എല്ലാത്തരം പാരിസ്ഥിതിക മാറ്റങ്ങൾക്കും അടിസ്ഥാനം അതാത് സമൂഹങ്ങളിൽ നിലനിൽക്കുന്ന ഉൽപാദന പ്രക്രിയകളാണ്. നിലവിലെ സാഹചര്യത്തിൽ എല്ലാതരം ഉൽപാദന പ്രക്രിയകളും പലതരത്തിൽ ആഗോള രാഷ്ട്രീയ സമ്പദ്വ്യവസ്ഥയുടെ വിശാല ഘടനയുമായി സമന്വയിച്ചിരിക്കുന്നു. ആഗോള മുതലാളിത്തത്തോടും അവർ മുന്നോട്ടുവെക്കുന്ന സാമ്പത്തിക നയങ്ങളോടുമുള്ള ഭരണകൂടങ്ങളുടെ പ്രതികരണങ്ങൾ ഭൂമിയിലെ സുസ്ഥിരമായ വിഭവ ഉപയോഗത്തിൽ ശ്രദ്ധേയമാറ്റത്തിന് കാരണമായിട്ടുണ്ട്. ആഗോള മുതലാളിത്ത വിപണി സമ്പദ്വ്യവസ്ഥയോടുള്ള വളരെ പ്രാദേശികമായ പ്രതികരണങ്ങളുടെ വരെ ആകെ പ്രതിഫലനമാണ് വർദ്ധിച്ചുവരുന്ന പാരിസ്ഥിതിക പ്രതിസന്ധികൾ. അതുകൊണ്ടുതന്നെ ആഗോള മുതലാളിത്തത്തിൽ നിലീനമായ അനീതിയും ചൂഷണവുമാണ് പ്രകൃതിദുരന്തങ്ങൾക്ക് കാരണമാകുന്ന മാനുഷികഘടകങ്ങളിൽ പ്രതിഫലിക്കുന്നത് എന്നുപറയാം. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രകൃതിദുരന്തങ്ങളെക്കുറിച്ചുള്ള മിക്ക പഠനങ്ങളും സാങ്കേതികവിദ്യാ കേന്ദ്രീകൃതമായ ദുരന്ത ലഘൂകരണ നടപടികൾക്ക് പ്രാമുഖ്യം നൽകികൊണ്ടുള്ളവയാണ്. തീർച്ചയായും അത്തരം പഠനങ്ങൾ പ്രകൃതിദുരന്തങ്ങളുടെ ആഘാതം കുറക്കാൻ പല നിലകളിൽ സഹായകവുമാണ്. എന്നാൽ, അതോടൊപ്പം, കാലാവസ്ഥാ വ്യതിയാനത്തിന്റെയും അനുബന്ധ ദുരന്തങ്ങളുടെയും മൂലകാരണം വെളിപ്പെടുത്തുന്ന രാഷ്ട്രീയ-സാമ്പത്തിക മാനങ്ങൾ വിശകലനം ചെയ്യേണ്ടത് അത്യാവശ്യമാണ്. അത്തരം അന്വേഷണങ്ങളിലൂടെ മാത്രമേ ദുരന്തങ്ങളുടെ മൂലകാരണങ്ങളെ കണ്ടെത്തുവാനും തിരുത്തൽ നടപടികൾ സ്വീകരിക്കുവാനും സാധിക്കൂ.
മനുഷ്യരോടും പ്രകൃതിയോടുമുള്ള അനീതിയിലും ചൂഷണത്തിലും നിലകൊള്ളുന്ന ഒരു സമ്പദ്വ്യവസ്ഥയുടെ ഘടനക്കുള്ളിൽ പരിസ്ഥിതി സൗഹാർദപരമോ, തുല്യനീതിയിൽ അധിഷ്ഠിതമോ ആയ ഒരു ഉൽപാദനപ്രക്രിയ രൂപപ്പെടും എന്ന് പ്രതീക്ഷിക്കുക സാധ്യമല്ല.
പഠനങ്ങളുടെ പ്രശ്‌നങ്ങൾ
പ്രകൃതി ദുരന്തങ്ങളെക്കുറിച്ചുള്ള പഠനങ്ങളിൽ ഏറിയ പങ്കും മൈക്രോ സ്പേഷ്യൽ സ്‌കെയിലിലാണ് നടത്തപ്പെടാറ്. അത്തരം പഠനങ്ങളിൽ ഒരു പ്രകൃതി ദുരന്തത്തിന് കാരണമായി മിക്കപ്പോഴും കണ്ടെത്താറുള്ളത് ആ പ്രദേശത്ത് നിലനിൽക്കുന്ന പരിസ്ഥിതി സൗഹാർദപരമല്ലാത്ത ഉൽപാദനപ്രക്രിയകളെയാണ്. കേരളത്തിൽ നടക്കുന്ന മിക്ക പഠനങ്ങളിലും വനനശീകരണം, ഏകവിള തോട്ടം വികസനം, നീർചാലുകളുടെ നാശം, അശാസ്ത്രീയ നിർമാണം, ഖനികൾ എന്നിവയെല്ലാമാണ് ഉരുൾപൊട്ടലുകൾക്കുള്ള കാരണങ്ങളായി കണ്ടെത്താറ്. പ്രളയങ്ങളെക്കുറിച്ചുള്ള പഠനങ്ങളാണെങ്കിൽ നെൽവയലുകളും തണ്ണീർത്തടങ്ങളും നികത്തപ്പെടുന്നതും അശാസ്ത്രീയ നിർമിതികളും നദീതീരങ്ങളിലെ കയ്യേറ്റങ്ങളുമാണ് പ്രധാന കാരണങ്ങളായി കണ്ടെത്താറ്. ഇത്തരം കണ്ടെത്തലുകളിൽ അവസാനിക്കുന്ന പഠനങ്ങൾ വനനശീകരണത്തിനും ഏകവിള തോട്ടങ്ങളുടെ നിർമാണത്തിനും കാരണമായ കോളനീകരണത്തെയോ, പിന്നീട് അതിന്റെ വികാസത്തിന് പ്രോത്സാഹനമേകിയ മുതലാളിത്ത സമ്പദ്വ്യവസ്ഥയെയോ അല്ലെങ്കിൽ നെൽവയൽ തണ്ണീർത്തട നശീകരണത്തിന് കാരണമായ, നാണ്യവിളകൾക്ക് പ്രോത്സാഹനമേകിയ സാമ്പത്തിക നയങ്ങളെയോ, റിയൽ എസ്റ്റേറ്റിനും നഗര വികസനത്തിനും കാരണമായ നവലിബറൽ സാമ്പത്തിക നയങ്ങളെയോ വിശകലനത്തിന് വിധേയമാക്കാറില്ല. അത്തരം വിശകലനങ്ങളിലേക്ക് പ്രകൃതിദുരന്തങ്ങളെ സംബന്ധിക്കുന്ന പഠനങ്ങൾ ചെന്നെത്താത്തിടത്തോളം കാലം ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുവാൻ ശാശ്വത പരിഹാരം കണ്ടെത്തുക സാധ്യമല്ല.
