ഭരണഭാഷാ ഉത്തരവുകൾക്ക്
സർക്കാർ വകുപ്പുകളിൽ
എന്തു സംഭവിക്കുന്നു?

ഭരണഭാഷ ഒരു പരിധിവരെ മലയാളമായെങ്കിലും, സർക്കാർ ഉത്തരവുകൾ ഇപ്പോഴും ഇംഗ്ലീഷിലാണ്. ഏഴു പതിറ്റാണ്ടിനിടെ ഭരണഭാഷ മലയാളമാക്കാൻ നടന്ന പരിശ്രമങ്ങളെക്കുറിച്ചും അവ വിഫലമായത് എന്തുകൊണ്ട് എന്നതിനെക്കുറിച്ചും, ഭാഷാസംരക്ഷണ പ്രവർത്തനങ്ങളിൽ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന വൈഷ്ണവി വി. എഴുതുന്ന പരമ്പരയുടെ രണ്ടാം ഭാഗം.

മലയാളം എന്ന
ഭരണഭാഷയിലേക്കുള്ള ദൂരം:
ഭാഗം 2

1985 മാർച്ച് 11നാണ് സ്‌പീക്കർ വി.എം സുധീരൻ നിയമസഭയിലെ ഔദ്യോഗികമോ അനൗദ്യോഗികമോ ആയ എല്ലാ ബില്ലുകളും (ഭേദഗതിബിൽ ഒഴികെ) നിർബന്ധമായും മലയാളത്തലായിരിക്കണമെന്നും അതിന്റെ ഇംഗ്ലീഷ് പരിഭാഷ ആവശ്യമുള്ളവർക്ക് മാത്രം വിതരണം ചെയ്താൽ മതിയെന്നും റൂളിംഗ് നൽകുന്നത്. വി.എം. സുധീരൻ 1982-84 കാലത്ത് സഭാ എസ്റ്റിമേറ്റ് കമ്മിറ്റി അധ്യക്ഷനായിരുന്നപ്പോൾ സമർപ്പിച്ച 32 നിർദ്ദേശങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു ഇത്. കമ്മിറ്റി 1983 ഓഗസ്റ്റ് 8 നാണ് റിപ്പോർട്ട് സമർപ്പിച്ചിരുന്നതെങ്കിലും, തുടർന്നും ഇംഗ്ലീഷിൽ ബില്ലവതരിപ്പിക്കുന്ന രീതി ആവർത്തിച്ചു. ആദ്യമായാണ് ഇത്തരമൊരു റൂളിംഗ് നിയമസഭയിലുണ്ടാവുന്നത്. ഭാഷാന്യൂനപക്ഷ വിഭാഗങ്ങളിലെ സമാജികർക്ക് ഈ റൂളിംഗ് ബാധകമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

1987 വരെയും മന്ത്രിതല യോഗ കുറിപ്പുകൾ പോലും ഇംഗ്ലീഷിലായിരുന്നു. 1987 ഒക്ടോബർ 12നാണ് ഉദ്യോഗസ്ഥ- ഭരണപരിഷ്‌കാര (ഔദ്യോഗികഭാഷ) വകുപ്പ് മന്ത്രിസഭാ യോഗങ്ങളിൽ ചർച്ചയ്ക്കുവേണ്ടി സമർപ്പിക്കുന്ന കുറിപ്പുകൾ മലയാളത്തിൽ മാത്രമായിരിക്കണമെന്നും വിവിധ വകുപ്പുകളിൽ മലയാളം ഔദ്യോഗികഭാഷയാക്കുന്നതോടൊപ്പം മന്ത്രിസഭാ കുറിപ്പുകളും, യോഗനടപടിക്കുറിപ്പുകളും കേരളപ്പിറവിയുടെ വാർഷിക ദിനമായ 1.11.1987 മുതൽ നിർബന്ധമായും മലയാളത്തിലായിരിക്കണമെന്നും ഉത്തരവിറക്കുന്നത്. പിന്നീടും ഭരണഭാഷയുമായി ബന്ധപ്പെട്ട് നൂറുകണക്കിന് ഉത്തരവുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഗൗരവത്തോടെ നടപ്പിലാക്കിയിട്ടില്ല. പലതും രേഖകളായി ഒതുങ്ങി.

വായിക്കാം: മലയാളം എന്ന
ഭരണഭാഷയിലേക്കുള്ള ദൂരം ഭാഗം 1

2013 ഏപ്രിൽ 15 ലെ വിജ്ഞാപനപ്രകാരം, മലയാളത്തിലുള്ള മറുപടി ജനങ്ങളുടെ സേവനാവകാശമാണ്. ഏതെങ്കിലും സർക്കാർ ഓഫീസുകൾ മലയാളഭാഷയിൽ അല്ലാത്ത കത്തുകളോ ഉത്തരവുകളോ പുറപ്പെടുവിച്ചതായി പൊതുജനങ്ങളിൽ നിന്ന് പരാതി ലഭിച്ചാൽ ഉദ്യോഗസ്ഥ- ഭരണപരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പ് ഒരു മാസത്തിനുള്ളിൽ നടപടി സ്വീകരിക്കണമെന്നാണ് വ്യവസ്ഥ.

