വരാൻ പോകുന്ന
സ്വകാര്യ സർവകലാശാലകൾക്ക് മതമുണ്ടാകുമോ?

കേരളത്തിൽ വരാൻ പോകുന്ന സ്വകാര്യ സർവകലാശാലകൾ, വിദ്യാഭ്യാസപരമായ പ്രശ്‌നത്തിനുള്ള വിദ്യാഭ്യാസപരമായ പരിഹാരമല്ല, മറിച്ച് സാമ്പത്തികമായ പ്രശ്‌നത്തിനുള്ള വിദ്യാഭ്യാസപരമായ പരിഹാരമാണ്. അതുകൊണ്ടുതന്നെ ഇത് വിദ്യാഭ്യാസപരമായ തീരുമാനമല്ല, സാമ്പത്തിക തീരുമാനമാണ്- അമൃത് ജി. കുമാർ എഴുതുന്നു.

കേരളത്തിൽ 41.3 ശതമാനം വിദ്യാർഥികളാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ എൻറോൾ ചെയ്യുന്നത്. അഖിലേന്ത്യാ തലത്തിൽ 28.4 ശതമാനം (All India Survey on Higher Education- AISHE). കേരളത്തിലെ 41.3 ശതമാനത്തെ 2030-ഓടെ 50 ശതമാനമെങ്കിലുമാക്കാൻ ഇവിടെ പുതിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആവശ്യമുണ്ട്. അത് സ്വകാര്യമേഖലയിലാണോ വേണ്ടത് എന്നത് സർക്കാറിന്റെ നയപരമായ നിലപാടാണ്.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് 1980-കൾ മുതൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കടന്നുവരുന്നുണ്ട്. സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസം വളരെ തന്ത്രപരമായാണ് പൊതുവിദ്യാഭ്യാസത്തിലേക്ക് കടന്നുവന്നത്. സർക്കാർ- എയ്ഡഡ് കോളേജുകളിൽ സ്വാശ്രയ കോഴ്‌സുകൾ അനുവദിക്കുന്നതിലൂടെയാണ് സ്വകാര്യവൽക്കരണത്തിന്റെ strategic intrusion കേരളത്തിലുണ്ടാകുന്നത്. അതായത്, ഗവൺമെന്റ് പാശ്ചാത്തലത്തിൽ സെൽഫ് ഫിനാൻസിങ് കോഴ്‌സുകൾ. എയ്ഡഡ് കോളേജുകളിലെ സെൽഫ് ഫിനാൻസിങ് കോഴ്‌സുകളിലൂടെയാണ് സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസം എന്ന സംവിധാനം ഇപ്പോൾ നിലനിൽക്കുന്നത്.

വരാൻ പോകുന്ന സ്വകാര്യ സർവകലാശാലകളുടെ കാര്യമെടുത്താൽ, അവ വിദ്യാഭ്യാസപരമായ പ്രശ്‌നത്തിനുള്ള വിദ്യാഭ്യാസപരമായ പരിഹാരമല്ല, മറിച്ച് സാമ്പത്തികമായ പ്രശ്‌നത്തിനുള്ള വിദ്യാഭ്യാസപരമായ പരിഹാരമാണ്. അതുകൊണ്ടുതന്നെ കേരളത്തിൽ സ്വകാര്യ സർവകലാശാലകൾ തുടങ്ങണമെന്നത് വിദ്യാഭ്യാസപരമായ തീരുമാനമല്ല, സാമ്പത്തിക തീരുമാനമാണ്.

സ്വകാര്യ സർവകലാശാലകളിലെ ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം കേരളത്തിലും ലഭ്യമാക്കണം എന്നതാണ് ഒരു വാദമായി സർക്കാർ ഉയർത്തുന്നത്. അതിൽ ഒരു വൈരുധ്യമുണ്ട്.
സ്വകാര്യ സർവകലാശാലകളിലെ ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം കേരളത്തിലും ലഭ്യമാക്കണം എന്നതാണ് ഒരു വാദമായി സർക്കാർ ഉയർത്തുന്നത്. അതിൽ ഒരു വൈരുധ്യമുണ്ട്.

ഇക്കാര്യം വിശദീകരിക്കാം.

Access to Higher Education എന്നത് നമ്മുടെ വിദ്യാർഥികൾ നേരിടുന്ന പ്രധാന പ്രശ്‌നമാണ്. പ്രധാനമായും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേരാൻ പറ്റുന്നില്ല. ഈ പ്രശ്‌നം പരിഹരിക്കാൻ സർക്കാർ ചെയ്യേണ്ടത്, എയ്ഡഡ്- സർക്കാർ തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുകയാണ്. അത് സർക്കാറിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് മനസ്സിലാക്കിയ സാമ്പത്തിക ശാസ്ത്രത്തിന്റെ താൽപര്യമാണ് സ്വകാര്യ സർവകലാശാലകൾ എന്ന ആശയം.

