അത്യാധുനിക ലോകത്തിന്റെ മുഖ്യധാരാ പരിസ്ഥിതി സംരക്ഷണ സംവാദങ്ങളിലും വ്യവഹാരങ്ങളിലും മുന്നിട്ടുനിൽക്കുന്നത് മനുഷ്യസ്പർശമേൽക്കാത്ത പ്രകൃതിയെ (untouched wilderness or pristine nature) ചുറ്റിപ്പറ്റിയുള്ള ധാരണകളും സംരക്ഷണപ്രക്രിയകളും നയങ്ങളുമാണ്. ‘മനുഷ്യസ്പർശമേൽക്കാത്ത പ്രകൃതി’ എന്നത് സാങ്കൽപികമാണെങ്കിൽ കൂടിയും അത്തരത്തിലുള്ള സംരക്ഷിതപ്രദേശങ്ങൾ (protected area) നിലവിൽ കൊണ്ടുവരാനുള്ള ബോധപൂർവ പ്രവർത്തനങ്ങളാണ് ഒരു വലിയ വിഭാഗം പ്രകൃതിസംരക്ഷകരും സ്ഥാപനങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരം പ്രവർത്തനങ്ങളാകട്ടെ, പ്രദേശവാസികളും ഭരണകൂടങ്ങളും സ്ഥാപനങ്ങളും തമ്മിലുള്ള അഭിപ്രായഭിന്നതകളിലേക്കും ഏറ്റുമുട്ടലുകളിലേക്കും നയിക്കപ്പെടുന്നു. മാത്രമല്ല, സംരക്ഷിതപ്രദേശങ്ങളിലെ പ്രദേശവാസികളെ കൂടുതൽ പാർശ്വവത്കരണത്തിലേക്ക് നയിക്കുകയും അവരുടെ പ്രകൃതിസംരക്ഷണ പാരമ്പര്യങ്ങളെയും പരമ്പരാഗത അറിവുകളെയും നിശ്ശേഷം തിരസ്‌കരിക്കുകയും ചെയ്യുന്നു.
താത്വികവും ആത്മീയവുമായ പ്രകൃതിസംരക്ഷണ പാരമ്പര്യമുള്ള രാജ്യമായ ഇന്ത്യ, മനുഷ്യസ്പർശമേൽക്കാത്ത പ്രകൃതി എന്ന ആശയത്തിലൂന്നിയ സംരക്ഷണ പ്രക്രിയകൾക്ക് ചുക്കാൻ പിടിക്കുന്നത് ആപൽക്കരമാണ്.
എന്താണ് സംരക്ഷിത പ്രദേശങ്ങൾ?
ചരിത്രപരമായി നിർവചിക്കുകയാണെങ്കിൽ രാജാക്കൻമാർ നായാട്ടിനുവേണ്ടി സംരക്ഷിച്ചിരുന്ന പ്രദേശങ്ങൾ, ബ്രിട്ടീഷ് അധിനിവേശ കാലഘട്ടത്തിൽ പ്രകൃതിവിഭവങ്ങൾ ശേഖരിക്കുന്നതിന് സംരക്ഷിച്ചിരുന്ന പ്രദേശങ്ങൾ, 1860കൾ മുതൽ പാശ്ചാത്യരാജ്യങ്ങളിൽ ഉയർന്നുവന്ന നഗരജനതയുടെ ആസ്വാദ്യതയ്ക്കുവേണ്ടിയുള്ള മനുഷ്യസ്പർശമേൽക്കാത്ത സംരക്ഷിത പ്രദേശങ്ങൾ എന്നിവ ഈ വിഭാഗത്തിൽ വരും. 1860കളിൽ ജോൺ മൂർ എന്ന പ്രകൃതിസ്‌നേഹിയുടെ സ്ഥാപിതതാത്പര്യങ്ങളും ബോധപൂർവ ശ്രമങ്ങളും അതിനുവേണ്ടി അദ്ദേഹം സ്ഥാപിച്ച സിറ ലിയോൺ (Sierra Leon) എന്ന, പരിസ്ഥിതി എൻ.ജി.ഒ. സംഘടനയും മനുഷ്യസ്പർശമേൽക്കാത്ത പ്രകൃതി എന്ന ആശയത്തിന് ഊടും പാവും നൽകി, 1872-ൽ അമേരിക്കയിലെ യെല്ലോ സ്റ്റോൺ നാഷണൽ പാർക്കിന്റെ പിറവിയിലെത്തിച്ചു. അത്തരം സംരക്ഷിതപ്രദേശങ്ങൾ മറ്റു ഭൂഖണ്ഡങ്ങളിലും പിറവിയെടുത്തു. 1962-ൽ പ്രസിദ്ധീകരിച്ച റെയ്ച്ചൽ കാൾസന്റെ സൈലൻറ് സ്പ്രിങ് എന്ന ഗ്രന്ഥം വികസനപ്രക്രിയകളുടെ ഭാഗമായി പ്രകൃതിക്ക് സംഭവിക്കുന്ന ശോഷണവും പ്രകൃതിയെ സംരക്ഷിക്കേണ്ട ആവശ്യകതയും അന്താരാഷ്ട്രതലത്തിൽ മനുഷ്യസ്പർശമേൽക്കാത്ത പ്രകൃതിസംരക്ഷണ ആശയത്തിന് കൂടുതൽ സ്വീകാര്യത നേടിക്കൊടുത്തു.
