പ്രകടനപത്രികയിൽ നിന്ന് അപ്രത്യക്ഷമായ ആ വാഗ്ദാനം :

പാറമടകൾ പൊതുമേഖലയിലാക്കുമെന്ന് കഴിഞ്ഞ തവണ ഇടതുപക്ഷത്തിന്റെ പ്രകടന പത്രികയിലുണ്ടായിരുന്നു. ഇക്കുറി ഇടതുപക്ഷം വീണ്ടും ഭരണത്തിലേറുമ്പോൾ, ഇത്തവണത്തെ പ്രകടനപത്രികയിൽ അത്തരമൊരു നിലപാട് ഉണ്ടായിരുന്നില്ല. എന്തുകൊണ്ടാണിത്?

'ക്വാറികൾ പൊതുമേഖലയിലാക്കും'

കേരളത്തിലെ കരിങ്കൽ ക്വാറികളുടെ ധർമമെന്താണ്?
പ്രഥമദൃഷ്ടിയിൽ തോന്നുക, അവിടെ നിന്നാണ് നിർമാണ മേഖലയ്ക്കാവശ്യമായ പാറ കിട്ടുന്നത് എന്നാണ്. എന്നാൽ ക്വാറികൾ അതിനുമപ്പുറത്തേക്ക് വളർന്നുകഴിഞ്ഞു, ചങ്ങാത്ത മുതലാളിത്തത്തിന്റെ കേരളത്തിലെ ഏറ്റവും പ്രധാന നിദർശനമായി അവ മാറിക്കഴിഞ്ഞു. വീടുകൾക്കും റോഡുകൾക്കും കടൽഭിത്തികൾക്കും പുലിമുട്ടുകൾക്കുമായി ഉപയോഗിക്കേണ്ടിവരുന്ന അത്യാവശ്യ വിഭവം എന്ന നിലയ്ക്കാണ് പാറയെ കരുതിയിരുന്നത്. ആരുടേതാണ് ഈ പ്രകൃതിവിഭവം?
ഗോവയിൽ ഖനനത്തിനെതിരെ പ്രവർത്തിക്കുന്ന ക്ലോഡ് അൽവാരിസ് ഒരിക്കൽ പറഞ്ഞത്, ഗോവയിൽ നിന്ന് ഖനനം ചെയ്യപ്പെട്ട വിഭവങ്ങളുടെ വില അവിടുത്തെ ജനങ്ങൾക്ക് വീതിച്ചുനൽകിയിരുന്നെങ്കിൽ ഇന്ന് അവർ ലോകത്തെ ഏറ്റവും സമ്പന്നരായി മാറിയേനെ എന്നാണ്. പാറ എന്ന വിഭവം അത് സ്ഥിതിചെയ്യുന്ന പ്രദേശത്തെ മനുഷ്യരുടേയോ അവരെ ഭരിക്കുന്ന ഭരണകൂടത്തിന്റെയോ സ്വത്തായിട്ടല്ല കരുതപ്പെടുന്നത്. അത് പൂർണമായും സ്വകാര്യ മുതലാളിമാരുടേതാണ്. പാറമടകൾ പൊതുമേഖലയിലാക്കുമെന്ന് കഴിഞ്ഞ തവണ ഇടതുപക്ഷത്തിന്റെ പ്രകടന പത്രികയിലുണ്ടായിരുന്നു. ഇക്കുറി ഇടതുപക്ഷം വീണ്ടും ഭരണത്തിലേറുമ്പോൾ, ഇത്തവണത്തെ പ്രകടനപത്രികയിൽ അത്തരമൊരു നിലപാട് ഉണ്ടായിരുന്നില്ല. എന്തുകൊണ്ടാണിത്?

കേരളത്തിൽ എത്ര കരിങ്കൽ ക്വാറികളുണ്ട്? ഈ ചോദ്യത്തിന് ഉത്തരമുണ്ടായിരുന്നില്ല. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ വെബ്‌സൈറ്റിൽ ലൈസൻസ് കൊടുത്തിട്ടുള്ള ക്വാറികളുടെ വിശദാംശങ്ങളുണ്ടെങ്കിലും അത് പക്ഷേ സർവേ നമ്പരുകളാണ്. നമ്മൾ കാണുന്ന ഒരു ക്വാറിയുടെ സ്ഥലം തന്നെ പലപ്പോഴും പല സർവേ നമ്പറുകളിലാകും. അതുകൊണ്ട് എത്ര ക്വാറികൾ എന്നതല്ല എത്ര ലൈസൻസുകൾ എന്നതാണ് മൈനിംഗ് ആൻഡ് ജിയോളജിയിൽ നിന്ന് ലഭ്യമാകൂ.