ഒരു യൂണിവേഴ്‌സിറ്റിയിലേക്ക് അപേക്ഷിക്കാൻ ഏറ്റവും ചുരുങ്ങിയത് 1000 രൂപയെങ്കിലും ​ചെലവാക്കാനുള്ള ശേഷി ആദിവാസി- ദലിത്- പിന്നാക്ക വിഭാഗം വിദ്യാർഥികൾക്കുണ്ടാകുമോ? ഇവർക്ക് അപേക്ഷിക്കാനുള്ള പണം സർക്കാർ നൽകുമോ?

കേരളത്തിലെ നല്ലൊരു ശതമാനം വിദ്യാർഥികൾ, കേരളത്തിനു പുറത്തെ സ്വകാര്യ സർവകലാശാലകളിലേക്കു പോകുന്നുണ്ട്. ഏതാണ്ട് അത്ര തന്നെ പേർ വിദേശത്തേക്കും പോകുന്നു. ഈ രണ്ട് ഒഴുക്കുകളിലൂടെ കേരളത്തിൽ വിനിയോഗിക്കപ്പെടേണ്ട, ക്രയവിക്രയം ചെയ്യപ്പെടേണ്ട ഫൈനാൻസ്, കേരളത്തിന് നഷ്ടമാകുകയാണ്. അതായത്, ഒരു വിദ്യാർഥി കേരളത്തിനുപുറത്തുള്ള സ്വകാര്യ സർവകലാശാലയിൽ പഠിക്കാൻ ചെലവാക്കുന്ന ഫീസും ഹോസ്റ്റൽ വാടകയും അവർ അവിടുത്തെ കടകളിൽ ചെലവാക്കുന്ന പണവും കേരളത്തിന് അന്യമാകുകയാണ്. ഇതോടൊപ്പം, പുതിയ സ്വകാര്യ സർവകലാശാല തുടങ്ങുമ്പോൾ ആ പ്രദേശത്തെ നിർമാണ മേഖലയിലും മറ്റും ഇക്കണോമിക് ബൂം ഉണ്ടാകുന്നുണ്ട്. ഇതൊക്കെ ചേർന്ന് അവിടെ സൃഷ്ടിക്കപ്പെടുന്ന വളരെ ചലനാത്മകമായ സമ്പദ്‌വ്യവസ്ഥ കേരളത്തിന് നഷ്ടമാകുകയാണ്. ഈ സമ്പദ്‌വ്യവസ്ഥയുടെ ആനുകൂല്യങ്ങൾ പിടിച്ചെടുക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ്, സ്വകാര്യ സർവകലാശാലകൾ തുടങ്ങാനുള്ള തീരുമാനമെന്നാണ് ഞാൻ കരുതുന്നത്.

മറിച്ച്, ഇവിടത്തെ വിദ്യാഭ്യാസപരമായ ഒരു പ്രശ്‌നത്തിനുള്ള വിദ്യാഭ്യാസപരമായ പരിഹാരത്തെക്കുറിച്ചായിരുന്നു മുഖ്യ പരിഗണനയെങ്കിൽ, വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നുവരാനുള്ള പ്രശ്നവും നിലവാരത്തിന്റെ പ്രശ്നവുമൊക്കെയായിരുന്നു ആദ്യം പരിഗണിക്കപ്പെടേണ്ടിയിരുന്നത്, പരിഹരിക്കപ്പെടേണ്ടിയിരുന്നത്.

സ്വകാര്യ സർവകലാശാലകളെ കേരളത്തിലേക്ക് കൊണ്ടുവന്ന് പൊതു സർവകലാശാലകളെ കോംപറ്റീഷന്റെ ട്രാക്കിലേക്ക് തള്ളിയിടുകയാണ് ചെയ്യുന്നത്.
സ്വകാര്യ സർവകലാശാലകളെ കേരളത്തിലേക്ക് കൊണ്ടുവന്ന് പൊതു സർവകലാശാലകളെ കോംപറ്റീഷന്റെ ട്രാക്കിലേക്ക് തള്ളിയിടുകയാണ് ചെയ്യുന്നത്.