സേവനവകാശ നിയമപ്രകാരം നൽകുന്ന പരാതികൾക്കും കൃത്യമായ നടപടിയില്ല എന്നാണ് അത് ഉപയോഗിച്ചപ്പോൾ മനസ്സിലായത്.

വിവിധ സംസ്ഥാനങ്ങളിൽ മാതൃഭാഷ സംസാരിക്കുന്നവരുടെ ശതമാനക്കണക്കും ഔദ്യോഗിക ഭാഷയും.
വിവിധ സംസ്ഥാനങ്ങളിൽ മാതൃഭാഷ സംസാരിക്കുന്നവരുടെ ശതമാനക്കണക്കും ഔദ്യോഗിക ഭാഷയും.

ഭരണഭാഷാ പ്രഖ്യാപനം

കേരള ഔദ്യോഗികഭാഷകൾ ആക്ടിനു ശേഷം 2015- ലും 2017-ലുമാണ് പിന്നീട് എക്സിക്യൂട്ടീവ് ഉത്തരവുകൾ എന്ന രീതിയിൽ ഭരണഭാഷ പൂർണ്ണമായും മലയാളമാക്കിക്കൊണ്ടുള്ള നയം സ്വീകരിക്കുന്നത്. 2015 ജനുവരി 19-ലെ എസ്.ആർ.ഒ.നം 43/2015 പ്രകാരം എല്ലാ വകുപ്പുകളിലും സെക്രട്ടേറിയറ്റിലെ അവയുടെ ഭരണവകുപ്പുകളിലും സർക്കാർ, അർദ്ധ സർക്കാർ, സ്വയംഭരണ, പൊതുമേഖലാ സഹകരണ-തദ്ദേശഭരണ സ്ഥാപനങ്ങളിലും, നിയമപരമായി ഇംഗ്ലീഷും ന്യൂനപക്ഷഭാഷകളായ തമിഴ്, കന്നഡ എന്നിവയും ഔദ്യോഗികഭാഷയായി ഉപയോഗിക്കാൻ അനുവദിച്ചിട്ടുള്ള പ്രത്യേക സാഹചര്യങ്ങളിലൊഴികെ എല്ലാ ഔദ്യോഗികാവശ്യങ്ങൾക്കും മലയാളം മാത്രം ഉപയോഗിക്കേണ്ടതാണെന്ന് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.

കുറിപ്പ് ഫയൽ (note file) മലയാളത്തിലായിരിക്കണമെന്ന വ്യവസ്ഥയ്ക്ക് വിധേയമായി, നിയമപരമായി ഇംഗ്ലീഷ് ഉപയോഗിക്കാവുന്ന ഏഴ് സാഹചര്യങ്ങൾ വ്യക്തമാക്കി കൊണ്ടുള്ള സർക്കാർ ഉത്തരവ് 2015- ൽ വന്നു. 2017 മെയ് ഒന്നു മുതൽ കേരളത്തിന്റെ ഭരണഭാഷ പൂർണമായും മലയാളമായിരിക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഭരണഭാഷാ പ്രഖ്യാപനം നടത്തി.

2015-ലെ മലയാള ഭാഷ (വ്യാപനവും പരിപോഷണവും) ബില്ലിൽ നിന്ന്.
2015-ലെ മലയാള ഭാഷ (വ്യാപനവും പരിപോഷണവും) ബില്ലിൽ നിന്ന്.

കേരള സർക്കാരിന്റെ ഭരണഭാഷാനയം പൂർത്തിയാക്കുന്നതിനും, ഭരണനടപടികൾ മാതൃഭാഷയായ മലയാളത്തിലാക്കുന്നതിനും ഭാഷാമാറ്റം അവലോകനം ചെയ്യുന്നതിനുമായി രൂപവൽക്കരിച്ച ഔദ്യോഗികഭാഷാ ഉന്നതതലസമിതി 10.04.2017ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗംചേർന്ന് ഭാഷാമാറ്റ നടപടികൾ വിലയിരുത്തി. ‘‘നിയമപരമായി ഇംഗ്ലീഷും സംസ്ഥാനത്തെ ന്യൂനപക്ഷഭാഷകളും ഉപയോഗിക്കേണ്ട സാഹചര്യങ്ങളിലൊഴികെയുള്ള എല്ലാ ഔദ്യോഗികാവശ്യങ്ങൾക്കും മലയാളം മാത്രം ഉപയോഗിക്കണമെന്നതാണ് നിലവിലുള്ള വ്യവസ്ഥ എന്നതിനാൽ മലയാളം ഉപയോഗിക്കേണ്ട സാഹചര്യങ്ങളിൽ നിർബന്ധമായും അതുപയോഗിക്കാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് നിയമപരമായ ബാധ്യതയുണ്ട്. അതിനാൽ 2017 മെയ് 1 മുതൽ സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള അർദ്ധ സർക്കാർ, പൊതുമേഖല, സ്വയംഭരണ സഹകരണ, സ്ഥാപനങ്ങളിൽ ഔദ്യോഗികഭാഷയായി മലയാളം ഉപയോഗിക്കുന്നത് നിർബന്ധമാക്കിക്കൊണ്ടും ഇവിടങ്ങളിൽനിന്ന് പുറപ്പെടുവിക്കുന്ന ഉത്തരവുകളും സർക്കുലറുകളും കത്തുകളും മറ്റും നിബന്ധനകൾക്കു വിധേയമായി, മലയാളത്തിൽത്തന്നെയായിരിക്കണം’’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഭരണഭാഷാപ്രഖ്യാപനം. മൂന്നു മാസത്തിലൊരിക്കൽ ഇക്കാര്യം അവലോകനം ചെയ്യണമെന്നും ഉന്നതതലസമിതി നിർദ്ദേശിച്ചു.

