ബ്രഹ്മപുരം കത്തുകയും 12 നാൾ അത് നീണ്ടുനിൽക്കുകയും നല്ലൊരു വാർത്താ പ്രാധാന്യമുണ്ടെന്നുകണ്ട് അതിനെ ഇലാസ്റ്റിക് കണക്കെ നീട്ടിവലിച്ചുവിട്ട് 12 നാൾക്കുശേഷവും അതിന്റെ അനുരണനങ്ങൾ തുടരുകയും ചെയ്ത കഴിഞ്ഞ നാളുകളെ കുറിച്ച് ഇനിയും ഒരു അവലോകനത്തിന് ശ്രമിക്കുന്നത് അനുചിതമെന്ന് കരുതുന്നു. അതുകൊണ്ടുതന്നെ എട്ടു വർഷമായി തൃശൂർ ജില്ലയിലുള്ള വടക്കാഞ്ചേരി നഗരസഭയുടെ സെക്രട്ടറി എന്ന നിലയിലും അതിനുമുമ്പ് പെർഫോമൻസ് ഓഡിറ്റ് ടീം അംഗമായി വിവിധ നഗരസഭകളുടെ മാലിന്യസംസ്കരണ പരിപാടികൾ അവലോകനം ചെയ്ത അനുഭവത്തിലും ഇന്നലേയും ഇന്നുമായി കഴിഞ്ഞുകൂടുന്ന ദൃഷ്ടാന്തങ്ങൾ ഒന്നുകൂടി ഓർക്കുകയാണ്.
എത്രയെത്ര ബ്രഹ്മപുരങ്ങൾ കണക്കിൽപെടാതെ നാളിതുവരെ കത്തിയമർന്നത് ആരെങ്കിലും ശ്രദ്ധിച്ചുവോ?
ജീവിതരീതിയിലെ ധാരാളിത്തം ഒരുപാട് ഭക്ഷണം വെയ്സ്റ്റാക്കുന്നതിന് കാരണമായിട്ടുണ്ട്. ഈ മാലിന്യം സമയത്തിന് സംസ്കരിക്കുന്നതിൽ അന്നുമുതൽക്കേ മലയാളി ശ്രദ്ധിച്ചിട്ടില്ല.
കേരളത്തിൽ ആകെ 93 നഗരങ്ങളുണ്ട്. ഇതിൽ ആറ് കോർപ്പറേഷനുകളും ശേഷിക്കുന്നവ നഗരസഭകളുമാണ്. നഗരങ്ങളായ ഇവയ്ക്കുപുറമെ നഗരസ്വഭാവമുള്ള 900-ത്തോളം പഞ്ചായത്തുകളും ഇന്നുണ്ട്. ഏകദേശ സമാഹൃത വിവരപ്രകാരം ഈ പഞ്ചായത്തുകളടക്കം കേരളം ഒരു നവനാഗരിക സ്വഭാവത്തിലേയ്ക്ക് മൊത്തമായി, അല്ലെങ്കിൽ വികസിത രാജ്യങ്ങളുടെ സ്റ്റാന്റേഡിലേയ്ക്ക് ഏതാനും വർഷങ്ങൾക്കുള്ളിൽ എത്തുമെന്നത് യാഥാർത്ഥ്യമാണ്. ആധുനിക നഗരജീവിത ക്രമപ്രകാരം എല്ലാ മനുഷ്യജീവികളുടെയും സഹജസ്വഭാവമാണ് തിരക്ക്. എല്ലാ മേഖലകളിലും തിരക്കാണ്. റോഡുകളിലും വീടുകളിലും സ്ഥാപനങ്ങളിലും ചുറ്റുപാടുകളിലും. എന്തിനേറെ, നഗരജീവിയായ മനുഷ്യരുടെ മനസ്സിൽ പോലും വിവിധ വികാരങ്ങളുടെ തിരക്കാണ്. ഈ തിരക്ക് അവരുടെ എല്ലാ പ്രവർത്തനങ്ങളേയും ബാധിച്ചിട്ടുണ്ട്. അവരവർക്കു ലഭിക്കുന്ന സേവനങ്ങൾ, അത് വളരെ വേഗം ലഭിക്കണമെന്നത് അവരുടെ തിരക്കിന്റെ ഒരു ഉദാഹരണമാണ്. ഇങ്ങനെ തിരക്കിട്ട ജീവിതത്തിൽ മുഴുകുന്നവരും, തിരക്കിട്ട ജീവിതത്തിലേയ്ക്ക് പ്രവേശിക്കാനിരിക്കുന്നവരുമായ ആളുകളെ ഉൾക്കൊള്ളുന്ന ഒന്നാണ് സമകാലിക കേരളം. അതുകൊണ്ടുതന്നെ തിരക്കിന്റെ പ്രധാന ഉപോൽപന്നമായ അവഗണനയുടെ അവസ്ഥാന്തരങ്ങൾ നമ്മൾ കണ്ടുതുടങ്ങിയിട്ടുണ്ട്. വയസ്സായ അച്ഛനമ്മമാരെ നോക്കാൻ സാധിക്കാത്തവർ, രോഗാവസ്ഥയിലുള്ള വളർത്തുജീവികളെ നോക്കാൻ സാധിക്കാത്തവർ എന്നു തുടങ്ങി അവരവരുടെ ജീവിതക്രമത്തിനിടയിൽ പരിപാലിക്കാൻ കഴിയാത്ത എന്തിനേയും വലിച്ചെറിയുക എന്നത് ആധുനിക മനുഷ്യരുടെ ജീവിതരീതിയായിരിക്കുന്നു എന്നതാണ് സത്യം.
