പരിസ്ഥിതി പഠനവും (പ്രവർത്തനവും), രാഷ്ട്രീയവും തമ്മിൽ വ്യക്തമായ ബന്ധം പ്രകടമാകുന്ന കാലങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. പരിസ്ഥിതിയെ കുറിച്ച് പഠിക്കുക, പരിസ്ഥിതി സംരക്ഷണത്തിനായി നിലകൊള്ളുക എന്നത് ഇന്നൊരു രാഷ്ട്രീയ പ്രവർത്തനമാണ്. അത്തരം പ്രവർത്തനങ്ങൾക്ക് ഇന്ന് ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ശക്തമായ അടിച്ചമർത്തലുകൾ ഉണ്ടാകുന്നുമുണ്ട്. അത്തരമൊരു സാഹചര്യത്തിൽ പ്രകൃതിയെ പഠനവിധേയമാക്കുമ്പോൾ വ്യക്തമാകുന്ന പ്രശ്‌നങ്ങളുടെ സങ്കീർണതകൾ, സാമൂഹിക-രാഷ്ട്രീയ പ്രശ്‌നങ്ങൾക്ക് എങ്ങനെ ശാസ്ത്രപഠനം കൂടുതൽ തെളിമ നൽകുന്നു എന്നിവയെ കുറിച്ചെല്ലാം വിശദീകരിക്കുകയാണ് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനും കെ.എഫ്.ആർ.ഐ സീനിയർ സയൻറിസ്റ്റുമായ ഡോ. ടി.വി. സജീവുമായി കുഞ്ഞുണ്ണി സജീവ് നടത്തുന്ന ഈ സംഭാഷണം.
കുഞ്ഞുണ്ണി സജീവ്: ശാസ്ത്രപഠനം എന്ന രാഷ്ട്രീയ പ്രവർത്തനത്തെ എങ്ങനെ കാണുന്നു?
ഡോ. ടി. വി. സജീവ്: ശാസ്ത്രം വളരെ ഡെമോക്രാറ്റിക്കായ ജ്ഞാനരൂപമാണ്. അത് ഒരു സമൂഹത്തിൽ ശരിയായി പ്രവർത്തിക്കണമെങ്കിൽ ആ സമൂഹത്തിൽ അടിസ്ഥാനപരമായ ജനാധിപത്യബോധം ഉണ്ടാകേണ്ടതുണ്ട്. ജനാധിപത്യം കൂടിപ്പോയി എന്ന വിലാപമുണ്ടാകുന്ന നാട്ടിൽ ശാസ്ത്രം പാളിപ്പോവുകയാണ് ചെയ്യുക. ജാതീയ വേർതിരിവുകൾ ഏറിവരികയും ജാതിയുടെ പേരിൽ കൊലപാതകങ്ങൾ സംഭവിക്കുകയും നിരവധി മനുഷ്യർ ജാതിക്കോളനികളിൽ കുടുങ്ങിക്കിടക്കുകയും ചെയ്യുന്ന, എണ്ണത്തിൽ കുറവാണെന്നതുകൊണ്ട് സ്വന്തം ഭാഷയോ, ശബ്ദമോ, അറിവോ, പ്രകാശിപ്പിക്കാൻ സാധിക്കാതെ സാമൂഹികമായി പിന്തള്ളപ്പെടുന്ന ആദിമനിവാസികളുള്ള നാട്ടിൽ ശാസ്ത്രവും ശാസ്ത്രബോധവും അതിന്റെ ഫലങ്ങൾ ഉൽപാദിപ്പിക്കുന്നില്ല എന്ന് തിരിച്ചറിയേണ്ടതായിട്ടുണ്ട്. പക്ഷെ ശാസ്ത്രമിപ്പോഴും നമ്മുടെ മുന്നിലുള്ള ഏറ്റവും വലിയ സാധ്യതയാണ്. അത്യന്തം വിമോചനാത്മകവുമാണ് ഈ സാധ്യതകൾ. അത്തരം സാധ്യതകൾ സമൂഹത്തിന് പ്രയോജനപ്പെടണമെങ്കിൽ ശാസ്ത്രാധ്യായനം അഴിച്ചുപണിയേണ്ടതായിട്ടുണ്ട്. ഒരു കൂട്ടം ഉത്തരങ്ങൾ എഴുതി പരീക്ഷ പാസാവാനുള്ള രീതിയിലല്ല ശാസ്ത്രാധ്യായനം സംവിധാനം ചെയ്യപ്പെടേണ്ടത്. ശാസ്ത്രം എന്നത് ഒരു ഉൽപന്നമല്ല (Product) മറിച്ച് ഒരു പ്രക്രിയയാണ് (Process) എന്ന് കുട്ടികൾക്ക് മനസിലാക്കികൊടുക്കേണ്ടതായിട്ടുണ്ട്. അധ്യാപകർ ക്ലാസ് മുറികളിൽ ശാസ്ത്രത്തിലെ അറിവുകൾ മാത്രമല്ല, ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങളെ കൂടി പരിചയപ്പെടുത്തുമ്പോഴാണ് ഇത് സാധ്യമാകുക. പണം കൊടുത്ത് കയറുന്ന അധ്യാപകർ നിറയെ ഉണ്ടാകുമ്പോൾ അധ്യാപനം എന്നതും വിദ്യാഭ്യാസം എന്നതും ഒരു ബിസിനസ് മോഡൽ മാത്രമാകുമ്പോൾ, ശാസ്ത്രത്തിന്റെ രീതിശാസ്ത്രവും സൗന്ദര്യവും അനുഭവപ്പെടുന്ന പഠനരീതിയിൽ നിന്ന് മാറി മെഡിക്കൽ, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകളിലെ ചോദ്യങ്ങളുടെ ഉത്തരങ്ങൾ മാത്രം ഹൃദിസ്ഥമാക്കുന്ന ഒരവസ്ഥയിൽ ശാസ്ത്രത്തിന് അതിന്റെ വിമോചനാത്മകമായ ധർമം നിർവഹിക്കാനാവില്ല.
എന്തുകൊണ്ടാണ് ഒരു സമൂഹത്തിൽ ഇങ്ങനെയൊരു ആണിടം നിലനിൽക്കുന്നതും ആഘോഷിക്കപ്പെടുന്നതും, ഓരോ വർഷവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന തീർത്ഥാടനമായി മാറുന്നതും?