2015-ലെ മലയാള ഭാഷ (വ്യാപനവും പരിപോഷണവും) ബില്ലിൽ നിന്ന്. തമിഴ്, കന്നഡ ഭാഷാ ന്യൂനപക്ഷക്കാർക്ക് ഭരണഭാഷ സംബന്ധിച്ച നിലവിലുള്ള അവകാശങ്ങൾ നിലനിർത്തുന്ന വ്യവസ്ഥകളുള്ളതായിരുന്നു ഈ ബിൽ.
2015-ലെ മലയാള ഭാഷ (വ്യാപനവും പരിപോഷണവും) ബില്ലിൽ നിന്ന്. തമിഴ്, കന്നഡ ഭാഷാ ന്യൂനപക്ഷക്കാർക്ക് ഭരണഭാഷ സംബന്ധിച്ച നിലവിലുള്ള അവകാശങ്ങൾ നിലനിർത്തുന്ന വ്യവസ്ഥകളുള്ളതായിരുന്നു ഈ ബിൽ.

തമിഴ്, കന്നഡ ഭാഷാ ന്യൂനപക്ഷക്കാർക്ക് ഭരണഭാഷ സംബന്ധിച്ച നിലവിലുള്ള അവകാശങ്ങൾ നിലനിർത്തി,
(1) കേന്ദ്ര സർക്കാർ, (2) കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ, (3) ഹൈക്കോടതി- സുപ്രീം കോടതി, (4) ഇതരസംസ്ഥാനങ്ങൾ, (5) മറ്റു രാജ്യങ്ങൾ, (6) സംസ്ഥാനത്തെ ന്യൂനപക്ഷഭാഷകളായ തമിഴ് കന്നഡ അല്ലാതെയുള്ള മറ്റു ഭാഷാന്യൂനപക്ഷക്കാരുമായുള്ള കത്തിടപാടുകൾ, (7) ഇംഗ്ലീഷ് ഉപയോഗിക്കണമെന്ന് ഏതെങ്കിലും നിയമത്തിൽ പ്രത്യേകം പരാമർശമുള്ള സംഗതികൾ എന്നീ സാഹചര്യങ്ങളിൽ കുറിപ്പുഫയൽ മലയാളത്തിലായിരിക്കണമെന്ന നിബന്ധനയ്ക്കു വിധേയമായി കത്തിടപാടുകൾക്ക് ഇംഗ്ലീഷ് ഉപയോഗിക്കാം. അതിനാൽ നിയമപരമായി ഇംഗ്ലീഷും ന്യൂനപക്ഷഭാഷകളും ഉപയോഗിക്കണ്ട സാഹചര്യങ്ങളൊഴികെയുള്ള എല്ലാ ഔദ്യോഗികാവശ്യങ്ങൾക്കും 2017 മെയ്-1 മുതൽ നിർബന്ധമായും മലയാളം മാത്രമേ ഉപയോഗിക്കാവൂ എന്ന് നിഷ്കർഷിച്ചു.

ന്യൂനപക്ഷ മേഖലയിലെ പല വിദ്യാർത്ഥികൾക്കും അവരുടെ വിദ്യാഭ്യാസ സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. ബഹുഭാഷകൾ അംഗീകരിക്കാത്ത നയം കേരളം ഇതുവരെ സ്വീകരിച്ചിട്ടില്ല എന്ന് ഉറപ്പിച്ചു പറയാം.

സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള എല്ലാ വകുപ്പുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും പുറപ്പെടുവിക്കുന്ന ഉത്തരവുകളും സർക്കുലറുകളും കത്തിടപാടുകളും ഫയൽ നടപടികളും റിപ്പോർട്ടുകളും മേൽപ്പറഞ്ഞ നിബന്ധനകൾക്കു വിധേയമായി മലയാളത്തിലാണെന്ന് വകുപ്പുതലന്മാരും ഓഫീസ് മേധാവികളും ഉറവരുത്തേണ്ടതാണ്. ഓരോ വകുപ്പിന്റെയും ഭാഷാമാറ്റനടപടികൾ മൂന്നു മാസത്തിലൊരിക്കൽ അവലോകനം ചെയ്യുന്നതും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുന്നതുമാണ് എന്ന് 2017 ഏപ്രിൽ 26ന് സർക്കാർ ഉത്തരവിറക്കി.

