ഒഴുക്ക് എന്ന വാക്കായിരിക്കണം ഡോ. എ. ലത ഏറെയും പറഞ്ഞിട്ടുണ്ടാവുക.
കടലിലേക്ക് ഒഴുകിയെത്തുന്ന പുഴ എക്കൽ നൽകി സമ്പന്നമാക്കിയ കായലിന്റെ തീരത്തുനിന്നാണ് ലതയുടെ ജീവിതം തുടങ്ങുന്നത്. അമ്മ വരദാഭായ് നേവൽ ബേസിൽ ഉദ്യോഗസ്ഥയായിരുന്നു. വെള്ളത്താൽ ചുറ്റപ്പെട്ട നേവൽബേസിലെ കേന്ദ്രീയവിദ്യാലയത്തിലെ പഠനകാലത്തുതന്നെ പുഴകളെ തേടി ലതയുടെ ഒഴുക്ക് തുടങ്ങിയിരുന്നു. നഗരവും സ്‌കൂളും ഒരുപോലെ ലതയെ വീർപ്പുമുട്ടിച്ചു. തുറവൂരിൽ ജ്യേഷ്ഠന്മാരായ സതീഷും സുരേഷും അനുഭവിക്കുന്ന വിശാലതയും നാട്ടിൻപുറവും കൊതിച്ച് കായൽതീരത്തും നഗരത്തിരക്കിലും ശ്വാസം മുട്ടുകയായിരുന്നു അന്നത്തെ ലത എന്ന കുട്ടി. നഗരത്തിന്റെ സ്വഭാവം തന്നെയായിരുന്നു സ്‌കൂളിനും. രണ്ടും മൂന്നുതരക്കാരായി വേർതിരിക്കപ്പെട്ട കുട്ടികൾ. അതിനെ ചോദ്യം ചെയ്തുകൊണ്ടേയിരുന്നു സ്‌കൂൾജീവിതകാലത്തെ ലത. തനിക്ക് നഷ്ടപ്പെട്ട നാട്ടിൻപുറജീവിതത്തെ അവൾ തിരിച്ചുപിടിക്കാൻ ശ്രമിച്ചത് ചിത്രം വരകളിലൂടെയായിരുന്നു.
സയൻസിനോട് എനിക്ക് താൽപര്യമുണ്ടായിരുന്നു. പക്ഷെ, ചില പൊരുത്തക്കേടുകളൊക്കെ മനസ്സിലാക്കിത്തുടങ്ങിയത് വെള്ളായനി കാർഷിക കോളേജിലെ ഡിഗ്രി പഠനകാലം തൊട്ടാണ്. ഒട്ടും പ്രാക്ടിക്കലല്ല എന്നു തോന്നിയിരുന്നു. മാത്രമല്ല, കർഷകരിലേക്ക് കാർഷിക സർവ്വകലാശാലയുടെ പരീക്ഷണങ്ങൾ എത്തുന്നില്ലെന്ന തിരിച്ചറിവും.
‘‘ആർട്ടിസ്റ്റ്, സയന്റിസ്റ്റ് എന്നിങ്ങനെയായിരുന്നു ഞാൻ എന്നെ നോക്കിക്കണ്ടിരുന്നത്'' എന്ന് ഡോ. ലത ആ കാലം ഓർക്കുന്നു.
സയൻസ് പാഠത്തിൽ, നെടുകെ ഛേദിച്ച് ചിത്രം വരച്ച് ഭാഗങ്ങൾ അടയാളപ്പെടുത്താൻ വിധിക്കപ്പെട്ട ചെമ്പരത്തിപ്പൂക്കളെ വരച്ചതിനുപിന്നാലെ തുറവൂരിന്റെ നാട്ടിടവഴികളിലെ ഛേദിക്കപ്പെടാത്ത ചെമ്പരത്തിപ്പൂവുകളെ നിറയെ വരച്ച് ലത പകരംവീട്ടി. സമ്മാനം കിട്ടിയ മഞ്ഞച്ചട്ടപ്പുസ്തകത്തിൽനിന്ന് കാടിനോടും കാട്ടുജീവിതങ്ങളോടും പ്രണയം തുടങ്ങിയ ലത, കടുവാ ട്രെയിനറായി മാറാൻ ആഗ്രഹിച്ചു. ‘ഓന്ത് ഒരു തുള്ളി മുതല’ എന്നതുപോലെ കടുവയുടെ ഒരു തുള്ളിയായ പൂച്ചയെ വീട്ടിൽ സർവ്വാധികാരത്തോടെയും വളർത്തി. അത് പെറ്റുകൂട്ടിയ കുഞ്ഞുങ്ങളെ പരിപാലിച്ചും വൈൽഡ്ലൈഫ് ഫിക്ഷനുകൾ വായിച്ചുമാണ് നാഗരികതയുടെ വിരസതയോട് ലത അന്നു പൊരുതിയിരുന്നത്.
