ഉദ്യോഗസ്​ഥ മാഫിയ തീയിട്ട ബ്രഹ്​മപുരം,
​തീയിടാനിരിക്കുന്ന കേരളം

ജനങ്ങൾക്ക്​ ആരോഗ്യകരമായ പരിസ്ഥിതി ഉറപ്പാക്കേണ്ട ഭരണസംവിധാനം അതിന് വിരുദ്ധമായി പ്രവർത്തിച്ചു എന്നു മാത്രമല്ല, അതുമൂലമുണ്ടായ പാരിസ്ഥിതിക ദുരന്തത്തിന്റെ തെളിവെടുപ്പുപോലും നടത്തുന്നില്ല. ജനങ്ങളുടെ അടിസ്ഥാന അവകാശം ഉറപ്പാക്കുന്നതിൽ വലിയ പരാജയമാണ് സംഭവിച്ചത്. അതുകൊണ്ടുതന്നെ ഇതൊരു മനുഷ്യാവകാശ പ്രശ്‌നമാണ്.

ബ്രഹ്മപുരം തീപിടുത്തം ഒരു പാഠമായി എടുക്കണം എന്ന് മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രസ്​താവനയിൽ പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു. അത് ആദ്യം ഒരു പാഠമായി കാണേണ്ടത് മുഖ്യമന്ത്രി തന്നെയാണ്, പിന്നെ ഉദ്യോഗസ്​ഥരും ​കൊച്ചി കോർപറേഷനും​.

കേരളത്തിൽ കൊച്ചി നഗരത്തിന്, മറ്റു നഗരങ്ങളെ അപേക്ഷിച്ച് എന്തോ സവിശേഷതയുണ്ട് എന്ന തോന്നൽ ഉദ്യോഗസ്ഥ- രാഷ്ട്രീയ തലങ്ങൾ സൃഷ്ടിച്ചുവച്ചിട്ടുണ്ട്​. പ്രത്യേകിച്ച് നഗരസഭ നിയന്ത്രിച്ചുപോരുന്ന ഉദ്യോഗസ്ഥ തലത്തിലും തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർക്കും ഐ.എ.എസ് ഉദ്യോഗസ്ഥർക്കുമെല്ലാം ഈ തോന്നലുണ്ട്​. അതുകൊണ്ടുതന്നെ ബാക്കിയുള്ള നഗരങ്ങളിലെ മാലിന്യ സംസ്​കരണ പ്രവർത്തനങ്ങൾ തദ്ദേശസ്വയംഭരണ വകുപ്പുവഴിയും മറ്റും നടക്കുമ്പോൾ കൊച്ചിയുടെ കാര്യത്തിൽ മാത്രം തീരുമാനങ്ങൾ വരുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് വഴിയാണ്, ഭരണം യു.ഡി.എഫ് ആയാലും എൽ.ഡി.എഫ് ആയാലും. തദ്ദേശസ്വയംഭരണവകുപ്പിനുകീഴിലുള്ള ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നീ സംവിധാനങ്ങളുടെ ഗൈഡ് ലൈനുകളോ നിർദ്ദേശങ്ങളോ കൊച്ചിക്കുമാത്രം ബാധകമാകുന്നില്ല. കൊച്ചിക്ക് എന്തു ചെയ്യണമെങ്കിലും അത് സ്‌പെഷ്യലായി ചെയ്യണം.

കൊച്ചിയേക്കാൾ വലുപ്പത്തിലും ജനസംഖ്യയിലും മാലിന്യത്തിന്റെ അളവിലും മുന്നിലാണ് തിരുവനന്തപുരം. അവിടെ വികേന്ദ്രീകൃത മാലിന്യസംസ്‌കരണം നടപ്പാക്കി, പ്രശ്‌നങ്ങൾ അവർ സ്വയം പരിഹരിച്ചു. എന്നാൽ, കൊച്ചിയിൽ അത് പറ്റില്ല എന്നു തീരുമാനിച്ചത് കുറച്ച് ഉദ്യോഗസ്ഥരാണ്.

അങ്ങനെ സ്‌പെഷ്യലായി ചെയ്യാൻ തീരുമാനിച്ചതുകൊണ്ടാണ്, കേരളത്തിലങ്ങോളമിങ്ങോളം വിജയകരമായി പ്രയോഗിച്ച മാലിന്യ സംസ്കരണ മാതൃകകൾ കൊച്ചിയിൽ മാത്രം നടക്കാതെ പോയത്​. കൊച്ചിക്ക്​ തൊട്ടുകിടക്കുന്ന ആലപ്പുഴയിലും തൃശ്ശൂരിലും പിന്നെ കണ്ണൂരിലും തിരുവനന്തപുരത്തും വിജയിച്ച മാതൃകകളുണ്ട്​ എന്നോർക്കണം. അതായത്, ഹൈ ടെക് സിറ്റിയായ കൊച്ചിക്ക് ഹൈ ടെക് ടെക്‌നോളജി തന്നെ മതി എന്നൊരു ദുർവാശി ഉദ്യോഗസ്ഥതലത്തിൽ തന്നെയുണ്ട്​. അതിന് കൊച്ചിയിലെ ജനങ്ങളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. തങ്ങളുടെ ഭരണകൂടം ആവശ്യപ്പെട്ടതെല്ലാം ജനം ചെയ്​തിട്ടുണ്ട്​. നഗരസഭ പറഞ്ഞതുപോലെ മാലിന്യം തരംതിരിച്ചെടുത്ത്​ പുറത്തുവെക്കുകയും അത് കൊണ്ടുപോകാൻ വരുന്നവർക്ക് പണം കൊടുക്കുകയും ചെയ്​തിട്ടുണ്ട്​ അവർ. അതുകഴിഞ്ഞ് സംഭവിക്കുന്ന ഇത്തരം ദുരന്തങ്ങൾക്ക് നികുതിദായകരായ ജനങ്ങൾക്ക് നിയന്ത്രണമില്ല. അതുകൊണ്ടുതന്നെ ഇത് പൂർണമായും ഉദ്യോഗസ്ഥതല വീഴ്ചയാണ്.