ഇങ്ങനെ കേരളീയ മനുഷ്യസമൂഹം 1990-കൾക്കുശേഷം വലിച്ചെറിയുന്ന ചവറുകളാണ് ബ്രഹ്മപുരങ്ങൾക്ക് നിദാനം.
1990-കൾക്ക് ഒരു പ്രത്യേകതയുണ്ട്. അന്നുമുതൽക്കാണ് നമ്മുടെ രാജ്യം നവ ഉദാരീകരണ നയങ്ങളെ തുടർന്ന് നവലോകക്രമത്തിലേയ്ക്ക് വരികയും തുടർന്ന് വിവിധ മേഖലകളിൽ വ്യത്യസ്ത തലങ്ങളിലുള്ള സങ്കോച വികാസങ്ങൾ സംഭവിക്കുകയും ചെയ്തത്. 1990-കൾക്കുശേഷമാണ് കമ്പോളവ്യവസ്ഥയിലും ഉപഭോഗരീതികളിലും മാറ്റം വന്നത്. ആധുനിക മനുഷ്യരുടെ ജീവിതരീതിയിലും ഉപഭോഗക്രമത്തിലും വന്ന മാറ്റം വ്യത്യസ്തമാണ്. ദൈനംദിന ഭക്ഷണരീതികളിൽ വിവിധ വിഭവങ്ങളും രുചികളും വരുന്നു, വിഭവങ്ങളുടെ അളവ് വർദ്ധിക്കുന്നു. എന്തിനേറെ പറയുന്നു, ജീവിതനിലവാരം നിർണയിക്കുന്നതുപോലും ഭക്ഷണത്തെ അടിസ്ഥാനമാക്കിയാണ് എന്നുവരെ എത്തി. ഇന്ന് ഹോട്ടലുകളിൽ, കല്യാണച്ചടങ്ങുകളിൽ തുടങ്ങി ഭക്ഷണത്തിന്റെ ആർഭാടമാണ് ചർച്ച. കേരളത്തിലെ യു ട്യൂബ് ചാനലുകളിൽ ഏറിയ പങ്കും ചർച്ച ചെയ്യുന്നത് ഭക്ഷണത്തെക്കുറിച്ച് മാത്രമായിരിക്കുന്നു.
വലിച്ചെറിഞ്ഞുകൂട്ടിയ മാലിന്യങ്ങളാണ് യാതൊരാസൂത്രണവുമില്ലാതെ ബ്രഹ്മപുരങ്ങൾ സൃഷ്ടിച്ചുകൂട്ടിയത്. തദ്ദേശ സ്ഥാപനങ്ങൾക്കും അധികാരികൾക്കും ഇതിൽ എന്താണ് യാതൊരു പങ്കുമില്ലാതെ പോയത് എന്നാണ് സാമൂഹിക മാധ്യമങ്ങളുടെ പ്രധാന ചോദ്യം.
പറഞ്ഞുവന്നത് 1990- കൾക്കുശേഷമുണ്ടായ ഭക്ഷണ മാലിന്യത്തെ കുറിച്ചുതന്നെ. ജീവിതരീതിയിലെ ധാരാളിത്തം ഒരുപാട് ഭക്ഷണം വെയ്സ്റ്റാക്കുന്നതിന് കാരണമായിട്ടുണ്ട്. ഈ മാലിന്യം സമയത്തിന് സംസ്കരിക്കുന്നതിൽ അന്നുമുതൽക്കേ മലയാളി ശ്രദ്ധിച്ചിട്ടില്ല. വീട്ടിലെ പണികളെല്ലാം കഴിഞ്ഞ് കിട്ടുന്ന അവസ്ഥയെ മൊത്തമായി അടിച്ചുകോരി തുടച്ചുവൃത്തിയാക്കി ഒരു കവറിലേയ്ക്ക് തട്ടി, ആ കവർ കെട്ടിപ്പൊതിഞ്ഞ് പുറത്ത് സൗകര്യപ്രദമായ പൊതുസ്ഥലത്ത് വലിച്ചെറിയുകയും പിന്നീട് അതേക്കുറിച്ച് ചിന്തിക്കാതെ പൊതു എസ്റ്റാബ്ലിഷ്‌മെന്റുകളുടെ ദുരവസ്ഥയെക്കുറിച്ച് പരിതപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന, മലീമസമായ പ്രബുദ്ധതയിലേയ്ക്ക് യാതൊരു ഉളുപ്പുമില്ലാതെ വളരാൻ കഴിഞ്ഞു എന്നതാണ് ആധുനിക മലയാളിയുടെ സവിശേഷത.
