കാടുമായി വേണം, മനുഷ്യർക്ക് സൗഹൃദം

‘‘ആഗോള കാലാവസ്ഥാ മാറ്റം, ഉൽപ്പന്ന വിലയിടിവ്, തൊഴിൽ പ്രശ്നങ്ങൾ, കൃത്യസമയത്ത് ഉത്പന്നങ്ങൾ ശേഖരിക്കാൻ സംവിധാനമില്ലാത്തത്, കൃഷിയിടങ്ങൾക്ക് ഭൗതിക സൗകര്യങ്ങളില്ലായ്മ തുടങ്ങിയ അടിസ്ഥാന കാര്യങ്ങളിലുണ്ടായ രാഷ്ട്രീയ പരാജയങ്ങൾ മറച്ചുവെക്കലാണ് വന്യജീവികളും കാടും കർഷകരുടെ ശത്രുവാണ് എന്ന് പ്രഖ്യാപിക്കുന്നതിലെ രാഷ്ട്രീയം’’.

വികസന ചിന്തയിലൂന്നിയ രാഷ്ട്ര പ്രവർത്തനത്തിന്റെ ഒന്നാമത്തെ ലക്ഷ്യം പ്രകൃതി വിഭവങ്ങൾ കുത്തക കമ്പനികൾക്കും കച്ചവട താത്പര്യങ്ങൾക്കും വേണ്ടി ലഭ്യമാക്കുക എന്നതാണ്. പ്രകൃതിവിഭവങ്ങളുടെ പ്രാദേശിക ഉടമസ്ഥത ഇല്ലാതാക്കുന്നതിലാണ് ഇതിന്റെ വിജയം. ഇതിനുവേണ്ടിയാണ് കർഷകർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം വന്യജീവി ആക്രമണമാണ് എന്ന് വരുത്തിത്തീർക്കുന്നത്. അതിനുവേണ്ടിയുള്ള സംഘടിത ശ്രമങ്ങളുടെ ഭാഗമായാണ് ഈ ആഘോഷങ്ങളെന്ന് തിരിച്ചറിയണം.

ആഗോള കാലാവസ്ഥാ മാറ്റം, ഉൽപ്പന്ന വിലയിടിവ്, തൊഴിൽ പ്രശ്നങ്ങൾ, കൃത്യസമയത്ത് ഉത്പന്നങ്ങൾ ശേഖരിക്കാൻ സംവിധാനമില്ലാത്തത്, കൃഷിയിടങ്ങൾക്ക് ഭൗതിക സൗകര്യങ്ങളില്ലായ്മ തുടങ്ങിയ അടിസ്ഥാന കാര്യങ്ങളിലുണ്ടായ രാഷ്ട്രീയ പരാജയങ്ങൾ മറച്ചുവെക്കലാണ് വന്യജീവികളും കാടും കർഷകരുടെ ശത്രുവാണ് എന്ന് പ്രഖ്യാപിക്കുന്നതിലെ രാഷ്ട്രീയം. ജനങ്ങളെ പേടിപ്പിച്ച് യഥാർത്ഥ പ്രശ്നങ്ങളിൽനിന്ന് വഴി തെറ്റിച്ച് മുതലെടുപ്പിനുള്ള ശ്രമങ്ങൾ തിരിച്ചറിയുക തന്നെ വേണം.

കാടിനെ ആശ്രയിക്കാതെ മനുഷ്യന് ജീവിക്കാനാകില്ല. നാടിനെ ആശ്രയിക്കാതെ വന്യജീവികൾക്ക് ജീവിക്കാൻ പറ്റും എന്നുകൂടി തിരിച്ചറിയുക.

വേനലിൽ കർണാടകയിലും വയനാട്ടിന്റെ പല ഭാഗത്തും വെള്ളമില്ലാതാവുമ്പോൾ ആനകൾ കൂട്ടമായി വന്ന് താമസിച്ചിരുന്ന ഇടമായിരുന്നു കുറുവ. ഇന്ന് ഒരീച്ചക്കുപോലും കയറാൻ പറ്റാത്ത തരത്തിൽ ടൂറിസം, ഈ പ്രദേശത്തെ ഇരുകാലികൾക്ക് മാത്രമായി നൽകി. കുറുവയിലെ ടൂറിസത്തിനുശേഷമാണ് നീർവാരം പാക്കം, കൂടൽക്കടവ്, ബാവലി, ചേകാടി ഭാഗങ്ങളിൽ വന്യമൃഗങ്ങൾ കൂടുതൽ എത്തിത്തുടങ്ങിയത് എന്ന് നാട്ടുകാർ പറയുന്നു.