Photo: Muhammed Hanan

കൊച്ചിയേക്കാൾ വലുപ്പത്തിലും ജനസംഖ്യയിലും മാലിന്യത്തിന്റെ അളവിലും മുന്നിലാണ് തിരുവനന്തപുരം. അവിടെ വികേന്ദ്രീകൃത മാലിന്യസംസ്‌കരണം നടപ്പാക്കി, പ്രശ്‌നങ്ങൾ അവർ സ്വയം പരിഹരിച്ചു. എന്നാൽ, കൊച്ചിയിൽ അത് പറ്റില്ല എന്നു തീരുമാനിച്ചത് കുറച്ച് ഉദ്യോഗസ്ഥരാണ്. ഇത്തരമൊരു നിലപാട് സ്വീകരിച്ച് കൊച്ചിയിലെ മാലിന്യസംസ്‌കരണ പദ്ധതികളെ, സംസ്ഥാനത്തെ മാലിന്യ സംസ്‌കരണ പദ്ധതികളുമായി ബന്ധിപ്പിക്കാതെ, പ്രത്യേകമായി കൊണ്ടുപോകാൻ തീരുമാനിച്ച ഉദ്യോഗസ്ഥർക്ക് ഒരു പാഠമാണ് ബ്രഹ്​മപുരം. അവരെ പിന്തുണച്ച രാഷ്ട്രീയനേതാക്കൾക്കും ഒരു പാഠമാണ്. ഇതെല്ലാം കണ്ടിട്ടും നടപടിയെടുക്കാതിരുന്ന മലിനീകരണ നിയന്ത്രണ ബോർഡ്, പരിസ്ഥിതി- കാലാവസ്ഥാ വകുപ്പുകൾ എന്നിവരും ഇതൊരു പാഠമായി കാണണം. പിന്നെ, മറ്റൊരു വിഭാഗം, നിർഭാഗ്യവശാൽ, നമ്മുടെ ഫയർ ആൻറ്​ റെസ്‌ക്യൂ ടീമാണ്. ഒരിടത്ത് മാലിന്യം മലയായി കുന്നുകൂടുമ്പോൾ, അവിടെ തീപിടുത്തത്തിന് സാധ്യതയുണ്ട് എന്നു കണ്ട് ദുരന്തനിവാരണത്തിന് മുൻകരുതൽ എടുക്കേണ്ടതാണ്. എന്നാൽ, ബ്രഹ്മപുരത്ത് ഈ കരുതലുണ്ടായില്ല.

ഏതു സമയത്തും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്ക് വളർന്നുവരുംവിധം ബ്രഹ്​മപുരം വിഷയത്തെ വലുതാക്കിയത് സ്വേച്ഛാധിപത്യപരമായ തീരുമാനങ്ങളും അതിന് പിന്തുണ കൊടുത്ത രാഷ്ട്രീയ നേതൃത്വവുമാണ്.

പരിസ്ഥിതി നിയമവും മാലിന്യസംസ്‌കരണ നിയമവും അനുശാസിക്കുന്ന ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങൾ പോലും പാലിക്കാതെ കുറച്ച് ഉദ്യോഗസ്ഥർ ചേർന്ന് നടത്തിയ നിയമലംഘനസംവിധാനമാണ് ബ്രഹ്മപുരത്ത് ഇത്രയും കാലം നടന്നുകൊണ്ടിരുന്നത്. അതിന്റെ അനിവാര്യമായ ഒരു പരിണതിയാണ്​ ഈ തീപിടുത്തം. ഇത് ആവർത്തിച്ചേക്കാം. ഏതു സമയത്തും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്ക് വളർന്നുവരുംവിധം ബ്രഹ്​മപുരം വിഷയത്തെ വലുതാക്കിയത് സ്വേച്ഛാധിപത്യപരമായ തീരുമാനങ്ങളും അതിന് പിന്തുണ കൊടുത്ത രാഷ്ട്രീയ നേതൃത്വവുമാണ്. ഇവരെല്ലാമാണ് ഇതിൽനിന്ന് പാഠം പഠിക്കേണ്ടത്. അല്ലാതെ, ജനങ്ങളല്ല. തീപിടുത്തമുണ്ടായപ്പോൾ അവിടെനിന്ന് മാറിപ്പോകാൻ പോലും മറ്റൊരിടമില്ലാത്തവരാണ് ഇവിടെയുള്ള ഭൂരിഭാഗവും. ഒന്ന് ഓർക്കണം, ബ്രഹ്മപുരം പദ്ധതി നിലവിൽ വന്നത് അവിടെയുള്ള മനുഷ്യരെ കുടിയൊഴിപ്പിച്ചും അവരുടെ ജീവനും ജീവനോപാധികളും നശിപ്പിച്ചും കൊണ്ടാണ്.

Photo: Muhammed Hanan

പ്ലാൻറ്​ തുടങ്ങുന്നതുതന്നെ നിയമവിരുദ്ധമായിട്ടാണ്. ഇന്ത്യയിൽ നിലവിലുള്ള ഒരു നിയമവും സമ്മതിക്കാത്ത ഒരു സ്ഥലത്താണ് പ്ലാൻറ്​ സ്ഥാപിച്ചത്. തുടക്കം മുതൽ ഈ തീപിടുത്തം വരെയുള്ള ഓരോ പ്രവർത്തനങ്ങളും നിയമവിരുദ്ധമാണ് എന്നു കാണാം. അത് കണ്ടുപിടിക്കുന്നതിലും തടയുന്നതിലും ഇതുവരെയുള്ള ഭരണ- ഉദ്യോഗസ്ഥ- സ്ഥാപന സംവിധാനങ്ങൾ പൂർണ പരാജയമായിരുന്നു. അഴിമതിയും കൊടുകാര്യസ്ഥതയും കൂടി എങ്ങനെയാണ് പാരിസ്ഥിതിക ദുരന്തമുണ്ടാക്കുക, അതുവഴി ജീവനും സ്വത്തിനും ഭീഷണിയാകുക എന്നതിന്​ ഒന്നാന്തരം പാഠമാണ് ബ്രഹ്മപുരം ദുരന്തം. വ്യവസായങ്ങളിൽനിന്നുമാത്രമല്ല മലിനീകരണമുണ്ടാകുന്നത്, അഴിമതി കൊണ്ടും മലിനീകരണമുണ്ടാകാം എന്ന്​ ബ്രഹ്​മപുരം കാണിച്ചുതരുന്നു.

പ്രമാണിമാർ കാര്യങ്ങൾ തീരുമാനിക്കുന്ന കൊച്ചി

വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം, ഉറവിട മാലിന്യ സംസ്‌കരണം തുടങ്ങിയ കാര്യങ്ങളിൽ നയപരമായി തന്നെ തീരുമാനങ്ങളെടുത്തിട്ടുള്ള സംസ്ഥാനമാണ് കേരളം. പല പഞ്ചായത്തുകളും നഗരസഭകളും ഇത് വിജയകരമായി നടപ്പാക്കുന്നുമുണ്ട്. എന്നാൽ, കൊച്ചിയെപ്പോലൊരു നഗരത്തിൽ ഈ നയം എന്തുകൊണ്ട്​ നടപ്പാക്കുന്നില്ല എന്ന വലിയ ചോദ്യമുണ്ട്​.