ഭരണഭാഷ ഒരു പരിധിവരെ മലയാളമായെങ്കിലും, സർക്കാർ വകുപ്പുകളിൽ നിന്ന് ഇറങ്ങുന്ന കെട്ടുകണക്കിന് ഉത്തരവുകൾ ഇപ്പോഴും ഇംഗ്ലീഷിൽ തന്നെയാണ്. ഇത് ചൂണ്ടിക്കാണിക്കുമ്പോൾ ഭരണഭാഷാ ഉത്തരവ് പാലിക്കണമെന്ന് നിർദ്ദേശിച്ച് ഇടയ്ക്ക് ഉത്തരവിറങ്ങുമെങ്കിലും, പല വകുപ്പുകളും ഇതിന് ശ്രദ്ധ കൊടുക്കാറില്ല.

2017 ജൂൺ രണ്ടിലെ അസാധാരണ ഗസറ്റ് വിജ്ഞാപനം. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും മലയാളം നിർബന്ധിത ഭാഷയായി പഠിപ്പിക്കുന്നതിനുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന മലയാള ഭാഷാ പഠന ആക്റ്റിന്റെ വിജ്ഞാപനമാണിത്.
2017 ജൂൺ രണ്ടിലെ അസാധാരണ ഗസറ്റ് വിജ്ഞാപനം. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും മലയാളം നിർബന്ധിത ഭാഷയായി പഠിപ്പിക്കുന്നതിനുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന മലയാള ഭാഷാ പഠന ആക്റ്റിന്റെ വിജ്ഞാപനമാണിത്.

2025 നവംബറിൽ നൽകിയ സേവനവകാശ നിയമപ്രകാരമുള്ള പരാതിയിൽ, സർക്കാരിന്റെ ഭരണഭാഷാ വാരാഘോഷം നടന്ന നവംബർ 1 മുതൽ 20 വരെ സർക്കാരിന്റെ ഡോക്യുമെന്റ് പോർട്ടലിൽ ഉൾപ്പെടുത്തിയ 240 ലധികം രേഖകൾ ഇംഗ്ലീഷിൽ മാത്രമാണെന്നും, ഏതൊക്കെ വകുപ്പുകളാണ് വീഴ്ച വരുത്തിയിട്ടുള്ളതെന്നും ചൂണ്ടിക്കാണിച്ചിരുന്നു. ഒപ്പം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യവും ചൂണ്ടിക്കാണിച്ചിരുന്നു. ഇതിൽ കാര്യങ്ങൾ മലയാളത്തിലായിരിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് നിർദ്ദേശം നൽകിയെങ്കിലും ബാക്കിയുള്ള വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണമുണ്ടായില്ല. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയമലംഘനവുമായി ബന്ധപ്പെട്ട് നൽകിയ സേവനാവകാശ പരാതിയിൽ മാസങ്ങളായിട്ടും ഒരു പ്രതികരണവുമില്ല. കഴിഞ്ഞവർഷം മാത്രം മലയാളത്തിനു വേണ്ടി രേഖാമൂലം സർക്കാരിനെ സമീപിച്ചതിന് കയ്യും കണക്കുമില്ല. ശക്തമായ നിയമനിർമ്മാണത്തിന്റെ അഭാവവും സർക്കാരിന്റെ കൃത്യമായ മേൽനോട്ടക്കുറവും പലതിനെയും ബാധിച്ചിട്ടുണ്ട്.

2016-ലെ ഇടതുമുന്നണി പ്രകടനപത്രികയിൽ മലയാളവുമായി ബന്ധപ്പെട്ട ധാരാളം ഉള്ളടക്കം ചേർത്തിരുന്നു. അതിലെ പല കാര്യങ്ങളും കൃത്യമായി നടപ്പിലാക്കിയിട്ടില്ല. കേരള ചരിത്രത്തിൽ തന്നെ ഒരു പ്രകടനപത്രികയിൽ മലയാളവുമായി ബന്ധപ്പെട്ട ഇത്രയും ഉറപ്പുകൾ ലഭിക്കുന്നത് ആദ്യമായാവും.

2017-ലെ മലയാള ഭാഷാ പഠന ആക്റ്റിന്റെ ഗസറ്റ് വിജ്ഞാപനത്തിൽനിന്ന്.
2017-ലെ മലയാള ഭാഷാ പഠന ആക്റ്റിന്റെ ഗസറ്റ് വിജ്ഞാപനത്തിൽനിന്ന്.