ഉൽപാദന പ്രവർത്തനങ്ങൾ അവ നിലനിൽക്കുന്ന സമ്പദ്വ്യവസ്ഥയുടെ നിലനിൽപ്പും തുടർച്ചയും ഉറപ്പാക്കുന്ന അടിസ്ഥാനപരമായ ഘടകമാണ്. മനുഷ്യരോടും പ്രകൃതിയോടുമുള്ള അനീതിയിലും ചൂഷണത്തിലും നിലകൊള്ളുന്ന ഒരു സമ്പദ്വ്യവസ്ഥയുടെ ഘടനക്കുള്ളിൽ പരിസ്ഥിതി സൗഹാർദപരമോ, തുല്യനീതിയിൽ അധിഷ്ഠിതമോ ആയ ഒരു ഉൽപാദനപ്രക്രിയ രൂപപ്പെടും എന്ന് പ്രതീക്ഷിക്കുക സാധ്യമല്ല.
സ്‌പേഷ്യൽ ജസ്റ്റിസ്
മനുഷ്യനായിരിക്കുക എന്നത് ഒരേസമയം സാമൂഹികവും, സമയപരവും, സ്‌പേഷ്യലും ആയ അനുഭവവുമാണ് എന്ന ധാരണയെ അടിസ്ഥാനമാക്കിയാണ് സ്‌പേഷ്യൽ ജസ്റ്റിസ് എന്ന ആശയം രൂപപ്പെട്ടുവന്നിട്ടുള്ളത്. ഈ ആശയം സാമൂഹികനീതിയെ ഇടവുമായി (space) ബന്ധിപ്പിക്കുന്നു. എന്നാൽ ഇത് സാമൂഹികമോ സാമ്പത്തികമോ ആയ നീതിക്ക് ബദലായ ഒന്നല്ല. അതിലുപരി, ഒരു സ്‌പേഷ്യൽ വീക്ഷണകോണിൽ നിന്ന് നീതിയെ വിശകലനം ചെയ്യുവാനുള്ള മാർഗമാണ്. മറ്റൊരുതരത്തിൽ പറഞ്ഞാൽ കൂടുതൽ നീതിപൂർവവും സുസ്ഥിരവുമായ സമൂഹങ്ങളെ രൂപപ്പെടുത്തുന്നതിനും മനുഷ്യസാധ്യതകളെ പൂർണമായി സാക്ഷാത്കരിക്കുന്നതിനും സഹായകമാവുന്ന ഒരു മൂല്യനിർണയ ചട്ടക്കൂട് കൂടിയാണ് സ്പേഷ്യൽ ജസ്റ്റിസ്. "സ്‌പേഷ്യൽ ജസ്റ്റിസ് എന്നത് സാമൂഹിക മൂല്യമുള്ള വിഭവലഭ്യതയോടുകൂടിയ ഇടങ്ങളുടെ ന്യായവും തുല്യവുമായ വിതരണവും ഉപയോഗവും ഉൾപ്പെടുന്നതാണ്' (Soja, 2009).
സ്പേഷ്യൽ ഇൻജസ്റ്റിസ് രൂപപ്പെടുത്തുന്നതിന്റെ അടിസ്ഥാനമായി നിലകൊള്ളുന്ന ഏറ്റവും പ്രധാനപ്പെട്ടതും പരിചിതമായതുമായ സാമൂഹിക ഘടകങ്ങളാണ് വർഗം, വംശം, ലിംഗം എന്നിവ. കേരളത്തിന്റെ പശ്ചാത്തലത്തിൽ ജാതി ഇതിൽ പ്രധാനപ്പെട്ട ഘടകമായി കടന്നുവരുന്നുണ്ട്. കേരളത്തിൽ വർഗത്തിന്റെയും ജാതിയുടെയും ലിംഗത്തിന്റെയുമെല്ലാം അടിസ്ഥാനത്തിൽ രൂപപ്പെട്ടുവന്നിട്ടുള്ള ഈ സ്പേഷ്യൽ ഇൻജസ്റ്റിസ് സമൂഹത്തിലെ പാർശ്വവൽകൃതരെ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ദുരന്തങ്ങളിലേക്ക് കൂടുതൽ തള്ളിവിടുന്നതിന് കാരണമായതായി കാണാം.
കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായുണ്ടാവുന്ന ദുരന്തങ്ങളെയോ അവയ്ക്കിരയാവുന്ന മനുഷ്യ വിഭാഗങ്ങളെയോ സംബന്ധിക്കുന്ന രാഷ്ട്രീയം ചർച്ചചെയ്യപ്പെട്ടത് അപൂർവ്വമായി മാത്രമാണ്.
കാലാവസ്ഥാവ്യതിയാനം കേരളത്തിൽ
കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായി രൂപപ്പെടുന്ന പ്രകൃതിദുരന്തങ്ങൾ മുമ്പെങ്ങുമില്ലാത്തവണ്ണം കേരളത്തെയും ബാധിച്ചുതുടങ്ങിയിരിക്കുന്നു. കേരളത്തിന്റെ തീരദേശ ജില്ലകളെയാകെ ബാധിച്ച ഓഖിയും, മഹാപ്രളയങ്ങളും ഉരുൾപൊട്ടലുകളും ഏറ്റവുമൊടുവിൽ 2021 മേയിൽ കേരളതീരത്ത് നാശംവിതച്ച ടൗട്ടെ ചുഴലിക്കാറ്റും ഇതിൽ പ്രധാനപ്പെട്ടവയാണ്. പ്രകൃതി ദുരന്തങ്ങളിൽനിന്ന് താരതമ്യേന സുരക്ഷിതമായ സംസ്ഥാനമാണ് കേരളം എന്ന പൊതുധാരണയാണ് ഈ ദുരന്തങ്ങളിലൂടെ മാറ്റിമറിക്കപ്പെട്ടത്. ഇന്ത്യൻ മൺസൂണിന്റെ സ്വഭാവത്തിൽ വരുന്ന മാറ്റങ്ങൾ 1960കൾ മുതൽ തന്നെ കാലാവസ്ഥാ നിരീക്ഷകരുടെ ശ്രദ്ധയിൽ പെട്ടിരുന്നുവെങ്കിലും കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇതിന്റെ ഗൗരവകരമായ തിക്തഫലങ്ങൾ കേരളത്തിലെ മനുഷ്യർ നേരിട്ടനുഭവിച്ചുതുടങ്ങിയിരുന്നു. മൺസൂൺ മഴയുടെ ക്രമത്തിലും തീവ്രതയിലും ഉണ്ടായ മാറ്റങ്ങൾ കഴിഞ്ഞ ഏതാനും വർഷങ്ങളിൽ സംസ്ഥാനത്ത് വലിയ തോതിൽ പാരിസ്ഥിതിക ദുരന്തങ്ങൾക്കും സാമൂഹിക - സാമ്പത്തിക ക്ലേശങ്ങൾക്കും കാരണമായി. കേരളത്തെ ബാധിച്ച പാരിസ്ഥിതിക ദുരന്തങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ പങ്ക് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് നിലനിൽക്കുന്നത്. എന്നാൽ, ആഗോള സമുദ്ര ഉപരിതല താപനിലയിലെ വർദ്ധനവ് അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദങ്ങളുടെ എണ്ണത്തിലും അതിന്റെ ഫലമായുണ്ടാവുന്ന ചുഴലിക്കാറ്റുകളുടെ തീവ്രതയിലും വർദ്ധനവിന് കാരണമായിട്ടുണ്ട് എന്നും ഇത് കേരളത്തിന്റെ കാലാവസ്ഥയെ സാരമായി ബാധിക്കുന്നുണ്ട് എന്നുമുള്ള നിരീക്ഷണം തർക്കലേശമന്യേ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്.