സ്വകാര്യ സർവകലാശാലകളിലെ ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം കേരളത്തിലും ലഭ്യമാക്കണം എന്നതാണ് ഒരു വാദമായി സർക്കാർ ഉയർത്തുന്നത്. അതിൽ ഒരു വൈരുധ്യമുണ്ട്. കേരളത്തിൽ ഉന്നത നിലവാരമുള്ള നിരവധി കോളേജുകളുണ്ട് എന്നതാണ് സർക്കാറിന്റെ പ്രധാന വാദം. അതിന് തെളിവായി NIRF റാങ്കിംഗും NAAC അക്രഡിറ്റേഷനും ചൂണ്ടിക്കാണിക്കുന്നുമുണ്ട്. രണ്ടും കേന്ദ്ര ഏജൻസികൾ നടത്തുന്ന ഗ്രേഡിങും അക്രഡിറ്റേഷനുമാണ്. ഈ രണ്ട് മാനദണ്ഡങ്ങളനുസരിച്ച്, കേരളത്തിലെ ഏതാനും സർവകലാശാലകളും ചില കോളേജുകളും നല്ല നിലവാരം പുലർത്തുന്നുണ്ട്.

മത്സരാധിഷ്ഠിതമായ സാഹചര്യത്തിൽ നമ്മുടെ പൊതുസർവകലാശാലകൾ റാങ്കിംഗിൽ സ്വകാര്യ സർവകലാശാലകൾക്കുമുന്നിൽ താഴ്ന്നു പോകുകയേയുള്ളൂ.

ഇത്തരമൊരു സാഹചര്യത്തിൽ കൂടുതൽ മികച്ച സ്വകാര്യ സർവകലാശാലകളെ കേരളത്തിലേക്ക് കൊണ്ടുവന്ന്, ഇപ്പോൾതന്നെ ഗ്രേഡിങിലും അക്രഡിറ്റേഷനിലും മുന്നിൽ നിൽക്കുന്ന പൊതു സർവകലാശാലകളെ കോംപറ്റീഷന്റെ ട്രാക്കിലേക്ക് തള്ളിയിടുകയാണ് ചെയ്യുന്നത്. നിലവിലുള്ള സർവകലാശാലകളുടെ റാങ്കിംഗിനെ സംബന്ധിച്ച സർക്കാറിന്റെ perception എന്താണ് എന്ന വലിയൊരു ചോദ്യമാണ് ഇതുയർത്തുന്നത്. കാരണം, മത്സരാധിഷ്ഠിതമായ സാഹചര്യത്തിൽ നമ്മുടെ പൊതുസർവകലാശാലകൾ റാങ്കിംഗിൽ സ്വകാര്യ സർവകലാശാലകൾക്കുമുന്നിൽ താഴ്ന്നുപോകുകയേയുള്ളൂ.

ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്, സർവകലാശാലകളുടെ ഓഫ് കാമ്പസ് സെന്ററുകൾക്ക് സർവകലാശാലാ ഭേദഗതി ബില്ലിൽ അനുമതി നിഷേധിച്ച സർക്കാർ നടപടി. ഈ തീരുമാനം ആർക്കുവേണ്ടിയാണ് എന്നതാണ് വലിയ ചോദ്യം. ഇതെല്ലാം ഒരു നിലമൊരുക്കൽ പ്രക്രിയയുടെ ഭാഗമാണ്.

A Brief History of Neoliberalism എന്ന പുസ്തകത്തിൽ David Harvey ഒരു പ്രധാന വാദമുയർത്തുന്നുണ്ട്: നിയോ ലിബറൽ മൂവ്‌മെന്റ് വരുന്നയിടങ്ങളില്ലൊം, അതിനുമുമ്പ് ഒരു നിലമൊരുക്കൽ പ്രക്രിയ നടക്കും.
നിലനിൽക്കുന്ന റഗുലേറ്ററി മെക്കാനിസത്തിലും നിയമങ്ങളിലും ഗൈഡ്‌ലൈൻസിലും നയപരമായ തീരുമാനങ്ങളിലും മാറ്റമുണ്ടാകും, പുതിയ സ്ഥാപനങ്ങൾ വരും. ഇതിന്റെ ഭാഗമായാണ്, പുതിയ ഓഫ് കാമ്പസ് സെന്ററുകൾ വേണ്ട എന്ന തീരുമാനമുണ്ടാകുന്നതും.
കേരള സർവകലാശാലയുടെ ഒരു കാമ്പസ് വളരെ റിമോട്ടായ പത്തനാപുരത്തോ ആര്യങ്കാവിലോ പുനലൂരിലോ തുടങ്ങിയാൽ, അവിടുത്തെ വിദ്യാർഥികൾക്ക് ഗുണം ചെയ്യും. വിദ്യാഭ്യാസം ചെയ്യിക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ലക്ഷ്യം, അല്ലാതെ വിദ്യാഭ്യാസത്തിലൂടെ പണമുണ്ടാക്കുക എന്നതല്ല. ഉന്നത വിദ്യാഭ്യാസം ഒരു സാമ്പത്തിക പ്രക്രിയമായി മാറുകയാണ്. സാമ്പത്തിക താൽപര്യങ്ങളാണ് വിദ്യാഭ്യാസ താൽപര്യങ്ങളേക്കാൾ കൂടുതൽ പ്രകടമാകുന്നത്.