സാധാരണയിൽ നിന്നും വ്യത്യസ്തമായി ഈ അടുത്തകാലത്ത് ഇറങ്ങിയ ഒരു സിനിമയിൽ ദൈവത്തിന് പകരം സയൻസിന് നന്ദി പറയുന്നതായി ശ്രദ്ധിച്ചു. മതത്തിനുപകരം സയൻസ് എന്നൊരു സെൻസിബിലിറ്റി ഉരുത്തിരിഞ്ഞു വരുന്നതിന്റെ ലക്ഷണമായി ഇതിനെ കാണുവാൻ സാധിക്കുമോ?
ദൈവത്തിന് പകരം ഗ്രേറ്റ് ഇന്ത്യൻ കിച്ചണിൽ സയൻസിന് നന്ദി പറഞ്ഞത് രസകരമായി തോന്നി. എന്നാൽ സയൻസിനെ സംബന്ധിച്ച ധാരണകളുടെ പിഴവുകളും ആ സിനിമയിൽ ദൃശ്യമാണ്. ഉദാഹരണമായി ആ സിനിമ ചർച്ച ചെയുന്ന ഒരു പ്രധാന സാമൂഹിക പ്രശ്‌നം ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടതാണ്. യഥാർത്ഥത്തിൽ എന്താണ് ഇതിൽ സയൻസിനുള്ള കാഴ്ചപ്പാട്?. ശാസ്ത്രപക്ഷത്തുനിന്നും നോക്കുമ്പോൾ കാണുക ഒരു കാട്ടിൽ - പെരിയാർ വന്യജീവി സങ്കേതത്തിനകത്ത് - സ്ഥിതി ചെയ്യുന്ന ക്ഷേത്രം എന്ന നിലയ്ക്കാണ്. അവിടെ എത്ര തീർത്ഥാടകർ എത്തണം എന്നത് - ആണായാലും, പെണ്ണായാലും - നിർണയിക്കപ്പെടേണ്ടത് ആ പ്രദേശത്തിന്റെ carrying capacity യുമായി ബന്ധപ്പെട്ടാണ്. ആ പ്രദേശത്തെ ആവാസവ്യവസ്ഥ ലോലമാണെന്നും അതിന്റെ ആരോഗ്യകരമായ നിലനിൽപ് ആ പ്രദേശത്തിന്റെ മാത്രമല്ല അതിനുതാഴെ വരുന്ന ആവാസവ്യവസ്ഥകളുടെയും മനുഷ്യജീവസന്ധാരണത്തിനും നിർണായകമാണ് എന്ന തിരിച്ചറിവിനാലാണത്.
ഉയർന്ന ഇടങ്ങളിലുള്ള തീർത്ഥാടനകേന്ദ്രങ്ങളിൽ നിയന്ത്രണാതീതമായ ജനപ്രവാഹമുണ്ടാകുമ്പോഴും അവർക്കുവേണ്ടി ആ പ്രദേശങ്ങൾ വളരെ വേഗം നഗരവൽക്കരിക്കപ്പെടുമ്പോഴും ഉണ്ടാകുന്ന വലിയ ദുരന്തം നമ്മൾ ഉത്തരാഖണ്ഡിൽ കണ്ടതാണ്. അതുകൊണ്ട് ആ കാനനവ്യവസ്ഥക്ക് കോട്ടം സംഭവിക്കാത്ത വിധം തീർത്ഥാടനം നിയന്ത്രിക്കപ്പെടണമെന്നതാണ് ആദ്യ ശാസ്ത്രമതം. രണ്ടാമത്തേതും സവിശേഷവുമായ സ്ത്രീപ്രവേശനത്തിൽ എന്താണ് ശാസ്ത്രത്തിന്റെ സമീപനം? സയൻസ് എന്നതിൽ ഭൗതിക, ജീവശാസ്ത്രങ്ങൾ മാത്രമല്ല സാമൂഹ്യശാസ്ത്രങ്ങളും കൂടി ചേർന്നതാണ്. അതുകൊണ്ടുതന്നെ ഈ പ്രശ്‌നത്തിൽ ശബരിമല മേൽശാന്തിയോ കോടതികളോ അല്ല മറിച്ച് സാമൂഹ്യശാസ്ത്രമാണ് അറിവ് പകരേണ്ടത്. എന്താണ് അവർ പറയുന്നത്? ശബരിമല തീർത്ഥാടനം എന്നത് ഒരു absolute male space ആണ്. എന്തുകൊണ്ടാണ് ഒരു സമൂഹത്തിൽ ഇങ്ങനെയൊരു ആണിടം നിലനിൽക്കുന്നതും ആഘോഷിക്കപ്പെടുന്നതും, ഓരോ വർഷവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന തീർത്ഥാടനമായി മാറുന്നതും? അതോടൊപ്പം പൊങ്കാല പോലുള്ള absolute female Space കൂടുതൽ പ്രചാരം നേടുന്നതും? സാമൂഹിക ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നത് സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബം എന്ന സംവിധാനത്തിന്റെ നിർമാണത്തിലും നിലനിർത്തലിലും ആവശ്യമായ സേഫ്റ്റി വാൽവുകളാണ് ഈ ഇടങ്ങൾ എന്നാണ്. നാട്ടിൻപുറത്തെ അമ്പലങ്ങളിലെ ഉത്സവങ്ങൾക്കും പള്ളികളിലെ പെരുന്നാളിനും ഒക്കെ സാമൂഹികമായ ധർമങ്ങൾ ഉണ്ട് എന്ന് സാമൂഹികശാസ്ത്രജ്ഞർക്കറിയാം. ഈ ധർമങ്ങൾ നിർവഹിക്കുന്നതുകൊണ്ടും അതിനുചുറ്റും ഒരു സമ്പദ്ശാസ്ത്രം ഉയർന്നുവന്നതിനാലുമാണ് അവ നിലനിൽക്കുന്നത്. മാത്രവുമല്ല, നാട്ടിൽ ഉയർന്നു വരുന്ന ആശുപത്രികൾ മനുഷ്യാരോഗ്യത്തിന്റെ ശോഷണത്തിന്റെ ലക്ഷണമാകുന്ന പോലെ തന്നെ അമിതമായ ഭക്തിപ്രകടനം സാമൂഹികാരോഗ്യത്തിന്റെ അപചയത്തെയാണ് സൂചിപ്പിക്കുന്നത്. ഇത്തരത്തിൽ സയൻസിനെ മുൻനിർത്തിയുള്ള നിലപാട് ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട് കണ്ടെത്തുവാൻ സാധിക്കുമ്പോഴും സിനിമ ശ്രമിക്കുന്നത് ഫെമിനിസത്തിന്റെ രണ്ടാം തരംഗം ഉയർത്തുന്ന ചില പ്രശ്‌നങ്ങളെയും വളരെ ഉപരിതലസ്പർശിയായ ചില പൊതുധാരണകളെയും റിഫ്‌ളക്ട് ചെയ്യുക എന്നതാണ്. സയൻസ് അതിനുമെത്രയോ ആഴത്തിൽ കാര്യങ്ങൾ പഠിക്കുന്നുണ്ട്.