കാലാവസ്ഥയുടെ ഏറെക്കുറെ എല്ലാ ഘടകങ്ങളിലും സമീപ ദശകങ്ങളിൽ വ്യക്തമായ മാറ്റത്തിന്റെ സൂചനകൾ കണ്ടുതുടങ്ങിയിരുന്നു. ആഗോളതാപനത്തിന്റെ ഫലമായി സ്പഷ്ടമായ മാറ്റം പ്രകടിപ്പിച്ച ഏറ്റവും പ്രധാന കാലാവസ്ഥാഘടകമാണ് താപനില. മനുഷ്യന്റെ വിവിധ തരം പ്രവർത്തനങ്ങൾ ഭൗമാന്തരീക്ഷത്തിലെ താപനിലയിൽ വർദ്ധനവിന് കാരണമാവുന്നുണ്ട് എന്നത് ഒരു നൂറ്റാണ്ട് മുമ്പേ തെളിയിക്കപ്പെട്ട വസ്തുതയാണ്. 2016 മെയ് 19 നാണ് വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ രാജസ്ഥാനിലെ ഫാലോടി എന്ന സ്ഥലത്ത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനിലയായ 51°C രേഖപ്പെടുത്തിയത്. 1986 നും 2015 നും ഇടയിലുള്ള മൂന്ന് ദശകങ്ങളിൽ വാർഷിക ശരാശരി താപനിലയിൽ 0.14°C എന്ന ദശാബ്ദ വളർച്ചാനിരക്ക് പ്രകടമായി. കേരളാ സ്റ്റേറ്റ് ആക്ഷൻ പ്ലാൻ ഓൺ ക്ലൈമറ്റ് ചേഞ്ച് (2005) അനുസരിച്ച്, കഴിഞ്ഞ 50 വർഷത്തിനിടയിൽ കേരളത്തിന്റെ ശരാശരി ഉയർന്ന താപനില 0.8°സെൽഷ്യസും ഏറ്റവും കുറഞ്ഞ താപനില 0.2°സെൽഷ്യസും വർദ്ധിച്ചു. പൊതുവായി പറഞ്ഞാൽ കേരളത്തിന്റെ പടിഞ്ഞാറൻ തീരപ്രദേശം മുതൽ കിഴക്ക് പശ്ചിമഘട്ട മലനിരകൾവരെ താപനിലയിലെ ഈ വർദ്ധനവ് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കേരളത്തോട് ചേർന്നുകിടക്കുന്ന അറബിക്കടലിന്റെ പ്രാദേശിക ഉപരിതല ഊഷ്മാവിലും കഴിഞ്ഞ നൂറ്റാണ്ടിൽ വർദ്ധനവുണ്ടായതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
2019 ൽ കവളപ്പാറ ഉരുൾപൊട്ടൽ 59 പേരുടെ ജീവൻ അപഹരിച്ചു. അതിൽ 14 പേർ പണിയ സമുദായത്തിൽപ്പെട്ട ആദിവാസികളും ബാക്കിയുള്ളവർ 3- 10 സെന്റുവരെ മാത്രം ഭൂമി കൈവശമുള്ള കർഷക തൊഴിലാളികളുമായിരുന്നു.
കാലാവസ്ഥയുടെ മറ്റൊരു പ്രധാന ഘടകമാണ് മഴ. കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളിൽ കേരളത്തിൽ ലഭിക്കുന്ന മൺസൂൺ മഴയുടെ സ്വഭാവത്തിൽ കാര്യമായ മാറ്റം സംഭവിച്ചതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ആഗോള കാലാവസ്ഥാ വ്യതിയാനം കേരളത്തിലെ മൺസൂൺ സംവിധാനത്തെ പല രീതിയിൽ ബാധിച്ചു. അതിൽ പ്രധാനപ്പെട്ട ഒന്നാണ് മൺസൂൺ മഴയുടെ തീവ്രതയിലും ക്രമത്തിലും വന്ന മാറ്റം. കേരളത്തിൽ ലഭിക്കുന്ന ആകെ മഴയുടെ 68 ശതമാനത്തോളം തെക്കുപടിഞ്ഞാറൻ മൺസൂണിൽനിന്നാണ്. എന്നാൽ, കഴിഞ്ഞ 135 വർഷക്കാലം കേരളത്തിൽ ലഭിച്ച മഴയുടെ അളവിനെ ആസ്പദമാക്കി നടത്തിയ പഠനപ്രകാരം (Rainfall trends in twentieth century over Kerala) ഈ കാലഘട്ടത്തിൽ കേരളത്തിൽ ലഭിച്ച തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ (ഇടവപ്പാതി) ഗണ്യമായ ഇടിവ് സംഭവിച്ചതായും, വടക്ക് കിഴക്കൻ മൺസൂൺ മഴയിലും (തുലാവർഷം), വേനൽ മഴയിലും ശ്രദ്ധേയമായ വർദ്ധനവ് സംഭവിച്ചതായും കണ്ടെത്തുകയുണ്ടായി. കഴിഞ്ഞ 60 വർഷത്തിനിടയിൽ കേരളത്തിൽ തെക്ക് പടിഞ്ഞാറൻ മൺസൂൺ നേരത്തെ എത്തുന്നതായും, മഴയുടെ അളവിൽ കുറവ് അനുഭവപെട്ടിട്ടുള്ളതായും ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിരീക്ഷിച്ചിട്ടുണ്ട്. 1901 മുതൽ കേരളത്തിലെ തെക്കുപടിഞ്ഞാറൻ മൺസൂൺ മഴയിൽ (ഇടവപ്പാതി) 12%വരെ കുറവുണ്ടായതായി പഠനങ്ങളുണ്ട്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ മഴയുടെ അളവിലും മഴയുള്ള ദിവസങ്ങളുടെ എണ്ണത്തിലും സംസ്ഥാനത്തുടനീളം കുറവുണ്ടായി. എന്നിരുന്നാലും, കഴിഞ്ഞ ഏതാനും വർഷങ്ങളിൽ മഴ ലഭിക്കുന്ന ദിവസങ്ങളിൽ മഴയുടെ തീവ്രതയിലുണ്ടായ വർദ്ധനവ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വ്യാപകമായ പ്രളയത്തിനും, ഉരുൾപൊട്ടലുകൾക്കും കാരണമായി.
