കാലാവസ്ഥാ അഭയാർത്ഥികളുടെ
നിശ്ശബ്ദഹത്യ

ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ, പാരിസ്ഥിതിക വ്യതിയാനം മൂലം കുടിയിറക്കപ്പെടുന്നവരുടെ എണ്ണം വർധിക്കുകയാണ്. 2018- ലെ വെള്ളപ്പൊക്കം, 2024- ലെ വയനാട് ദുരന്തം, കുട്ടനാട്ടിലെ വെള്ളപ്പൊക്കം, ആലപ്പാട്ടെ തീരദേശ മണ്ണൊലിപ്പും വേലിയേറ്റ വെള്ളപ്പൊക്കവും തുടങ്ങിയവ കാണാമറയത്തേക്ക് ഇറക്കിവിട്ട ‘അഭയാർത്ഥി’കളുടെ ഭാവി എന്താണ്? കാലാവസ്ഥാ അഭയാർത്ഥികൾക്കായുള്ള സമഗ്ര നയസമീപനത്തിന്റെ അനിവാര്യതയെക്കുറിച്ച് എഴുതുന്നു, നവാസ് എം. ഖാദർ.

‘‘പാരിസ്ഥിതിക വ്യതിയാനം കുടിയേറ്റത്തിന്റെ ഏറ്റവും പ്രധാന ഘടകങ്ങളിലൊന്നായി മാറുകയാണ്. സുരക്ഷ, ഉപജീവനമാർഗ്ഗം എന്നിവ തേടി വീട് വിട്ടുപോകാൻ ആളുകൾ നിർബന്ധിതരാകുന്നു’’.
- IOM, Migration, Environment and Climate Change Division

രിസ്ഥിതിയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ ജീവിതത്തെയോ ജീവിതസാഹചര്യങ്ങളെയോ പ്രതികൂലമായി ബാധിക്കുന്നതിനാൽ, താൽക്കാലികമായോ സ്ഥിരമായോ താമസസ്ഥലം വിട്ടുപോകാൻ ആളുകൾ നിർബന്ധിതരാകുന്നു, അല്ലെങ്കിൽ അങ്ങനെ ചെയ്യാൻ തീരുമാനിക്കേണ്ടിവരുന്നു. അങ്ങനെ അവർ സ്വന്തം രാജ്യത്തിനകത്തോ വിദേശത്തേക്കോ താമസം മാറ്റുന്നു. ഇതിനെയാണ് പരിസ്ഥിതി കുടിയേറ്റം എന്ന് നിർവചിക്കുന്നത് (International Organization for Migration- IOM, 2007).

മനുഷ്യന്റെ ഉപജീവനമാർഗ്ഗത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന പാരിസ്ഥിതിക സമ്മർദ്ദങ്ങളാണ് പാരിസ്ഥിതിക കുടിയേറ്റത്തിന് പ്രധാന കാരണം. സമുദ്രനിരപ്പ് ഉയരൽ, ഹിമാനികൾ ഉരുകൽ, മരുഭൂമീകരണം തുടങ്ങിയ കാലാവസ്ഥാ വ്യതിയാന ആഘാതങ്ങൾ, ദുർബല പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറിത്താമസിപ്പിക്കാൻ നിർബന്ധിതരാക്കുന്നു (IOM, 2007). ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം, ഭൂകമ്പം, സുനാമി അടക്കമുള്ള അപ്രതീക്ഷിത പ്രകൃതി ദുരന്തങ്ങൾ എല്ലാ വർഷവും ദശലക്ഷക്കണക്കിന് ആളുകളെ കുടിയിറക്കുന്നു, തയ്യാറെടുപ്പിന് പരിമിതമായ സമയം മാത്രമേ ഇത്തരം അവസ്ഥകളിൽ കുടിയേറുന്നവർക്ക് ലഭിക്കൂ (UNHCR, 2020).

കൂടാതെ, മണ്ണൊലിപ്പ്, വരൾച്ച, വനനശീകരണം എന്നിവ മൂലമുണ്ടാകുന്ന ഭൂമിനശീകരണം പോലുള്ള പ്രക്രിയകൾ കാർഷിക മേഖലയെ വാസയോഗ്യമല്ലാതാക്കുകയും ഭക്ഷ്യസുരക്ഷയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു (Warner & Afifi, 2014). ജലക്ഷാമം, ശുദ്ധജലം ലഭിക്കാതിരിക്കൽ, വിശ്വസനീയമായ ശുദ്ധജല സ്രോതസ്സുകളുടെ അഭാവം എന്നിവ ജനങ്ങളെ അതിജീവനത്തിനായി കുടിയേറാൻ പ്രേരിപ്പിക്കുന്നു (Black, Bennett, Thomas, & Beddington, 2011). ഈ പാരിസ്ഥിതിക സമ്മർദ്ദങ്ങൾ കുടിയേറ്റത്തെ, മനുഷ്യരാശിയെ ആകെ ബാധിക്കുന്ന ഒരു ആശങ്ക എന്ന നിലയിൽ അഭിസംബോധന ചെയ്യേണ്ടതിന്റെ ആവശ്യകത എടുത്തുകാണിക്കുന്നു.