തോൽപ്പെട്ടിയിലെയും മുത്തങ്ങയിലേയും സഫാരി പണ്ടേ അവസാനിപ്പിക്കേണ്ടതായിരുന്നു. മനുഷ്യനോടുള്ള വന്യജീവികളുടെ പേടി ഇല്ലാതാക്കിയതും ഉപ്പു കലർന്ന ഭക്ഷണങ്ങൾ മൃഗങ്ങളെ ശീലിപ്പിച്ചതും ഇത്തരം ടൂറിസങ്ങളാണ്. റിസോർട്ടുകൾ, അവരുടെ ജംഗിൾ സഫാരികൾ, ദേവാലയങ്ങൾ മുതൽ റിസോർട്ട് ഹോം സ്റ്റേ വരെയുള്ളവയുടെ ഡി.ജെ പാർട്ടികൾ, ഉത്സവാഘോഷം, വെടിക്കെട്ട് തുടങ്ങി വന്യജീവികൾക്ക് എങ്ങനെ സമാധാനം കിട്ടും കാട്ടിൽ. ഇതിനെല്ലാം പുറമേ കെ.എസ്.ആർ.ടി.സിയുടെ ജംഗിൾ സഫാരിയും വന്യജീവി വകുപ്പിന്റെ നൂറുകണക്കിന് ജീപ്പുകളും. കാട്ടിലൂടെ ഫോട്ടോയ്ക്കും ക്യാമ്പിനും സെൽഫിക്കും വേണ്ടി ഉപ്പും ഉപ്പിട്ട് ബീഫും തീറ്റിച്ച് നാട്ടിലേക്ക് വന്യജീവികളെ ആകർഷിച്ചവർ വേറെയും. അങ്ങനെ മനുഷ്യൻ കയ്യേറി കാട് മൊത്തം തീർത്തു.

കൃഷിയിടത്തിന്റെ തണുപ്പു കൂടിയാണ് മൃഗങ്ങളെ തിരിച്ചുപോകാത്ത തരത്തിൽ കൃഷിയിടങ്ങളിൽ പിടിച്ചുനിർത്തുന്നത്.

കാട് കാക്കേണ്ട വകുപ്പ് തേക്കും യൂക്കാലിയും സെന്നയും വളർത്തി ടൂറിസ്റ്റ്, റിസോർട്ട് മാഫിയകളുടെ ഗൈഡുകളായി മാറുന്നു. വകുപ്പിൽ നിന്ന് വിരമിച്ചവർക്കും അല്ലാത്തവർക്കും റിസോർട്ടും ഹേം സ്റ്റേയും കാടിനരുകിൽ.
ഇത്തരം പ്രവർത്തനങ്ങളുടെ ഭാഗമായി കാടിന്റെ ചൂട് കൂടിയതും ഭക്ഷണ- ജല ലഭ്യത കുറഞ്ഞതും വലിയ പ്രശ്നമാണ്. മണ്ണിന്റെ ചൂട് 40 ഡിഗ്രി സെൽഷ്യസ് വരെയായി എന്ന് പഠനങ്ങൾ പറയുന്നു. കാട്ടിലെ ജീവികളുടെ കാല് എങ്ങനെ മണ്ണിൽ ചവിട്ടാൻ പറ്റും. കൃഷിയിടത്തിന്റെ തണുപ്പു കൂടിയാണ് മൃഗങ്ങളെ തിരിച്ചുപോകാത്ത തരത്തിൽ കൃഷിയിടങ്ങളിൽ പിടിച്ചുനിർത്തുന്നത് എന്ന് നാം തിരിച്ചറിയണം.

