ഒരു കോളേജ് അധ്യാപകന്റെ ഓൺലൈൻ ക്ലാസ് അനുഭവം

'ക്ലാസ് റൂമുകളിൽ ജൈവികമായി നടക്കുന്ന പ്രവർത്തനങ്ങളെ ഓൺലൈൻ ക്ലാസുകളിലേക്ക് പകർത്താൻ നടത്തുന്ന ഇപ്പോഴുള്ള ശ്രമങ്ങൾ തുടരാം. ഇത് ധൂർത്തും കാര്യക്ഷമത കുറഞ്ഞതും നാടൻഭാഷയിൽ പൊറാട്ടു നാടകവുമാണെന്ന് പെട്ടെന്ന് തിരിച്ചറിയപ്പെടും. കാര്യക്ഷമത കുറഞ്ഞ ഒരു സംവിധാനത്തിന് അധികമായി ചെലവു ചെയ്യേണ്ട അവസ്ഥയും വരും'. ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ട്രൂകോപ്പി തിങ്കിൽ നടന്നുവരുന്ന സംവാദത്തിന്റെ തുടർച്ച.

ൺലൈൻ ക്ലാസ്റൂമുകളെക്കുറിച്ചാണ്.
അതിനുമുമ്പ് ഒരു ഫ്ലാഷ്ബാക്ക് പറയാം.
അതിൽ കോവിഡുമുണ്ട് ഓൺലൈൽ ക്ലാസ്റൂമുമുണ്ട്.

കാലടിയിൽനിന്ന് തൃശൂരേക്കുള്ള ഒരു ബസ് യാത്രയ്ക്കിടയിലാണ് വുഹാനിൽനിന്നെത്തിയ മൂന്ന് വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന വാർത്ത ഏതോ ഓൺലൈൻ മാധ്യമം വഴി അറിയുന്നത്. ആ മൂന്നുപേരും തൃശൂർ മെഡിക്കൽക്കോളേജിലായിരുന്നു. കാലടിയിൽ രണ്ടുദിവസത്തെ ഒരു ഔദ്യോഗിക വർക്ക്ഷോപ്പ് കഴിഞ്ഞുള്ള മടക്കത്തിലായിരുന്ന എനിക്ക് ബസ്സിറങ്ങേണ്ടതും തൃശൂരായിരുന്നു.
ആ വർക്ക് ഷോപ്പ് ഓൺലൈൻ ക്ലാസുകൾക്കുള്ള വിവിധ പ്ലാറ്റ്ഫോമുകളും MOOC പോലുള്ള കോഴ്സുകളും പരിചയപ്പെടുത്താനുള്ളതായിരുന്നു എന്നത് ഇന്നാലോചിക്കുമ്പോൾ അത്ഭുതമായി തോന്നുന്നു.

കേരളത്തിൽ താൽക്കാലികമെന്നോണം ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഓൺലൈൻ ക്ലാസുകളിൽനിന്ന് പരമ്പരാഗത ക്ലാസ് റൂമുകളിലേക്ക് നമുക്കിനി തിരിച്ചുപോകാനാകുമെന്നു തോന്നുന്നില്ല. തിരിച്ചു പോകേണ്ടതുമില്ല.

നമ്മുടെ നാട്ടിൽ പേരിൽ അത്താണിയുള്ള ഒരുപാട് സ്ഥലങ്ങളുണ്ട്. രണ്ടത്താണിയും കരിങ്കല്ലത്താണിയും പുത്തനത്താണിയും അത്താണിക്കലുമുണ്ട്. എന്താണ് അത്താണിയെന്ന് നമുക്ക് അഞ്ചു മിനുട്ടുകൊണ്ട് കുട്ടികൾക്ക് പറഞ്ഞുകൊടുക്കാനാകും. എന്നാൽ അഞ്ചുദിവസമെടുത്താലും കുട്ടികൾക്ക് അത് ശരിയായി ബോധ്യപ്പെടണമെന്നില്ല. മോട്ടോർ വാഹനങ്ങൾക്കും കാളവണ്ടികൾക്കും മുമ്പ് ചരക്കുകൾ തലച്ചുമടായി സഞ്ചരിച്ച കാലത്തിന്റെ ഓർമ്മയാണല്ലോ അത്താണികൾ.

