EIA 2020 തുടരണം ഇടപെടലും പ്രതിഷേധവും

​​​​​​​കേന്ദ്ര പരിസ്​ഥിതി മന്ത്രാലയത്തി​ന്റെ കരട്​ പരിസ്​ഥിതി ആഘാത പഠന വിജ്​ഞാപനവുമായി ബന്ധപ്പെട്ട്​ പരിസ്ഥിതി സംഘടനകളും പരിസ്ഥിതി നിയമ പ്രവർത്തകരും വിയോജിപ്പുകളുടെ രൂപരേഖ തയ്യാറാക്കുകയും അവ ജനങ്ങളുമായി പങ്ക് വയ്ക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നാല് ലക്ഷത്തോളം ഇ-മെയിലുകൾ ലഭിച്ചത് ഇത്തരം ഇടപെടലുകളുടെ തുടർച്ചയായിട്ടാണ്

2020 മാർച്ചിൽ പരിസ്ഥിതി മന്ത്രാലയം പൊതുസമൂഹത്തിനുമുന്നിൽ വച്ച കരട് പരിസ്ഥിതി ആഘാത പഠന വിജ്ഞാപനവുമായി (EIA 2020) ബന്ധപ്പെട്ട് വ്യാപക ചർച്ചകളും പ്രതിഷേധങ്ങളും കാമ്പയിനുകളുമാണ് നടക്കുന്നത്. വിജ്ഞാപനത്തെക്കുറിച്ച് പൊതുസമൂഹത്തിനുള്ള ആശങ്കകളും അഭിപ്രായങ്ങളും പങ്കുവെക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്​. ഈ സന്ദർഭത്തിൽ, EIA 2020 എന്തുകൊണ്ട്​ ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് ഏറെ ചർച്ച ചെയ്യപ്പെടണം എന്ന് വിശകലനം ചെയ്യേണ്ടതുണ്ട്. കേവലസാങ്കേതികതയുടെ മാത്രം അടിസ്ഥാനത്തിൽ തയ്യാറാക്കിയ EIA 2020 കരട് രേഖ ആഗോള പരിസ്ഥിതി നയത്തിന്റെയും ഭരണഘടനാ അനുശാസനങ്ങളുടെയും പരിസ്ഥിതി നിയമങ്ങളുടെയും ലക്ഷ്യങ്ങൾക്ക് വിരുദ്ധമാവുന്നതെങ്ങനെയെന്ന് പരിശോധിക്കാം.

പരിസ്ഥിതി ആഘാത പഠനത്തിന് നിയമ സാധുതവരുന്നു

പരിസ്ഥിതിയും വികസനവും തമ്മിലുള്ള അവിഭാജ്യമായ ബന്ധം, പരിസ്ഥിതി സംരക്ഷണവുംസാമൂഹികനീതിയും തമ്മിലുള്ള പാരസ്പര്യം, പാരിസ്ഥിതിക സമത്വവും നീതിയും ഉറപ്പു വരുത്തുന്നതിനായിഫലവത്തായ പരിസ്ഥിതി നിയമ നിർമ്മാണത്തിന്റെ ആവശ്യകത എന്നിങ്ങനെ സുസ്ഥിര വികസനത്തിൽ ഊന്നിക്കൊണ്ടുളള പരിസ്ഥിതിനയ രൂപീകരണം ആഗോളതലത്തിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം നടക്കുകയുണ്ടായി. പരിസ്ഥിതി രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര തലത്തിൽ നടന്ന സ്റ്റോക്ക്‌ഹോം, റയോ ജീ ഡനീറോ കോൺഫറൻസുകൾ ഈ

കേവല നിയമങ്ങളുടെ അഭാവമല്ല മറിച്ച്​, നിലവിലെ നിയമങ്ങളുടെ ലഘൂകരണവും നടത്തിപ്പിലുള്ള പോരായ്മകളും ആണ് യഥാർത്ഥ പ്രശ്‌നം എന്ന്​ നാം തിരിച്ചറിയേണ്ടതുണ്ട്