കുറുവ ദ്വീപിലേക്ക് പോകാന്‍ കാത്തിരിക്കുന്ന സഞ്ചാരികളുടെ തിരക്ക്

അതേ, എത്രയും പെട്ടെന്ന് കാടിനെയും നാടിനെയും വേർതിരിക്കണം. കാട്ടിലൂടെയുള്ള മനുഷ്യന്റെ എല്ലാ യാത്രകളും അവസാനിപ്പിക്കണം. കാട്ടിലൂടെയുള്ള എല്ലാ റോഡുകളും അടയ്ക്കണം. കാടിനോടു ചേർന്നുള്ള എല്ലാ റിസോർട്ടും ഹോം സ്റ്റേയും ദേവാലയങ്ങളും പൂട്ടണം, ജംഗിൾ സഫാരികൾ നിർത്തണം ... അങ്ങനെ കാടിനെ വന്യജീവികൾക്ക് വിട്ടുകൊടുത്ത് കാടിനേയും നാടിനേയും വേർതിരിക്കാം.
ഇത് സാധിക്കുമോ.? ഇല്ല, കാരണം കാടിനെ ആശ്രയിക്കാതെ മനുഷ്യന് ജീവിക്കാനാകില്ല. നാടിനെ ആശ്രയിക്കാതെ വന്യജീവികൾക്ക് ജീവിക്കാൻ പറ്റും എന്നുകൂടി തിരിച്ചറിയുക. അതുകൊണ്ട് കാടുമായി നാം സൗഹൃദപരമായ ജീവിതാന്തരീക്ഷം രൂപപ്പെടുത്തിയേ മതിയാവൂ. എങ്കിൽ മാത്രമേ ഇവിടെ മനുഷ്യജീവിതം സാധ്യമാകൂ.

കാട് നിലനിൽക്കേണ്ടത് മുഴുവൻ മനുഷ്യരുടെയും വരും തലമുറയുടെയും കൂടി ആവശ്യമാണ് എന്നതിനാൽ പൊതുസമൂഹം കുറച്ചുകൂടി ഉത്തരവാദിത്വം ഏറ്റെടുത്ത് സ്വയം ചെയ്യാൻ തയ്യാറായാൽ, പ്രശ്നങ്ങളില്ലാതെ ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാം. കാട്ടിലും കാടിനോടു ചേർന്നും ജീവിക്കുന്നവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ പ്രത്യേക പദ്ധതികൾ വേണം. അവരുടെ ജീവന് സുരക്ഷിതത്വം ഉറപ്പാക്കണം. പ്രാദേശിക ഭരണനേതൃത്വവും പൊതുസമൂഹവും കൂടി ശ്രമിച്ചാൽ മാത്രമേ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കൂ.

സംഘർഷങ്ങൾ നിലനിൽക്കുന്ന ഇടങ്ങളിലേ രാഷ്ടീയ പ്രവർത്തനവും മതപ്രവർത്തനങ്ങളും നിലനിർത്താൻ സാധിക്കുകയുള്ളൂ. മതങ്ങളും കക്ഷിരാഷ്ട്രീയ പ്രസ്ഥാനങ്ങളും ഈ സംഘർഷങ്ങൾ ആഘോഷിക്കുന്നു. ദീർഘവീക്ഷണത്തോടെയാണ് മനുഷ്യജീവിതത്തെ കാണുന്നത് എങ്കിൽ നാട്ടിൽ ജീവിക്കുന്നവർക്ക് ഇന്ന് കാണുന്ന നഷ്ടങ്ങൾ സംഭവിക്കുകയില്ല എന്ന് ഉറപ്പാണ്. യഥാർത്ഥത്തിൽ ഈ വിഷയത്തിൽ മനുഷ്യത്വപരമായ ഒരു പ്രവർത്തനവും ഇത്തരം സംഘടനകൾ നടത്തുന്നില്ല എന്നു മാത്രമല്ല ഇരകളായ മനുഷ്യരെ ചൂഷണം ചെയ്യുകയുമാണ്.

കാടുമായി നാം സൗഹൃദപരമായ ജീവിതാന്തരീക്ഷം രൂപപ്പെടുത്തിയേ മതിയാവൂ. എങ്കിൽ മാത്രമേ ഇവിടെ മനുഷ്യജീവിതം സാധ്യമാകൂ.

അഴിമതിയും മലിനികരണവും മാത്രമാണ് ഇന്ന് വികസനം. ഈ വികസന കാഴ്ച്ചപ്പാടിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനങ്ങളും പ്രാദേശിക ഭരണം മുതൽ കേന്ദ്ര ഭരണം വരെ നിയന്ത്രിക്കുന്ന എല്ലാ വിഭാഗങ്ങളും ഭരണം നയിക്കുന്നത്. വേഗതയുടെയും സമയലാഭത്തിന്റെയും കെട്ടിടങ്ങളുടെയും പൊള്ളയായ നിർമിതികളിലൂടെ നമ്മുടെ ചിന്തയെ വഴിതെറ്റിക്കുന്നതാണ് വികസനം എന്ന് പഠിപ്പിക്കുന്നു.