ഒരുകൊല്ലമെടുത്താലും അധ്യാപകർക്കും കുട്ടികൾക്കും മൂഡിൽ വശമാകില്ല എന്നൊരു ധാരണയാണ് ആദ്യഘട്ടം ക്ലാസുകൾ ഉണ്ടാക്കിയത്.

അങ്ങാടികൾതോറുമുണ്ടായിരുന്ന അത്താണികളും തണ്ണീർപ്പന്തലുകളും ഇനി ആവശ്യമില്ലാത്തതുപോലെ ഇന്നുകാണുന്ന അധ്യാപകരും ക്ലാസ് മുറികളും പതിയെ ചരിത്രത്തിന്റെ ഭാഗമാവും. മാറ്റങ്ങൾ സാവകാശമാണ് എന്നതുകൊണ്ട് പെട്ടെന്ന് അത് തിരിച്ചറിയപ്പെടില്ല.

കഴിഞ്ഞ തിങ്കളാഴ്ച മുതൽ ഞാൻ ഓൺലൈനായി ക്ലാസെടുത്തുകൊണ്ടിരിക്കുകയാണ്. മൂഡ്ൽ പ്ലാറ്റ്ഫോമാണ് ഞാൻ ജോലി ചെയ്യുന്ന സംസ്കൃതസർവ്വകലാശാല ഓൺലൈൽ ക്ലാസ്റൂമുകൾക്കുള്ള പ്ലാറ്റ്ഫോമായി സ്വീകരിച്ചിരിക്കുന്നത്. അധ്യാപകർക്ക് മൂഡ്ൽ പ്ലാറ്റ്ഫോം പരിചയപ്പെടുത്തുന്ന കോഴ്സ് ഇപ്പോൾ നടന്നുവരുന്നു. അത് തട്ടിൽ കയറുന്നതുവരെ വാട്സാപ്പ്, ടെലഗ്രാം, ഗൂഗ്ൾ ക്ലാസ് റൂം, ഗൂൾ മീറ്റ് എന്നിവയൊക്കെ ഉപയോഗിച്ചാണ് അധ്യാപകർ ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.