പ്രീഡിഗ്രിക്ക് തേവര സേക്രട്ട് ഹാർട്ട് കോളേജിൽ സയൻസ് ഗ്രൂപ്പ് എടുത്തത് വരയ്ക്കാനുള്ള ഇഷ്ടം കൊണ്ടായിരുന്നു. സ്‌കൂൾകാലത്ത് നന്നായി വരച്ചുകൊണ്ടിരുന്ന രണ്ടു കൂട്ടുകാരികൾ, രാധാ ഗോമതിയും ഗായത്രിനാരായണനും ആർട്ട് സ്‌കൂളിലേക്ക് മാറിയപ്പോൾ ലത സയൻസ് ഗ്രൂപ്പ് എടുത്തതിനു പിന്നിൽ വീട്ടിൽനിന്നുള്ള നിർബന്ധം കൂടിയുണ്ടായിരുന്നു. ഡോക്ടറാക്കണമെന്ന അമ്മയുടെ മോഹമായിരുന്നു അത്. പൂച്ചകളെ സ്നേഹിച്ചിരുന്ന, മുയലുകളെയും വെള്ള എലികളെയുംവരെ വളർത്താൻ കൊതിച്ചിരുന്ന ലതയ്ക്ക് ജീവികളെയും പാറ്റകളെയും കീറിമുറിച്ചുള്ള പഠിപ്പിനോട് പൊരുത്തപ്പെടാൻ സാധിച്ചില്ല. പ്രീഡിഗ്രിയ്ക്കുശേഷം അഗ്രികൾച്ചർ ഇഷ്ടവിഷയമായി തിരഞ്ഞെടുത്ത് വെള്ളായനി കാർഷിക കോളേജിലേക്കെത്തി. വെള്ളായനി കായൽകൊണ്ട് സമ്പന്നമായിരുന്നു. കൈതച്ചെടികളുടെ തലപ്പൊക്കത്തിൽ അതിരിട്ട പാടങ്ങളും കായലുകളും ലതയുടെ പുഴ തേടിയുള്ള യാത്രയിലേക്ക് ഊന്നൽ നൽകി.
കൂടുതൽ മാർക്കുണ്ടായിട്ടും എംഎസ്.സിയ്ക്ക് അഗ്രികൾച്ചറൽ എക്സ്പാൻഷൻ എടുക്കുന്നത് തന്റെ വഴിയേതെന്ന തിരിച്ചറിവിലായിരുന്നു. പുഴ അപ്പോഴേക്കും ലതയെ വിളിച്ചുകൊണ്ടിരുന്നു.
ഫീൽഡിലൂടെയുള്ള യാത്ര കൊണ്ടുണ്ടായ മറ്റൊരുഗുണം, കർഷകരിൽ നിന്ന് കൃഷിയെക്കുറിച്ച് നേരിട്ടറിയാൻ സാധിച്ചു എന്നതാണ്. കാർഷിക സർവ്വകലാശാലകൾ രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗത്തെക്കുറിച്ച് പഠിപ്പിച്ചപ്പോൾ കർഷകർ പരമ്പരാഗതവും എന്നാൽ മണ്ണിനെ നശിപ്പിക്കാത്തതുമായ കൃഷിരീതികൾ പറഞ്ഞുതന്നു.
പിഎച്ച്.ഡിയ്ക്ക് റബ്ബർ എന്ന വിഷയം തിരഞ്ഞെടുത്ത് എത്തിയത് മീനച്ചിലാറിന്റെ തേങ്ങൽ കൊണ്ടായിരിക്കണം. മീനച്ചിലാറിന്റെ കൈവഴികളെ റബ്ബർ എങ്ങനെ കൊല്ലുന്നുവെന്ന് ലത പഠിച്ച് അവതരിപ്പിക്കുമ്പോഴേക്കും പുഴകളും നീർത്തടങ്ങളും ലതയോട് ഏറെ അടുത്തുകഴിഞ്ഞിരുന്നു. കൃഷി ഓഫീസറായി ആദ്യം ചാർജ്ജെടുക്കുന്നത് ഭാരതപ്പുഴയുടെ തീരത്തുള്ള ചാലിശ്ശേരിയിലായിരുന്നു. ഒഴുക്ക് എന്ന് ഭാരതപ്പുഴയെപ്പോലെ ലതയും അല്ലെങ്കിൽ ലതയെപ്പോലെ ഭാരതപ്പുഴയും വിലപിച്ചുതുടങ്ങിയിരുന്ന കാലം. പിന്നീട് കരുവന്നൂർപ്പുഴയുടെ തീരത്തെ വല്ലച്ചിറ. പുഴ സമൃദ്ധമായി ഒഴുകുന്ന കാലത്തെക്കുറിച്ചുള്ള സ്വപ്നങ്ങളിൽ ലത ചാലക്കുടിപ്പുഴയുടെ തീരത്തേക്കെത്തി. കൃഷിഓഫീസർ ഉദ്യോഗം രാജിവെച്ച് പുഴയ്ക്കായി ലത ഒഴുകുകയായിരുന്നു. കണ്ണീരായി പരിണാമം സംഭവിക്കുമായിരുന്ന ചാലക്കുടിപ്പുഴയെ മരണത്തിന് വിട്ടുകൊടുക്കില്ലെന്നുറച്ച് ലത പുഴയറിയാത്ത ഒഴുക്കുകൾക്കെതിരെ നീന്തിക്കൊണ്ടിരുന്നു. ലത വിജയിച്ചിരിക്കുന്നു, പുഴയും. വിജയിച്ചിട്ടുതന്നെയാണ് ലത തന്റെ ഒഴുക്ക് അവസാനിപ്പിച്ചത്.