ഇനി പരിസ്ഥിതിയിലേക്കുവരാം, ഉത്തരാഖണ്ഡിൽ ഈയിടെയുണ്ടായ ഹിമപാതവുമായി ബന്ധപ്പെട്ട് "പരിസ്ഥിതി' വീണ്ടും വാർത്തകളുടെ ഭാഗമാകുകയാണ്. എങ്ങനെയാണ് പരിസ്ഥിതി നേരിടുന്ന പ്രശ്‌നങ്ങളെ ഇന്ന് മനസ്സിലാക്കുന്നത്?
ഏറെനാളായി "പരിസ്ഥിതി' എന്ന വാക്ക് വാർത്തകളിലുണ്ടായിരുന്നില്ല. അടുത്തയിടെയാണ് ഉത്തരാഖണ്ഡിലെ മഞ്ഞുമല പൊഴിഞ്ഞു വീണതുമായി ബന്ധപ്പെട്ട് ആ വാക്ക് വീണ്ടും വാർത്തകളിൽ ഉയർന്നുവരുന്നത്. ഉത്തരാഖണ്ഡിലെ മാത്രമല്ല, കേരളത്തിൽ, ബംഗാളിൽ, ഒറീസയിൽ, മഹാരാഷ്ട്രയിലൊക്കെ നാം കണ്ട പ്രകൃതിദുരന്തങ്ങളത്രയും ഒരു പൊതുകാരണം പ്രകടമാക്കുന്നുണ്ട്. ആഗോളതലത്തിലും, പ്രാദേശിക തലത്തിലും നടക്കുന്ന പ്രതിഭാസങ്ങളെ ഒരുപോലെ കണ്ണിചേർക്കുന്നു എന്നതാണ് അത്. ഒരു പൊതുകാരണം എന്നു പറയുമ്പോൾ ആഗോള തലത്തിൽ ഉണ്ടാക്കുന്ന കാലാവസ്ഥാ വ്യതിയാനവും, പ്രാദേശിക തലത്തിൽ നടത്തുന്ന ഇടപെടലുകളും (ഉദാ: കെട്ടിട നിർമാണം).
"ഗ്ലോക്കൽ' എന്ന വാക്ക് ഇത്തരം ഇടപെടലുകളെ മനസിലാക്കുവാൻ സഹായിക്കും. 1980 കളുടെ അവസാനമാണ് ഗ്ലോക്കൽ എന്ന വാക്ക് സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്നത്. "ഗ്ലോബൽ' (Global), "ലോക്കൽ' (Local) എന്നീ വാക്കുകളുടെ സമ്മിശ്രം സാമ്പത്തിക ശാസ്ത്രത്തിലാണ് ആദ്യമായി ഉപയോഗിച്ചത് എങ്കിലും പിന്നീട് മറ്റ് സാമൂഹ്യശാസ്ത്രങ്ങളിലും സാഹിത്യപഠനങ്ങളിലും എല്ലാം ആ വാക്ക് ഉപയോഗിക്കുകയുണ്ടായി. ഇന്നിപ്പോൾ എക്കോളജിയിലും (Ecology) ആ പദം ഉപയോഗിക്കപ്പെടുന്നുണ്ട്. എങ്ങനെയാണ് ആഗോള പ്രശ്‌നങ്ങളും, പ്രാദേശിക പ്രശ്‌നങ്ങളും ഇടപെടുന്നത്, അതിന്റെ "dynamics' എന്താണ് എന്നതിനെ സൂചിപ്പിക്കാനാണ് ആ പദം ഉപയോഗിക്കുന്നത്. ഭൂമിയുടെ താപനില വർധിക്കുന്നതുമായി ബന്ധപ്പെട്ട്, ദീർഘനാളായി മാറ്റങ്ങളില്ലാതെ നിലനിന്നിരുന്ന കാലാവസ്ഥയിൽ മാറ്റങ്ങളുണ്ടാകുന്നുണ്ട്. അതുമൂലമുണ്ടാകുന്ന കാലം തെറ്റിയ മഴയും അതിതീവ്ര മഴയുമൊക്കെ അപകടങ്ങളായി തർജ്ജമ ചെയ്യപ്പെടുന്നത് പ്രാദേശിക തലത്തിൽ ഭൂമിയുടെ ഉപരിതലത്തെ എങ്ങനെയൊക്കെ മാറ്റിമറിക്കുന്നു എന്നതനുസരിച്ചാണ്. ആഗോള തലത്തിൽ ഒരു കാരണം കൊണ്ടുണ്ടാകുന്ന ഒരു പ്രശ്‌നം; അത് പ്രാദേശിക തലത്തിൽ അതൊരു അപകടത്തിലേക്ക് നയിക്കുന്ന അവസ്ഥ, ഞാൻ മുൻപ് പറഞ്ഞ ഗ്ലോക്കലായ ഒരു പ്രതിഭാസമാണ് ഉത്തരാഖണ്ഡിലും നടന്നത്. കേരളത്തിലും ഇതുതന്നെ നമുക്ക് കാണുവാൻ കഴിയും. ആഗോള തലത്തിലുണ്ടാകുന്ന ഒരു മാറ്റം ഏറ്റവും വ്യക്തമായി കാണാവുന്നത് പ്രാദേശികമായി ആവാസവ്യവസ്ഥ മാറ്റിമറിക്കപ്പെട്ട ഇടങ്ങളിലാണ്.