കാലാവസ്ഥാ വ്യതിയാനവും മുതലാളിത്തവും
മൂന്നോളം പതിറ്റാണ്ടുകളായി കാലാവസ്ഥ വ്യതിയാനവും അനുബന്ധ പാരിസ്ഥിതിക ദുരന്തങ്ങളും ഏറെ പഠനങ്ങൾക്കും ചർച്ചകൾക്കും വിധേയമായിട്ടുള്ള ഒന്നാണ്. അത്തരം പഠനങ്ങളിൽ കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായുണ്ടാവുന്ന ദുരന്തങ്ങളെയോ അവയ്ക്കിരയാവുന്ന മനുഷ്യ വിഭാഗങ്ങളെയോ സംബന്ധിക്കുന്ന രാഷ്ട്രീയം ചർച്ചചെയ്യപ്പെട്ടത് അപൂർവ്വമായി മാത്രമാണ്. മുഖ്യധാരാ പഠനങ്ങളിൽ ഏറിയപങ്കും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടുണ്ടാവുന്ന പാരിസ്ഥിതിക ദുരന്തങ്ങൾ മൂല്യരഹിതമായ/നിഷ്പക്ഷമായ പ്രതിഭാസങ്ങളായാണ് അടയാളപ്പെടുത്തുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായുണ്ടാവുന്ന ദുരന്തങ്ങളെക്കുറിച്ച് ടെക്നോ സെൻട്രിക്കായി രേഖീയ വീക്ഷണത്തോടെയുള്ള പഠനങ്ങൾ, എല്ലാ മനുഷ്യരും കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട ദുരന്തങ്ങൾക്ക് തുല്യഅളവിൽ കാരണക്കാരാണെന്നും അതിന്റെ അനന്തരഫലങ്ങൾ എല്ലാ മനുഷ്യരെയും ഒരുപോലെയാണ് ബാധിക്കുന്നത് എന്നുമുള്ള ബോധനിർമ്മിതിയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അത്തരം പഠനങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിൽ സാധാരണ മനുഷ്യന്റെ ദൈനംദിന പ്രവർത്തനങ്ങളുടെ പങ്കിനെ പർവ്വതീകരിക്കുകയും ഭൗതിക പരിസ്ഥിതിയുടെ മലിനീകരണത്തിനും ചൂഷണത്തിനും പിന്നിൽ പ്രവർത്തിക്കുന്ന വിശാലമായ മുതലാളിത്ത രാഷ്ട്രീയ സമ്പദ്വ്യവസ്ഥയുടെ പങ്കിനെ ബോധപൂർവ്വം മറച്ചുപിടിക്കുകയും ചെയ്യുന്നു.
ആഗോളതാപനത്തിന്റെ ഫലമായി അറബിക്കടലിന്റെ ഉപരിതല ഊഷ്മാവ് വർദ്ധിച്ചതിന്റെ ഫലമായാണ് കേരളത്തിൽ ഇടയ്ക്കിടെ ചുഴലിക്കാറ്റുകളും അതിതീവ്രമഴയും ഉണ്ടാവുന്നത്. ഇത്തരം സംഭവങ്ങളുടെ എണ്ണത്തിലും തീവ്രതയിലുമുണ്ടാവുന്ന വർദ്ധനവ് പ്രളയം, ഉരുൾപൊട്ടൽ, തീരശോഷണം, കടലാക്രമണം തുടങ്ങിയ പ്രതിഭാസങ്ങൾക്ക് കാരണമാകുന്നു. ഹരിതഗൃഹ വാതകങ്ങളുടെ വർദ്ധിച്ചുവരുന്ന പുറംതള്ളലും അതിലെ അനീതിയും ചർച്ചചെയ്യാതെ ആഗോള കാലാവസ്ഥാ വ്യതിയാനത്തെയും അനുബന്ധ ദുരന്തങ്ങളെയും സംബന്ധിക്കുന്ന രാഷ്ട്രീയം മനസിലാക്കുക പ്രയാസമാണ്. 1880 മുതൽ അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളാൽ തടഞ്ഞുവെക്കപ്പെട്ട അധിക താപത്തിന്റെ 85 ശതമാനത്തിലധികം മുദ്രങ്ങളാണ് ആഗിരണം ചെയ്തിട്ടുള്ളത്. ഇത് സമുദ്രോപരിതല താപനില വർദ്ധിപ്പിക്കുന്നതിനും സമുദ്രനിരപ്പ് ഉയരുന്നതിനും കാരണമായി. ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളലും അതിന്റെ ഫലമായുണ്ടായ ആഗോളതാപനവും നിഷ്പക്ഷമായ ഒരു പ്രതിഭാസമായി വിലയിരുത്തുക സാധ്യമല്ല.
ആദിവാസികളും, ദളിതരും ദരിദ്രരും തോട്ടം തൊഴിലാളികളും മൽസ്യതൊഴിലാളികളുമൊക്കെയാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി വർധിച്ചുവരുന്ന പ്രകൃതി ദുരന്തങ്ങൾക്ക് ഏറ്റവും ഇരകളായിക്കൊണ്ടിരിക്കുന്നത്.
ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലിൽ വ്യക്തമായ അസന്തുലിതാവസ്ഥ / അസമത്വം നിലനിൽക്കുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടുവരെ ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളലിൽ യൂറോപ്പും അമേരിക്കയും ആധിപത്യം പുലർത്തിയിരുന്നു. ഏതാണ്ട് 90% ത്തിലധികവും ഹരിതഗൃഹ വാതകങ്ങൾ പുറംതള്ളയിരുന്നത് ഈ മേഖലയിൽനിന്നായിരുന്നു. 1950 ആയപ്പോഴേക്കും ഇത് 85 ശതമാനമായി കുറഞ്ഞു. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ലോകത്തിന്റെ മറ്റുഭാഗങ്ങളിലെ വ്യാവസായികമായി പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്ന ചൈനപോലുള്ള രാജ്യങ്ങളും ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലിൽ മുൻനിരയിലേക്ക് വരികയുണ്ടായി. 2018 ലെ കണക്കുകൾ പ്രകാരം ആസ്ത്രേലിയ, കാനഡ, അമേരിക്ക എന്നീ രാജ്യങ്ങളുടെ ആളോഹരി കാർബൺ ഫുട്പ്രിന്റ് 15 ടണ്ണിന് മുകളിലാണ്. ഇത് ആഗോള ശരാശരിയായ 4.8 ടണ്ണിനേക്കാൾ മൂന്നുമടങ്ങു കൂടുതലാണ്. 1751 മുതൽ ഏകദേശം 400 ബില്ല്യൺ ടൺ CO2 ആണ് അമേരിക്ക മാത്രം പുറത്തുവിട്ടിട്ടുള്ളത്. ഇത് ലോക ചരിത്രത്തിൽ മനുഷ്യൻ പുറംതള്ളിയ ആകെ CO2 വിന്റെ 25% ത്തോളംവരും എന്നാണ് കണക്ക്. മനുഷ്യരുടെ ഉപഭോഗം അവരുടെ വരുമാനവുമായി ബന്ധപ്പെട്ട ഒന്നാണ്. ഉയർന്ന വരുമാനവും ഉപഭോഗവും ഉയർന്ന തോതിലുള്ള CO2 പുറന്തള്ളലിന് കാരണമാവുന്നുണ്ട്. ഉയർന്ന വരുമാനമുള്ള കേവലം 16% ആളുകളുടെ ഉപഭോഗമാണ് ലോകത്തിലെ 46% വരുന്ന CO2 പുറന്തള്ളലിന് കാരണമാവുന്നത്. ഇടത്തരം വരുമാനക്കാരായ 75% ത്തോളം വരുന്ന മനുഷ്യരുടെ ഉപഭോഗം 53.6% CO2 പുറന്തള്ളലിന് കാരണമാകുന്നു. അതേസമയം 9% വരുന്ന ദരിദ്രരായ താഴ്ന്ന വരുമാനമുള്ള മനുഷ്യരുടെ ഉപഭോഗത്തിന്റെ ഫലമായി പുറംതള്ളപ്പെടുന്നത് വെറും .04 % CO2 മാത്രമാണ്.