പ്രീ പ്രൈമറി മുതൽ ഹയർസെക്കൻഡറി വരെ മലയാളഭാഷാപഠനം നിർബന്ധമാക്കുമെന്ന് പ്രകടനപത്രികയിൽ പറഞ്ഞിരുന്നു. 2017-ൽ കേരള നിയമസഭയുടെ ആദ്യ യോഗം നടന്നിടത്ത്, ഒരു വിഷയം മാത്രം പ്രത്യേക അജണ്ടയായെടുത്ത് മലയാളഭാഷാ പഠനആക്ട് (മലയാളപഠന നിയമം) നിയമസഭ ഏകകണ്ഠമായി പാസാക്കി. ഒന്നു മുതൽ പത്താം ക്ലാസ് വരെ എല്ലാത്തരം സിലബസും കൈകാര്യം ചെയ്യുന്ന സ്കൂളുകളിൽ മലയാളപഠനം നിർബന്ധമാക്കി. (വാർഷിക പ്രോഗ്രസ് റിപ്പോർട്ടുകളിൽ പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി തലം വരെ മലയാള പഠനനിയമം നടപ്പിലാക്കി എന്നാണ് പറയുന്നത്, അത് തെറ്റാണ്. കാര്യക്ഷമത ഉറപ്പാക്കേണ്ടതുണ്ടെന്ന് പ്രോഗ്രസ് റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും, ഇത് ആവശ്യപ്പെടുമ്പോൾ ഒരു നടപടിയും ഇല്ല.)

സി ബി എസ് ഇ അടക്കമുള്ള വിദ്യാലയങ്ങളുടെ അംഗീകാരത്തിനുള്ള മാനദണ്ഡമായി മലയാള പഠനം നിർബന്ധമാക്കി, സംസ്ഥാനത്തെ സ്കൂളുകളിൽ മലയാളം സംസാരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്താൻ പാടില്ല, വകുപ്പ് തല പരിശോധനകളും നടപടികളും, വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് ഉൾപ്പെടെയുള്ള വ്യവസ്ഥകൾ തുടങ്ങിയവ നിയമത്തിൽ ഉൾപ്പെടുന്നു.

കേരളത്തിലെ ഹയർസെക്കൻഡറി മേഖലയിൽ മലയാളം നിർബന്ധിത വിഷയമല്ല. സ്കൂളുകളിൽ ലഭ്യമാണെങ്കിൽ വിദ്യാർഥികൾക്ക് രണ്ടാം ഭാഷയായി പഠിക്കാം. ധാരാളം സ്കൂളുകൾ മലയാളം രണ്ടാം ഭാഷയായി നൽകുന്നില്ല എന്ന സാഹചര്യമാണുള്ളത്.

ഇതര സംസ്ഥാനങ്ങളിൽ നിന്നോ വിദേശ രാജ്യങ്ങളിൽ നിന്നോ വന്ന് സംസ്ഥാനത്ത് പഠിക്കുന്നവർ, പാഠ്യപദ്ധതി പ്രകാരമുള്ള മലയാളഭാഷാ അദ്ധ്യയനം സാധ്യമാക്കാൻ കഴിയാത്ത സാഹചര്യത്തിൽ, അവരെ നിലവിലുള്ള പാഠ്യപദ്ധതി പ്രകാരമുള്ള പത്താം ക്ലാസ് പരീക്ഷയിലെ മലയാള ഭാഷയിലുള്ള പരീക്ഷയിൽനിന്ന് ഒഴിവാക്കാവുന്നതും, സ്റ്റേറ്റ് കൗൺസിൽ ഫോർ എഡ്യൂക്കേഷൻ റിസർച്ച് ആൻ്റ് ട്രെയിനിംഗ് (SCERT) തയ്യാറാക്കുന്ന മലയാള പാഠപുസ്തകം പഠിപ്പിക്കേണ്ടതുമാണ്. ഭാഷാ ന്യൂനപക്ഷങ്ങൾക്ക് മാത്രമായുള്ള സ്കൂളുകളിലും ഓറിയൻ്റൽ സ്കൂളുകളിലും ക്രമാനുഗതമായുള്ള മലയാള പഠനത്തിനാവശ്യമായ സൗകര്യം സർക്കാർ ചെയ്തുകൊടുക്കേണ്ടതാണ്. ഇതുപോലുള്ള ലളിതവും ഭാഷാസൗഹൃദപരവുമായ വ്യവസ്ഥകളാണ് മുന്നോട്ടുവെച്ചിട്ടുള്ളത്.

2017-ലെ മലയാള ഭാഷാ പഠന ആക്റ്റിന്റെ ഗസറ്റ് വിജ്ഞാപനത്തിൽനിന്ന്.
2017-ലെ മലയാള ഭാഷാ പഠന ആക്റ്റിന്റെ ഗസറ്റ് വിജ്ഞാപനത്തിൽനിന്ന്.

ഈ വിദ്യാർത്ഥികളുടെ മേൽ മലയാളം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നില്ല. കേരളത്തിന്റെ ഭാഷാജനാധിപത്യ കാഴ്ചപ്പാടിന്റെ ഭാഗമാണത്. സ്കോളർഷിപ്പ് വിതരണം ചെയ്യാനോ നിയമം കാര്യക്ഷമമായി നടപ്പിലാക്കാനോ പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറായിട്ടില്ല എന്നതിലും നടപ്പിലാക്കാൻ ചുമതലപ്പെട്ട പൊതു വിദ്യാഭ്യാസ ഡയറക്ടർ അടക്കം നടപടി സ്വീകരിക്കാത്തതിലും കടുത്ത വിയോജിപ്പുമുണ്ട്.