അറബിക്കടലിൽ നിന്ന് ഈ പുഴ വീണ്ടും മേഘമായും മഴയായും പശ്ചിമഘട്ടത്തിന്റെ ചരിവിലേക്ക് പതിക്കും. വീണ്ടും പുതിയ ഒഴുക്കായി പുഴ ഒഴുകിക്കൊണ്ടിരിക്കും. ലതയിൽ നിന്ന് ഉയിർകൊണ്ട ഒഴുക്കുകൾ ചാലക്കുടിപ്പുഴയുടെ തീരങ്ങളിൽ ഇപ്പോഴും ജാഗരൂകരായുണ്ട്. പുഴ ഒഴുകുകതന്നെ ചെയ്യും. പുഴ മരിക്കുന്നില്ല, ലതയുടെ സ്വപ്നങ്ങളും.
ചില പൊരുത്തക്കേടുകൾ
‘‘വൈക്കത്തായിരുന്നു അച്ഛന്റെ വീട്. അമ്മവീട് തുറവൂരും. ജോലിയുടെ ഭാഗമായി അച്ഛനും അമ്മയും എറണാകുളം നഗരത്തിലാണ് താമസിച്ചിരുന്നത്. അതുകൊണ്ട് എനിക്കും അവിടെ താമസിക്കേണ്ടിവന്നു. ചെറുപ്പംതൊട്ടുതന്നെ ഈ നഗരത്തിന്റെ വികസനത്തെക്കുറിച്ച് എന്തുകൊണ്ടോ എനിക്ക് വേവലാതിയുണ്ടായിരുന്നു. എനിക്ക് തുറവൂരെന്ന നാട്ടിൻപുറം തന്നെയായിരുന്നു ഏറെ ഇഷ്ടം എന്നതുകൊണ്ടായിരിക്കാം. ഒരു നാട്ടിൻപുറം നൽകുന്ന ഊർജ്ജമൊന്നും ഒരു നഗരം നൽകുന്നില്ലെന്ന് താരതമ്യം ചെയ്യാൻ എനിക്ക് സാധിച്ചതു തന്നെയായിരിക്കാം എന്നെ പരിസ്ഥിതിപ്രവർത്തനത്തോട് അടുപ്പിച്ചത്. പഠിക്കുന്നതിനപ്പുറത്തേക്ക് വായിക്കാൻ അവസരമുണ്ടായിരുന്നു. ഒരുപാട് വായിക്കാൻ അവസരമുണ്ടായി. ഫിക്ഷനുകളായിരുന്നു ആദ്യഘട്ടത്തിൽ വായിച്ചതിലേറെയും. വൈൽഡ്ലൈഫ് കഥകളോട് ഇഷ്ടം കൂടുതലായിരുന്നു. അതിനുപുറമെ ചിത്രംവരയും സംഗീതവുമുണ്ടായിരുന്നു. ആർട്ടിസ്റ്റും സയന്റിസ്റ്റുമായാണ് ഞാൻ എന്നെ കണ്ടിരുന്നത്. സയൻസിനോട് എനിക്ക് താൽപര്യമുണ്ടായിരുന്നു. പക്ഷെ, ചില പൊരുത്തക്കേടുകളൊക്കെ മനസ്സിലാക്കിത്തുടങ്ങിയത് വെള്ളായനി കാർഷിക കോളേജിലെ ഡിഗ്രി പഠനകാലം തൊട്ടാണ്. അത് പ്രധാനമായും സോയിൽ സയൻസ്, അഗ്രോണമി പോലുള്ള വിഷയങ്ങളിലാണ്. ഒട്ടും പ്രാക്ടിക്കലല്ല എന്നു തോന്നിയിരുന്നു. മാത്രമല്ല, കർഷകരിലേക്ക് കാർഷിക സർവ്വകലാശാലയുടെ പരീക്ഷണങ്ങൾ എത്തുന്നില്ലെന്ന തിരിച്ചറിവും.’’