വികസിത മുതലാളിത്ത രാജ്യങ്ങൾ നടത്തുന്ന വലിയതോതിലുള്ള ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലിന്റെ ഫലമായുണ്ടാവുന്ന ദുരന്തങ്ങൾ താരതമ്യേന ഉയർന്ന ജനസംഖ്യയും ജനസാന്ദ്രതയുമുള്ള മൂന്നാം ലോക രാജ്യങ്ങളിൽ ഉണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്. ഓക്‌സ്ഫാമിന്റെ റിപ്പോർട്ട് പ്രകാരം ഹരിത ഗൃഹ വാതകങ്ങളുടെ പുറന്തള്ളലിന്റെ ഫലമായി രൂപപ്പെടുന്ന ദുരന്തങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗം മനുഷ്യരെയും ഒരുപോലെയല്ല ബാധിക്കുന്നത്. 1990 മുതൽ 2015 വരെയുള്ള 25 വർഷങ്ങൾക്കിടയിൽ ലോകത്തിലെ അതിധനികരായ ഒരു ശതമാനം മനുഷ്യർ പുറംതള്ളിയ CO2 സാധാരണക്കാരായ 3.1 ബില്യൺ ആളുകൾ പുറന്തള്ളിയ CO2 വിനെക്കാൾ ഇരട്ടിയിലധികമാണ് (Confronting Carbon Inequality, 2020). യു.എൻ.ഡി.പി റിപ്പോർട്ട് പ്രകാരം കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ദുരന്തങ്ങൾ അനുഭവിക്കുന്നവരിൽ 99%വും മൂന്നാംലോകരാജ്യങ്ങളിൽ ജീവിക്കുന്ന ദരിദ്രരായ മനുഷ്യരാണ്, അവരാവട്ടെ ഏറ്റവും കുറഞ്ഞ കാർബൺ ഫുട്പ്രിന്റോടുകൂടിയവരുമാണ്. ഉയർന്ന തോതിൽ ഹരിതഗൃഹ വാതകങ്ങൾ പുറംതള്ളുന്ന വികസിതരാജ്യങ്ങളിലെ സമ്പന്നരായ മനുഷ്യർ ആഗോളതാപനത്തിന്റെ ഫലമായുണ്ടാവുന്ന ദുരന്തഫലങ്ങൾ കാര്യമായി അനുഭവിക്കേണ്ടിവരുന്നില്ല എന്നതാണ് വസ്തുത.
വർദ്ധിച്ചുവരുന്ന പ്രകൃതിദുരന്തങ്ങൾ
കേരളം നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന പ്രകൃതിദുരന്തങ്ങൾ അടിക്കടി രൂപപ്പെടുന്ന ചുഴലിക്കാറ്റുകളും, മൺസൂണിന്റെ തീവ്രതയിലുണ്ടാവുന്ന വ്യതിയാനത്തിന്റെ ഫലമായുള്ള പ്രളയങ്ങളും ഉരുൾപൊട്ടലുകളും കടലാക്രമണങ്ങളും തീരശോഷണവുമാണ്. 2017 മുതൽ 2021 മെയ് വരെയുള്ള കാലയളവിൽ അതിശക്തമായ രണ്ട് ചുഴലിക്കാറ്റുകളും രണ്ട് പ്രളയങ്ങളും നിരവധി ഉരുൾപൊട്ടലുകളുമാണ് കേരളം നേരിടേണ്ടിവന്നത്. ആയിരത്തോളം ആളുകളുടെ മരണത്തിനിടയാക്കിയ ഇത്തരം ദുരന്തങ്ങൾ ഇത്രയടുത്ത ഇടവേളകളിൽ കേരളത്തിന്റെ ചരിത്രത്തിൽ മുമ്പുണ്ടായിട്ടില്ല. കേരള ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആദ്യ ഉരുൾപൊട്ടൽ നടന്നത് 1882 ഒക്ടോബർ നാലിന് കോട്ടയം ജില്ലയിലെ മേലടുക്കം എന്ന സ്ഥലത്താണ്. 2018 ൽ 12 ജില്ലകളിൽ ആയിരത്തിൽപരം ചെറുതും വലുതുമായ ഉരുൾപൊട്ടലുണ്ടായി എന്നാണ് കണക്ക്. റവന്യുവകുപ്പിന്റെ കണക്കനുസരിച്ച് 331 ഉരുൾപൊട്ടലുകളാണ് റവന്യുഭൂമിയിൽ മാത്രം ഉണ്ടായത്. കേരള ദുരന്ത നിവാരണ അതോറിറ്റി (KDMA) സർക്കാറിന് സമർപ്പിച്ച കണക്കുപ്രകാരം 104 മനുഷ്യരുടെ ജീവൻ നഷ്ടപ്പെടുന്നതിനും ആയിരക്കണക്കിന് കുടുംബങ്ങളുടെ കിടപ്പാടവും ജീവനോപാധികളും നഷ്ടമാവുന്നതിനും 2018 ൽ കേരളത്തിൽ നടന്ന ഉരുൾപൊട്ടലുകൾ കാരണമായി. 2019ൽ മലപ്പുറം ജില്ലയിലെ കവളപ്പാറയിലും വയനാട് ജില്ലയിലെ പുത്തുമലയിലും 2020ൽ ഇടുക്കി ജില്ലയിലെ പെട്ടിമുടിയിലും ഉണ്ടായ ഉരുൾപൊട്ടലുകൾ വലിയ നാശനഷ്ടമുണ്ടാക്കി. ഈ ഉരുൾപൊട്ടലുകളെല്ലാം കേരള ചരിത്രത്തിലെ ഏറ്റവും ശക്തിയേറിയതും നാശം വിതച്ചതുമായ ഉരുൾപൊട്ടലുകളായിരുന്നു.