നയരൂപീകരണത്തിന് ചുക്കാൻ പിടിച്ചു. ഇത്തരത്തിൽ ആഗോള പരിസ്ഥിതി നയത്തിൽ തന്നെ ഉണ്ടായ കാതലായ മാറ്റങ്ങളിലൂടെയാണ് വികസന പ്രകിയയിൽ പരിസ്ഥിതി ആഘാത പഠനത്തിന് നിയമ സാധുത കൈവന്നത്. അമേരിക്ക, കാനഡ, ആസ്‌ട്രേലിയ മുതലായ വികസിത രാജ്യങ്ങളിൽ വികസന പ്രവർത്തനങ്ങൾക്ക് പരിസ്ഥിതി ആഘാത പഠനം നിർബന്ധമാക്കിക്കൊണ്ടുള്ള നിയമനിർമാണം 1970-80 കാലഘട്ടത്തിൽ നടന്നു. പിന്നീട് 1980- 90 കാലഘട്ടത്തിൽ പരിസ്ഥിതി ആഘാത പഠനം വികസ്വര രാജ്യങ്ങളിലെ നിയമവ്യവസ്ഥയുടെ ഭാഗമായി. ഇന്ത്യയിൽ 1994ൽ പരിസ്ഥിതി ആഘാത പഠന വിജ്ഞാപനം വന്നതോടെ 70കൾ മുതൽ ഭരണാധികാരത്തിന്റെ വിവേചന പരിധിയിൽ ചുരുക്കം ചില വികസനപദ്ധതികളിൽ മാത്രം ഒതുങ്ങിയിരുന്ന പരിസ്ഥിതി ആഘാത പഠനത്തിന് നിയമ സാധുത ലഭിക്കുകയും അതിന്റെ വ്യാപ്തി വർദ്ധിക്കുകയും ചെയ്തു. ഇതിനുശേഷം പരിഷ്‌കരിച്ച വിജ്ഞാപനം 2006 ലും നിലവിലെ പല വ്യവസ്ഥകളും മാറ്റിക്കൊണ്ടുള്ള കരട് വിജ്ഞാപനം 2020 മാർച്ചിലും പുറത്തിറങ്ങി.

പരിസ്ഥിതി ആഘാത പഠനം എന്തിന്?

വികസന പ്രവർത്തനങ്ങളുടെ ഫലമായി വൻതോതിലുള്ള പരിസ്ഥിതി നാശമാണ് ഇന്ത്യ നേരിട്ടു കൊണ്ടിരിക്കുന്നത്. പരിസ്ഥിതി ദുരന്തങ്ങൾ, ജീവസന്ധാരണനഷ്ടം എന്നിവയുടെ തിക്തഫലങ്ങൾ കൂടുതലായനുഭവിക്കുന്നത് അടിസ്ഥാന വർഗ ജനവിഭാഗങ്ങളുമാണ്. പാരിസ്ഥിതിക അസമത്വവും സാമൂഹിക അനീതിയും കുറയ്ക്കുക എന്ന പ്രഖ്യാപിത ലക്ഷ്യമാണ് പരിസ്ഥിതി ആഘാത പഠനത്തിന് ഉള്ളത്. ഒരു പ്രദേശത്ത് ഒരു വികസന പദ്ധതി വരുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള സാമൂഹികവും പാരിസ്ഥിതികവും ആയ ആഘാതങ്ങൾ എന്തൊക്കെയാണ് എന്ന് കണ്ടെത്തി അവയുടെ തോത് കുറയ്ക്കുകയോ ഇല്ലെങ്കിൽ പദ്ധതി തന്നെ

സെപ്റ്റംബർ ഏഴുവരെ പരിസ്ഥിതി ആഘാത പഠന വിജ്ഞാപനത്തിന്റെ പ്രസിദ്ധീകരണത്തിൽ നിന്ന്​ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ കോടതി വിലക്കിയിട്ടുണ്ട്

നിർത്തലാക്കുകയോ ചെയ്യാനുള്ള നടപടിക്രമങ്ങളാണ് പരിസ്ഥിതി ആഘാത പഠനത്തിൽ വേണ്ടത്. വികസന പ്രവർത്തനങ്ങൾ വരുമ്പോഴും പരമാവധി പരിസ്ഥിതി സംരഷണം ഉറപ്പാക്കാനും സാധ്യമായിടത്ത് ബദലുകൾ കണ്ടെത്താനും വേണ്ടിയാണിത്. സുതാര്യമായ നടപടിക്രമങ്ങളോടെയും ജനപങ്കാളിത്തത്തോടെയും പരിസ്ഥിതി സൗഹാർദ്ദപരമായ വികസനം നടപ്പിലാക്കുക എന്ന ലക്ഷ്യമാണ് പരിസ്ഥിതി ആഘാത പഠനം കൊണ്ടുദ്ദേശിക്കുന്നത്. ഒരു പദ്ധതിയുടെ എല്ലാ ഘട്ടങ്ങളിലും ഇത്തരം ഒരു പഠനത്തിൽ നിന്നുരുവായ അറിവുകൾ സഹായകമാകേണ്ടതുണ്ട്. ഇപ്രകാരം പരിസ്ഥിതി ആഘാത പഠനം എന്നത് വികസന പ്രവർത്തനങ്ങളിൽ നിലവിലുള്ള അവസ്ഥയെ വിശകലനം ചെയ്യാനും തീരുമാനങ്ങൾ എടുക്കാനും നമ്മെ സഹായിക്കുന്ന ഒരു സങ്കേതമാണ്. പരിസ്ഥിതി സംരക്ഷണം, ജനപങ്കാളിത്തം, ഭരണ സുതാര്യത എന്നിവ ഉറപ്പ് വരുത്തുന്നതിനുള്ള ഒരു നിയമ സങ്കേതം കൂടിയാണിത്.

