പരിസ്ഥിതിസൗഹൃദ വികസനത്തിലേക്കുള്ള ദൂരം

ആഗോളതലത്തിൽ ജൂൺ-5 പരിസ്ഥിതിദിനമായി ആചരിക്കുന്നുണ്ടെങ്കിലും, പരിസ്ഥിതി സൗഹൃദ വികസനമാതൃകകൾ ഭരണകൂടങ്ങളുടെ നയരൂപീകരണങ്ങളിൽനിന്ന് ഇപ്പോഴും പുറത്തുതന്നെയാണ്. മൂലധനോൻമുഖ പാരിസ്ഥിതികത വികസനത്തെ ഹൈജാക്ക് ചെയ്യുകയാണ്- സകരിയ എം.കെ. പാലത്തുങ്കര എഴുതുന്നു.

കാലാന്തരത്തിൽ രൂപപ്പെട്ട ലോലമായ പരിസ്ഥിതി സന്തുലനത്തെ ദുർഘടപാതയിലേക്ക് നയിക്കുന്നത് ആർത്തിമൂത്ത മുതലാളിത്തമാണ്. വികസനത്തിന്റെ ഉപരിപ്ലവമായ ആഖ്യാനത്തിലൂടെ ആവാസ വ്യവസ്ഥയുടെ ആന്തരികഘടനകളെ ഇല്ലായ്മ ചെയ്യുന്ന നിയമനടപടികൾ ഉണ്ടാകുന്നത് ഭരണകർത്താക്കളുടെ ഒക്കച്ചങ്ങായിമാരായ കോർപറേറ്റ് ഭീമന്മാരുടെ താല്പര്യം സംരക്ഷിക്കാനാണ്.

ശാസ്ത്രീയമായ ആധികാരിക പഠനങ്ങളായിരിക്കണം പുതിയ വികസന പദ്ധതികളുടെ അടിത്തറ. ആ പഠനങ്ങൾ നിക്ഷിപ്ത താല്പര്യങ്ങൾക്കുവേണ്ടി ഹൈജാക്ക് ചെയ്യപ്പെടാതിരിക്കുകയും വേണം. ആധികാരികമല്ലാത്ത പഠനങ്ങൾ മുൻനിർത്തി നടപ്പിലാക്കുന്ന പദ്ധതികൾ പാരിസ്ഥിതികമായ വലിയ പ്രത്യാഘാതങ്ങൾക്കാണ് വഴിയൊരുക്കുന്നത്.

കാല്പനിക പാരിസ്ഥിതികത എന്ന അരാഷ്ട്രീയതയ്ക്കും മൂലധനോൻമുഖ പാരിസ്ഥിതികത എന്ന അതിക്രമത്തിനും മധ്യേ പരിസ്ഥിതി സൗഹൃദ വികസനമാതൃകകളാണ് രൂപം കൊള്ളേണ്ടത്. നവ ഉദാരവാദത്തിന്റെയും ആഗോളവൽക്കരണത്തിന്റെയും ശക്തമായ കടന്നു കയറ്റം പാരിസ്ഥിതികമേഖലയെ അനിയന്ത്രിതമായ ഉപഭോഗവസ്തുവാക്കി മാറ്റുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.