വികേന്ദ്രീകൃതമായല്ല മാലിന്യ സംസ്​കരണം നടത്തേണ്ടത്​ എന്ന താൽപര്യം ബ്യൂറോക്രസിക്കുണ്ടായിരുന്നു. അതിന് പറ്റിയ സ്ഥലം കൊച്ചിയായിരുന്നു. കാരണം, കൊച്ചി എല്ലാ കാലത്തും സമ്പന്ന വിഭാഗം ഭരണകാര്യങ്ങൾ തീരുമാനിക്കുന്ന ഇടമാണ്.

കേരളത്തിൽ നിലവിലുള്ള വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ നയം രൂപപ്പെട്ടത് നാലോ അഞ്ചോ വർഷത്തെ പ്രക്രിയയിലൂടെയാണ്​. ഏറ്റവും താഴേത്തട്ടിൽ, ഗ്രാമസഭ കൂടി, അവിടുത്തെ മാലിന്യപ്രശ്‌നം ചർച്ച ചെയ്ത്, പഞ്ചായത്ത്- നഗരസഭാ തലങ്ങളിലും ജില്ല- സംസ്ഥാന തലങ്ങളിലും കൺസോളിഡേറ്റ് ചെയ്ത് ജനകീയ ശിൽപശാലകളിലൂടെ ഉരുത്തിരിഞ്ഞുവന്നതാണ് വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ നയം. ജനങ്ങൾക്കു കൂടി ബോധ്യപ്പെട്ട ഒരു പോളിസിയാണിത്. ഇതിനെ ബ്യൂറോക്രസിക്ക് ഒരു കാലത്തും അംഗീകരിക്കാനായിട്ടില്ല. അതുകൊണ്ട്, തുടക്കം മുതലേ അവർ ഇതിനെതിരായിരുന്നു.

ഇടതുപക്ഷം പ്രകടന പത്രികയിൽ പറഞ്ഞിരുന്ന കാര്യമായതിനാൽ, അവർ അധികാരത്തിലെത്തിയപ്പോൾ ഇത്​ നടപ്പാക്കി. ഒന്നാം പിണറായി വിജയൻ സർക്കാറിന്റെ കാലത്ത്​ അദ്ദേഹത്തിന്റെയും തദ്ദേശസ്വയംഭരണവകുപ്പു മന്ത്രിയുടെയും നേതൃത്വപരമായ ഇടപെടൽ, ഈ നയം​ നടപ്പാക്കുന്നതിനു പുറകിലുണ്ടായിരുന്നു. എന്നാൽ, വികേന്ദ്രീകൃതമായല്ല മാലിന്യ സംസ്​കരണം നടത്തേണ്ടത്​ എന്ന താൽപര്യം ബ്യൂറോക്രസിക്കുണ്ടായിരുന്നു. അതിന് പറ്റിയ സ്ഥലം കൊച്ചിയായിരുന്നു. കാരണം, കൊച്ചി എല്ലാ കാലത്തും സമ്പന്ന വിഭാഗം ഭരണകാര്യങ്ങൾ തീരുമാനിക്കുന്ന ഇടമാണ്. തിരുവനന്തപുരത്തോ ആലപ്പുഴയിലോ ഒരു കാര്യം തീരുമാനിക്കണമെങ്കിൽ അവിടുത്തെ ജനങ്ങളോട് സംസാരിക്കണം. വികേന്ദ്രീകൃത മാലിന്യസംസ്‌കരണ പദ്ധതി നടപ്പാക്കണമെങ്കിൽ ജനങ്ങളുമായി ബന്ധം വേണം. വാർഡുതലത്തിൽ കൗൺസിലർമാരും ഉദ്യോഗസ്ഥരും ജനങ്ങളുമായി സംസാരിക്കണം. അങ്ങനെ രൂപപ്പെടുന്ന സംവിധാനം വളരെ സുതാര്യവും ബഹുജന പങ്കാളിത്തമുള്ളതും ആയിരിക്കും. അവിടെ അഴിമതിക്ക് സ്‌കോപ്പ് കുറവാണ്. എന്നാൽ, കൊച്ചിയിൽ ഒരു കാര്യം തീരുമാനിക്കാൻ മൂന്നോ നാലോ പ്രമാണിമാരെ വിളിച്ച് സംസാരിച്ചാൽ മതി. അതുകൊണ്ടാണ് കൊച്ചി ഇതിൽനിന്ന് വിട്ടുനിന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് നേരിട്ട് കമ്യൂണിക്കേഷൻ ചാനലുള്ള പ്രത്യേക സംവിധാനമായി പ്രവർത്തിക്കുന്നതുകൊണ്ടാണ് കൊച്ചിക്ക് മാറിനിൽക്കാൻ കഴിഞ്ഞത്.

Photo: Muhammed Hanan

നിലവിൽ കൊച്ചിയിലെ മാലിന്യ സംസ്‌കരണം ഒരു അഴിമതിക്കുരുക്കാണ്. ലക്ഷക്കണക്കിന് രൂപ സർക്കാറിൽനിന്ന് കിട്ടിക്കൊണ്ടിരുന്ന ഒരു സംവിധാനം കൂടിയാണിത്. അത്​ പൊളിച്ചുകളഞ്ഞ് കിട്ടുന്ന ആനുകൂല്യം വേണ്ടെന്നുവെക്കാൻ മാറിമാറിവന്ന രാഷ്ട്രീയ നേതൃത്വങ്ങളോ ഉദ്യോഗസ്ഥവൃന്ദമോ കരാറുകാരോ സമ്മതിക്കില്ല. പൊലീസും ഗുണ്ട- മാഫിയ സംഘങ്ങളും നഗരസഭാ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുടെ ബിനാമികളുമെല്ലാം ചേർന്ന ഒരു ചീഞ്ഞ സംവിധാനമായി ഇപ്പോഴിത്​ മാറിയിട്ടുണ്ട്​. ഈ സംവിധാനമാണ്, വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം കൊച്ചിയിൽ നടക്കില്ല എന്നുറപ്പിച്ചതും അതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ നിരന്തരം വൈകിപ്പിക്കുന്നതും. ഈ സംവിധാനത്തിന്റെ വക്താക്കളുമായി സംസ്ഥാന സർക്കാറിലെ ഉന്നത ഉദ്യോഗസ്ഥർക്ക് നേരിട്ട് ബന്ധവുമുണ്ട്. സംസ്ഥാന സർക്കാർ തീരുമാനമെടുത്തുകഴിഞ്ഞാൽ സാധാരണ നിലയ്​ക്ക്​ ഒരു നഗരസഭാ ഉദ്യോഗസ്​ഥനും ‘നോ’ പറയാൻ പറ്റില്ല. ഇവിടെ നേരെ തിരിച്ചാണ്; കൊച്ചിക്ക് ഒരു നിശ്ശബ്ദ പിന്തുണ സംസ്ഥാന സർക്കാറിൽനിന്നുണ്ടായിരുന്നു.