പൊതുവിദ്യാഭ്യാസ മന്ത്രിയെ അടക്കം കാണുകയും, സംവിധാനങ്ങളിൽ തുടർച്ചയായി സമ്മർദ്ദം ചെലുത്തുകയും, കത്തുകൾ കൊടുക്കുകയും (കേരളത്തിലെ ഭാഷാപ്രവർത്തകർ നൽകിയ കത്തുകൾ പുസ്തകമാക്കാനുള്ള അത്രയുമുണ്ട്) ചെയ്തതിന്റെ ഭാഗമായി കഴിഞ്ഞ ഓഗസ്റ്റിൽ പരിശോധനയ്ക്ക് ഉത്തരവിട്ടു. നിയമം നടപ്പിലാക്കേണ്ടവർ തന്നെയാണ്, മലയാളം മിഷൻ, സാക്ഷരതാമിഷൻ എന്നീ സ്ഥാപനങ്ങൾക്ക് കേരളത്തിന്റെ വിദ്യാഭ്യാസ ക്രമത്തിൽ ഇടപെടാനുള്ള വേദി നൽകിയിരിക്കുന്നത്. (മലയാളം മിഷൻ സംസ്ഥാനത്തിന്റെ പുറത്തും വിദേശരാജ്യങ്ങളിലുള്ളവർക്കും മലയാളം പഠിക്കാനുള്ള സംവിധാനമാണ്, സാക്ഷരതാ മിഷൻ പഠനം നഷ്ടപ്പെടുന്നവർക്ക് തുല്യതാ വിദ്യാഭ്യാസമടക്കം നൽകുന്ന സംവിധാനമാണ്..)

വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ചോദ്യം ചെയ്യുന്നതും, മാതൃഭാഷാ വിദ്യാഭ്യാസം സർട്ടിഫിക്കറ്റ് കോഴ്സുകളായി പരിമിതപ്പെടുത്തുന്നതും, മലയാള പഠന നിയമത്തിന് വിരുദ്ധവും, പൊതുക്രമത്തിൽ തന്നെ വിദ്യാർഥികൾക്ക് മാതൃഭാഷ പഠിക്കാനുള്ള അവസരം നിഷേധിക്കലുമാണ് ഇത്തരം പ്രവർത്തനങ്ങൾ എന്നതാണ് എന്റെ പക്ഷം. നിയമം നിർമിച്ചാൽ മാത്രം പോരാ, നടപ്പിലാക്കാനുള്ള ആർജ്ജവം കൂടി വേണം.

2018-ലെ മലയാള ഭാഷാപഠന ചട്ടങ്ങൾ വ്യവസ്ഥ ചെയ്തുകൊണ്ടുള്ള ഗസറ്റ് വിജ്ഞാപനത്തിൽനിന്ന്.
2018-ലെ മലയാള ഭാഷാപഠന ചട്ടങ്ങൾ വ്യവസ്ഥ ചെയ്തുകൊണ്ടുള്ള ഗസറ്റ് വിജ്ഞാപനത്തിൽനിന്ന്.

കർണാടകയിലെ ഭാഷാനിയമം

കർണാടകയിലെ കന്നടഭാഷാനിയമങ്ങളിലെ ചില വ്യവസ്ഥകൾ ഇങ്ങനെയാണ്:

1. Linguistic minorities as far as possible use Kannada language or English for correspondence with Government, Head of Departments and other Government offices. In such cases, the replies may be in Kannada or in English.

ന്യൂനപക്ഷ ഭാഷക്കാർ സർക്കാരുമായുള്ള ഇടപെടലുകൾക്ക് കഴിയുന്നിടത്തോളം കന്നടയോ ഇംഗ്ലീഷോ ഉപയോഗിക്കേണ്ടതാണ്. എന്തുകൊണ്ട് ന്യൂനപക്ഷ ഭാഷക്കാർക്ക് അവരുടെ മാതൃഭാഷയ്ക്ക് പകരം കന്നട / ഇംഗ്ലീഷ്?
കേരളത്തിൽ ന്യൂനപക്ഷ ഭാഷകൾക്ക് സ്വന്തം ഭാഷയിലോ ഇംഗ്ലീഷിലോ സർക്കാർ സംവിധാനങ്ങളെ സമീപിക്കാനും, തിരിച്ച് സർക്കാരിന്റെ പ്രതികരണങ്ങൾ അതേ രീതിയിൽ ലഭിക്കാനുള്ള അവകാശമുണ്ട്.

2018-ലെ മലയാള ഭാഷാപഠന ചട്ടങ്ങൾ വ്യവസ്ഥ ചെയ്തുകൊണ്ടുള്ള ഗസറ്റ് വിജ്ഞാപനത്തിൽനിന്ന്.
2018-ലെ മലയാള ഭാഷാപഠന ചട്ടങ്ങൾ വ്യവസ്ഥ ചെയ്തുകൊണ്ടുള്ള ഗസറ്റ് വിജ്ഞാപനത്തിൽനിന്ന്.

2. *Kannada language shall be taught as a compulsory language in all classes, in all schools in the State, either as a first language or as a second language in the phased manner.

