സെൻസർ ബോർഡ് പ്രതിനിധികൾ പറഞ്ഞ കാര്യം എന്നെ ഞെട്ടിപ്പിച്ചു- ജോൺ ബ്രിട്ടാസ്

‘‘കഴിഞ്ഞ പത്തുവർഷത്തിനിടയ്ക്ക് സിനിമയിലെ സെൻസറിങ്ങിൽ വലിയ തോതിൽ ഉയർച്ച ഉണ്ടായിട്ടുണ്ട്. അതായത്, സെൻസറിങ്ങിൻെറ അളവ് ഗണ്യമായി വർധിച്ചു. അതേസമയം, സമൂഹത്തിൽ വർഗീയതയും ധ്രുവീകരണവും സൃഷ്ടിക്കുന്ന സിനിമകൾ യാതൊരു സെൻസറിങ്ങിനും വിധേയമാവാതെ തിയേറ്ററുകളിലെത്തുന്നു’’- സീരിയലുകൾക്കും വെബ് സീരീസിനും സെൻസറിങ് ഏർപ്പെടുത്തണമെന്ന വാദത്തിന്റെ അപകടങ്ങളെക്കുറിച്ച് സംസാരിക്കുന്നു, രാജ്യസഭാംഗവും പാർലമെൻറ് ഐ.ടി സ്റ്റാൻറിങ് കമ്മിറ്റി അംഗവുമായ ജോൺ ബ്രിട്ടാസ്.

News Desk

സീരിയലുകളും വെബ് സീരീസുകളുമെല്ലാം സെൻസർ ചെയ്യണമെന്ന് അഭിപ്രായപ്പെടുന്നവർ അതുണ്ടാക്കാൻ പോവുന്ന ദൂരവ്യാപക പ്രത്യാഘാതം എന്താണെന്ന് മനസ്സിലാക്കുന്നില്ലെന്ന് രാജ്യസഭാംഗവും പാർലമെൻറ് ഐ.ടി സ്റ്റാൻറിങ് കമ്മിറ്റി അംഗവുമായ ജോൺ ബ്രിട്ടാസ് ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു:

“സീരിയലുകൾക്ക് സെൻസറിങ് വേണമെന്ന നിലപാട് മുന്നോട്ടുവെക്കുന്നവരുടെ ഉദ്ദേശ്യശുദ്ധിയെ ഞാൻ ചോദ്യം ചെയ്യുന്നില്ല. അതിൻെറ അപകടം അവർക്ക് മനസ്സിലായിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. നമ്മുടെ ടെലിവിഷനിലെ ഉള്ളടക്കം ഉദാത്തമാണെന്ന അഭിപ്രായം എനിക്കില്ല. അതിൽ വലിയ മാറ്റം വേണം. പക്ഷേ, സെൻസറിങ് പോലുള്ള കടുത്ത പ്രയോഗങ്ങളിലേക്ക് ടെലിവിഷൻെറ ഉള്ളടക്കം പോകണമോ എന്നത് വളരെ പ്രതിലോമകരവും അനാരോഗ്യകരവുമായ നിലപാടാണ്’’.

ഐ.ടി സ്റ്റാൻറിങ് കമ്മിറ്റി അംഗമെന്ന നിലയിൽ ഒ ടി ടി ഉൾപ്പെടെയുള്ള ഉള്ളടക്കങ്ങൾ സെൻസർ ചെയ്യണമെന്ന നിലപാടിൽ താൻ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയ കാര്യവും ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടുന്നു: ‘‘കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് സെൻസറിങ്ങാണ്. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബി.ബി.സിയുടെ ഡോക്യുമെൻററി പോലും ഇവിടെ കാണിക്കാൻ സാധിക്കാത്ത അവസ്ഥ വന്നു. അത്തരം സെൻസറിങ്ങിലേക്ക് പുരോഗമന സമൂഹം പോകാൻ പാടില്ല. ആരോഗ്യകരമായ സെൽഫ് റെഗുലേഷനാണ് വേണ്ടത്. ഈ രംഗത്ത് പ്രവർത്തിക്കുന്ന ഉത്തരവാദിത്വപ്പെട്ട ഏജൻസികൾ തന്നെ സെൽഫ് റെഗുലേറ്ററി മെക്കാനിസം കൊണ്ടുവരണം. അല്ലാതെ, ബാഹ്യ ഏജൻസി ടെലിവിഷൻ ഉള്ളടക്കങ്ങൾ സെൻസർ ചെയ്യാൻ പോയാൽ അത് വലിയ പ്രത്യാഘാതമുണ്ടാക്കും. ഒരുപക്ഷേ, കേന്ദ്രം ഭരിക്കുന്നവർ ആഗ്രഹിക്കുന്നത് അതാണെന്ന് സെൻസറിങ്ങിന്റെ വക്താക്കളാകുന്നവർ മനസ്സിലാക്കുന്നില്ല എന്നതാണ് ദൗർഭാഗ്യകരം,” - ബ്രിട്ടാസ് പറഞ്ഞു.

ആ സിനിമകൾക്ക് സെൻസറിങ് ഇല്ലാത്തത്
എന്തുകൊണ്ട്?