ഇങ്ങനെ വലിച്ചെറിഞ്ഞ ‘വിദഗ്ധരായ പ്രബുദ്ധ മലയാളി’കളാണ് നമ്മുടെ നഗരങ്ങളിൽ അധിവസിക്കുന്നവരിൽ ഏറിയ പങ്കും. ഇങ്ങനെ വലിച്ചെറിഞ്ഞുകൂട്ടിയ മാലിന്യങ്ങളാണ് യാതൊരാസൂത്രണവുമില്ലാതെ ബ്രഹ്മപുരങ്ങൾ സൃഷ്ടിച്ചുകൂട്ടിയത്. തദ്ദേശ സ്ഥാപനങ്ങൾക്കും അധികാരികൾക്കും ഇതിൽ എന്താണ് യാതൊരു പങ്കുമില്ലാതെ പോയത് എന്നാണ് സാമൂഹിക മാധ്യമങ്ങളുടെ പ്രധാന ചോദ്യം. ‘ഇവിടെ മാലിന്യം വലിച്ചെറിയരുത്’ എന്നും ‘വലിച്ചെറിയുന്നത്ശിക്ഷാർഹമാണ്’ എന്നും സൂചിപ്പിക്കുന്ന മഞ്ഞയിൽ കറുത്ത അക്ഷരങ്ങളാൽ കുറിച്ചുവെച്ച ബോർഡുകൾ പോലും മാലിന്യക്കൂമ്പാരങ്ങൾ കൊണ്ട്മറഞ്ഞുപോകുന്ന നമ്മുടെ നാട്ടിൽ, നിയമം പലയിടങ്ങളിലും നോക്കുകുത്തിയാകാറുണ്ട്. റോഡിൽ ഒരു വെയസ്റ്റ് ബിൻ വെച്ചാൽ ഈ പ്രശ്‌നം പരിഹരിക്കപ്പെടില്ലേ എന്ന് വലിയ ഉപദേശവും കിട്ടാറുണ്ട്.
വീട്ടുമുറ്റവും പരിസരവും അടിച്ചുവാരി വൃത്തിയാക്കി കത്തിച്ചുകളഞ്ഞാലല്ലാതെ മലയാളിയുടെ വൃത്തിബോധം വിശ്രമിക്കില്ല. ഇങ്ങനെ ദിനേന കത്തിക്കുന്ന എത്ര വീടുകൾ ഇപ്പോഴും കേരളത്തിലുണ്ട്.
2010-ലും 2016-ലും നടപ്പിൽവന്ന ഖരമാലിന്യ സംസ്കരണ നിയമങ്ങൾ മുഖേന, അവരവർ ഉൽപ്പാദിപ്പിക്കുന്ന ഏതൊരു മാലിന്യവും സ്വന്തം ഉത്തരവാദിത്തത്തിൽ സംസ്കരിക്കേണ്ടതാണെന്ന് നിർദ്ദേശിക്കപ്പെട്ട സാഹചര്യത്തിൽ, ഇത്തരം വെയ്സ്റ്റ്ബിന്നുകൾ യാതൊരു ഉത്തരവാദിത്തവുമില്ലാത്ത നിർഗുണ പരബ്രഹ്മങ്ങളായ മനുഷ്യരെ സൃഷ്ടിക്കുകയും അവരെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന യാതൊരു വ്യവസ്ഥയുമില്ലാത്ത അരാജക സമൂഹങ്ങളെ സൃഷ്ടിക്കുകയും ചെയ്യും എന്നതാണ് അവസ്ഥ. കാരണം, യാതൊരു വ്യവസ്ഥയുമില്ലാതെ ഓരോ വീട്ടിലേയും സ്ഥാപനങ്ങളിലേയും മാലിന്യം- അത് ഭക്ഷണ മാലിന്യമാകാം, സാനിറ്ററി നാപ്കിനാവാം- യാതൊരു ഉൽപ്പാദക ഉത്തരവാദിത്തവുമില്ലാതെ സമൂഹത്തിന്റെ നെഞ്ചത്ത് വലിച്ചെറിയാൻ മാത്രമേ വ്യവസ്ഥ ചെയ്യുകയുള്ളൂ.
