ഫാലിൻ, ഹുദ്ഹുദ്, തിത്ലി, ഫണി, ബുൾബുൾ, അംഫൻ, യാസ്, ജവാദ്, സിത്രാംഗ്, മോച്ച… കഴിഞ്ഞ ഒരു ദശകക്കാലത്തിനിടയിൽ ഇന്ത്യയുടെ കിഴക്കൻ തീരങ്ങളിൽ ആഞ്ഞടിച്ച ചുഴലിക്കൊടുങ്കാറ്റുകളുടെ പേരുകളാണിത്. 1999-ൽ ഒഡീഷയെ തകർത്തെറിഞ്ഞ സൂപ്പർ സൈക്ലോണിന് ശേഷം 2013 തൊട്ട് ഏതാണ്ട് എല്ലാ വർഷവും അതിതീവ്ര സ്വഭാവത്തോടു കൂടിയ ചുഴലിക്കൊടുങ്കാറ്റുകൾ ഒഡീഷ തീരത്ത് വീശിയടിച്ചിട്ടുണ്ട്.
1999-ൽ 260കിലോമീറ്റർ പ്രതി മണിക്കൂർ വേഗതയിൽ വീശിയടിച്ച സൂപ്പർ സൈക്ലോണിൽ ഔദ്യോഗിക കണക്കനുസരിച്ച് 10,000 ആളുകളാണ് മരണപ്പെട്ടത്. ഒഡീഷയിലെ ജഗത്സിംഗ്പൂർ ജില്ലയിലെ എർസാമ ബ്ലോക്കിലെ നിരവധി ഗ്രാമങ്ങൾ കടലെടുത്തുകൊണ്ടുപോയി. കാലാവസ്ഥാ വകുപ്പ് നൽകിയ മുന്നറിയിപ്പ് ഒഡീഷ സർക്കാർ ഗൗരവപൂർവ്വം പരിഗണിച്ചിരുന്നില്ലെന്ന ആരോപണം അക്കാലത്ത് ശക്തമായിരുന്നു.
എന്നാൽ, പിന്നീട് നടന്ന ചുഴലിക്കൊടുങ്കാറ്റുകളിൽ നിന്നും മനുഷ്യ ജീവൻ രക്ഷപ്പെടുത്താൻ ഔദ്യോഗിക സംവിധാനങ്ങൾ ഉണർന്നുതന്നെ പ്രവർത്തിക്കുകയുണ്ടായി. ആവർത്തിച്ചുവരുന്ന പ്രകൃതി ദുരന്തങ്ങളോട് എങ്ങിനെ പ്രതികരിക്കണമെന്ന് അവിടുത്തെ സർക്കാരും ജനങ്ങളും ഒരുപോലെ പഠിച്ചിരിക്കുന്നു. '99ലെ സൂപ്പർ സൈക്ലോണിന് ശേഷം കിഴക്കൻ മേഖലയിൽ വീശിയടിച്ച അതിതീവ്ര സ്വഭാവത്തോടുകൂടിയ രണ്ടാമത്തെ ട്രോപ്പിക്കൽ സൈക്ലോൺ 'ഫാലിൻ' എന്ന പേരിലാണ് അറിയപ്പെട്ടത്. 2013 ഒക്ടോബർ 12-ന് ഗഞ്ചാം ജില്ലയിലെ ഗോപാൽപൂരിൽ തീരപതനം (Landfall) നടത്തിയ ഫാലിനിന്റെ വേഗത 140 കിലോമീറ്റർ പ്രതി മണിക്കൂർ ആയിരുന്നു. 23 പേരായിരുന്നു ഈ കൊടുങ്കാറ്റിൽ മരണപ്പെട്ടത്.
പിന്നീട് 2014 ഒക്ടോബർ 3ന് 215കിലോമീറ്റർ വേഗതയിൽ 'ഹുദ്ഹുദ്' ചുഴലിക്കൊടുങ്കാറ്റു വന്നു. ഹുദ്ഹുദ് ആന്ധ്രപ്രദേശിൽ 60 പേരുടെ ജീവനെടുത്തപ്പോൾ ഒഡീഷയിലെ മരണസംഖ്യ 2 ആയിരുന്നു. 2018-ലെ 'തിത്ലി' ചുഴലിക്കൊടുങ്കാറ്റിൽ ഒഡീഷയിൽ 77 പേർ മരണപ്പെട്ടു. ദുരന്ത പൂർവ്വ ഘട്ടത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകളുടെ കാര്യത്തിൽ കാട്ടിയ അലംഭാവമായിരുന്നു മരണസംഖ്യ ഈ രീതിയിൽ ഉയരാൻ കാരണമെന്ന ആരോപണം അന്ന് വീണ്ടും ഉയർന്നു.
2019-ൽ 215 കിലോമീറ്റർ വേഗതയിൽ വീശിയ 'ഫാനി' ചുഴലിക്കൊടുങ്കാറ്റ് കാറ്റഗറി 4-ൽ (Major Hurricane) പെടുന്നതായിരുന്നു. 64 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇതേവർഷം തന്നെ 'ബുൾബുൾ' ചുഴലിക്കാറ്റും ഒഡീഷ തിരത്ത് ആഞ്ഞ് വീശിയിരുന്നു. 2020-ലെ 'യാസ്' ചുഴലിക്കൊടുങ്കാറ്റ് ധാംമ്ര തുറമുഖ നഗരത്തിൽ നാശനഷ്ടങ്ങൾ വിതച്ചു. നാല് മരണങ്ങളായിരുന്നു റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2021-ൽ 'ജവാദ്', 2022-ൽ 'സിത്രാംഗ്', 2023-ൽ 'മോച്ച' എന്നീ കൊടുങ്കാറ്റുകൾ ഒഡീഷ തീരത്തേക്ക് കടന്നെങ്കിലും കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ സൃഷ്ടിച്ചില്ല.