ആനയും കടുവയുമില്ലാത്ത ഭൂമിയിൽ മനുഷ്യന് മാത്രമായി ജീവിക്കാൻ സാധിക്കുമെങ്കിൽ നമുക്ക് എല്ലാ ജീവികളെയും വെടിവെച്ച് കൊല്ലാം. തേനിച്ചകൾ മാത്രം ഇല്ലാതായാൽ തീരാവുന്നതേയുള്ളൂ മനുഷ്യന്റെ എല്ലാ അഹങ്കാരങ്ങളും വികസനങ്ങളും എന്ന് എന്നാണ് നാം തിരിച്ചറിയുക. ഈ തിരിച്ചറിവിലൂടെ മുന്നോട്ട് നീങ്ങാനുള്ള ചില നിർദ്ദേശങ്ങൾ വെയ്ക്കാം, പൊതു ചർച്ചയ്ക്കായി.

1. കാടിന്റെ അകത്തും അരികിലും താമസിക്കുന്ന തദ്ദേശിയ ജനതയ്ക്ക് കാടിന്റെ അവകാശം നൽകുക.

2. പ്രാദേശിക അറിവുകളുടെയും നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ പ്രാദേശികമായി പദ്ധതികൾ തയ്യാറാക്കുകയും നടപ്പിലാക്കുകയും ചെയ്യുക.

3. കാടിനോട് ചേർന്ന് ജീവിക്കുന്ന മനുഷ്യരുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പു നൽകുക.

4. ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് പൊതുജന പങ്കാളിത്തത്തോടെ വനപരിപാലന സമിതികൾ രൂപീകരിച്ച് പ്രാദേശികമായി പ്രത്യേകം പ്രത്യേകം പദ്ധതികൾ തയ്യറാക്കുക. (ഇത് ഒരു കക്ഷി / മത രാഷ്ട്രീയ പ്രവർത്തനമല്ല എന്ന് തിരിച്ചറിയുക.

5. കാടിനോട് ചേർന്നുള്ള സ്ഥലങ്ങളെ രണ്ട് സോണുകളായി തിരിക്കുക. അതിനുള്ളിലുള്ളവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിലൂടെ കാടിനെ സംരക്ഷിക്കുക.

6. കാടിനോട് ചേർന്നുള്ള കൃഷിയിടങ്ങളിലെ ഉത്പന്നങ്ങൾക്ക് പ്രത്യേകം വില നൽകി സംഭരിക്കുക. (വില തീരുമാനിക്കുന്നത് അതേ ജില്ലയിലെ ഒരു ഏക്കറിൽ നിന്നും ഏറ്റവും കൂടുതൽ വിളവ് ലഭിച്ച കർഷകന്റെ വിളവിന് തുല്യമായ വില ഈ കർഷകനും അവകാശപ്പെട്ടതാണ് എന്ന് ഉറപ്പ് വരുത്തിയാവണം.)

കാടിന്റെ അകത്തും അരികിലും താമസിക്കുന്ന തദ്ദേശിയ ജനതയ്ക്ക് കാടിന്റെ അവകാശം നൽകുക.

7. കൃഷിയിടത്തിലെ ഏത് വിളവ് വന്യജീവികൾ കാരണം നഷ്ടപ്പെട്ടാലും ആ വിളവിന്റെ ആയുഷ്കാല വിളവ് കണക്കാക്കി പകുതി വിളവിന്റെ തുക ആ വർഷത്തെ ഉയർന്ന മാർക്കറ്റ് വില അടിസ്ഥാനമാക്കി ഉടനെ നൽകുക.

8. നഷ്ടപ്പെട്ട വിളകൾക്കുപകരം തൈകളും നടീൽ വസ്തുകളും 15 ദിവസത്തിനുള്ളിൽ നൽകുക.

9. കൃഷിയിടത്തിലെ ഏത് വിളവും വന്യജീവികൾ കാരണം നഷ്ടപ്പെട്ടാലും ആ ചെടിയുടെ ആയുഷ് കാല വിളവ് കണക്കാക്കി കുറഞ്ഞത് 25 വർഷമെങ്കിലും ഒരോ വർഷത്തേയും ഉയർന്ന മാർക്കറ്റ് വിലയ്ക്ക് തുല്യമായ തുക അതാത് വർഷം (മേൽ പറഞ്ഞ വിളവിന്റെ അടിസ്ഥാനത്തിൽ ) കർഷകർക്ക് നൽകണം.