ഓരോ വീടും സ്ഥാപനങ്ങളുടെ പരിസരവും ഒരു ചെറു ബ്രഹ്മപുരമാണ്
ഓരോ വീട്ടിലും അന്നന്ന് എത്തിച്ചേരുന്ന പ്ലാസ്റ്റിക് മാലിന്യം അവിടുത്തെ അടുപ്പുകളിൽ എരിഞ്ഞടങ്ങിക്കൊണ്ടിരിക്കുന്നു. വീട്ടുമുറ്റവും പരിസരവും അടിച്ചുവാരി വൃത്തിയാക്കി കത്തിച്ചുകളഞ്ഞാലല്ലാതെ മലയാളിയുടെ വൃത്തിബോധം വിശ്രമിക്കില്ല. ഇങ്ങനെ ദിനേന കത്തിക്കുന്ന എത്ര വീടുകൾ ഇപ്പോഴും കേരളത്തിലുണ്ട്. കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളുടെ പരിസരങ്ങൾ രാത്രികാലങ്ങളിൽ പരിശോധിക്കുക. അന്നന്നത്തെ വ്യാപാര ബാക്കികൾ, പേപ്പറുകൾ, പ്ലാസ്റ്റിക്കുകൾ എന്നിവയെല്ലാം കൃത്യമായി കത്തിക്കാൻ ഒരു ഇരുമ്പ് വീപ്പ മിക്കവാറും സ്ഥാപനങ്ങളുടെ കോൺക്രീറ്റ് മേൽക്കൂരയ്ക്കു മുകളിലോ പരിസരങ്ങളിലോ കാണാം. പല നഗരങ്ങളിലും തെരുവുകളടിച്ചുകൂട്ടി കത്തിച്ച് വൃത്തിയാക്കുന്നതാണ് ഏറ്റവും വലിയ മാലിന്യ സംസ്കരണ മാതൃക. മാലിന്യം കത്തിക്കുമ്പോഴുണ്ടാകുന്ന ഡയോക്‌സിനുകൾ, ഫ്യൂറാൻ തുടങ്ങിയ വിഷവാതകങ്ങൾ വളരെയധികമാണ്. കത്തിച്ചാൽ മാലിന്യം ഇല്ലാതാകുന്നു എന്ന് വിശ്വസിക്കുന്ന മലയാളി സ്വയം ഇല്ലാതാക്കുന്നത് അവരവരുടെ ജീവിതത്തോടൊപ്പം സ്വന്തം തലമുറയെക്കൂടിയാണ്. അവരവർ സന്തോഷത്തോടെ, ആരോഗ്യത്തോടെ ജനിച്ചുവളർന്ന അതേ മണ്ണും വെള്ളവും വായുവും അടുത്ത തലമുറയ്ക്ക് അതേ സ്ഥിതിയിലോ അല്ലെങ്കിൽ അതിനേക്കാൾ മെച്ചപ്പെട്ട സ്ഥിതിയിലോ നൽകാൻ കഴിയാത്ത നമ്മൾ അടുത്ത തലമുറയോട് കണക്കു പറയേണ്ടിയിരിക്കുന്നു. അവരോട് സമാധാനം ബോധിപ്പിക്കേണ്ടിയിരിക്കുന്നു.
സ്വന്തം മാലിന്യം മറ്റൊരാൾക്ക് ബുദ്ധിമുട്ടാവാതെ വളരെ വേഗത്തിലും ആധുനികമായും സംസ്കരിച്ച് പുനരുപയോഗിക്കേണ്ട ബാധ്യത നമ്മുടേതാണ് എന്ന തിരിച്ചറിവാണ് ആദ്യം ഉണ്ടാകേണ്ടത്.
ഇങ്ങനെയൊക്കെ ജീവിച്ചാൽ മതിയോ?
1. അവരവർക്ക് ആവശ്യമുള്ള വിഭവങ്ങൾ മാത്രം ഉപഭോഗിക്കുകയും മാലിന്യം പരമാവധി കുറയ്ക്കുകയും ചെയ്യാൻ ശ്രമിച്ചുകൂടേ? അന്നന്നേയ്ക്കുള്ള ഭക്ഷണം ഏകദേശം എത്ര വരും എന്ന് കണക്കാക്കി പാചകം ചെയ്ത് അത് പരമാവധി വേയ്സ്റ്റാക്കാതെ ഉപയോഗിക്കാൻ നമ്മെയാരും പഠിപ്പിക്കേതില്ല. പക്ഷേ, നമുക്കതിന് സമയമില്ല. കൈയിൽ ഒരൽപ്പം കൂടുതലായി കാശിരുന്നാലും വീട്ടിൽ കൂടുതൽ ഭക്ഷണം ഇരുന്നാലും നാം അനുഭവിക്കുന്ന സ്വസ്ഥതയുണ്ടല്ലോ, അതിൽ അഭിരമിക്കുന്നു എന്നതാണ് നമ്മുടെ ആദ്യ പരാജയം. അതുകൊണ്ട് ഭക്ഷണം കൂടുതലുണ്ടാക്കുന്നത്, അത് പിന്നീട് ഉപയോഗിക്കാതെ വേയ്സ്റ്റാക്കുന്നത് നമുക്ക് ഒഴിവാക്കാവുന്നതേയുള്ളൂ.
2. ഒരിക്കൽ ഉപയോഗിച്ച് മതിയായ, അല്ലെങ്കിൽ മാറ്റിവെച്ച വസ്തുക്കൾ നമുക്കോ അതാവശ്യമുള്ള മറ്റൊരാൾക്കോ ഉപയോഗിക്കുന്നതിനുള്ള സാഹചര്യം പുനർനിർണയിക്കുക എന്നത് അനിവാര്യതയാണ്. ഇതിനായി സ്വാപ് ഷോപ്പുകൾ കൂടുതൽ ആരംഭിക്കുന്നത് ഉചിതമായിരിക്കും.
