പ്രിയപ്പെട്ട പങ്കജ് ഉധാസ്, നിങ്ങളുടെ മാന്ത്രികസ്വരം എനിക്കുവേണ്ടി അവള്‍ ഹൃദയത്തില്‍ സൂക്ഷിച്ചിട്ടുണ്ടാകുമോ?

‘‘ഒരു സന്ധ്യയില്‍ അവള്‍ യാത്ര പറഞ്ഞു. കണ്ണുകളില്‍ നീര്‍ തുളുമ്പിനിന്നിരുന്നു. കോളേജില്‍ നിന്നുപോയി കുറച്ചുനാളുകള്‍ക്കു ശേഷം വിവാഹിതയായി. ഭര്‍ത്താവുമൊത്ത് ഗള്‍ഫിലേക്കു പോയി. എന്റെ ആദ്യ പ്രണയത്തിന്റെ ശേഷിപ്പുകള്‍, നഖം കൊണ്ടുള്ള കോറലുകള്‍ അവള്‍ ചാരി നില്ക്കാറുള്ള ചൂളമരത്തില്‍ ബാക്കിയായി. എന്റെ ആദ്യ പ്രണയത്തിന്റെ ശബ്ദമായിരുന്നു പങ്കജ് ഉധാസ്’’- പി.എസ്. റഫീഖ് എഴുതുന്നു.

ഗാധമായ കയത്തിലേക്കെന്നപോലെ ആ പെണ്‍കുട്ടിയുടെ വിടര്‍ന്ന കണ്ണുകളിലേയ്ക്ക് ഞാന്‍ നോക്കിയിരിക്കുകയായിരുന്നു. പൊടുന്നനെ അവള്‍ ചോദിച്ചു,
‘എന്നെ മറക്കുമോ?’
ഉണ്ടെന്നോ ഇല്ലെന്നോ ഞാന്‍ പറഞ്ഞില്ല.

കാമ്പസിലെ അവസാന ദിനങ്ങളിലൂടെ കടന്നുപോവുകയായിരുന്നു അവള്‍. ഞങ്ങളുടെ കണ്ടുമുട്ടലുകളുടെയും അവസാന ദിനങ്ങളായിരുന്നു. പക്ഷേ പ്രീഡിഗ്രിക്കാരിയായ അവള്‍ പോയാലും ഞാന്‍ ഒരു കൊല്ലം കൂടി കോളേജില്‍ തുടരേണ്ടതുണ്ട്. ഞാനന്ന് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു.

'വോ ലഡ്കീ യാദ് ആത്തീ' ഞാന്‍ പെട്ടെന്ന് പറഞ്ഞു.
‘ഓ.. ആ.. കേസറ്റ്’, അവളെന്നെ നോക്കിക്കൊണ്ട് കൂടുതല്‍ വിഷാദത്തോടെ ചിരിച്ചു.
‘കേസറ്റല്ല. കസറ്റ്. ആല്‍ബം ന്നും പറയാ’

ഉച്ഛാരണം തിരുത്താന്‍ ശ്രമിക്കുമ്പോള്‍ എനിക്ക് രാജുവിനെ ഓര്‍മ വന്നു. എത്ര കാലമായി രാജു അത് തിരികെ ചോദിക്കുന്നു. കാണുമ്പോഴൊക്കെ തരാം രാക്കുഞ്ഞീ എന്ന് പറഞ്ഞ് ഞാന്‍ ഒഴിഞ്ഞു മാറും. രാക്കുഞ്ഞിക്ക് പങ്കജ് ഉധാസിനോട്‌ പ്രണയമാണ്. എനിക്കീ വിടര്‍ന്ന കണ്ണുള്ളവളോടും. പങ്കജ് ഉഥാസിനെ ഞാനവള്‍ക്ക് കൊടുത്തുവെന്നറിഞ്ഞാല്‍ രാക്കുഞ്ഞി എന്നെ കൊന്നേക്കും.