മെയ് 25-ന് ഞങ്ങൾ അധ്യാപകർക്ക് ലോക്ഡൗൺ അവസാനിച്ചതാണ്. അത് അറിയിച്ചുകൊണ്ടുള്ള സർക്കുലറിൽ മെയ് 25-മുതൽ അധ്യാപകർ ഡിപ്പാർട്ടുമെന്റിൽ ഹാജരാകേണ്ടതും ജൂൺ ഒന്നുമുതൽ "ഐ.സി.ടി' സംവിധാനമുപയോഗിച്ച് ക്ലാസുകളെടുക്കാനുള്ള മുന്നൊരുക്കങ്ങൾ ചെയ്യേണ്ടതുമാണ് എന്നു വ്യക്തമാക്കിയിരുന്നു. കാളവണ്ടിയോടിച്ചുവരുന്ന ഒരാളോട് നാളെമുതൽ നിങ്ങൾ വിമാനമാണ് ഓടിക്കേണ്ടത് എന്നു പറഞ്ഞ അനുഭവമാണ് ആ സർക്കുലർ ഉണ്ടാക്കിയത്. എന്തൊക്കെ ദുഷിപ്പു പറയുമെങ്കിലും കേരളത്തിലെ അധ്യാപകരും ഉദ്യോഗസ്ഥരും ഉത്തരവുകൾ അനുസരിക്കുന്നവരാണ്. ഞങ്ങളും അതനുസരിച്ചു. ഞങ്ങൾക്ക്, കുട്ടികൾക്കും അഫോർഡബ്ൾ ആയിരുന്ന "ഐ.സി.ടി' സംവിധാനം വാട്സാപ്പായിരുന്നു. കുറച്ചുകൂടി പാണ്ഡിത്യമുള്ളവർ ടെലഗ്രാംകൂടി ഉപയോഗിച്ചു. അപ്പോഴേക്കും മൂഡ്ൽ പ്ലാറ്റ്ഫോമിൽ പരിശീലനം തുടങ്ങി. ഒരുകൊല്ലമെടുത്താലും അധ്യാപകർക്കും കുട്ടികൾക്കും മൂഡിൽ വശമാകില്ല എന്നൊരു ധാരണയാണ് ആദ്യഘട്ടം ക്ലാസുകൾ ഉണ്ടാക്കിയത്. പതിയെ അധ്യാപകർ വാട്സാപ്പിൽ പ്രക്ഷേപണം ചെയ്യുന്ന വോയ്സ് ക്ലാസുകൾക്കൊപ്പം ചില യൂട്യൂബ് ലിങ്കുകളും വാട്സാപ്പിലും ടെലഗ്രാമിലും ചേർക്കാൻ തുടങ്ങി. അടുത്തപടിയായി ഗൂഗ്ൾ മീറ്റും ഗൂഗ്ൾ ക്ലാസ് റൂമും പരീക്ഷിക്കുന്നു. ഒരു സമഗ്രസമീപനം എന്ന രീതിയിൽ ഇതെല്ലാംകൂടി ഒന്നിച്ച് പ്രയോഗിക്കുന്ന ലാടവൈദ്യന്മാരും ഉണ്ട്. അത്തരത്തിലൊരാളാണ് ഈയുള്ളവൻ.

ഞാൻ ഇതുവരെ അഞ്ചു ക്ലാസുകൾ ഓൺലൈനായി എടുത്തു. ഒരാഴ്ചത്തെ ക്ലാസിനു വേണ്ട വിഭവങ്ങൾ ഒരു ദിവസത്തേക്കു വേണം എന്നാണ് അനുഭവം. 20 ഓളം ലേഖനങ്ങൾ ലിങ്കായും ഗൂഗ്ൾഡോക്ക് വഴിയും ഈ അഞ്ചു ക്ലാസുകൾക്കായി കുട്ടികൾക്ക് കൊടുത്തു

ഞാൻ ഇതുവരെ അഞ്ചു ക്ലാസുകൾ ഓൺലൈനായി എടുത്തു. ഒരാഴ്ചത്തെ ക്ലാസിനു വേണ്ട വിഭവങ്ങൾ ഒരു ദിവസത്തേക്കു വേണം എന്നാണ് അനുഭവം. 20 ഓളം ലേഖനങ്ങൾ ലിങ്കായും ഗൂഗ്ൾഡോക്ക് വഴിയും ഈ അഞ്ചു ക്ലാസുകൾക്കായി കുട്ടികൾക്ക് കൊടുത്തു. പത്തിനടുത്ത് യൂട്യൂബ് ലിങ്കുകൾ തപ്പിയെടുത്തു. മൊത്തം 2.30 മണിക്കൂർ ഓഡിയോ കയറ്റി. കുറച്ച് വീഡിയോയും ചെയ്തു. ക്ലാസിന് ഒന്ന് എന്ന കണക്കിൽ ഓരോ കുട്ടിയ്ക്കും അസൈൻമെന്റുകൾ സെറ്റ് ചെയ്തു. അത് പരിശോധിച്ചു. സമാന്തരമായി വാട്സാപ്പ്, ടെലഗ്രാം ഗ്രൂപ്പുകളിൽ ചർച്ചകൾ സംഘടിപ്പിച്ചു. അധികവിഭവങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കി. 200 തവണയെങ്കിലും കുട്ടികളുടെ സംശയങ്ങളോട് പ്രതികരിച്ചു.

