകീയമായ തീർപ്പിനനുസൃതമായി വിദ്യാഭ്യാസചിന്തകൾ മാറ്റുകയാണോ വേണ്ടത്? മലയാളം മീഡിയത്തിൽ അവശേഷിക്കുന്നവർ ജാതീയമായോ സാമൂഹികമായോ സാമ്പത്തികമായോ പിന്നോക്കം നിൽക്കുന്നവരാണോ എന്നതും ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്.' - കേരളത്തിലെ പൊതുവിദ്യാഭ്യാസം പതിയെ ഇംഗ്ലീഷ് മീഡിയത്തിലേക്കു വഴിമാറുന്ന പ്രതിഭാസം ചർച്ചയ്ക്കായി മുന്നോട്ടുവെക്കുകയാണ് ലേഖകൻ


വി. അബ്ദുൽ ലത്തീഫ്

കവി. ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ, പേരക്കയുടെ മണം, മലയാളി ആടുജീവിതം വായിക്കുന്നതെന്തുകൊണ്ട്, കാസറഗോട്ടെ മറാഠികൾ: ഭാഷയും സമൂഹവും, നീർമാതളത്തോട്ടത്തിന്റെ അല്ലികളിൽനിന്ന് അല്ലികൾ പൊട്ടിച്ചെടുക്കുന്ന വിധം എന്നിവ പ്രധാന പുസ്തകങ്ങൾ ​​​​​​​

Comments