പ്രൊഫ. സി.പി. രാജേന്ദ്രൻ

മണ്ണും ജലപ്രവാഹവും: കെ റെയിലിന്റെ
​അപകട സാധ്യതകൾ

ഇത്രയും ചെറിയൊരു ഭൂപ്രദേശത്ത്, അതിന്റെ ഭൂപ്രകൃതിയും ജനസാന്ദ്രതയും എല്ലാ കണക്കിലെടുക്കുമ്പോൾ എങ്ങനെ കെ റെയിലിനെപ്പോലൊരു പ്രൊജക്​റ്റ്​ സാധ്യമാവും?

സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച്​ സംവാദങ്ങൾ ആരംഭിച്ചതുമുതൽ കേരളം കണ്ട ഏറ്റവും വലിയ പ്രത്യേകത, സംസ്ഥാനത്തെ സാംസ്‌കാരിക മേഖലയിലെ നിശ്ശബ്ദതയാണ്. സെലൻറ്​ വാലി പദ്ധതിക്കെതിരെ, പെരിങ്ങോം ആണവ പദ്ധതിക്കെതിരെ, പ്ലാച്ചിമട കൊക്കകോള കമ്പനിക്കെതിരെ സംസ്ഥാനത്ത് നടന്ന ജനകീയ പ്രക്ഷോഭങ്ങളിൽ പാരിസ്ഥിതിക ബോദ്ധ്യത്തിന്റെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങളുയർത്തിപ്പിടിച്ച് പ്രക്ഷോഭത്തെ പിന്തുണച്ച വിഭാഗങ്ങളിൽ വലിയൊരു വിഭാഗം ഇന്ന് മൗനത്തിലാണ്. കേരളം എത്തിപ്പെട്ട പുതിയൊരു രാഷ്ട്രീയ- സാംസ്‌കാരിക ഭൂമികയെ അത് കൃത്യമായി വെളിപ്പെടുത്തുന്നുണ്ട്.

അതേസമയം, സിൽവർലൈൻ പദ്ധതിയെ സംബന്ധിച്ച ചർച്ചകൾ മറ്റൊരു സവിശേഷ കാഴ്ചയെയും മുന്നിലേക്കെത്തിക്കുന്നുണ്ട്. ശാസ്ത്രമേഖലയിൽ പരിണിതപ്രജ്ഞരായ നിരവധി ആളുകൾ പദ്ധതി സൃഷ്ടിക്കാൻ പോകുന്ന സാമ്പത്തിക - പാരിസ്ഥിതിക- സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ച് നൽകുന്ന മുന്നറിയിപ്പുകളാണത്. ഒരുവേള മുൻകാലങ്ങളെ അപേക്ഷിച്ച് അവരുടെ എണ്ണം വളരെ ഉയർന്നതാണ് എന്നത് ആശാവഹമാണ്. "Scientists may not lie; but the never tell the truth' എന്നത് ശാസ്ത്രമേഖലയിലെ മൗനത്തോടുള്ള സാമാന്യ പ്രതികരണമാണ്. ഈ പ്രതികരണത്തിനുള്ള മറുപടി കൂടിയാണ് ശാസ്ത്ര മേഖലയിൽ നിന്നുള്ള നിർഭയമായ ഈ വെളിപ്പെടുത്തലുകൾ.

കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടശേഷമുള്ള മെഗാനിർമിതികളുടെ ചരിത്രത്തിലെ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് സിൽവർ ലൈൻ പദ്ധതി. മാറിയ കാലാവസ്ഥാ സാഹചര്യത്തിൽ, സാമ്പത്തിക കുഴമറിച്ചിലുകളിൽ ആ പദ്ധതി ഏതൊക്കെ രീതിയിൽ വിനാശകരമായി ബാധിക്കാം എന്നതു സംബന്ധിച്ച് ശാസ്ത്ര- സാമ്പത്തിക മേഖലയിൽ പ്രവർത്തിക്കുന്ന നിരവധിയാളുകൾ എതിർപ്പുന്നയിച്ചുകഴിഞ്ഞു. നാല്പതിലധികം വിദഗ്​ധർ ഒപ്പിട്ട് മുഖ്യമന്ത്രിക്ക് കൈമാറിയ നിവേദനം അതിലൊന്നുമാത്രം.

സിൽവർലൈൻ പദ്ധതിയെ തുടക്കം തൊട്ട് എതിർത്തുപോന്നവരിൽ പ്രമുഖനാണ് പ്രൊഫ. സി.പി.രാജേന്ദ്രൻ. ജിയോ ഫിസിക്സിൽ സവിശേഷ പഠനം നടത്തുന്ന അദ്ദേഹം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ അഡ്​ജൻക്​റ്റ്​ പ്രൊഫസറായാണ് ജോലി ജോലി ചെയ്യുന്നത്. പാലിയോ സീസ്​മോളജിയിൽ വിദഗ്ദ്ധനായ പ്രൊഫ.രാജേന്ദ്രൻ, രാജ്യത്തെ എണ്ണംപറഞ്ഞ ശാസ്ത്രജ്ഞരിൽ ഒരാളാണ്. നിർദ്ദിഷ്ട സിൽവർലൈൻ പദ്ധതി അടക്കമുള്ള മെഗാ നിർമിതികൾ കേരളത്തിന്റെ ദുർബല പരിസ്ഥിതിയെ ഏതൊക്കെ രീതിയിൽ പ്രതികൂലമായി ബാധിച്ചേക്കാം എന്ന ആശങ്ക പങ്കുവെക്കുകയാണ് ഈ അഭിമുഖത്തിലൂടെ.