മൂലധനോൻമുഖ പാരിസ്ഥിതികതയ്ക്ക് കൂടുതൽ അപ്രമാദിത്യം കൈവരുന്നതായി കാണാം. കേന്ദ്ര സർക്കാർ നടപ്പിലാക്കാനുദ്ദേശിക്കുന്ന ഹോളിസ്റ്റിക് ഡെവലപ്മെന്റ് ഓഫ് ഗ്രേറ്റ്‌ നിക്കോബാർ ഐലന്റ് സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ വലിയതാണ്. ഗ്രേറ്റ്‌ നിക്കോബാർ ദ്വീപ് സവിശേഷമായ ഭൂ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. 2004-ലെ ഇന്ത്യൻ മഹാസമുദ്രത്തിലെ സുനാമി ഈ മേഖലയിൽ വലിയ മാറ്റം വരുത്തിയിരുന്നു. ഭൂകമ്പത്തെത്തുടർന്ന് ദ്വീപിൻ്റെ പല ഭാഗങ്ങളും സമുദ്രനിരപ്പിന് താഴേക്ക് പോയി. അതിതീവ്രമായ ഭൂകമ്പ സാധ്യതയുള്ള (Seismically volatile) മേഖലയിലാണ് 81,000 കോടി രൂപ വരെ ചെലവ് പ്രതീക്ഷിക്കാവുന്ന പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. അതുകൊണ്ടുതന്നെ പാരിസ്ഥിതിക വിദഗ്ധർ ഇതിനെ വലിയ അപകടസൂചനയായി കാണുന്നു. പ്രകൃതിദത്തമായ കണ്ടൽക്കാടുകളും പവിഴപ്പുറ്റുകളും സുനാമി പോലുള്ള ദുരന്തങ്ങളിൽനിന്ന് ദ്വീപിനെ സംരക്ഷിച്ചിരുന്നവയാണ്. ഈ പ്രോജക്ട് നടപ്പിൽ വരുന്നതോടെ 8.5 ലക്ഷം മരങ്ങൾ മുറിച്ചുമാറ്റേണ്ടി വരുമെന്നും കണ്ടൽക്കാടുകൾക്കും പവിഴപ്പുറ്റുകൾക്കും ഭീകരമായ നാശനഷ്ടങ്ങൾ സംഭവിക്കുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.

കേന്ദ്ര സർക്കാർ നടപ്പിലാക്കാനുദ്ദേശിക്കുന്ന ഹോളിസ്റ്റിക് ഡെവലപ്മെന്റ് ഓഫ് ഗ്രേറ്റ്‌ നിക്കോബാർ ഐലന്റ് സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ വലിയതാണ്.
കേന്ദ്ര സർക്കാർ നടപ്പിലാക്കാനുദ്ദേശിക്കുന്ന ഹോളിസ്റ്റിക് ഡെവലപ്മെന്റ് ഓഫ് ഗ്രേറ്റ്‌ നിക്കോബാർ ഐലന്റ് സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ വലിയതാണ്.

ഇന്ത്യയുടെ ട്രാൻസ്ഷിപ്പ്മെന്റ് മേഖലയിൽ കൂടുതൽ ലാഭം കൊയ്യാനും ചൈനയുടെ ഗതാഗതമേഖലക്ക് വിലങ്ങുതടിയാവുക എന്ന ലക്ഷ്യത്തോടുകൂടിയും നിർമിക്കുന്ന അന്താരാഷ്ട്ര കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് തുറുമുഖം, വിമാനത്താവളം, ടൗൺ ഷിപ്പ്, പവർ പ്ലാന്റുകൾ തുടങ്ങിയവ മരങ്ങൾ, പവിഴപ്പുറ്റുകൾ തുടങ്ങിയവയെ മാത്രമല്ല ബാധിക്കുന്നത്. മറിച്ച്, പരമ്പരാഗത ഗോത്ര വിഭാഗങ്ങളായ ഷോംപെൻ, നിക്കോബാറി എന്നിവരുടെ നിലനിൽപ്പിനെതന്നെ ഗുരുതരമായി ബാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഇവർ വേട്ടയാടി ജീവിക്കുന്നവരായതുകൊണ്ടും ആധുനിക ജീവിതഘടനകളോട് പൊരുത്തപ്പെടാത്ത ജീവിത സാഹചര്യമായതുകൊണ്ടും അവർക്ക് പുനരധിവാസം നടപ്പിലാക്കിയാലും താരതമ്യേനെ പ്രതിരോധശേഷി കുറവായതുകൊണ്ട് രോഗങ്ങൾ ഇവരെ പെട്ടെന്ന് പിടികൂടുമെന്ന ആശങ്കയുമുണ്ട്.