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് 1990 കളിൽ നടന്ന ചർച്ചകളും കരാറുകളും പ്രകൃതിസംരക്ഷണമാണ് ഏറ്റവും തുച്ഛമായ ചെലവിൽ കാലാവസ്ഥാ വ്യതിയാനം കുറയ്ക്കുന്നതിനുള്ള മാർഗമെന്ന് പറഞ്ഞുവെച്ചു. അതേത്തുടർന്നുണ്ടായ പ്രകൃതിസംരക്ഷണപ്രക്രിയകളും നയങ്ങളും വാദങ്ങളും ഊന്നൽ നൽകിയത് മനുഷ്യസ്പർശമേൽക്കാത്ത പ്രകൃതിസംരക്ഷണത്തിനാണ്. അങ്ങനെ പ്രകൃതിസംരക്ഷണത്തിന്, അതിലുള്ള ജൈവവൈവിധ്യത്തെയും വന്യജീവികളെയും സംരക്ഷിക്കുന്നതിന്, രാജ്യങ്ങൾക്കുള്ളിലും അന്താരാഷ്ട്രതലത്തിലും വിവിധ പേരുകളിൽ പ്രത്യേക സംരക്ഷിതമേഖലകൾ നിയമപരിരക്ഷയോടെയും നിയമവ്യവസ്ഥയോടെയും നിജപ്പെടുത്തിത്തുടങ്ങി. നാഷണൽ പാർക്ക് (NP), വൈൽഡ് ലൈഫ് സാങ്ച്വറി (WLS), ടൈഗർ റിസർവ് (TR), വന്യമൃഗത്താരകൾ, റിസർവ്ഡ് ഫോറസ്റ്റ് (RF), വേൾഡ് ഹെറിറ്റേജ് സൈറ്റ് (WHS), ഇക്കോ സെൻസിറ്റീവ് സോൺ (ESZ), ഇക്കോളജിക്കലി ഫ്രജൈൽ ലാൻഡ് (EFL), കമ്യൂണിറ്റി റിസർവ് ഫോറസ്റ്റ് (CRF), മറൈൻ പ്രൊട്ടക്റ്റഡ് ഏരിയ (MPA), കോസ്റ്റൽ റെഗുലേറ്ററി സോൺ (CRZ) തുടങ്ങിയവയാണ് പ്രധാനമായും സംരക്ഷിതപ്രദേശങ്ങളായി അറിയപ്പെടുന്നത്.