കെ. സഹദേവൻ: മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ സാഹചര്യങ്ങളെയും, ഭൂമിശാസ്ത്രപരവും, ജനസംഖ്യാപരവുമായ സവിശേഷതകളെയും കണക്കിലെടുക്കാതെ വൻകിട നിർമിതികൾക്കായുള്ള ആലോചന കേരളത്തിൽ പുരോഗമിക്കുന്നുണ്ട്. പ്രത്യേകിച്ച്, സിൽവർ ലൈൻ പോലെ കേരളത്തെ ഒന്നാകെ ബാധിക്കുന്നതും, വലിയ മൂലധന നിക്ഷേപം ആവശ്യമുള്ളതുമായ ഒരു നിർമാണം, മറ്റൊന്ന്, കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന തുരങ്കപാത, മൂന്നാമത്തേത്, പശ്ചിമ ഘട്ടത്തിന്റെ ഭാഗമായ തേനി- കമ്പം മേഖലയിൽ പണിയാനുദ്ദേശിക്കുന്ന ന്യൂട്രിനോ ഒബ്സർവേറ്ററി. വലിയ തോതിൽ ഖനന പ്രവർത്തനങ്ങൾ ആവശ്യമായി വരുന്ന ഈ പദ്ധതികൾ പശ്ചിമ ഘട്ടത്തിലെയും, പൊതുവിൽ കേരളത്തിന്റെയും, പരിസ്ഥിതിക്ക് ഉണ്ടാക്കിയേക്കാവുന്ന ആഘാതങ്ങൾ എന്തൊക്കെയായിരിക്കും? ഒരു ഭൗമശാസ്ത്രജ്ഞൻ എന്ന നിലയ്ക്ക് അതൊന്നു വിശദീകരിക്കാമോ?

പ്രൊഫ. സി.പി. രാജേന്ദ്രൻ: തുരങ്ക (tunneling) നിർമാണവുമായി ബന്ധപ്പെട്ടു സംഭവിക്കാവുന്ന ഒരു പ്രധാന പ്രശ്നം, അത് എത്രമാത്രം വിള്ളലുകൾ (fractures) രൂപപ്പെടാൻ കാരണമാകും എന്നതാണ് . ഇപ്പോൾ ഹിമാലയത്തിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി അവിടെ ഉയർന്നുവന്നിട്ടുള്ള ഒരു പ്രധാന പ്രശ്നവും ഇതുപോലെയുള്ള വിള്ളലുകളാണ്. ഇത്തരം വിള്ളലുകളിലൂടെ ജലം വാർന്നുപോകാൻ തുടങ്ങുന്നു. ഇവ എത്ര വലുതാകുന്നു, ഈ പ്രദേശങ്ങളിലെ ഭൂമികുലുക്കത്തിനുള്ള സാധ്യത, ഇതെല്ലാം കൂടുതൽ ജലം ശക്തമായി ടണലിലേക്ക് പ്രവഹിക്കുന്നതിനിടയാക്കും. ഭൂവൽക്കരണത്തിലൂടെയുള്ള ജലത്തിന്റെ പ്രവാഹം മുറിക്കുന്നതോ, തടസപ്പെടുത്തുന്നതോ ആയ ടണലിംഗ് പ്രവർത്തനങ്ങൾ അവിടെയുള്ള നിർമിതികളെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ടുതന്നെ ഭൂമിക്കടിയിലെ ജലഭൃതങ്ങളുടെ (aquifers- ജലം വഹിക്കുന്ന ഭൂഗർഭ പാളി) സ്ഥാനം, ജലപ്രവാഹത്തിന്റെ ദിശ എന്നിവയൊന്നും കൃത്യമായി പഠിക്കാതെ നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ ഭാവിയിൽ വലിയ അപകടങ്ങൾക്കുകാരണമാകും.