3. നമ്മുടെ ശീലങ്ങളിൽ വളരെയധികം മാറ്റം വരേണ്ടതുണ്ട്. സ്വന്തം മാലിന്യം മറ്റൊരാൾക്ക് ബുദ്ധിമുട്ടാവാതെ വളരെ വേഗത്തിലും ആധുനികമായും സംസ്കരിച്ച് പുനരുപയോഗിക്കേണ്ട ബാധ്യത നമ്മുടേതാണ് എന്ന തിരിച്ചറിവാണ് ആദ്യം ഉണ്ടാകേണ്ടത്. സൃഷ്ടിക്കപ്പെടുന്ന മാലിന്യത്തിന്റെ അളവ് കുറയ്ക്കുക എന്നതോടൊപ്പം ഈ മാലിന്യങ്ങളുടെ സംസ്കരണത്തിന് ബയോബിൻ, പൈപ്പ് കമ്പോസ്റ്റ്, റിംഗ് കമ്പോസ്റ്റ്, കമ്പോസ്റ്റിംഗ് പോട്ട്, ബൊക്കാഷി ബക്കറ്റ് തുടങ്ങി വിവിധ മാർഗങ്ങൾ സബ്‌സിഡി നിരക്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ലഭ്യമാണ്. ഇവ വാങ്ങി ഫലപ്രദമായി ഉപയോഗിച്ച് ജൈവമാലിന്യത്തെ ജൈവവളമാക്കി മാറ്റി അതുപയോഗിച്ച് അടുക്കളത്തോട്ടമുണ്ടാക്കി ഭക്ഷണത്തിലും മാലിന്യ സംസ്കരണത്തിലും സ്വയംപര്യാപ്തത കൈവരിക്കാം.
ഇത്തരം മാലിന്യ സംസ്കരണ ഉപാധികൾ വ്യക്തികൾക്ക് നൽകുന്നതിന് ഇപ്പോൾ തദ്ദേശ സ്ഥാപനങ്ങൾക്ക് സംവിധാനമുണ്ട്. പക്ഷേ, അത് ഫലപ്രദമാണോ എന്ന് നാളിതുവരെ എവിടേയും മോണിറ്റർ ചെയ്യപ്പെട്ടിട്ടില്ല. ഓരോ വ്യക്തിയും ഇതെല്ലാം വാങ്ങിക്കൊണ്ടുപോകുന്നുണ്ടെങ്കിലും അവരിത് ശരിയായി ഉപയോഗിക്കുന്നുണ്ടോ, ഈ സംവിധാനങ്ങൾക്ക് തകരാറുണ്ടോ, ഉണ്ടെങ്കിൽ പരിഹരിക്കാനാവശ്യമായ സാങ്കേതിക സഹായം തദ്ദേശ സ്ഥാപനങ്ങൾ നൽകുന്നുണ്ടോ എന്ന് പുനഃപരിശോധിക്കുന്ന എത്ര തദ്ദേശ സ്ഥാപനങ്ങൾ കേരളത്തിലുണ്ട്? ഇത്തരം മാലിന്യ സംസ്കരണ സംവിധാനങ്ങൾക്കാവശ്യമായ സാങ്കേതിക പിന്തുണ നൽകുന്നതിന് സജ്ജമായ എത്ര ഹരിതകർമസേനാംഗങ്ങൾ തദ്ദേശ സ്ഥാപനങ്ങളിലുണ്ട്?
പുനഃപരിശോധിക്കപ്പെടേണ്ടതും പിന്തുണ നൽകേണ്ടതുമായ വിഷയമാണ് മേൽപ്പറഞ്ഞത്. അല്ലാത്തപക്ഷം ഏറെ കൊട്ടിഘോഷിച്ച് തദ്ദേശ സ്ഥാപനങ്ങൾ നടപ്പാക്കുന്ന മാലിന്യ സംസ്കരണ പദ്ധതികൾക്ക് യാതൊരു ഫലവും സാമൂഹിക ഫലപ്രാപ്തിയും ലഭിക്കാതെ വരും എന്നതാണ് ബ്രഹ്മപുരങ്ങൾക്ക് കാരണമാകുന്നത്. എറണാകുളം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ പലതും ഇങ്ങനെ വ്യക്തിഗതമോ കമ്മ്യൂണിറ്റി തലത്തിലോ ഉള്ള മാലിന്യ സംസ്കരണ സംവിധാനങ്ങൾ നടപ്പാക്കുന്നതിൽ എത്രകണ്ട് പരിശ്രമിച്ചിരുന്നു എന്നത് പഠനവിധേയമാക്കേതാണ്. ഭൂരിഭാഗം വ്യക്തികൾക്കും NIMBY SYNDROME ഒരലങ്കാരമായിരുന്നു എന്നതാണ് വസ്തുത.