ഭ്രാന്തമായ പ്രകൃതിസംരക്ഷണം മറ്റേതൊന്നിനെയും പോലെ തന്നെ മനുഷ്യരാശിയുടെ നിലനിൽപ്പിനെ സാരമായി ബാധിക്കും എന്ന നിലയിലേക്ക് എത്തപ്പെട്ടിരിക്കുന്നു എന്നാണ് ഇപ്പോൾ നമുക്കുചുറ്റും നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
മനുഷ്യസ്പർശമേൽക്കാത്ത സംരക്ഷിതപ്രദേശങ്ങളുടെ നിർമിതിക്ക് പല പേരുകളിൽ ലോകത്തിന്റെ പല ഭാഗങ്ങളിലും ബോധപൂർവ ശ്രമങ്ങൾ നടക്കുമ്പോൾ അത് സ്വാഭാവികമായും പ്രദേശവാസികളിൽ നിന്ന് പല രൂപങ്ങളിലും പല ഭാവങ്ങളിലും ഭൂമി തട്ടിയെടുക്കുന്നതിലേക്കും അവരെ കുടിയൊഴിപ്പിക്കുന്നതിലേക്കും നയിക്കും. കൂടാതെ, വിഭവശേഖരണത്തിനും മറ്റും നിയന്ത്രണങ്ങൾ വരും. അവരുടെ പാരമ്പര്യങ്ങളെയും പരമ്പരാഗത ജീവിതരീതികളെയും തച്ചുടയ്ക്കുന്നതിലേക്കും നയിക്കപ്പെടും. കാനഡക്കാരനായ മാർക്ക് ഡോവിയുടെ Conservation Refugees: The Hundred Year Conflict Between Global Conservation and Native Peoples എന്ന പുസ്തകത്തിൽ, അഞ്ച് ഭൂഖണ്ഡങ്ങളിലെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ പ്രകൃതിസംരക്ഷണപ്രക്രിയകളും അതിന്റെ ഫലമായി തദ്ദേശവാസികൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളും എങ്ങനെയാണ് ‘കൺസർവേഷൻ റെഫ്യൂജി’കൾ ഉണ്ടാവുന്നതെന്നും വിശദമായി ചർച്ച ചെയ്യുന്നുണ്ട്. ഭ്രാന്തമായ പ്രകൃതിസംരക്ഷണം മറ്റേതൊന്നിനെയും പോലെ തന്നെ മനുഷ്യരാശിയുടെ നിലനിൽപ്പിനെ സാരമായി ബാധിക്കും എന്ന നിലയിലേക്ക് എത്തപ്പെട്ടിരിക്കുന്നു എന്നാണ് ഇപ്പോൾ നമുക്കുചുറ്റും നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
കാൽപനികഭാവങ്ങളോടുകൂടിയ പ്രകൃതിസംരക്ഷണ ആശയങ്ങൾക്ക് ജീവനാഡിയായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് കാലാകാലങ്ങളായി അന്താരാഷ്ട്രതലത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തികസഹായങ്ങളും അത് നൽകുന്നവരുടെ താത്പര്യങ്ങളുമാണ്. ഫോർഡ് ഫൗണ്ടേഷൻ, മക് ആർതർ ഫൗണ്ടേഷൻ, ഗോർഡൻ ആൻഡ് ബൈറ്റി മൂർ ഫൗണ്ടേഷൻ, ഗ്ലോബൽ എൻവയൺമെന്റൽ ഫെസിലിറ്റി (GEF), രാജ്യാന്തര കോർപറേറ്റുകൾ, അന്താരാഷ്ട്ര ബാങ്കുകൾ തുടങ്ങിയവയാണ് സാമ്പത്തികസഹായം നൽകുന്ന ഏജൻസികൾ. ശക്തമായ സാമ്പത്തിക-രാഷ്ട്രീയ അടിത്തറയോടുകൂടി ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ശാഖകളോടുകൂടി പ്രവർത്തിക്കുന്ന പ്രകൃതിസംരക്ഷണ സംഘടനകളാണ് ബിഗസ്റ്റ് ഇൻർനാഷണൽ നോൺ ഗവൺമെന്റൽ ഓർഗനൈസേഷൻസ് അല്ലെങ്കിൽ BINGOS എന്നറിയപ്പെടുന്ന കൺസർവേഷൻ ഇന്റർനാഷണൽ (CI), ദ് നേച്ചർ കൺസർവൻസി (TNC), ദ് വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് ഫോർ നേച്ചർ (WWF), ദ് വൈൽഡ് ലൈഫ് കൺസർവേഷൻ സൊസൈറ്റി (WCS), ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN) എന്നിവ. ഈ സംഘടനകളുടെയും സാമ്പത്തികദാതാക്കളുടെയും