വേണം, ശാസ്ത്രീയമായ
ഒരു പാരിസ്ഥിതിക ഭരണരീതി

പരിസ്ഥിതിലോല മേഖലയുടെ അതിർത്തിനിർണത്തിൽ, സമ്മർദമുണ്ടാക്കാൻ കഴിയുന്നവരുടെ പ്രദേശം തീരെ ഉൾപ്പെടാതെ വരുന്നതും, ആദിവാസികൾ, സാധാരണ കർഷകർ എന്നിവരുടെ പ്രദേശം പൂർണമായി ഉൾപ്പെടുന്നതും ആശാസ്യമല്ല, ശാസ്ത്രീയവുമല്ല. ഇതൊക്കെ കണക്കിലെടുത്തുള്ള മാറ്റമാണ്​ വേണ്ടത്​.

പ്രത്യേക സംരക്ഷണപ്രദേശങ്ങൾക്കും വന്യജീവി സങ്കേതങ്ങൾക്കും ചുറ്റും ചുരുങ്ങിയത് ഒരു കിലോമീറ്റർ വീതിയിലെങ്കിലും പരിസ്ഥിതിലോല മേഖലകൾ ഉണ്ടാകണമെന്ന സുപ്രീംകോടതി വിധി പതിവുപോലെ സമ്മിശ്ര പ്രതികരണങ്ങൾക്കിടയാക്കിയിരിക്കുകയാണ്. ചില ജില്ലകളിൽ ഹർത്താൽ, ബന്ദ് എന്നിവ നടന്നുകഴിഞ്ഞു. കുടിയേറ്റക്കാരായ വിവിധതരം മാഫിയകൾ തങ്ങളുടെ കൈയേറ്റഭൂമി സംരക്ഷിക്കാനുള്ള പതിവുവാദഗതികൾ ഉയർത്തിക്കൊണ്ടിരിക്കുന്നു. എന്നാൽ, യഥാർഥ കൃഷിക്കാർ, ആദിവാസികൾ എന്നിവരുടെ പ്രശ്‌നങ്ങൾ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്. ഈ സാഹചര്യത്തിൽ കോടതിവിധി സൂക്ഷ്മമായി പരിശോധിച്ച് ഏറ്റവും ഗുണകരമായി നടപ്പാക്കാൻ വേണ്ട നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകേണ്ടിയിരിക്കുന്നു.

പുതിയ വിധി: ചില അനിശ്​ചിതത്വങ്ങൾ

സുപ്രീംകോടതിയുടെ പുതിയ വിധി, ഈ രംഗത്ത് നിലനിൽക്കുന്ന അനിശ്ചിതത്വത്തിന് ഒരർഥത്തിൽ പരിഹാരമാണ്; എന്നാൽ പുതിയ ചില പ്രയാസങ്ങൾക്കും ഇടയാക്കുന്നുണ്ട്. അത്, ഈ മേഖലയിൽ നടപ്പാക്കുന്ന നിർമാണ പ്രവർത്തനങ്ങൾ സംബന്ധിച്ചാണ്. വിധിയിലെ 44 (ഇ) ഭാഗം പരിസ്ഥിതിലോല മേഖലയിൽ സ്ഥിരമായ നിർമാണപ്രവർത്തനങ്ങൾക്ക് കൂടി നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നു. ഇതാകട്ടെ, ഇപ്പോൾ തന്നെ കോടതിവിധി പ്രകാരമുള്ള പരിസ്ഥിതിലോല മേഖലയിൽ താമസക്കാരായ യഥാർഥ കർഷകർക്കും ആദിവാസികൾക്കും അവരുടെ ന്യായമായ ആവശ്യങ്ങൾക്ക് തടസ്സമായേക്കുമെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.

സമ്മർദമുണ്ടാക്കാൻ കഴിയുന്നവരുടെ പ്രദേശം തീരെ ഉൾപ്പെടാതെ വരുന്നതും, ആദിവാസികൾ, സാധാരണ കർഷകർ എന്നിവരുടെ പ്രദേശം പൂർണമായി ഉൾപ്പെടുന്നതും ആശാസ്യമല്ല, ശാസ്ത്രീയവുമല്ല. അതിനാൽ ഇതൊക്കെ കണക്കിലെടുത്തുള്ള മാറ്റങ്ങൾ അവയിൽ വരുത്തേണ്ടതാണ്.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 59-ാം വാർഷിക സമ്മേളനം പാസാക്കിയ പ്രമേയത്തിൽ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്​: ""കർഷകരും ആദിവാസികളും ഉൾപ്പെടെയുള്ള സമൂഹങ്ങളുടെ ന്യായമായ വികസന ആവശ്യങ്ങൾക്ക് തടസം നിൽക്കുന്നതിനാൽ ഇക്കാര്യത്തിൽ തിരുത്തൽ വരുത്തണം. വന്യജീവി സങ്കേതങ്ങൾക്കുചുറ്റുമുള്ള പരിസ്ഥിതിലോല മേഖലകൾ ശാസ്ത്രീയമായി നിർവചിച്ചുകഴിഞ്ഞാൽ മേഖലയുടെ മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിലും അതിൽ അന്തിമ തീരുമാനമെടുക്കുന്നതിലും വനാവകാശ കമ്മിറ്റികൾക്കും അതത് പ്രദേശത്തെ ഗ്രാമസഭകൾക്കും കൂടി അധികാരവും ഉത്തരവാദിത്വവും നൽകി ഉന്നതാധികാരസമിതിയെ പുനർനിർവചിക്കേണ്ടതുണ്ട്.''