4. അജൈവ മാലിന്യ സംസ്കരണത്തിന് ഹരിതകർമസേനയെ കൂടുതൽ സജ്ജമാക്കേണ്ടതുണ്ട്. ഹരിതകർമസേനാ പ്രവർത്തകരോട് പരിഷ്‌കൃത സമൂഹമെടുക്കുന്ന നിലപാട് എന്ത് എന്നത് ഈയിടെ നാം കണ്ടു. കുറച്ചു നാളുകൾക്ക് മുമ്പ് ഒരു വിവരാവകാശരേഖ സാമൂഹ്യമാധ്യമങ്ങളിൽ ഷെയർ ചെയ്ത്, ഹരിതകർമസേനാ സംവിധാനം വളരെ മോശമാണെന്നുവരെ വരുത്തിത്തീർത്ത ബുദ്ധിജീവികളുള്ള നാടാണ് നമ്മുടേത്. ഹരിതകർമസേനാപ്രവർത്തകർ ഓരോ വീട്ടിലും കയറി പ്ലാസ്റ്റിക് അടക്കമള്ള അജൈവ മാലിന്യങ്ങൾ എടുത്തു തുടങ്ങിയപ്പോൾ നമ്മുടെ പാടത്തും പറമ്പിലും തോടുകളിലും ജലാശയങ്ങളിലും എന്തിനേറെ, നദികളിലും കടലിലും എത്തിച്ചേർന്നിരുന്ന പ്ലാസ്റ്റിക്കിന്റെ അളവ് വളരെയധികം കുറഞ്ഞത് ഏത് സംവിധാനമാണ് മോണിറ്റർ ചെയ്തിട്ടുള്ളത്. ഹരിതകർമസേനയുടെ പ്രവർത്തനം മൂലം നമ്മുടെ സമൂഹത്തിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റം ഗവേഷണ വിധേയമാക്കേണ്ട ഒന്നാണ്. സ്വന്തം വീട്ടിലെ അജൈവ മാലിന്യം കഴുകി വൃത്തിയാക്കി ഉണക്കി സൂക്ഷിച്ച് പ്രതിമാസം ഹരിതകർമസേനയ്ക്ക് നൽകുക എന്നത് ജീവിതരീതിയാക്കി മുഴുവൻ കേരളീയരും എന്ന് മാറ്റുന്നുവോ അന്ന് മറ്റ് വിദേശരാജ്യങ്ങളിൽ നമ്മളൊക്കെ കാണുന്നതുപോലെ വൃത്തിയുള്ള നഗരവീഥികളുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
5. അജൈവമാലിന്യം ശേഖരിക്കുന്ന ഹരിതകർമസേനാ പ്രവർത്തകരെ ഇന്നുള്ളതിനേക്കാൾ അംഗീകൃത സർക്കാർ വിഭാഗമായി മാറ്റേണ്ടത്അനിവാര്യമാണ്. കാരണം, ഇവരോട് ഒരു വലിയ വിഭാഗം ഇപ്പോഴും എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സമൂഹത്തിലെ മധ്യവർഗ വിഭാഗങ്ങളിൽ പലരും ഇന്നും ഇവരെ അവഗണിച്ചുകൊണ്ടിരിക്കുന്നു എന്നത് യാഥാർത്ഥ്യമാണ്. ഹരിതകർമസേനയ്ക്ക് യൂസർഫീ നൽകി മാലിന്യം നൽകുക എന്ന പ്രവൃത്തി ചെയ്യാത്ത ഏതൊരു വ്യക്തിയേയും നിയമപരമായി ശിക്ഷിക്കാൻ തയ്യാറാവേണ്ടതുണ്ട്. അപ്പോൾ നമ്മുടെ കേരളം വീണ്ടും മാറും. ഹെൽമറ്റ് വയ്ക്കാത്ത ഇരുചക്രവാഹനക്കാർ ഹെൽമറ്റ് വെച്ചുതുടങ്ങിയതും പൊതുസ്ഥലത്ത് പുകവലി ഇല്ലാതായതും ഇതേ പോലെ നിയമവും എൻഫോഴ്സ്മെൻറും ശക്തമായതു കൊണ്ടാണ്. ഒരു കിലോ നേന്ത്രപ്പഴത്തിന്റെ തുക പോലും വരാത്ത യൂസർഫീ പ്രതിമാസം നൽകാൻ കഴിയാത്തവരോട് ഇതിലപ്പുറമൊന്നും ചെയ്യാനില്ല.
6. ഇതേ നിലപാടുതന്നെ പൊതുസ്ഥലത്ത് മാലിന്യമെറിയുന്നവരോടും എടുക്കേണ്ടതാണ്. കളവ്, കൊലപാതകം, റേപ്പ്, വഞ്ചന തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് സമാനമാണിതും എന്ന സാമൂഹികബോധം ഇത്തരക്കാരോടും വേണം. പൊതുസ്ഥലത്ത് മാലിന്യമെറിയുന്നവരെ ഒറ്റപ്പെടുത്തുന്നതിനും അവരെ പൊതുമധ്യത്തിൽ പ്രദർശിപ്പിക്കുന്നതിനും തദ്ദേശസ്ഥാപനങ്ങൾ തയ്യാറായി വരുന്നിടത്ത് പിന്നെയാരും ഇതിനു ധൈര്യപ്പെടില്ല എന്നത് യാഥാർത്ഥ്യമാണ്. പൊതുസ്ഥലത്ത് തുപ്പുന്നവരെ ശിക്ഷിക്കുന്ന രാജ്യങ്ങൾ ഈ ലോകത്തുണ്ട്. ആ രാജ്യങ്ങളെല്ലാം വളരെ മനോഹരവുമാണ്.