ലാബ് ടു ലാൻറ്
‘‘സയൻസ് മാത്രമായാൽ മനുഷ്യരിലേക്കെത്തില്ല. പ്രാക്ടിക്കൽ വശങ്ങൾകൂടി ഉൾച്ചേർന്നുപോകുന്ന ഒരു രീതി കൃഷിയിടങ്ങളിലേക്ക് എത്തണം എന്നാഗ്രഹിച്ചു. അതുകൊണ്ടാണ് എംഎസ്.സിയ്ക്ക് അഗ്രിക്കൾച്ചറൽ എക്സ്പാൻഷൻ തിരഞ്ഞെടുത്തത്. ബയോഗ്യാസ് ആയിരുന്നു തിരഞ്ഞെടുത്ത വിഷയം. ബദൽ ഊർജ്ജങ്ങൾ ആവശ്യമാണെന്ന തിരിച്ചറിവ് അന്നേ എനിക്കുണ്ടായിരുന്നു. പാലക്കാട് ജില്ലയിലായിരുന്നു എന്റെ യാത്രകൾ. ബയോഗ്യാസ് പ്ലാന്റുകൾ ധാരാളമായി അവിടെയുണ്ടായിരുന്നു. ഈ ഫീൽഡിലൂടെയുള്ള യാത്ര കൊണ്ടുണ്ടായ മറ്റൊരുഗുണം, കർഷകരിൽ നിന്ന് കൃഷിയെക്കുറിച്ച് നേരിട്ടറിയാൻ സാധിച്ചു എന്നതാണ്. കാർഷിക സർവ്വകലാശാലകൾ രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗത്തെക്കുറിച്ച് പഠിപ്പിച്ചപ്പോൾ കർഷകർ പരമ്പരാഗതവും എന്നാൽ മണ്ണിനെ നശിപ്പിക്കാത്തതുമായ കൃഷിരീതികൾ പറഞ്ഞുതന്നു.’’
20 സെന്റിൽ വരെ റബ്ബർ വയ്ക്കാമെന്ന റബ്ബർ ബോർഡിന്റെ അനുമതിയോടെയാണ് എല്ലാ ജൈവവൈവിധ്യങ്ങളും തകർത്ത് റബ്ബർ വ്യാപിച്ചത്. കൃഷിയെയോ പ്രകൃതിയെയോ നിലനിർത്തണമെന്നൊന്നും കൃഷി ഉദ്യോഗസ്ഥർക്കുണ്ടായിരുന്നില്ല.
മറ്റൊരു പഠനത്തിലേക്ക്
‘‘ചില ആളുകൾ അങ്ങനെയാണ്; വാക്കുകൾക്കപ്പുറത്ത് പ്രകൃതിയിലേക്ക് ഇഴുകിച്ചേർന്ന് ജീവിക്കുക. ഡോ. സതീഷ് ചന്ദ്രൻ നായരാണ് എന്നെ പ്രകൃതിയിലേക്ക് കൂടുതൽ അടുപ്പിച്ചയാൾ. സയൻസിലെ പൊരുത്തക്കേടുകളെക്കുറിച്ച് സംശയമുണ്ടായിരുന്ന കാലത്തുതന്നെ സതീഷ്ചന്ദ്രനെ കാണാൻ സാധിച്ചത് എന്റെ അന്വേഷണത്തെ വേഗത്തിലാക്കി. സൈലൻറ്വാലിയിൽ നേച്ചർ ക്യാമ്പിലാണ് സതീഷിനെ ഞാൻ കാണുന്നത്. എന്റെ സീനിയറായ എസ്. ഉഷയായിരുന്നു സതീഷിലേക്കുള്ള വഴി തുറന്നത്. ക്യാമ്പിനുശേഷം അട്ടപ്പാടിയിൽ താമസിച്ചു. സതീഷിന്റെ വാക്കുകളിൽ നിന്നും, അട്ടപ്പാടിയിലെ താമസത്തിൽ നിന്നുമാണ് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം മാറിമറിഞ്ഞതാണ് ഇന്നത്തെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് എനിക്ക് മനസ്സിലായി. വാട്ടർ ഷെഡ്ഡിനെക്കുറിച്ച് അന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഞാൻ പഠിച്ചതാണ്; പക്ഷെ, യാഥാർത്ഥ്യവുമായി ഒരു പൊരുത്തവുമില്ലാത്ത തിയറി മാത്രമായിരുന്നു പാഠപുസ്തകത്തിലുള്ളത്. ഞാൻ അന്നുതൊട്ട് മറ്റൊരു പഠനം തുടങ്ങുകയായിരുന്നു. സതീഷും ശാന്തിയും അനിതയും എന്നെ പുതിയ അറിവിലേക്ക് നയിക്കുകയായിരുന്നു.’’