ഭരണഘടനയും പരിസ്ഥിതി നയവും

ഇന്ത്യയിലെ പരിസ്ഥിതി നിയമങ്ങൾ ഭരണഘടനയ്ക്ക് അനുസൃതമായാണ് രൂപപ്പെട്ടിരിക്കുന്നത്.ഭരണഘടനയിലെ തുല്യതക്ക് വേണ്ടിയുള്ള അവകാശം (ആർട്ടിക്കിൾ 14), ജീവിക്കാനുള്ള അവകാശം (ആർട്ടിക്കിൾ 21) എന്നിവയെ പാരിസ്ഥിതിക അവകാശ ലംഘനങ്ങളുടെയും തത്ഫലമായി ഉണ്ടാവുന്ന സാമൂഹിക അനീതിയുടെയും മനുഷ്യാവകാശ നിഷേധത്തിന്റെയും പശ്ചാത്തലത്തിൽ കാണേണ്ടതുണ്ട്. ഭരണകൂട നയരൂപീകരണത്തിൽ വേണ്ടിയുള്ള ഉള്ള മാർഗനിർദേശക തത്വങ്ങളിൽ (Directive Principles of State Policy - Part IV - 48A) പരിസ്ഥിതിയെ സംരക്ഷിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും രാജ്യത്തെ വനങ്ങളെയും വന്യജീവികളെയും സംരക്ഷിക്കുകയും ചെയ്യാനുള്ള ശ്രമങ്ങൾ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം എന്ന് നിഷ്‌കർഷിക്കുന്നുണ്ട്. ഇതുതന്നെയാണ് 1986ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ (Environment Protection Act 1986) ലക്ഷ്യമായും രേഖപ്പെടുത്തിയിരിക്കുന്നത്. 2006ൽ രൂപീകൃതമായ ഇന്ത്യൻ പരിസ്ഥിതി നയം (National Environment Policy 2006) കൃത്യമായി അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. വികസനപ്രക്രിയയിൽ പരിസ്ഥിതിചിന്ത ഉൾച്ചേർക്കുക, ജീവസന്ധാരണ മാർഗ്ഗങ്ങളെക്കൂടി കണക്കിലെടുത്തുകൊണ്ട് പരിസ്ഥിതി സംരക്ഷണം നടത്തുക, പാരിസ്ഥിതിക സമത്വവും വികസന ഫലങ്ങളിൽ തുല്യമായ അവകാശവും ഉറപ്പാക്കുക എന്നിവ പരിസ്ഥിതി നയത്തിന്റെ ലക്ഷ്യങ്ങളിൽ പെടുന്നു. പരിസ്ഥിതിയുടെ മൂല്യം താരതമ്യപ്പെടുത്തലുകൾക്കോ വിലപേശലുകൾക്കോ വിധേയമാക്കരുതെന്നും (incomparable and non-negotiable) ഇന്ത്യൻ പരിസ്ഥിതിനയം നിഷ്‌കർഷിക്കുന്നു. പൊതുവിലുള്ളപരിസ്ഥിതി നിയമങ്ങൾ തന്നെ പ്രധാനമായും ആറ് തത്വങ്ങളിൽ അധിഷ്ഠിതമാണ്. നശീകരണത്തിനെതിരെയുള്ള മുൻകരുതൽ (Precautionary principle), നശീകരണം

പല പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടുകളും വായു- ജല മലിനീകരണം എന്ന ഒറ്റ വിഷയത്തിലേക്ക് പരിസ്ഥിതി പ്രശ്‌നങ്ങളെ ചുരുക്കുന്നത് കാണാം

