പെരിയാറിൽ മത്സ്യക്കുരുതിയിൽ നിന്ന് മനുഷ്യ കുരുതിയിലേക്കുള്ള ദൂരം

എന്തുകൊണ്ടാണ് അറിയിപ്പ് കിട്ടിയിട്ടും മലിനീകരണ നിയന്ത്രണബോർഡ് ഉദ്യോഗസ്ഥർ പെരിയാറിൽ ആ സമയത്തു വന്നു സാമ്പിൾ ശേഖരിക്കാതിരുന്നത്? ഒരു പക്ഷെ ആ സമയത്തവർ വന്നിരുന്നെങ്കിൽ മത്സ്യങ്ങളുടെ കൂട്ടക്കുരുതി ഒഴിവാക്കാനാവുമായിരുന്നു.

ത്സ്യക്കുരുതി നിരന്തര യാഥാർഥ്യമായ ഒരു മേഖലയിൽ മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തിനു മേൽ നിരന്തരം നടക്കുന്ന കടന്നു കയറ്റത്തിനെതിരെ നാം ഇനി എന്നാണ് പ്രതികരിച്ചു തുടങ്ങുക? 1984 ഡിസംബർ 2-3 തീയതികളിൽ ഭോപ്പാലിൽ നടന്നതുപോലുള്ള ഒരു കൂട്ടകുരുതി ഇവിടെ നടന്നിട്ടില്ലെന്നേയുള്ളൂ. മറിച്ച് എല്ലാ ദിവസവും ഭോപ്പാൽ ദുരന്തത്തിന്റെ ചെറുപതിപ്പുകളായ വിഷവായു പ്രവാഹം ഏറ്റുവാങ്ങുന്ന ഒരു ജനതയാണ് ഏലൂർ - എടയാർ മേഖലയിലും സമീപ പഞ്ചായത്തുകളിലുമുള്ളത്

എന്നിട്ടും മനുഷ്യാരോഗ്യത്തിനു വൻ വെല്ലുവിളി ഉയർത്തുന്ന വായു-ജല മലിനീകരണത്തിനെതിരെ നമ്മുടെ ഭരണാധികാരികൾ എന്നെങ്കിലും പ്രതികരിച്ചു നിങ്ങൾ കണ്ടിട്ടുണ്ടോ? 2024 ജനുവരിയിൽ CSIR പുറത്തുവിട്ട പഠനപ്രകാരം എലൂരിലെ വായുവിൽ അംഗീകൃത അളവായ 2 OU എന്നതിനെതിരെ 1500 OU മുതൽ രണ്ടരക്കോടി OU വരെ രേഖപ്പെടുത്തി.

പെരിയാറില്‍ ചത്തുപൊന്തിയ മത്സ്യങ്ങള്‍
പെരിയാറില്‍ ചത്തുപൊന്തിയ മത്സ്യങ്ങള്‍

അതുപോലെ മസ്തിഷ്ക രോഗങ്ങൾക്കും ക്യാൻസറിനും മറ്റു രോഗങ്ങൾക്കും കാരണമാകുന്ന വൊളറ്റൈൽ ഓർഗാനിക് കോമ്പൗണ്ടകളുടെ(VOC) അളവുകളും ഏറ്റവും ഉയർന്ന തോതിലായിരുന്നു. വിവിധ പഠനങ്ങൾ പ്രകാരം കേരളത്തിലെ തന്നെ ഏറ്റവും ഉയർന്ന രോഗാതുരതയും മലിനീകരണം മൂലമുള്ള രോഗങ്ങളാലുള്ള മരണനിരക്കും ഏറ്റവും കൂടുതലുള്ളതും ഏലൂരും പരിസരത്തുമാണെന്നിരിക്കെ അതൊന്നും പരിഗണിക്കാതെയുള്ള ഭരണാധികാരികളുടെ നിസംഗത മറ്റൊരു മനുഷ്യകുരുതി സംഭവിക്കുന്നതുവരെ തുടരും.

നമുക്ക് വ്യവസായങ്ങൾ വേണം. ഇനിയും വ്യവസായങ്ങൾ വരണം. പക്ഷെ മനുഷ്യരെയും ജീവജാലങ്ങളെയും ആവാസ വ്യവസ്ഥയെയും പരിഗണിച്ചു കൊണ്ടുള്ള വ്യവസായ നയമാണ് വേണ്ടത്.