ഔദ്യോഗികമായി രേഖപ്പെടുത്തപ്പെട്ട കേരളത്തിലെ ആദ്യ പ്രളയം 1881 ലാണ്. കേരളത്തിൽ കാലവർഷത്തിന്റെ ഫലമായുണ്ടാവുന്ന പ്രളയങ്ങൾ അടുത്തകാലംവരെ പ്രാദേശിക പ്രതിഭാസങ്ങളായിരുന്നു. എന്നാൽ 2018, 2019 വർഷങ്ങളിൽ തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ തീവ്രതയിലും ക്രമത്തിലും വന്ന മാറ്റങ്ങളുടെ ഫലമായി സംസ്ഥാനത്ത് വ്യാപകമായി പ്രളയം അനുഭവപ്പെട്ടു. 2018 ആഗസ്റ്റ് ഒന്നിനും 30 നും ഇടയിൽ സംസ്ഥാനത്ത് ഏകദേശം 96% അധിക മഴ ലഭിച്ചു. കേന്ദ്ര ജല കമ്മീഷന്റെ കണക്കനുസരിച്ച് കേരളത്തിൽ ആഗസ്റ്റ് 15 മുതൽ 17 വരെ ലഭിച്ച മഴയുടെ അളവ് 414 മില്ലീമീറ്ററായിരുന്നു. ഈ പ്രളയത്തിൽ സംസ്ഥാനത്ത് 59345.37 ഹെക്ടറിൽ കൃഷിനാശമുണ്ടായി. പല പ്രദേശങ്ങളും രണ്ടാഴ്ചയിലേറെയായി വെള്ളത്തിനടിയിലായിരുന്നു. ഔദ്യോഗിക റിപ്പോർട്ടുപ്രകാരം ഈ പ്രളയത്തിൽ 339 പേർ മരിക്കുകയും 21 പേരെ കാണാതാവുകയും ചെയ്തു. 2019 ആഗസ്റ്റിലും സംസ്ഥാനമാകെ അതിശക്തമായ പ്രളയക്കെടുതിയിലായി, തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ രണ്ടാം സ്‌പെല്ലിൽ ലഭിച്ച അതിശക്തമായ മഴയായിരുന്നു ഇതിനുകാരണം. ഈ പ്രളയത്തിൽ 121 ജീവൻ നഷ്ടപ്പെടുകയും, രണ്ടായിരത്തോളം വീടുകൾ തകരുകയും ചെയ്തു. പ്രളയം സംസ്ഥാനത്തൊട്ടാകെ രണ്ടു ലക്ഷത്തിലധികം ആളുകളെ നേരിട്ട് ബാധിച്ചു എന്നാണ് കണക്ക്.
കേരളത്തിലെ ദരിദ്രരിൽ വലിയൊരു പങ്ക് അധിവസിക്കുന്നത് തീരപ്രദേശങ്ങൾ, കുന്നിൻ ചരിവുകൾ, താഴ്ന്നതും വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ തുടങ്ങിയ പ്രദേശങ്ങളിലാണ്. അത്തരം പ്രദേശങ്ങളിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടലുകൾ, മണ്ണിടിച്ചിൽ, ചുഴലിക്കാറ്റുകൾ എന്നിവക്ക് സാധ്യത ഏറെയാണ്.
ഇന്ത്യയുടെ തീരദേശമേഖലയിൽ ന്യൂനമർദ്ദങ്ങളും ചുഴലിക്കാറ്റുകളും പുതിയ പ്രതിഭാസങ്ങളല്ല. എന്നാൽ 2017 വരെ കേരളത്തിന് ശക്തമായ ചുഴലിക്കാറ്റുകൾ അത്ര പരിചിതമായിരുന്നില്ല. തെക്കുപടിഞ്ഞാറൻ മൺസൂണിനു മുൻപും ശേഷവും അറബിക്കടലിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റുകളുടെ തീവ്രതയിലും, എണ്ണത്തിലും ഉണ്ടാവുന്ന വർദ്ധനവ് സമുദ്ര താപനിലയിലെ വർദ്ധനവിന്റെ ഫലമാണെന്ന് ഇന്റർ-ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (IPCC) റിപ്പോർട്ട് സൂചിപ്പിക്കുന്നു. 1995 മുതൽ ആഗോളതാപനത്തിന്റെ ഫലമായി അറബിക്കടലിൽ ഒരു പ്രാദേശിക കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെടുന്നതായി പഠനങ്ങളുണ്ട്. ഈ പ്രാദേശിക കാലാവസ്ഥാ വ്യതിയാനം അറബിക്കടലിലെ അതിതീവ്രചുഴലിക്കാറ്റുകളുടെ എണ്ണത്തിൽ അഞ്ചിരട്ടിയിലധികം വർദ്ധനവ് ഉണ്ടാക്കുവാനും, മൺസൂൺ കാലത്തു ലഭിക്കുന്ന മഴയുടെ അളവിൽ കുറവുണ്ടാക്കുവാനും കാരണമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 2017 നവംബർ, ഡിസംബർ മാസങ്ങളിലാണ് കേരളത്തിന്റെ ചരിത്രത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്തത്ര ശക്തമായ ചുഴലിക്കാറ്റ് കേരളത്തിന്റെ തീരദേശ ജില്ലകളിൽ ആഞ്ഞടിക്കുന്നത്. കേരളത്തിലെ എട്ട് തീരദേശ ജില്ലകളിൽ ഓഖി നാശം വിതച്ചു. കേരളത്തിലെത്തുന്ന മറ്റ് ദുർബല ചുഴലിക്കാറ്റുകളെ അപേക്ഷിച്ച് ഓഖി വളരെ പെട്ടെന്ന് ശക്തിപ്രാപിക്കുകയും ഏറെനേരം സജീവമായി തുടരുകയും ചെയ്തു. നവംബർ 29 മുതൽ ഡിസംബർ ഒന്നുവരെയുള്ള ദിവസങ്ങളിൽ കേരളത്തിലാകമാനം ശക്തമായ മഴയ്ക്ക് ഓഖി കാരണമായി.
ആരാണ് ബാധിതർ?
എല്ലാ ദുരന്തങ്ങളും സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നിൽക്കുന്ന മനുഷ്യരെ കൂടുതൽ ബാധിക്കുന്നു എന്നത് പൊതുവെ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. എന്നാൽ, കാലാവസ്ഥാ വ്യതിയാനത്തെയോ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായുണ്ടാവുന്ന ദുരന്തങ്ങളെയോ കുറിച്ചുള്ള വ്യവഹാരങ്ങളിൽ ഇത്തരം വസ്തുതകൾ ബോധപൂർവമായി മറച്ചുവെക്കപ്പെടുകയാണ് ചെയ്യുന്നത്. ഒരുപക്ഷേ ആഗോള താപനത്തിലോ ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളലിലോ കാലാവസ്ഥാ വ്യതിയാനത്തിലോ അടയാളപ്പെടുത്താനാവുന്ന ചെറു പങ്കുപോലും ചൂണ്ടിക്കാണിക്കാനില്ലാത്ത ആദിവാസികളും, ദളിതരും ദരിദ്രരും തോട്ടം തൊഴിലാളികളും മൽസ്യതൊഴിലാളികളുമൊക്കെയാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി വർധിച്ചുവരുന്ന പ്രകൃതി ദുരന്തങ്ങൾക്ക് ഏറ്റവും ഇരകളായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞകാലങ്ങളിൽ കേരളം നേരിട്ട പ്രകൃതിദുരന്തങ്ങളിൽ ജീവനും ജീവനോപാധികൾക്കും സംഭവിച്ച നഷ്ടങ്ങൾ വിശകലനം ചെയ്യുന്നതിൽനിന്നും ഇത് വ്യക്തമാവും.
വാർത്താ റിപ്പോർട്ടുകളിൽ നിന്ന് ശേഖരിച്ച സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത്, 2013 മുതൽ 2020 ഒക്ടോബർ വരെ സംസ്ഥാനത്ത് ചുഴലിക്കാറ്റുകൾ, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങളിൽ 1267 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ലക്ഷക്കണക്കിനുപേർക്ക് പാർപ്പിടവും ജീവനോപാധികളും നഷ്ടപ്പെടുകയും ചെയ്തു എന്നാണ്. എല്ലാ ദുരന്തങ്ങളെയും സംബന്ധിച്ച ഏറ്റവും പ്രധാന വസ്തുത സമൂഹത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന മനുഷ്യരാണ് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടിട്ടുള്ളത് എന്നതാണ്. 2017ലെ ഓഖി ചുഴലിക്കാറ്റിൽ 143 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 50ഓളം വീടുകൾ പൂർണമായും 700ഓളം വീടുകൾ ഭാഗികമായും നശിക്കുകയുമുണ്ടായി. തിരുവനന്തപുരം ജില്ലയിലെ പൂന്തുറ, വിഴഞ്ഞം എന്നീ മത്സ്യബന്ധന ഗ്രാമങ്ങളിൽ ചുഴലിക്കാറ്റിന്റെ ആഘാതം വളരെ വലുതായിരുന്നു. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ മരണങ്ങളിൽ പകുതിയോളം ഈ രണ്ട് ഗ്രാമങ്ങളിൽനിന്നുള്ളവരായിരുന്നു. പൂന്തുറയിൽ നിന്ന് 35ഉം വിഴിഞ്ഞത്തുനിന്ന് 37ഉം മൽസ്യത്തൊഴിലാളികൾക്കാണ് ഓഖിയിൽ ജീവൻ നഷ്ടമായത്. ദുരിതബാധിതരായ 530 ലധികം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഇവരെല്ലാം സമൂഹത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന മുക്കുവരുൾപ്പെടുന്ന തീരദേശവാസികളായിരുന്നു. 2021 മെയിൽ അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടോ ചുഴലിക്കാറ്റും സാരമായി ബാധിച്ചത് തീരദേശവാസികളെയാണ്. കടലാക്രമണത്തിൽ ആയിരക്കണക്കിന് വീടുകൾ തകരുകയും 1700ലധികം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. കേരളത്തിലെ മുഴുവൻ തീരദേശ ജില്ലകളിലും മലയോര പ്രദേശങ്ങളിലും വലിയതോതിലുള്ള നാശനഷ്ടങ്ങൾ വരുത്തിക്കൊണ്ടാണ് ടൗട്ടെ ചുഴലിക്കാറ്റ് കടന്നുപോയത്.
2019 ൽ മലപ്പുറം ജില്ലയിലെ കവളപ്പാറയിലുണ്ടായ ഉരുൾപൊട്ടൽ 59 പേരുടെ ജീവൻ അപഹരിച്ചു. അതിൽ 14 പേർ പണിയ സമുദായത്തിൽപ്പെട്ട ആദിവാസികളും ബാക്കിയുള്ളവർ 3- 10 സെന്റുവരെ മാത്രം ഭൂമി കൈവശമുള്ള കർഷക തൊഴിലാളികളുമായിരുന്നു. മണ്ണിടിച്ചിലിൽ 44 വീടുകൾ പൂർണമായും നശിക്കുകയും 96 പേർ ഭവനരഹിതരാവുകയും ആയിരത്തിലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപർപ്പിക്കുകയും ചെയ്തു. മുത്തപ്പൻ കുന്നിൻ ചരുവിൽ താമസിച്ചിരുന്ന ദരിദ്രരും പാർശ്വവൽകൃതരുമായ മനുഷ്യരാണ് ആ ദുരന്തത്തിന്റെ ഇരകളായത്. അതേ മാസത്തിൽത്തന്നെ വയനാട് ജില്ലയിലെ പുത്തുമലയിൽ നടന്ന ഉരുൾപൊട്ടലിൽ 17 പേർക്ക് ജീവൻ നഷ്ടമായി. 57 വീടുകൾ പൂർണമായും 40 വീടുകൾ ഭാഗികമായും നശിച്ചു. ഇരകളിൽ ഭൂരിഭാഗവും തേയിലത്തോട്ടങ്ങളിലെ ദരിദ്ര തൊഴിലാളി കുടുംബങ്ങളിൽനിന്നുള്ളവരായിരുന്നു. തോട്ടം തൊഴിലാളികൾ താമസിച്ചിരുന്ന ലായങ്ങൾ പൂർണമായും മണ്ണിൽ പുതഞ്ഞു. ഒരു വർഷത്തിനുശേഷം 2020 ആഗസ്റ്റിൽ ഇടുക്കി ജില്ലയിലെ പെട്ടിമുടി ഉരുൾപൊട്ടൽ 70 പേരുടെ ജീവൻ അപഹരിച്ചു, 55 മൃതദേഹങ്ങൾ കണ്ടെടുത്തു, 15 പേരെ കാണാതായി. 20ഓളം കുടുംബങ്ങൾ താമസിച്ചിരുന്ന ലായം ഉരുൾപൊട്ടലിൽ പൂർണമായും നശിച്ചില്ലാതായി. ആ ഉരുൾപൊട്ടലിലും മരിച്ചവരും കിടപ്പാടം നഷ്ടപ്പെട്ടവരും തോട്ടംതൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളുമായിരുന്നു.