തടയൽ (Prevention Principle), നശീകരണ/ മലിനീകരണപ്രവർത്തനങ്ങൾ നടത്തുന്നവർ നഷ്ടപരിഹാരം നൽകൽ (Polluter Pay principle), വികസന ആസൂത്രണങ്ങളിലും തീരുമാനങ്ങളിലും പരിസ്ഥിതി സംരക്ഷണ ചിന്തകൾ ഉൾചേർക്കൽ (Integration Principle), വികസന പ്രവർത്തനങ്ങളിൽ പൊതുപങ്കാളിത്തം ഉറപ്പ് വരുത്തൽ, സുസ്ഥിര വികസനം (Sustainable Development) എന്നിവയാണത്. എന്നാൽ ഈ ലക്ഷ്യങ്ങൾക്ക് വിരുദ്ധമായാണ് EIA 2020 രൂപകൽപന ചെയ്യപ്പെട്ടിട്ടുള്ളത്.

പരിസ്ഥിതി ആഘാത പഠന പ്രക്രിയയിലെ പ്രശ്‌നങ്ങൾ

2006 ലെ വിജ്ഞാപന പ്രകാരമുള്ള പരിസ്ഥിതി ആഘാത പഠന പ്രക്രിയയിൽ തന്നെ പോരായ്മകൾ ധാരാളമുണ്ട്. വികസന പദ്ധതിയുടെ ശേഷിയും (Capacity), വലുപ്പവും (size) മാത്രം കണക്കാക്കി പരിസ്ഥിതി ആഘാത പഠനങ്ങൾ വേണമോ എന്ന് നിശ്ചയിക്കൽ തുടർന്നുപോരുന്നുണ്ട്. ഏറ്റെടുക്കുന്ന ഭൂമിയുടെ പാരിസ്ഥിതിക- സാമൂഹിക പ്രത്യേകതകൾ (തണ്ണീർത്തടങ്ങൾ, ജല സ്രോതസ്സുകൾ, തീരപ്രദേശങ്ങൾ, മലമ്പ്രദേശങ്ങൾ, വനമേഖലകൾ എന്നിങ്ങനെ) പല പദ്ധതികളിലും അദൃശ്യമാക്കപ്പെടുന്ന ഒരു അവസ്ഥ ഇതുണ്ടാക്കുന്നു. ബദൽ സാധ്യതകളെക്കുറിച്ച്​ അന്വേഷണമില്ലാതെ പദ്ധതികൾ അംഗീകരിക്കാൻ വേണ്ടിയുള്ള ലൈസൻസിംഗ് സങ്കേതം മാത്രമായി പലപ്പോഴും നിയമ പ്രക്രിയ മാറുന്ന അവസ്ഥയാണ് ഇതുണ്ടാക്കുന്നത്. ഇതിന് പുറമേ പല പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടുകളും വായു- ജല മലിനീകരണം എന്ന ഒറ്റ വിഷയത്തിലേക്ക് പരിസ്ഥിതി പ്രശ്‌നങ്ങളെ ചുരുക്കുന്നത് കാണാം. പദ്ധതി പ്രവർത്തനങ്ങളുടെ ഫലമായി ജൈവവൈവിധ്യത്തിനുണ്ടാവുന്ന ശോഷണമോ തണ്ണീർത്തടം, പാടശേഖരങ്ങൾ എന്നിവ നികത്തപ്പെടുന്നതോ ജലസ്രോതസ്സുകൾ ഇല്ലാതാകുന്നതോ പല പഠന റിപ്പോർട്ടുകളും ഗൗരവതരമായി കണക്കിലെടുക്കുകയോ രേഖപ്പെടുത്തുകയോ ചെയ്യുന്നില്ല. പല പദ്ധതികളുടെയും പ്രഹരശേഷിയെ കുറച്ച് കാണുന്ന അവസ്ഥയാണിത്. മറ്റൊന്ന്, പദ്ധതിയുടെ പരിസ്ഥിതി ആഘാതങ്ങളെ ലഘൂകരിക്കാൻ നിർദ്ദേശിക്കപ്പെടുന്ന പല പ്രവർത്തനങ്ങളും ഉപരിപ്ലവമായ തലത്തിൽ നിൽക്കുന്നതും യഥാർത്ഥ ആഘാതങ്ങളെ നേരിടാൻ അപര്യാപ്തവും ആണെന്നുള്ളതാണ്. പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിന് വേണ്ട കൺസൾട്ടന്റ് ഏജൻസിയെ നിയമിക്കാനുള്ള ചുമതല പദ്ധതിയുടെ പ്രയോക്താവിന് തന്നെയാണ് എന്നതും വലിയ വൈരുദ്ധ്യമാണ്. പദ്ധതി പ്രയോക്താവിനുവേണ്ടി വിവരങ്ങൾ വളച്ചൊടിക്കുന്നതും തെറ്റായ വിവരങ്ങൾ റിപ്പോർട്ടിൽ കൊടുക്കുന്നതും പതിവാണ്.
പദ്ധതികൾക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുമ്പോഴും രൂപമാറ്റം വരുത്തുമ്പോഴും ഉണ്ടാകുന്ന സാമൂഹികമായ ആഘാതങ്ങൾ പല റിപ്പോർട്ടുകളും കൃത്യമായി രേഖപ്പെടുത്താറില്ല. പലപ്പോഴും ഇത്തരം പഠന പ്രവർത്തനങ്ങളിലുള്ള സാമൂഹിക ശാസ്ത്രജ്ഞരുടെ അഭാവം ഇതിന് കാരണമാണ്. 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിൽ സാമൂഹിക ആഘാത പഠനം ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴും പല പദ്ധതികൾക്കും വിശദമായ സാമൂഹിക ആഘാത പഠനം തന്നെ ആവശ്യമില്ല. ഇതിനുപുറമേയാണ്

പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിന് വേണ്ട കൺസൾട്ടന്റ് ഏജൻസിയെ നിയമിക്കാനുള്ള ചുമതല പദ്ധതിയുടെ പ്രയോക്താവിന് തന്നെയാണ് എന്നതും വലിയ വൈരുദ്ധ്യമാണ്

ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ നിഷേധിച്ച് പദ്ധതി പ്രദേശത്തെ ജനങ്ങളെ വിവരങ്ങൾ അറിയിക്കാതെയോ കൃത്യമായ വിവരങ്ങൾ പങ്കു വയ്ക്കാതെയോ പരിസ്ഥിതി ആഘാത പഠന പ്രക്രിയയുടെ ഭാഗമായി നടത്തപ്പെടുന്ന പൊതുതെളിവെടുപ്പുകൾ. സുതാര്യമല്ലാത്ത ഇത്തരം പ്രവർത്തനങ്ങൾ ജനപങ്കാളിത്തത്തോടു കൂടിയുള്ള വികസനം എന്ന ലക്ഷ്യത്തെ തന്നെ ഇല്ലാതാക്കുന്നു. പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടുകൾ ഇംഗ്ലീഷിൽ മാത്രമാണ് ലഭ്യമാവുക. പ്രാദേശിക ഭാഷയിൽ അവ ലഭ്യമല്ലാത്തതും ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ വലിയൊരളവിൽ ബാധിക്കുന്നുണ്ട്. ഇത്തരം ന്യൂനതകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ തന്നെയാണ് നിലവിലുള്ള നിയമപരിരക്ഷ പോലും പല പദ്ധതികളിലും ഇല്ലാതാക്കുന്ന തരത്തിൽ പുതിയ പരിസ്ഥിതി ആഘാത പഠന വിജ്ഞാപനം വരുന്നത്.

വിജ്ഞാപനം 2020: നയ വൈരുദ്ധ്യങ്ങൾ

ഇന്ത്യയിലെ പരിസ്ഥിതി നയങ്ങളുടെ അന്തസത്തയെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലാണ് 2020 കരട് വിജ്ഞാപനം ഒരുക്കിയിരിക്കുന്നത്. വിജ്ഞാപനം പ്രത്യക്ഷത്തിൽ തന്നെ ഇന്ത്യൻ പരിസ്ഥിതി നയത്തിന് എങ്ങനെ കടക വിരുദ്ധമായി നിൽക്കുന്നു എന്ന് നോക്കാം. 2006 ലെ വിജ്ഞാപനത്തിൽ നിന്ന്​2020 ലെക്കേത്തുമ്പോൾ പദ്ധതികളുടെ വിഭാഗീകരണം (Flaws inProjectcatagorisation), ജനപങ്കാളിത്തം വെട്ടിക്കുറയ്ക്കൽ (undermining public participation), നിയമലംഘന പദ്ധതികളുടെ സാധൂകരണം (post facto clearance for the violation projects) എന്നിവയിൽ പരിസ്ഥിതി നയത്തിനെതിരായി നിൽക്കുന്ന പ്രകടമായ വൈരുദ്ധ്യങ്ങൾ കാണാം. പദ്ധതികളുടെ ശേഷി (capacity), സ്ഥലത്തിന്റെഅളവ് (size) തുടങ്ങിയ സാങ്കേതിക മാനദണ്ഡങ്ങളിൽമാത്രം ഊന്നിയാണ്​ വികസനപദ്ധതികളെ വിഭജിച്ചിരിക്കുന്നത്. കാറ്റഗറി A ,B1 പദ്ധതികൾക്ക് കേന്ദ്ര-സംസ്ഥാന തലങ്ങളിലും B2 പദ്ധതികൾക്ക് സംസ്ഥാനതലത്തിലും പാരിസ്ഥിതിക അനുമതി നേടണം. B2 പദ്ധതികൾക്കുള്ള പ്രവർത്തനാനുമതിയെ മുൻകൂർ പാരിസ്ഥിതിക അനുമതിയെന്നും (Prior Environmental Clearance) മുൻകൂർ പാരിസ്ഥിതിക അനുവാദമെന്നും (Prior Environmental Permission) എന്നും രണ്ടായി തിരിച്ചിരിക്കുന്നു.ഇതിൽ B2