വടക്കൻ കേരളം, മധ്യ കേരളം, തെക്കൻ കേരളം എന്നിവിടങ്ങളിൽ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ പാനലും (WGEEP), കസ്തൂരിരംഗൻ സമിതിയും (HLWG) പരിസ്ഥിതി ലോല പ്രദേശങ്ങളായി രേഖപ്പെടുത്തിയ സ്ഥലങ്ങളിലെ ക്വാറി പ്രവർത്തനത്തെ സൂചിപ്പിക്കുന്ന ഭൂപടം

കേരളത്തിൽ ഭൂമിയുടെ ഉപരിതലത്തെ മാറ്റിമറിയ്ക്കുന്ന, കുന്നുകളെ കുഴികളാക്കി മാറ്റുന്ന പാറഖനനം പല തരം ഇടപെടലുകളാണ് കേരളത്തിന്റെ ആവാസ വ്യവസ്ഥയിലുണ്ടാക്കുക. ജലത്തിന്റെ സ്വാഭാവിക ചംക്രമണം തടസ്സപ്പെടുത്തുക എന്നതാണ് അതിലാദ്യത്തേത്. കുന്നുകൾ ഇല്ലാതാകുന്നതോടെ മഴക്കാലത്ത് ശേഖരിച്ചു വയ്ക്കുന്നതും വേനലിൽ ഉറവകളിലൂടെ വിട്ടുകൊടുക്കുന്നതുമായ ജലത്തിന്റെ പാരിസ്ഥിതിക സേവനം ഇല്ലാതാകും. അതുകൊണ്ടുതന്നെ പലയിടത്തും ക്വാറിയോടുചേർന്ന സ്ഥലങ്ങളിൽ ജലക്ഷാമം ഉണ്ടാകുകയും ക്വാറി മുതലാളിമാർ തന്നെ കുടിവെള്ള വിതരണം തുടങ്ങുകയും ചെയ്യും. പലയിടങ്ങളിലും തദ്ദേശഭരണ സ്ഥാപനങ്ങൾ ജലവിതരണം ഏറ്റെടുത്തിട്ടുണ്ട്. ഒരു സ്ഥലത്ത് സ്വാഭാവികമായി ലഭ്യമായിരുന്ന ജലം എന്ന പ്രധാന പാരിസ്ഥിതിക വിഭവം ഇല്ലാതാക്കി അതിനെ അതിജീവിക്കാൻ പണം ചെലവഴിക്കേണ്ടിവരുന്ന അവസ്ഥ നിരവധി പഞ്ചായത്തുകളിൽ സംഭവിച്ചുകഴിഞ്ഞു.

ഇപ്പോഴും തുടരുന്ന ക്വാറി വിരുദ്ധ സമരങ്ങളാൾ നിയമപോരാട്ടങ്ങളിലാണ്.
ഭാരിച്ച ചെലവു താങ്ങാതെ അവയും പരാജയപ്പെട്ടേക്കാം. ഇവയെയൊന്നും കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുത്തിട്ടില്ല

പാറ വിറ്റ പണം മുതലാളിക്കും അതുകൊണ്ടുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നം പരിഹരിക്കേണ്ട പണം മുടക്കേണ്ടത് പൊതുസമൂഹവുമായി മാറുന്നു. വലിയ ടോറസ് ലോറികൾ നിരന്തരം സഞ്ചരിക്കുമ്പോൾ തകരുന്ന റോഡുകൾ പുതുക്കിപ്പണിയാനുള്ള പണം മുടക്കേണ്ടത് പൊതുസമൂഹം തന്നെ. ലോറികളിൽ നിന്ന് വമിക്കുന്ന പുകപടലം മൂലവും ക്വാറിയിൽ നിന്നുള്ള വെള്ളം ഉപയോഗിക്കുന്നതുമൂലവും ഉണ്ടാകുന്ന അസുഖങ്ങളുടെ ചികിത്സക്കുള്ള ചെലവ് അതാത് വ്യക്തികളും പൊതുസമൂഹവും ചേർന്ന് വഹിക്കും. പണ്ട് സിനിമകളിലെ സംഘർഷരംഗങ്ങൾ ചിത്രീകരിച്ചിരുന്ന പാറമടകളിൽ കാണുന്നപോലെ ജോലി ചെയ്യുന്ന ധാരാളം സ്ത്രീകളെയും പുരുഷൻമാരെയും ഇന്ന് അവിടെ കാണാനാകില്ല. യന്ത്രങ്ങൾ ആ ജോലി ഏറ്റെടുത്തു കഴിഞ്ഞു. കുറച്ചുമാത്രം വേണ്ടി വരുന്ന ജോലിക്കാരാകട്ടെ അന്യഭാഷാ തൊഴിലാളികളും.