ഉത്തരേന്ത്യൻ മേഖലയെ മരുഭൂമിവൽക്കരണത്തിൽ നിന്ന് തടയുന്ന ആരവല്ലി മലനിരകളുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി പിന്നീട് മരവിപ്പിച്ചെങ്കിലും വിചിത്രമായിരുന്നു. സമതലത്തിൽനിന്ന് 100 മീറ്റർ ഉയരത്തിലുള്ള പ്രദേശങ്ങളും 500 മീറ്റർ പരിധിക്കകത്ത് രണ്ടോ അതിലധികമോ വരുന്ന കുന്നുകളെയും മാത്രമായിരിക്കും ആരവല്ലിയായി പരിഗണിക്കുക എന്നായിരുന്നു വിധി. ഇങ്ങനെ വരുമ്പോൾ ആരവല്ലി മലനിരകളുടെ 90 ശതമാനവും സംരക്ഷിതമേഖലയിൽ നിന്ന് പുറത്തായിരിക്കും. അതിലൂടെ കോർപറേറ്റ് ഭീമൻമാർക്ക് അനായാസം ഖനനം നടത്താൻ സാധിക്കുന്ന സ്ഥിതിയുണ്ടാകും. മാത്രമല്ല, അവിടങ്ങളിൽ വസിക്കുന്ന അനേകായിരം മനുഷ്യരുടെ നിലനിൽപ്പിനെയും ചോദ്യം ചെയ്യുന്നു.

ജെൻ-സിയുടെയും പാരിസ്ഥിതിക പ്രവർത്തകരുടെയും ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഈ വിധി മരവിപ്പിച്ചിരിക്കുകയാണ്. സമാനതകളില്ലാത്ത പാരിസ്ഥിതിക പ്രതിസന്ധികൾ സൃഷ്ടിക്കുന്ന ഇത്തരം നടപടികളിലേക്ക് പരമോന്നത നീതിപീഠത്തെ വരെ പ്രേരിപ്പിക്കുന്നതിനു പിന്നിലെ യുക്തിയെയാണ് ചോദ്യം ചെയ്യേണ്ടത്.

സമാനമാണ് ടൂറിസം വികസനത്തിന്റെ പേരിൽ നടക്കുന്ന അധിനിവേശം. കാലങ്ങളായി കാടുകളിൽ താമസിച്ചുപോരുന്ന ഗോത്രമനുഷ്യരുടെ ആവാസവ്യവസ്ഥയിലേക്ക് നുഴഞ്ഞുകയറുകയും വിനോദസഞ്ചാരികളുടെ ആത്മഹർഷത്തിനും റിസോർട്ട് മുതലാളിമാരുടെ സാമ്പത്തിക ലാഭത്തിനും വേണ്ടി, ആ മനുഷ്യരുടെ ജീവിക്കാനുള്ള സ്വാതന്ത്ര്യത്തെയാണ് കവർന്നെടുക്കുന്നത്.

ഉത്തരേന്ത്യൻ മേഖലയെ മരുഭൂമിവൽക്കരണത്തിൽ നിന്ന് തടയുന്ന ആരവല്ലി മലനിരകളുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി പിന്നീട് മരവിപ്പിച്ചെങ്കിലും വിചിത്രമായിരുന്നു. സമതലത്തിൽനിന്ന് 100 മീറ്റർ ഉയരത്തിലുള്ള പ്രദേശങ്ങളും 500 മീറ്റർ പരിധിക്കകത്ത് രണ്ടോ അതിലധികമോ വരുന്ന കുന്നുകളെയും മാത്രമായിരിക്കും ആരവല്ലിയായി പരിഗണിക്കുക എന്നായിരുന്നു വിധി.
ഉത്തരേന്ത്യൻ മേഖലയെ മരുഭൂമിവൽക്കരണത്തിൽ നിന്ന് തടയുന്ന ആരവല്ലി മലനിരകളുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി പിന്നീട് മരവിപ്പിച്ചെങ്കിലും വിചിത്രമായിരുന്നു. സമതലത്തിൽനിന്ന് 100 മീറ്റർ ഉയരത്തിലുള്ള പ്രദേശങ്ങളും 500 മീറ്റർ പരിധിക്കകത്ത് രണ്ടോ അതിലധികമോ വരുന്ന കുന്നുകളെയും മാത്രമായിരിക്കും ആരവല്ലിയായി പരിഗണിക്കുക എന്നായിരുന്നു വിധി.