ചത്ത മത്സ്യങ്ങളുമായി പ്രതിഷേധം
ചത്ത മത്സ്യങ്ങളുമായി പ്രതിഷേധം

നദികളെ പരിഗണിക്കാതെയുള്ള ഒരു വ്യവസായവൽക്കരണത്തിനും സ്ഥായിയായ നിലനിൽപ്പില്ല എന്ന് ഭരണാധികാരികൾ ഓർക്കണം. കേരളം പലകാര്യത്തിലും ലോകത്തിനും ഇന്ത്യക്കും മാതൃകയാണ്. അതുപോലെ പരിസ്ഥിതി സംരക്ഷണത്തിലും മലിനീകരണനിയന്ത്രണത്തിലും നമുക്ക് മാതൃകയാകാൻ കഴിയണം.

2024 മെയ് ഇരുപതാം തീയതി പെരിയാറിലേക്ക് എടയാർ വ്യവസായ മേഖലയിലെ ചില കമ്പനികൾ വിഷം ഒഴുക്കിയതാണ് മത്സ്യക്കുരുതിക്കു കാരണമെന്ന് നദീ ജലത്തെക്കുറിച്ച് പ്രാഥമിക ധാരണയുള്ള ആർക്കും ബോധ്യമാകും. ഈ വർഷം എട്ടു മത്സ്യക്കുരുതി നടക്കുകയും ഏഴു പ്രാവശ്യം വെള്ളം കറുത്തൊഴുകുകയും മൂന്ന് പ്രാവശ്യം വെളുത്തൊഴുകുകയും ചെയ്തു.

ഈ വിഷയത്തിൽ ശാസ്ത്രീയമായ പരിശോധനകൾ പിസിബി (മലിനീകരണ നിയന്ത്രണ ബോർഡ്) നടത്തിയിരുന്നെങ്കിൽ ദുരന്തങ്ങൾ ഒഴിവാക്കാമായിരുന്നു. ഇപ്രാവശ്യത്തെ മത്സ്യക്കുരുതിയിൽ പെരിയാറിലെ പാതാളം റെഗുലേറ്റർ കം ബ്രിഡ്ജ് മുതൽ ബോൾഗാട്ടി വരെയുള്ള 20 കിലോമീറ്റർ നീളത്തിലുള്ള ഭാഗത്തെ മീനുകൾ ചത്തു പൊങ്ങി. ഏതാണ്ട് 200 ഓളം കൂടു മത്സ്യ കർഷകരുടെ കോടികൾ വിലമതിക്കുന്ന സംരംഭങ്ങളും പൂർണമായും നശിച്ചു (പിസിബി 11 കിലോമീറ്റർ നീളം - കടമകൂടി വരെയേ കണ്ടുള്ളു). മത്സ്യ കൂട്ടക്കുരുതിയെക്കുറിച്ച് പിസിബി പറയുന്നത് നദീ ജലത്തിൽ ഓക്സിജൻ കുറഞ്ഞതാണ് മത്സ്യങ്ങൾ ചാകാൻ കാരണമായതെന്നാണ്.

എന്നാൽ ഓക്സിജൻ കുറയുമ്പോൾ മീനുകൾ ചാകുന്ന തരത്തിലുള്ള ദുരന്തമായിരുന്നില്ല പെരിയാറിൽ സംഭവിച്ചത്. മറിച്ച് തങ്ങൾക്കു വെള്ളത്തിൽ അതിജീവിക്കാൻ കഴിയാത്ത എന്തോ അപകടകരമായ ടോക്സിക് എലമെന്റ്സ് വന്നതു കൊണ്ടാണ് മത്സ്യങ്ങൾ കരയിലേക്ക് ചാടികയറുന്ന പ്രവണത കാണിച്ചത്.

ഇത് അപൂർവമായി മാത്രം മത്സ്യങ്ങൾ പ്രകടിപ്പിക്കുന്ന അസ്വാഭാവികമായ പ്രവർത്തിയാണ്. സാധാരണ ഗതിയിൽ ഓക്സിജൻ ഇല്ലാതെ ആയാൽ മത്സ്യങ്ങൾ ജീവ ശ്വാസത്തിനായി വെള്ളത്തിന്റെ മുകൾപ്പരപ്പിൽ വന്നു നീന്തി നടക്കും. അതിനു വിരുദ്ധമായി പ്രത്യേക സ്വഭാവങ്ങൾ പ്രകടിപ്പിച്ചെങ്കിൽ അതിനർത്ഥം കൊടും വിഷത്തിന്റെ അമിതമായ സാന്നിധ്യമാണെന്ന് നമുക്ക് ഉറപ്പിക്കാം.