എല്ലാ പ്രവൃത്തിദിനങ്ങളിലും ഈ വിധം ക്ലാസ് സെറ്റു ചെയ്യുന്നത് ബുദ്ധിമുട്ടാണെന്ന് ഇപ്പോൾ തിരിച്ചറിയുന്നു. നാടകം ഷൂട്ട് ചെയ്താൻ സിനിമയാകില്ല എന്നതുപോലെ ക്ലാസ് എന്ന ഭാവത്തിൽ ഓഡിയോ വീഡിയോ ഫയൽ ഉണ്ടാക്കി പ്രക്ഷേപണം ചെയ്താൽ ഓൺലൈൻ ക്ലാസുമാകില്ല. ഞാനിപ്പോൾ എടുക്കുന്ന രീതിയിൽ ആഴ്ചയിൽ പരമാവധി മൂന്നു ക്ലാസുകളേ ഒരാൾക്ക് പറ്റൂ. കുറേക്കൂടി മികച്ച അനുഭവത്തിന് നല്ല തയ്യാറെടുപ്പ് വേണം. കുട്ടികളെ സംബന്ധിച്ച് ദിവസം രണ്ടു ക്ലാസൊക്കെയേ അനുഭവിക്കാൻ പറ്റൂ. അതുകൊണ്ട് പുതിയ സാഹചര്യത്തിനനുസരിച്ച് സിലബസ്,പരീക്ഷ എന്നിവ ക്രമീകരിക്കണം. ഒരു സെമസ്റ്ററിൽ പാസാവേണ്ട കോഴ്സുകൾ ഇത്രയെന്ന് നിശ്ചയിച്ച് അതിനു വേണ്ട മൊഡ്യൂൾ (ക്ലാസ് ഇത്ര മണിക്കൂർ, വായന ഇത്ര , അസൈൻമെന്റുകൾ ഇത്ര, മൂല്യനിർണ്ണയം ഇന്ന രീതിയിൽ) ക്രമീകരിക്കണം. നിലവിലുള്ള വർക്കിംഗ് അവേഴ്സ്, വർക്കിംഗ് ദിനങ്ങൾ എന്നിവ പുനഃക്രമീകരിക്കണം. അപ്പോൾ ഉറപ്പായും അത് അധ്യാപകരുടെ ജോലിയെ ബാധിക്കും. ക്ലാസ് സെറ്റു ചെയ്യാൻ കുറച്ചു പേർ മതിയാകും. സംശയനിവാരണത്തിനും അസൈൻമെന്റുകൾ പരിശോധിക്കാനുമാണ് കൂടുതൽ ആളുകൾ വേണ്ടിവരിക. ഇതും യന്ത്രസഹായത്തോടെ ചെയ്യാവുന്ന വിധം സെറ്റു ചെയ്യാനാവും. ഈ ഒരാഴ്ചകൊണ്ടുതന്നെ യൂട്യൂബ് ലിങ്കുകൾ നൂറുക്കണക്കിനു രൂപപ്പെട്ടിട്ടുണ്ട്. നേരത്തേയുള്ളവ പൊന്തിവന്നിട്ടുമുണ്ട്. പോസ്റ്റ്കൊളോണിയലിസം പരാമർശിച്ചപ്പോൾ അനുബന്ധമെറ്റീരിയലായി ഞാൻ കുട്ടികൾക്ക് സജസ്റ്റു ചെയ്ത വിഭവങ്ങളിലൊന്ന് കാൺപൂർ ഐ.ഐ.ടി എപ്പഴോ ചെയ്ത ഒരു ടോക്ക് സീരീസാണ്. സംഗതി യൂട്യൂബിൽ ലഭ്യമാണ്.