എത്ര പ്രേമാര്‍ദ്രമായാണയാള്‍ പാടുന്നത്. ഹിന്ദി അറിയില്ലെങ്കിലും അയാള്‍ പാടുന്നത് മുഴുവന്‍ വേദനയാണെന്ന് എനിക്കറിയാം, അവള്‍ ഇടയ്ക്കിടെ പറയും.

‘നിനക്ക് ഗസല്‍ എന്താണെന്നറിയുമോ? ഉറുദുവിലും അറബിയിലും ഗസാല്‍ എന്നാല്‍ മാന്‍ എന്നാണര്‍ത്ഥം. തൊണ്ടയുടെ ഉള്ളില്‍ നിന്നാണ് 'ഗ'. അത് നമ്മുടെ 'ഗ' യേ അല്ല. ഗയുടെയും ഹയുടെയും ഛായയിലുള്ള ഒരക്ഷരം. അതിനെ മലയാളത്തിലെഴുതാനാകില്ല. കൃഷ്ണമൃഗത്തിന്റെ തൊണ്ടയില്‍ നിന്നു വരുന്ന അവസാനത്തെ ശബ്ദമാണ് ഗസലിന്റെ ആധാരശ്രുതി’.

‘‘എത്ര പ്രേമാര്‍ദ്രമായാണയാള്‍ പാടുന്നത്. ഹിന്ദി അറിയില്ലെങ്കിലും അയാള്‍ പാടുന്നത് മുഴുവന്‍ വേദനയാണെന്ന് എനിക്കറിയാം’’.
‘‘എത്ര പ്രേമാര്‍ദ്രമായാണയാള്‍ പാടുന്നത്. ഹിന്ദി അറിയില്ലെങ്കിലും അയാള്‍ പാടുന്നത് മുഴുവന്‍ വേദനയാണെന്ന് എനിക്കറിയാം’’.

അവളെന്നെ അത്ഭുതത്തോടെ നോക്കിയിരുന്നു, ആരാധനയോടെ. എന്നെ അന്നങ്ങനെ നോക്കുന്നവര്‍ ആരുമുണ്ടായിരുന്നില്ല. നിഷേധിക്കപ്പെട്ട അംഗീകാരങ്ങളുടെ, എവിടെ നിന്നും കിട്ടിയിട്ടുള്ള അവഗണനകളുടെ, ദാരിദ്യത്തിന്റെ, അപകര്‍ഷതകളുടെ ശവക്കുഴികളില്‍ നിന്ന് പിടിച്ചു കയറ്റുന്ന നോട്ടം. അതുകൊണ്ടാണ് ഒരിക്കലും പറഞ്ഞിട്ടില്ലാത്ത ഇഷ്ടവുമായി ഞാനവളോടടുത്തത്. ഈ കോളേജുകാലം കഴിഞ്ഞാല്‍ നമ്മള്‍ അകലാനുള്ളവരാണെന്ന് രണ്ടുപേര്‍ക്കും അറിയാമായിരുന്നു.

മേരേ സാസോ മേം ജിസ്‌കീ ഖുഷ്ബു ജഗ്മഗാത്തീ ഹേ.. രാത്രികളില്‍ പങ്കജ് ഉധാസ്‌ പാടുന്നത് ഞാന്‍ ഉറക്കത്തില്‍ കേള്‍ക്കും.

മെഹ്ദി ഹസന്‍
മെഹ്ദി ഹസന്‍

ഉള്ളും പുറവും പൊള്ളി ചിലപ്പോള്‍ പുറത്തിറങ്ങി തലയിലൂടെ തണുത്ത വെള്ളം കോരിയൊഴിക്കും. കോളേജ് കുമാരനായ പുത്രന് കാര്യമായെന്തോസംഭവിച്ചിട്ടുണ്ടെന്ന് മനസിലായ പാവപ്പെട്ട ഉമ്മ ഇരുട്ടിലും കണ്ണു തുറന്ന് എന്നെ നോക്കിയിരിക്കും.