വയനാട് ചുരം
വയനാട് ചുരം

മറ്റൊന്ന്, ടണലിംഗ് പ്രവൃത്തിയുമായി ബന്ധപ്പെട്ട്​ കൂടുതലായി സ്ഫോടകവസ്തുക്കൾ ഉപയോഗിക്കേണ്ടിവരുന്നത് ഉപരിതല ഭൂഘടനയിലും, മണ്ണിന്റെ അടരുകളിലും ചലനങ്ങളുണ്ടാക്കും. അത് വിള്ളലുകൾ രൂപപ്പെടാനും, മണ്ണിനെ അസ്ഥിരപ്പെടുത്താനും ഇടയാക്കും. ഇതിന്റെ ഭാഗമായി മണ്ണിടിച്ചിൽ (land slips) വർദ്ധിക്കും. ഹിമാലയത്തിൽ മണ്ണിടിച്ചിൽ കൂടുന്നതിന്റെ ഒരു പ്രധാന കാരണം ഇത്തരം ടണലിംഗ് പ്രവർത്തനങ്ങളോ, മറ്റു ജല- വൈദ്യുത അണക്കെട്ടുകൾ പോലുള്ള നിർമാണ പ്രവർത്തങ്ങളോ ആണ്. പശ്ചിമഘട്ടത്തിലും സമാന സാഹചര്യങ്ങളുണ്ട്. പശ്ചിമഘട്ടത്തിൽ ഉരുൾപൊട്ടലിന്റെ (landslide) എണ്ണം വർദ്ധിച്ചിട്ടുണ്ട്. അത് പ്രധാനമായും പശ്ചിമഘട്ട മേഖലയിലെ നിർമാണ പ്രവർത്തങ്ങളുടെ എണ്ണം കൂടുന്നതുമൂലവും, കാലക്രമം തെറ്റിയ അതിവൃഷ്ടി സാഹചര്യം കൂടുന്നതും മൂലമാണ്. താഴ്ന്ന പ്രദേശങ്ങളിലാകട്ടെ വരൾച്ചയും സാധാരണമാകുന്നു. ഇതിന്റെയെല്ലാം സംയോജിത ആഘാതങ്ങളായിരിക്കും നിലവിൽ പശ്ചിമഘട്ടത്തിന്റെ നിലനിൽപ്പിന്​ വെല്ലുവിളിയുയർത്തുന്നത്. പശ്ചിമഘട്ടത്തിൽ ഇപ്പോൾത്തന്നെ നിലനിൽക്കുന്ന ഇത്തരം ആഘാതങ്ങളുടെ തോത് വൻതോതിൽ വർദ്ധിക്കുമെന്നതാണ് പുതിയ നിർമിതികളുടെ പ്രത്യാഘാതം.

ഭൂമിശാസ്ത്രപരമായി എത്രമാത്രം ഉറപ്പുള്ളതാണ് പശ്ചിമഘട്ട മേഖല?

പശ്ചിമഘട്ട മലനിരകൾ ഹിമാലയൻ പർവ്വതനിരകളിൽ നിന്ന് പ്രധാനമായും വ്യതിരിക്തമായിരിക്കുന്നത്​, അതിന്റെ രൂപീകരണ സ്വഭാവം കൊണ്ടുതന്നെയാണ്. ഹിമാലയം എന്നത് യഥാർത്ഥ പർവതവ്യവസ്ഥ തന്നെയാണ്. ഭൂമിയുടെ ജിയോ-ഡൈനാമിക്കൽ ആയ പ്രക്രിയയിലൂടെ രൂപപ്പെട്ടുവന്ന പർവതനിരകളാണവ. ഭൗമാന്തർ ഭാഗത്തിന്റെ (plate tectonic) ചലനങ്ങളുടെ ഭാഗമായി മുകളിലേക്ക് ഉയർന്നു വന്ന അവസാദ ശൽക്കങ്ങൾ (sedimentary prism) ആയാണ് ഹിമാലയ നിരകൾ രൂപപ്പെട്ടത്. ഇതൊക്കെയാണ് അതിന്റെ ഭൂമിശാസ്ത്രപരമായ രൂപീകരണ തത്വങ്ങൾ. എന്നാൽ, പശ്ചിമഘട്ടം എന്നത് ഒരു പർവതവ്യവസ്ഥയല്ല. അത് യഥാർത്ഥത്തിൽ ഒരു പീഠഭൂമി (plateau) യാണ്. മഡഗാസ്‌കറുമായും ആഫ്രിക്കയുമായി ചേർന്നാണ് ആദ്യ രൂപീകരണ ഘട്ടം. പിന്നീട് അതിൽ വിള്ളലുണ്ടായി മാറിപ്പോന്ന മേഖലയാണത്. അന്നത്തെ ആ പീഠഭൂമിയുടെ ഭാഗമാണ് പശ്ചിമഘട്ടം. അതിനെ ഒരു പർവതനിരയായി​ കണക്കാക്കാൻ സാധിക്കില്ല. ഉയർച്ചയുള്ള സ്ഥലമായിരുന്നു. പിന്നീട് മണ്ണൊലിപ്പും മറ്റും സംഭവിച്ചാണ് ഇന്നുകാണുന്ന പോലുള്ള പീഠഭൂമിനിരയായി പശ്ചിമഘട്ടം മാറുന്നത്. ആ അർത്ഥത്തിൽ നോക്കുകയാണെങ്കിൽ ഹിമാലയമാണ്​ കൂടുതൽ അസ്ഥിരം എന്നുപറയാം. അത് കാലാവസ്ഥാസാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണെങ്കിലും, ഭൂമിശാസ്ത്രപരമായിട്ടാണെങ്കിലും. പശ്ചിമഘട്ടം കടുപ്പമേറിയ പാറകളാൽ നിർമിതമായ പീഠഭൂമിയായി രൂപപ്പെട്ടതുകൊണ്ടും, ക്രിസ്റ്റലൈൻ പാറകളാൽ നിർമിതമാണ് എന്നതുകൊണ്ടും കൂടുതൽ സ്ഥിരത ഹിമാലയത്തെ അപേക്ഷിച്ചുണ്ടാകും. പക്ഷെ, ഈ മേഖലയിൽ കൂടുതലായി നിർമാണ പ്രവർത്തനങ്ങളുണ്ടാകുമ്പോൾ ഈ അവസ്ഥ മാറും. കൂടുതൽ വിള്ളലുകൾ രൂപപ്പെടും, അതിലൂടെയുള്ള നീരൊഴുക്ക് വർധിക്കും. ഒപ്പം, ഉപരിതലത്തിലെ മണ്ണിന്റെ രൂപീകരണത്തെയും അത് പ്രതികൂലമായി ബാധിക്കും. കൂട്ടത്തിൽ വനപ്രദേശങ്ങൾ ഇല്ലാതാവുന്നത്, മണ്ണൊലിപ്പ് സാധ്യത കൂട്ടും. ഇതെല്ലാം പശ്ചിമഘട്ടത്തെ നിലവിൽ അസ്ഥിരമാക്കുന്ന ഘടകങ്ങളാണ്.