ഒരാഴ്ച ക്ലാസെടുത്ത് കുട്ടികളിൽനിന്ന് ഒരു റിവ്യൂ എടുത്തു. അവർ പറയുന്നത് ഇനി ക്ലാസുകൾ ഇങ്ങനെ മതി എന്ന മട്ടിലാണ്. നവസങ്കേതങ്ങൾ അവർ ക്ഷണം പഠിച്ചെടുത്തു. ആരുടെയെങ്കിലും ഉപദേശമോ പൂർവ്വപരിചയമോ ഇല്ലാതെ ഞാൻ ചെയ്ത കാര്യങ്ങൾ കുട്ടികൾക്കു കാര്യക്ഷമമായി തോന്നുന്നുവെങ്കിൽ ഇതൊന്ന് അറിഞ്ഞു പിടിച്ചാൽ പിന്നെ തിരിച്ചുവരവുണ്ടാകില്ല, ഉറപ്പ്.

ഈ സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകളുടെ നൈതികതയും സാങ്കേതികതയും വഴിത്തിരിവുകളുമൊക്കെ ചർച്ച ചെയ്യേണ്ടതുണ്ട്.

കോവിഡ്-19 പശ്ചാത്തലത്തിൽ താൽക്കാലികമായി ഒരുക്കിയ ഒരു സംവിധാനം എന്ന നിലക്കാണ് ഇപ്പോൾ സ്കൂൾവിദ്യാഭ്യാസമേഖലയിലും ഉന്നതവിദ്യാഭ്യാസമേഖലയിലും ഓൺലൈൻ ക്ലാസുകൾ പൊടുന്നനെ ഏർപ്പാടാക്കിയത്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി ആഗോളതലത്തിൽ രൂപപ്പെട്ടുകൊണ്ടിരിക്കുന്നതും പാർലമെന്റ് അംഗീകരിച്ച നയരേഖയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ നടപ്പിലാക്കപ്പെടുന്നതുമായ ഒന്നാണ് ഓൺലൈൻ കോഴ്സുകൾ. ക്രമേണ സാമ്പ്രദായിക വിദ്യാഭ്യാസരീതിയെ വിഴുങ്ങുന്ന മട്ടിലാണ് അതിന്റെ വരവ്. അതിനെ തടയാൻ കഴിയില്ല. തടയേണ്ടതുമില്ല. പക്ഷേ, ശ്രദ്ധാപൂർവ്വമുള്ള ഇടപെടൽ ആവശ്യമാണ്. വിഴുങ്ങലിന്റേയും പ്രതിരോധത്തിന്റേയും വഴികൾക്കൊപ്പം ഈ പ്രവണതയെ പുരോഗമനപരമായും ജനപക്ഷവികസനത്തിന്റെ ഭാഗമായും ഉൾക്കൊള്ളേണ്ടതുണ്ട്. സാങ്കേതികവിദ്യയുടെ മുന്നേറ്റത്തെ തടയാനാവില്ല എന്നത് ട്രാക്ടറും കമ്പ്യൂട്ടറും കേരളത്തെ പഠിപ്പിച്ചതാണല്ലോ. യന്ത്രങ്ങൾ മനുഷ്യരെ മോചിപ്പിക്കും എന്ന മട്ടിൽ സാക്ഷാൽ മാർക്സു തന്നെ ഏതാണ്ട് പറഞ്ഞതായും കേട്ടിട്ടുണ്ട്.

വർത്തമാനത്തിലേക്കു വരാം.

സത്യത്തിൽ ഇപ്പോൾ ഓരോ അധ്യാപകനും ക്ലാസൊരുക്കുന്നത് ഓരോ ടെലിവിഷൻ സെറ്റിനും ഓരോ പ്രോഗ്രാം ഉണ്ടാക്കുന്നതു പോലെയാണ്. കേന്ദ്രീകൃതമായി ഒരു പ്രോഗ്രാം പോരേ എന്ന യുക്തിയിലേക്കെത്താൻ അധികം കാലതാമസമുണ്ടാകില്ല