സംസ്ഥാനത്തെ ഒരു ഗ്രാനെെറ്റ് ക്വാറി / Photo: Department of Mining and Geology, GoK

ഇത്തരത്തിലൊക്കെ ജീവിതം ദുഃസ്സാധ്യമായതിനാലാണ് കേരളത്തിൽ അങ്ങോളമിങ്ങോളം ക്വാറി വിരുദ്ധ സമരങ്ങൾ ഉയർന്നുവന്നത്. ക്വാറി മുതലാളിമാരുടെ ഭീഷണിക്കുമുന്നിൽ പിടിച്ചുനിൽക്കാനാകാതെ അവയിൽ ഏറെയും പരാജയപ്പെട്ടു. ഇപ്പോഴും തുടരുന്ന സമരങ്ങളാകട്ടെ നിയമപോരാട്ടങ്ങളിലാണ്. ഭാരിച്ച ചെലവു താങ്ങാതെ അവയും പരാജയപ്പെട്ടേക്കാം.
ഈ സമരങ്ങളുടെ ഒരു പ്രത്യേകത, ഇവയെ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുത്തിട്ടില്ല എന്നതാണ്. അവരുടെ പിന്തുണയില്ലെന്നുമാത്രമല്ല പലപ്പോഴും അവരോടാണ് സമരം ചെയ്യേണ്ടി വരുന്നതും. ഒരു പ്രദേശത്ത് ഒരു പ്രശ്‌നമുണ്ടാകുക, അത് സാമാന്യ മനുഷ്യരും ക്വാറി മുതലാളിയും തമ്മിലാകുക, അതിൽ പ്രധാന രാഷ്ട്രീയ പാർട്ടികൾ ജനപക്ഷത്ത് ഉണ്ടാകാതിരിക്കുക - ഇതാണ് ചങ്ങാത്ത മുതലാളിത്തത്തിന്റെ ആദ്യ ലക്ഷണം. നിലനിൽക്കുന്ന മുതലാളിത്ത വ്യവസ്ഥയുടെ സമാന്തര വിഭാഗമായ ചങ്ങാത്ത മുതലാളിത്തത്തിന്റെ സവിശേഷ സ്വഭാവം കൊണ്ട് മൂലധനം, ഭരണകൂടത്തിന്റെ ഭാഗങ്ങളായ നിയമം നിർമിക്കൽ, നിയമം നടപ്പിലാക്കൽ, നിയമം നടപ്പിലാക്കപ്പെടുന്നുവെന്ന് ഉറപ്പാക്കൽ എന്നീ സംവിധാനങ്ങളുമായി അനാശാസ്യ ബന്ധമുണ്ടാക്കി ലാഭമുണ്ടാക്കുന്നു. ലാഭം രാഷ്ട്രീയപാർട്ടികളുമായും ഉദ്യോഗസ്ഥരുമായും പങ്കുവച്ചാണ് ഈ ചങ്ങാത്തം ഉറപ്പാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ എങ്ങനെയാണ് ഈ ചങ്ങാത്ത മുതലാളിത്തം കരിങ്കൽ ക്വാറികളുടെ കാര്യത്തിൽ പ്രവർത്തിക്കുന്നതെന്നും അതെങ്ങനെയാണ് പരിസ്ഥിതിയെ എന്ന പോലെ തന്നെ നമ്മുടെ ജനാധിപത്യ സംവിധാനത്തെയും മലീമസമാക്കിയതെന്നും അന്വേഷിക്കേണ്ടതായിട്ടുണ്ട്.

മുമ്പുസൂചിപ്പിച്ച പോലെ കേരളത്തിലെത്ര ക്വാറികളുണ്ട് എന്ന ചോദ്യത്തിന് ഉത്തരം കിട്ടേണ്ടതുണ്ട്. എണ്ണം മാത്രമല്ല, അവയെ കേരളത്തിന്റെ ഭൂപടത്തിൽ അടയാളപ്പെടുത്തുകയും വേണം. എങ്കിലേ, അവ തമ്മിലുള്ള വ്യത്യാസവും ക്വാറികളും പ്രധാനപ്പെട്ട ആവാസ വ്യവസ്ഥകളും മനുഷ്യന് അത്യാവശ്യമായ പാരിസ്ഥിതിക സേവനങ്ങളും തമ്മിലുള്ള ബന്ധവും തിരിച്ചറിയാനാകൂ. ഭൂപ്രതലത്തിന്റെ ഘടനാപരമായ ഉറപ്പ്, ഭൂകമ്പം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നീ പ്രതിഭാസങ്ങളുമായുള്ള ബന്ധവും തിരിച്ചറിയേണ്ടതുണ്ട്.