പശ്ചിമഘട്ടത്തിൽ ഉരുൾപൊട്ടലിന്റെ (landslide) എണ്ണം വർദ്ധിച്ചിട്ടുണ്ട്. അത് പ്രധാനമായും പശ്ചിമഘട്ട  മേഖലയിലെ നിർമാണ പ്രവർത്തങ്ങളുടെ എണ്ണം കൂടുന്നതുമൂലവും, കാലക്രമം തെറ്റിയ അതിവൃഷ്ടി സാഹചര്യം കൂടുന്നതും മൂലമാണ്
പശ്ചിമഘട്ടത്തിൽ ഉരുൾപൊട്ടലിന്റെ (landslide) എണ്ണം വർദ്ധിച്ചിട്ടുണ്ട്. അത് പ്രധാനമായും പശ്ചിമഘട്ട മേഖലയിലെ നിർമാണ പ്രവർത്തങ്ങളുടെ എണ്ണം കൂടുന്നതുമൂലവും, കാലക്രമം തെറ്റിയ അതിവൃഷ്ടി സാഹചര്യം കൂടുന്നതും മൂലമാണ്

പുതുതായി കൂടുതൽ വിള്ളലുകൾ പശ്ചിമഘട്ട മലനിരകളിൽ സംഭവിക്കുന്നു എന്നത് തെളിയിക്കുന്ന പഠനങ്ങൾ -പ്രത്യേകിച്ച് കേരളത്തിന്റെ ഒരു സാഹചര്യത്തിൽ- നടന്നിട്ടുണ്ടോ?

എത്രമാത്രം പഠനങ്ങൾ നടന്നിട്ടുണ്ട് എന്ന കാര്യം എനിക്കറിയില്ല. പക്ഷെ ഉരുൾപൊട്ടൽ സാഹചര്യങ്ങൾ ഈ മേഖലയിൽ വർദ്ധിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്. അതിനു പ്രധാന കാരണം അവിടുത്തെ ഖനന പ്രവർത്തനങ്ങൾ തന്നെയാണ്.

ഖനന പ്രവർത്തനങ്ങളും, ഉരുൾപൊട്ടലുകളും തമ്മിലുള്ള ബന്ധം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണോ?

ഈ മേഖലയിൽ ഉരുൾപൊട്ടലുകൾ വർദ്ധിച്ചിട്ടുണ്ട്. പക്ഷെ അതിനെ സംബന്ധിച്ച പാരിമാണികമായ കണക്കെടുപ്പ് (quantitative estimation) നടന്നിട്ടുണ്ടോ എന്നത് സംശയമാണ്.

1997 മുതൽ 2007 വരെ നടത്തിയ പഠനങ്ങളിൽ ഉരുൾപൊട്ടലുകളുടെ എണ്ണം വർധിച്ചതായി റിപ്പോർട്ടുണ്ട്. ഈ കാലയളവിൽ തന്നെയാണ് ക്വാറികൾ കേരളത്തിൽ കൂടുതലായി പ്രവർത്തിച്ചു തുടങ്ങിയതും. ഇതുതമ്മിൽ ഒരു ബന്ധമില്ലേ?

തീർച്ചയായും ബന്ധമുണ്ട്. പക്ഷെ അതുസംബന്ധിച്ച പഠനങ്ങൾ കൂടുതൽ ലഭ്യമാണോ എന്നറിയില്ല.

കോഴിക്കോട് - വയനാട് തുരങ്കവുമായി ബന്ധപ്പെട്ട്​ പറയുകയാണെങ്കിൽ, ആ മേഖലയിലെ ഭൂഗർഭ ജലഭൃതങ്ങൾ (aquifers) പ്രദേശത്തെ ജലലഭ്യതയെ നിർണായകമായി സ്വാധീനിക്കുന്ന ഒന്നാണ്. സഹ്യപർവ്വതനിരകളിലെ അക്വിഫയേഴ്‌സ് സംബന്ധിച്ച്​ എന്തെകിലും നിരീക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ?