പരിസ്ഥിതി ആഘാതപഠനത്തിന്റെ കാതലായ പൊതുതെളിവെടുപ്പുകൾക്കുള്ള അവസരം പരമാവധി കുറച്ചതിലൂടെ സുതാര്യമായ ജനാധിപത്യ പ്രക്രിയകൾ അപ്പാടെ ഇല്ലാതാക്കുകയാണ് ഉണ്ടായത്

വിഭാഗത്തിലെ എല്ലാ പദ്ധതികൾക്കും പാരിസ്ഥിതിക ആഘാത പഠനങ്ങളോ പൊതുതെളിവെടുപ്പുകളോ കൂടാതെ പ്രവർത്തനാനുമതി ലഭ്യമാകും.B2 വിലെ പാരിസ്ഥിതിക അനുവാദം വേണ്ട വിഭാഗത്തിൽപ്പെട്ട പദ്ധതികൾക്കാവട്ടെ സംസ്ഥാന റെഗുലേറ്ററി അതോറിറ്റിയിൽ നിന്ന്​ നേരിട്ടുള്ള അപേക്ഷയിൽ പ്രവർത്തനാനുമതി ലഭ്യമാവും. അപേക്ഷയോടൊപ്പം പദ്ധതിക്ക് വേണ്ടിയുള്ള പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ആസൂത്രണ രേഖ (Environment Management Plan) ഹാജരാക്കിയാൽ മാത്രം മതി.
പരിസ്ഥിതി ആഘാതപഠനത്തിന്റെ കാതലായ പൊതുതെളിവെടുപ്പുകൾക്കുള്ള അവസരം പരമാവധി കുറച്ചതിലൂടെ സുതാര്യമായ ജനാധിപത്യ പ്രക്രിയകൾ അപ്പാടെ ഇല്ലാതാക്കുകയാണ് ഉണ്ടായത്. കരടു രേഖയിലുടനീളം ജനങ്ങളെ പരിസ്ഥിതി തീരുമാന പ്രക്രിയകളിൽ നിന്ന്​ പരമാവധി മാറ്റിനിർത്തുന്നതായി കാണാം. B2 വിഭാഗങ്ങളിലെ എല്ലാ പദ്ധതികളും, പ്രാരംഭശേഷിയിൽ നിന്ന്​ 50% ത്തിൽ കുറവിൽ ശേഷിവർധിപ്പിക്കുന്ന A, B1 വിഭാഗങ്ങളിലെ പദ്ധതികളും പൊതുജനവിശകലനത്തിന് വെക്കേണ്ടതില്ല എന്നാണ് EIA 2020 ൽ നിർദേശിക്കുന്നത്. ഇതുകൂടാതെ രാഷ്ട്രസുരക്ഷയുമായി ബന്ധപ്പെട്ടതും തന്ത്രപ്രധാനം എന്ന് നിർദ്ദേശിക്കപ്പെട്ടതും ആയ പദ്ധതികളും പൊതു തെളിവെടുപ്പുകളിൽനിന്ന് ഒഴിവാക്കിയിരിക്കുന്നു.
ഇതിനൊക്കെ പുറമേയാണ് നിലവിൽ പരിസ്ഥിതി നിയമങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന പദ്ധതികളെ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാനുള്ള ശ്രമം. പരിസ്ഥിതി നയങ്ങളുടെ അടിസ്ഥാന ശിലയായ മുൻകരുതൽ തത്വങ്ങളെ (Precautionary principle) അപ്പാടെ നിരാകരിക്കുന്നതാണ് ആണ് കരട് രേഖയിലെ ഈ നീക്കം. വികസനപദ്ധതികളെ ‘പരിസ്ഥിതി നിയമലംഘനപദ്ധതികൾ' (violation projects) എന്ന വിഭാഗത്തിൽ പെടുത്തി പരിസ്ഥിതി നിയന്ത്രണത്തിന്റെ പരിധിയിൽ കൊണ്ട് വരുന്നത്​ ഇത്തരം നിയമലംഘനപദ്ധതികളുടെ അനിയന്ത്രിത വളർച്ചയിൽ കലാശിക്കുമെന്ന് നിസ്സംശയം പറയാം. മാത്രമല്ല ഇത്തരം പരിസ്ഥിതി ലംഘനങ്ങളെ ചൂണ്ടിക്കാണിക്കുന്നതിൽനിന്ന്​പൊതുജനങ്ങളെ ഒഴിവാക്കുകയും ചെയ്തിരിക്കുന്നു. പല രീതിയിൽ ജനപങ്കാളിത്തം കുറച്ചു കൊണ്ടുവരുന്നതിനൊപ്പം, ജനാഭിപ്രായം അറിയിക്കാനുള്ള സമയപരിധി കുറച്ചും പൊതുതെളിവെടുപ്പ് നടത്താനുള്ള സമയം വെട്ടിക്കുറച്ചും ജനാധിപത്യപ്രക്രിയയെ തടസ്സപ്പെടുത്തുന്ന സമീപനമാണ് വിജ്ഞാപനത്തിലുള്ളത്.
പരിസ്ഥിതി നിയമങ്ങളിലെ ഇത്തരം വെള്ളം ചേർക്കലുകളിലൂടെ ഉയർന്നുവരുന്ന പ്രശ്‌നങ്ങൾ പരിസ്ഥിതി അസമത്വവും സാമൂഹിക അനീതിയും വർധിപ്പിക്കുകയാണ് ചെയ്യുക. പദ്ധതികളുടെ സാങ്കേതിക ശേഷിയെയും വലുപ്പത്തേയും മാത്രം ആധാരമാക്കി തീരുമാനങ്ങൾ ഉണ്ടാവുമ്പോൾ ഇല്ലാതാകുന്നത് പരിസ്ഥിതി സംരക്ഷണം എന്ന ഉദ്ദേശലക്ഷ്യം തന്നെയാണ്. ഭൂമിയുടെ പ്രത്യേകത, ജൈവവൈവിധ്യം, ബന്ധപ്പെട്ട ജീവിക്കുന്ന മനുഷ്യർ, മറ്റ്‌ സാമൂഹിക- സാംസ്‌കാരിക പ്രത്യേകതകൾ ഒന്നും തുടക്കം മുതലേ പരിഗണിക്കപ്പെടുന്നില്ല. ഒരു പദ്ധതി, അതെത്ര ചെറുതായാലും പ്രാദേശിക പ്രകൃതിയിൽ ഉണ്ടാക്കുന്ന വ്യതിയാനങ്ങളും ആഘാതങ്ങളും ലഘൂകരിച്ച് കാണാൻ കഴിയില്ല. കൂടാതെ, കുറഞ്ഞ ശേഷിയിൽ തുടങ്ങുന്ന പദ്ധതികൾ കാലക്രമേണ ഉല്പാദനവും സ്ഥല ഉപയോഗവും വികസിപ്പിച്ച്​ മുന്നോട്ടു പോകുന്നതും ഇന്ത്യയിൽ വളരെയധികം കാണാൻ സാധിക്കും. ജനപങ്കാളിത്തം കുറച്ചുകൊണ്ട് പ്രകൃതിയെ ചൂഷണം ചെയ്യാനുള്ളഒരു രേഖ മാത്രമായി മാറരുത് പരിസ്ഥിതി ആഘാത പഠന വിജ്ഞാപനം.