ഒരു മല മുഴുവൻ ഒരേ തരം മരം ഉണ്ടാകുക (ഉദാ: റബ്ബർ പോലെ), ആ മരങ്ങൾ എല്ലാം ഒരുമിച്ച് മുറിച്ച് മാറ്റപ്പെടുക, ആ മരത്തിന്റെ വേരുകൾ എല്ലാം കുന്നിനകത്ത് ഉണ്ടാകുക, അത് പതുക്കെ ദ്രവിക്കുക, ആ ദ്രവിക്കുന്ന ഓരോ വേരും ഒരു പൈപ്പ് പോലെ പ്രവർത്തിക്കുക (Soil Piping എന്ന പ്രതിഭാസം). ചെറിയ മഴ പെയ്യുന്ന സമയത്ത് പൈപ്പിലൂടെ മണ്ണ് താഴേക്ക് ഒലിച്ച് പോകുക, പതുക്കെ നമുക്ക് കാണുവാൻ പറ്റാത്ത രീതിയിൽ ഒരു കുന്നിന്റെ ഉൾഭാഗം മുഴുവൻ പൊള്ളയായി മാറുക, പിന്നെ അതിവൃഷ്ടി ഉണ്ടാകുന്ന സമയത്ത് അത് പെട്ടെന്ന് ഇടിഞ്ഞു പോകുക. ഈ കഥ നമ്മൾ പല സമയത്തായി കേരളത്തിൽ ആവർത്തിക്കുന്നതായി കണ്ടിട്ടുണ്ട്. ഇതുവരെ പറഞ്ഞ പല കാര്യങ്ങളും ശാസ്ത്രം പ്രവചിച്ചിട്ട് നാളേറെയായി, അതിപ്പോൾ നാം അനുഭവിച്ച് കൊണ്ടുമിരിക്കുന്നു. ഇനിയും ഇത്തരം പ്രശ്‌നങ്ങളെ ലാഘവത്തോടെ കണ്ടാൽ വരാൻ പോകുന്ന ദുരന്തങ്ങൾ പ്രവചനാതീതമാകും.
പ്രകൃതിചൂഷണവുമായി ബന്ധപ്പെട്ടും അനിയന്ത്രിതമായി നടക്കുന്ന കെട്ടിട നിർമാണ - ഖനന ഇടപെടുകളെ പ്രാദേശിക മുതലാളിത്തവുമായി ബന്ധപ്പെടുത്തിയും താങ്കൾ ഒരു ലേഖനം എഴുതിയിരുന്നു. ഒന്ന് വിശദീകരിക്കാമോ?
പലപ്പോഴും മുതലാളിത്തം എന്ന് പറയുമ്പോൾ ആദ്യം നമ്മുടെ മനസിലേക്ക് കടന്നുവരിക ആഗോള മുതലാളിത്തമാണ്. നാം പ്രാദേശിക മുതലാളിത്തത്തെ കുറിച്ച് ചർച്ച നടത്താറേയില്ല. ഒരു പഞ്ചായത്തിൽ എങ്ങനെയാണ് മുതലാളിത്തം ഓപ്പറേറ്റ് ചെയ്യുന്നത് എന്ന് ചിന്തിക്കാറേയില്ല. മുമ്പ്, സി.പി.എം ജനറൽ സെക്രട്ടറി ഹർകിഷൻ സിംഗ് സുർജിത് കേരളത്തിലെ സഖാക്കളെ ശാസിക്കുകയുണ്ടായി, ഗൾഫിൽ നിന്ന് വരുന്ന പണത്തിന്റെ കേരളത്തിലുള്ള ഇടപെടലുകളെക്കുറിച്ച്, അതുമായി ബന്ധപ്പെട്ട് സാമ്പത്തികാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് വേണ്ടത്ര പഠിച്ചിട്ടില്ല എന്ന കാര്യമായിരുന്നു അദ്ദേഹം വിമർശനവിധേയമാക്കിയത്. ലാഭം മാത്രം ലക്ഷ്യമാക്കി നടത്തുന്ന പ്രാദേശിക ഇടപെടലുകൾ എങ്ങനെയാണ് നമ്മുടെ പരിസ്ഥിതിയെ ബാധിക്കുന്നത് എന്നത് സവിശേഷ പഠനത്തിന് വിധേയമാക്കേണ്ടതാണ്. കേരളത്തിലെ പല സംവിധാനങ്ങളുടെയും പ്രധാന സാമ്പത്തിക സ്രോതസ്സ് ഇന്നും ഭൂമിയാണ്. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള കരിങ്കൽ ക്വാറികൾ ശ്രദ്ധിക്കുക, അവിടെ നിന്ന് ലഭിക്കുന്ന വിഭവങ്ങൾ ഇന്ന് സ്വകാര്യസ്വത്തായി കണ്ട് വിൽക്കപ്പെടുന്നുണ്ടെങ്കിലും അവ ഒന്നും തന്നെ ഒരു വ്യക്തിക്ക് വിൽക്കാവുന്നതല്ല എന്ന നിയന്ത്രണം വരേണ്ടതുണ്ട്. പ്രാദേശികമായി പൊതുമേഖലയിൽ ഉണ്ടാവേണ്ട വിഭവങ്ങൾ അത്രയും വ്യക്തികളിലേക്ക് എത്തുന്നു, അങ്ങനെ വ്യക്തികൾ ഉണ്ടാക്കുന്ന പണത്തിൽ നിന്ന് വലിയൊരു പങ്ക് രാഷ്ട്രീയ പ്രസ്ഥാനങ്ങളിലേക്ക് പോകുന്നു. അതുകൊണ്ട് തന്നെ പൂർണമായും ഇതൊരു പൊളിറ്റിക്കോ- ഇക്കണോമിക് ഇഷ്യൂ ആണ്. വലിയ തോതിലുള്ള സാമ്പത്തിക സഹായം രാഷ്ട്രീയ പാർട്ടികൾ നേടുന്നത് ഇത്തരം മേഖലകളിൽ നിന്നുമാണ്.
കേരളത്തിൽ ഇന്ന് നടക്കുന്ന സമരങ്ങൾ പരിശോധിച്ചാൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട്, മണ്ണെടുക്കലിനെതിരെ, കരിങ്കൽ ക്വാറികൾക്കെതിരെ, ചെങ്കൽ ക്വാറികൾക്കെതിരെ എല്ലാമുള്ള ധാരാളം സമരങ്ങൾ ഇന്ന് സജീവമാണ്. ഒരു പക്ഷെ കേരളചരിത്രത്തിൽ ഇത്രയധികം സമരങ്ങൾ നടന്നൊരു കാലം മുമ്പുണ്ടായിട്ടില്ല. പക്ഷെ ശ്രദ്ധിക്കേണ്ട ഒരു വസ്തുത, ഈ സമരങ്ങളിൽ ഒന്നും തന്നെ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ പങ്കെടുക്കുന്നില്ല എന്നതാണ്. അവരോടും കൂടിയാണ് സാധാരണ ജനങ്ങൾ ഇന്ന് സമരം ചെയ്യേണ്ടി വരുന്നത്.