WGEEP, HLWG എന്നിവ പരിസ്ഥിതി ലോല പ്രദേശങ്ങളായി കണക്കാക്കിയ ഇടങ്ങളിലെ ക്വാറികളുടെ എണ്ണം, വിസ്തൃതി

2017 ലാണ് അത്തരത്തിലൊരു ശ്രമം നടന്നത്. കേരളത്തിലെ ക്വാറികളത്രയും അന്നാദ്യമായി ഭൂപടത്തിൽ അടയാളപ്പെടുത്തപ്പെട്ടു. 2014-15 കാലത്തെ ഗൂഗ്ൾ എർത്ത്, ഗൂഗ്ൾ മാപ്പ്, ബിംഗ് എന്നീ ഓപ്പൺ ആക്‌സസ്, ഉപഗ്രഹ ഡാറ്റ എന്നിവയാണ് ഇതിന് ഉപയോഗിച്ചത്. വിഷ്വൽ ഇന്റർപ്രട്ടേഷൻ, വിസ്തീർണം കണക്കാക്കൽ, അനാലിസിസ് എന്നിവ QGIS സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് ചെയ്തത്. ക്വാറികളുടെ ഭൂപടം തയ്യാറാക്കുക എന്നതിനപ്പുറവും ഒരു വലിയ ഭൂപ്രദേശത്തെ അവ എങ്ങനെയെല്ലാം ബാധിക്കുന്നു എന്നതായിരുന്നു പഠനവിഷയം.

0.02 മുതൽ 64.04 വരെ ഹെക്ടർ വിസ്തീർണമുള്ള 5924 ക്വാറികളാണ് ഈ പഠനത്തിൽ കണ്ടെത്തിയത്. കേരളത്തിൽ 7157.6 ഹെക്ടർ സ്ഥലം ക്വാറിയായിക്കഴിഞ്ഞു എന്നും ഈ പഠനം കണ്ടെത്തി. മധ്യകേരളത്തിലായിരുന്നു ഏറ്റവും കൂടുതൽ ക്വാറികൾ - 2438 എണ്ണം. തെക്കൻ കേരളത്തിൽ 1517 എണ്ണവും വടക്കൻ കേരളത്തിൻ 1969 എണ്ണവും. ഇവയിൽ 96% ക്വാറികളും കേരളത്തിന്റെ ജലചംക്രമണ വ്യവസ്ഥയായ പുഴകൾക്കും അരുവികൾക്കും 500 മീറ്റർ ചുറ്റളവിനുള്ളിലാണ്. 100 മീറ്റർ ചുറ്റളവിൽ 2553 ക്വാറികളും 200 മീറ്റർ ചുറ്റളവിൽ 4072 ക്വാറികളുമുണ്ട്. ഭൗമശാസ്ത്ര പഠന കേന്ദ്രം കണ്ടെത്തിയ കേരളത്തിലെ ഭ്രംശരേഖയിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിൽ 354 (612 ഹെക്ടർ) ക്വാറികളും ഭൂകമ്പ പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്ററിനുള്ളിൽ 78 (141.68 ഹെക്ടർ ) ക്വാറികളും നിലനിൽക്കുന്നു.