ജലക്ഷാമം, ശുദ്ധജലം ലഭിക്കാതിരിക്കൽ, വിശ്വസനീയമായ ശുദ്ധജല സ്രോതസ്സുകളുടെ അഭാവം എന്നിവ ജനങ്ങളെ അതിജീവനത്തിനായി കുടിയേറാൻ പ്രേരിപ്പിക്കുന്നു
ജലക്ഷാമം, ശുദ്ധജലം ലഭിക്കാതിരിക്കൽ, വിശ്വസനീയമായ ശുദ്ധജല സ്രോതസ്സുകളുടെ അഭാവം എന്നിവ ജനങ്ങളെ അതിജീവനത്തിനായി കുടിയേറാൻ പ്രേരിപ്പിക്കുന്നു

പരിസ്ഥിതി കുടിയേറ്റം
ആഗോള പ്രതിഭാസം

കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി നശീകരണവും മൂലം ജനങ്ങൾ മാറിത്താമസിക്കാൻ നിർബന്ധിതരായ വിവിധ പ്രദേശങ്ങളിൽ പരിസ്ഥിതി കുടിയേറ്റം ഒരു നിരന്തര പ്രക്രിയയായി മാറിയിട്ടുണ്ട്. പസഫിക് ദ്വീപുകൾ, കിരിബതി, തുവാലു തുടങ്ങിയ രാജ്യങ്ങൾ എന്നിവ സമുദ്രനിരപ്പ് ഉയരുന്നതിന്റെ ഭീഷണി നേരിടുന്നു. ഇതേതുടർന്ന് ഇവിടങ്ങളിൽനിന്ന് ചില സമൂഹങ്ങൾക്ക് പ്രത്യേക പുനരധിവാസ പരിപാടികളുടെ കീഴിൽ ന്യൂസിലൻഡിലേക്ക് കുടിയേറാൻ പ്രേരിപ്പിപ്പിക്കപ്പെടുന്നു (മക്ആദം, 2012).

ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം, നദീതീര മണ്ണൊലിപ്പ് എന്നിവ മൂലം ബംഗ്ലാദേശിൽനിന്ന് എല്ലാ വർഷവും വലിയ തോതിൽ കുടിയിറക്കമുണ്ടാകാറുണ്ട്. ധാക്ക ആഭ്യന്തര കുടിയേറ്റക്കാരുടെ പ്രധാന കേന്ദ്രമായി മാറുന്നതിനുള്ള പ്രധാന കാരണവും ഇതാണ് (ബ്ലാക്ക്, ബെന്നറ്റ്, തോമസ്, & ബെഡിംഗ്ടൺ, 2011).

2006- 2010 കാലഘട്ടത്തിൽ സിറിയയിൽ നീണ്ടുനിന്ന വരൾച്ച ഗ്രാമീണ ജനതയെ നഗരപ്രദേശങ്ങളിലേക്ക് കുടിയേറാൻ നിർബന്ധിതരാക്കി. ഇത് ആഭ്യന്തര സംഘർഷത്തിന് മുമ്പുള്ള സാമൂഹിക- സാമ്പത്തിക സമ്മർദ്ദങ്ങൾ വർദ്ധിപ്പിച്ചു (കെല്ലി തുടങ്ങിയവർ, 2015). സഹേൽ മേഖലയിലെ മരുഭൂമീകരണവും ആവർത്തിച്ചുള്ള വരൾച്ചയും പശുപരിപാലന, കാർഷിക ഉപജീവനമാർഗ്ഗങ്ങളെ ദുർബലപ്പെടുത്തിയിട്ടുണ്ട്, ഇത് പലപ്പോഴും വിഭവ സംബന്ധിയായ സംഘർഷങ്ങൾക്ക് കാരണമാകുന്നു (Warner & Afifi, 2014).

യു.എസ്.എ പോലെ ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ പോലും പരിസ്ഥിതി കുടിയേറ്റം പ്രകടമാണ് - പ്രത്യേകിച്ച് ലൂസിയാനയിലെ ഐൽ ഡി ജീൻ ചാൾസിൽ, സമുദ്രനിരപ്പ് ഉയർന്നതിനെയും ചുഴലിക്കാറ്റിനെയും തുടർന്ന് ഭൂമി നഷ്ടപ്പെട്ട തദ്ദേശീയ സമൂഹങ്ങളെ സ്ഥിരമായി മാറ്റിപ്പാർപ്പിച്ചു. ഇത് ഫെഡറൽ അംഗീകാരമുള്ള ആദ്യത്തെ കാലാവസ്ഥാ പുനരധിവാസ പദ്ധതിയായി (Maldonado et al., 2013).

പരിസ്ഥിതി കുടിയേറ്റം ആഗോള പ്രതിഭാസമാണെന്നും വികസ്വര, വികസിത മേഖലകളിലെ ദുർബല ജനവിഭാഗങ്ങളെ ഇത് ബാധിക്കുന്നുവെന്നും ഈ സംഭവങ്ങൾ തെളിയിക്കുന്നു.

ഇന്ത്യയിലെ പരിസ്ഥിതി കുടിയേറ്റം

കാലാവസ്ഥാ വ്യതിയാനം, പാരിസ്ഥിതിക തകർച്ച, സാമൂഹിക- സാമ്പത്തിക പ്രശ്നങ്ങൾ എന്നിവയാണ് ഇന്ത്യയിലെ പാരിസ്ഥിതിക കുടിയേറ്റത്തിന്റെ പ്രധാന കാരണങ്ങൾ. ഗംഗ- ബ്രഹ്മപുത്ര തടത്തിലെ വെള്ളപ്പൊക്കവും നദീതീര മണ്ണൊലിപ്പും, പ്രത്യേകിച്ച് അസമിലും ബീഹാറിലും, പ്രതിവർഷം ദശലക്ഷക്കണക്കിന് ആളുകളെ കുടിയിറക്കിലേക്ക് നയിക്കുന്നു. പുനരധിവാസത്തിലെയും പ്രശ്നപരിഹാരത്തിനുള്ള ദീർഘകാല ആസൂത്രണത്തിലെയും പാളിച്ചകൾ സ്ഥിതി സങ്കീർണമാക്കുന്നുണ്ട് (ദാസ്, 2017; ഇന്ത്യാ ഗവൺമെന്റ്, 2020). ഒഡീഷ, പശ്ചിമ ബംഗാൾ തുടങ്ങിയ തീരദേശ സംസ്ഥാനങ്ങളിലും സമാന പ്രശ്നങ്ങളുണ്ട്. ഫാനി (2019), ആംഫാൻ (2020) പോലുള്ള ചുഴലിക്കാറ്റുകൾ കൂട്ട കുടിയിറക്കത്തിന് കാരണമായി. മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്ന സംവിധാനങ്ങളിൽ പുരോഗതിയുണ്ടായിട്ടും ദുരന്ത മാനേജുമെന്റിലെ പാളിച്ചകൾ സ്ഥിതി രൂക്ഷമാക്കി (IDMC, 2021).

രാജസ്ഥാൻ, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ വരൾച്ചയും മരുഭൂമീകരണവും രൂക്ഷമാകുകയാണ്. ഈ മേഖലയിൽ ഏകദേശം 30% ഭൂമി കാർഷിക ഉപജീവനത്തിന് അനുയോജ്യമല്ലാതായിട്ടുണ്ട്. ഇതേതുടർന്ന് ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്കുള്ള കുടിയേറ്റം വ്യാപകമായി (ISRO, 2016; രഞ്ജൻ, 2020).

കാലാവസ്ഥാ വ്യതിയാനം, പാരിസ്ഥിതിക തകർച്ച, സാമൂഹിക- സാമ്പത്തിക പ്രശ്നങ്ങൾ എന്നിവയാണ് ഇന്ത്യയിലെ പാരിസ്ഥിതിക കുടിയേറ്റത്തിന്റെ പ്രധാന കാരണങ്ങൾ.
കാലാവസ്ഥാ വ്യതിയാനം, പാരിസ്ഥിതിക തകർച്ച, സാമൂഹിക- സാമ്പത്തിക പ്രശ്നങ്ങൾ എന്നിവയാണ് ഇന്ത്യയിലെ പാരിസ്ഥിതിക കുടിയേറ്റത്തിന്റെ പ്രധാന കാരണങ്ങൾ.

നഗരങ്ങളിലേക്കുള്ള കുടിയേറ്റം പുതിയ വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ട്. നഗരത്തിലെ ജനസാന്ദ്രത വർധിക്കുന്നതിനൊപ്പം അനൗപചാരിക തൊഴിൽ ചൂഷണവും രൂക്ഷമാക്കുന്നു. ഡൽഹി, മുംബൈ പോലുള്ള മെഗാ സിറ്റികൾക്ക് ആനുപാതികമല്ലാത്ത തോതിൽ ജനസംഖ്യയെ ആഗിരണം ചെയ്യേണ്ടിവരുന്നു (രാജൻ, ശിവകുമാർ, & ശ്രീനിവാസൻ, 2020).

പഞ്ചാബിലെയും ഹരിയാനയിലെയും ഭൂഗർഭജല ശോഷണം, ജലസംഭരണികൾ വറ്റിയതിനെതുടർന്ന് 2019-ൽ ചെന്നൈ നഗരത്തിലുണ്ടായ ‘ഡേ സീറോ’ പോലുള്ള പ്രതിസന്ധികൾ എന്നിവ കുടിയേറ്റത്തിന്റെ പ്രതീക്ഷിത ഭീഷണികളായി മാറുന്നുണ്ട്. ഇന്ത്യയിലെ വർദ്ധിച്ചുവരുന്ന ജലപ്രതിസന്ധി ഭാവിയിലെ അന്തർ സംസ്ഥാന ജലസംഘർഷങ്ങൾക്കിടയാക്കുമെന്നുമാത്രമല്ല, അത് വൻതോതിലുള്ള കുടിയേറ്റത്തിനും കാരണമായേക്കാം (ചെല്ലനി, 2019).

ഇന്ത്യയെ സംബന്ധിച്ച് പാരിസ്ഥിതിക കുടിയേറ്റം എന്നത് ഒരു യാഥാർത്ഥ്യമായി മാറിയിട്ടുണ്ടെങ്കിലും ഈ പ്രതിസന്ധിയെ നേരിടാനുള്ള നയപരമായ തീരുമാനങ്ങൾ ഇനിയും ഉണ്ടായിട്ടില്ല. കാലാവസ്ഥാ വ്യതിയാനം, നഗര ആസൂത്രണം, കുടിയേറ്റ സംരക്ഷണം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഒരു ഏകോപിത നയരൂപീകരണം നിലവിൽവന്നിട്ടില്ല.

ഭാവിയിലെ
അപകട സാധ്യതകൾ

പാരിസ്ഥിതിക കുടിയേറ്റത്തെ പ്രതിരോധിക്കാനുള്ള സ്ഥായിയായതും ശാസ്ത്രീയമായതുമായ പരിഹാരത്തെക്കുറിച്ച് ഭരണകൂടങ്ങൾ ഇതുവരെ ആലോചിച്ചുതുടങ്ങിയിട്ടില്ല എന്നത് ഈ ദുരന്തങ്ങളുടെ പ്രത്യാഘാതങ്ങളെ സങ്കീർണമാക്കുന്നുണ്ട്. വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, വരൾച്ച എന്നിവയുണ്ടാകുമ്പോൾ ജനങ്ങൾക്ക് അടിയന്തര ആശ്വാസം നൽകുന്നതിലൊതുങ്ങുന്നു സർക്കാർ ഇടപെടൽ. എന്നാൽ, ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനുള്ള ഭൂമി അടക്കമുള്ള വിഭവങ്ങളുടെ മാനേജ്മെന്റ്, കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക, ജനങ്ങളുടെ ഒഴിഞ്ഞുപോക്കുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികൾ തുടങ്ങിയവ ഇപ്പോഴും സർക്കാർ ആലോചനകളിലില്ല (ദാസ്, 2017; ഐഡിഎംസി, 2021). ഭാവിയിലേക്കുള്ള ഈ ആസൂത്രണത്തിന്റെ അഭാവം ഗ്രാമങ്ങളിൽനിന്നുള്ള കുടിയിറക്കവും അത് നഗരങ്ങളിലുണ്ടാക്കുന്ന സമ്മർദ്ദവും തമ്മിലുള്ള പരസ്പര സംഘർഷം രൂക്ഷമാക്കുന്നു. കാരണം ദുരിതമനുഭവിക്കുന്ന കർഷകരും ഗ്രാമീണരും ഡൽഹി, മുംബൈ, ബംഗളൂരു പോലുള്ള നഗരങ്ങളിലേക്കാണ് പ്രധാനമായും കുടിയേറുന്നത്. അവിടെ അവർക്ക് താമസിക്കാൻ അനുയോജ്യമായ വാസസ്ഥലങ്ങളോ ജീവിക്കാനാവശ്യമായ തൊഴിലോ മറ്റ് സാമൂഹിക സംരക്ഷണമോ ലഭിക്കുന്നില്ല. ഇത് അതിരൂക്ഷമായ മാനുഷിക ചൂഷണത്തിന് വഴിയൊരുക്കും (രാജൻ, ശിവകുമാർ, & ശ്രീനിവാസൻ, 2020).

ഇന്ത്യയ്ക്ക് ലോകം നൽകുന്ന
പാഠങ്ങൾ

ഇന്ത്യയിലെ പാരിസ്ഥിതിക കുടിയേറ്റത്തെ അഭിസംബോധന ചെയ്യുന്നതിന് കാലാവസ്ഥാ പ്രതിരോധം, ജീവനോപാധികളുടെ സംരക്ഷണം, കുടിയേറ്റവുമായി ബന്ധപ്പെട്ട വിഭവ- മനുഷ്യശേഷി മാനേജുമെന്റ് എന്നിവ സമന്വയിപ്പിക്കുന്ന നയങ്ങൾ ആവിഷ്കരിക്കേണ്ടതുണ്ട്.

മുന്നറിയിപ്പ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, കാലാവസ്ഥാ പ്രതിരോധശേഷിയുള്ള കൃഷിയിടങ്ങൾ കണ്ടെത്തി, അവിടങ്ങളിൽ സർക്കാർ മേൽനോട്ടത്തിൽ കൂടുതൽ മൂലധന നിക്ഷേപം നടത്തുക, അതീവ ദുർബലാവസ്ഥയിലുള്ള മേഖലകളിൽ- ബ്രഹ്മപുത്ര നദീതീരങ്ങൾ, ചുഴലിക്കാറ്റ് സാധ്യതയുള്ള ഒഡീഷ പോലുള്ള സംസ്ഥാനങ്ങൾ- ജനങ്ങളെ സുരക്ഷിതമായി മാറ്റിത്താമസിപ്പിക്കുന്നതിനുള്ള സുസ്ഥിര ആസൂത്രണം നടത്തുക എന്നിവ പ്രശ്നപരിഹാരത്തിൽ നിർണായകമാണ് (ദാസ്, 2017; ഐഡിഎംസി, 2021). ആഗോളതലത്തിൽ ഇതിന് നിരവധി ഉദാഹരണങ്ങളുണ്ട്.

ഫിജിയിൽ, മുഴുവൻ തീരദേശ ഗ്രാമങ്ങളിലെയും ജനങ്ങളെ സർക്കാർ പിന്തുണയോടെ ഉൾനാടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഇത് ആസൂത്രിതമായ ഒരു പുനരധിവാസത്തിന്റെ മികച്ച മാതൃകയാണ് (UNHCR, 2020). കൊടുങ്കാറ്റുണ്ടാകുമ്പോൾ കൂട്ടമായി ഒഴിഞ്ഞുപോകുന്നത് കുറയ്ക്കുന്ന സൈക്ലോൺ ഷെൽട്ടറുകളും കമ്മ്യൂണിറ്റി അധിഷ്ഠിത അഡാപ്റ്റേഷൻ പ്രോഗ്രാമുകളും ബംഗ്ലാദേശ് വികസിപ്പിച്ചെടുത്തിട്ടുണ്ട് (ദ ഗാർഡിയൻ, 2020). ടുവാലു, കിരിബതി നിവാസികൾക്കുള്ള ന്യൂസിലൻഡിന്റെ പ്രത്യേക വിസ പ്രോഗ്രാം, കുടിയേറ്റത്തെ വെറുമൊരു മാനുഷിക പ്രതിസന്ധിയായി സമീപിക്കുന്നതിനുപകരം, അതിനെ യാഥാർത്ഥ്യനിഷ്ഠമായ പരിഹാരത്തിലേക്ക് എങ്ങനെ നയിക്കാം എന്നതിനുള്ള ഒരു പരിപാടിയാണ് (മക്ആദം, 2012).

ഫിജിയിൽ, മുഴുവൻ തീരദേശ ഗ്രാമങ്ങളിലെയും ജനങ്ങളെ സർക്കാർ പിന്തുണയോടെ ഉൾനാടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഇത് ആസൂത്രിതമായ ഒരു പുനരധിവാസത്തിന്റെ മികച്ച മാതൃകയാണ്.
ഫിജിയിൽ, മുഴുവൻ തീരദേശ ഗ്രാമങ്ങളിലെയും ജനങ്ങളെ സർക്കാർ പിന്തുണയോടെ ഉൾനാടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഇത് ആസൂത്രിതമായ ഒരു പുനരധിവാസത്തിന്റെ മികച്ച മാതൃകയാണ്.

അന്താരാഷ്ട്ര സഹകരണത്തിന്റെയും ധനസഹായത്തിന്റെയും പിന്തുണയോടെ, കാലാവസ്ഥാ വ്യതിയാനം മൂലമുള്ള കുടിയേറ്റത്തെക്കുറിച്ച് സമഗ്രമായ ഒരു ദേശീയ ചട്ടക്കൂട് രൂപീകരിക്കുന്നതിനെക്കുറിച്ച് ഇന്ത്യ അടിയന്തരമായി ആലോചിക്കേണ്ടിയിരിക്കുന്നു. അനിയന്ത്രിതമായ കുടിയിറക്കം, ഇത് നഗരങ്ങളിലുണ്ടാക്കുന്ന ജനസാന്ദ്രത, സാമൂഹിക സംഘർഷങ്ങൾ എന്നിവ ഭാവിയിലുണ്ടാക്കാൻ സാധ്യതയുള്ള പ്രതിസന്ധികൾ പരിഹരിക്കാൻ ഇത് അനിവാര്യമാണ്. ഇത്തരമൊരു നയസമീപനത്തിന്റെ അടിസ്ഥാനം എന്തായിരിക്കണം എന്നത് പ്രധാനമാണ്. ഇതിന് വിവിധ ഘടകങ്ങൾ പരിഗണിക്കേണ്ടതുണ്ട്. ഇന്ത്യയിലെ പാരിസ്ഥിതികമായ സുസ്ഥിരത, നിലവിലുള്ള കുടിയേറ്റ നയം, നിയമപരമായ ഘടകങ്ങൾ തുടങ്ങിയവയെ ബന്ധിപ്പിക്കുന്ന ബഹുമുഖ സമീപനമാണ് വേണ്ടത്. വെള്ളപ്പൊക്കത്തെ പ്രതിരോധിക്കുന്ന തരത്തിൽ അസമിലും ബീഹാറിലും നിർമിച്ചിട്ടുള്ള വീടുകൾ, തീരദേശ ഒഡീഷയിലെയും പശ്ചിമ ബംഗാളിലെയും ചുഴലിക്കാറ്റ് ഷെൽട്ടറുകൾ, രാജസ്ഥാനിലെയും മഹാരാഷ്ട്രയിലെയും വരൾച്ചയെ പ്രതിരോധിക്കുന്ന കൃഷി തുടങ്ങി, കാലാവസ്ഥാ മാറ്റങ്ങളെ പ്രതിരോധിക്കാൻ തക്ക ശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനെ നയപരമായ ഒരു സമീപനമാക്കി മാറ്റണം (ISRO, 2016; IDMC, 2021).

നിയമപരമായി, ഇന്ത്യയിൽ ‘കാലാവസ്ഥാ കുടിയേറ്റക്കാരെ’ അംഗീകരിക്കുന്ന ഒരു സമർപ്പിത ചട്ടക്കൂട് ഇല്ല. 2005-ലെ ദുരന്ത നിവാരണ നിയമം അടക്കമുള്ള നിലവിലെ നയങ്ങളും ദേശീയ ദുരന്ത നിവാരണ പദ്ധതിയും (2019) പ്രധാനമായും ഹ്രസ്വകാല ദുരിതാശ്വാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതിനാൽ, കാലാവസ്ഥാ മാറ്റം മൂലമുണ്ടാകുന്ന കുടിയിറക്കത്തെ നിയമപരമായി അംഗീകരിക്കുന്നതിനും കുടിയിറക്കപ്പെട്ടവർക്ക് വീടും ഉപജീവനമാർഗ്ഗവും സാമൂഹിക സംരക്ഷണവും ഉറപ്പാക്കുന്നതിനും ഇവരുടെ അവകാശങ്ങൾക്ക് നഗരാസൂത്രണത്തിൽ കൃത്യമായ ഒരിടം നൽകുന്നതിനും അനുയോജ്യമായ പദ്ധതിയാണ് വേണ്ടത് (ഇന്ത്യാ സർക്കാർ, 2019). കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ദേശീയ ആക്ഷൻ പ്ലാനും (National Action Plan on Climate Change- NAPCC) സംസ്ഥാന ആക്ഷൻ പ്ലാനുകളും (State Action Plan on Climate Change- SAPCC) പ്രാഥമികമായി ദുരന്തവ്യാപ്തി എങ്ങനെ ലഘൂകരിക്കാം എന്നതിലാണ് ശ്രദ്ധയൂന്നുന്നത്. അതിനുപകരം, ബംഗ്ലാദേശിന്റെ കമ്മ്യൂണിറ്റി അധിഷ്ഠിത സൈക്ലോൺ പ്രതിരോധ പദ്ധതിയിൽനിന്നും ഫിജിയിലെ പുനരധിവാസ പദ്ധതിയിൽനിന്നും പാഠമുൾക്കൊള്ളുന്ന, കുടിയിറക്കലിനെ യാഥാർത്ഥ്യബോധത്തോടെ അഭിസംബോധന ചെയ്യുന്ന രീതിയിൽ ഈ ആക്ഷൻ പ്ലാനുകൾ പുനഃക്രമീകരിക്കണം (UNHCR, 2020; ദ ഗാർഡിയൻ, 2020). ഇതിന് ആത്യന്തികമായി, അന്താരാഷ്ട്ര സഹകരണത്തോടെയുള്ള ദേശീയ കാലാവസ്ഥാ കുടിയേറ്റ നയം ആവശ്യമാണ്. അത് ഭാവിയിലെ പ്രതിസന്ധികളിൽ നിന്ന്, കുടിയിറ​ങ്ങാൻ നിർബന്ധിക്കപ്പെടുന്ന ദുർബലരായ മനുഷ്യരെ സംരക്ഷിക്കുന്നതിനൊപ്പം കുടിയേറ്റവുമായി ബന്ധപ്പെട്ട സുസ്ഥിരമായ നയസമീപനങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യും.

വെള്ളപ്പൊക്കത്തെ പ്രതിരോധിക്കുന്ന തരത്തിൽ അസമിൽ നിർമിച്ചിട്ടുള്ള വീടുകൾ.
വെള്ളപ്പൊക്കത്തെ പ്രതിരോധിക്കുന്ന തരത്തിൽ അസമിൽ നിർമിച്ചിട്ടുള്ള വീടുകൾ.

കേരളത്തിലെ
പാരിസ്ഥിതിക കുടിയേറ്റം

പാരിസ്ഥിതിക കുടിയേറ്റത്തിന്റെ ശ്രദ്ധേയമായ ഉദാഹരണങ്ങൾ കേരളത്തിലുമുണ്ട്. ആവർത്തിച്ചുള്ള വെള്ളപ്പൊക്കം, തീരദേശ മണ്ണൊലിപ്പ്, പ്രവചനാതീതമായ കാലാവസ്ഥ എന്നിവ മനുഷ്യവാസകേന്ദ്രങ്ങളെ പുനർനിർമ്മിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ ‘നെല്ലറ’ എന്നറിയപ്പെടുന്ന കുട്ടനാട് ആവാസയോഗ്യമല്ലാതായിക്കൊണ്ടിരിക്കുകയാണ്. സമുദ്രനിരപ്പ് ഉയരുന്നതും ഭൂവിനിയോഗ ആസൂത്രണത്തിലെ പാളിച്ചകളുമാണ്, പൂർവ്വിക വീടുകൾ ഉപേക്ഷിക്കാൻ കുടുംബങ്ങളെ നിർബന്ധിതമാക്കുന്നത്, 2018- ലെ വിനാശകരമായ വെള്ളപ്പൊക്കത്തിനുശേഷം ഈ പ്രവണത രൂക്ഷമാണ്. ഫ്രണ്ട്‌ലൈൻ, സ്ക്രോൾ.ഇൻ, ദ ഹിന്ദു എന്നിവയുടെ റിപ്പോർട്ടുകൾ പ്രകാരം എരുത്തിയേൽ, കൈനകരി തുടങ്ങിയ ഗ്രാമങ്ങളിലെ വീടുകൾ വർഷത്തിൽ ഭൂരിഭാഗവും വെള്ളത്തിനടിയിലാണ്. സമ്പന്ന കുടുംബങ്ങൾക്കു മാത്രമേ മറ്റൊരിടത്തേക്ക് മാറിത്താമസിക്കാൻ കഴിയൂ. ദുരിതം ഏറ്റവും മാരകമായി ആക്രമിക്കുന്ന പാർശ്വവൽകൃത വിഭാഗങ്ങൾ അവിടെ തന്നെ തുടരേണ്ട ഗതികേടിലാണ്. വസ്തുവകകൾ നശിച്ചും ഉപജീവനമാർഗ്ഗങ്ങൾ അടഞ്ഞും ആരോഗ്യം അടക്കമുള്ള സാമൂഹിക സുരക്ഷ ഇല്ലാതാക്കപ്പെട്ടും കുടിയിറക്കത്തെ ത്വരിതപ്പെടുത്തുന്ന ഒരു കാലാവസ്ഥാ കുടിയേറ്റ കേന്ദ്രമായി കുട്ടനാട് മാറുകയാണ്.

തീരപ്രദേശമായ ആലപ്പാട് ഉപദ്വീപാണ് കാലാവസ്ഥാ മാറ്റത്തിന്റെ മറ്റൊരു ആഘാതഭൂമി. 1955-ൽ ഏകദേശം 89.5 ചതുരശ്ര കിലോമീറ്ററായിരുന്ന ഭൂവിസ്തൃതി 2018 ആയപ്പോഴേക്കും വെറും 8.9 ചതുരശ്ര കിലോമീറ്റർ ആയി ചുരുങ്ങി. ഒരുകാലത്ത് 1,500-ലധികം കുടുംബങ്ങൾ താമസിച്ചിരുന്ന ഈ പ്രദേശത്ത് ഇപ്പോൾ കുറച്ച് വീടുകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. തീരദേശ മണ്ണൊലിപ്പും മണൽ ഖനനവുമാണ് ഇവിടെനിന്ന് കുടുംബങ്ങളെ കുടിയിറക്കുന്നത്.

എറണാകുളത്തും സമീപ പ്രദേശങ്ങളായ പുത്തൻവേലിക്കര, കുമ്പളങ്ങി എന്നിവിടങ്ങളിലും തുടരുന്ന വേലിയേറ്റ വെള്ളപ്പൊക്കം ഉപ്പുവെള്ളം കയറുന്നതിന് കാരണമാകുന്നു. ഇത് ദൈനംദിന ജീവിതം അസാധ്യമാക്കുന്നു. നിശ്ശബ്ദ കുടിയേറ്റത്തിനാണ് ഇത്തരം സാഹചര്യങ്ങൾ വഴിയൊരുക്കുന്നത്. ഇങ്ങനെ കുടിയിറങ്ങേണ്ടിവരുന്ന മനുഷ്യർ ഔദ്യോഗികമായ ഒരു രേഖകളിലും ഉണ്ടാകില്ല. മാനുഷികവും സാംസ്കാരികവുമായ ഒരു നിശ്ശബ്ദ ഹത്യയാണ്, ഇത്തരം പുത്തൻ കാലാവസ്ഥാ അഭയാർഥികളിലൂടെ സംഭവിക്കുന്നത്.

2018-ലെ വെള്ളപ്പൊക്കത്തെതുടർന്ന് ഏകദേശം ഒരു ദശലക്ഷം പേരെയാണ് മാറ്റിപ്പാർപ്പിക്കേണ്ടിവന്നത്. 2024-ൽ വയനാട്ടിലെ മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടലിൽ 300- ഓളം പേരാണ് മരിച്ചത്. ദുരന്തത്തിന്റെ ആദ്യ ഘട്ടത്തിൽ മാത്രം 800- ഓളം കുടുംബങ്ങളിൽ 3000-ഓളം പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. കേരളത്തിലെ പാരിസ്ഥിതിക ദുർബലതകൾ എങ്ങനെയാണ് പെട്ടെന്നുള്ള കുടിയിറക്കത്തിലേക്കും ദീർഘകാലത്തേക്കുള്ള ഒഴിഞ്ഞുപോക്കിലേക്കും കാരണമാകുന്നതെന്ന് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നു. ഇത്തരം പ്രശ്നങ്ങൾ നേരിടാനുള്ള പ്രതിരോധ നയങ്ങളുടെ അടിയന്തിര ആവശ്യകതയെയാണ് ഇത്തരം ദുരന്തങ്ങൾ അടിവരയിടുന്നത്.

കുട്ടനാട്ടിലെ ആവർത്തിച്ചുള്ള വെള്ളപ്പൊക്കം, ആലപ്പാട്ടെ തീരദേശ മണ്ണൊലിപ്പും വേലിയേറ്റ വെള്ളപ്പൊക്കവും, 2018- ലെ വെള്ളപ്പൊക്കം, 2024- ലെ വയനാട് ദുരന്തം തുടങ്ങിയവ പെട്ടെന്നുള്ളതും നിശ്ശബ്ദവുമായ കുടിയിറക്കത്തിനിടയാക്കുന്നുണ്ട് എന്ന വസ്തുത അഭിമുഖീകരിക്കേണ്ടതുണ്ട്. ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ, പാരിസ്ഥിതിക വ്യതിയാനങ്ങൾ, അതിനിരയാക്കപ്പെടുന്ന മനുഷ്യരുടെ ജീവിതം, അതുമൂലമുണ്ടാകുന്ന നിർബന്ധിത കുടിയേറ്റം എന്നിവയ്ക്ക് സങ്കീർണ്ണമായ പരസ്പരബന്ധമാണുള്ളത്. എന്നാൽ, ഈ ബന്ധത്തെ സമഗ്രമായി കൂട്ടിയിണക്കുന്ന നയസമീപനമില്ലാത്തത് വലിയ പ്രശ്നമായി തുടരുകയും ചെയ്യുന്നു.

കുട്ടനാട്ടിലെ ആവർത്തിച്ചുള്ള വെള്ളപ്പൊക്കം, ആലപ്പാട്ടെ തീരദേശ മണ്ണൊലിപ്പും വേലിയേറ്റ വെള്ളപ്പൊക്കവും, 2018- ലെ വെള്ളപ്പൊക്കം, 2024- ലെ വയനാട് ദുരന്തം തുടങ്ങിയവ പെട്ടെന്നുള്ളതും നിശ്ശബ്ദവുമായ കുടിയിറക്കത്തിനിടയാക്കുന്നുണ്ട് എന്ന വസ്തുത അഭിമുഖീകരിക്കേണ്ടതുണ്ട്.
കുട്ടനാട്ടിലെ ആവർത്തിച്ചുള്ള വെള്ളപ്പൊക്കം, ആലപ്പാട്ടെ തീരദേശ മണ്ണൊലിപ്പും വേലിയേറ്റ വെള്ളപ്പൊക്കവും, 2018- ലെ വെള്ളപ്പൊക്കം, 2024- ലെ വയനാട് ദുരന്തം തുടങ്ങിയവ പെട്ടെന്നുള്ളതും നിശ്ശബ്ദവുമായ കുടിയിറക്കത്തിനിടയാക്കുന്നുണ്ട് എന്ന വസ്തുത അഭിമുഖീകരിക്കേണ്ടതുണ്ട്.

Reference:

Black, R., Bennett, S. R. G., Thomas, S. M., & Beddington, J. R. (2011). Climate change: Migration as adaptation. Nature, 478(7370), 447–449. https://doi.org/10.1038/478477a

Chellaney, B. (2019). Water scarcity in India: The crisis ahead. World Policy Journal, 36(2), 12–19. https://doi.org/10.1215/07402775-7973152

Das, K. (2017). Environmental migration from the lower Brahmaputra River basin: Evidence from Assam. Migration and Development, 6(1), 16–34. https://doi.org/10.1080/21632324.2015.1022975

Frontline. (2022, July 15). Pouring hardship: Kuttanad’s climate refugees. The Hindu Group. https://frontline.thehindu.com/environment/pouring-hardship/article65778187.ece

Government of India. (2019). National disaster management plan 2019. Ministry of Home Affairs, Government of India.

Government of India. (2020). Annual report 2019–20: Ministry of Home Affairs. Government of India.

Indian Space Research Organisation (ISRO). (2016). Desertification and land degradation atlas of India. Space Applications Centre, Ahmedabad.

Internal Displacement Monitoring Centre (IDMC). (2021). India country profile. https://www.internal-displacement.org/countries/india

International Organization for Migration (IOM). (2007). Discussion note: Migration and the environment (MC/INF/288). International Organization for Migration. https://publications.iom.int/books/mcinf288-discussion-note-migration-and-environment

Kelley, C. P., Mohtadi, S., Cane, M. A., Seager, R., & Kushnir, Y. (2015). Climate change in the Fertile Crescent and implications of the recent Syrian drought. Proceedings of the National Academy of Sciences, 112(11), 3241–3246. https://doi.org/10.1073/pnas.1421533112

Maldonado, J. K., Shearer, C., Bronen, R., Peterson, K., & Lazrus, H. (2013). The impact of climate change on tribal communities in the US: Displacement, relocation, and human rights. Climatic Change, 120(3), 601–614. https://doi.org/10.1007/s10584-013-0746-z

McAdam, J. (2012). Climate change, forced migration, and international law. Oxford University Press.

Rajan, S. I., Sivakumar, P., & Srinivasan, A. (2020). Climate change and internal migration in India: Evidence and policy implications. Journal of Climate Change, 6(2), 23–35.

Ranjan, R. (2020). Drought and distress migration in India: A critical analysis. Economic and Political Weekly, 55(5), 34–41.

ResearchGate. (2023). Climate change, flooding woes and mass exodus of inhabitants: An analysis of Kuttanad wetland ecosystem in Kerala, India. https://www.researchgate.net/publication/374989868

Reuters. (2024, July 30). India: Extreme weather events trigger deadly landslides in Kerala state. https://www.reuters.com/world/india/india-extreme-weather-events-landslides-kerala-state-2024-07-30

Scroll.in. (2021, August 22). In Kerala’s Kuttanad, climate change is forcing residents to abandon their homes. https://scroll.in/article/1003721/in-keralas-kuttanad-climate-change-is-forcing-residents-to-abandon-their-homes

Shahin, A. K. K. (2022, October 30). New climate refugees: The human cost of tidal flooding in Kerala. https://shahinakk.com/new-climate-refugees-the-human-cost-of-tidal-flooding-in-kerala/

The Guardian. (2020, May 21). Bangladesh’s cyclone shelters save lives, but climate displacement continues. https://www.theguardian.com/

The Guardian. (2020, May 21). Bangladesh’s cyclone shelters save lives, but climate displacement continues. https://www.theguardian.com/

The Hindu. (2019, June 20). Chennai’s water crisis: Four reservoirs run dry. https://www.thehindu.com/

The Hindu. (2022, April 29). Kuttanad’s climate refugees. https://www.thehindu.com/news/national/kerala/kuttanads-climate-refugees/article65367111.ece

The Nansen Initiative. (2015). Agenda for the protection of cross-border displaced persons in the context of disasters and climate change. The Nansen Initiative. https://disasterdisplacement.org/the-platform/key-references/nansen-agenda

UNHCR. (2020). Legal considerations regarding claims for international protection made in the context of the adverse effects of climate change and disasters. UNHCR. https://www.refworld.org/docid/5f75f2734.html

Warner, K., & Afifi, T. (2014). Where the rain falls: Evidence from 8 countries on how vulnerable households use migration to manage the risk of rainfall variability and food insecurity. Climate and Development, 6(1), 1–17. https://doi.org/10.1080/17565529.2013.835707.


Summary: Navas M Khader writes on the urgent need for a comprehensive policy approach for climate refugees.


നവാസ് എം. ഖാദര്‍

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിലെ സ്‌കൂൾ ഓഫ് ഇൻ്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്‌സിൽ റിസർച്ച് സ്കോളർ. കേരളത്തിലെ അന്തർസംസ്ഥാന കുടിയേറ്റക്കാർ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്പ്പെട്ട ഫീൽഡ് വർക്ക് നടത്തുന്നു. അന്താരാഷ്ട്ര ജേണലുകളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര- ദേശീയ പരിപാടികളിൽ 17 കോൺഫറൻസ് പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

Comments