7. മാറ്റം അനിവാര്യമാണ്. വിവിധ മാലിന്യ സംസ്കരണ പരിപാടികൾ പലയിടത്തും നടന്നുകൊണ്ടിരിക്കുന്നു. വിജയമാതൃകകളും ധാരാളമായുണ്ട്. അത്തരം മാതൃകകളിൽ മാത്രം നിൽക്കാതെ പുതിയ മാലിന്യ സംസ്കരണ മാർഗങ്ങളിലേയ്ക്ക് നാം മാറേണ്ടിയിരിക്കുന്നു. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ ഒരു പ്രത്യേകത വെച്ച് ഉറവിട മാലിന്യ സംസ്കരണവും അതോടൊപ്പം ചെറിയ മാലിന്യപ്ലാന്റുകളുമാണ് വിജയകരം. അല്ലാതെ, വലിയ മാലിന്യ പ്ലാന്റുകളോ ഫീസിബിലിറ്റി നോക്കാതെ മറ്റ് സംസ്ഥാനങ്ങളിൽ നടപ്പിലാക്കിത്തുടങ്ങുന്ന രീതികളോ പെട്ടെന്ന് അനുകരിക്കാൻ തുടങ്ങുന്നത് വലിയ അബദ്ധങ്ങളിലേയ്ക്കാണ് എത്തുക. വലിയ മാലിന്യ സംസ്കരണ പ്ലാന്റുകൾ ഉൾക്കൊള്ളാനുള്ള സ്ഥലശേഷി ഇന്നത്തെ തദ്ദേശ സ്ഥാപനങ്ങൾക്കില്ല. മാത്രമല്ല, ഇവയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംഭവിച്ചേക്കാവുന്ന ഏതൊരു സാങ്കേതിക പ്രശ്‌നവും യഥാസമയം പരിഹരിക്കപ്പെട്ടില്ലെങ്കിൽ അതുണ്ടാക്കുന്ന പ്രത്യാഘാതം വളരെ വലുതാണ്. ചുരുക്കത്തിൽ, അന്നന്നുണ്ടാകുന്ന മാലിന്യങ്ങൾ സംസ്കരിക്കാവുന്ന രീതിയിലേയ്ക്ക് സ്വയം പര്യാപ്തത നേടുവാൻ ഓരോ കേരളീയ ഭവനങ്ങൾക്കും കഴിഞ്ഞാൽ അതായിരിക്കും ഒരു ലോക മാതൃക.
അടുക്കളയിൽനിന്ന് പുറത്തുപോകുന്ന മലിനജലവും സെപ്റ്റിക് ടാങ്കുകൾക്ക് പകരം ഉപയോഗിക്കുന്ന കക്കൂസ് ടാങ്കുകൾ സൃഷ്ടിക്കുന്ന മലിനജല പ്രശ്‌നങ്ങളും ഇന്ന് വലിയ തോതിൽ പ്രതിബന്ധമായി നിൽക്കുകയാണ്.
അപ്പോൾ ഫ്ലാറ്റുകളോ?
ഒന്നര സെൻറ് വിസ്തൃതിയിലുള്ള വീടുകൾക്കുപോലും വിജയകരമായി ഉപയോഗിക്കാവുന്ന മാലിന്യ സംസ്കരണ മാതൃകകളുണ്ട്. ഫ്ലാറ്റുകൾ ഓരോ കമ്മ്യൂണിറ്റിയായി പരിഗണിക്കാം. കുടുംബശ്രീ അടക്കമുള്ള എൻ.ജി.ഒകൾ തയ്യാറായപ്പോൾ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് കമ്മ്യൂണിറ്റി ലെവൽ മാലിന്യ സംസ്കരണ സംവിധാനം വിജകരമായി നടപ്പാക്കിയതിന്റെ മാതൃകകൾ പലതും കേരളത്തിലുണ്ട്.
8. ജൈവ- അജൈവ മാലിന്യങ്ങൾ മാത്രമല്ല, മലിനജലവും ഒരു പ്രതിബന്ധമാണ്. വലിച്ചെറിയപ്പെടുന്ന ഓരോ മാലിന്യ കവറിൽ നിന്നും ഒഴുകിപ്പരക്കുന്ന ‘ലീച്ചേറ്റ്’ വിവിധ തരം രോഗാണുക്കൾക്ക് വളർന്ന് പന്തലിച്ച് രൂപാന്തരം വന്ന് നാളിതുവരെ കേൾക്കാത്ത പേരുകളിലുള്ള അസുഖങ്ങൾക്ക് കാരണമായിട്ടുണ്ട്. അതോടൊപ്പം, അടുക്കളയിൽനിന്ന് പുറത്തുപോകുന്ന മലിനജലവും സെപ്റ്റിക് ടാങ്കുകൾക്ക് പകരം ഉപയോഗിക്കുന്ന കക്കൂസ് ടാങ്കുകൾ സൃഷ്ടിക്കുന്ന മലിനജല പ്രശ്‌നങ്ങളും ഇന്ന് വലിയ തോതിൽ പ്രതിബന്ധമായി നിൽക്കുകയാണ്. ‘തെളിനീരൊഴുകും നവകേരളം’ എന്ന പദ്ധതിയുടെ ഭാഗമായി കേരളത്തിലെമ്പാടും നടത്തിയ ജലപരിശോധന മലയാളിയുടെ വൃത്തിബോധം വ്യർത്ഥമാണെന്ന് തെളിയിച്ചു. കേരളത്തിലെ ബഹുഭൂരിപക്ഷം ജലാശയങ്ങളും ഇ- കോളി ബാക്ടീരിയയാൽ സമൃദ്ധമെന്ന് നാമന്നു തിരിച്ചറിഞ്ഞു.