ജനകീയ പദ്ധതി പരാജയമാണെന്നു കാണിച്ച്, കേന്ദ്രീകൃത സംവിധാനം കൊച്ചിയിലെങ്കിലും വിജയിപ്പിച്ചു കാണിക്കണം എന്ന വാശിയുള്ള ഉദ്യോഗസ്ഥർ ചേർന്നാണ് കൊച്ചിയെ ഇങ്ങനെ ഒറ്റതിരിച്ചുനിർത്തിയിരിക്കുന്നത്​.

ഉറവിട മാലിന്യ സംസ്‌കരണത്തിന്റെ കാര്യത്തിൽ നയം മാത്രമല്ല ഉള്ളത്, അത് നടപ്പാക്കാനുള്ള ചട്ടക്കൂടുണ്ട്, ചട്ടങ്ങളും സംഘടനാ സംവിധാനങ്ങളുമുണ്ട്, പണം വകയിരുത്തിയിട്ടുണ്ട്, എല്ലാ ജില്ലകളിലും സാങ്കേതിക വിദഗ്ധരെ ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ, ഇത്തരമൊരു ജനകീയ പദ്ധതി പരാജയമാണെന്നു കാണിച്ച്, കേന്ദ്രീകൃത സംവിധാനം കൊച്ചിയിലെങ്കിലും വിജയിപ്പിച്ചു കാണിക്കണം എന്ന വാശിയുള്ള ഉദ്യോഗസ്ഥർ ചേർന്നാണ് കൊച്ചിയെ ഇങ്ങനെ ഒറ്റതിരിച്ചുനിർത്തിയിരിക്കുന്നത്​.

‘തിരുവനന്തപുരം പിഴ’യുടെ പിന്നാമ്പുറം

ബ്രഹ്​മപുരത്ത്​ 10 വർഷം കൊണ്ട് കുമിഞ്ഞുകൂടിയ 5,59,000 ടൺ മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാനാവശ്യപ്പെട്ട്​ ദേശീയ ഹരിത ട്രിബ്യൂണൽ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട അജണ്ട തീരുമാനമെടുക്കാതെ 23 തവണയാണ് കോർപറേഷൻ കൗൺസിൽ മാറ്റിവച്ചത് എന്ന്​ മുഖ്യമന്ത്രി പറയുന്നുണ്ട്​. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവുകൾ മറികടക്കാനുള്ള സംവിധാനങ്ങളൊക്കെ ഉദ്യോഗസ്​ഥരുടെ പക്കലുണ്ട്​.

Photo: Muhammed Hanan

ഹരിത ട്രൈബ്യൂണലിന്റെ ഇടപെടൽ ഒന്ന് പരിശോധിക്കാം.
2019ൽ, തിരുവനന്തപുരത്തും കൊച്ചിയിലും ഒരേ സമയത്താണ് ദേശീയ ഹരിത ട്രൈബ്യൂണൽ മാലിന്യ സംസ്‌കരണ പരിശോധന നടത്തിയത്. അന്ന് തിരുവന്തപുരത്ത് വിളപ്പിൽശാല പ്ലാൻറ്​ പൂട്ടിയ സമയമാണ്. നഗരത്തിൽ വികേന്ദ്രീകൃത സംവിധാനമുണ്ട്​. വലിയ മാലിന്യമലകൾ നീക്കിയിട്ടുണ്ട്. ബാക്കി ഒന്നോ രണ്ടോ എണ്ണം നീക്കാൻ പ്രവർത്തനം നടന്നുവരുന്നു. പുറത്തുനിന്ന് വരുന്ന ഒരാൾക്ക്, കാര്യക്ഷമമായി കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നുണ്ട് എന്ന്​ ബോധ്യപ്പെടും. അതായത്​, പത്തു ലക്ഷത്തോളം പേർ താമസിക്കുന്ന ഒരിടത്ത്​, മാലിന്യം നഗരത്തിനുപുറത്തേക്ക് പോകുന്നില്ല, എവിടെയും കൂടിക്കിടക്കുന്നുമില്ല. ഈ സമയത്താണ് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും ദേശീയ ഹരിത ട്രൈബ്യൂണലും പരിശോധന നടത്തി വളരെ തിടുക്കത്തിൽ റിപ്പോർട്ട് അയച്ചത്​.

വി.കെ. പ്രശാന്തിനോടുള്ള ഈ ‘പ്രതികാര നടപടി’ക്ക്​ ഒരു പിന്നാമ്പുറമുണ്ട് പ്രശാന്തിനോട് ഈ ഉദ്യോഗസ്ഥൻ കേന്ദ്രീകൃത മാലിന്യ സംസ്‌കരണ സംവിധാനത്തെക്കുറിച്ച് സംസാരിച്ചപ്പോൾ, അദ്ദേഹം അത് പറ്റില്ല എന്ന നിലപാടെടുത്തിരുന്നു. അതോടെയാണ്​ അദ്ദേഹം അവരുടെ ശത്രുവായത്.

നഗരത്തിൽ എന്താണ് നടക്കുന്നത്, ഭാവിയിൽ സ്വീകരിക്കാൻ പോകുന്ന നടപടികളെന്ത്​ തുടങ്ങിയ കാര്യങ്ങളെല്ലാം നഗരസഭ ട്രൈബ്യൂണലിനുമുന്നിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ, ‘തിരുവനന്തപുരം നഗരം ചീഞ്ഞുനാറുകയാണ്’ എന്നു പറഞ്ഞ് വലിയൊരു പിഴയിട്ടു. നഗരസഭ പറഞ്ഞതിനെയെല്ലാം നിസ്സാരവൽക്കരിച്ച് ഹരിത ട്രൈബ്യൂണലിനെക്കൊണ്ട് തീരുമാനമെടുപ്പിച്ചത് തദ്ദേശസ്വയംഭരണ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനാണ്. സാധാരണ, തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ നഗരസഭക്കൊപ്പം നിൽക്കാറാണ് പതിവ്. ഈ തീരുമാനം വളരെ പെട്ടെന്ന് നടപടിയായി. പിഴ ചുമത്തിയ നോട്ടീസ്​നഗരസഭയിലെത്തും മു​മ്പ്​ മാധ്യമങ്ങൾക്ക് ലഭിച്ചു, അത് വലിയ വാർത്തയായി. അതേസമയത്ത് പരിശോധന നടത്തിയ കൊച്ചിക്ക് നോട്ടീസ് കൊടുത്തില്ല. കാരണം, വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയമായിരുന്നു അത്​. മേയറായിരുന്ന വി.കെ.​ പ്രശാന്താണ്​ സ്ഥാനാർഥി. അദ്ദേഹത്തിന്റെ ജയസാധ്യതയെ സ്വാധീനിക്കാനാകുമെന്നതുകൊണ്ടാണ് നോട്ടീസ് വളരെ തിടുക്കത്തിൽ ഉപതെരഞ്ഞെടുപ്പിന് മുമ്പേ കൊടുത്തത്. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞശേഷമാണ് കൊച്ചിയിലേത് കൊടുത്തത്. കൊച്ചിയുടെ കാര്യത്തിലും തീരുമാനമെടുത്തത് ഈ ഉയർന്ന ഉദ്യോഗസ്ഥൻ തന്നെയാണ്.