സത്യത്തിൽ ഇപ്പോൾ ഓരോ അധ്യാപകനും ക്ലാസൊരുക്കുന്നത് ഓരോ ടെലിവിഷൻ സെറ്റിനും ഓരോ പ്രോഗ്രാം ഉണ്ടാക്കുന്നതു പോലെയാണ്. കേന്ദ്രീകൃതമായി ഒരു പ്രോഗ്രാം പോരേ എന്ന യുക്തിയിലേക്കെത്താൻ അധികം കാലതാമസമുണ്ടാകില്ല. കോളേജുകളും യൂണിവേഴ്സിറ്റികളും അടിമുടിമാറും എന്നതാവും അനിവാര്യഫലം. മനുഷ്യവിഭവശേഷിയും വമ്പിച്ച ഭൗതികമൂലധനവും ബാക്കിയാകും എന്നൊരു അവസ്ഥ വരും. കോവിഡ്-19, സ്വതേ രൂപപ്പെട്ടുവരുന്ന സാമ്പത്തികമാന്ദ്യത്തിന് ആക്കം കൂട്ടുമ്പോൾ സർക്കാർ വക ധനകാര്യമാനേജുമെന്റുകൾക്ക് ചെലവു ചുരുങ്ങലുകളെ സ്വാഗതം ചെയ്യാനേ പറ്റൂ. സാഹചര്യവശാൽ രൂപപ്പെട്ടുവന്നതും സാങ്കേതികവിദ്യയുടെ സ്വാഭാവിക പിന്തുണയുള്ളതുമായ പുതിയ സാഹചര്യത്തെ മുതലാളിത്ത ലാഭാർത്ഥിക്കു വിട്ടുകൊടുക്കാതെ സമൂഹനന്മയിലേക്കു വഴി തിരിച്ചുവിടുന്നതിന് ജനകീയമായ സമ്മർദ്ദങ്ങൾ ഉണ്ടാവേണ്ടതുണ്ട്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ബുദ്ധിജീവികളുടെ പിന്തുണയും ഇതിലേക്കുണ്ടാവണം.

അഞ്ചുമുതൽ പത്തുവരെ വർഷങ്ങൾക്കുള്ളിൽ ഓൺലൈൻ വിദ്യാഭ്യാസത്തിനു സംഭവിക്കാവുന്ന അവസ്ഥാന്തരങ്ങളെ മൂന്നായിക്കണ്ട് ആലോചിക്കാം.

1 ക്ലാസ് റൂമുകളിൽ ജൈവികമായി നടക്കുന്ന പ്രവർത്തനങ്ങളെ ഓൺലൈൻ ക്ലാസുകളിലേക്ക് പകർത്താൻ നടത്തുന്ന ഇപ്പോഴുള്ള ശ്രമങ്ങൾ തുടരാം. ഇത് ധൂർത്തും കാര്യക്ഷമത കുറഞ്ഞതും നാടൻഭാഷയിൽ പൊറാട്ടു നാടകവുമാണെന്ന് പെട്ടെന്ന് തിരിച്ചറിയപ്പെടും. കാര്യക്ഷമത കുറഞ്ഞ ഒരു സംവിധാനത്തിന് അധികമായി ചെലവു ചെയ്യേണ്ട അവസ്ഥയും വരും. സർക്കാറിനും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ചെലവ് കൂടും.

2 സർക്കാറുകൾക്ക് വിദ്യാഭ്യാസത്തിലുള്ള മുടക്ക് കുറയ്ക്കാം. അധ്യാപകരുടെ തൊഴിൽ നഷ്ടമാകും പ്രത്യക്ഷഫലം. വിദ്യാഭ്യാസം വില കൊടുത്തു വാങ്ങാവുന്ന ഒന്നാവുകയും കോർപ്പറേറ്റുകൾ, ഓൺലൈൻ കുത്തകകൾ തുടങ്ങിയവ അതേറ്റെടുക്കുകയും ചെയ്തേക്കാം. ബൈജൂസ് ആപ്പ് മുതൽ ജിയോ വരെയും അതിനപ്പുറം ഗൂഗ്ൾ തന്നെയും പ്രാദേശികമായ രൂപഭാവങ്ങളടക്കം വിദ്യാഭ്യാസത്തെ ഏറ്റെടുത്തേക്കാം. വിർച്ച്വൽ യൂണിവേഴ്സിറ്റികൾ തന്നെ സാധ്യമാണ്.