ഈ തരത്തിലുള്ള ഒരു സാമ്പത്തിക ബന്ധം (രാഷ്ട്രീയ പാർട്ടികളും - പ്രാദേശിക മുതലാളിമാരും തമ്മിൽ) വളരെ വ്യക്തവുമാണ്. അതുകൊണ്ടുതന്നെ, കേരളത്തിലെ ആദ്യത്തെ ക്വാറി മാപ്പിംഗ് ചെയ്ത സമയത്ത് മനസ്സിലാക്കിയത്, കരിങ്കൽ ക്വാറികൾ പരിസ്ഥിതിക്കുണ്ടാക്കുന്ന പ്രശ്‌നത്തിന്റെ അത്ര തന്നെയോ, അല്ലെങ്കിൽ അതിനേക്കാൾ വലിയതോ ആയ ഒരു പ്രശ്‌നമാണ് അത് നമ്മുടെ ജനാധിപത്യത്തെ മലീമസമാക്കുന്നു എന്നത്. പണ്ടൊക്കെ ഓരോ വീടുകളിലും കയറിയിറങ്ങി നോട്ടീസും രസീതുകുറ്റിയുമായി വന്ന് രാഷ്ട്രീയക്കാർ പിരിവ് നടത്തിയിരുന്നു, എന്നാൽ ഇന്ന് ഒരു ഫോൺ കോൾ അകലെ പണം ലഭ്യമാണ്. ജനങ്ങളെ തെരഞ്ഞെടുപ്പിലേക്ക് മാത്രം ചുരുക്കുന്ന പ്രാദേശിക മുതലാളിത്തം, ജനാധിപത്യത്തിന് ഒരു ഭീഷണിയാണ്. ക്വാറികളെക്കുറിച്ച് സംസാരിക്കുമ്പോൾ ഇന്നും ഓർമ വരിക ക്‌ളോഡ് അൽവാരെസ് ഗോവൻ ജനതയെ പറ്റി പറഞ്ഞതാണ്: "ഗോവയിൽ നിന്ന് ഖനനം ചെയ്തു കൊണ്ടുപോയ വിഭവത്തിന്റെ പണം ഗോവയിലെ മനുഷ്യർക്ക് വീതിച്ച് നൽകിയാൽ ഇന്ന് ലോകത്തെ ഏറ്റവും സമ്പന്നരായ ഒരു ജനതയായി ഗോവയിലെ മനുഷ്യർ മാറിയേനെ, പക്ഷെ അതുണ്ടായിട്ടില്ല.'
പ്രാദേശിക- ആഗോള തലങ്ങളിൽ പ്രകൃതി ചൂഷണം നടക്കുന്നു എന്നത് വ്യക്തമാണ്, പക്ഷെ അപ്പോഴും ഭരണതലത്തിൽ ശാസ്ത്രത്തെ ഉപയോഗിക്കാനുള്ള ശ്രമങ്ങൾ കാണാമല്ലോ. പ്രത്യേകിച്ചും പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട്?
ഇന്ത്യയിൽ ആദ്യമായാണ് ശാസ്ത്രവും ഭരണവും തമ്മിൽ ഇടപെടാനുള്ള സാധ്യത പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് മുന്നോട്ടുവന്നത്, ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് വഴിയായിരുന്നു അത്. ഒരു പ്രദേശം ഭരിക്കുന്ന സമയത്ത് അതിൽ എത്രമാത്രം ശാസ്ത്രാടിസ്ഥാനത്തിലുള്ള അറിവുകൾ ഉപയോഗിക്കപ്പെടുന്നുണ്ട് എന്നത് ഒരു ഗവേഷകൻ എന്ന നിലക്കും, അതിനുശേഷം ഒരു മുഴുവൻ സമയ ശാസ്ത്രജ്ഞൻ എന്ന നിലക്കും എന്നെ എപ്പോഴും അലട്ടിയിരുന്ന ഒരു ചോദ്യമാണ്. നമ്മൾ പുതിയതായി നിർമിക്കുന്ന അറിവുകൾ, അതെത്രമാത്രം, ആ പ്രദേശം ഭരിക്കുന്ന ആളുകൾ ശ്രദ്ധിക്കുന്നുണ്ട്, അതിൽ എത്രമാത്രം അത് ഭരണത്തെ, ഭരണരീതികളെ, നിർണയിക്കുന്നതിൽ ഒരു ഭാഗമാക്കുന്നുണ്ട് എന്നത് ഒരു ചോദ്യമാണ്. പലപ്പോഴും ടെക്‌നോളജി വളരെ ഭംഗിയായി ഉപയോഗിക്കപ്പെടുന്നുണ്ട്. പക്ഷെ ശാസ്ത്രത്തിന്റെ കാര്യത്തിൽ അതിപ്പോഴും ഒരു സംശയമാണ്. ടെക്‌നോളോജിയല്ല ശാസ്ത്രം. ശാസ്ത്രം നമ്മുടെ ചുറ്റുമുള്ള പ്രകൃതിയെ വിശദീകരിക്കുന്ന ഒരു പ്രക്രിയയാണ്.
അങ്ങനെ വിശദീകരിക്കുമ്പോൾ ഉണ്ടാകുന്ന പുതിയ അറിവുകളെ എത്രയും പെട്ടെന്ന് ഒരു ഭരണസംവിധാനത്തിന് ഏറ്റെടുക്കുവാൻ കഴിയുന്നു എന്നത് അന്വേഷിക്കുന്ന സമയത്ത് വലിയ നിരാശ ഉണ്ടാവാറുണ്ട്. അതിൽ നിന്ന് ഒരു മാറ്റത്തിന് സാധ്യതയുണ്ടാക്കിയ മാർഗരേഖയായിരുന്നു ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട്. രണ്ടു വർഷത്തോളം ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിന്റെ പ്രചാരണത്തിനായി തന്നെ മാറ്റിവെക്കുകയുണ്ടായി. അതിന്റെ രീതിശാസ്ത്രവും ശാസ്ത്രാടിത്തറയും നിഗമനങ്ങളും നിർദേശങ്ങളും ജനങ്ങളിലേക്കെത്തിക്കാൻ കഴിയുന്നത്ര സംസാരിക്കുകയും, എഴുതുകയുമൊക്കെ ചെയ്തു. ഒരു ശാസ്ത്രജ്ഞനെന്ന നിലയിൽ അതിന് എനിക്കൊരു കാരണമുണ്ടായിരുന്നു: സയൻസും ഗവേർണൻസും തമ്മിലുള്ള കൃത്യമായ ബന്ധമുറപ്പിക്കാൻ സാധ്യമായ ആദ്യചുവടുവെപ്പായിരുന്നു അത് എന്നതുതന്നെ. ശാസ്ത്രം കണ്ടെത്തുന്ന കാഴ്ചകളും അറിവുകളും എങ്ങനെയാണ് ഒരു പ്രദേശം ഭരിക്കുന്ന പ്രക്രിയയിൽ ഉൾച്ചേരുക എന്നതാണ് കാതലായ പ്രശ്‌നം. അതിനുള്ള ഏറ്റവും ശരിയായ രീതിശാസ്ത്രം മുന്നോട്ടുവെച്ചു എന്നതാണ് ഗാഡ്ഗിൽ റിപ്പോർട്ടിന്റെ പ്രസക്തി. പശ്ചിമഘട്ടം എന്ന വലിയ ഭൂപ്രദേശത്തെ ഒൻപത് ചതുശ്ര കിലോമീറ്റർ ഗ്രിഡുകളാക്കി തിരിച്ച് ഓരോ കളത്തിലും പതിനെട്ടോളം ജൈവ, സാമൂഹ്യ, ഭൗതിക പരാമീറ്ററുകൾക്ക് മൂല്യം നിർണയിക്കുകയും അതിന്റെ ആകെത്തുകയെ മുൻനിർത്തി ഓരോ ഇടത്തിനും മൂല്യനിർമിതി വരുത്തുകയും ചെയ്യുകയാണുണ്ടായത്.