32,000 രൂപ കടക്കാരിയായി രാജി
‘‘അവരവർക്കാവശ്യമുള്ള ഭക്ഷ്യസാധനങ്ങൾ കൃഷി ചെയ്തുകൊണ്ടുള്ള ഒരു സംസ്‌കാരം കേരളത്തിനുണ്ടായിരുന്നു. ചേമ്പ്, കാച്ചിൽ, ചേന എന്നിങ്ങനെ പോഷകസമൃദ്ധമായ ഭക്ഷ്യസംസ്‌കാരം. പക്ഷെ റബ്ബറിന്റെ വരവോടെ ഈ സംസ്‌കാരം മാറിമറിഞ്ഞു. ലാഭക്കൃഷി എന്ന നിലയിൽ റബ്ബർ വന്നതോടെ വീട്ടുമുറ്റംവരെ റബ്ബറിന്റേതായി. മണ്ണിന്റെ ഊർവ്വരതയെ റബ്ബർ നശിപ്പിക്കുന്നുവെന്നും പുഴകളുടെയും നീർത്തടങ്ങളുടെയും ചരമക്കുറിപ്പുകൾ റബ്ബർ എഴുതാൻ തുടങ്ങുന്നുവെന്നുമുള്ള തിരിച്ചറിവിൽ നിന്നാണ് പിഎച്ച്.ഡിയ്ക്ക് റബ്ബർ വരുത്തിവയ്ക്കുന്ന ആഘാതങ്ങളെക്കുറിച്ച് പഠിക്കാൻ തീരുമാനിച്ചത്. റബ്ബർ നമ്മുടെ ജലസമ്പത്തിനെയും ജൈവവൈവിധ്യത്തെയും എങ്ങിനെയാണ് നശിപ്പിക്കുന്നതെന്ന് പഠിച്ചു. ഇതൊക്കെ പ്രകൃതിയിലേക്കുള്ള തിരിച്ചുപോക്കിന് എന്നെ പാകപ്പെടുത്തുകയായിരുന്നു.’’
‘‘20 സെന്റിൽ വരെ റബ്ബർ വയ്ക്കാമെന്ന റബ്ബർ ബോർഡിന്റെ അനുമതിയോടെയാണ് എല്ലാ ജൈവവൈവിധ്യങ്ങളും തകർത്ത് റബ്ബർ വ്യാപിച്ചത്. കൃഷിയെയോ പ്രകൃതിയെയോ നിലനിർത്തണമെന്നൊന്നും കൃഷി ഉദ്യോഗസ്ഥർക്കുണ്ടായിരുന്നില്ല. ഉള്ളവരുണ്ടെങ്കിൽത്തന്നെ തുച്ഛവും. ഈ സാഹചര്യത്തിലാണ് ഞാനും കൃഷി ഓഫീസറായി ജോലിയിൽ പ്രവേശിക്കുന്നത്. രാസവളങ്ങൾ ഉപയോഗിക്കാൻ നിർദ്ദേശിക്കുന്ന ഏജൻറ് മാത്രമാണ് കൃഷി ഓഫീസർമാർ. ഞാനേതായാലും ഇത്രയും അറിഞ്ഞതുകൊണ്ട് അത്തരത്തിലൊരു കൃഷി ഓഫീസറാകാൻ ആഗ്രഹിച്ചില്ല. അതിന് ഞാനൊരുപാട് വില കൊടുക്കേണ്ടിയും വന്നു. പലപ്പോഴും രാസവളങ്ങളും കീടനാശിനികളും വാങ്ങാനെത്തുന്ന കർഷകരെ പറഞ്ഞ് പിന്തിരിപ്പിച്ച് പരമ്പരാഗതവും ജൈവികവുമായ കൃഷിരീതികളെക്കുറിച്ച് പഠിപ്പിക്കുമായിരുന്നു. മാസാവസാനമാകുമ്പോൾ ഇതിനൊക്കെയുള്ള വില എന്റെ ശമ്പളത്തിൽ നിന്ന് എനിക്ക് കൊടുക്കേണ്ടിവന്നു. എങ്കിലും എന്നാൽ കഴിയുന്ന മട്ടിൽ കാർഷികസന്തുലിതാവസ്ഥ നിലനിർത്താൻ ശ്രമിച്ചു.
സർക്കാരിന്റെ ചില പദ്ധതികളെക്കുറിച്ച് ഉദാഹരണസിഹതം പറഞ്ഞാൽ എളുപ്പമായിരിക്കും. വാട്ടർഷെഡ്ഡ് പ്രോഗ്രാം എന്ന പദ്ധതിയിലൂടെ തയ്യൽമെഷീൻ വരെ കൊടുക്കുന്ന ഏർപ്പാടുണ്ടായിരുന്നു. സർക്കാർ ഫണ്ട് വിനിയോഗം ഇങ്ങനെയൊക്കെയാണ്. വാട്ടർ ഷെഡ്ഡുണ്ടാക്കി ചുറ്റും ചെടികൾ വച്ചുപിടിപ്പിച്ചു. ഇതേ പദ്ധതിപ്രകാരംതന്നെ ആടുകളെയും നൽകി. ആടുകൾ ഈ ചെടികൾ തിന്ന് നശിപ്പിച്ചു. പദ്ധതി കാലയളവാകുമ്പോഴേക്കും ആടുകളെയും വിറ്റു. ഇങ്ങനെയൊക്കെയാണ് പദ്ധതികളും പദ്ധതികളുടെ നിർവ്വഹണവും. 2000ത്തിൽ 32,000 രൂപ കടക്കാരിയായാണ് ഞാൻ ജോലിയിൽനിന്ന് രാജിവയ്ക്കുന്നത്.''