തികച്ചും പരാജിതരല്ല നമ്മളാരും
വളരെ മെച്ചപ്പെട്ടതും മാതൃകാപരമായതുമായ നിരവധി മാലിന്യസംസ്കരണ പദ്ധതികളാലും പരിഹാരങ്ങളാലും നമ്മുടെ നാട് പഴയകാല നിലവാരം തിരിച്ചുപിടിച്ചുകൊണ്ടിരിക്കുകയാണ്. ഇടക്കാലത്ത് നമുക്ക് നഷ്ടപ്പെട്ട പരിസ്ഥിതി ബോധം തിരിച്ചുവന്നിരിക്കുന്നു. അവരവർ ഉൽപാദിപ്പിക്കുന്ന മാലിന്യം യാതൊരു മടിയുമില്ലാതെ പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞ് സ്വന്തം വീട്ടിലെ അഴുക്കുജലം പൊതു കാനയിലേയ്ക്കും തുടർന്ന് ജലാശയങ്ങളിലേയ്ക്കും ഒഴുക്കിവിട്ട് വീട്ടിൽ അജൈവമാലിന്യമെടുക്കാൻ വരുന്ന ഹരിതകർമ സേനക്കാരോട് തർക്കിച്ച് അവരെ തിരിച്ചയയ്ക്കുന്ന മലയാളികളുടെ എണ്ണത്തിൽ കുറവുവരുന്നു എന്നത് ആശാവഹം തന്നെയാണ്. എന്നാലും ഇനിയും ഒരുപാട് മാറാനുണ്ട്, നമ്മുടെ സ്ഥിരം ശീലങ്ങളിലും രീതികളിലും പ്രകൃതങ്ങളിലുമെല്ലാം.
ബ്രഹ്മപുരം ഒരു പരാജിത കഥയല്ല. അളവിൽ കവിഞ്ഞ മാലിന്യം ഉൾക്കൊള്ളാൻ കഴിയാതെ വന്നപ്പോൾ സംഭവിച്ചുപോയ മനുഷ്യസഹജമായ ഒന്നാണ്. അത് ആവർത്തിക്കപ്പെടാതെ നോക്കണമെങ്കിൽ നേരത്തെ പറഞ്ഞപോലെ ഓരോ വീടുകളും ഫ്ലാറ്റുകളും അന്നന്നത്തെ മാലിന്യങ്ങൾ സംസ്കരിക്കുന്ന കാര്യത്തിൽ നിതാന്ത ജാഗ്രത പുലർത്തണം. തദ്ദേശ സ്ഥാപനങ്ങൾ കൃത്യമായി പിന്തുണയും മോണിറ്ററിംഗും നടത്തണം. ഒരു തദ്ദേശ സ്ഥാപനത്തിലെ 50 വീടുകളെ ക്ലസ്റ്ററുകളാക്കി തിരിച്ച് സി.ഡി.എസിന്റെ സഹായത്തോടെ വീടുകളിലെ ജൈവ- അജൈവ മാലിന്യനീക്കം പരിശോധിക്കണം. സ്ഥാപനങ്ങളിൽനിന്ന് ശേഖരിക്കുന്ന ജൈവമാലിന്യങ്ങൾക്ക് സംസ്കരണ സംവിധാനം തദ്ദേശ സ്ഥാപനതലങ്ങളിൽ ഏർപ്പെടുത്തണം. മലിനജല സംസ്കരണത്തിന് പദ്ധതി തയ്യാറാക്കി നടപ്പാക്കണം. ഇതൊന്നും നമുക്കറിയാത്തതല്ല. ചെയ്യാൻ മെനക്കെടില്ല എന്നുമാത്രം.
അങ്ങനെപോരാ, മാറ്റങ്ങൾക്കായി നമ്മുടെ നാട് എന്നും കാത്തിരുന്നിട്ടുണ്ട്.
- 1991- ഫലപ്രാപ്തി നേടിയ സമ്പൂർണ സാക്ഷരതാ യജ്ഞം.
- 25 വർഷങ്ങൾക്കുമുമ്പ് ആരംഭിച്ച ജനകീയാസൂത്രണ പ്രസ്ഥാനം.
- 25 വർഷം മുമ്പ് ആരംഭിച്ച കുടുംബശ്രീ.
ഇതിനൊക്കെ കാരണമായ ജനകീയ പിന്തുണയാണ് കേരളത്തിന്റെ ശക്തി. ഈ ജനകീയ പിന്തുണയുടെ മറ്റൊരു പതിപ്പായി മാറാൻ കേരളത്തിലെ സമഗ്ര മാലിന്യസംസ്കരണ പരിപാടികൾക്ക് കഴിയേണ്ടതുണ്ട്. ▮