വി.കെ. പ്രശാന്തിനോടുള്ള ഈ ‘പ്രതികാര നടപടി’ക്ക്​ ഒരു പിന്നാമ്പുറമുണ്ട് പ്രശാന്തിനോട് ഈ ഉദ്യോഗസ്ഥൻ കേന്ദ്രീകൃത മാലിന്യ സംസ്‌കരണ സംവിധാനത്തെക്കുറിച്ച് സംസാരിച്ചപ്പോൾ, അദ്ദേഹം അത് പറ്റില്ല എന്ന നിലപാടെടുത്തിരുന്നു. അതോടെയാണ്​ അദ്ദേഹം അവരുടെ ശത്രുവായത്.
ആ ഉപതെരഞ്ഞെടുപ്പിൽ എതിർപാർട്ടികളെല്ലാം പ്രശാന്തിനെതിരെ പ്രധാന ആയുധമാക്കിയത് നഗരസഭക്ക്​ കോടികളുടെ പിഴ ചുമത്തി എന്ന നോട്ടീസായിരുന്നു. തങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ ഉദ്യോഗസ്ഥ സംവിധാനം ചീഞ്ഞുനാറുന്ന മാലിന്യത്തോളം ദുഷിച്ച ഇടപെടൽ നടത്തുമെന്നതിന് ഒരു ഉദാഹരണമാണിത്.

വി.കെ. പ്രശാന്ത് / Photo: V K Prasanth FB Page

മാലിന്യ സംസ്​കരണവുമായി ബന്ധപ്പെട്ട്​ കൊച്ചി നഗരസഭക്ക്​ ലഭിക്കുന്ന നോട്ടീസുകളിൽ തീരുമാനമെടുപ്പിക്കാതിരിക്കാനും തീരുമാനം നീട്ടിവെപ്പിക്കാനും ഒത്താശ ചെയ്യുന്ന ഉന്നത ഉദ്യോഗസ്​ഥ ലോബി പ്രവർത്തിക്കുന്നുണ്ട്​. അതിന്റെ പ്രധാന ലക്ഷ്യം, ബ്രഹ്മപുരം പദ്ധതി വൈകിപ്പിച്ച് കുളമാക്കി അവിടെ അവരുടെ താൽപര്യത്തിലുള്ള വൻകിട കമ്പനികളെ കൊണ്ടുവന്ന് കേന്ദ്രീകൃത മാലിന്യ സംസ്‌കരണ കേന്ദ്രമുണ്ടാക്കുക എന്നതായിരുന്നു. കേരളത്തിലെ മുഴുവൻ നഗരങ്ങളിലും കേന്ദ്രീകൃത മാലിന്യ സംസ്‌കരണ സംവിധാനമുണ്ടാക്കുകയും ഈ ലോബിയുടെ ലക്ഷ്യമാണ്. ഉറവിട മാലിന്യ സംസ്‌കരണം എന്നതിൽ അതിവായന നടത്തി, മാലിന്യമെല്ലാം നമ്മുടെ വീട്ടിലോ പരിസരത്തോ കൈകാര്യം ചെയ്യേണ്ടതാണ് എന്ന പൊതുബോധം ഉണ്ടാക്കിയെടുക്കുന്നതിൽ ഉയർന്ന ഉദ്യോഗസ്ഥർക്ക് വിജയിച്ചിട്ടുമുണ്ട്.

നിയമവിരുദ്ധമായി ഒരു സ്ഥലം കണ്ടെത്തി, എല്ലാ പാരിസ്ഥിതിക നിയമങ്ങൾക്കും വിരുദ്ധമായി ഒരു കെട്ടിടമുണ്ടാക്കി, അതിനകത്ത് ഒരു സംവിധാനമുണ്ടാക്കി വച്ച്, അത് നിയമപരമായി പ്രവർത്തിപ്പിക്കാതെ, മാലിന്യം പരിസരത്തിനും മനുഷ്യർക്കും ഭീഷണിയാകുന്ന മട്ടിൽ കൂട്ടിയിടുകയായിരുന്നു ചെയ്​തുകൊണ്ടിരുന്നത്​ എന്ന്​ ഇപ്പോൾ വ്യക്തമാകുന്നു.

ബ്രഹ്​മപുരം എന്ന വലിയ നുണ

ബ്രഹ്മപുരത്തെക്കുറിച്ച് പുറത്തുപറയുന്നതുമുഴുവൻ പച്ചക്കള്ളങ്ങളാണ്.

ഒന്ന്, അവിടെ 100 ടൺ കപ്പാസിറ്റിയുള്ള പ്ലാൻറ്​ ഉണ്ടാക്കി എന്നത്. ഇത്ര കപ്പാസിറ്റിയുണ്ട്​ എന്ന്​ ആരാണ് അളന്നുനോക്കിയത്. വിളപ്പിൽശാല നമ്മുടെ മുന്നിൽ ഒരു ഉദാഹരണമായി നിൽക്കുന്നുണ്ട്​. വിളപ്പിൽശാലയിൽ 300 ടൺ മാലിന്യം കൈകാര്യം ചെയ്യാൻ കരാർ എടുത്തിട്ടാണ് പ്ലാൻറ്​ തുടങ്ങുന്നത്. പത്തുകൊല്ലം കഴിഞ്ഞ്, കമ്പനി പരാജയപ്പെട്ടശേഷം, സർക്കാറിനോട് വൻ നഷ്ടപരിഹാരം ചോദിച്ച സമയത്ത്, ഒരു സാങ്കേതിക സമിതി അളവെടുക്കുമ്പോഴാണ് മനസ്സിലാകുന്നത്, 100 ടണ്ണിൽ താഴെയായിരുന്നു പ്ലാൻറ്​ കപ്പാസിറ്റി. ശരാശരി 60 ടണ്ണിൽ താഴെ മാലിന്യമാണ്​ അവിടെ എത്തിയിരുന്നത്​. എന്നിട്ടുപോലും അവിടെ മാലിന്യ സംസ്​കരണം പരാജയപ്പെട്ടു. ബ്രഹ്മപുരത്തെ പ്ലാൻറ്​ അളന്നുനോക്കിയാലറിയാം, അതിന്റെ കപ്പാസിറ്റി.