പ്രവർത്തനഫലമായി ലോകത്താകമാനം വലിയതോതിലുള്ള വർധനവാണ് സംരക്ഷിത പ്രദേശങ്ങളുടെ എണ്ണത്തിലുണ്ടായിട്ടുള്ളത്. മറുവശമാകട്ടെ, ഒമ്പതക്ക ബജറ്റോടുകൂടിയ BINGOS ന്റെ മുതൽമുടക്കുകൾ തദ്ദേശവാസികളെ നോക്കുകുത്തികളാക്കി കോർപറേറ്റ് രീതിയിൽ പ്രവർത്തിക്കുന്നതിലേക്ക് എത്തിനിൽക്കുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ ആഫ്രിക്കയിൽ നടന്ന മനുഷ്യസ്പർശമേൽക്കാത്ത ആശയത്തിലൂന്നിയുള്ള പ്രകൃതിസംരക്ഷണം തദ്ദേശവാസികളെ മാറ്റിനിർത്തിക്കൊണ്ടുള്ളതായിരുന്നു. തദ്ഫലമായി അവരുടെ സാമ്പത്തിക- സാമൂഹിക വ്യവസ്ഥകൾ തകിടം മറിയുകയും പാരിസ്ഥിതിക ആവാസവ്യവസ്ഥകളെ സാരമായി ബാധിക്കുകയും ചെയ്തു. മനുഷ്യനെ മാറ്റിനിർത്തിക്കൊണ്ടുള്ള ആഫ്രിക്കയിലെ പരിസ്ഥിതി സംരക്ഷണ പ്രയാണം ലോക പരിസ്ഥിതി സംഘടനകളുടെയും ഭ്രാന്തമായ പരിസ്ഥിതിവാദ വക്താക്കളുടെയും കണ്ണുതുറപ്പിക്കാൻ പര്യാപ്തമാണ്. കാരണം, ആഫ്രിക്കൻ ജൈവവൈവിധ്യത്തിന്റെ 90 ശതമാനവും നിലനിൽക്കുന്നത് എണ്ണമറ്റ സംരക്ഷിതവനമേഖലകളിലല്ല, മറിച്ച് അതിനുപുറത്താണ് എന്ന വസ്തുതയാണ്. ലോകത്താകമാനമുള്ള സംരക്ഷിതമേഖലകൾ ഒന്നിച്ചുചേർത്താൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിനൊപ്പം ഉണ്ടാവും. എന്നിട്ടും ജൈവവൈവിധ്യത്തിന്റെ ശോഷണം തടയാനാകുന്നില്ല എന്നത്, നിലനിൽക്കുന്ന, ദശാബ്ദങ്ങളായി പിന്തുടർന്നുകൊണ്ടിരിക്കുന്ന ആഗോള പരിസ്ഥിതി സംരക്ഷണ നയങ്ങളും ആശയങ്ങളും ഒരു പൊളിച്ചെഴുത്തിന് സമയമായി എന്നുതന്നെയാണ് സാക്ഷ്യപ്പെടുത്തുന്നത്. പ്രദേശവാസികളെ മാറ്റിനിർത്തുന്നതും അവരുടെ എതിർപ്പും മുൻകാലങ്ങളിലേക്കാളധികമായി 21-ാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിൽ മുഖ്യധാരാ പരിസ്ഥിതി സംരക്ഷണ ചർച്ചകളിലേക്ക് എത്തപ്പെടുന്നു എന്നതും ശ്രദ്ധേയമാണ്.
കാലാവസ്ഥാ വ്യതിയാനം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങൾ തങ്ങളുടെ സാമ്പത്തികസ്രോതസ് ഒന്നുകൂടി വിപുലമാക്കി എന്നുവേണം പറയാൻ. മാത്രമല്ല, തങ്ങളുടെ കളിത്തട്ട് ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്ന് ഏഷ്യൻ ഭൂഖണ്ഡത്തിലേയക്ക് ചുവടുമാറ്റുകയും ചെയ്തു. ഇത് ഇന്ത്യയെപ്പോലെ ജനനിബിഡവും ദാരിദ്ര്യത്തിന്റെ മാറാപ്പേറുന്നതുമായ രാജ്യങ്ങൾക്ക് ഭീതിയോടുകൂടി മാത്രമെ നോക്കിക്കാണാൻ കഴിയുകയുള്ളൂ. പ്രകൃതിസംരക്ഷകരെ സംബന്ധിച്ച് ഇന്ത്യയെന്നത് ലോകത്താകമാനമുള്ള 12 അതിജൈവവൈവിധ്യ രാജ്യങ്ങളിലൊന്നാണ്. എവിടെ നോക്കിയാലും സംരക്ഷണം ആവശ്യമുള്ള ലോലമേഖലകൾ അങ്ങ് ഹിമാലയം മുതൽ ഇങ്ങ് പശ്ചിമഘട്ടം വരെ വ്യാപിച്ചുകിടക്കുന്നു. മനുഷ്യസ്പർശമേൽക്കാത്ത സംരക്ഷിതമേഖലകൾ ഇന്ത്യയിൽ സാധ്യമാകുമോ എന്നത് ചോദ്യചിഹ്നമാണ്. കാരണം, ലോകത്തിലെ 20 % ജനങ്ങൾക്ക് ലഭ്യമായിട്ടുള്ളത് 10% ഭൂപ്രദേശമാണ് എന്നതുതന്നെ.
