സെൻസറിങ് കൊണ്ട് കലയുടെ നിലവാരമുയർത്താമെന്ന് കരുതുന്നവരോട് പറയാനുള്ളത്- ശ്യാമപ്രസാദ്

സെൻസറിങ് കൊണ്ടുവന്നാൽ സീരിയലുകളുടെ നിലവാരം മെച്ചപ്പെടുത്താൻ സാധിക്കുമോ? സാംസ്കാരിക മേഖലയിലുണ്ടാവുന്ന ‘മലിനീകരണ’ത്തെക്കുറിച്ച് ആശങ്കയുണ്ടെന്ന് ചലച്ചിത്ര സംവിധായകൻ ശ്യാമപ്രസാദ്.

News Desk

സീരിയലുകളുടെ സെൻസറിങ് പ്രായോഗികമല്ലെന്നും ഇത്തരത്തിൽ കലയുടെ നിലവാരമുയർത്താൻ സാധിക്കുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും ചലച്ചിത്ര സംവിധായകൻ ശ്യാമപ്രസാദ് ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു:

“നമ്മുടെ സാംസ്കാരിക മേഖലയിലുണ്ടാവുന്ന ‘മലിനീകരണ’ത്തെക്കുറിച്ച് എക്കാലത്തും ആശങ്ക പുലർത്തിയിട്ടുള്ള ഒരാളാണ് ഞാൻ. നിർഭാഗ്യവശാൽ നിയന്ത്രിക്കാൻ പറ്റാത്ത രീതിയിലാണ് സാഹചര്യങ്ങൾ. സെൻസറിങ് ഒരു വഴിയല്ല. ടെലിവിഷൻ ചാനലിൽ ഏറെക്കാലം പ്രവർത്തിച്ചതിൻെറ അടിസ്ഥാനത്തിൽ ഇതിൻെറ പ്രായോഗിക ബുദ്ധിമുട്ട് എനിക്കറിയാം. ആളുകളുടെ അഭിരുചി നന്നാവാത്തിടത്തോളം കാലം ഇതിന് മാറ്റമുണ്ടാവാൻ വഴിയില്ല. ഉപഭോക്താവ് ഉണ്ടാവുമ്പോൾ അതിനനുസരിച്ചുള്ള ഉത്പന്നവും ഉണ്ടാവുമെന്ന കാര്യം സ്വാഭാവികമാണ്. ആളുകൾക്ക് വേണ്ടത് നൽകുകയെന്നാണല്ലോ നമ്മുടെ സിനിമാമേഖലയും മറ്റും സ്വീകരിച്ചിരിക്കുന്ന നയം. ഇത് വലിയ സാംസ്കാരിക, സാമൂഹിക ഉത്തരവാദിത്വത്തോടെ ചെയ്യുന്ന പരിപാടിയൊന്നുമില്ല. ആളുകളെ വൈകാരികമായി ഇളക്കുക എന്നതാണ് രീതി. അത്തരത്തിലുള്ള ആളുകൾ ഉള്ളിടത്തോളം കാലം ഇത് തുടർന്നുകൊണ്ടേയിരിക്കും’’.

ടെലിവിഷൻ ചാനലിലെ കണ്ടൻറ് സെൻസർ ചെയ്യാൻ സർക്കാർ ശ്രമിച്ചാൽ, ഒ.ടി.ടി പോലെ മറ്റേതെങ്കിലും പ്ലാറ്റ്ഫോമിലൂടെ അത് പുറത്തുവരാനുള്ള സാധ്യതയെക്കുറിച്ചും ശ്യാമപ്രസാദ് പറയുന്നു:

‘‘ഇന്ന് ആളുകളിലേക്ക് കണ്ടൻറ് എത്തിക്കാൻ പല വഴിയുള്ളതുകൊണ്ട് സെൻസറിങ് പ്രായോഗികമാണെന്ന് തോന്നുന്നില്ല. നിലവാരം കുറഞ്ഞ കലയെയും സാംസ്കാരിക പ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന സമൂഹം തന്നെയാണ് നമുക്ക് ചുറ്റുമുള്ളത്. ഇപ്പോൾ നമ്മൾ സിനിമയിലെ പവർ പൊളിറ്റിക്സിനെയും പവർ ഗ്യാങ്ങിനെ കുറിച്ചുമെല്ലാം സംസാരിക്കുന്നു. ഇതൊക്കെ എങ്ങനെയാണ് ഉണ്ടാവുന്നത്? ഈ പവർ കൊടുക്കുന്നത് ആരാണ്? കാണികളായ ജനം തന്നെയാണ് ഇത് കൊടുക്കുന്നത്. അടിസ്ഥാനപരമായി എന്താണോ ജനങ്ങൾക്ക് വേണ്ടത് അതാണ് കൊടുക്കുന്നത്. ലോകത്തെല്ലായിടത്തും ഈ ‘സോപ് ഓപ്പെറ’യുടെ സ്വാധീനം പോപ്പുലർ ആർട്ടിൽ ഉണ്ട്,” അദ്ദേഹം വ്യക്തമാക്കി.

ലേഖനത്തിന്റെ പൂർണരൂപം വായിക്കാം:

സീരിയൽ സെൻസറിങ്ങിന് വാദിക്കുന്നവർ കാണാതെ പോവുന്ന അപകടങ്ങൾ; പ്രായോഗികതയിലും പ്രശ്നങ്ങൾ

Comments