ഇക്കോ ടൂറിസം (പരിസ്ഥിതി സൗഹൃദ ടൂറിസം) എന്ന പേരിൽ ഗോത്രസമൂഹങ്ങളെ അവരുടെ ഭൂമിയിൽനിന്ന് പിഴുതെറിയുന്ന പ്രവണത സജീവമാണ്. ടൂറിസം മന്ത്രാലയം ഇക്കോ ടൂറിസത്തെ “പരിസ്ഥിതി സംരക്ഷിക്കുകയും പ്രാദേശിക ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ക്രിയാത്മക പദ്ധതിയായാണ് വ്യാഖ്യാനിക്കുന്നത്. പക്ഷേ, ഇത് വാസ്തവവിരുദ്ധമാണെന്ന് ബോധ്യപ്പെടും.

മിക്ക ഇക്കോ ടൂറിസം പദ്ധതികളും ഭരണഘടനയിലെ അഞ്ച്, ആറ് ഷെഡ്യൂളുകൾക്കു കീഴിലുള്ള (ആദിവാസി സംരക്ഷിത) പ്രദേശങ്ങളിലാണ് നടപ്പാക്കുന്നത്. ഈ പ്രദേശങ്ങൾ പലപ്പോഴും അനധികൃത ഖനനങ്ങൾ നടക്കുന്ന സ്ഥലങ്ങളുമാണ്. അതിനാൽ, ഗോത്രസമൂഹങ്ങൾ വലിയ ഭീഷണി നേരിടുന്നു. ഖനനങ്ങളിലൂടെ അവരുടെ ഭൂമി നഷ്ടപ്പെടുകയും തുടർന്ന് പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ (greenwashing) അവരെ പുറത്താക്കുകയും ചെയ്യുന്നു.

അചനക്‌മാർ- കാന്ഹാ വന്യജീവി സംരക്ഷണ മേഖലയിലെ അചനക്‌മാർ- കാൻഹ ഫോറസ്റ്റ് റിസർവിൽനിന്നും ബൈഗ (Baiga) ജനവിഭാഗത്തെ പുറത്താക്കിയ സംഭവവും, കർണാടകയിലെ നാഗർഹോൾ ടൈഗർ റിസേർവ് പ്രദേശത്തുനിന്ന് പുറത്താക്കപ്പെട്ട ജെനു കുരുബ (Jenu Kuruba) സമൂഹം നടത്തിയ സമരവും ചർച്ചകൾക്ക് വിധേയമാവേണ്ടതാണ്. ഈ രണ്ടിടങ്ങളിലും, ആദിവാസികൾക്ക് വനവിഭവങ്ങളിലേക്കുള്ള അവകാശം നിയന്ത്രിക്കപ്പെട്ടിരിക്കുകയാണ്. അതേസമയം, അവരുടെ ഭൂമിയെ ടൂറിസം വികസനത്തിനുവേണ്ടി വിൽക്കുകയും ചെയ്യുന്നു.