ഈ തുരങ്കപാത നിർമിക്കാനുദ്ദേശിക്കുന്ന സ്ഥലത്തെ പറ്റി കൃത്യമായ അറിവ് -അവിടുത്തെ പ്രാദേശിക ഭൂപരിസ്ഥിതി, മണ്ണിന്റെ സ്വഭാവം എന്നിവയെ സംബന്ധിച്ച വിവരങ്ങൾ -എനിക്കില്ല. പക്ഷെ, കേരളത്തിന്റെ വടക്കൻ മലബാർ മേഖലയിൽ-കണ്ണൂർ കോഴിക്കോട് ഭാഗങ്ങളിൽ ചെങ്കൽ (laterite) മണ്ണാണുള്ളത്. ഇത് പശ്ചിമഘട്ടത്തിന്റെ ഹാർഡ് റോക്ക് പൊടിഞ്ഞ്​ രൂപപ്പെട്ട മണ്ണാണ്. ഈ ചെങ്കൽ മണ്ണിന്റെ അടരുകൾക്കു താഴെയാണ് ഈ പ്രദേശങ്ങളിൽ ജലഭൃതങ്ങൾ സ്ഥിതി ചെയ്യുന്നത്. ഈ തുരങ്കപാത വരുന്ന കൃത്യമായ സ്ഥലത്തെ സംബന്ധിച്ച ധാരണകളില്ലാതെ മറ്റു കാര്യങ്ങൾ പറയാൻ സാധിക്കില്ല.

വടക്കൻ കേരളം, മധ്യ കേരളം, തെക്കൻ കേരളം എന്നിവിടങ്ങളിൽ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ പാനലും (WGEEP), കസ്തൂരിരംഗൻ സമിതിയും (HLWG) പരിസ്ഥിതി ലോല പ്രദേശങ്ങളായി രേഖപ്പെടുത്തിയ സ്ഥലങ്ങളിലെ ക്വാറി പ്രവർത്തനത്തെ സൂചിപ്പിക്കുന്ന ഭൂപടം
വടക്കൻ കേരളം, മധ്യ കേരളം, തെക്കൻ കേരളം എന്നിവിടങ്ങളിൽ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ പാനലും (WGEEP), കസ്തൂരിരംഗൻ സമിതിയും (HLWG) പരിസ്ഥിതി ലോല പ്രദേശങ്ങളായി രേഖപ്പെടുത്തിയ സ്ഥലങ്ങളിലെ ക്വാറി പ്രവർത്തനത്തെ സൂചിപ്പിക്കുന്ന ഭൂപടം

പശ്ചിമഘട്ടമേഖല പാരിസ്ഥിതികമായും സാമ്പത്തികമായും കേരളത്തിൽ സവിശേഷ പങ്ക് നിർവഹിക്കുന്നുണ്ട്. അതേസമയം, നിരവധി നിർമാണ പ്രവർത്തനങ്ങൾ ഈ മേഖലയിൽ വർധിച്ചു വരുകയും ചെയ്യുന്നു. പശ്ചിമഘട്ടത്തിൽ മനുഷ്യ ഇടപെടലുകൾ എപ്രകാരം നിയന്ത്രിക്കണം എന്നതിനെ സംബന്ധിച്ച്​ ഗാഡ്ഗിൽ കമ്മിറ്റി നിർദ്ദേശങ്ങൾ നമുക്കുമുമ്പിലുണ്ട്​. താങ്കളുടെ അഭിപ്രായത്തിൽ എത്തരത്തിലുള്ള ഒരു ഇടപെടലായിരിക്കണം ഈ മേഖലയിൽ ഉണ്ടാവേണ്ടത്?

ഗാഡ്ഗിലിന്റെ തന്നെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നതുപോലെ ബയോ ഡൈവേർസിറ്റി ഹോട്ട്സ്പോട്ടുകളുള്ള നിരവധി സ്ഥലങ്ങൾ പശ്ചിമഘട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. എത്രമാത്രം മനുഷ്യ ഇടപെടൽ ഈ മേഖലയിലാവാം എന്നൊരു ചോദ്യം ഉയർന്നുവന്നിട്ടുണ്ട്. ഗാഡ്ഗിലിന്റെ നിർദ്ദേശങ്ങൾ പൂർണമായും പിന്തുടരാൻ സാധ്യമല്ലാത്ത സാഹചര്യത്തിലാണ് കസ്തൂരിരംഗൻ റിപ്പോർട്ട് വരുന്നത്. വനനശീകരണ ചരിത്രം ബ്രിട്ടീഷുകാരുടെ കാലംതൊട്ട് പരിശോധിച്ചാൽ തന്നെ കാണാൻ സാധിക്കും, വ്യാവസായികാടിസ്ഥാനത്തിൽ ചായത്തോട്ടങ്ങളും റബ്ബർ തോട്ടങ്ങളുമെല്ലാം ഇങ്ങനെ ഉണ്ടായതാണ് എന്ന്​. ഇത് പശ്ചിമഘട്ടത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. ഈ മേഖലയിലേക്ക് കുടിയേറ്റം ആരംഭിച്ചതും അങ്ങനെയാണ്. കൃഷിയിറക്കുന്നതിന് ഇങ്ങനെ വന്ന കുടിയേറ്റങ്ങൾ അവിടുത്തെ ഭൂമിയുടെ പരിവർത്തനത്തിന് കാരണമായി. ഇതിന്റെയെല്ലാം ഫലമായി തദ്ദേശീയ ആദിവാസി ജനത പാർശ്വവൽക്കരിക്കപ്പെട്ടു. വലിയ തോതിലുള്ള ഭൂമിയുടെ പരിവർത്തനങ്ങളില്ലാതെ, പ്രകൃതി സൗഹാർദ്ദപരമായ കാർഷിക രീതികൾ അവലംബിച്ച്​ ഈ മേഖലയിലെ അമിത മനുഷ്യ ഇടപെടലുകൾ കുറച്ചുകൊണ്ടുവരാവുന്നതാണ്.