കേരളത്തിലെ ക്വാറികളുടെ എണ്ണവും വിസ്തൃതിയും

വനമേഖലയുമായുള്ള ക്വാറികളുടെ സാമീപ്യമാണ് പഠനത്തിൽ ഉൾപ്പെടുത്തിയ മറ്റൊരു പ്രധാന കാര്യം. 79 (85.83 ഹെക്ടർ) ക്വാറികളാണ് സംരക്ഷിത വനപ്രദേശത്തിന് ഒരു കിലോമീറ്ററിനുള്ളിൽ കണ്ടെത്തിയത്. റിസർവ്വ് വനത്തിന് ഒരു കിലോമീറ്ററിനുള്ളിൽ 1378 (3000.05 ഹെക്ടർ) ക്വാറികളും. പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ പാനൽ (Western Ghat Ecology Expert Panel) പരിസ്ഥിതി ലോല മേഖലകളിലുള്ള ക്വാറികളുടെ സാന്നിദ്ധ്യവും കണക്കാക്കി. ക്വാറികൾ പാടില്ല എന്ന് വിദഗ്ധ പാനൽ നിർദ്ദേശിച്ച സോൺ ഒന്നിൽ 1486 (1699.07 ഹെക്ടർ) ക്വാറികളും നിശ്ചിത സമയത്തിനുള്ളിൽ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് നിർദ്ദേശിക്കപ്പെട്ട സോൺ രണ്ടിൽ 169 (343.97 ഹെക്ടർ) ക്വാറികളും ഉണ്ട്. സോൺ മൂന്നിലാകട്ടെ 1677 (1884.57 ഹെക്ടർ) ക്വാറികളും. ഈ പഠനത്തിന്റെ ലക്ഷ്യം കേരളത്തിൽ ഇതുവരെ പ്രവർത്തിച്ചിരുന്നതും പ്രവർത്തിക്കുന്നതും ആയ മുഴുവൻ ക്വാറികളും അടയാളപ്പെടുത്തുക എന്നതായിരുന്നു. ഭൂമിയുടെ ഉപരിതലത്തിലെ ഒരിക്കലും തിരിച്ചുകൊണ്ടുവരാനാവാത്ത മാറ്റം (irrevocable change) എന്ന നിലയ്ക്കാണ് ഈ പഠനം നടന്നത്. ഭൂ ഉപരിതലത്തിൽ സ്ഥായിയായ മാറ്റങ്ങളുണ്ടാക്കുന്നവ എന്ന നിലയ്ക്കാണ്, ഇപ്പോൾ പ്രവർത്തിക്കുന്നവ മാത്രമല്ല മുമ്പ് പ്രവർത്തിച്ചിരുന്ന ക്വാറികളും വിശകലനം ചെയ്യപ്പെട്ടത്.

ഈ പഠനത്തിന്റെ ഒരു പ്രധാന പരിമിതി, അത് ഉപഗ്രഹ ചിത്രങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തിയതിനാൽ ചിലപ്പോഴെങ്കിലും ക്വാറികളല്ലാത്ത സ്ഥലങ്ങളും ക്വാറികളായി അടയാളപ്പെടുത്തപ്പെട്ടേക്കും എന്നതായിരുന്നു. ഇത്തരത്തിലുള്ള വ്യത്യാസം മനസിലാക്കാൻ വയനാട് ജില്ലയിലെ എല്ലാ ക്വാറികളും സന്ദർശിച്ച് ഡാറ്റ വെരിഫൈ ചെയ്തു. അതിൽ നിന്ന് മനസ്സിലായത്, അര ഹെക്ടറിൽ താഴെയുള്ള ക്വാറികളുടെ എണ്ണത്തിൽ മാത്രമാണ് വ്യത്യാസമുള്ളത് എന്നാണ്. വയനാട് ജില്ലയിലെ ആകെ ക്വാറികളുടെ വിസ്തീർണ്ണത്തിൽ 8.5 ഹെക്ടർ വ്യത്യാസം മാത്രമേ ഉപഗ്രഹചിത്രങ്ങളെ ഉപയോഗിച്ചപ്പോഴുണ്ടായുള്ളൂ. ഈ വെരിഫിക്കേഷൻ മറ്റു ജില്ലകളിൽ കൂടി നടത്തേണ്ടതുണ്ട്. കൃത്യമായ ഡാറ്റ ലഭ്യമാകും വരെ മുമ്പുനടന്ന പഠനം തന്നെ നമുക്ക് ആശ്രയിക്കേണ്ടിവരും.

കേരളത്തിലെ പ്രധാനപ്പെട്ട നദീതടങ്ങളിലുള്ള ക്വാറികളുടെ എണ്ണം, വിസ്തൃതി

ഈ പഠനത്തിനു ശേഷമാണ് 2018, 2019 വർഷങ്ങളിലെ പ്രളയവും ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലും സംഭവിക്കുന്നത്. 2018 ൽ 1426 മണ്ണിടിച്ചിലും 2019 ൽ 711 മണ്ണിടിച്ചിലുമാണുണ്ടായത്. ഭൂമിയുടെ ഉപരിതലത്തിലെ മനുഷ്യന്റെ ഇടപെടലുകൾ ഈ മണ്ണിടിച്ചലുകൾക്കും അതുമൂലമുണ്ടായ ആൾനാശത്തിനും വസ്തുവകകളുടെ നാശത്തിനും കാരണമായോ എന്ന പഠനം വന്നുകഴിഞ്ഞു. അതനുസരിച്ച്, 64.76% മണ്ണിടിച്ചിലും ഉണ്ടായത് മനുഷ്യന്റെ ഇടപെടൽ നടന്ന ഇടങ്ങളിലാണ്. സ്വാഭാവിക ജൈവ ആവരണം മാറ്റി തോട്ടങ്ങളായി പരിവർത്തനം ചെയ്ത ഇടങ്ങളിലാണ് ഏറെയും സംഭവിച്ചത്. രണ്ട് ക്ലസ്റ്ററുകളായാണ് മണ്ണിടിച്ചിൽ സംഭവിച്ചത്. ഇടുക്കി ജില്ലയിലെ മിക്കവാറും പ്രദേശങ്ങളും കോട്ടയം, എറണാകുളം ജില്ലകളുടെ ചില ഭാഗങ്ങളുമാണ് ആദ്യ ക്ലസ്റ്ററിൽ പെടുക. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളുടെ അതിർത്തി പ്രദേശമാണ് രണ്ടാമത്തെ ക്ലസ്റ്റർ. മണ്ണിടിച്ചിലിന് കാരണമായി കണ്ടെത്തിയ പ്രധാന കാരണങ്ങൾ കരിങ്കൽ ക്വാറി, തോട്ടങ്ങൾ, റോഡുകൾ എന്നിവയാണ്.