പൊതു ഇടപെടലുകളും പ്രതിഷേധവും

പുതിയ EIA കരടുവിജ്ഞാപനം പുറപ്പെടുവിച്ച മാർച്ച് 23 മുതൽ ഈ വിഷയം മുൻപെങ്ങും കാണാത്ത വിധത്തിൽ ചർച്ച ചെയ്യപ്പെട്ടു. നാനാ തുറകളിൽ പെട്ട പൊതുജനങ്ങൾ, ആക്ടിവിസ്റ്റുകൾ, പത്രപ്രവർത്തകർ, വിദ്യാർത്ഥികൾ, കർഷകർ, മത്സ്യത്തൊഴിലാളികൾ, പരിസ്ഥിതി സംഘടനകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിദ്യാർത്ഥി സംഘടനകൾ എന്നിവർ പലതരം ഇടപെടലുകളിലൂടെയും ചർച്ചകളിലൂടെയും സോഷ്യൽമീഡിയ സന്ദേശങ്ങളിലൂടെയും EIA 2020 draft പിൻവലിക്കാനുള്ള ഉള്ള ശക്തമായ പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള ഇടപെടലുകളുടെ ഫലമായാണ്​ ജനങ്ങളുടെ അഭിപ്രായങ്ങളും എതിർപ്പുകളും സമർപ്പിക്കാനുള്ള തീയതി ഡൽഹി ഹൈക്കോടതി ജൂൺ 30 ൽ നിന്ന്​ ആഗസ്ത് 11 വരെ നീട്ടിയത്. പല പരിസ്ഥിതി സംഘടനകളും പരിസ്ഥിതി നിയമ പ്രവർത്തകരും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് അയക്കാനുള്ള വിജ്ഞാപനത്തിനെതിരായ വിയോജിപ്പുകളുടെ രൂപരേഖ തയ്യാറാക്കുകയും അവ ജനങ്ങളുമായി പങ്ക് വയ്ക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ഇതിനകം നാല് ലക്ഷത്തോളം ഇ-മെയിലുകൾ ലഭിച്ചത് ഇത്തരം ഇടപെടലുകളുടെ തുടർച്ചയായിട്ടാണ്. പിന്നീട് പിൻവലിക്കപ്പെട്ടെങ്കിലും ഈ മെയിലുകളുടെ ആധിക്യം മൂലം Friday For Future India പോലുള്ള സംഘടനകളുടെ വെബ്‌സൈറ്റ്പോലും ബ്ലോക്ക് ചെയ്യപ്പെടുന്ന സ്ഥിതിയുണ്ടായി. വിജ്ഞാപനം പ്രാദേശികഭാഷകളിൽ ലഭ്യമാകാതെ ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രം ലഭ്യമാക്കിയത് കടുത്ത ജനവിരുദ്ധമായ നടപടി ആയാണ്​ കർണാടക തമിഴ്നാട്​ ഹൈക്കോടതികൾ ചൂണ്ടിക്കാണിച്ചത്. നിലവിൽ കർണാടക ഹൈക്കോടതിയിൽ United Conservation Movement Charitable And Welfare Trust നൽകിയ Public Interest Litigation ന്റെ അവലോകനത്തിന്​ കേസിന്റെ അടുത്ത ഹിയറിങ് ദിവസം ആയ സെപ്റ്റംബർ ഏഴുവരെ പരിസ്ഥിതി ആഘാത പഠന വിജ്ഞാപനത്തിന്റെ പ്രസിദ്ധീകരണത്തിൽ നിന്ന്​ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ കോടതി വിലക്കിയിട്ടുണ്ട്.
1994 ൽ തുടങ്ങി 25 വർഷമായി തുടർന്നുപോരുന്ന പാരിസ്ഥിതിക അനുമതി പ്രക്രിയ രാജ്യത്തിന്റെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ എന്തുമാറ്റമാണ് വരുത്തിയിട്ടുള്ളത് എന്ന് നാം ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. കേവല നിയമങ്ങളുടെ അഭാവമല്ല മറിച്ച്​, നിലവിലെ നിയമങ്ങളുടെ ലഘൂകരണവും നടത്തിപ്പിലുള്ള പോരായ്മകളും ആണ് യഥാർത്ഥ പ്രശ്‌നം എന്ന്​ നാം തിരിച്ചറിയേണ്ടതുണ്ട്. പരിസ്ഥിതി അവകാശങ്ങളും മനുഷ്യാവകാശങ്ങളും മുഖവിലയ്‌ക്കെടുക്കാതെ ഏത് നിയമവ്യവസ്ഥക്കാണ്​ പരിസ്ഥിതിയെയും ജനങ്ങളെയും സംരക്ഷിക്കാൻ കഴിയുക?

ഡോ. ചി​ത്ര കെ.പി: അസി. പ്രൊഫസർ, സാമൂഹിക പ്രവർത്തന വിഭാഗം, തമിഴ്നാട് കേന്ദ്ര സർവകലാശാല, തിരുവാരൂർ
​പ്രീത കെ.വി: അസി. പ്രൊഫസർ, സാമൂഹിക പ്രവർത്തന വിഭാഗം, കുമരഗുരു കോളേജ് ഓഫ് ലിബറൽ ആർട്‌സ് ആൻഡ് സയൻസ്, കോയമ്പത്തൂർ


കോവിഡിന്റെ മറവിൽ ജനാധിപത്യ വിരുദ്ധ പരിസ്ഥിതി നിയമ ഭേദഗതിയുമായി കേന്ദ്രം

Comments