ഇക്കാര്യം കുഫോസിലെ വിദഗ്ധരോടും ഞങ്ങൾ പറഞ്ഞിരുന്നു. അവരും മീനുകൾ കാണിച്ച അസാധാരണ സ്വഭാവ ചലനങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നു പറഞ്ഞു. കൂടു കൃഷിയിലെ മത്സ്യങ്ങളും മുകളിലേക്കു ചാടുന്ന ദൃശ്യങ്ങൾ CCTV ഫുട്ടേജിലുണ്ടെന്ന് അവർ പറഞ്ഞു.

എന്താണ് പെരിയാറിൽ സംഭവിച്ചത്

മെയ് 20-ന് രാവിലെ ഇക്ബാലും അജീഷുമുൾപ്പെടുന്ന ഞങ്ങളുടെ രണ്ടു പ്രവർത്തകർ വഞ്ചിയിൽ പതിവ് മീൻപിടുത്തതിനും നിരീക്ഷണത്തിനുമായി പാതാളം ബണ്ടിന് മുകളിൽ എടയാർ ഭാഗത്ത് എത്തിയപ്പോൾ അമോണിയയുടെ രൂക്ഷമായ മണം വെള്ളത്തിലും ചുറ്റുപാടുകളിലും ഉണ്ടായിരുന്നു. മാത്രമല്ല മൂന്ന് കമ്പനികളിൽനിന്നും-അതായതു ഒരു ലെതർ കമ്പനി, ഒരു അമോണിയ കമ്പനി ഒരു റബ്ബർ കമ്പനി- മലിനജലം പുറത്തേക്ക് ഒഴുക്കുന്നതും കണ്ടു.

പെരിയാറിലെ മത്സ്യക്കുരുതി
പെരിയാറിലെ മത്സ്യക്കുരുതി

ഇത് വഞ്ചിയിലിരുന്നുകൊണ്ടുതന്നെ അവർ മലിനീകരണ നിയന്ത്രണ ബോർഡിനെ വിളിച്ചറിയിക്കുന്നുണ്ട്. അവർ വരാത്തതിനെത്തുടർന്ന് പിസിബി ഓഫീസിൽ നേരിട്ട് പോയി വിവരം പറഞ്ഞു. എന്നിട്ടും പിസിബിയിലെ ഉദ്യോഗസ്ഥർ വരാൻ കൂട്ടാക്കിയില്ല.

വൈകുന്നേരത്തോടെ പാതാളം റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകൾ ഇറിഗേഷൻ ഉയർത്തുകയും വിഷജലം താഴേക്കൊഴുകി മീനുകളുടെ കൂട്ടകുരുതി സംഭവിക്കുകയും ചെയ്തു. പതാളം റെഗുലേറ്റർ കം ബ്രിഡ്ജ് യഥാർത്ഥത്തിൽ മത്സ്യങ്ങളുടെ ഗ്യാസ് ചേമ്പറായി തീർന്നിട്ട് വർഷങ്ങളായി. ഇതിനു മുമ്പ് ഷട്ടർ ഉയർത്തിയത് മെയ് എട്ടിനായിരുന്നു. അന്നും മത്സ്യക്കുരുതി നടന്നു. വലിയ വാർത്തയായില്ലെന്നുമാത്രം.

പന്ത്രണ്ട് ദിവസത്തിനുശേഷമാണ് വീണ്ടും ഷട്ടർ ഉയർത്തിയത്. ഞാൻ മേൽ സൂചിപ്പിച്ച കമ്പനികളിൽ നിന്നടക്കമുള്ള വിഷമാലിന്യങ്ങൾ ഈ പന്ത്രണ്ട് ദിവസവും വന്നിട്ടുണ്ടാകും. അതിമുമ്പത്തെ മാലിന്യങ്ങളുമുണ്ടാവും. അതെല്ലാം ബണ്ടിനുമുകളിൽ കെട്ടിക്കിടന്ന് റിയാക്ട് ചെയ്ത് കൊടും വിഷക്കൂട്ടായിമാറി താഴേക്കൊഴുകിയാണ് മത്സ്യക്കുരുതി നടന്നത്.

ബണ്ടിനു താഴെ ഒരുവലിയ രാസവ്യവസായക്കമ്പനിയിൽ നിന്നും അവരുടെ കൊടും വിഷം കുറെയധികം പെരിയാറിലേക്ക് ഒഴുക്കിയതായി ഞങ്ങൾക്ക് അറിവ് കിട്ടിയിട്ടുണ്ട്. അതുകൂടി ചേർന്നപ്പോഴാണ് ചരിത്രത്തിലെ ഏറ്റവും വലിയ മത്സ്യക്കുരുതിയായി, ഒരു പാരിസ്ഥിതിക ദുരന്തമായി അത് മാറിയത്.

എന്തുകൊണ്ടാണ് അറിയിപ്പ് കിട്ടിയിട്ടും മലിനീകരണ നിയന്ത്രണബോർഡ് ഉദ്യോഗസ്ഥർ പെരിയാറിൽ ആ സമയത്തു വന്നു സാമ്പിൾ ശേഖരിക്കാതിരുന്നത്? ഒരു പക്ഷെ ആ സമയത്തവർ വന്നിരുന്നെങ്കിൽ മത്സ്യങ്ങളുടെ കൂട്ടക്കുരുതി ഒഴിവാക്കാനാവുമായിരുന്നു.

എല്ലാം കഴിഞ്ഞു 21-നു വന്നു പതിവ് നാടകത്തിന്റെ ഭാഗമായുള്ള സാമ്പിൾ ശേഖരിച്ചു. കളക്ടർ വിളിച്ചുചേർത്ത യോഗത്തിൽ ബണ്ടിന് മുകളിലുള്ള വെള്ളം Shutter തുറന്നപ്പോൾ താഴെയുള്ള ഉപ്പുവെള്ളവുമായികലർന്ന് ഓക്സിജൻ ഇല്ലാതായി മത്സ്യങ്ങൾ ചത്തതാണെന്ന് പറഞ്ഞ അസാധാരണ മനുഷ്യജീവികളാണ് പിസിബിയുടെ ഉദ്യോഗസ്ഥർ.

ഈ ആഴ്ച കളക്ടർക്കു സമർപ്പിച്ച പിസിബിയുടെ പ്രാഥമിക റിപ്പോർട്ടിലും പിസിബി പറഞ്ഞിട്ടുള്ളത് മത്സ്യക്കുരുതിക്കു കാരണം വ്യവസായ മലിനീകരണമല്ലെന്നാണ്. ഇത്രയും വലിയ ദുരന്തം നടന്നിട്ട് മത്സ്യ കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും കണ്ണീരിന്റെ നനവ് ഇനിയും തോർന്നട്ടില്ലാത്ത സമയത്ത് അതിൽ ചവിട്ടിനിന്നുകൊണ്ടാണ് നുണകളും അസംബന്ധങ്ങളും പിസിബി പറയുന്നത്.

അതേസമയം കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (KUFOS) നടത്തിയ നടത്തിയ പഠനത്തിന്റെ പ്രാഥമിക റിപ്പോർട് പ്രകാരം മത്സ്യങ്ങളുടെ കൂട്ടക്കുരുതിക്കു കാരണം ഹൈഡ്രജൻ സൾഫൈഡിന്റെയും അമോണിയയുടെയും സാന്നിധ്യവും ഓക്സിജന്റെ കുറവും ആണെന്ന് നിരീക്ഷീക്കുന്നുണ്ട്.

മാത്രമല്ല മീനുകളുടെ കരളടക്കമുള്ള ആന്തരിക അവയവങ്ങൾക്ക് ക്ഷതം സംഭവിച്ചതായും വിദഗ്ദ്ധർ പറയുന്നു. ആന്തരിക അവയവങ്ങൾക്ക് പരിക്ക് പറ്റണമെങ്കിൽ ടോക്സിക് എലമെന്റിന്റെ പ്രഷർ ഉണ്ടാകണം. അതായത് പിസിബിയുടെ വാദം കുഫോസ് പാടെ തള്ളുന്നു എന്നർത്ഥം. ഇനി പുറത്തുവരാനിരിക്കുന്ന ഫൈനൽ റിപ്പോർട്ടിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് നമുക്കുകരുതാം.

എന്താണ് പരിഹാരം?

വ്യവസായ നടത്തിപ്പിൽ പാലിക്കേണ്ട സാമാന്യ ധാർമികതയും നീതി ബോധവും ഇല്ലാതെ ക്രിമിനൽ മാനസികാസ്ഥയിൽ പ്രവൃത്തിക്കുന്നവരാണ് പെരിയാറിൽ വിഷം കോരിയൊഴിക്കുന്നവർ എന്ന് നമുക്ക് മനസിലാക്കാം. ഇത്തരക്കാരെ നിലയ്ക്ക് നിർത്താൻ രാജ്യത്തു നിലനിൽക്കുന്ന നിയമങ്ങൾ പ്രയോഗിച്ചേ മതിയാകൂ. അത് പിസിബി ചെയ്യാത്തതാണ് ദുരന്തങ്ങൾ ആവർത്തിക്കാനുള്ള കാരണം. മാത്രമല്ല ഇത്തരം വ്യവസായങ്ങളെ രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ ഫണ്ടിങ്ങ് സ്രോതസായി കാണുന്നതും കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നു.

അതുകൊണ്ട് സമീപകാല വെളിപ്പെടുത്തലുകൾ നമുക്ക് പ്രേത്യേക ഞെട്ടലുണ്ടാക്കിയില്ല. ഭരണ-പ്രതിപക്ഷങ്ങൾ ഈ പാരിസ്ഥിതിക ദുരന്തത്തോട് എടുത്ത സമീപനങ്ങൾ രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് ഒരു പാഠമാണ്.

പെരിയാറിലേക്ക് മാലിന്യം ഒഴുക്കിവിടുന്നു
പെരിയാറിലേക്ക് മാലിന്യം ഒഴുക്കിവിടുന്നു

കഴിഞ്ഞ മുപ്പതു വർഷമായി പെരിയാറിന്റെ മലിനീകരണ (വ്യവസായ മലിനീകരണം) വിഷയത്തിൽ സജീവമായി ഇടപെടുന്ന ഞങ്ങൾക്ക് ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനും മലിനീകരണം ഒരു പരിധിവരെ ഒഴിവാക്കാനുമായി ചില നിർദേശങ്ങൾ മുന്നോട്ടു വയ്ക്കാനുണ്ട്.

1) പെരിയാറിന്റെ തീരത്തുള്ള അപകടകാരങ്ങളായ മാലിന്യങ്ങൾ (H/W) കൈകാര്യം ചെയ്യുന്ന എല്ലാ കമ്പനികളും ഒരു നിശ്ചിത സമയ പരിധിക്കുള്ളിൽ സീറോ ഡിസ്ചാർജ് കൈവരിക്കണം.

ഇത് ഇരുപതു വർഷം മുമ്പ് സുപ്രീം കോടതി നിരീക്ഷണ സമിതി നൽകിയ നിർദ്ദേശമാണ്. ഏറ്റവും ഒടുവിൽ 2022 മെയ് 27 ന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പ്രിൻസിപ്പൽ ബഞ്ചിന്റെ ഉത്തരവ് പ്രകാരം 2023 മെയ് 27നു മുമ്പായി കമ്പനികൾ സീറോ ഡിസ്ചാർജ് കൈവരിക്കണമായിരുന്നു. എന്നാൽ ഇതുവരെ അത് നടപ്പായിട്ടില്ല. ആ ഉത്തരവ് നടപ്പാക്കേണ്ട പിസിബി അത് ചെയ്തില്ല. അവരെക്കൊണ്ട് അത് ചെയ്യേക്കേണ്ട സർക്കാരും കണ്ണടക്കുകയാണ്.

2) പെരിയാറിനെ അപകടകരമായി മലിനീകരിക്കുന്ന മുഴുവൻ കമ്പനികളുടെയും മാസ്സ് ബാലൻസും വാട്ടർ ബാലൻസും അടിയന്തരമായി എടുക്കുക.

അപ്പോൾ ആരൊക്കെ എത്രകാലമായി ഏതൊക്കെ അളവിൽ പെരിയാറിനെ മലിനീകരിച്ചിട്ടുണ്ട് എന്ന് ബോധ്യമാകും. തുടർമലിനീകരണ സാധ്യതകൾ ഒഴിവാക്കാനും കഴിയും.

3) പെരിയാറിലേക്ക് നിർഗമന കുഴലുകളും തീരത്തു മാലിന്യ സംഭരണികളുള്ളതുമായ മുഴുവൻ കമ്പനികൾക്കും വ്യക്തിഗത (Individual) വാട്ടർ ഫ്ലോ മീറ്ററുകളും 360 ഡിഗ്രി തിരിയുന്ന CCTV കാമറകളും സ്ഥാപിക്കുക. അത് മലിനീകരണ നിയന്ത്രണ ബോർഡ്, പോലീസ് സ്റ്റേഷൻ, മുൻസിപ്പാലിറ്റി എന്നിവയുമായി ബന്ധിപ്പിക്കണം.

4) സുപ്രീം കോടതി നിരീക്ഷണ സമിതിയും, ദേശീയ ഹരിത ട്രൈബ്യൂണലും, നിയമസഭാ പരിസ്ഥിതി കമ്മിറ്റിയും 2023ൽ പൂർത്തീകരിക്കാൻ പറഞ്ഞ നിരീക്ഷണപാതയും ഡയ്ക്കു വാളും ഉടൻ നിർമിക്കുക.

നിരീക്ഷണപാതയുണ്ടെങ്കിൽ ജനങ്ങളുടെ സ്ഥിരം സഞ്ചാരം ഉണ്ടാകും. അനധികൃത മലിനജല ഒഴുക്കൽ ഒരുപരിധിവരെ തടയാനും കഴിയും.

5) ഒരു സമഗ്ര രാസസുരക്ഷ ഓഡിറ്റും ഗ്രീൻ ഓഡിറ്റും നടത്തുക.

6) പെരിയാറിന്റെ പുനരുജ്ജീവനത്തിനായുള്ള പഠനത്തിനായി കുഫോസിനെ ചുമതലപ്പെടുത്തുക.

7) മത്സ്യത്തൊഴിലാളികൾക്കും കൂടുമത്സ്യ കൃഷിത്തൊഴിലാളികൾക്കും കമ്പനികളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കി നൽകുക

മത്സ്യത്തൊഴിലാളികൾക്കും കൂടുമത്സ്യ കൃഷിത്തൊഴിലാളികൾക്കും ഒരുപാട് നഷ്ടമുണ്ടായിട്ടുണ്ട്. അവർക്ക് നഷ്ടപരിഹാരം കൊടുക്കണം. അത് പക്ഷേ സർക്കാരിന്റെ ഫണ്ടിൽ നിന്നല്ല കൊടുക്കേണ്ടത്. സുപ്രീം കോടതി ഉത്തരവ് പ്രകാരമുള്ള 'പൊലൂറ്റർ പേ' തത്വപ്രകാരം പെരിയാറിന്റെ ഇരുകരകളിലുമുള്ള കമ്പനികളിൽ നിന്ന് പിഴയീടാക്കി ആ പിഴത്തുകയിൽ നിന്ന് വേണം നഷ്ടപരിഹാരം നൽകാൻ. അതിന് കാലതാമസം വരികയാണെങ്കിൽ മലിനീകരണ നിയന്ത്രണ ബോർഡിൻറെ തനത് ഫണ്ടിൽ നിന്ന് ഈ നഷ്ടപരിഹാരം ഏറ്റവുമടുത്ത ദിവസം തന്നെ മത്സ്യത്തൊഴിലാളികൾക്കും കർഷകർക്കും വിതരണം ചെയ്യണം. പിന്നീട് ഇത് കമ്പനികളിൽ നിന്ന് പിഴയായി ഈടാക്കണം. പി.സി.ബിക്ക് ഇക്കാര്യത്തിൽ റവന്യു റിക്കവറി അടക്കമുള്ള നടപടികൾ എടുക്കാൻ സുപ്രീം കോടതി അധികാരം നൽകിയിട്ടുണ്ട്.

വാൽ

2023 ജൂൺ 7 ആം തീയതി വലിയൊരു മത്സ്യക്കുരുതി നടന്നിരുന്നു. അതെല്ലാവരും മറന്നു. പക്ഷെ ഞങ്ങൾ അതോർത്തു വെക്കും. അന്നും പെരിയാർ കറുത്തൊഴുകി. അത് പക്ഷെ കുറെയാളുകളുടെ സാന്നിധ്യത്തിലായിരുന്നു. 50 വർഷത്തിനിടെ ഏതാണ്ട് 500 മത്സ്യക്കുരുതികൾ. എന്നിട്ടും മലിനീകരണ നിയന്ത്രണ ബോർഡ് പ്രതികളെ കണ്ടെത്തിയോ? ഇല്ല. എത്രയോ വർഷങ്ങളായി മത്സ്യക്കുരുതികൾ ആവർത്തിക്കുന്നു.

Comments