ജിയേ തോ ജിയേ കൈസേ എന്നദ്ദേഹം എന്റെ ചെവിയിലിരുന്ന് കൂടെക്കൂടെ മന്ത്രിച്ചു. ഇടയ്ക്ക് പ്രതീക്ഷ തരും വിധത്തില്‍ ചിത്തീ ആയി ഹേ പാടി. നാ കജ്രേ കീ ഥാര്‍ എന്ന് കാമ്പസിലെ ചൂളമരങ്ങള്‍ക്കിടയില്‍ അവളെന്നെ കേട്ടുകൊണ്ടിരുന്നു.

ഇടയ്ക്ക് ഓര്‍മിപ്പിക്കണമെന്ന് കരുതും..ആ.. കസറ്റ്..? അത് കൊടുത്തില്ലെങ്കില്‍ രാക്കുഞ്ഞിയെന്നെ കൊല്ലും. പക്ഷേ അവളുടെ ഗ്രാമത്തിലേക്കുള്ള ബസ് വരുന്നതുവരെ ഒന്നും പറയില്ല. നിരത്തില്‍ പൊടിപടലങ്ങളുയര്‍ത്തി അവളെയും കയറ്റിയ ബസ്സ് നീങ്ങിത്തുടങ്ങും. അവള്‍ ചാരി നിന്നിരുന്ന ചൂളമരത്തെ തൊട്ടു കൊണ്ട് കുറെ നേരം നില്ക്കും.

ഗുലാം അലി സാഹേബിനെപ്പോലെയോ മെഹ്ദി ഹസന്‍ സാഹേബിനെപ്പോലെയോ ഹാര്‍മോണിയം അദ്ദേഹം തകൃതിയായി വായിക്കുന്നത് കണ്ടിട്ടില്ല. മിക്കവാറുംശ്രുതി ചേര്‍ക്കാന്‍മാത്രമാണ് അത് കയ്യില്‍ കരുതുക. ഫയസ്‌ അഹ്മദ് ഫയാസിന്റെ വരികള്‍പാടിയിട്ടുണ്ടെങ്കിലും മുംതാസ് റാഷിദിന്റെ കവിതകളാണ് കൂടുതല്‍ പഥ്യം. ബോംബെയില്‍ 'വെല്‍വെറ്റ് വോയ്‌സസ്' എന്ന സ്റ്റുഡിയോ, ഗുലാം അബ്ബാസ് ഖാന്‍, അനൂപ് ജലോട്ട, ജഗ്ജിത് സിംഗ്, ഹരിഹരന്‍ തുടങ്ങിയവര്‍ അഭ്യസിച്ചിരുന്ന ഖരാനകളിലൊക്കെത്തന്നെയുള്ള പാരമ്പര്യം തുടങ്ങിയവയൊക്കെ ഉണ്ടെങ്കിലും പങ്കജ് ഉധാസിന്‌ വ്യത്യസ്തമായ, ജനകീയമായ ഒരു ഭാവതലമുണ്ടായി വന്നു. ഹരിഹരനു മുമ്പേ പങ്കജ്‌ ഉധാസിനെ മലയാളത്തിലറിഞ്ഞു.. എന്നാല്‍ മെഹ്ദി സാഹിബിന്റെയോ, ഗുലാമലി സാഹിബിന്റെയോ, ബഡേ ഗുലാമലി സാബിന്റെയോ ക്ലാസിക്കല്‍ പാരമ്പര്യത്തിലേക്ക് അദ്ദേഹം കണ്ണി ചേര്‍ന്നുമില്ല. പാടുന്നത് പൂര്‍ണമായും ഗസലല്ല. നസം, ഗീത് തുടങ്ങിയ സംഗീത ശാഖകളെയാണ് കൂടുതല്‍ ആശ്രയിക്കുക. നമുക്കു പക്ഷേ വലിയ ഉസ്താദുമാരുടെ യഥാര്‍ത്ഥ ദര്‍ബാറുകള്‍ ആസ്വദിക്കാനുള്ള ശേഷിയുണ്ടായത് പങ്കജ് ഉധാസിലൂടെയാണ്. ഒമര്‍ ഖയ്യാമിന്റെ 'റുബായിയാത്ത്' അദ്ധേഹം ഉറുദുവിലേക്ക് കൊണ്ടുവന്ന് ജനകീയമാക്കിയത് മനോഹരമായിരുന്നു.