3 മൂന്നാമത്തേത് കൃത്യമായ ഇടപെടലുകളിലൂടെ സംഭവിക്കേണ്ടതാണ്. എല്ലാ അർത്ഥത്തിലുമുള്ള വിഭവങ്ങളുടെ പുനക്രമീകരണമാണ് അത്. സാങ്കേതികവിദ്യയുടെ കാര്യക്ഷമമായ പ്രയോഗംകൊണ്ട് അധികമായി വരുന്ന മനുഷ്യശേഷി, ഭൗതികസംവിധാനങ്ങൾ, സാമ്പത്തികമിച്ചം എന്നിവ വിദ്യാഭ്യാസത്തിലേക്കു തന്നെ തിരിച്ചെത്തേണ്ടതുണ്ട്. മിച്ചവിഭവങ്ങളെ ക്രിയാത്മകമായി പുനർനിക്ഷേപങ്ങളാക്കി മാറ്റണം. ലോകോത്തരമായ ഹൈടെക് വിദ്യാഭ്യാസം സാർവത്രികമായി ലഭ്യമാക്കുന്നിലാവണം അത് എത്തിച്ചേരേണ്ടത്.

ഇതിനുവേണ്ടിയാണ് നാം വാദിക്കേണ്ടത്.

പരമ്പരാഗത ക്ലാസ്റൂമുകൾ ഇനിയുണ്ടാവില്ലെന്നുതന്നെ വിചാരിക്കണം. വിദ്യാഭ്യാസത്തെക്കുറിച്ചും പെഡഗോഗിയെക്കുറിച്ചുമുള്ള എല്ലാ സങ്കല്പങ്ങളും മനസ്സിൽവെച്ചുതന്നെ പറയട്ടെ, നമുക്കിപ്പോൾ പുതിയ കാര്യങ്ങളാണ് ആലോചിക്കാനുള്ളത്. അതായത് നമ്മൾ ഇതുവരെ ആലോചിക്കാത്ത കാര്യങ്ങൾ.