ന്യൂനപക്ഷ സ്ഥാപനങ്ങളും സംവരണവും

സ്വകാര്യ സർവകലാശാലകളുമായി ബന്ധപ്പെട്ട് സാമൂഹിക നീതിയുടെ വിഷയവും ഉന്നയിക്കപ്പെടുന്നുണ്ട്. ഒ.ബി.സി, എസ്.സി- എസ്.ടി വിഭാഗക്കാർക്ക് സംസ്ഥാനത്ത് നിലനിൽക്കുന്ന വ്യവസ്ഥ പ്രകാരം സംവരണം നൽകുമെന്ന നിർദേശം മുന്നോട്ടുവക്കപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിയാണ് സ്വാശ്രയ വിദ്യാഭ്യാസ നയം അവതരിപ്പിച്ചപ്പോൾ ‘രണ്ട് സ്വാശ്രയ കോളേജുകൾ സമം ഒരു സർക്കാർ കോളേജ്’ എന്ന വാദമുയർത്തിയത്. അത് കോടതിയിൽ stall ചെയ്യപ്പെടുകയായിരുന്നുവല്ലോ.

സംവരണം കൃത്യമായി പാലിക്കപ്പെട്ടു എന്നു കരുതുക. ഒരു hypothetical situation. സ്വകാര്യ സർവകലാശാലകളിൽ പഠിക്കാനെത്തുന്ന SC- ST വിദ്യാർഥികളുടെ ഫീസ് ആര് കൊടുക്കും? സർക്കാർ കൊടുക്കുമോ?

സ്വകാര്യ സർവകലാശാലകളിലെ സാമൂഹിക നീതിയുമായി ബന്ധപ്പെട്ട് എന്റെ ചോദ്യം ഇതാണ്: വരാൻ പോകുന്ന സ്വകാര്യ സർവകലാശാലകൾക്ക് മതമുണ്ടാകുമോ?

സ്വകാര്യ സർവകലാശാലകളിൽ ചേരാൻ മതമുണ്ടാകില്ല,
എന്നാൽ അതിനെ നിയന്ത്രിക്കുന്നവർക്ക് മതമുണ്ടാകുമോ?

ഭരണഘടനയിലെ ആർട്ടിക്കിൾ 30, ന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാനും നടത്തിപ്പിനുമുള്ള അവകാശം ഉറപ്പുനൽകുന്നു. എയ്ഡഡ് കോളേജുകളിലെ അധ്യാപകരുടെയും പ്രിൻസിപ്പൽമാരുടെയും നിയമനത്തിൽ, ആർട്ടിക്കിൾ 30 അനുസരിച്ച്, ന്യൂനപക്ഷ സ്ഥാപനമാണെങ്കിൽ സർക്കാറിന് ഒരു റോളുമില്ല. കേരളത്തിൽ സ്വകാര്യ മെഡിക്കൽ കോളേജുകൾ വന്നപ്പോൾ അവയ്ക്ക് ഫീസ് റഗുലേറ്ററി സിസ്റ്റം വന്നു. അത് മെജോരിറ്റി നടത്തുന്ന സ്ഥാപനങ്ങൾക്കാണ് ബാധകമായത്, ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് ബാധകമായില്ല.

ഭരണഘടനാ ഭേദഗതിയിലൂടെ, ആർട്ടിക്കിൾ 45 പ്രകാരം, വിദ്യാഭ്യാസത്തെ മൗലികാവകാശമാക്കി മാറ്റിയല്ലോ (The State shall endeavour to provide, within a period of ten years from the commencement of this Constitution, for free and compulsory education for all children until they complete the age of fourteen years). വിദ്യാഭ്യാസ അവകാശ നിയമത്തിൽ, എല്ലാ സ്കൂളുകളിലും സ്‌കൂൾ മാനേജുമെന്റ് കമ്മിറ്റി രൂപീകരിക്കണം (School Management Committee - SMC) എന്ന് നിർദേശിച്ചിരുന്നു. എന്നാൽ, ഈ വ്യവസ്ഥ പാലിക്കേണ്ടതില്ല എന്ന് ന്യൂനപക്ഷ സ്കൂൾ മാനേജുമെന്റുകൾ സുപ്രീംകോടതിയിൽനിന്ന് വിധി വാങ്ങി. ആർട്ടിക്കിൾ 30 ലംഘിക്കാൻ പറ്റില്ല എന്ന് സുപ്രീംകോടതി ഉത്തരവിട്ടു. അതായത്, ന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താനുള്ള അവകാശത്തിൽ സർക്കാർ ഇടപെടാൻ പാടില്ല.