യാതൊരു നഷ്ടപരിഹാരവും നൽകാതെ കുടിയിറക്കപ്പെടുമ്പോൾ, ഉപജീവനത്തിന് പുതിയ മേച്ചിൽപുറങ്ങൾ കണ്ടെത്തേണ്ടിവരുമ്പോൾ, തികച്ചും പാർശ്വവത്കരിക്കപ്പെട്ട ഒരുപറ്റം ജനങ്ങൾക്കിടയിലേക്ക് മറ്റൊരു വിഭാഗത്തെക്കൂടി തുറന്നുവിടുകയെന്നതും ഒരു സാമൂഹിക അരാജകത്വം സൃഷ്ടിക്കൽ തന്നെയാണ്.
കൺസർവേഷൻ റെഫ്യൂജീസ്
സംരക്ഷിതപ്രദേശങ്ങളുടെ എണ്ണത്തിന്റെ, വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങളുടെ മുന്നേറ്റവും വിജയവും അടയാളപ്പെടുത്തുകയാണെങ്കിൽ ലോകജനതയ്ക്കും ഇന്ത്യക്കും വളരെയധികം അഭിമാനിക്കാൻ കഴിയും. 1990കൾക്കുശേഷം, തീവ്ര പരിസ്ഥിതി സംരക്ഷണശ്രമങ്ങളുടെ ഫലമായി ഭൂമിയുടെ കരഭാഗത്തിന്റെ 12 ശതമാനത്തോളം പ്രകൃതിസംരക്ഷണത്തിനുമാത്രമായി മാറ്റിവക്കാൻ സാധിച്ചു. പക്ഷെ ഈ തീവ്രപരിസ്ഥിതി സംരക്ഷണശ്രമങ്ങൾ മൂലം തദ്ദേശവാസികൾക്കുണ്ടായ സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക നഷ്ടങ്ങൾ പരിഗണിക്കുമ്പോൾ, നേട്ടങ്ങളൊന്നും പ്രചോദാത്മകങ്ങളായി കണക്കാക്കാനാവുന്നില്ല.
പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ കുടിയിറക്കപ്പെടുന്നവർ, അഭയകേന്ദ്രം നഷ്ടപ്പെട്ടവർ, ജീവനോപാധികൾ തിരസ്‌കരിക്കപ്പെട്ടവർ- ഇവരെ വിളിക്കുന്ന പേരാണ് ‘കൺസർവേഷൻ റെഫ്യൂജീസ്’ എന്നത്. മറ്റൊരുതരത്തിൽ പറഞ്ഞാൽ, പ്രകൃതിസംരക്ഷണത്തിന്റെ പേരിൽ സ്വന്തം ഭൂമി തട്ടിപ്പറിക്കപ്പെട്ടവർ. ഇവർക്ക് മറ്റെന്ത് പേരാണ് ചേരുക. യാതൊരു നഷ്ടപരിഹാരവും നൽകാതെ കുടിയിറക്കപ്പെടുമ്പോൾ, ഉപജീവനത്തിന് പുതിയ മേച്ചിൽപുറങ്ങൾ കണ്ടെത്തേണ്ടിവരുമ്പോൾ, തികച്ചും പാർശ്വവത്കരിക്കപ്പെട്ട ഒരുപറ്റം ജനങ്ങൾക്കിടയിലേക്ക് മറ്റൊരു വിഭാഗത്തെക്കൂടി തുറന്നുവിടുകയെന്നതും ഒരു സാമൂഹിക അരാജകത്വം സൃഷ്ടിക്കൽ തന്നെയാണ്. പ്രാദേശിക ജനതയുടെ കുടികിടപ്പവകാശത്തെപ്പോലും നിരാകരിക്കുകയും വേണ്ടിവന്നാൽ ബലപ്രയോഗത്തിലൂടെ യാതൊരു നഷ്ടപരിഹാരവും നൽകാതെ കുടിയൊഴിപ്പിക്കുന്നതും ആഗോളതലത്തിൽ തന്നെ പല സംരക്ഷിതപ്രദേശങ്ങളിലും നടന്നുകൊണ്ടിരിക്കുന്നു.