* In those Schools which are not teaching Kannada as a first and second language, as of now, shall introduce Kannada as first or second language in Standard-I from the academic year 2015-16 and in the standard I and II in the academic year 2016-17 and in the phased manner shall be extended upto Xth standard in a like manner.

*Every School shall follow Text Books Prescribed by the State Government for teaching Kannada as First language or Second language compulsorily.

കേരളത്തിലെ ഹയർസെക്കൻഡറി മേഖലയിൽ മലയാളം നിർബന്ധിത വിഷയമല്ല. സ്കൂളുകളിൽ ലഭ്യമാണെങ്കിൽ വിദ്യാർഥികൾക്ക് രണ്ടാം ഭാഷയായി പഠിക്കാം. ധാരാളം സ്കൂളുകൾ മലയാളം രണ്ടാം ഭാഷയായി നൽകുന്നില്ല എന്ന സാഹചര്യമാണുള്ളത്. പുതിയ ബില്ലിലും അതിനായി കേരളം തൽക്കാലം ശ്രമിച്ചിട്ടില്ല.

2018-ലെ മലയാള ഭാഷാപഠന ചട്ടങ്ങൾ വ്യവസ്ഥ ചെയ്തുകൊണ്ടുള്ള ഗസറ്റ് വിജ്ഞാപനത്തിൽനിന്ന്.
2018-ലെ മലയാള ഭാഷാപഠന ചട്ടങ്ങൾ വ്യവസ്ഥ ചെയ്തുകൊണ്ടുള്ള ഗസറ്റ് വിജ്ഞാപനത്തിൽനിന്ന്.

3. Entitlement for concessions, Tax rebates and deferment of taxes for industries providing reservation to Kannadigas as per Industrial Policy notified in the State.

- If any industry which has undertaken to comply with the industrial policies of the State prescribed for reservation in employment for Kannadigas, fails to fulfill the obligation, shall be liable for disentitlement of continuation of benefits namely concessions and tax rebates or deferment or any kind of grant-in aid in

future and shall also be liable for recovery of the same. Such disentitlement shall be invoked only after giving an opportunity of hearing to the said industry.

ഇത്തരം ആലോചനകൾ കേരളം നടത്താൻ പോയിട്ടേയില്ല.

4. Reservation in Higher, Technical and Professional Education.-Students who have studied in Kannada medium from 1st Standard to 10th Standard in Karnataka or in Kannada Medium Schools in any other States shall be provided such percentage of reservation in Higher, Technical and Professional Education as may be notified by the State Government.

2018-ലെ മലയാള ഭാഷാപഠന ചട്ടങ്ങൾ വ്യവസ്ഥ ചെയ്തുകൊണ്ടുള്ള ഗസറ്റ് വിജ്ഞാപനത്തിൽനിന്ന്.
2018-ലെ മലയാള ഭാഷാപഠന ചട്ടങ്ങൾ വ്യവസ്ഥ ചെയ്തുകൊണ്ടുള്ള ഗസറ്റ് വിജ്ഞാപനത്തിൽനിന്ന്.

കന്നട ഭാഷയുമായി ബന്ധപ്പെട്ട കന്നട ലാംഗ്വേജ് കോംപ്രഹൻസീവ് ലാംഗ്വേജ് ആക്ട്- 2022, 2015ലെ കന്നട ഭാഷാപഠന ആക്ട് പോലുള്ള നിയമങ്ങളിൽ, കന്നഡ എല്ലാ മേഖലകളിലും നിർബന്ധമായും അടയാളപ്പെടുത്താൻ ശ്രമിക്കുകയും ന്യൂനപക്ഷ ഭാഷകൾക്ക് വലിയ പ്രാധാന്യം ലഭിക്കാതെ പോവുകയും ചെയ്തിട്ടുണ്ട്. കേരള സർക്കാർ ഇത്തരം പിടിവാശികൾക്കോ, മലയാളത്തിനു മാത്രം ഗുണം ചെയ്യുന്നതോ ആയ നിർമ്മാണം നടത്തിയിട്ടുണ്ടോ? ഉത്തരം ലളിതമാണ്, ഇല്ല. എല്ലാവർക്കും ഒരുപോലെ മുന്നോട്ടുപോകാനുള്ള സംവിധാനമാണ് നിലവിൽ ഇവിടെയുള്ളത്. സ്വന്തം സംസ്ഥാനത്തിലെ സാഹചര്യങ്ങൾ പരിശോധിക്കാതെയാണ് കർണാടക മുഖ്യമന്ത്രി കേരളത്തിന്റെ വിഷയത്തിൽ ഇടപെടുന്നത്. മലയാളി സമാജങ്ങളുടെ പരിപാടികളിൽ പോലും, മലയാളം ബോർഡുകൾ കണ്ടാൽ, അംഗീകരിക്കാൻ വിസമ്മതിക്കുന്ന സാഹചര്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ന്യൂനപക്ഷ മേഖലയിലെ പല വിദ്യാർത്ഥികൾക്കും അവരുടെ വിദ്യാഭ്യാസ സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. ബഹുഭാഷകൾ അംഗീകരിക്കാത്ത നയം കേരളം ഇതുവരെ സ്വീകരിച്ചിട്ടില്ല എന്ന് ഉറപ്പിച്ചു പറയാം.