സിൽവർലൈൻ വിഷയത്തിൽ കൃത്യമായൊരു നിലപാട് സ്വീകരിച്ച വ്യക്തിയാണ് താങ്കൾ. ഇത്തരം മെഗാ പ്രൊജക്ടുകൾ നടപ്പിലാക്കുന്നതിനെ പ്രശ്നവൽക്കരിച്ചിട്ടുമുണ്ട്. ഒരു ഭൗമശാസ്ത്രജ്ഞൻ എന്ന നിലയ്ക്കാണോ അത്തരമൊരു നിലപാട് താങ്കൾ സ്വീകരിച്ചിരിക്കുന്നത്?

സിൽവർലൈൻ വിഷയത്തിൽ തുടക്കത്തിലേ വിയോജിപ്പ് രേഖപ്പെടുത്താൻ ശ്രമിച്ചയാളാണ് ഞാൻ. ‘ദ വയറിൽ' ഒരു ലേഖനം അതുസംബന്ധിച്ച് എഴുതിയിട്ടുണ്ട്. അതിന് പ്രധാന കാരണം, കേരളത്തെ സംബന്ധിച്ച ഉത്കണ്ഠകൾ തന്നെയാണ്. ഇത്രയും ചെറിയൊരു ഭൂപ്രദേശത്ത്, അതിന്റെ ഭൂപ്രകൃതിയും (Topography) ജനസാന്ദ്രതയും എല്ലാ കണക്കിലെടുക്കുമ്പോൾ എങ്ങനെ ഇത്തരം പ്രൊജക്​റ്റുകൾ സാധ്യമാവും? ഇന്ത്യയിലെ ജനസാന്ദ്രത കൂടിയ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഭൂമിലഭ്യത ഏറ്റവും കുറവുള്ള സംസ്ഥാനവും കേരളമാണ്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നഗരവൽക്കരിക്കപ്പെട്ട പ്രദേശമായി കേരളം മാറിയിട്ടുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്ത് റെയിൽവേ കൊണ്ടുവന്ന സാഹചര്യങ്ങൾ അല്ല ഇപ്പോൾ; സാമൂഹികമായും മറ്റുതലങ്ങളിലും. അത്തരം ഒരു സന്ദർഭത്തിൽ ഇതുപോലുള്ള അതിവേഗ റെയിൽ സംവിധാനങ്ങൾ കൊണ്ടുവരുക എന്നത് ഒട്ടും പ്രാക്ടിക്കലല്ല. ചൈനയിൽ ബെയ്ജിംഗിൽ നിന്ന് ടിബറ്റിലേക്ക് അതിവേഗ റെയിൽ കൊണ്ടുവന്നതുപോലെ ചെയ്യാൻ പറ്റുന്ന പ്രദേശമല്ല കേരളം. അതുകൊണ്ടുതന്നെ ഇത്തരം താരതമ്യപ്പെടുത്തലുകൾ ഒട്ടും യുക്തിസഹമല്ല എന്നെനിക്കുതോന്നി.

പിന്നെ, അതിന്റെ നിർമാണ പ്രവർത്തനങ്ങളെക്കുറിച്ചറിയാൻ ശ്രമിച്ചപ്പോൾ, മൊത്തത്തിലുള്ള ടോപോഗ്രഫി, ഹൈഡ്രോളജിക്കൽ റെജിം എന്നിവയെയെല്ലാം ബാധിക്കുന്ന രീതിയിലാണ് അത് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത് എന്ന് മനസ്സിലായി. ദൈർഘ്യമേറിയ എംബാങ്ക്മെന്റും ഉയർന്ന വേഗതയും എല്ലാം കേരളം പോലുള്ള സാഹചര്യങ്ങളിൽ ഒട്ടും അനുയോജ്യമല്ലാത്ത ഒന്നായിരിക്കും എന്ന് മനസ്സിലായി. അതുകൊണ്ടാണ് സിൽവർലൈൻ പദ്ധതിക്ക് വിരുദ്ധമായി നിലപാട് സ്വീകരിച്ചത്.

സോയിൽ പൈപ്പിംഗ് പോലുള്ള പ്രതിഭാസങ്ങൾക്ക് സാധ്യതയുള്ള മണ്ണിന്റെ ഘടനയാണ് കേരളത്തിൽ പലയിടത്തുമുള്ളത്. സിൽവർലൈൻ നിർമാണ പ്രവർത്തനങ്ങൾ ഇതിന് ആക്കം കൂട്ടുമോ?