ഞാനും ഉണ്ണികൃഷ്ണനും ആദ്യം ചെയ്തത് പുഴ കൊണ്ട് ജീവിക്കുന്ന, പുഴയെയും കാടിനെയും ആശ്രയിച്ച് സംസ്‌കാരം രൂപപ്പെടുത്തിയ ആദിവാസി ഊരുകളിലൂടെയുള്ള യാത്രയാണ്. ഓരോ വീടുകളിലും നേരിട്ടെത്തി പുഴ ഇതേമട്ടിൽ ചലിച്ചുകൊണ്ടിരിക്കേണ്ടതിന്റെ ആവശ്യം പറഞ്ഞുകൊണ്ടിരുന്നു.
ഉണ്ണിക്കൃഷ്ണൻ എന്ന സഹയാത്രികൻ
എംഎസ്.സി പഠനകാലത്തുതന്നെ സീനിയറായി പഠിച്ച എസ്. അനിതയുമായി ലതയ്ക്ക് അടുപ്പമുണ്ടായിരുന്നു. അവരുടെ പ്രവർത്തനങ്ങൾക്കൊപ്പം ലതയും മനസ്സു ചേർന്നിരുന്നു. അനിതയുടെ സഹോദരനാണ് ഉണ്ണികൃഷ്ണൻ. ബോംബെയിൽ നിന്ന്ജോലി രാജിവെച്ച് നാട്ടിലെത്തിയ ഉണ്ണികൃഷ്ണൻ കവിയെന്ന നിലയിലും വനസംരക്ഷണപ്രവർത്തകൻ എന്ന നിലയിലും പ്രവർത്തിക്കുകയായിരുന്നു. വനസംരക്ഷണവും പുഴ സംരക്ഷണവും ഒത്തുചേർന്ന കാലത്താണ് ഉണ്ണികൃഷ്ണനും ലതയും ഒരുമിക്കുന്നത്. യാത്ര, സംഗീതം, ആർട്ട് ഇങ്ങനെ പലതും ഇരുവരിലും സമാനതകളുണ്ടായിരുന്നു. ഇങ്ങനെ പുഴയ്ക്കും കാടിനുംവേണ്ടി മാത്രമായി ജീവിതം തുടരാം എന്ന സമാന ചിന്താഗതിയിൽ 1995ൽ ഇരുവരും വിവാഹിതരാകുന്നു. തുടർന്നുള്ള യാത്രകളിൽ ഇരുവരും ഒരുമിച്ചായിരുന്നു.
ചാലക്കുടിപ്പുഴയിലേക്ക്
‘‘ചാലക്കുടിപ്പുഴയിൽ അതിരപ്പിള്ളി പദ്ധതി തുടങ്ങാൻ കല്ലിടുന്നത് 2000ലാണ്. ഞാൻ ജോലി രാജിവെച്ച വർഷം. അതിനുമുമ്പുതന്നെ രാഘവൻ തിരുമുൽപ്പാടിന്റെ നേതൃത്വത്തിൽ ചാലക്കുടിപുഴ സംരക്ഷണ സമിതി ആരംഭിച്ചിരുന്നു. പദ്ധതി പുഴയെ കൊല്ലുമെന്ന് മനസ്സിലാക്കിയ ആ കാലത്ത് ഞാനും ഉണ്ണികൃഷ്ണനും ആദ്യം ചെയ്തത് പുഴ കൊണ്ട് ജീവിക്കുന്ന, പുഴയെയും കാടിനെയും ആശ്രയിച്ച് സംസ്‌കാരം രൂപപ്പെടുത്തിയ ആദിവാസി ഊരുകളിലൂടെയുള്ള യാത്രയാണ്. ഓരോ വീടുകളിലും നേരിട്ടെത്തി പുഴ ഇതേമട്ടിൽ ചലിച്ചുകൊണ്ടിരിക്കേണ്ടതിന്റെ ആവശ്യം പറഞ്ഞുകൊണ്ടിരുന്നു.
ഇപ്പോഴത്തെ ഊരുമൂപ്പത്തി ഗീതയുടെ അച്ഛൻ പൊതുവിവരമുള്ളയാളാണ്. അദ്ദേഹം അത് പെട്ടെന്ന് മനസ്സിലാക്കി. അവർ വികസനവ്യാമോഹികളല്ല, മണ്ണും കാടും പുഴയും മീനും തേനും അവരുടെ ജീവനാണ്. ആ വേര് നഷ്ടപ്പെടുത്തിയൊന്നും ചെയ്യാൻ അവർ തയ്യാറാവില്ല. അവർക്കൊപ്പം പഞ്ചായത്തുകളെയും നാട്ടുകാരെയും ഈ പദ്ധതിയെക്കുറിച്ച് ബോധവാന്മാരാക്കാൻ ഞങ്ങൾക്ക് സാധിച്ചു. ഏഴു പഞ്ചായത്തുകൾ പദ്ധതിക്കെതിരെ അന്ന് പ്രമേയം പാസാക്കി. ഇതൊരു വലിയ മുന്നേറ്റമായിരുന്നു.
എസ്.പി. രവിയും ഉണ്ണികൃഷ്ണനും ധർമരാജും അഡ്വ. സഹസ്രനാമം വഴി നൽകിയ കേസിനെത്തുടർന്ന് 2001ൽ അനുകൂല വിധി വന്നതോടെയാണ് അതിരപ്പിള്ളി പദ്ധതിയ്ക്ക് സ്റ്റേ വന്നത്. പബ്ളിക് ഹിയറിംഗ് നടത്തണമെന്നും ജസ്റ്റിസ് ബാലസുബ്രഹ്മണ്യം വിധിച്ചു. തുടർന്ന് ഒരു പബ്ളിക് ഹിയറിംഗ് തൃശൂരിൽ വെച്ചു. ഒരു ചെറിയ മുറിയിലാണ് നടത്തിയത്. ആരും വരാതിരിക്കാനായിരുന്നു അത്. എന്നാൽ ആ മുറിയുടെ പുറത്തടക്കം ജനങ്ങളെത്തി. പബ്ലിക് ഹിയറിംഗ് മാറ്റാൻ ആവശ്യപ്പെട്ടു. തുടർന്ന് പബ്ലിക് ലൈബ്രറിയിലേക്ക് മാറ്റി.
അതിരപ്പിള്ളി പദ്ധതിക്കെതിരായ ജനകീയ മുന്നേറ്റമുണ്ടാക്കാനും സർക്കാരിന്റെയും ഏജൻസികളുടെയും കുതന്ത്രങ്ങളെയും തുറന്നുകാട്ടാനും ഒട്ടേറെ പഠിക്കേണ്ടിവന്നു.
പുഴസംരക്ഷണത്തിന് രാജ്യത്താകമാനം പ്രവർത്തിക്കുന്ന ഒരു നെറ്റ്വർക്കുണ്ടായിരുന്നു. മേധാ പട്കറായിരുന്നു ആ നേതൃത്വത്തിനു പിന്നിൽ. മേധാപട്കറുമായി സംസാരിച്ച് ഈ പദ്ധതിക്കെതിരെ രാജ്യതലത്തിൽ ചർച്ചകളെത്തിക്കാനുള്ള പ്രവർത്തനത്തിലായിരുന്നു ഞാൻ. ഊരുമൂപ്പത്തി ഗീതയെ മുൻനിരയിലേക്ക് കൊണ്ടുവരേണ്ടത് ആവശ്യമായിരുന്നു. പുഴയ്ക്കുവേണ്ടി ഗീതയുടെ അച്ഛൻ അതിന് സമ്മതം നൽകി. ഗീതയുമായി സഹസ്രനാമം വഴി അഡ്വ. കെ.ബി. കൃഷ്ണനെ കണ്ടു. മൂന്ന് കേസ് കൊടുത്തു. പഞ്ചായത്തിനുവേണ്ടി പുഷ്പാംഗദനടക്കമുള്ളവർ ആ കേസിൽ പങ്കാളിയായിരുന്നു. 2006 മാർച്ചിൽ അനുകൂല വിധി വന്നു. പബ്ലിക് ഹിയറിംഗ് നടത്താനും ആവശ്യപ്പെട്ടു. ചാലക്കുടി ഗോപാലകൃഷ്ണ ഓഡിറ്റോറിയത്തിൽ 2006 ജൂൺ 15നായിരുന്നു ഹിയറിംഗ്. 150 ആദിവാസികളടക്കം 1500 പേരാണ് പങ്കെടുത്തത്. മലിനീകരണ നിയന്ത്രണ ബോർഡും ഇലക്ട്രിസിറ്റി ബോർഡും അവർക്കനുകൂലമായ റിപ്പോർട്ടുണ്ടാക്കി അട്ടിമറിച്ചു. അപ്പോഴാണ് ചാലക്കുടി റിവർ റിസർച്ച് സെന്ററുണ്ടായത്. പുഴ സംരക്ഷണത്തിനുമാത്രമായ ഒരു സംഘം എന്ന നിലയിലാണ് റിവർ റിസർച്ച് സെന്റർ പ്രവർത്തിക്കുന്നത്. അതിരപ്പിള്ളി പദ്ധതിക്കെതിരായ ജനകീയ മുന്നേറ്റമുണ്ടാക്കാനും സർക്കാരിന്റെയും ഏജൻസികളുടെയും കുതന്ത്രങ്ങളെയും തുറന്നുകാട്ടാനും ഒട്ടേറെ പഠിക്കേണ്ടിവന്നു. അത് ജനങ്ങളിലെത്തിക്കുന്നതിനും കേസ് നടത്തുന്നതിനും സാധിച്ചതുകൊണ്ടാണ് അതിരപ്പിള്ളി പദ്ധതിയ്ക്കെതിരെ ജനകീയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചത്.''