ക്വാറിയുടെ ജനവാസകേന്ദ്രത്തിൽ നിന്നുള്ള അകലം 200 മീറ്ററായി തുടരണം എന്ന വാദവുമായി സുപ്രീംകോടതിയിൽ പാറമടകൾക്കെതിരേ സമരം ചെയ്യുന്നവർ നടത്തുന്ന കേസിൽ എതിർപക്ഷത്ത് ക്വാറി മുതലാളിമാരല്ല, സർക്കാർ തന്നെയാണ് നിലയുറപ്പിച്ചത്.

തിരുവനന്തപുരം ജില്ലയിലെ മൂക്കുന്നിമലയിൽ നടന്ന പഠനമാണ് അടുത്തത്. ദീർഘകാലമായി കരിങ്കൽ ക്വാറികൾ പ്രവർത്തിക്കുകയും അത്ര തന്നെ നാൾ സമരം നടക്കുകയും ചെയ്ത സ്ഥലമാണ് മൂക്കുന്നിമല. ക്വാറിയ്ക്ക് 500 മീറ്റർ ചുറ്റളവിലുള്ള വീടുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനം, രാഷ്ട്രീയ നേതൃത്വങ്ങൾ അടക്കമുള്ളവരോട് സംവദിച്ച് നടത്തിയ സാമൂഹ്യശാസ്ത്ര പഠനമായിരുന്നു അത്. പഠന മേഖലയിലെ 15% വീടുകൾ ക്വാറിയിൽ നിന്ന് 50 മീറ്റർ മാത്രം അകലെയാണ്. 100 മീറ്ററിനുള്ളിൽ 37.6% വീടുകളും. ക്വാറികൾ പ്രവർത്തിക്കാൻ പഞ്ചായത്ത് അനുവാദം കൊടുക്കണം. ഈ വിഷയം അജണ്ടയായി എടുത്ത മീറ്റിംഗിൽ പുറത്ത് സമരം നടക്കുന്നു എന്ന കാരണം പറഞ്ഞ് തീരുമാനമെടുക്കാതിരുന്നു. പഞ്ചായത്തിൽ അപേക്ഷിച്ചിട്ട് മറുപടി കിട്ടുന്നില്ലെന്ന പരാതിയിൽ ക്വാറി ഉടമകൾ ഹൈക്കോടതിയിൽ പോയി അനുവാദം വാങ്ങി. ക്വാറികൾക്ക് അനുകൂലമായി ഉണ്ടാകുന്ന നിയമങ്ങളും ഉത്തരവുകളും വളരെ വേഗം നടപ്പിലാകുന്നു എന്നും അതിനെതിരെയുള്ളവ നടപ്പിലാക്കാൻ പൊലീസ് തയ്യാറാകുന്നില്ല എന്നും പഠനം വെളിപ്പെടുത്തുന്നു. 60 ഡെസിമൽ മാത്രമാണ് ക്വാറികളിൽ നിന്നുണ്ടാകാവുന്ന ശബ്ദം എന്നും എന്നാൽ അതിലേറെയാണ് ശബ്ദമലിനീകരണമെന്നും പഠനം വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഇടപെട്ടിട്ടില്ല എന്നും പഠനം കണ്ടെത്തി.