ബ്രഹ്​മപുരത്ത്​ നടത്താനുദ്ദേശിച്ചത് എയറോബിക് കമ്പോസ്റ്റിംഗാണ്. അതിനുവേണ്ടത് ഒരു വലിയ കോൺക്രീറ്റ് പ്ലാറ്റ്‌ഫോമാണ്. ജൈവ മാലിന്യ സംസ്‌കരണ പ്ലാൻറ്​ അറ്റകുറ്റപ്പണി നടത്താത്തതിനാൽ 10 വർഷം കൊണ്ട് 5,59,000 ടൺ മാലിന്യം കുമിഞ്ഞുകൂടി എന്ന്​ മുഖ്യമന്ത്രിയുടെ പ്രസ്​താവനയിൽ പറയുന്നുണ്ട്​. ഈ കോൺക്രീറ്റ്​ പ്ലാറ്റ്​ഫോമിൽ എന്ത് അറ്റകുറ്റപ്പണിയാണ് വേണ്ടത് എന്ന് മനസ്സിലാകുന്നില്ല. ചുരുക്കത്തിൽ, പ്ലാൻറ്​ ഉണ്ടാക്കിയിട്ടു എന്നല്ലാതെ അത് ഓപ്പറേറ്റ് ചെയ്തിട്ടില്ല എന്നതാണ്​ വാസ്​തവം. കുമിയുന്ന മാലിന്യമെല്ലാം പുറത്തേക്കിടുന്ന അവസ്ഥയാണുണ്ടായിരുന്നത്. ഇങ്ങനെ വാരിയിട്ടാണ് ഇപ്പോഴത്തെ അവസ്ഥയിലെത്തിയത്.

നിയമവിരുദ്ധമായി ഒരു സ്ഥലം കണ്ടെത്തി, എല്ലാ പാരിസ്ഥിതിക നിയമങ്ങൾക്കും വിരുദ്ധമായി ഒരു കെട്ടിടമുണ്ടാക്കി, അതിനകത്ത് ഒരു സംവിധാനമുണ്ടാക്കി വച്ച്, അത് നിയമപരമായി പ്രവർത്തിപ്പിക്കാതെ, മാലിന്യം പരിസരത്തിനും മനുഷ്യർക്കും ഭീഷണിയാകുന്ന മട്ടിൽ കൂട്ടിയിടുകയായിരുന്നു അവിടെ ചെയ്​തുകൊണ്ടിരുന്നത്​ എന്ന്​ ഇപ്പോൾ വ്യക്തമാകുന്നു. ഇത് ഒരു സമ്മർദ്ദതന്ത്രം കൂടിയായിരുന്നു. ഈ സ്ഥലം ഒന്നിനും​ കൊള്ളില്ല എന്നു വരുത്തിത്തീർത്താൽ ഇവിടെ എന്തും ചെയ്യാമല്ലോ. പുഴുങ്ങാനിട്ട നെല്ല് അൽപം നനഞ്ഞാലും കുഴപ്പമില്ല എന്ന ലോജിക്ക് തന്നെ.

കൊച്ചിയിലെ ജനപ്രതിനിധികളോട് അവർ പറയും, നിങ്ങൾ ഒന്നും ചെയ്യേണ്ട, എല്ലാം ഞങ്ങൾ നോക്കിക്കൊള്ളാം എന്ന്​. അതുകൊണ്ടാണ്, ഹരിത ട്രിബ്യൂണൽ ഉത്തരവ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട അജണ്ട 23 തവണ മാറ്റിവച്ചിട്ടും ഒരു തരത്തിലുമുള്ള നടപടിയും ഉണ്ടാകാതിരുന്നത്.

അതോറിറ്റിക്കുവേണ്ടി ഉദ്യോഗസ്​ഥ ലോബി

വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ നയം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന അതേ സമയത്താണ്, ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത്, മാലിന്യ സംസ്‌കരണത്തിൽ പഞ്ചായത്തുകളും നഗരസഭകളും പരാജയമാണ്, അതുകൊണ്ട് ഇതിനുമാത്രമായി ഒരു അതോറിറ്റി വേണം എന്ന് സർക്കാറിനെക്കൊണ്ട് തീരുമാനമെടുപ്പിക്കാൻ ശ്രമം നടന്നത്​. അതോറിറ്റി വരികയാണെങ്കിൽ, നഗരസഭകളുടെയും പഞ്ചായത്തുകളുടെയും മാലിന്യം അവർ മാനേജുചെയ്യും. എങ്ങനെ? അവർ തന്നെ വെയ്‌സ്റ്റ് മാനേജുമെൻറ്​ കമ്പനികളെ കൊണ്ടുവരും, അതോറിറ്റി മാനേജുചെയ്യും.

അതോറിറ്റികളുണ്ടാക്കുന്നത് എന്തിനാണ്? വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് മരിക്കുന്നതുവരെ പണവും അധികാരവും പദവിയും കൈവശം വക്കാൻ കഴിയുന്ന സ്വന്തമായ ലാവണമുണ്ടാക്കാനുള്ള തന്ത്രം. ഇത്തരത്തിൽ അധികാരകേന്ദ്രമുണ്ടാക്കാൻ ശ്രമിച്ച അതേ ഉദ്യോഗസ്ഥസംഘം തന്നെയാണ് തങ്ങളുടേതായ ‘മാതൃക' കാണിച്ചുകൊടുക്കാൻ കൊച്ചിയുടെ കാര്യത്തിൽ ഇത്ര താൽപര്യമെടുത്തത്. കൊച്ചിയിലെ ജനപ്രതിനിധികളോട് അവർ പറയും, നിങ്ങൾ ഒന്നും ചെയ്യേണ്ട, എല്ലാം ഞങ്ങൾ നോക്കിക്കൊള്ളാം എന്ന്​. അതുകൊണ്ടാണ്, ഹരിത ട്രിബ്യൂണൽ ഉത്തരവ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട അജണ്ട 23 തവണ മാറ്റിവച്ചിട്ടും ഒരു തരത്തിലുമുള്ള നടപടിയും ഉണ്ടാകാതിരുന്നത്.

Photo: Muhammed Hanan

ഇങ്ങനെ മാലിന്യസംസ്‌കരണത്തിന്റെ പേരിൽ ഒരു ദൂഷിത വലയം ഉണ്ടായിവന്നിട്ടുണ്ട്​. മാലിന്യ ശേഖരണം, കടത്ത്​, കരാർ... വലിയ തോതിൽ പണം മറിയുന്ന ഈ സംവിധാനം അതേപടി സംരക്ഷിക്കപ്പെടണം. ഒരു ‘വിൻ വിൻ’ സിറ്റുവേഷനാണിത്​. മാഫിയ- ക്രിമിനൽ സംഘത്തിന്റെ ബിസിനസിൽ ഒരിടിവുമുണ്ടാകില്ല എന്നുമാത്രമല്ല, ഭാവിയിൽ ഒരു അതോറിറ്റി വരികയാണെങ്കിൽ അതിനുവേണ്ടിയുള്ള ഒരു ‘മോഡലാ’യി ഇതിനെ ഉയർത്തിക്കാണിക്കാനും കഴിയും. അതിന്, കേന്ദ്രീകൃത സംവിധാനം വരണം.

പാരിസ്​ഥിതിക ദുരന്തം മാത്രമല്ല, മനുഷ്യാവകാശ പ്രശ്​നം കൂടിയാണ്​

ഭരണഘടന പൗരർക്ക് ഉറപ്പുനൽകുന്ന ഒന്നാണ് പാരിസ്ഥിതികാരോഗ്യം. മാലിന്യമില്ലാത്ത അന്തരീക്ഷം ജനങ്ങളുടെ അവകാശമാണ് എന്ന്, ബ്രഹ്മപുരം തീപിടുത്ത പ്രശ്‌നത്തിൽ സ്വമേധയാ കേസെടുത്ത ഹൈകോടതി ഡിവിഷൻ ബഞ്ച് പറയുന്നുണ്ട്​. ബ്രഹ്മപുരത്ത് ഔദ്യോഗിക സംവിധാനങ്ങളുടെ പരാജയം ഇതിനകം പുറത്തുവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ, ഇത് ഒരു മനുഷ്യാവകാശ പ്രശ്‌നം തന്നെയായി മാറുന്നുമുണ്ട്​. കാരണം, തീപിടുത്തം ഒഴിവാക്കാൻ കഴിയുമായിരുന്ന ഒന്നായിരുന്നു. യഥാർഥത്തിൽ തീ പിടിച്ചതല്ല, പിടിപ്പിച്ചതാണ്. അത് പാരിസ്ഥിതിക ദുരന്തത്തിന്റെ പരിധിയിൽ വരുന്നതുമാണ്. കാരണം, ഏതു ഫാക്ടറിയിലും എന്തു കത്തിച്ചാലും പുകയിൽനിന്നുള്ള മാലിന്യം നീക്കം ചെയ്യാൻ മലിനീകരണ നിയന്ത്രണ ബോർഡ് പറയുന്ന മാർഗനിർദ്ദേശങ്ങളുണ്ടാകും. അതനുസരിച്ചുമാത്രമേ പുക പുറത്തുവിടാൻ പറ്റൂ. ബ്രഹ്​മപുരത്ത്​ ഏഴു ദിവസം തുടർച്ചയായി ലക്ഷക്കണക്കിന് ടൺ മാലിന്യം കത്തുകയായിരുന്നു. അതിൽ പ്ലാസ്റ്റിക്കും ബാറ്ററികളും പേപ്പറും ലോഹങ്ങളുമെല്ലാമുണ്ട്. ഇതെല്ലാം ചേർന്ന് കത്തുമ്പോഴുണ്ടാകുന്ന മലിനീകരണം സങ്കൽപ്പിക്കാൻ കഴിയുന്നതിലും അപ്പുറത്താണ്. ഈ തീപിടുത്തത്തിൽ തീർച്ചയായും ഡയോക്‌സീനും ഫ്യൂറാനും അടക്കമുള്ള വിഷവാതകങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്​. മാത്രമല്ല, നൂറു മീറ്റർ മാത്രം അകലെയുള്ള ചിത്രപ്പുഴയിലേക്കും കടമ്പ്രയാറിലേക്കും ഇവിടെനിന്ന്​മാരക രാസവിഷമാലിന്യങ്ങൾ ഒഴുകിയിറങ്ങുന്നുണ്ട്​. തീപിടിച്ചപ്പോൾ തീയും പുകയുമായി അന്തരീക്ഷത്തിലേക്ക് വിസർജിച്ചതുമുഴുവൻ മാരക രാസവിഷങ്ങളാണ്. അതിന്റെ സാമ്പിൾ ഇതുവരെ എടുത്തിട്ടില്ല എങ്കിലും എല്ലാം സുരക്ഷിതമാണെന്നാണ്​ മന്ത്രിമാർ അടക്കമുള്ളവർ പറയുന്നത്​. എയർ ക്വാളിറ്റി ഇൻഡക്‌സ് മാത്രം നോക്കിയാണ് ഈ ഉറപ്പുകൾ. അത് നോക്കിയാൽ മാത്രം പോരാ. പുറത്തുവന്ന മാരകമായ രാസവിഷപദാർഥങ്ങളുടെ സാമ്പിൾ എടുക്കാത്തത് ക്രിമിനൽ കുറ്റം കൂടിയാണ്. എന്തുകൊണ്ട് സാമ്പിൾ എടുക്കുന്നില്ല? തെറ്റ് മറച്ചുപിടിക്കാൻ തന്നെ. തീയണക്കാൻ പമ്പു ചെയ്ത വൻതോതിലുള്ള വെള്ളം തിരിച്ച് കടമ്പ്രയാറിലേക്കാണ് ഒഴുകിയെത്തിയത്. മണ്ണിലേക്കും ഇറങ്ങിയിട്ടുണ്ട്​. ഇതിന്റെ സാമ്പിളും എടുത്തിട്ടില്ല. തെളിവുനശിപ്പിക്കുന്നതിന് തുല്യമായ കുറ്റകൃത്യമാണിത്.

ജനങ്ങൾക്ക്​ ആരോഗ്യകരമായ പരിസ്ഥിതി ഉറപ്പാക്കേണ്ട ഭരണസംവിധാനം അതിന് വിരുദ്ധമായി പ്രവർത്തിച്ചു എന്നു മാത്രമല്ല, അതുമൂലമുണ്ടായ പാരിസ്ഥിതിക ദുരന്തത്തിന്റെ തെളിവെടുപ്പുപോലും നടത്തുന്നില്ല

ഇത്രയും ജനങ്ങളെ അറിഞ്ഞുകൊണ്ട് മാലിന്യത്തിലിട്ടു പുകച്ചിട്ട് അതിന്റെ കുറ്റം മുഴുവൻ അതേ ജനതയുടെ തലയിൽ വക്കുന്ന തരത്തിൽ വിഷയം വഴിതിരിച്ചുവിടുകയാണ്​ ചെയ്യുന്നത്​. പദ്ധതി വരുന്നതിനുമുമ്പുതന്നെ ഇതൊരു ഡിസാസ്ട്രറായിരിക്കുമെന്ന് സർക്കാറിന് അറിയാമായിരുന്നു. അറിയുന്നവർ, ഇത് ചെയ്യരുത് എന്നു പറഞ്ഞ് സർക്കാറിന് നിവേദനം നൽകിയിരുന്നു. നാട്ടുകാർ പരാതി നൽകിയിരുന്നു. പഠന റിപ്പോർട്ടുകളുണ്ടായിരുന്നു. അതെല്ലാം വകവെക്കാതെ, അറിഞ്ഞുകൊണ്ട് ചെയ്ത ഒരു കുറ്റകൃത്യമാണിത്.