ടൂറിസത്തിലൂടെ ‘ഹിന്ദു ഇന്ത്യ’യെ രൂപപ്പെടുത്താനുള്ള തീവ്ര ശ്രമവും നടക്കുന്നുണ്ട്. 2019-ൽ പ്രഖ്യാപിച്ച രാം വൻ ഗമൻ പാത് (രാമൻ വനത്തിലൂടെ നടന്ന വഴി) പദ്ധതിയിലൂടെ ഛത്തീസ്ഗഢിൽ രാമൻ വനവാസത്തിനിടെ പോയ വഴിയെന്ന പേരിൽ വിവിധ സ്ഥലങ്ങളിൽ രാമക്ഷേത്രങ്ങൾ പണിയുകയായിരുന്നു ലക്ഷ്യം. ഈ പദ്ധതിക്കുവേണ്ടി തെരഞ്ഞെടുത്ത സ്ഥലങ്ങൾ കൂടുതലും ഗോത്രസമൂഹങ്ങളുടെ ഇടങ്ങളായ മലകളാണ് (ഉദാഹരണത്തിന് കാങ്കേറിലെ ഗധിയാ മലകളും സർഗുജയിലെ രാംഗഢ് മലകളും). ഇങ്ങനെ ടൂറിസം ഉപയോഗിച്ച് ഗോത്ര മേഖലകൾ കൈവശപ്പെടുത്തുന്നതിനെ ന്യായീകരിക്കുകയും, അവരുടെ പാരമ്പര്യചരിത്രങ്ങളെ ഇല്ലാതാക്കി പകരം പുതിയ “ഹിന്ദു ചരിത്രം” സൃഷ്ടിക്കുകയും ചെയ്യുകയാണ് ഭരണകൂടങ്ങൾ ചെയ്യുന്നത്.

ടൂറിസത്തിന്റെ പേരിൽ ഗോത്രമനുഷ്യരെ പ്രദർശന വസ്തുക്കളാക്കി പ്രതിഷ്ഠിക്കുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളും നടക്കുന്നുണ്ട്. 2021 ൽ ഛത്തീസ്ഗഢ് പിറവിദിനവുമായി ബന്ധപ്പെട്ട് പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് സംഘടിപ്പിച്ച എക്സിബിഷനിൽ ബൈഗ ആദിവാസികൾ പാരമ്പര്യ വസ്ത്രധാരണത്തിലൂടെ പ്രദർശനവസ്തുക്കളായി പ്രതിഷ്ഠിക്കപ്പെടുകയായിരുന്നു. സന്ദർശകരെല്ലാം അവർക്കൊപ്പം സെൽഫി എടുക്കുന്നു. സത്യത്തിൽ ബൈഗകൾ വിനോദവസ്തുക്കളായി മാറുകയാണുണ്ടായത്.

അചനക്‌മാർ- കാന്ഹാ വന്യജീവി സംരക്ഷണ മേഖലയിലെ അചനക്‌മാർ- കാൻഹ ഫോറസ്റ്റ് റിസർവിൽനിന്നും ബൈഗ (Baiga) ജനവിഭാഗത്തെ പുറത്താക്കിയ സംഭവവും, കർണാടകയിലെ നാഗർഹോൾ ടൈഗർ റിസേർവ് പ്രദേശത്തുനിന്ന് പുറത്താക്കപ്പെട്ട ജെനു കുരുബ (Jenu Kuruba) സമൂഹം നടത്തിയ സമരവും ചർച്ചകൾക്ക് വിധേയമാവേണ്ടതാണ്.
അചനക്‌മാർ- കാന്ഹാ വന്യജീവി സംരക്ഷണ മേഖലയിലെ അചനക്‌മാർ- കാൻഹ ഫോറസ്റ്റ് റിസർവിൽനിന്നും ബൈഗ (Baiga) ജനവിഭാഗത്തെ പുറത്താക്കിയ സംഭവവും, കർണാടകയിലെ നാഗർഹോൾ ടൈഗർ റിസേർവ് പ്രദേശത്തുനിന്ന് പുറത്താക്കപ്പെട്ട ജെനു കുരുബ (Jenu Kuruba) സമൂഹം നടത്തിയ സമരവും ചർച്ചകൾക്ക് വിധേയമാവേണ്ടതാണ്.