സംസ്ഥാനത്ത് ഏറ്റവുമധികം ക്വാറികളുള്ള പ്രദേശമായ മധ്യകേരളത്തിലെ സംരക്ഷിത വനമേഖലയും ക്വാറി പ്രവർത്തനങ്ങളും തമ്മിലുള്ള അകലം സൂചിപ്പിക്കുന്ന ഭൂപടം

ആവാസകേന്ദ്രങ്ങളിൽ നിന്ന് ക്വാറികളിലേക്കുള്ള അകലം സർക്കാർ ഉത്തരവുകളിലൂടെ 200 മീറ്റർ, 100 മീറ്റർ, 50 മീറ്റർ എന്നിങ്ങനെ കുറച്ചുകൊണ്ടുവരികയുണ്ടായി. ജനപ്രതിനിധികൾ ജനങ്ങളുടെ പ്രതിനിധികളല്ല മറിച്ച് ക്വാറി മുതലാളിമാരുടെ പ്രതിനിധികളായി മാറുന്ന അവസ്ഥ ചങ്ങാത്ത മുതലാളിത്തത്തിന്റെ സംഭാവനയാണ്. പരിസ്ഥിതി സംരക്ഷിക്കുക എന്നത് സാധാരണ മനുഷ്യരുടെയും ഒരു സർക്കാർ സംവിധാനത്തിന്റെയും സഹായമില്ലാതെ പലപ്പോഴും ഈ സംവിധാനങ്ങളോട് പടപൊരുതി ചെയ്യേണ്ട പ്രവൃത്തിയായി മാറിക്കഴിഞ്ഞു. ഏറ്റവും അടുത്ത ഉദാഹരണം, ക്വാറിയുടെ ജനവാസകേന്ദ്രത്തിൽ നിന്നുള്ള അകലം 200 മീറ്ററായി തുടരണം എന്ന വാദവുമായി സുപ്രീംകോടതിയിൽ പാറമടകൾക്കെതിരേ സമരം ചെയ്യുന്നവർ നടത്തുന്ന കേസാണ്. എതിർപക്ഷത്ത് ക്വാറി മുതലാളിമാരല്ല, സർക്കാർ തന്നെയാണ് നിലയുറപ്പിച്ചത്.

കേരളത്തിലെ സംരക്ഷിത വനമേഖലയുമായുള്ള ക്വാറികളുടെ സാമീപ്യം സൂചിപ്പിക്കുന്ന പട്ടിക

എങ്ങനെയാണ് ചങ്ങാത്ത മുതലാളിത്തത്തിന് ഇത്ര തീവ്രമായി കേരളത്തെ പിടിച്ചടക്കാൻ സാധിച്ചത്? രണ്ടു കാര്യങ്ങളാണ് ഇതിൽ പ്രധാന പങ്ക് വഹിച്ചത്. വലിയ ആവേശത്തോടെ നടപ്പിലാക്കപ്പെട്ട ജനകീയാസൂത്രണം പിൻവലിഞ്ഞതാണ് അതിലാദ്യത്തേത്. ഒരു പ്രദേശത്ത് ജീവിക്കുന്ന ആളുകളുടെ അറിവോടെയും അനുവാദത്തോടെയുമാണ് അവിടെയുള്ള പദ്ധതികളുടെ ആസൂത്രണം നടക്കുക എന്നും ഇക്കാര്യത്തിൽ ഗ്രാമസഭകൾക്ക് നിർണായക അധികാരം ഉണ്ടെന്നുമുള്ളത് പല തരത്തിൽ വെള്ളം ചേർക്കപ്പെട്ട് ദുർബലമായി. കരിങ്കൽ ക്വാറികൾ പോലെ ജനങ്ങളുടെ ജീവനും സ്വത്തിനും സുസ്ഥിരമായ വിഘാതമുണ്ടാക്കുന്ന പ്രവർത്തനങ്ങൾക്കുപോലും ഗ്രാമസഭയുടേയോ പഞ്ചായത്തിന്റെയോ അനുവാദം ആവശ്യമില്ലെന്നുവന്നു, അല്ലെങ്കിൽ എതിർപ്പുകൾ മറികടക്കാനുള്ള സംവിധാനങ്ങൾ രൂപപ്പെടുത്തുകയും അവ നടപ്പാക്കുകയും ചെയ്ത്, ജനങ്ങളുടെ അധികാരത്തെ പൂർണമായും റദ്ദാക്കി. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രഥമ ഉത്തരവാദിത്വം ജനങ്ങളെ ഏൽപ്പിക്കണമെന്ന കാതലായ നിർദ്ദേശം മുന്നോട്ടുവെച്ച ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ വലിയ എതിർപ്പ് രൂപപ്പെടുത്തി, അത് ജനകീയമായി ചർച്ച ചെയ്യാനുള്ള അവസരം പോലുമില്ലാതാക്കിയത് ഈ ചങ്ങാത്ത മുതലാളിത്തത്തിലെ പങ്കുകാരാണ്.