‘‘എന്നിട്ടും ഉദ്യോഗസ്ഥർ വാശി പിടിച്ചു. ഈഗോയും പണവുമാണ് പദ്ധതി നടപ്പാക്കാനുള്ള ഉദ്യോഗസ്ഥരുടെയും സർക്കാരിന്റെയും വാശിയ്ക്കു പിന്നിൽ. ഇങ്ങനെ കുറേ പരിസ്ഥിതി പ്രവർത്തകർ ചേർന്ന് ഒരു പദ്ധതി ഇല്ലായ്മ ചെയ്യാൻ നേക്കേണ്ട, തങ്ങൾക്കറിയാം കാര്യങ്ങൾ എന്ന എൻജിനീയർ ഈഗോയാണ് ഒന്ന്. ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനി, ഭാരത് ഹെവി ഇലക്ട്രിക്കൽസ് എന്നിവയാണ് പദ്ധതി നടത്തിപ്പുകാർ. ഇവർ പലർക്കും നല്ല കമീഷൻ കൊടുത്തുകഴിഞ്ഞു. ആരൊക്കെ വാങ്ങി എന്നൊന്നും എനിക്കറിയില്ല. കമീഷൻ വാങ്ങിയവർക്ക് ഇത് നടത്തിക്കിട്ടണമെന്ന് തോന്നുന്നത് സ്വാഭാവികം. എസ്.എൻ.സി ലാവ്ലിൻ ഉൾപ്പെടുന്ന പദ്ധതിയാണിത്. എസ്.എൻ.സി ലാവ്ലിനാണ് അതിരപ്പിള്ളിയ്ക്കുവേണ്ടി സ്റ്റാർട്ടപ്പ് ഡോക്യുമെൻറ് തയ്യാറാക്കിയത്.''
ഇനി അതിരപ്പിള്ളി നടക്കില്ല
‘‘അതിരപ്പിള്ളി പദ്ധതി നടക്കില്ലെന്നുറപ്പാണ്. ജനം ഇപ്പോൾ ബോധവാന്മാരാണ്; പുഴയെ പദ്ധതി എങ്ങനെ ഇല്ലാതാക്കുന്നുവെന്നതിൽ. പദ്ധതിക്കെതിരായ സമരം ജനം ഏറ്റെടുത്തുകഴിഞ്ഞിരിക്കുന്നു. ഇനി ലതയോ ഉണ്ണികൃഷ്ണനോ എസ്.പി. രവിയോ വേണമെന്നില്ല. അതിരപ്പിള്ളിയിലെയും ചാലക്കുടിയിലെ ബഹുഭൂരിപക്ഷം ജനങ്ങളും അതിരപ്പിള്ളി പദ്ധതിക്കെതിരായ നിലപാട് എടുത്തുകഴിഞ്ഞു. പുഴ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ ഞങ്ങൾ അനുഭവിക്കുന്നുണ്ട് ജനങ്ങളുടെ തിരിച്ചറിവ്. ചാലക്കുടിപ്പുഴ അതേ സൗന്ദര്യത്തോടെ ഇനിയും ഒഴുകും എന്ന കാര്യത്തിൽ എനിക്ക് ഇപ്പോൾ ഭയാശങ്കയില്ല.''
ചാലക്കുടിപ്പുഴ അതേ സൗന്ദര്യത്തോടെ ഒഴുകുകതന്നെ ചെയ്യട്ടെ. ലത തന്റെ കർത്തവ്യങ്ങൾ പൂർത്തീകരിച്ചാണ് ഒഴുകിപ്പോയിരിക്കുന്നത്. ചാലക്കുടിപ്പുഴ മാത്രമല്ല, ലോകത്തിലെ എല്ലാ പുഴകളും അവയുടെ തനിമയോടെ ഒഴുകുകതന്നെ ചെയ്യണം. ദശാബ്ധങ്ങൾ നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ ഒരു പുഴയ്ക്ക് ആ നാട്ടിലെ വ്യക്തിയ്ക്ക് ലഭിക്കുന്ന അവകാശങ്ങൾ നേടിക്കൊടുത്ത ഒരു ജനതയെക്കുറിച്ചു വന്ന വാർത്ത ആനന്ദത്തോടെ ഓർമിപ്പിച്ചുകൊണ്ടായിരുന്നു ലത അഭിമുഖം അവസാനിപ്പിച്ചത്. അതുപോലെ എല്ലാ പുഴകൾക്കുംവേണ്ടി വരുംതലമുറ രംഗത്തുവരും എന്ന പ്രതീക്ഷ ലതയുടെ മുഖത്തുണ്ടായിരുന്നു. ആ തലമുറയിലേക്ക് വെളിച്ചം പകർന്നാണ് ലത ഒഴുകിയവസാനിച്ചത്. ▮