സമാന സംഭവം 2023-ൽ കേരളത്തിലും അരങ്ങേറിയിരുന്നു. കേരള സർക്കാർ സംഘടിപ്പിച്ച ‘കേരളീയം’ ആഘോഷത്തിന്റെ ഭാഗമായി കേരള ഫോക്‌ലോർ അക്കാദമി സംഘടിപ്പിച്ച “ആദിമം” എക്സ്പോയിൽ ആദിവാസികളെ വിനോദ വസ്തുവാക്കി പ്രദർശിപ്പിച്ചു. 19-ാം നൂറ്റാണ്ട് മുതൽ 1958 വരെ യൂറോപ്പിൽ നടന്നിരുന്ന മനുഷ്യത്വ വിരുദ്ധമായ "Human Zoo"-വിനെ അനുസ്മരിപ്പിക്കുന്ന വിവേചനം ഇന്നും നിലനിൽക്കുന്നു.

ടൂറിസത്തിന്റെ പേരിലുള്ള വനനശീകരണം ഗുരുതര വിഷയമാണ്. വനങ്ങളിലേക്കുള്ള അനിയന്ത്രിത കടന്നുകയറ്റം നിരവധി വന്യജീവികളെയാണ് ഹനിക്കുന്നത്. വിനോദസഞ്ചാരികൾ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഗുരുതരമായി ബാധിക്കുന്നത് കാട്ടാനകളെയാണ്. 2022-ൽ ഗീതാഞ്ജലി കാത്ലാം (Gitanjali Katlam) നടത്തിയ പഠനത്തിൽ (Plastic ingestion in Asian elephants in the forested landscapes of Uttarakhand, India) ഉത്തരാഖണ്ഡിലെ ഹരിദ്വാർ, ലാൻസ്ഡൗൺ ഫോറസ്റ്റ് ഡിവിഷൻ പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച 24 ആനപ്പിണ്ട സാമ്പിളുകളിൽ 32 ശതമാനത്തിലും മനുഷ്യനിർമ്മിത മാലിന്യങ്ങളുണ്ടായിരുന്നതായി കണ്ടെത്തി. ഇവയിൽനിന്ന് വീണ്ടെടുത്ത പ്ലാസ്റ്റിക് വസ്തുക്കളിൽ 85% പ്ലാസ്റ്റിക് ബാഗുകൾ, ഉപയോഗിച്ചശേഷം ഉപേക്ഷിച്ച സ്പൂണുകൾ (disposable cutlery), ഭക്ഷ്യ പാക്കേജിംഗ് സാമഗ്രികൾ, മറ്റു അജൈവ (non-biodegradable) മാലിന്യങ്ങൾ എന്നിവയായിരുന്നു. ഈ പ്ലാസ്റ്റിക് കണങ്ങൾ ഒരു മില്ലിമീറ്റർ മുതൽ 355 മില്ലിമീറ്റർ വരെ വലുപ്പത്തിലുള്ളവയാണ്.

2024 മെയിൽ കോയമ്പത്തൂരിൽ നടന്ന ദാരുണ സംഭവം ഇതിന്റെ ഭീകരാവസ്ഥയെ കുറച്ചുകൂടി വ്യക്തമാക്കുന്നു. ചരിഞ്ഞനിലയിൽ ക​ണ്ടെത്തിയ ഗർഭിണിയായ ഒരാനയുടെ പോസ്റ്റ്‌മോർട്ടത്തിൽ, ഗർഭസ്ഥശിശുവിനൊപ്പം വലിയ അളവിൽ പ്ലാസ്റ്റിക് മാലിന്യവും കണ്ടെത്തി (ടൈംസ് ഓഫ് ഇന്ത്യ, 2024). പ്ലാസ്റ്റിക്, ആനകളുടെ പ്രജനനത്തെയും ബാധിക്കുന്നതായി ഈ സംഭവം വ്യക്തമാക്കുന്നു.