സ്വാഭാവിക വനത്തിന്റെയത്ര തന്നെയോ അതിനു മേലെയോ മൂല്യമുളള കളങ്ങൾ ഇക്കോളജിക്കലി സെൻസിറ്റീവ് സോൺ 1 ആയി നിജപ്പെടുത്തി. അതിനു താഴെ മൂല്യമുള്ളവയെ സോൺ രണ്ട്, മൂന്ന് എന്നിങ്ങനെ തരം തിരിച്ചു. ഇത്തരത്തിലുള്ള ഒരു ഗ്രേഡഡ് സമീപനത്തിന്റെ ഗുണം അത് ഒരു പ്രവർത്തനത്തെയും തടയുന്നില്ല എന്നതാണ്. ഭൂമിയിൽ മനുഷ്യരുടെ ജീവസന്ധാരണവുമായി ബന്ധപ്പെട്ട ഏതു കാര്യവും ചെയ്യാം, പക്ഷെ അതെവിടെ ചെയ്യണം എന്ന നിഷ്‌കർഷ, സുസ്ഥിരമായ സാമൂഹ്യ നിലനിൽപിന് ആവശ്യമാണ് എന്നതായിരുന്നു റിപ്പോർട്ടിന്റെ നിലപാട്. ശാസ്ത്രസാഹിത്യ പരിഷത്ത് ഗാഡ്ഗിൽ റിപ്പോർട്ടിന്റെ മലയാള പരിഭാഷ തയാറാക്കുന്നതിനുമുൻപേ അതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.
റിപ്പോർട്ടിലെ പരാമർശങ്ങൾക്ക് കടകവിരുദ്ധമായ കാര്യങ്ങൾ റിപ്പോർട്ടിലുണ്ട് എന്ന് പറയുകയായിരുന്നു ആ ക്യാമ്പയിന്റെ തന്ത്രം. പള്ളികളിൽ നുണകൾ അക്കമിട്ട് നിരത്തിയ ഇടയലേഖനങ്ങൾ വായിക്കപ്പെട്ടു. വളരെ പെട്ടെന്ന് രാഷ്ട്രീയ പാർട്ടികൾക്ക് ഗാഡ്ഗിൽ റിപ്പോർട്ടിനെ എതിർത്താലല്ലാതെ വോട്ട് കിട്ടില്ല എന്ന അവസ്ഥയും സംജാതമായി. ശാസ്ത്രത്തെ, അതിന്റെ, അനുമാനങ്ങളേയും നിഗമനങ്ങളെയും നിർദേശങ്ങളെയും കേരളീയ സമൂഹം നേരിട്ട രീതിയതാണ്. പിന്നീട് വന്ന കസ്തൂരിരംഗൻ കമ്മിറ്റി ആദ്യ നിർദേശങ്ങളെ കാറ്റിൽ പറത്തി. പരിസ്ഥിതി സംരക്ഷണം എന്നത് തദ്ദേശീയ ജനതയെ- ഗ്രാമസഭകളെ ശക്തിപ്പെടുത്തി- ഏൽപ്പിക്കണമെന്ന് നിലപാടെടുത്ത ഗാഡ്ഗിൽ കമ്മിറ്റിയുടേതിൽ നിന്ന് വ്യത്യസ്തമായി "ഇത്രമാത്രം പ്രധാനപ്പെട്ട തീരുമാനമെടുക്കേണ്ട ഉത്തരവാദിത്വം എങ്ങിനെയാണ് ഗ്രാമീണരേയും നിരക്ഷരരായ ആദിവാസികളെയും ഏൽപ്പിക്കുക' എന്ന ചരിത്ര വിരുദ്ധമായ ചോദ്യമാണ് കസ്തൂരിരംഗൻ റിപ്പോർട്ട് ചോദിച്ചത്. കേരളത്തിൽ മാത്രമായി പിന്നീടുവന്ന ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി റിപ്പോർട്ടാകട്ടെ സംരക്ഷണം അർഹിക്കുന്ന ഭൂവിഭാഗം ഇപ്പോൾ തന്നെ വനവകുപ്പിനുകീഴിലുള്ള സ്ഥലങ്ങൾ മാത്രമാണ് എന്ന് വിധിക്കുകയും സംസ്ഥാന സർക്കാർ അത് അംഗീകരിക്കുകയും ചെയ്തു. അതിനുശേഷമാണ് കേരളമാകെ, പ്രകൃതിക്ഷോഭങ്ങൾ ഇല്ലാതിരുന്ന ചെറു ഭൂപ്രദേശം എന്ന നിലയിൽനിന്ന് പെട്ടെന്ന് സുരക്ഷിതമല്ലാത്ത ഇടമായി മാറിയതും. പ്രളയവും ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലുകളുമൊക്കെ ഉണ്ടായതും മനുഷ്യ ജീവനുകൾ നഷ്ടപ്പെട്ടതും ഉമ്മൻ.വി. ഉമ്മൻ റിപ്പോർട്ട് പുറത്താക്കിയ ഇടങ്ങളിലാണ്.
പ്രകൃതിദുരന്തങ്ങൾ പോലെ തന്നെ വളരെ വലിയ പ്രശ്‌നമായി മാറിയിരിക്കുന്ന ഒന്നാണ് മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷങ്ങൾ. ഗ്രാമങ്ങളിലേക്കിറങ്ങുന്ന പുലിയും, മനുഷ്യരുടെ പീഡനത്തിനിരയായി ചരിയുന്ന കാട്ടാനകളും ഇന്നും സ്ഥിരം വാർത്തയാണ്. എങ്ങനെ മനസിലാക്കുന്നു ഈ പ്രശ്‌നത്തെ?
മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം വലിയ തോതിലുള്ള പ്രശ്‌നമായി, വനം വകുപ്പിനെ തന്നെ വിഴുങ്ങുവാൻ ശേഷിയുള്ള ഒന്നായി മാറിക്കഴിഞ്ഞു. വളരെയധികം പണമാണ് നഷ്ടപരിഹാരമായി ഓരോ വർഷവും നൽകപ്പെടുന്നത്. വന്യജീവികളുടെയും മനുഷ്യരുടേയും ജീവനാശവും വിളനഷ്ടവും ഏറി വരുകയും ചെയ്യുന്നു. ഇതൊരു സെക്കൻഡ് ജനറേഷൻ പ്രശ്നമായാണ് വിലയിരുത്തപ്പെടുന്നത്. ഒരു കാര്യം നന്നായി ചെയ്തു എന്നതുകൊണ്ട് ഉയർന്നുവരുന്ന പ്രശ്‌നം എന്ന നിലക്കാണ് അത്. നായാട്ട് നിർബാധം നടന്നിരുന്ന കാലങ്ങളിൽ, വീരപ്പനൊക്കെ സജീവമായിരുന്ന കാലങ്ങളിൽ വന്യജീവികളുടെ എണ്ണം നിയന്ത്രിക്കപ്പെട്ടിരുന്നു. ശക്തമായി വനനിയമങ്ങൾ നടപ്പാക്കാൻ തുടങ്ങിയതോടെ ഈ അവസ്ഥ മാറി.
വന്യജീവികളുടെ എണ്ണത്തിലുണ്ടായ വർധനവിനോടൊപ്പം, കാടുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കോറിഡോറുകൾ നഷ്ടപ്പെട്ടതും, കാടിനോട് ചേർന്ന് റിസോർട്ടുകളും ക്വാറികളും വ്യാപകമായതും, വന്യജീവികളെ ആകർഷിക്കാൻ ശേഷിയുള്ള വിളകൾ കാടിനോടുചേർന്ന് കൃഷി ചെയ്യാൻ തുടങ്ങിയതും, രാത്രി മുഴുവൻ കാവലിരുന്ന് വന്യജീവികളിൽ നിന്ന് വിളകളെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ ഇല്ലാതായതും പ്രശ്‌നം ഗുരുതരമാക്കിയിട്ടുണ്ട്. വന്യജീവികളുടെ സ്വഭാവത്തിലുണ്ടായ വ്യത്യാസവും പ്രധാനമാണ്. പന്നിക്കൂട്ടങ്ങൾ പലതും ഉൾക്കാടുകളിൽ നിന്ന് ഓരങ്ങളിലേക്ക് മാറിത്താമസിച്ചു കഴിഞ്ഞു. നാട്ടിൽ സമൃദ്ധമായി കിട്ടുന്ന ഭക്ഷണമാണ് ഇതിന് കാരണം. ഞാൻ ഗവേഷണത്തിനായി കാട്ടിൽ പോകാൻ തുടങ്ങിയ തൊണ്ണൂറുകളുടെ ആദ്യകാലത്ത് പലപ്പോഴും ആനക്കൂട്ടങ്ങൾ അടുത്തുതന്നെ ഉണ്ടാകുമെങ്കിലും അവ നമ്മുടെ ജോലിക്ക് തടസ്സമാകാറില്ല. പരസ്പരം സാന്നിധ്യമറിയുകയും ശ്രദ്ധിക്കുകയും ചെയ്ത് കഴിഞ്ഞുപോകുന്ന, ജോലിക്ക് ഭംഗം നേരിടാതെ പോകുന്ന സമയങ്ങളായിരുന്നു അത്. ആ സ്ഥിതി ഇന്ന് മാറി. ഇന്ന് നമ്മളെ കണ്ടാൽ മുന്നോട്ടുവന്നു ആക്രമിക്കുന്നവരായി പല ആനക്കൂട്ടങ്ങളും മാറി. അത്രയേറെ യാതനകൾ മനുഷ്യരിൽ നിന്ന് അവ നേരിട്ടു എന്നതിന്റെ തെളിവാണിത്. പലയിടങ്ങളിലും വൈദ്യുതവേലികൾ പൊട്ടിക്കാൻ ആനകൾ പഠിച്ചു കഴിഞ്ഞു. പാഠപുസ്തകങ്ങളിൽ പറയുന്നതിന് വ്യത്യസ്തമായി കൊമ്പനാനക്കൂട്ടങ്ങൾ രൂപപ്പെടുകയും അവ നാട്ടിലേക്കിറങ്ങുകയും ധാരാളം സമയം അവിടെയുള്ള മനുഷ്യരെ ഭയചകിതരാക്കുന്ന കാഴ്ചയും നമ്മൾ കാണാൻ തുടങ്ങി.
വൈവിധ്യമാർന്നതും, സവിശേഷതകളുള്ളതും അനന്യവുമായ ആദിമനിവാസികളുടെ ലോകവീക്ഷണം മുൻനിർത്തി മാത്രമേ മനുഷ്യനും വന്യജീവികളും തമ്മിൽ നടക്കുന്ന സംഘർഷങ്ങളിൽ അയവ് വരുത്തുവാൻ സാധിക്കൂ
കാട്ടിൽ ജീവിക്കുന്ന, കാടിനെ ഏറ്റവും നന്നായി അറിയുന്ന ആദിമനിവാസികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ഒരിക്കലും പരിഗണിക്കപ്പെടുന്നില്ല എന്നതാണ് സ്ഥായിയായ പ്രശ്‌നം. പലപ്പോഴും മുഖ്യധാരാ പൊതുസമൂഹം മുന്നോട്ടുവെക്കുന്നതിൽ നിന്ന് വ്യത്യസ്തമായ നിലപാടാണ് അവർക്കുള്ളത്. കന്നുകാലിയെ കടുവയോ, പുലിയോ കൊന്നാൽ ആ ശരീരത്തിന് നഷ്ടപരിഹാരം തേടുന്നത്തിൽ നിന്ന് വ്യത്യസ്തമായി "ഞങ്ങൾക്ക് എല്ലാം തരുന്നത് കാടാണ്, അതിന് തിരിച്ച് ഇതുമാത്രമല്ലെ കൊടുക്കേണ്ടി വന്നുള്ളൂ ..' എന്ന് പറയുന്ന ആദിമനിവാസികൾ. കടുവ വന്ന് തന്റെ കന്നുകാലികളിൽ ഒന്നിനെ കൊണ്ടുപോയത് ഐശ്വര്യമായി കാണുന്ന മനുഷ്യരാണവർ. ഈ സെൻസിബിലിറ്റി പക്ഷെ മുഖ്യധാരാ മനുഷ്യർക്കോ, മാധ്യമങ്ങൾക്കോ മനസ്സിലാവുന്നതല്ല. വളരെ വൈവിധ്യമാർന്നതും, സവിശേഷതകളുള്ളതും അനന്യവുമായ ആദിമനിവാസികളുടെ ലോകവീക്ഷണം മുൻനിർത്തി മാത്രമേ മനുഷ്യനും വന്യജീവികളും തമ്മിൽ നടക്കുന്ന സംഘർഷങ്ങളിൽ അയവ് വരുത്തുവാൻ സാധിക്കൂ.
അഭിമുഖത്തിന്റെ തുടക്കത്തിൽ ശാസ്ത്രപഠനം എങ്ങനെ രാഷ്ട്രീയമായി കാണണം എന്ന് പറഞ്ഞിരുന്നു, കുട്ടികളുടെ പഠനത്തിൽ നിന്ന് തുടങ്ങേണ്ട കാതലായ മാറ്റത്തെ കുറിച്ച് താങ്കൾ സൂചിപ്പിച്ചു. ഒരു പക്ഷെ "First Question' എന്ന സംവിധാനം അത്തരത്തിലുള്ള ഒരു മാറ്റത്തിനുള്ള ശ്രമമായി കാണാമോ?
കുഞ്ഞുങ്ങൾ നിറയെ ജിജ്ഞാസയോടെയാണ് ഈ ലോകത്തിലേക്കുവരുന്നത്. അവർക്ക് നിറയെ സംശയങ്ങളും ഉണ്ടാകും. അവയിൽ പലതും ബ്രില്ല്യന്റ് ആയ ചോദ്യങ്ങളുമായിരിക്കും. സ്‌കൂളിൽ പോകുന്നതിനു മുന്നേ അവർ ചോദിക്കുന്ന സംശയങ്ങൾ ശ്രദ്ധയോടെ കേൾക്കുകയും ശാസ്ത്രപക്ഷത്ത് നിന്നുകൊണ്ട് ഉത്തരങ്ങൾ പറയാനുമുള്ള ശ്രമമാണ് "First Question ' എന്ന സംവിധാനം. കുട്ടികൾക്ക് ഫോണിലൂടെയോ ഈ മെയിലൂടെയോ ചോദ്യങ്ങൾ ചോദിക്കാം. എന്തിനെക്കുറിച്ചും. അതിന് ശാസ്ത്രജ്ഞരും ഗവേഷകരും അടങ്ങുന്ന പാനൽ ഉത്തരം കണ്ടെത്തും, ഈ സംവിധാനത്തിലൂടെ കുട്ടികൾക്ക് അത് പറഞ്ഞു കൊടുക്കുകയും ചെയ്യും. ചെറിയ ക്ലാസ്സുകളിലെ കുട്ടികളാണ് ഏറ്റവും അധികം ചോദ്യങ്ങൾ ചോദിക്കുക. പിന്നെ ഉയർന്നു പോകുമ്പോൾ ചോദ്യങ്ങൾ കുറയും. ലോകത്തെ ഏറ്റവും വലിയ പരീക്ഷയെന്ന് പേർത്തും പേർത്തും അധ്യാപകരും രക്ഷിതാക്കളും പറഞ്ഞുറപ്പിക്കുന്ന പത്താം ക്ലാസ് പരീക്ഷ കഴിയുന്നതോടെ ഇനി ചോദ്യങ്ങളൊന്നും ബാക്കിയില്ലെന്നുവരും. പിന്നെയങ്ങോട്ട് പഠനമെന്നത് വലിയ ബുദ്ധിമുട്ടുള്ള, മുഷിഞ്ഞു ചെയ്യേണ്ടുന്ന കാര്യമായി മാറും. നിറയെ ജിജ്ഞാസയുള്ള ഒരു കുട്ടിയെ ഇത്തരത്തിൽ നിശബ്ദമാക്കി മുതിർന്ന കുട്ടിയിലേക്ക് വളർത്തിയെടുക്കുന്ന പ്രക്രിയയാണ് സ്‌കൂളുകളിൽ നടക്കുന്നത്. അതിനോടുള്ള പ്രതികരണമെന്ന നിലയിൽ കുഞ്ഞുങ്ങളുടെ ആദ്യചോദ്യങ്ങൾ പ്രസക്തമാണെന്നും, അത് ഗൗരവത്തോടെ കേൾക്കുകയും പ്രതികരിക്കപ്പെടേണ്ടതുമാണ് എന്ന തിരിച്ചറിവിൽ നിന്നുമാണ് "First Question' ഉദയം ചെയ്തത്. കേരളത്തേക്കാൾ വടക്കൻ സംസ്ഥാനങ്ങളിൽ - ബീഹാർ, ഒറീസ, രാജസ്ഥാൻ- ആണ് ഈ സംവിധാനം ഏറെ ഉപയോഗിക്കപ്പെട്ടത്. അവിടങ്ങളിലെ ധാരാളം കുട്ടികൾ സ്‌കൂളിൽ പോകുന്ന ആദ്യ തലമുറയായതിനാലാണ് അതെന്ന് ഇന്ത്യയിലെ സമാന്തരവിദ്യാഭ്യാസത്തെക്കുറിച്ച് കൽക്കത്തയിൽ നിന്നുള്ള ഒരു മാധ്യമപ്രവർത്തകന്റെ ഒരു പഠന റിപ്പോർട്ടിൽ വായിച്ചു.
ശാസ്ത്രാന്വേഷണത്തിലൂടെ എന്താണ് സമൂഹം പ്രതീക്ഷിക്കേണ്ടത്?
സമൂഹമെന്നത് ഒരു പാത്രത്തിലെടുത്ത കഞ്ഞി പോലെയാണ്. ദീർഘനേരം അനക്കാതെ വെച്ചാൽ അതിന്റെ മേൽ പാട പിടിക്കും. അതിനനുവദിക്കാതെ നിരന്തരം അത് ഇളക്കിക്കൊണ്ടിരിക്കുകയാണ് മുന്നോട്ട് നടക്കുവാൻ ഉദ്ദേശിക്കുന്ന ഏതൊരു സമൂഹവും ശ്രദ്ധിക്കേണ്ടത്. ശാസ്ത്രത്തിന്റെ അത്ര തന്നെ ഇതിനുപയോഗിക്കാവുന്ന ഒരുപകരണം വേറെയില്ലെന്നും നമ്മൾ തിരിച്ചറിയേണ്ടതായിട്ടുണ്ട്.▮
ട്രൂകോപ്പി വെബ്‌സീൻ പാക്കറ്റ് 13-ൽ പ്രസിദ്ധീകരിച്ചത്.