ജനങ്ങൾക്ക്​ ആരോഗ്യകരമായ പരിസ്ഥിതി ഉറപ്പാക്കേണ്ട ഭരണസംവിധാനം അതിന് വിരുദ്ധമായി പ്രവർത്തിച്ചു എന്നു മാത്രമല്ല, അതുമൂലമുണ്ടായ പാരിസ്ഥിതിക ദുരന്തത്തിന്റെ തെളിവെടുപ്പുപോലും നടത്തുന്നില്ല, അതിന്റെ ഇംപാക്റ്റ് അന്വേഷിക്കാൻ തയാറാകുന്നില്ല. ദുരന്തമുണ്ടാകുന്നതിനുമുമ്പ്​എടുക്കേണ്ട നടപടികളൊന്നും എടുത്തില്ല. മുമ്പുണ്ടായിരുന്ന രണ്ട് നഗരസഭാ മേയർമാരും കൗൺസിലർമാരും ഉദ്യോഗസ്​ഥരും ഇതിൽ കുറ്റക്കാരാണ്. ഇവരിൽ കുറച്ചുപേരെയെങ്കിലും മാതൃകാപരമായി ശിക്ഷിക്കുക എന്നത് ജനങ്ങളുടെ അടിസ്ഥാനപരമായ അവകാശം ഉറപ്പാക്കാനുള്ള ശ്രമത്തിന്റെ തുടക്കമായി കാണണം. ആർക്കും ഒരു ശിക്ഷയും ഇല്ല എങ്കിൽ ഇത് ആവർത്തിക്കും. എന്നാൽ, കൊച്ചിയിൽ എന്താണ്​ നടന്നത്​? കലക്ടറെ മാറ്റി. നഗരസഭയുടെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് കലക്ടർക്ക് ഒരു റോളുമില്ല. അതേസമയം, ഇക്കാര്യത്തിൽ നേരിട്ട്​ പങ്കുള്ള സെക്രട്ടറിയെയോ മറ്റു ഉദ്യോഗസ്​ഥരെയോ തൊടുന്നുമില്ല. കരാറുകാർക്കും ഉപ കരാറുകാർക്കും എതിരെ നടപടിയില്ല.

ജനങ്ങളുടെ അടിസ്ഥാന അവകാശം ഉറപ്പാക്കുന്നതിൽ വലിയ പരാജയമാണ് സംഭവിച്ചത്. അതുകൊണ്ടുതന്നെ ഇതൊരു മനുഷ്യാവകാശ പ്രശ്‌നമാണ്. കൊച്ചിയിലെ ഓരോ മനുഷ്യനും ഉദ്യോഗസ്ഥരോടും രാഷ്ട്രീയ പ്രതിനിധികളോടും ഈ വിഷയം ഉന്നയിക്കുകതന്നെ വേണം.

കെ.എസ്.ഐ.ഡി.സിക്ക്​ ഇപ്പോഴും ബ്രഹ്​മപുരം ഒരു ‘മാതൃക’

‘മാലിന്യമില്ലാത്ത അന്തരീക്ഷം' എന്ന, മനുഷ്യരുടെയും പ്രകൃതിയുടെയും ഏറ്റവും അടിസ്ഥാനപരമായ അവകാശം ഉറപ്പാക്കാൻ നമ്മുടേതായ വഴികളുണ്ട്​.

കേരള സർക്കാറിന്റെ മാലിന്യ മുക്ത കേരളം എന്ന നയം ഏറ്റവും​ പ്രധാനപ്പെട്ട ഒന്നാണ്​. ശുചിത്വ മിഷനും ഹരിത കേരള മിഷനും ചേർന്ന് നടപ്പാക്കുന്ന പദ്ധതി ഏഷ്യയിലെ ഏറ്റവും വലിയ ക്ലൈമറ്റ് ആക്ഷനാണ്. പരിസ്ഥിതി സംരക്ഷണത്തിനും കാലാവസ്ഥാ വ്യതിയാനത്തിനെതിരായ ചെറുത്തുനിൽപ്പിനും വേണ്ടിയുള്ള ഏഷ്യയിലെ ഏറ്റവും വലിയ കാമ്പയിൻ. അത് എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ‘വെള്ളം വൃത്തി വിളവ്’ എന്ന കോൺസെപ്റ്റിന്റെ അടിസ്​ഥാനത്തിൽ നടപ്പാക്കണം. മനുഷ്യരുടെ പാരിസ്ഥിതികാരോഗ്യം ഉറപ്പാക്കാനുള്ള ഏറ്റവും മികച്ച പ്രവർത്തനമാണിത്​. അതിന്റെ കടയ്ക്കൽ കത്തിവെക്കുകയാണ് ബ്രഹ്മപുരം പോലൊരു പദ്ധതിയിലൂടെ ചെയ്തത്. അത് ഇവിടം കൊണ്ടും നിർത്തുന്നില്ല എന്നതാണ് ഖേദകരം. ഇപ്പോഴും, സംസ്​ഥാന വ്യവസായ വികസന കോർപ്പറേഷന്റെ (കെ.എസ്.ഐ.ഡി.സി) വെബ്‌സൈറ്റിൽ, കേരളത്തിലെ എട്ടു നഗരങ്ങളിൽ ബ്രഹ്മപുരം മാതൃകയിൽ മാലിന്യ സംസ്​കരണത്തിന്​പദ്ധതികളുണ്ടാക്കുന്നതിനെക്കുറിച്ച്​ പറയുന്നുണ്ട്​. തങ്ങൾക്ക്​ താൽപര്യമുള്ള ചില കമ്പനികൾക്ക് ബിസിനസും ലാഭവുമുണ്ടാക്കാൻ ജനങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യം പന്താടാമെന്ന് കുറച്ച് ഉദ്യോഗസ്ഥരും കുറച്ച് ബിസിനസുകാരും തീരുമാനിച്ചിരിക്കുകയാണ്. അവരിൽ ചിലരുടെ പേരുകൾ പുറത്തുവന്നിട്ടുണ്ടല്ലോ. അവരെ അതിന്​ വിട്ടുകൊടുക്കണോ എന്ന് ജനമാണ് തീരുമാനിക്കേണ്ടത്. ▮


ഷിബു കെ.എൻ.

ഓർഗാനിക്​സ്​ ആൻറ്​ ക്ലൈമറ്റ് ക്യാമ്പെയ്നർ, GAIA - ഏഷ്യ പസഫിക്. പരിസ്​ഥിതി, ടൂറിസം, ഖരമാലിന്യ സംസ്​കരണം എന്നീ മേഖലകളിൽ പഠന- ഗവേഷണ ​പ്രവർത്തനങ്ങൾ നടത്തുന്നു. ​​​​​​​ചവറല്ലിത്​ ജീവിതം എന്ന ​പുസ്​തകം എഴുതിയിട്ടുണ്ട്​.

Comments