ഈയൊരു സാഹചര്യത്തിലാണ്, സ്വകാര്യ സർവകലാശാലകൾക്ക് മതമുണ്ടാകുമോ എന്ന ചോദ്യം ചോദിക്കേണ്ടിവരുന്നത്. ന്യൂനപക്ഷ അവകാശങ്ങൾക്കകത്തുവരുന്ന സ്ഥാപനമാണെങ്കിൽ, കോടതിയിൽ പോയാൽ നിശ്ചിത ശതമാനം സംവരണം നൽകണം എന്ന വാദം നിലനിൽക്കില്ല. ഭാവിയിൽ വരാൻ പോകുന്ന ഒരു പ്രശ്നമാണിത്.

അപേക്ഷാ ഫീസ്
അവർക്ക് ആര് കൊടുക്കും?

നമ്മുടെ formative action-ൽ ഏറ്റവും പ്രധാന ഘട്ടമാണ് സംവരണം. സംവരണം ഉറപ്പാക്കി എന്നുതന്നെ കരുതുക. അപ്പോൾ മറ്റൊരു ചോദ്യം: കേരളത്തിൽ അഞ്ച് സ്വകാര്യ സർവകലാശാലകളുണ്ടെന്നു കരുതുക. ഇവിടേക്കെല്ലാം അപേക്ഷിക്കാൻ സംവരണത്തിന് അർഹരായ വിദ്യാർത്ഥി എത്ര രൂപ ചെലവാക്കേണ്ടിവരും? ആദ്യം അപേക്ഷിക്കണമല്ലോ, എന്നിട്ടല്ലേ സംവരണത്തിന് അർഹതയുണ്ടാകൂ. ഒരു യൂണിവേഴ്‌സിറ്റിയിലേക്ക് അപേക്ഷിക്കാൻ ഏറ്റവും ചുരുങ്ങിയത് 1000 രൂപയെങ്കിലും ​ചെലവാക്കാനുള്ള ശേഷി ഈ വിദ്യാർഥികൾക്കുണ്ടാകുമോ? ആദിവാസി- ദലിത്- പിന്നാക്ക വിഭാഗം വിദ്യാർഥികൾക്ക് അഞ്ച് സർവകലാശാലകളിലേക്കും അപേക്ഷിക്കാനുള്ള പണം സർക്കാർ നൽകുമോ?

സർവകലാശാലകളുടെ ഓഫ് കാമ്പസ് സെന്ററുകൾക്ക് സർവകലാശാലാ ഭേദഗതി ബില്ലിൽ അനുമതി നിഷേധിച്ച സർക്കാർ നടപടി ആർക്കുവേണ്ടിയാണ് എന്നതാണ് വലിയ ചോദ്യം.

സ്വകാര്യ സർവകലാശാലകളിലെ സംവരണ വിഭാഗത്തിൽ വേണ്ടത്ര കുട്ടികളില്ല, 20 ശതമാനം മലയാളികളും അപേക്ഷിച്ചിട്ടില്ല എന്നു കരുതുക. എന്ത് സംഭവിക്കും.
സെൻട്രൽ യൂണിവേഴ്‌സിറ്റിയിലാണെങ്കിൽ SC- ST കാറ്റഗറി മൂന്നു തവണ ദേശീയ തലത്തിൽ റീ നോട്ടിഫൈ ചെയ്യും. എന്നിട്ടും അപേക്ഷകരില്ലെങ്കിൽ ST വേക്കൻസി ഒഴിച്ചിടണം. SC വേക്കൻസി വന്നാൽ, STയെ SC യിലേക്ക് അഡ്മിറ്റ് ചെയ്യാം. ഒ.ബി.സി വേക്കൻസി വന്നാലും ഒഴിച്ചിടണം. ഒരു സാമ്പത്തിക ബാധ്യതയുമില്ലാതെ ST- SC വിദ്യാർഥികൾക്ക് പഠിക്കാൻ കഴിയുന്ന സ്ഥാപനങ്ങളാണ് സെൻട്രൽ യൂണിവേഴ്‌സിറ്റികളും സർക്കാർ കോളേജുകളും. കേരളത്തിലെ കോളേജുകളിൽ SC- ST വേക്കൻസി പൂർണമായും നികത്തപ്പെടാറുണ്ടോ?