10. കൃഷിയിടങ്ങളിലെ ജോലി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകർക്ക് നൽകുക.

11. കുടുംബത്തിന് സ്വന്തം കൃഷിയിടത്തിലെ ജോലികൾ ചെയ്യുന്നതിന് തൊഴിലുറപ്പ് പ്രകാരം 150 ദിവസത്തെ കൂലി നൽകുക.

12. വീടും പരിസരവും വന്യജീവികളിൽ നിന്നും പൂർണമായും സുരക്ഷിതമാക്കാനുള്ള സംവിധാനമൊരുക്കുക.

13. തദ്ദേശീയരായ യുവജനങ്ങളെ മുഴുവൻ സമയവും കൃഷിയിട വാച്ചർമാരായി നിയമിക്കുക. ആവശ്യമായ ഇടങ്ങളിൽ വാച്ച് ടവർ നിർമ്മിക്കുക.

14. കാലാവസ്ഥാ മാറ്റം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ദീർഘവീക്ഷണത്തോടെ പദ്ധതികൾ തയ്യാറാക്കുക.

15. കളസസ്യങ്ങൾ നീക്കി പ്രദേശികമായ നല്ല സസ്യങ്ങൾ നട്ടുവളർത്തുന്നതിന് അതാത് പ്രദേശത്ത് വനപരിപാലന സമിതിയുടെ നേതൃത്വത്തിൽ നഴ്സറികളും മറ്റ് സംവിധാനങ്ങളും സൗകര്യങ്ങളും ഉറപ്പ് വരുത്തുക.

16. കാടിനെ നല്ല കാടാക്കി നിലനിർത്താൻ ശക്തമായ സാമൂഹിക പിന്തുണയും പ്രദേശിക ഇടപെടലുകളും പങ്കാളിത്തവും ഉറപ്പുവരുത്തണം. വനം വകുപ്പിന്റെ ഉത്തരവാദിത്തം മാത്രമല്ല ഇതെന്ന് ഉറപ്പാക്കുക. പങ്കാളിത്ത വനപരിപാലന സമിതികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ നടപ്പിലാക്കുക.

കാട് വന്യജീവികൾക്കുള്ള ഇടമാണ് എന്ന് ഉറപ്പു വരുത്തുക.

17. കാട് വന്യജീവികൾക്കുള്ള ഇടമാണ് എന്ന് ഉറപ്പു വരുത്തുക. അതിനുള്ളിലും ചുറ്റുപാടിലും നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും കാടിനോ വന്യജീവികൾക്കോ ദീർഘകാലത്തേക്ക് ദോഷം വരുത്തില്ല എന്നുറപ്പുവരുത്തി മാത്രം നടപ്പിലാക്കുക.

18. നഷ്ടപരിഹാരം നൽകുവാനുള്ള ചുമതല പഞ്ചായത്തുകൾക്ക് നൽകുക. പങ്കാളിത്ത വനപരിപാലന സമിതിയുടെ ശുപാർശ പ്രകാരം വനം വകുപ്പിന്റെ സാക്ഷ്യപത്രത്തോടെ നൽകുന്ന അപേക്ഷ പ്രകാരം വനപരിപാലന സമിതി നിശ്ചയിക്കുന്ന നഷ്ടപരിഹാരം നൽകാൻ കഴിയണം.

19. ടൂറിസം, ജംഗിൾ സഫാരി നിർത്തലാക്കുക.

20. കൃത്യമായ മോണിറ്ററിങ്ങും പഠനവും സമയബന്ധിതമായി നടപ്പിലാക്കുക.

21. യുവജനങ്ങൾക്ക് പരിശീലനം നൽകി അടിയന്തര ഘട്ടങ്ങളിൽ ആവശ്യമായ സേവനങ്ങൾ ഉറപ്പ് വരുത്തുക. മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന യുവാക്കൾക്ക് സ്ഥിരം ജോലി നൽകുക.

22. അപകടങ്ങളിൽ പെടുന്നവർക്ക് സൗജന്യ ചികിത്സ, യാത്ര എന്നിവ ഉറപ്പുവരുത്തുക. കൂടാതെ ഉടനെ നഷ്ടപരിഹാരം നൽകുക.

23. ജീവൻ നഷ്ടമാകുന്ന കുടുംബങ്ങൾക്ക് 50 ലക്ഷം രൂപയും ജോലിയും നൽകുക.

Comments