കേരളത്തിൽ ഏറ്റവും ജലക്ഷാമം അനുഭവിക്കുന്ന വിഭാഗങ്ങളാണ് ആദിവാസികളും ദളിതരും മൽസ്യതൊഴിലാളികളും തോട്ടം തൊഴിലാളികളും
സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നിൽക്കുന്ന ഇത്തരം വിഭാഗങ്ങളുടെ അധിവാസ പ്രദേശങ്ങൾ നേരിടുന്ന സ്പേഷ്യൽ ഇൻജസ്റ്റിസ് ഇവർ കൂടുതലായി പ്രകൃതി ദുരന്തങ്ങൾക്ക് ഇരയാവാനുള്ള അടിസ്ഥാന കാരണങ്ങളിൽ ഒന്നാണ്. കേരളത്തിലെ ദരിദ്രരിൽ വലിയൊരു പങ്ക് പ്രധാനമായും അധിവസിക്കുന്നത് തീരപ്രദേശങ്ങൾ, കുന്നിൻ ചരിവുകൾ, താഴ്ന്നതും വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ തുടങ്ങിയ വിഭവ- ദരിദ്രമോ, പാരിസ്ഥിതിക ലോലമോ ആയ പ്രദേശങ്ങളിലാണ്. അത്തരം പ്രദേശങ്ങളിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടലുകൾ, മണ്ണിടിച്ചിൽ, ചുഴലിക്കാറ്റുകൾ എന്നിവക്ക് സാധ്യത ഏറെയാണ്. കേരളത്തിൽ ദളിതരും, ദരിദ്രരുമായ ആളുകൾ അധിവസിക്കുന്ന കോളനികളുടെ പേരുകളോടു ചേർന്ന ‘കുന്ന്', ‘പുറം', ‘മുകൾ', ‘കുണ്ട്', ‘കുഴി', ‘പാടം', ‘കുളം' പോലുള്ള വാക്കുകൾ ഇത്തരം കോളനികളുടെ സ്ഥാനീയമായ സവിശേഷതയെ അടയാളപ്പെടുത്തുന്നവയാണ്. ജലലഭ്യതയോ വേണ്ടത്ര ഗതാഗത സൗകര്യമോ ഇല്ലാത്ത ഉയർന്ന പ്രദേശങ്ങളിലോ, ഉരുൾപൊട്ടൽ സാധ്യത ഏറെയുള്ള മലഞ്ചരിവുകളിലോ അല്ലെങ്കിൽ ചതുപ്പുകളിലോ വെള്ളക്കെട്ടുകളിലോ ആണ് ഇത്തരം കോളനികളിൽ വലിയൊരു ശതമാനവും സ്ഥിതിചെയ്യുന്നത്. അതുപോലെ, കേരളത്തിൽ ഏറ്റവും ജലക്ഷാമം അനുഭവിക്കുന്ന വിഭാഗങ്ങളാണ് ആദിവാസികളും ദളിതരും മൽസ്യതൊഴിലാളികളും തോട്ടം തൊഴിലാളികളും. ഇവരുടെ ഭൂരിപക്ഷം അധിവാസകേന്ദ്രങ്ങളിലും പ്രവർത്തനക്ഷമമായ ശുദ്ധജല വിതരണ സംവിധാനം ലഭ്യമല്ല. സ്ഥലപരവും സാമ്പത്തികവുമായ പരിമിതികളോടൊപ്പം പ്രതികൂലമായ ഭൂമിശാസ്ത്ര സവിശേഷതകളും ഇതിന് കാരണമാണ്.
പിന്നാക്ക വിഭാഗങ്ങളുടെ വാസസ്ഥലങ്ങളുമായി ബന്ധപ്പെട്ട ഈ അനീതികൾ വളരെ പെട്ടെന്ന് രൂപപ്പെട്ട ഒന്നല്ല. മറിച്ച്, കേരളത്തിന്റെ ചരിത്രത്തെ പലനിലകളിൽ രൂപപ്പെടുത്തിയ വിവിധ ഉൽപാദന വ്യവസ്ഥകളുടെ പ്രവർത്തന ഫലമായി രൂപപ്പെട്ടുവന്നവയാണവ. നാടുവാഴിത്തം കോളനീകരണം മുതലാളിത്തം എന്നിങ്ങനെ വിവിധതരം ഉൽപാദനവ്യവസ്ഥകൾക്ക് കേരളം സാക്ഷ്യം വഹിച്ചു. ഈ ഉൽപാദന വ്യവസ്ഥകളെല്ലാം സമൂഹത്തിലെ ദരിദ്ര ജനസമൂഹത്തിന്റെ സ്പേഷ്യലായ പാർശ്വവത്കരണത്തിന് പലതരത്തിൽ കാരണമായി. നാടുവാഴിത്തം മുതൽ നവലിബറൽ മുതലാളിത്തം വരെയുള്ള ഓരോ ഉൽപാദനവ്യവസ്ഥയിലും സാമൂഹ്യ- സാമ്പത്തിക പ്രമാണിത്വം നടത്തിയ വിഭവചൂഷണങ്ങളാണ് ചരിത്രത്തിൽ എല്ലാ കാലത്തും കേരളത്തിൽ ഇത്തരം അനീതികൾ ഉയർന്നുവരാൻ പ്രധാന കാരണമായി വർത്തിച്ചിട്ടുള്ളത്. ഇന്നും സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന മനുഷ്യരുടെ പുനരധിവാസ പദ്ധതികളിൽ പല നിലകളിൽ സ്പേഷ്യൽ ഇൻജസ്റ്റിസ് തുടർന്നു കൊണ്ടിരിക്കുകയാണ്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ സ്പേഷ്യൽ ജസ്റ്റിസുമായി ബന്ധപ്പെട്ട വിപുലമായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാങ്കേതികവിദ്യാ കേന്ദ്രീകൃതമായ നിർദ്ദേശങ്ങൾകൊണ്ടുമാത്രം കഴിയണമെന്നില്ല.
കേരളത്തിൽ വർഗത്തിന്റെയും ജാതിയുടെയും ലിംഗത്തിന്റെയുമെല്ലാം അടിസ്ഥാനത്തിൽ രൂപപ്പെട്ടുവന്ന ഈ സ്പേഷ്യൽ ഇൻജസ്റ്റിസ് സമൂഹത്തിലെ പാർശ്വവൽകൃതരെ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ദുരന്തങ്ങളിലേക്ക് കൂടുതൽ തള്ളിവിടുന്നതിന് കാരണമായിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ സ്പേഷ്യൽ ജസ്റ്റിസുമായി ബന്ധപ്പെട്ട വിപുലമായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാങ്കേതികവിദ്യാ കേന്ദ്രീകൃതമായ നിർദ്ദേശങ്ങൾകൊണ്ടുമാത്രം കഴിയണമെന്നില്ല. അതോടൊപ്പം നിലനിൽക്കുന്ന രാഷ്ട്രീയ- സമ്പദ്വ്യവസ്ഥയിൽ അന്തർലീനമായ അനീതിയുടെ വിശകലനവും അത്തരം അനീതികൾ കുറച്ചുകൊണ്ടുള്ള ബദലുകൾ രൂപപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും ആവശ്യമായ നിർദ്ദേശങ്ങളും മുന്നോട്ടുവെക്കേണ്ടതുണ്ട്. അങ്ങനെയെങ്കിൽ മാത്രമേ ഈ തലമുറക്ക് നീതിയുക്തമായ വിഭവലഭ്യതയും പ്രകൃതി ദുരന്തങ്ങളിൽനിന്ന് സംരക്ഷണവും ഉറപ്പുവരുത്തി അടുത്ത തലമുറയെക്കൂടി ഉൾകൊള്ളുന്ന സുസ്ഥിര വികസനം എന്ന വിശാല ലക്ഷ്യത്തിലേക്ക് നമുക്ക് ചുവടുവയ്ക്കാൻ സാധിക്കൂ. ▮