നിയമവ്യവസ്ഥാപിത ഭരണകൂടത്തിനുകീഴിൽ, പ്രകൃതിസംരക്ഷണത്തിന്റെ പേരിൽ നടത്തപ്പെടുന്ന കുടിയിറക്കലുകൾ ജനങ്ങൾക്കിടയിൽ രോഷവും അസംതൃപ്തിയുമായിരിക്കും നിറയ്ക്കുക. തങ്ങൾക്ക് നഷ്ടമാകുന്ന ഭൂമിയും ഭവനവും തൊഴിലും ഭക്ഷണവും സംരക്ഷിക്കേണ്ടവരുടെ ഒത്താശയോടെ, ഇതെല്ലാം നഷ്ടമാകുമ്പോൾ വെല്ലുവിളിക്കപ്പെടുന്നത് പ്രകൃതിസംരക്ഷണം തന്നെയാണ്. ഇന്ത്യ പോലെയുള്ള വികസ്വരരാജ്യങ്ങളിൽ ഭരണകൂടങ്ങൾക്ക് പരിസ്ഥിതി നിയമങ്ങൾ നടപ്പിലാക്കുന്നതിനും അതിന്റെ പരിപാലനത്തിനും ഏറെ പരിമിതികളുണ്ട്. അപ്പോൾ പ്രദേശവാസികളുടെ പിന്തുണയോ എതിർപ്പോ പരിസ്ഥിതി സംരക്ഷണത്തിൽ നിർണായകമാണ്. അങ്ങനെയെങ്കിൽ, പരിസ്ഥിതി സംരക്ഷകർ അന്വേഷണവിധേയമാക്കേണ്ട രണ്ട് പ്രധാന കാര്യങ്ങളുണ്ട്.
ഒന്ന്, പരിസ്ഥിതി സംരക്ഷണപ്രക്രിയ മൂലം മനുഷ്യനുണ്ടാകുന്ന ബുദ്ധിമുട്ടുകൾ. രണ്ട്, സംരക്ഷിതപ്രദേശങ്ങൾ ജൈവവൈവിധ്യത്തിന് നൽകുന്ന സംഭാവന. രണ്ടാമത്തെ ചോദ്യത്തിന് ഘോരഘോരം ഉത്തരം നൽകാൻ വെമ്പൽകൊള്ളുന്നവർ, ഒന്നാമത്തെ ചോദ്യം കേൾക്കുവാനോ കാണുവാനോ തയ്യാറാകുന്നില്ല എന്നതാണ് കൺസർവേഷൻ റെഫ്യൂജികളുടെ എണ്ണവും പ്രാദേശികജനതയുടെ എതിർപ്പും കൂടിവരുന്നതിന് കാരണം.
ഏറെ താത്വികവും ആത്മീയവുമായ പ്രകൃതിസംരക്ഷണ പാരമ്പര്യമുള്ള രാജ്യമായ ഇന്ത്യ, മനുഷ്യസ്പർശമേൽക്കാത്ത പ്രകൃതി എന്ന ആശയത്തിലൂന്നിയ സംരക്ഷണപ്രക്രിയകൾക്ക് ചുക്കാൻ പിടിക്കുന്നത് ആപൽകരമാണ്. അത് ഇന്ത്യൻ ജനതയ്ക്കും അവരുടെ സംസ്‌കാരത്തിനും രാജ്യത്തിനുതന്നെയും വിനാശകരമായി മാറും. പ്രായോഗികമായി പ്രദേശവാസികളെ ഉൾക്കൊള്ളിച്ചും തലമുറകളിലൂടെ കൈമാറ്റം ചെയ്തുവരുന്ന മൂല്യബോധത്തിൽ അധിഷ്ഠിതവുമായ പ്രകൃതിസംരക്ഷണമാണ് ഭൂമിയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ജനത ആഗ്രഹിക്കുന്നത്. അതുമാത്രമെ നമ്മുടെ ഭൂമിയുടെ ജൈവവൈവിധ്യത്തെ നിലനിർത്തുകയുള്ളൂ. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.