കേരളത്തിന്റെ മണ്ണ് രൂപീകരണവും ഘടനയും ഇതിന് അനുകൂലമായൊരു അവസ്ഥ സൃഷ്ടിച്ചേക്കാം. നിർമാണ പ്രവർത്തനങ്ങൾക്കിടയിൽ പാറകളിലോ മണ്ണിന്റെ അടരുകളിലോ ഉണ്ടാക്കിയേക്കാവുന്ന വിള്ളലുകൾ ജലം കിനിഞ്ഞിറങ്ങുന്നതിനിടയാക്കാം. ഇത് ഉപരിതല മണ്ണടരുകൾക്കുതാഴെ നീളത്തിലുള്ള പൈപ്പ് പോലെ രൂപപ്പെടുന്ന ഒഴിഞ്ഞ സ്​പേസിലേക്ക് വെള്ളം കൂടുതലായി ഊറിയിറങ്ങുന്നതിനിടയാക്കും. വലിയ അപകടങ്ങൾ റെയിൽ പാളങ്ങളിൽ സൃഷ്ടിക്കാൻ ഇതിടവരുത്തും. നിലവിലെ റെയിൽപ്പാളങ്ങളിൽ തന്നെ ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നുണ്ട്. ഹൈ സ്പീഡ് റെയിൽ സംവിധാനങ്ങൾ ഇതിന്റെ ആക്കം കൂട്ടുക തന്നെ ചെയ്യും.

 ചൈനയിലെ ബെയ്ജിംഗിൽ നിന്ന് ടിബറ്റിലേക്ക് അതിവേഗ റെയിൽ / Photo : tibettour.org
ചൈനയിലെ ബെയ്ജിംഗിൽ നിന്ന് ടിബറ്റിലേക്ക് അതിവേഗ റെയിൽ / Photo : tibettour.org

നാം നേരിട്ടുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പലപ്പോഴും സാങ്കേതിക പരിഹാരങ്ങൾ മുമ്പോട്ടുവെക്കാനുള്ള ശ്രമങ്ങളാണ് മിക്കപ്പോഴും ഉണ്ടാകുന്നത്. അല്ലാതെ, നിലവിലെ ഉപഭോഗ രീതികളും വിഭവ വിനിയോഗ മാതൃകകളും മാറ്റുന്നതിനോ, സാമ്പത്തിക നയങ്ങളിൽ മാറ്റം വരുത്തുന്നതിനോ ഉള്ള ശ്രമം നടക്കുന്നില്ല. ഈ രീതിയിൽ അധികനാൾ മുന്നോട്ടുപോകാനാവില്ല എന്ന വസ്തുതയെ - പരിമിത വിഭവങ്ങളുപയോഗിച്ച് അമിത വളർച്ച സാധ്യമല്ലെന്ന- ശാസ്ത്രലോകം എങ്ങിനെയാണ് വിലയിരുത്തുന്നത്?

കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ ജപ്പാൻ മാതൃകയിലുള്ള വികസന പ്രവർത്തനങ്ങൾ സാധ്യമാണോ എന്നത് പ്രശ്നവൽക്കരിക്കേണ്ട ചോദ്യം തന്നെയാണ്. നമ്മുടെ പ്രദേശത്തിന്റെ വാഹകശേഷി (carrying capasity) മനസ്സിലാക്കാതെ അമിത വികസന പ്രവർത്തനങ്ങൾ കൊണ്ടുവരുന്നത് ആശാസ്യമല്ല. എന്തെല്ലാമാണ് നമ്മുടെ സാഹചര്യത്തിൽ സ്ഥായിയായത് എന്ന ആലോചന ഉണ്ടായിരിക്കണം. നമ്മുടെ അഭിവൃദ്ധി (prosperity) എന്നുപറയാം, വികസനമല്ല; അതിന് എന്തെല്ലാം ചെയ്യാം എന്ന് കണ്ടെത്തണം. ഉദാഹരണത്തിന്​, കൃഷിയിൽ പുതിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കൂടുതൽ ഉത്പാദനം എങ്ങനെ സാധ്യമാക്കാം എന്നാലോചിക്കണം. കൂടുതൽ രാസവളം ഉപയോഗപ്പെടുത്താതെ സസ്‌റ്റൈനബ്ൾ ആയ കൃഷിരീതി വികസിപ്പിക്കണം. മറ്റൊന്ന്, ജലപരിരക്ഷ എങ്ങനെ ഉറപ്പുവരുത്താം എന്നത്. ടൂറിസത്തിന്റെ കാര്യത്തിൽ ഗോവയിലെ സാഹചര്യങ്ങളല്ല ഇവിടേക്ക് കൊണ്ടുവരേണ്ടത്. ഇവിടുത്തെ തനതായ സാഹചര്യങ്ങളും സൗകര്യങ്ങളും പ്രയോജനപ്പെടുത്തണം. കേരളത്തിന്റെ പരിമിതി കണക്കിലെടുത്തുകൊണ്ടുള്ള വികസന നയങ്ങളാവണം രൂപപ്പെടുത്തേണ്ടത്.

കാലാവസ്ഥാവ്യതിയാനം മൂലം ഇന്ത്യയിൽ സമീപകാലത്തു സംഭവിച്ച ചില ദുരന്തങ്ങൾ
കാലാവസ്ഥാവ്യതിയാനം മൂലം ഇന്ത്യയിൽ സമീപകാലത്തു സംഭവിച്ച ചില ദുരന്തങ്ങൾ

കാലാവസ്ഥാ മാറ്റം എന്നത് നിലവിൽ എല്ലാം അംഗീകരിക്കുന്ന വസ്തുതയാണ്. കാർബൺ എമിഷൻ കുറയ്ക്കുന്നതിന് ഉപയോഗപ്പെടുത്തുന്ന പല സാങ്കേതികവിദ്യകളും കൂടുതൽ അപകടം സൃഷ്ടിക്കുന്നതാണ്. ഉദാഹരണത്തിന് ജിയോ എഞ്ചിനീയറിംഗ്. ഇത്തരം സാങ്കേതിക പരിഹാരങ്ങളെ സംബന്ധിച്ച് എന്താണ് താങ്കളുടെ വിലയിരുത്തൽ?