READ: നാടുകാണി ചുരം: പശ്ചിമഘട്ടത്തിന്റെ
ശ്വാസനാളത്തിൽ
പ്ലാസ്റ്റിക് കുരുങ്ങുന്നു

ആനപ്പണ്ടം വനങ്ങൾക്ക് വിലമതിക്കാനാകാത്ത പാരിസ്ഥിതിക സേവനം നൽകുന്ന വിഭവമാണ്. ആന ഭക്ഷിക്കുന്ന വലിയ വിത്തുകൾ പലതും അരയാതെ പിണ്ടത്തിലൂടെ പുറത്തേക്കുവരുന്നു. പിണ്ടത്തിൽ സസ്യപോഷകങ്ങൾ ധാരാളമായതിനാൽ വിത്ത് മുളയ്ക്കാനുള്ള സ്വാഭാവികവളമായി അത് പ്രവർത്തിക്കുന്നു. ആന സഞ്ചരിക്കുന്ന വഴികളിലെല്ലാം പുതിയ സസ്യങ്ങളുണ്ടായിവരാൻ ഇത് കാരണമാകുന്നു. എന്നാൽ ആനകൾ പ്ലാസ്റ്റിക് ഭക്ഷണമാക്കാൻ തുടങ്ങിയതോടെ വനാന്തരീക്ഷങ്ങളിലേക്ക് പ്ലാസ്റ്റിക് മാലിന്യം എത്തിച്ചേരുന്നതിന് ആനപ്പിണ്ടം കാരണമായി മാറുന്നു. ഇത് വിത്ത് വിതരണത്തെയും മണ്ണിന്റെ പോഷകഘടനയെയും പ്രതികൂലമായി ബാധിക്കുന്നു. മാൻ, എലികൾ, പക്ഷികൾ, പ്രാണികൾ തുടങ്ങിയ മറ്റ് ജന്തുജാലങ്ങളും പ്ലാസ്റ്റിക് കലർന്ന ആനപ്പിണ്ടവുമായി ഇടപഴകാനുള്ള സാധ്യത കൂടുതലായതിനാൽ ആ മൃഗങ്ങളും പ്ലാസ്റ്റിക് മലിനീകരണത്തിന്റെ പരോക്ഷ ഇരകളായി മാറുന്നു. വൻകിട പദ്ധതികളുടെ ഇരകൾ അടിസ്ഥാന ജനവിഭാഗങ്ങളും ജീവിവർഗങ്ങളുമായിരിക്കും.

പ്ലാസ്റ്റിക് മാലിന്യമടങ്ങിയ ആനപ്പിണ്ഡം.
പ്ലാസ്റ്റിക് മാലിന്യമടങ്ങിയ ആനപ്പിണ്ഡം.

പുതിയ വികസന സങ്കൽപ്പങ്ങൾക്ക് അടിത്തറ പാകേണ്ടത് എല്ലാ മനുഷ്യരുടെയും സാംസ്കാരിക സാമൂഹ്യ പരികല്പനകളെ പരിഗണിച്ചു കൊണ്ടായിരിക്കണം. വികസനത്തിന്റെ പേരിൽ നടക്കുന്ന അനീതികൾക്കെതിരെ ശക്തമായ ശബ്ദം ഉയരുന്നില്ല. ആഗോളതലത്തിൽ ജൂൺ-5 പരിസ്ഥിതിദിനമായി ആചരിക്കുന്നുണ്ടെങ്കിലും പരിസ്ഥിതിസംരക്ഷണത്തിൽ മർമപ്രധാനമായ നടപടികളുണ്ടാവുന്നില്ല എന്നത് ദൗർഭാഗ്യകരമാണ്.

Comments