ആയിരക്കണക്കിന് ക്ലാസ്റൂമുകൾ നമുക്കിനി ആവശ്യമില്ല. എല്ലാ കുട്ടികളും നിർബന്ധമായും കടന്നുപോകേണ്ട ക്ലാസുകൾ, അതായത് കോർ കോഴ്സുകൾ ഏറ്റവും മികച്ച അധ്യാപകരാൽ തയ്യാറാക്കപ്പെടുന്ന ഒന്നു മതിയാകും സംസ്ഥാനം മുഴുവൻ. അല്ലെങ്കിൽ ലോകം മുഴുവൻ. അതിനുള്ള പിന്തുണാ സംവിധാനങ്ങളിലേക്ക് വലിയ അളവിൽ ആൾശേഷി ആവശ്യമുണ്ട്. അത് അധ്യാപകരാവണമെന്നില്ല, അസ്സൈൻമെന്റുകൾ നോക്കിക്കൊടുക്കാവുന്ന, ക്ലാസുകളുടെ സംശയനിവാരണം നടത്താൻ ശേഷിയുള്ള ട്യൂട്ടർമാർ മതിയാകും. പണിയില്ലാതാകുന്ന ആയിരക്കണക്കിന് അധ്യാപകരെക്കൊണ്ട് വൈവിധ്യമാർന്ന മറ്റു കോഴ്സുകൾ ചെയ്യിക്കാം. പി.ജി.ക്ക് കോർ കോഴ്സ് ഒരു സെമസ്റ്ററിൽ ഒന്നാണെങ്കിൽ ഇലക്ടീവ് മൂന്നെണ്ണം വേണം. കുട്ടികളുടെ മുന്നിൽ തിരഞ്ഞെടുക്കാവുന്ന മൂന്നൂറ് കോഴ്സുകളും വേണം. ആഡ് ഓൺ കോഴ്സുകളായി (പ്രയോഗം ശരിയോ എന്നറിയില്ല) ചെറിയ പ്രോഗ്രാമുകളും വേണം. ഉദാഹരണത്തിന് എം.എ.മലയാളം ചെയ്യുന്ന ഒരു വിദ്യാർത്ഥിക്ക് കടന്നുപോകാവുന്ന വിധത്തിൽ തമിഴു മുതൽ പാലി വരെ കോഴ്സുകളാവാം.
ഇത്രയും കെട്ടിടങ്ങളും അവ നടത്തിക്കൊണ്ടുപോകാനുള്ള ചെലവും ഇനി വേണ്ടിവരില്ല. പകരം ഓരോ വിദ്യാർത്ഥിക്കും മികച്ച ലാപ്ടോപ്പും ഹൈസ്പീഡ് ഇന്റർനെറ്റും മറ്റ് ഹൈടെക് പഠനസാമഗ്രികളും ലഭ്യമാക്കുന്നത് ആലോചിച്ചു നോക്കൂ. സാമൂഹികത എന്ന അംശത്തിന് സോണൽ അടിസ്ഥാനത്തിൽ ചില കൂടിച്ചേരൽ സംവിധാനങ്ങൾ മതിയാകും. ഇക്കാര്യങ്ങളിൽ കൂട്ടായ ഭാവനകൾ ഉണ്ടാകേണ്ടതുണ്ട്.

അധ്യാപകരുടെ മിച്ച സമയത്തെ ഗവേഷണത്തിലേക്ക് തിരിച്ചു വിടണം. യൂണിവേഴ്സിറ്റി അധ്യാപകർ മുതൽ സ്കൂളധ്യാപകർ വരെ സമയബന്ധിതമായി തീർക്കേണ്ട വിവിധ പ്രോജക്റ്റുകളിൽ പ്രവർത്തിക്കുന്ന സാഹചര്യമുണ്ടാകണം. അതിനുള്ള ആളും അർത്ഥവും ലഭ്യമാക്കണം. അതോടെ വിദ്യാലയങ്ങൾ സർട്ടിഫിക്കറ്റുൽപാദനകേന്ദ്രങ്ങൾ എന്ന നിലവിട്ട് യഥാർത്ഥ ജ്ഞാനോൽപാദനകേന്ദ്രങ്ങളാകും.

കോഴ്സുകളുടെ നിരന്തരമായ പുനഃക്രമീകരണങ്ങളും നടക്കേണ്ടതുണ്ട്. മൂന്നു മുതൽ അഞ്ചുവരെ വർഷത്തിനപ്പുറത്തേക്ക് ഒരു കോഴ്സും നീളരുത്. കോഴ്സുകളുടെ തീർപ്പും പുതിയ കോഴ്സുകളെക്കുറിച്ചുള്ള ആലോചനയും സമാന്തരമായി നടന്നുകൊണ്ടിരിക്കണം. ഈ ആലോചനകൾ തീർത്തും ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങളിൽ ഊന്നിയതുമായിരിക്കണം.


വി. അബ്ദുൽ ലത്തീഫ്

കവി. ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ, പേരക്കയുടെ മണം, മലയാളി ആടുജീവിതം വായിക്കുന്നതെന്തുകൊണ്ട്, കാസറഗോട്ടെ മറാഠികൾ: ഭാഷയും സമൂഹവും, നീർമാതളത്തോട്ടത്തിന്റെ അല്ലികളിൽനിന്ന് അല്ലികൾ പൊട്ടിച്ചെടുക്കുന്ന വിധം എന്നിവ പ്രധാന പുസ്തകങ്ങൾ ​​​​​​​

Comments