സാങ്കേതിക പരിഹാരങ്ങൾ മറ്റു തരത്തിലുള്ള ആഘാതങ്ങൾക്ക് കാരണമാകുമോ എന്ന വിശകലനങ്ങളും പഠനങ്ങളും നടക്കുന്നുണ്ട്. ബിൽഗേറ്റ്സ് പോലുള്ള ആളുകൾ സാങ്കേതിക പരിഹാരങ്ങൾ കൊണ്ട് കാലാവസ്ഥാ വ്യതിയാനം മാനേജ് ചെയ്യാം എന്നൊക്കെ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം പ്രചാരണങ്ങൾ യുക്തിസഹമായ ഒന്നായി കണക്കാൻ സാധ്യമല്ല.

​ഈയടുത്തായി താങ്കൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഭൂചലനങ്ങൾ സംബന്ധിച്ച പുസ്തകം (Earth- quakes of Indian Subcontinent: Seismotectonic Perspectives) രചിച്ചിരുന്നല്ലോ. ആ പുസ്തകത്തെ കുറിച്ച് ഒന്ന് വിശദമാക്കാമോ. ആ വിഷയം തന്നെയാണോ താങ്കളുടെ ഗവേഷണ മേഖല?

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ -സവിശേഷമായി ഹിമാലയൻ മേഖല, ആൻഡമാൻ എന്നിവിടങ്ങളിലെ ഭൂചലനങ്ങളുടെ കേസ് ഹിസ്റ്ററിയാണ് ആ പുസ്തകത്തിലെ പ്രധാന ഉള്ളടക്കം. ദേശീയ- അന്തർദേശീയ തലങ്ങളിൽ നടത്തിയ ഗവേഷണ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് അത് തയ്യാറാക്കിയത്. ഇന്ത്യയിൽ സംഭവിച്ച പ്രധാന ഭൂചലനങ്ങളുടെ കേസ് ഹിസ്റ്ററിയും അതിന്റെ അവലോകനവുമാണ് പുസ്തകത്തിലുള്ളത്. ജിയോളജിയിൽ ജിയോഫിസിക്സ് ആണ് എന്റെ സവിശേഷ പഠനമേഖല.

ഭൂചല മേഖലാ ഭൂപടം
ഭൂചല മേഖലാ ഭൂപടം

താങ്കളുടെ പഠനങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിൽ ഭൂചലനങ്ങൾക്കുള്ള സാധ്യത എത്രമാത്രം ഉണ്ട്? കേരളം ഭൂചലനങ്ങളുടെ അടിസ്ഥാനത്തിൽ ഏതു വിഭാഗത്തിലാണ് ഉൾപ്പെടുന്നത്?

നിലവിൽ ഇന്ത്യയിലെ ഭൂചല മേഖലാ ഭൂപടം (Siesmic Zonation Map) അനുസരിച്ച്​കേരളം മൂന്നാമത്തെ വിഭാഗത്തിൽ വരുന്ന ഭൂപ്രദേശമാണ്. ഭൂചലനങ്ങൾക്ക് തീവ്രത കൂടിയ പ്രദേശങ്ങളാണ് ഏറ്റവും ഉയർന്ന വിഭാഗമായ അഞ്ചിൽ വരുന്നത്. ഇന്ത്യയിൽ ഹിമാലയം, ആൻഡമാൻ തുടങ്ങിയ പ്രദേശങ്ങൾ അഞ്ചാമത്തെ വിഭാഗത്തിൽ വരുന്നവയാണ്. 1993ലെ ലാത്തൂർ (മഹാരാഷ്ട്ര) ഭൂമികുലുക്കം സംഭവിച്ചശേഷമാണ് ആ പ്രദേശം ഉൾപ്പെടുന്ന മേഖലകൾ സീസ്​മിക്​ സോനേഷൻ മാപ്പിൽ ഉയർന്ന കാറ്റഗറിയിലേക്കു മാറിയത്. റിക്ചർ സ്‌കെയിലിൽ 6.5 വരെ തീവ്രത വരാവുന്ന ഭൂമികുലുക്കങ്ങൾ സംഭവിക്കാനുള്ള സാധ്യതയുള്ള ഭൂവിഭാഗമാണ് കേരളം. തമിഴ്നാട്ടിലും സമാന അവസ്ഥയാണുള്ളത്. കേരളത്തെ സംബന്ധിച്ച്​മോഡറേറ്റായ ഭൂമികുലുക്കങ്ങൾ പോലും വിനാശകാരിയായി മാറിയേക്കാം.▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


പ്രൊഫ. സി.പി. രാജേന്ദ്രൻ

ബംഗളൂരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ അഡ്​ജൻക്​റ്റ്​​ പ്രൊഫസർ. പാലിയോ സീസ്​മോളജി, ജിയോ ഫിസിക്​സ്​ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്​ധൻ. Earthquakes of the Indian Subcontinent: Seismotectonic Perspectives (കുശല രാജേന്ദ്രനോടൊപ്പം) എന്ന പുസ്​തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments