പെരിയാറിൽ ചത്ത് പൊന്തിയ മത്സ്യങ്ങൾ

ചത്ത മീനുകൾ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിലേക്ക് വലിച്ചെറിഞ്ഞ് കർഷക പ്രതിഷേധം

മനുഷ്യശരീരത്തിനും ആവാസവ്യവസ്ഥക്കും അത്യന്തം ഹാനികരമായ ഡസൻ കണക്കിന് രാസവിഷങ്ങളും ഘനലോഹങ്ങളും അടിഞ്ഞുകൂടിയ മാലിന്യങ്ങളാണ് പാതി സംസ്‌കരിച്ചും തീരെ സംസ്‌കരിക്കാതെയും ഫാക്ടറികളുടെ ഔട്ട് ലെറ്റുകളിലൂടെ പെരിയാറിലേക്ക് അനുദിനം തള്ളുന്നത്.

Think

പെരിയാറിലെ വിഷജലമൊഴുക്കിനെതുടർന്ന് ചേരാനെല്ലൂർ, വരാപ്പുഴ, കടമക്കുടി മേഖലയിൽ ലക്ഷക്കണക്കിന് മത്സ്യങ്ങൾ ചത്തൊടുങ്ങിയതിൽ പ്രതിഷേധവുമായി കർഷകർ തെരുവിൽ. ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിലേക്ക് ചത്ത മീനുകൾ വലിച്ചെറിഞ്ഞായിരുന്നു കർഷകരുടെ പ്രതിഷേധം. കർഷകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരെയാണ് പ്രതിഷേധം. പെരിയാറിനു സമീപത്തെ വ്യവസായശാലകളിൽനിന്ന് രാസമാലിന്യം ഒഴുക്കിവിടുന്നതാണ് ദുരന്തത്തിനുകാരണം. മലിനീകരണ നിയന്ത്രണബോർഡിന്റെ ഒത്താശയോടെയാണ് കമ്പനികൾ വിഷജലം ഒഴുക്കുന്നതെന്നാണ് കർഷകരുടെ പരാതി.

മുന്നറിയിപ്പില്ലാതെ ബണ്ട് തുറന്നതാണ് ദുരന്തകാരണമെന്നും അതിന് ഉത്തരവാദി ജലസേചന വകുപ്പാണ് എന്നുമാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ വാദം. ബണ്ടു തുറന്നതിനുശേഷും തങ്ങളെ അറിയിച്ചില്ലെന്നും മലിനീകരണ നിയന്ത്രണ ബോർഡ് പറയുന്നു. പുഴയിൽ രാസമാലിന്യം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത് എങ്കിലും അലൈൻസ് മറൈൻ എന്ന സ്ഥാപനത്തിൽനിന്ന് രാസമാലിന്യം ഒഴുക്കിയതായി കണ്ടെത്തിയിട്ടുണ്ട്.

പാതാളം റെഗുലേറ്റർ ബ്രിഡ്ജ് / Photo: Fijo Antony

പാതാളം റെഗുലേറ്റർ ബ്രിഡ്ജിന്റെ ഷട്ടറുകൾ തുറന്നതിനാൽ ഉപ്പുവെള്ളവുമായി ചേർന്ന് ജലത്തിൽ ഓക്‌സിജന്റെ അളവ് പെട്ടെന്ന് ഗണ്യമായി കുറഞ്ഞതാണോ പുഴയിലേക്ക് രാസമാലിന്യം ഒഴുക്കിവിട്ടതിന്റെ ഫലമായാണോ സംഭവം നടന്നതെന്ന് തിരിച്ചറിയാൻ സംഭവസ്ഥലത്തെ ജലത്തിന്റെയും ചത്ത മത്സ്യങ്ങളുടേയും സാംപിളുകൾ മലിനീകരണ നിയന്ത്രണ ബോർഡ് ശേഖരിച്ച് കുഫോസ് സെൻട്രൽ ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടിയുണ്ടാകുമെന്നും മന്ത്രി പി. രാജീവ് അറിയിച്ചു.

പെരിയാറിൽ ഏലൂർ ഭാഗത്ത് തിങ്കളാഴ്ചയാണ് ജലത്തിന് നിറവ്യത്യാസം കണ്ടത്. തുടർന്ന് കടമക്കുടി, വരാപ്പുഴ, മുളവുകാട്, ചേരാനെല്ലൂർ ഭാഗങ്ങളിലേക്ക് വ്യാപിച്ചു. ഇതേതുടർന്ന് അടിത്തട്ടിൽനിന്ന് നൂറുകണക്കിന് മത്സ്യങ്ങൾ ചത്തുപൊന്തിത്തുടങ്ങി. പെരിയാറിന്റെ കൈവഴികളിലേക്കൂകൂടി വിഷജലം ഒഴുകിയെത്തിയതോടെ ലക്ഷക്കണക്കിന് രൂപയുടെ മത്സ്യങ്ങളാണ് ചത്തുപൊന്തിയത്. പെരിയാറിലും സമീപ കൈവഴികളിലുമായി 200-ലേറെ മത്സ്യക്കൂടുകളുണ്ട്. ഇവയിലെയും ഫാമുകളിലെയും പാടങ്ങളിലെയുമെല്ലാം കോടികളുടെ വിലയുള്ള മത്സ്യസമ്പത്താണ് നിമിഷനേരം കൊണ്ട് ചത്തൊടുങ്ങിയത്. കരിമീൻ, കാളാഞ്ചി, തിലോപ്പിയ മത്സ്യങ്ങളാണ് നശിച്ചവയിൽ ഏറെയും.

അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കലക്ടർ മലിനീകരണ നിയന്ത്രണ ബോർഡിന് നിർദേശം നൽകിയിട്ടുണ്ട്. നശിച്ച മത്സ്യസമ്പത്തിന്റെ നഷ്ടം കണക്കാക്കാൻ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെയും നിയോഗിച്ചു.

സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ഏതെങ്കിലും കമ്പനികൾക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ നടപടിയെടുക്കുമെന്ന് മന്ത്രി പി. രാജീവ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു: ''പെരിയാറിൽ മത്സ്യങ്ങൾ ചത്തു പൊങ്ങിയ സംഭവത്തിൽ അടിയന്തിര അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ കലക്ടർക്ക് നിർദേശം നൽകിയിരുന്നു. തുടർന്ന് കളക്ടർ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർക്കുകയും മലിനീകരണ നിയന്ത്രണ ബോർഡിനോട് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകുകയും ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ഫോർട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ്, ഇറിഗേഷൻ, വ്യവസായ വകുപ്പ്, ആരോഗ്യ വകുപ്പ് ,വാട്ടർ അതോറിറ്റി, ഫിഷറീസ് എന്നീ വകുപ്പ് പ്രതിനിധികളെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഒരാഴ്ചക്കകം റിപ്പോർട്ടിന്മേൽ തക്കതായ നടപടിയുണ്ടാകും. സി.സി.ടി.വി കാമറ ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് ഏതെങ്കിലും സ്ഥാപനങ്ങൾക്കിതിൽ പങ്കുണ്ടോ എന്ന് ഉറപ്പുവരുത്തും. അങ്ങനെ തെളിഞ്ഞാൽ ആ സ്ഥാപനം അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റൽ എഞ്ചിനീയർക്ക് നിർദേശം നൽകിയിട്ടുണ്ട്’’.

പെരിയാറിൽ മത്സ്യം ചത്തുപൊന്തുന്നത് നിരന്തരം ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഏപ്രിലിൽ, കഴിഞ്ഞ ദിവസം ദുരന്തമുണ്ടായ സ്ഥലങ്ങളിൽ മത്സ്യം ചത്തുപൊന്തിയിരുന്നു. മൂലമ്പിള്ളി അടക്കമുള്ള മേഖലകളിൽ രാസമാലിന്യം പുഴയിലേക്ക് ഒഴുക്കിവിട്ടതായി കണ്ടെത്തിയിരുന്നു. അന്നും പതിവുപോലെ നടപടികളുണ്ടാകുമെന്ന് ഉറപ്പുനൽകിയെങ്കിലും ഒന്നുമുണ്ടായില്ല.

മത്സ്യസമ്പത്ത് ചത്തൊടുങ്ങുന്നതിനു കാരണമായ രാസമാലിന്യങ്ങൾ ഒഴുക്കുന്നത് തീരത്ത് പ്രവർത്തിക്കുന്ന കമ്പനികൾ തന്നെയാണ്. എന്നാൽ കമ്പനികൾക്കെതിരെ പേരിനു പോലും അന്വേഷണം നടത്താൻ മലിനീകരണ നിയന്ത്രണ ബോർഡ് ഒരുക്കല്ല. മാത്രമല്ല, രാസമാലിന്യങ്ങൾ തള്ളുന്ന കമ്പനികൾക്കെതിരെ റിപ്പോർട്ട് നൽകുന്ന ഉദ്യോഗസ്ഥരെ തിരഞ്ഞുപിടിച്ച് മനോവീര്യം തകർക്കുന്ന നടപടികൾസ്വീകരിക്കാൻ ബോർഡ് തന്നെ മുൻപന്തിയിലുണ്ടാകും. പെരിയാർ മലിനീകരണവുമായി ബന്ധപ്പെട്ട് കേന്ദ്ര മലീനകരണ നിയന്ത്രണ ബോർഡ് ഹരിത ട്രൈബ്യൂണലിൽ സമർപ്പിച്ച റിപ്പോർട്ടിലും സംസ്ഥാന മലിനീകരണ ബോർഡ് പ്രതിക്കൂട്ടിലായിരുന്നു. പെരുമ്പാവൂർ, കാലടി, ഏലൂർ, എടയാർ, കളമശ്ശേരി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന 71 വ്യവസായ ശാലകളിൽ ഒന്നിനു പോലും കാര്യക്ഷമമായി പ്രവർത്തിക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റുകൾ ഇല്ലെന്നായിരുന്നു റിപ്പോർട്ടിലെ കണ്ടെത്തൽ. എഫ്.എ.സി.ടി, സി.എം.ആർ.എൽ, എച്ച്.എം.ടി തുടങ്ങിയ വൻ കമ്പനികളിലും മലിന്യസംസ്‌കരണ പ്ലാന്റുകൾ കാര്യക്ഷമമല്ലെന്നും റിപ്പോർട്ടിൽ വ്യക്തമായിരുന്നു.

13 സ്ഥാപനങ്ങളെ നിരന്തരം നിരീക്ഷിക്കണമെന്ന് 2017 മാർച്ചിൽ ദേശീയ ഹരിത ട്രൈബ്യൂണലിൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയ പഠന റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. പെരിയാർ തീരത്തെ വൻകിട വ്യവസായശാലകളെയെല്ലാം പ്രതിക്കൂട്ടിൽ നിർത്തുന്ന റിപ്പോർട്ട്, 18 വ്യവസായ ശാലകളിൽ പേരിനുപോലും മലിനജല സംസ്‌കരണ സംവിധാനമില്ല എന്ന് കണ്ടെത്തിയിരുന്നു. പല വ്യവസായ ശാലകളും പുഴയോട് ചേർന്ന് കുളങ്ങളിലും മറ്റും വൻതോതിലാണ് മാലിന്യം ശേഖരിച്ചിരുന്നത്. പുഴയുടെ ഭാഗത്ത് ചുറ്റുമതിലില്ലാത്തതിനാൽ മഴയിൽ ഇവ നേരിട്ട് പുഴയിലെത്തും. പെരുമ്പാവൂരിലെ ഓവുങ്ങൽ, പാലക്കാട്ടുതാഴം തോടുകളിൽനിന്ന് വൻതോതിൽ മാലിന്യം പുഴയിലേക്കക്കെത്തുന്നതായും കാലടി മേഖലയിലെ അരിമില്ലുകൾ പോലും മാലിന്യമൊഴുക്കുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.

2021-ൽ എടയാർ വ്യവസായ മേഖലയിൽനിന്ന് പാതാളം റഗുലേറ്റർ ബ്രിഡ്ജിനു സമീപത്തായി ഇറിഗേഷൻ പൈപ്പിലൂടെ മാരക വിഷമാലിന്യം ഒഴുക്കിയതായി കണ്ടെത്തിയെങ്കിലും കാര്യമായ തുടർനടപടികളുണ്ടായില്ല. അയേൺ, അലുമിനിയം, ക്രോമിയം, സിങ്ക്, കോപ്പർ, മാംഗനീസ്, ലെഡ്, ക്ലോറൈഡ്, സൾഫേറ്റ് എന്നിവയുടെ മാരകമായ തോതിലുള്ള സാന്നിധ്യമാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ കേന്ദ്ര പരിശോധനാ വിഭാഗം കണ്ടെത്തിയത്.

പെരിയാറിലേക്കുള്ള വിഷജലമൊഴുക്ക് ശുദ്ധജലവിതരണത്തെ കൂടി ബാധിക്കാനിടയുണ്ടെന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് ആശങ്കയുണ്ട്. പെരിയാറിൽനിന്നുള്ള ജലം സാന്ദ്രത കുറച്ചാണ് മുപ്പത്തടം ശുദ്ധജല വിതരണ പദ്ധതിയിലൂഡെട വരാപ്പുഴ, കടമക്കുടി പഞ്ചായത്തുകളിൽ വിതരണം ചെയ്യുന്നത്. എറണാകുളം ജില്ലയിൽ 91% ജനങ്ങളും കുടിക്കുന്നത് പെരിയാറിൽ നിന്നുള്ള വെള്ളമാണ്. പൈപ്പ് വഴിയും ടാങ്കർ വഴിയും ജില്ലയിൽ മുഴുവനും എത്തിച്ചേരുന്നതും ഇതേ വെള്ളം തന്നെ. ഒരു ദിവസം 31 കോടി ലിറ്റർ ശുദ്ധജലമാണ് പെരിയാറിൽനിന്ന് കൊച്ചിക്കാർ കുടിവെള്ളമായി എടുക്കുന്നതെങ്കിൽ, പെരിയാറിന്റെ തീരത്തെ വ്യവസായശാലകൾ 26 കോടി ലിറ്റർ മലിനജലമാണ് പെരിയാറിലേക്ക് തിരിച്ച് പമ്പുചെയ്യുന്നത്. മനുഷ്യശരീരത്തിനും ആവാസവ്യവസ്ഥക്കും അത്യന്തം ഹാനികരമായ ഡസൻ കണക്കിന് രാസവിഷങ്ങളും ഘനലോഹങ്ങളും അടിഞ്ഞുകൂടിയ മാലിന്യങ്ങളാണ് പാതി സംസ്‌കരിച്ചും തീരെ സംസ്‌കരിക്കാതെയും ഫാക്ടറികളുടെ ഔട്ട് ലെറ്റുകളിലൂടെ പെരിയാറിലേക്ക് അനുദിനം തള്ളുന്നത്.

READ

രാഷ്ട്രീയ നേതാക്കൾ, ബന്ധുക്കൾ, ബ്യൂറോക്രസി, മീഡിയ; കരിമണൽ കൊള്ളയുടെ കർത്താക്കളും കർമവും

രാസവിഷനദിക്കരയിലെ മരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യർ

കറുത്തും ​ചുവന്നും ഒഴുകുന്ന പെരിയാർ, മലിനീകരണ നിയന്ത്രണ ബോർഡ്​ എന്ന പ്രതി

Comments