സ്വകാര്യ സർവകലാശാലകളിൽ ഈ സീറ്റുകളിൽ ഒഴിവു വന്നാൽ എന്തായിരിക്കും അവസ്ഥ? അവർ ഈ സീറ്റുകൾ ഒഴിച്ചിടില്ല. സ്വാഭാവികമായും അവ വിൽക്കപ്പെടും. അപ്പോൾ, ഈ വിഭാഗങ്ങളിൽ വേക്കൻസി കൂടുതൽ വരുത്തിക്കാനുള്ള മാർഗം നോക്കിയാൽ പോരേ. അതിനുള്ള ഏറ്റവും മികച്ച മാർഗം അപേക്ഷാഫീസ് വർധിപ്പിക്കുക എന്നതായിരിക്കും.

സംവരണം കൃത്യമായി പാലിക്കപ്പെട്ടു എന്നു കരുതുക. ഒരു hypothetical situation. സ്വകാര്യ സർവകലാശാലകളിൽ പഠിക്കാനെത്തുന്ന SC- ST വിദ്യാർഥികളുടെ ഫീസ് ആര് കൊടുക്കും? സർക്കാർ കൊടുക്കുമോ? സർക്കാർ തന്നെ ഫീസ് കൊടുക്കാൻ തയ്യാറായി എന്നിരിക്കട്ടെ. പാർലമെന്റ് പാസാക്കിയ ഭരണഘടനാ ഭേദഗതിയായ വിദ്യാഭ്യാസ അവകാശനിയമത്തിൽ neighbourhood school എന്ന സംവിധാനമുണ്ട്. ഒരു കുട്ടിയ്ക്ക് വീടിന്റെ തൊട്ടടുത്ത സ്‌കൂളിൽ ചേരാനുള്ള അവകാശം, അത് മുന്തിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളാണെങ്കിലും ശരി. അപ്പോഴും കുട്ടിയുടെ ഫീസ് ആര് കൊടുക്കും? ട്യൂഷൻ ഫീസ് നൽകാനുള്ള സൗകര്യം സർക്കാർ ചെയ്യണം.
നിർഭാഗ്യവശാൽ, കേരളത്തിൽ ഒരു വിദ്യാർഥി അങ്ങനെ ചേരാൻ സാധ്യതയില്ല. കാരണം, അങ്ങനെ ചേർന്നുകഴിഞ്ഞാൽ ഈ കുട്ടി അപകർഷതാബോധത്തിന്റെ അഗ്‌നികുണ്ഠത്തിൽ വെന്ത് മരിച്ചുപോകും.

ദൽഹിയിലേക്ക് ഫ്ലൈറ്റിൽ ഇൻഡസ്ട്രിയൽ വിസിറ്റിന് പോകുന്നതിന് പണം മുടക്കാൻ കഴിയാത്ത വിദ്യാർത്ഥി എന്തുചെയ്യും. ചിലപ്പോൾ കൂട്ടുകാർ പണം പിരിച്ച് നൽകും. അങ്ങനെ സഹതാപത്തിന്റെ വലിയൊരു പാർപ്പിടമായി നമ്മുടെ വിദ്യാർഥികൾ മാറും.

സ്വകാര്യ സർവകലാശാലയിൽ ചേരുന്ന പിന്നാക്ക വിഭാഗം വിദ്യാർഥിയുടെ വൻ തുക വരുന്ന ട്യൂഷൻ ഫീസ് കൊടുക്കാൻ സർക്കാർ തയാറായി എന്നു കരുതുക. ഈ സ്ഥാപനങ്ങളിൽ ട്യൂഷൻ ഫീസിനുപുറമേ എത്രയോ മറ്റു ചെലവുകൾ വരുമെന്നറിയാമോ? എന്തായിരിക്കും ആ കാമ്പസിലെ സാഹചര്യം? അവിടുത്തെ സ്റ്റാർബക്കിന്റെ കോഫീ ഹൗസിൽ ഇവർ ഒഴിച്ചുള്ള സഹപാഠികളെല്ലാം ഒരുമിച്ചു പോകും. മറ്റു വിദ്യാർത്ഥികൾ വലിയ കഫേകളിൽ പോയി ഭക്ഷണം കഴിക്കുമ്പോൾ ഇവർ ചോറ്റുപാത്രം അടച്ചുപിടിച്ച് കപ്പ കഴിക്കേണ്ട അവസ്ഥയുണ്ടാകും. കൂട്ടുകാരുടെ സ്‌റ്റൈലും വസ്ത്രവും ഇവർക്ക് അനുകരിക്കാനാകുമോ?. ദൽഹിയിലേക്ക് ഫ്ലൈറ്റിൽ ഇൻഡസ്ട്രിയൽ വിസിറ്റിന് പോകുന്നു. അതിന് പണം മുടക്കാൻ കഴിയാത്ത വിദ്യാർത്ഥി എന്തുചെയ്യും. ചിലപ്പോൾ കൂട്ടുകാർ പണം പിരിച്ച് നൽകും. അങ്ങനെ സഹതാപത്തിന്റെ വലിയൊരു പാർപ്പിടമായി നമ്മുടെ വിദ്യാർഥികൾ മാറും. ഈയൊരു സാഹചര്യത്തെയാണ് അപകർഷതാബോധം എന്നതുകൊണ്ട് ഉദ്ദേശിച്ചത് (ഒരു സങ്കൽപ്പ സാഹചര്യത്തെക്കുറിച്ച് സൂചിപ്പിച്ചതാണ്, അങ്ങനെ സംഭവിക്കാതിരിക്കട്ടെ).

ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ചിലപ്പോൾ,
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ഉദാരമതിയായ ഒരു സർക്കാർ സ്‌കോളർഷിപ്പുകൾ ഏർപ്പെടുത്തിയേക്കും. വിദ്യാഭ്യാസ ലോൺ നൽകണമെന്ന് ബാങ്കുകൾക്ക് മുഖ്യമന്ത്രി നേരിട്ട് കർശന നിർദേശം കൊടുക്കും. എന്നിട്ട്, വിദ്യാർത്ഥികളോട്, ലോൺ വാങ്ങിക്കൂടേ എന്നു ചോദിക്കും.

ഇത്തരമൊരു സാഹചര്യത്തിൽ, എങ്ങനെയാണ് സാമൂഹിക നീതി പുലരുക?

വിദ്യാഭ്യാസം ആരുടെ ഉത്തരവാദിത്തം?

സ്വകാര്യ വിദ്യാഭ്യാസത്തിന് പൂർണമായും എതിരായ ആളല്ല ഞാൻ. അതൊരു യാഥാർഥ്യമാണ് എന്നത് അംഗീകരിക്കുന്നു.

കേരളത്തിനു പുറത്തുള്ള സ്വകാര്യ സർവകലാശാലകളുടെ നിലവാരം പരിശോധിച്ചാൽ, റേറ്റിങ് അനുസരിച്ച് മികച്ച നിലവാരത്തിലാണ് അവ പ്രവർത്തിക്കുന്നത്. അക്കാദമിക് ക്വാളിറ്റി അസ്സസ് ചെയ്യുന്ന മെട്രിക് സ്‌കോർ പരിഗണിച്ചാൽ, സ്വകാര്യ സർവകലാശാലകൾ നന്നായി വർക്ക് ചെയ്യുന്നുണ്ട് എന്നു പറയാം. അതേസമയം, ക്ലാസുകളിൽ നടക്കുന്ന വൈജ്ഞാനികമായ ഇന്ററാക്ഷനുകൾ എത്രമാത്രം ഗംഭീരമാണ് എന്നത് വിലയിരുത്തേണ്ടിവരും.

ഉയർന്ന മെട്രിക് സ്‌കോർ നിലനിർത്താൻ സ്വകാര്യ സർവകലാശാലകൾ നന്നായി പണം ചെലവാക്കുന്നുണ്ട്. അവിടെ ഫാക്കൽറ്റികളെ നിയമിക്കുന്നത് നമ്മുടെ സർക്കാർ കോളേജുകളിലുള്ളതിന് തുല്യമായോ അതിലും കൂടുതലോ ശമ്പളത്തിലാണ്. മാത്രമല്ല, റിസർച്ചിനും മറ്റും സാമ്പത്തിക സഹായവും ലഭ്യമാക്കുന്നു.

നല്ല ജേണൽ access ചെയ്യാൻ അധ്യാപകർ നന്നായി പണം മുടക്കണം. ഇൻഫർമേഷൻ വിരൽത്തുമ്പിലാണ് എന്നൊക്കെ പറയാമെന്നേയുള്ളൂ, നല്ല ഇൻഫർമേഷൻ കിട്ടാൻ നന്നായി പണവും നൽകണം.
നല്ല ജേണൽ access ചെയ്യാൻ അധ്യാപകർ നന്നായി പണം മുടക്കണം. ഇൻഫർമേഷൻ വിരൽത്തുമ്പിലാണ് എന്നൊക്കെ പറയാമെന്നേയുള്ളൂ, നല്ല ഇൻഫർമേഷൻ കിട്ടാൻ നന്നായി പണവും നൽകണം.

കേരളത്തിൽ സർക്കാർ കോളേജിലെ ഒരു ടീച്ചർക്ക് ഗ​വേഷണം നടത്തി കണ്ടെത്തിയ ഒരു വർക്കിന്റെ പേപ്പർ Open Access Journal-ൽ പബ്ലിഷ് ചെയ്യണമെങ്കിൽ വലിയ തുക പബ്ലിക്കേഷൻ ഫീസ് കൊടുക്കേണ്ടിവരും. ഉദാഹരണത്തിന് Nature ജേണലിൽ ഒരു പേപ്പർ പബ്ലിഷ് ചെയ്യാൻ ഒരു ലക്ഷം രൂപയോളം കെടുക്കണം. ഈ പണം സർക്കാർ കൊടുക്കില്ല. അപ്പോൾ കേരളത്തിലെ ടീച്ചർ ലോക്കലായ ഏതെങ്കിലും പ്രസിദ്ധീകരണത്തിൽ അത് പബ്ലിഷ് ചെയ്യും. അതിന് ഗ്ലോബൽ വിസിബിലിറ്റി കിട്ടുകയുമില്ല.
എന്നാൽ, സ്വകാര്യ സർവകലാശാലകളിൽ അധ്യാപകർക്ക് പബ്ലിക്കേഷൻ ഗ്രാന്റുണ്ട്. മാത്രമല്ല, വിദേശ സർവകലാശാലകളുമായുള്ള സഹകരണത്തിലൂടെ അധ്യാപകരെ കൂടുതൽ ഗവേഷണത്തിനും പഠനത്തിനും വിദേശത്തേക്ക് അയക്കുന്നതടക്കമുള്ള നിരവധി സൗകര്യങ്ങളും ലഭ്യമാണ്.

വിദ്യാഭ്യാസം ആരുടെ ഉത്തരവാദിത്തമാണ് എന്നതാണ് പ്രധാന ചോദ്യം; അത് സാമൂഹിക ഉത്തരവാദിത്തമാണോ, അതോ സ്വകാര്യവും വ്യക്തിപരവുമായ ഉത്തരവാദിത്തമോ? ഈ ചോദ്യത്തിന് നമ്മൾ ഉത്തരം കണ്ടുപിടിക്കേണ്ടതുണ്ട്.

കൂടാതെ, നല്ല ജേണൽ access ചെയ്യാൻ അധ്യാപകർ നന്നായി പണം മുടക്കണം. ഇൻഫർമേഷൻ വിരൽത്തുമ്പിലാണ് എന്നൊക്കെ പറയാമെന്നേയുള്ളൂ, നല്ല ഇൻഫർമേഷൻ കിട്ടാൻ നന്നായി പണവും നൽകണം. Taylor & Francis -ൽനിന്ന് Michael Apple- ന്റെ നല്ലൊരു ആർട്ടിക്കിളിന് വലിയ തുക തന്നെ മുടക്കണം. സ്ഥാപനങ്ങൾ 15 ലക്ഷത്തോളം രൂപ മുടക്കിയാണ് subscription വാങ്ങുന്നത്. ഇതിനെല്ലാം സ്വകാര്യ സർവകലാശാലകളിൽ സംവിധാനമുണ്ട്. കാരണം, അവ വലിയൊരു സാമ്പത്തിക സ്ഥാപനം കൂടിയാണ്. ഇത്തരം സർവകലാശാലകളുടെ എഡ്യുക്കേഷനൽ പോളിസികൾക്ക് ഇക്കണോമിക് ബാക്കപ്പുമായി അടുത്ത ബന്ധമുണ്ട്.

ഇത്തരമൊരു സാഹചര്യത്തിൽ, സ്വകാര്യ സർവകലാശാലകൾ ഒരു യാഥാർത്ഥ്യമാണെന്ന് അംഗീകരിക്കേണ്ടിവരും. അതേസമയം, ഈയൊരു സംവിധാനം സോഷ്യലിസ്റ്റ് സങ്കൽപ്പത്തിന് വിരുദ്ധമാണ് എന്നൊരു ആശയവും എനിയ്ക്കുണ്ട്. വിദ്യാഭ്യാസം ആരുടെ ഉത്തരവാദിത്തമാണ് എന്നതാണ് പ്രധാന ചോദ്യം; അത് സാമൂഹിക ഉത്തരവാദിത്തമാണോ, അതോ സ്വകാര്യവും വ്യക്തിപരവുമായ ഉത്തരവാദിത്തമോ? ഈ ചോദ്യത്തിന് നമ്മൾ ഉത്തരം കണ്ടുപിടിക്കേണ്ടതുണ്ട്.


Summary: What will private universities in Kerala be like? Amruth G Kumar ask some key questions.


അമൃത് ജി. കുമാർ

സെൻട്രൽ യൂണിവേഴ്‌സിറ്റി ഓഫ് കേരളയിലെ സ്‌കൂൾ ഓഫ് എഡ്യുക്കേഷനിൽ പ്രഫസർ. അധികാരത്തിന്റെ സാധ്യതകൾ, വിദ്യാഭ്യാസമെന്ന ആസൂത്രിത കലാപം, Factors Relating to Information Skills എന്നിവയാണ് പ്രധാന പുസ്തകങ്ങൾ.

Comments