2018-ലെ മലയാള ഭാഷാപഠന ചട്ടങ്ങൾ വ്യവസ്ഥ ചെയ്തുകൊണ്ടുള്ള ഗസറ്റ് വിജ്ഞാപനത്തിൽനിന്ന്.
2018-ലെ മലയാള ഭാഷാപഠന ചട്ടങ്ങൾ വ്യവസ്ഥ ചെയ്തുകൊണ്ടുള്ള ഗസറ്റ് വിജ്ഞാപനത്തിൽനിന്ന്.

കർണാടകയിലെ ന്യൂനപക്ഷ ഭാഷകളുടെ അവകാശങ്ങൾക്കും പ്രാധാന്യം നൽകണം. തമിഴ്നാട്ടിലും കർണാടകയിലും അതിർത്തി മേഖലകളിൽ വിദ്യാർത്ഥികൾ അടക്കം നേരിടുന്ന പ്രശ്നങ്ങൾ പല കാലങ്ങളിൽ മുന്നോട്ടുവന്നിരുന്നുവെങ്കിലും കൃത്യമായ പരിഹാരമുണ്ടായിട്ടില്ല. തമിഴ്നാടിന്റെ അതിർത്തി ജില്ലകളിൽ മലയാളം വിദ്യാലയങ്ങൾ പൂട്ടുകയും, മലയാളി ന്യൂനപക്ഷങ്ങൾക്ക് പ്രയാസം അനുഭവിക്കേണ്ടിവരികയും ചെയ്യുന്നുണ്ട്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾ കേരളത്തിന്റെ ഭൂപരിധിയിലും സഹസംസ്ഥാനങ്ങളുടെ അതിർത്തി മേഖലയിലും ജീവിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങളെ കുറേക്കൂടി സംരക്ഷിക്കാനുള്ള ഇടപെടലുകൾക്ക് കൂടി വഴിയൊരുക്കട്ടെയെന്ന് പ്രതീക്ഷിക്കാം.

മലയാള ഭാഷാബിൽ സംരക്ഷണ സമിതി 2025 ജൂലൈ 12ന് തിരുവനന്തപുരത്ത് നടത്തിയ മലയാള ഭാഷാബിൽ സംരക്ഷണ കൺവെൻഷന്റെ സദസ്സ്.
മലയാള ഭാഷാബിൽ സംരക്ഷണ സമിതി 2025 ജൂലൈ 12ന് തിരുവനന്തപുരത്ത് നടത്തിയ മലയാള ഭാഷാബിൽ സംരക്ഷണ കൺവെൻഷന്റെ സദസ്സ്.
മലയാള ഭാഷാബിൽ സംരക്ഷണ സമിതി, ഐക്യമലയാള പ്രസ്ഥാനം, മലയാള ഐക്യവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ 2025 ജൂലൈ 12ന് തിരുവനന്തപുരത്ത് നടത്തിയ മലയാള ഭാഷാബിൽ സംരക്ഷണ കൺവെൻഷനിൽ അടൂർ ഗോപാലകൃഷ്ണൻ സംസാരിക്കുന്നു.
മലയാള ഭാഷാബിൽ സംരക്ഷണ സമിതി, ഐക്യമലയാള പ്രസ്ഥാനം, മലയാള ഐക്യവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ 2025 ജൂലൈ 12ന് തിരുവനന്തപുരത്ത് നടത്തിയ മലയാള ഭാഷാബിൽ സംരക്ഷണ കൺവെൻഷനിൽ അടൂർ ഗോപാലകൃഷ്ണൻ സംസാരിക്കുന്നു.
മലയാള ഭാഷാബിൽ സംരക്ഷണ സമിതി, ഐക്യമലയാള പ്രസ്ഥാനം, മലയാള ഐക്യവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ 2025 ജൂലൈ 12ന് തിരുവനന്തപുരത്ത് നടത്തിയ മലയാള ഭാഷാബിൽ സംരക്ഷണ കൺവെൻഷനിൽ വൈഷ്ണവി വി. സംസാരിക്കുന്നു. അടൂർ ഗോപാലകൃഷ്ണൻ, ഡോ. പി. പവിത്രൻ എന്നിവർ സമീപം.
മലയാള ഭാഷാബിൽ സംരക്ഷണ സമിതി, ഐക്യമലയാള പ്രസ്ഥാനം, മലയാള ഐക്യവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ 2025 ജൂലൈ 12ന് തിരുവനന്തപുരത്ത് നടത്തിയ മലയാള ഭാഷാബിൽ സംരക്ഷണ കൺവെൻഷനിൽ വൈഷ്ണവി വി. സംസാരിക്കുന്നു. അടൂർ ഗോപാലകൃഷ്ണൻ, ഡോ. പി. പവിത്രൻ എന്നിവർ സമീപം.

(അവസാനിക്കുന്നില്ല, തുടരും)

Comments