“സിനിമയുടെ സെൻസറിങ് സംബന്ധിച്ച്, എം.പിയെന്ന നിലയിൽ ഒട്ടേറെ ചോദ്യങ്ങൾ ഞാൻ പാർലമെൻറിൽ ഉന്നയിച്ചിരുന്നു. പലതിനും തൃപ്തികരമായ മറുപടി കിട്ടിയില്ല. എങ്കിലും, ഐ.ടി. സ്റ്റാൻറിങ് കമ്മിറ്റിയിൽ സെൻസർ ബോർഡ് പ്രതിനിധികൾ വന്നപ്പോൾ അവർ പറഞ്ഞ ഒരു കാര്യം എന്നെ ഞെട്ടിപ്പിച്ചു. കഴിഞ്ഞ പത്തുവർഷത്തിനിടയ്ക്ക് സിനിമയിലെ സെൻസറിങ്ങിൽ വലിയ തോതിൽ ഉയർച്ച ഉണ്ടായിട്ടുണ്ട്. അതായത്, സെൻസറിങ്ങിൻെറ അളവ് ഗണ്യമായി വർധിച്ചു. അതേസമയം, സമൂഹത്തിൽ വർഗീയതയും ധ്രുവീകരണവും സൃഷ്ടിക്കുന്ന സിനിമകൾ യാതൊരു സെൻസറിങ്ങിനും വിധേയമാവാതെ തിയേറ്ററുകളിലെത്തുന്നു, ‘കേരള സ്റ്റോറി’യെയും ‘കാശ്മീർ ഫയൽസി’നെയും ‘സബർമതി ഫയൽസി’നെയും പോലുള്ള സിനിമകൾ. ഒരു ബാഹ്യശക്തിക്ക്, അല്ലെങ്കിൽ ഈ ട്രേഡുമായി ബന്ധമില്ലാത്ത ഏതെങ്കിലും വ്യക്തികളുടെ കയ്യിലേക്ക് സെൻസറിങ് കൊണ്ടുപോയാൽ അതുണ്ടാക്കുന്ന പ്രത്യാഘാതം എന്താണെന്ന് നമ്മൾ മനസ്സിലാക്കണം. എന്തിനേറെ മലയാളസിനിമയിലെ ക്ലാസിക്കുകളൊക്കെ ഇനി പുനർനിർമ്മിക്കാൻ കഴിയുമോ? എം.ടി. വാസുദേവൻ നായരുടെ നിർമാല്യത്തിന് ഇന്ന് ഏതെങ്കിലും സെൻസർ ബോർഡ് അനുമതി നൽകുമോ? ഇല്ല. ആ അവസ്ഥയിലേക്ക് നമ്മുടെ സർഗാത്മകത താഴ്ന്നിരിക്കുകയാണ്’’.

ഗുജറാത്ത് ഡോക്യുമെന്ററിക്ക്
എന്താണ് സംഭവിച്ചത്?

സൃഷ്ടിപരതയേയും സർഗാത്മകതയേയും പ്രതികൂലമായി ബാധിക്കുന്ന ഒരു ഘടകമാണ് സെൻസറിങ് എന്നും ടെലിവിഷൻ ഉള്ളടക്കത്തിലേക്ക് സെൻസറിങ് കൊണ്ടുവന്നാൽ, അത് ഡോക്യുമെൻററികളെ പോലും ബാധിക്കുമെന്നും ജോൺ ബ്രിട്ടാസ് പറയുന്നു: ‘‘ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെൻററിക്ക് എന്താണ് സംഭവിച്ചത്? അല്ലെങ്കിൽ അത്തരം ഡോക്യുമെൻററികൾ ഉണ്ടാക്കാനുള്ള ആർജ്ജവം ഇന്നാർക്കുമില്ല. ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ ഇപ്പോൾ സെൻസറിങ് ഇല്ല. സെൻസറിങ് വേണമെന്ന് ശഠിക്കുന്നത് കേന്ദ്രസർക്കാരാണ്. അതിനുവേണ്ടിയുള്ള ചരടുവലികൾ അവർ നടത്തിക്കൊണ്ടിരിക്കുകയാണ്. ഒ.ടി.ടി പൊതുവായ സ്ക്രീനിങ് അല്ലല്ലോ. ഒരു തിയേറ്ററിൽ ഒരുപാട് പേർ ഇരുന്ന് കാണുന്ന സ്ക്രീനിങ് പോലെയല്ല ഇത്. ഒരു വ്യക്തി ബോധപൂർവം എടുക്കുന്ന തീരുമാനത്തിൻെറ ഭാഗമായി കാണാനിരിക്കുന്ന കണ്ടൻറാണ്. ആ കണ്ടൻറ് പോലും സെൻസറിങ്ങിന് വിധേയമാക്കണമെന്ന് പറഞ്ഞാൽ നമ്മുടെ ക്രിയേറ്റിവിറ്റി എവിടേക്ക് പോവും? കേന്ദ്ര സർക്കാർ സെൻസറിങ് വ്യാപകമായി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ, ഒരുപക്ഷേ ഇതിൻെറ ദൂരവ്യാപക ഭവിഷ്യത്ത് മനസ്സിലാക്കാതെയാണ്, സദുദ്ദേശ്യപരമായിട്ടാണെങ്കിൽ പോലും പുരോഗമന രാഷ്ട്രീയത്തിൻെറ ഭാഗമായി നിൽക്കുന്നവർ സംസാരിക്കുന്നതെന്നത് വേദനിപ്പിക്കുന്ന കാര്യമാണ്,” ബ്രിട്ടാസ് വ്യക്തമാക്കി.

ലേഖനത്തിന്റെ പൂർണരൂപം വായിക്കാം

സീരിയൽ സെൻസറിങ്ങിന് വാദിക്കുന്നവർ കാണാതെ പോവുന്ന അപകടങ്ങൾ; പ്രായോഗികതയിലും പ്രശ്നങ്ങൾ

Comments