കോഴിക്കോട് കൊയിലാണ്ടി തങ്കമലയിൽ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിക്കുകയായിരുന്ന ക്വാറിയുടെ (Thankamala Quarry) ലൈസൻസ് റദ്ദ് ചെയ്യാൻ കീഴരിയൂർ (Keezhariyur) പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചു. വഗാഡ് കൺസ്ട്രക്ഷൻ കമ്പനിയാണ് ഖനനം (Mining) നടത്തിയിരുന്നത്. ക്വാറിയുടെ പ്രവർത്തനത്തിനെതിരെ നാട്ടുകാർ സമരത്തിലാണ്. “അടിയന്തര ഭരണസമിതി ചേർന്നുകൊണ്ട് തങ്കമല ക്വാറിയുടെ ലൈസൻസ് പിൻവലിക്കാനും ഇ സി റദ്ദ് ചെയ്യിപ്പിക്കുന്നതിനും നിയമ നടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്, ലൈസൻസ് റദ്ദാക്കാനായി ഒരു പരാതി കലക്ടർക്ക് കൊടുത്തിരുന്നു. 10 മാസമായിട്ടും യാതൊരു നടപടിയും ഇല്ലാതായപ്പോഴാണ് ഇങ്ങനെ ഒരു നടപടി കൈക്കൊള്ളാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചത്,” കീഴരിയൂർ പഞ്ചായത്ത് പ്രസിഡൻറ് കെ.കെ നിർമല ടീച്ചർ ട്രൂ കോപ്പി തിങ്കിനോട് പറഞ്ഞു.
പഞ്ചായത്ത് ഭരണസമിതി ക്വാറിയുടെ ലൈസൻസ് റദ്ദാക്കാൻ തീരുമാനിച്ചുവെങ്കിലും തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നത് വരെ സമരം തുടരുമെന്നതാണ് പ്രദേശവാസികൾ വ്യക്തമാക്കിയിരിക്കുന്നത്.
പഞ്ചായത്ത് ഭരണസമിതി ക്വാറിയുടെ ലൈസൻസ് റദ്ദാക്കാൻ തീരുമാനിച്ചുവെങ്കിലും തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നത് വരെ സമരം തുടരുമെന്നതാണ് പ്രദേശവാസികൾ വ്യക്തമാക്കിയിരിക്കുന്നത്. ജില്ലാ കലക്ടർ ക്വാറി സന്ദർശിച്ച് പ്രശ്നപരിഹാരം നടത്തണമെന്നാണ് സമരക്കാരുടെ ആവശ്യം. “പഞ്ചായത്ത് ഭരണസമിതി ലൈസൻസ് റദ്ദ് ചെയ്തത് അല്ലേയുള്ളൂ. ജില്ലാ കലക്ടർ വന്ന് ക്വാറിയുടെ ലംഘനങ്ങൾ എല്ലാം മനസിലാക്കി ഒരു തീരുമാനമെടുക്കട്ടെ. എന്നാൽ മാത്രമേ സമരം അവസാനിപ്പിക്കൂ. ഭരണ സമിതി ഇന്നലെ എടുത്ത പോലെ മുൻപും റദ്ദാക്കാൻ വേണ്ടി തീരുമാനിച്ചതാണ്. പക്ഷേ ഒരു പത്ത് ദിവസം കഴിഞ്ഞപ്പോൾ കമ്പനിക്കാർ കോടതിയിൽ പോയി ശരിയാക്കി എടുത്തു. അവർ വീണ്ടും കോടതിയിൽ പോവും, അതുകൊണ്ട് ഇതിൽ വലിയ നേട്ടം ഒന്നും ഇല്ല,” സമരനേതാവ് സുഭാഷ് വടക്കുംമുറി ട്രൂ കോപ്പി തിങ്കിനോട് പറഞ്ഞു.
ക്വാറി നടത്തുമ്പോൾ പാലിക്കേണ്ട നിർദേശങ്ങൾ ഒന്നാകെ ലംഘിച്ചാണ് തങ്കമലയിലെ ക്വാറിയുടെ പ്രവർത്തനമെന്നാണ് നാട്ടുകാരുടെ പരാതി. ഖനനം കാരണം ജനവാസകേന്ദ്രത്തിന്റെ തൊട്ട് മുകൾഭാഗത്തായി വലിയ ഗർത്തം രൂപപ്പെട്ടിട്ടിരുന്നു. ഇതുകാരണം പ്രദേശം ഉരുൾപൊട്ടൽ ഭീഷണിയിലായ സാഹചര്യത്തിൽ കീഴരിയൂർ, തുറയൂർ പഞ്ചായത്തുകളിലുള്ളവർ ചേർന്ന് സമരം ആരംഭിച്ചത്. പഞ്ചായത്ത് അധികൃതരുടെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണയോടെ കഴിഞ്ഞ ഒരാഴ്ചയായി ക്വാറിയ്ക്ക് സമീപം നിരാഹാരസമരം നടത്തുകയാണ് പ്രദേശവാസികൾ. പാറ പൊട്ടിക്കുമ്പോൾ ഉണ്ടാക്കുന്ന പൊടിശല്യം കാരണം പരിസരവാസികൾക്ക് ശ്വാസസംബന്ധിയായ അസുഖങ്ങളും, സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടുകൾക്ക് കേടുപാടുകളും തുടരനുഭവമായ സാഹചര്യത്തിൽ അനധികൃത ഖനനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. കഴിഞ്ഞ ഒക്ടോബറിൽ പഞ്ചായത്ത് ഭരണ സമിതി തീരുമാനപ്രകാരം ജില്ലാ കല്കറോട് പഞ്ചായത്ത് സെക്രട്ടറി എൻവയോൺമെന്റൽ ക്ലിയറൻസ് വ്യവസ്ഥകളുടെ ലംഘനത്തിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലമൊന്നും ഉണ്ടായില്ല.
ഖനനം തുടങ്ങുന്നതിനുമുമ്പ് മലിനജലവും മാലിന്യങ്ങളും ഒഴുകിപ്പോകുന്നതിനുള്ള കനാലും മാലിന്യം അടിയാനുള്ള കുളവും നിർമിക്കണമെന്ന വ്യവസ്ഥ ക്വാറി നടത്തിപ്പുകാർ പാലിച്ചിരുന്നില്ല. പ്രോജക്ട് സ്ഥലത്ത് ഗ്രീൻ ബെൽട്ടിന് നിർദേശിക്കപ്പെട്ട 11 ഇനം മരങ്ങൾ നട്ടുപിടിപ്പിക്കാതെയുമായിരുന്നു പ്രവർത്തനം. ക്വാറിയിൽ നിന്നുള്ള രാസപദാർത്ഥങ്ങൾ കലർന്ന ജലം പ്രദേശത്തെ കനാൽ വഴി ഒഴുക്കി വിടുന്നതിനാൽ സമീപപ്രദേശത്തെ കിണറുകളിലെ വെള്ളം മലിനമാകുകയും ചെയ്തിരുന്നു. ഖനന സമയം ക്രമാതീതമായി കൂടിയപ്പോൾ ശബ്ദ മലിനീകരണവും ഉണ്ടെന്ന് നാട്ടുകാർ പറയുന്നു.
“ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെടുന്നത് വരെ സമരത്തിനിരിക്കും. മലിനജലം ഒഴുകിപ്പോവാൻ സംവിധാനം ഉണ്ടാക്കണമെന്ന് ഞങ്ങൾ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. പ്രദേശത്തെ വീടുകളിലെല്ലാം പൊടിയും ചെളിയും കയറുന്നുണ്ട്. ഇതിനും പരിഹാരം കാണണം. ജില്ലാ കലക്ടർ വന്ന് നോക്കി വിഷയം പരിഹരിക്കണം. അത് വരെ ഞങ്ങൾ സമരം തുടരും,” പ്രദേശവാസി ശോഭ ട്രൂ കോപ്പി തിങ്കിനോട് പറഞ്ഞു.
ശ്വാസം മുട്ടിച്ചും കള്ളക്കേസിൽ കുടുക്കിയും ജീവിതം നീറ്റുന്ന തങ്കമലയിലെ ക്വാറി ഖനനം