ഗുലാം അലി
ഗുലാം അലി

അക്കാലത്തൊരിക്കല്‍ വഴിയില്‍ വച്ച് രാക്കുഞ്ഞിയെന്നെ തടഞ്ഞു നിര്‍ത്തി. ‘എവിടെ എന്റെ പങ്കജ് ഉധാസ്?’

ഞാന്‍ നിസ്സഹായനായി. കോളേജിലെ പ്രീഡിഗ്രിക്കാരുടെ ഫെയര്‍വെല്‍ ഡേയ്ക്ക് വളരെ കുറച്ചു ദിവസങ്ങളേയുള്ളൂ. രമണനെപ്പോലെയായ ഞാന്‍ എങ്ങനെ ആ പ്രേമസമ്മാനം തിരിച്ചു വാങ്ങും. എങ്കിലും ഞാന്‍ സമ്മതിച്ചു. അടുത്തയാഴ്ച തരാം.

ഞാനതൊരിക്കലും ചോദിച്ചില്ല. അവളത് തിരിച്ചു തന്നുമില്ല. ഒരു സന്ധ്യയില്‍ അവള്‍ യാത്ര പറഞ്ഞു. കണ്ണുകളില്‍ നീര്‍ തുളുമ്പി നിന്നിരുന്നു. കോളേജില്‍ നിന്നുപോയി കുറച്ചു നാളുകള്‍ക്കു ശേഷം വിവാഹിതയായി. ഭര്‍ത്താവുമൊത്ത് ഗള്‍ഫിലേക്കു പോയി. എന്റെ ആദ്യ പ്രണയത്തിന്റെ ശേഷിപ്പുകള്‍, നഖം കൊണ്ടുള്ള കോറലുകള്‍ അവള്‍ ചാരി നില്ക്കാറുള്ള ചൂളമരത്തില്‍ ബാക്കിയായി.

എന്റെ ആദ്യ പ്രണയത്തിന്റെ ശബ്ദമായിരുന്നു പങ്കജ് ഉധാസ്.

ആ ശബ്ദം പക്ഷേ നിലച്ചിരിക്കുന്നു. പ്രിയപ്പെട്ട പാട്ടുകാരാ നിങ്ങളുടെ മാന്ത്രിക സ്വരം എനിക്കു വേണ്ടി അവള്‍ ഹൃദയത്തില്‍ സൂക്ഷിച്ചിട്ടുണ്ടാകുമോ?


പി.എസ് റഫീഖ്

കഥാകൃത്ത്​, തിരക്കഥാകൃത്ത്​, ചലച്ചിത്ര ഗാനരചയിതാവ്​, നടൻ​. സദ്ദാമിന്റെ ബാർബർ, കടുവ എന്നീ കഥാ സമാഹാരങ്ങൾ. നായകൻ, ആമേൻ, ഉട്ടോപ്യയിലെ രാജാവ്, തൊട്ടപ്പൻ എന്നീ സിനിമകളുടെ തിരക്കഥ രചിച്ചു. അങ്കമാലി ഡയറീസ്, ഗോൾഡ് കോയിൻസ്, ആമേൻ, ഉട്ടോപ്യയിലെ രാജാവ് തുടങ്ങി നിരവധി ചിത്രങ്ങളുടെ ഗാനരചയിതാവാണ്.

Comments