ഇന്ന് ഒഡീഷ ദുരന്തങ്ങൾ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ രാജ്യത്തെ ഏതൊരു സംസ്ഥാനത്തേക്കാളും മുന്നിലാണെന്ന് സമ്മതിക്കേണ്ടതുണ്ട്. 99-ലെ അനുഭവത്തിൽ നിന്നും പാഠം പഠിച്ച ഭരണാധികാരികൾ 2013-ലെ 'ഫാലിൻ' ചുഴലിക്കൊടുങ്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പ് ലഭിച്ച ഉടൻ തന്നെ 36 മണിക്കൂറിനുള്ളിൽ 10 ലക്ഷം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഇത് മരണ സംഖ്യ രണ്ടക്കത്തിലേക്ക് ചുരുക്കാൻ സഹായിച്ചു. 2019-ലെ 'ഫാനി' കൊടുങ്കാറ്റിന് മുമ്പുള്ള തയ്യാറെടുപ്പെന്ന നിലയിൽ 12 ലക്ഷം ആളുകളെ മാറ്റിപ്പാർപ്പിച്ചു.
ഇന്ന് ഒഡീഷയിലെമ്പാടും വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതു കെട്ടിടങ്ങൾ എന്നിവയെക്കൂടാതെ നിരവധി ഷെൽട്ടർ ഹോമുകളും കെട്ടിയുണ്ടാക്കിയിട്ടുണ്ട്. ഉയർന്ന പില്ലറുകൾക്ക് മേൽ കെട്ടിയുയർത്തിയ ഷെൽട്ടർ ഹോമുകൾ എത്ര വലിയ വെള്ളപ്പൊക്കത്തിലും സുരക്ഷിതത്വം നൽകുന്നവയാണ്.
സംസ്ഥാന ഭരണകൂടം നൽകുന്ന ഔദ്യോഗിക മുന്നറിയിപ്പ് ലഭിച്ചാലുടൻ തന്നെ പ്രാദേശിക ഭരണകൂടങ്ങൾ ഉണർന്ന് പ്രവർത്തിക്കുന്നു. സൈക്ലോൺ, അതിവൃഷ്ടി തുടങ്ങിയ പ്രകൃതി ദുരന്ത സാധ്യതകളെ സംബന്ധിച്ച അനൗൺസ്മെന്റ് വാഹനങ്ങൾ ദുരിതബാധിതങ്ങളായ പ്രദേശങ്ങളിലൂടെ കടന്നുപോകുന്നു. ജനങ്ങൾ തങ്ങളുടെ അവശ്യ സാധനങ്ങളുമായി ഷെൽട്ടർ ഹോമുകളിലേക്ക് സ്വമേധയാ പലായനം ചെയ്യുന്നു. വളർത്തുമൃഗങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നു.
ഷെൽട്ടർ ഹോമുകളിൽ ഭക്ഷ്യവസ്തുക്കൾ ഒരുക്കുകയെന്നത് തദ്ദേശ ഭരണകൂടങ്ങളുടെ ചുമതലയാകുന്നു. സ്വമേധയാ രൂപപ്പെടുന്ന ജനകീയ സമിതികൾ കൈ-മെയ് മറന്ന് പ്രവർത്തിക്കുന്നു. അപകടസാധ്യതാ ഘട്ടം തരണം ചെയ്തുകഴിഞ്ഞാൽ ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു. പ്രവചിച്ച രീതിയിൽ തീവ്രതയുള്ള ചുഴലിക്കാറ്റ് വന്നില്ലെങ്കിൽ കൂടിയും ആരും ആരെയും പഴി പറയുന്നത് കാണാൻ കഴിയില്ല.
ദുരന്ത പൂർവ്വഘട്ടത്തിലെ ഈയൊരു മുന്നൊരുക്കങ്ങൾ ജീവൻ രക്ഷിക്കുന്നതിൽ എത്രമാത്രം സുപ്രധാന ഘടകമാണെന്ന് ഒഡീഷയിലെ ജനങ്ങളും അധികാരികളും ഒരുപോലെ തിരിച്ചറിഞ്ഞിരിക്കുന്നു. ദുരന്ത കൈകാര്യകർതൃത്വത്തിലെ ഈയൊരു അനുഭവ പശ്ചാത്തലം പ്രകൃതി ദുരന്തങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മാത്രമല്ല കോവിഡ് മഹാമാരിക്കാലത്തും ഒഡീഷയെ തുണക്കുകയുണ്ടായിട്ടുണ്ട്.
കോവിഡ് മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് മൂന്ന് സംസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളെ വിലയിരുത്തിക്കൊണ്ട് 2020-ൽ ട്രൂകോപ്പി തിങ്കിൽ എഴുതിയ ലേഖനം താഴെ വായിക്കാം:
തോറ്റ ഗുജറാത്ത്, മനുഷ്യർക്കൊപ്പമുള്ള കേരളവും ഒഡീഷയും