മുക്കുന്നിമലയിൽ പ്രവർത്തിക്കുന്ന ക്രഷർ യൂണിറ്റുകളിലൊന്ന്

അതുകൊണ്ടുതന്നെ, കരിങ്കൽ ക്വാറികളുടെ പ്രധാന ധർമം എന്നത് നിർമാണമേഖലയ്ക്കാവശ്യമായ വിഭവം പ്രദാനം ചെയ്യുക എന്നതിനപ്പുറത്തേക്ക് നിലനിൽക്കുന്ന ജനാധിപത്യ വ്യവസ്ഥയെ തകർക്കുക എന്നതിലേക്ക് എത്തിനിൽക്കുന്നു. അതുകൊണ്ടാണ് പാറമടകൾ പൊതുമേഖലയിലാക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിക്കപ്പെടുന്നത്. പാറ എന്നത് ഒരു സ്വകാര്യ വ്യക്തിയുടേതല്ല, മറിച്ച് ജനങ്ങളുടെ പൊതുസ്വത്താണ് എന്നതാണ് ഈ നിർദ്ദേശത്തിന്റെ അടിസ്ഥാനം. ഉപയോഗിക്കുന്നതിനനുസരിച്ച് കുറഞ്ഞു വരുന്ന ഒരു വിഭവം എന്ന നിലയ്ക്ക്, സൂക്ഷ്മതയോടെ ഉപയോഗിക്കേണ്ടതാണത്. അനിയന്ത്രിതമായ ലാഭേച്ഛയാൽ പ്രവർത്തിക്കുന്ന നിലനിൽക്കുന്ന സംവിധാനത്തിന് ഇതുറപ്പാക്കാൻ കഴിയില്ല.

ആവശ്യത്തിലേറെ പാറ പൊട്ടിക്കപ്പെടും, അതിന് പുതിയ ആവശ്യങ്ങൾ തന്നെ നിർമിക്കപ്പെടും. കഴിഞ്ഞ കാലങ്ങളിൽ, ഇടിഞ്ഞ് കടലിൽ പോയ കടൽ ഭിത്തികളെ പോലെ, കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് കടലിലേക്ക് വീണുപോയ 176 മീറ്റർ നീളമുള്ള പുലിമുട്ടിന്റെ ഭാഗം പോലെ, നഷ്ടപ്പെടുന്ന പാറകളുടെ കണക്ക് വളരെ വലുതാണ്. ഇവയോടൊപ്പം ഇല്ലാതായിപ്പോയ കുന്നുകളുടേയും മലകളുടേയും കൂടി കണക്കറിയുമ്പോഴാണ് കേരളത്തിന്റെ ഭൂപ്രകൃതിയിൽ മലയോരത്തും കടലോരത്തും എത്ര വലിയ മാറ്റങ്ങളാണ് മനുഷ്യൻ ഉണ്ടാക്കുന്നത് എന്ന് തിരിച്ചറിയുക. മികച്ച രാജ്യങ്ങളൊന്നും ഇത് ചെയ്യാറില്ല. ആഗോള താപനില ഉയരുന്നതുമായി ബന്ധപ്പെട്ട കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന സമുദ്രനിരപ്പിന്റെ ഉയർച്ചയും കൊടുങ്കാറ്റുകളും കാലം തെറ്റിയതും അതിതീവ്രവുമായ മഴയുമൊക്കെ സൂചിപ്പിക്കുന്നത് ഒരോ പ്രദേശത്തിന്റെയും പാരിസ്ഥിതികാരോഗ്യം സംരക്ഷിക്കേണ്ടത് നിർണായകമാണെന്നാണ്. അതുകൊണ്ട് കേരളം എത്രയും പെട്ടെന്ന് ഈ ചങ്ങാത്ത മുതലാളിത്തത്തെ അഴിച്ചെടുക്കേണ്ടതുണ്ട്, ഒഴിവാക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ, നമ്മുടെ പരിസ്ഥിതിയേയും ജനാധിപത്യത്തേയും സംരക്ഷിക്കാൻ ആദ്യം ചെയ്യേണ്ടത് ക്വാറികളെ പൊതുമേഖലയിലേക്ക് മാറ്റുക എന്നതാണ്.

Reference


ഡോ. ടി.വി. സജീവ്​

പരിസ്​ഥിതി ശാസ്​ത്രജ്​ഞൻ. കെ.എഫ്.ആർ.ഐയിൽ സീനിയർ സയൻറിസ്​റ്റ്​. ദേശീയ, അന്താരാഷ്​ട്രീയ ജേണലുകളിൽ ഗവേഷണപ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments