അനുരാഗ് എഞ്ചിനീയറിംഗ് വർക്‌സ് അത്ര ചെറിയ ഷോർട്ട് ഫിലിം അല്ല

യു ട്യൂബിൽ റിലീസ് ചെയ്ത് നാലാഴ്ച കൊണ്ട് 29 ലക്ഷം പേർ കണ്ട ‘അനുരാഗ് എഞ്ചിനീയറിംഗ് വർക്‌സ്' എന്ന അര മണിക്കൂർ മാത്രം ദൈർഘ്യമുള്ള ഷോർട്ട് ഫിലിം, മലയാളം ഷോർട്ട് ഫിലിം ഷോണർ ഇന്ന് എത്തിനിൽക്കുന്ന സ്വതന്ത്ര അസ്തിത്വത്തിന്​ മികച്ച ദൃഷ്ടാന്തമാണ്. തിരക്കഥയിലെ ലാളിത്യം കൊണ്ടും സംവിധാനത്തിലെ സൂക്ഷ്മത കൊണ്ടും അഭിനയത്തിലെ സ്വാഭാവികതകൊണ്ടും പ്രണയമെന്ന സ്ഥിരം പ്രമേയത്തിന്റെ തേഞ്ഞുപഴകിയ സ്വഭാവത്തെ മറികടക്കുന്നു ഈ സിനിമ.

ലച്ചിത്രത്തിന്റെ ചരിത്രം പ്രാരംഭം കുറിച്ച 1895 ഡിസംബർ 28 ന് ലൂമിയർ സഹോദരന്മാർ സ്‌ക്രീൻ ചെയ്തത് 10 ഷോർട്ട് ഫിലിമുകൾ ആയിരുന്നു. 1927 ൽ വാർണർ ബ്രദേഴ്സ് നിർമിച്ച് അലൻ ക്രോസ് ലാൻഡ് സംവിധാനം ചെയ്ത ആദ്യ ശബ്ദ ഫീച്ചർ സിനിമയായ ജാസ് സിങ്ങർ' റിലീസ് ചെയ്യുന്നവരെയും ഷോർട്ട് ഫിലിമുകൾക്കായിരുന്നു ആധിപത്യം.

ഫീച്ചർ സിനിമയുടെ വരവോടെ ഷോർട്ട് ഫിലിമുകൾ ഫീച്ചർ സിനിമാ സംവിധായകരുടെ പഠനക്കളരിയായി മാറി. മിക്ക സംവിധായകരുടെയും അരങ്ങേറ്റ ചിത്രങ്ങൾ ഷോർട്ട് ഫിലിമുകളായി. സാഹിത്യത്തിൽ ചെറുകഥ പോലെ ഗ്രാവിറ്റി കുറഞ്ഞ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന രണ്ടാം നിരക്കാരനായി ഷോർട്ട്ഫിലിം. ഫീച്ചർ സിനിമകൾ ചെയ്‌തെങ്കിൽ മാത്രമേ സംവിധായകന്റെ ലേബൽ ചാർത്തിക്കിട്ടുകയുള്ളു എന്ന നിലയിലുമായി കാര്യങ്ങൾ. 2005 ൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തതും 2006 ൽ ഗൂഗിൾ ഏറ്റെടുക്കുകയും ചെയ്ത യുട്യൂബിന്റെ വരവോടെ ഷോർട്ട് ഫിലിമുകൾ സ്വതന്ത്ര അസ്തിത്വമുള്ള ഒരു ഷോണർ ആയി മാറി. ഇന്ന് ഓരോ മിനുട്ടിലും 500 മണിക്കൂറിലേറെ ദൈർഘ്യമുള്ള വീഡിയോകളാണത്രെ ലോകത്തെമ്പാടുനിന്നും യു ട്യൂബിൽ അപ് ലോഡ് ചെയ്യപ്പെടുന്നത്. അതിൽ ഭൂരിഭാഗവും ഷോർട്ട് ഫിലിം ഗണത്തിൽ പെടുന്നവയുമാണ്. യുവതലമുറ ഏറെക്കുറെ പൂർണമായും യു ട്യൂബ് അഡിക്റ്റ് ആയിക്കഴിഞ്ഞു. ഒ.ടി.ടി പ്ലാറ്റ് ഫോമുകളിലും ഷോർട്ട്ഫിലിമുകൾ പിടിമുറുക്കിക്കഴിഞ്ഞു.

വളരെവേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന ദൃശ്യങ്ങളുടെ പരമ്പരയാണ് കാഴ്ച്ചയുടെ പുതുശീലങ്ങൾ സൃഷ്ടിച്ചുകൊണ്ട് മനുഷ്യരുടെ ചിന്തയേയും ഭാവുകത്വത്തെയും ഇന്ന് നിർണയിക്കുന്നത്. ശ്ലഥ ചിന്ത (Fragmentary Thinking or Clip Thinking) എന്ന പ്രതിഭാസത്തിലേക്കാണ് ഇത് പുതുതലമുറയെ എത്തിക്കുന്നത്. ദീഘമായ ഫീച്ചർ സിനിമകളും ദീർഘമായ ഷോട്ടുകളും പുതുതലമുറയ്ക്ക് അസഹനീയമായി മാറുന്നു. ഒരു വൃത്തം പൂർത്തിയാവുന്നപോലെ സിനിമയുടെ പ്രാരംഭകാലത്തുണ്ടായിരുന്ന ഷോർട്ട് ഫിലിം മാത്രം എന്ന അവസ്ഥയിലേക്ക് പുതുകാല ഡിജിറ്റൽ സിനിമയുടെ ചരിത്രവും മാറാൻ സാധ്യതയുണ്ട് എന്നുപോലും പുതുമാധ്യമ ഗവേഷകർ (New Media Researchers) ദീർഘദർശനം ചെയ്യുന്നു.

അനുരാഗ് എഞ്ചിനീയറിംഗ് വർക്‌സ്' ഷോർട്ട്ഫിലിൽ വിനീത് വാസുദേവൻ

ക്രെഡിറ്റ്‌സ് ഉൾപ്പടെ 40 മിനിറ്റിൽ കുറഞ്ഞ സമയംകൊണ്ട് പൂർത്തിയാവുന്ന ചലച്ചിത്രങ്ങളാണ് ഷോർട്ട് ഫിലിം വിഭാഗത്തിൽ ഉൾപ്പെടുന്നത്. ഒന്നിലധികം ഷോർട്ട് ഫിലിമുകൾ ചേർത്ത് ഫീച്ചർ സിനിമയായി റിലീസ് ചെയ്യുന്ന രീതിയും മലയാളത്തിൽ ഉൾപ്പടെ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഒരു ചെറുകഥയുടേതുപോലെ ഭാവസാന്ദ്രമായ അനുഭവങ്ങളുടെ ചിതറലുകൾ ഇല്ലാത്ത ആവിഷ്‌കാരമാണ് ഷോർട്ട്ഫിലിമുകളിൽ പൊതുവെ കണ്ടുവരുന്നത്. ക്യാമറ മുതൽ നടീനടന്മാരും സാങ്കേതിക വിദഗ്ദ്ധരും ചിലവുകുറഞ്ഞ നിർമാണത്തിന് സഹായകരമായ രീതിയിലാണ് ഷോർട്ട് ഫിലിമുകളിൽ ഉപയോഗിക്കപ്പെടുന്നത്. മിക്ക ഷോർട്ട്ഫിലിമുകളും യു ട്യൂബിൽ സൗജന്യമായി കാണാൻ കഴിയുന്നു എന്നതും ചിലവുകുറഞ്ഞ നിർമാണ സാധ്യതയും ഷോർട്ട്ഫിലിമുകളെ ജനപ്രിയവും ജനകീയവുമാക്കിമാറ്റുന്നു. മുപ്പതും നാല്പതും ലക്ഷം ആളുകളൊക്കെയാണ് ഒരു ജനപ്രിയ ഷോർട്ട്ഫിലിം മലയാളത്തിൽ ആണങ്കിൽപോലും കാണുന്നത്. ശരാശരി ടിക്കറ്റ് നിരക്ക് 100 രൂപ കണക്കാക്കിയാൽ മുപ്പതു കോടിക്കും നാൽപതു കോടിക്കുമിടയിൽ കലക്ട് ചെയ്യുന്ന ഒരു മെഗാഹിറ്റ് ഫീച്ചർ സിനിമ കാണുന്ന അത്രയും ആളുകൾ ഈ ഷോർട്ട് ഫിലിമുകൾ കാണുന്നുണ്ട് എന്ന് അനുമാനിക്കാം.

യു ട്യൂബ് റിലീസ് ചെയ്ത് നാലാഴ്ച കൊണ്ട് 29 ലക്ഷം പേർ കണ്ട ‘അനുരാഗ് എഞ്ചിനീയറിംഗ് വർക്‌സ്' എന്ന അര മണിക്കൂർ മാത്രം ദൈർഘ്യമുള്ള ഷോർട്ട് ഫിലിം, മലയാളം ഷോർട്ട് ഫിലിം ഷോണർ ഇന്ന് എത്തിനിൽക്കുന്ന സ്വതന്ത്ര അസ്തിത്വത്തിന്​ മികച്ച ദൃഷ്ടാന്തമാണ്. തിരക്കഥയിലെ ലാളിത്യം കൊണ്ടും സംവിധാനത്തിലെ സൂക്ഷ്മത കൊണ്ടും അഭിനയത്തിലെ സ്വാഭാവികത കൊണ്ടും പ്രണയമെന്ന സ്ഥിരം പ്രമേയത്തിന്റെ തേഞ്ഞുപഴകിയ സ്വഭാവത്തെ മറികടക്കുന്നുണ്ട് ഈ സിനിമ.

ചിത്രത്തിന്റെ പേരിലെ ആ മൂന്നു വാക്കുകൾ- ‘അനുരാഗ്', ‘എഞ്ചിനീയറിംഗ്​', ‘വർക്‌സ്'- എങ്ങനെയൊക്കെയാണ് അനുരാഗം എഞ്ചിനീയറിംഗ് ചെയ്യപ്പെടുന്നത് എന്നും അത് ഒടുവിൽ എങ്ങിനെ വർക്ക് ചെയ്യുന്നു എന്നും കാണിക്കുന്നു. ചലച്ചിത്രത്തിന്റെ പ്രമേയത്തിലേക്കുള്ള താക്കോലുകളാണ് ഈ മൂന്നു വാക്കുകൾ. അനുരാഗ് എന്നുപേരായ ചെറുപ്പക്കാരൻ തന്റെ സുഹൃത്തുക്കളുടെ കൂടി പ്രേരണയാൽ പ്രണയം സഫലമാക്കാൻ അക്ഷരാർത്ഥത്തിലും അലങ്കാരികമായും നടത്തുന്ന എഞ്ചിനീയറിംഗ് എങ്ങനെ പ്രവർത്തനക്ഷമമാവുന്നു (works) എന്ന് ചിത്രം കാണിച്ചുതരുന്നു. ‘എഞ്ചിനീയറിംഗ് വർക്‌സ്' എന്നതിലെ വർക്‌സ് ബഹുവചന നാമമാണെന്ന് നമുക്കറിയാം. എന്നാൽ ഈ ചലച്ചിത്രത്തിന്റെ പേര് അനുരാഗ്‌സ് എഞ്ചിനീയറിംഗ് വർക്‌സ് (Anurag's engineering works) എന്നാക്കി മാറ്റിയാലും ശരിയാവും എന്നും അങ്ങനെയാവുമ്പോൾ ‘വർക്‌സ്' എന്ന ഇംഗ്ലീഷ് വാക്ക് നാമരൂപമല്ലാതാവുകയും ‘വർക്‌സ്' എന്ന ക്രിയാപദമായി മാറുകയും ചെയ്യുന്നു എന്നും നമുക്കനുഭവപ്പെടും.

ഷോർട്ട്ഫിലിമിൽ അഖില ഭാർഗവൻ,വിനീത് വാസുദേവൻ, വസന്ത ഭാസ്‌ക്കരൻ എന്നിവർ

കിരൺ ജോസി സംവിധാനവും ആദർശ് സദാനന്ദൻ ക്യാമറയും എഡിറ്റിങ്ങും നിർവഹിച്ച ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് സംവിധായകനും ക്യാമറാമാനും ചേർന്നാണ്. മിലൻ ജോൺ ഒരുക്കിയ സംഗീതവും ബിലാൽ റഷീദ് എന്ന കളറിസ്റ്റിന്റെ മിടുക്കും ഈ ഷോർട്ട് ഫിലിമിന്റെ മികവിന് ഏറെ സംഭാവനകൾ ചെയ്തിട്ടുണ്ട്. മലയാള സിനിമയിൽ ‘തിങ്കളാഴ്ച നിശ്ചയ’വും ‘ആൻഡ്രോയിഡ് കുഞ്ഞപ്പ’നും ‘എന്നാ താൻ കേസ് കൊട്' തുടങ്ങിയ സിനിമകൾ അടയാളപ്പെടുത്തിയ അത്യുത്തര മലബാർ ആണ് ‘അനുരാഗ് എഞ്ചിനീയറിംഗ് വർക്‌സ് 'എന്ന ചിത്രത്തിന്റെയും ലൊക്കേഷൻ. പ്രാദേശിക ഭാഷയുടെ വാമൊഴിവഴക്കം തനിമയൊട്ടും ചോരാതെ ഈ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നു.

മുഖ്യധാരാ എന്ന സങ്കൽപ്പത്തെ പൊളിച്ചുകളഞ്ഞ്​ അരികുകളിൽ നിന്നാണ് ഇന്ന് മികച്ച കലാസൃഷ്ടികളുണ്ടാവുന്നത് എന്ന് ഒന്നുകൂടി ഉറപ്പിക്കുന്നുണ്ട് ഈ ചിത്രം. എഴുപതുകളുടെ അവസാനവും എൺപതുകളുടെ തുടക്കത്തിലും ട്രെന്റിയായിമാറിയ വിഷാദ കാമുക ഭാവം ഈ ചിത്രത്തിലെ പ്രധാനകഥാപാത്രമായ അനുരാഗിനുണ്ട്. പക്ഷെ, അയാളുടെ സാമൂഹിക-സാമ്പത്തിക ചുറ്റുപാട് മുൻകാല സിനിമകളിലെ കോളേജ് കുമാരന്മാരുടേതല്ല. സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു വെൽഡിങ്ങ് തൊഴിലാളിയാണ് അയാൾ. മൊബൈൽ ഫോൺ ഒക്കെ ഉപയോഗിക്കുന്നുണ്ടങ്കിലും വാട്‌സ് ആപ് സ്റ്റാറ്റസ് ഇടാനും, എന്തിന് ഒരുനല്ല ഫോട്ടോ പോലും ഫേസ് ബുക്കിലോ വാട്‌സ് ആപ് സ്റ്റാറ്റസ് ആയോ അപ്​ലോഡ്​ ചെയ്യാൻ പോലും അയാൾ വിമുഖനാണ്. അമ്മയും മകനും മാത്രമടങ്ങുന്ന കുടുംബത്തിലെ മഹാസാധുവായ ഒരു ചെറുപ്പക്കാരനാണ് അയാൾ.

തന്റെ വീട്ടിൽ നിന്ന് പണിസ്ഥലത്തേക്കുള്ള യാത്രകളിൽ ജീപ്പിലും ബസിലുമായി അയാൾ സ്ഥിരം കാണുന്ന പെൺകുട്ടിയാണ് ഇ-സേവ കേന്ദ്രത്തിൽ ജോലിയുള്ള നീതു. അവളോട് അനുരാഗിന് തോന്നുന്ന അടുപ്പവും അത് പ്രകടിപ്പിക്കാൻ അറിയാത്തതിന്റെ വിഷമവുമാണ് അയാളെ അലട്ടുന്നത്. സുഹൃത്തിന്റെ പ്രേരണയാൽ അവളുടെ ബർത്ത് ഡേയ്ക്ക് വിഷ് ചെയ്​ത്​ അയാൾ ഇടുന്ന വാട്‌സ് ആപ് സ്റ്റാറ്റസും പിന്നീട് അവൾക്കായി ഓർഡർ ചെയ്ത ടെഡി ബെയറും ആ നിശബ്ദ അനുരാഗത്തെ പ്രക്ഷുബ്ധമാക്കുന്നു.

ഷോർട്ട് ഫിലിമിലെ നായിക അഖില ഭാർഗവൻ

അനുരാഗ് ആയി വേഷമിട്ട വിനീത് വാസുദേവൻ സൂപ്പർ ശരണ്യയിലെ കോമിക് വില്ലനിൽനിന്ന് അനായാസമായി ഒരു ഇൻട്രോവേർട്ട് കാമുകനായി മാറിയിരിക്കുന്നു. സൂക്ഷ്മഭാവങ്ങൾ മിന്നിമറയുന്ന അഭിനയസിദ്ധിയിലൂടെ ഈ നടൻ ഏറെക്കാലം മലയാസിനിമയിലുണ്ടാവും എന്നുറപ്പിക്കാം. നായിക നീതുവായി അഭിനയിച്ച അഖില ഭാർഗവന്റെ അവിസ്മരണീയമായ പ്രകടനവും എടുത്തുപറയത്തക്കതാണ്. ഫീച്ചർ സിനിമകൾ അരങ്ങുവാണ മലയാള ചലച്ചിത്ര ചരിത്രത്തിൽ ഷോർട്ട് ഫിലിമുകൾ അവഗണിക്കാനാവാത്ത സ്ഥാനം ഉറപ്പിക്കുന്നുണ്ട്.

Comments