മാറ്റം അനിവാര്യം

വനത്തിലും വനാതിർത്തികളിലും താമസിക്കുന്ന ജനങ്ങളുടെ പ്രശ്‌നങ്ങൾക്കൊപ്പം തന്നെ, കൃഷിസംബന്ധമായ പ്രശ്‌നങ്ങളും പരിഗണിക്കേണ്ടതുണ്ട്. പരിസ്ഥിതിലോല മേഖലകൾ നിജപ്പെടുത്തുമ്പോൾ മലകൾ, പുഴകൾ, പുൽപ്രദേശങ്ങൾ എന്നിവയെ ഏതൊക്കെ രീതിയിൽ പരിഗണിക്കണമെന്നതിലും വ്യക്തത വേണം. എന്നാൽ, പരിസ്ഥിതിലോല മേഖലയുടെ അതിർത്തിനിർണയം നടക്കേണ്ടത് അടിയന്തരപ്രാധാന്യമുള്ള കാര്യമാണ്. അതിൽ നിലവിലുള്ള നിയമങ്ങൾക്കു പുറമെ ഇനിയും നിയമങ്ങൾ വേണ്ടിവന്നേക്കും. ഏറ്റവും പ്രധാനം ഇത്തരം പ്രദേശങ്ങളിൽ പാരിസ്ഥിതിക- സാമൂഹിക പ്രശ്‌നങ്ങൾ കൃത്യമായി മനസ്സിലാക്കുക എന്നതാവണം. സമ്മർദമുണ്ടാക്കാൻ കഴിയുന്നവരുടെ പ്രദേശം തീരെ ഉൾപ്പെടാതെ വരുന്നതും, ആദിവാസികൾ, സാധാരണ കർഷകർ എന്നിവരുടെ പ്രദേശം പൂർണമായി ഉൾപ്പെടുന്നതും ആശാസ്യമല്ല, ശാസ്ത്രീയവുമല്ല. അതിനാൽ ഇതൊക്കെ കണക്കിലെടുത്തുള്ള മാറ്റങ്ങൾ അവയിൽ വരുത്തേണ്ടതാണ്.

Photo  : Saami Vaass,
Photo : Saami Vaass,

മാത്രമല്ല, ഇവ ഓരോ സംസ്ഥാനത്തും പ്രദേശത്തും പ്രാദേശിക പ്രസക്തവുമായിരിക്കണം. 2021-ലെ മാർഗരേഖയിൽ തന്നെ ഖനനം, ക്വാറികൾ, വൻകിട അണക്കെട്ടുകൾ, ചുകപ്പ് ലിസ്റ്റിൽപെട്ട വ്യവസായങ്ങൾ, മരമില്ലുകൾ എന്നിവയ്ക്ക് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. എന്നാൽ ആരെയും ഇറക്കിവിടാൻ പറയുന്നില്ല. അതേസമയം, പുതിയ വിധിയിൽ 44 (ഇ) ചില പുതിയ ചിന്തകൾക്കിടയാക്കിയിരിക്കുന്നു.

വ്യാപകമായ വനംനശീകരണത്തിന്റെയും അനിയന്ത്രിതമായ ഇടപെടലുകളുടെയും പശ്ചാത്തലത്തിൽ 2002-ൽ തന്നെ ഇത്തരത്തിൽ പരിസ്ഥിതിലോല പ്രദേശം നിർണയിക്കുന്നതുസംബന്ധിച്ച് ഔദ്യോഗിക ചർച്ച ഇന്ത്യൻ ബോർഡ് ഓഫ് വൈൽഡ് ലൈഫ് ആരംഭിച്ചിരുന്നു. 2004-ലാണ് ഗോവ ഫൗണ്ടേഷൻ എന്ന സംഘടന ഇതുസംബന്ധിച്ചൊരു കേസ് സുപ്രീംകോടതിയിൽ ഫയൽ ചെയ്തത്. അതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് പാരിസ്ഥിതികലോല പ്രദേശത്തിന്റെ ചുറ്റളവ് കണക്കാക്കി അതിർത്തി നിർണയിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നത്. എന്നിട്ടും ഒരു സംസ്ഥാനവും നിർദിഷ്ട സമയപരിധിയിൽ അനുകൂലമായി പ്രതികരിക്കാതിരുന്നപ്പോഴാണ് സുപ്രീംകോടതി ഒരു ഉത്തരവിലൂടെ 10 കിലോമീറ്ററായി നിജപ്പെടുത്തിയത്. എന്നാൽ, കേരളത്തിലെയും മറ്റും പ്രത്യേക അവസ്ഥ പരിഗണിച്ച് 2021-ൽ ഇറക്കിയ ഉത്തരവിൽ ആകാശമാർഗേണയുള്ള ഒരു കിലോമീറ്ററിലേക്ക് ദൂരം നിജപ്പെടുത്തിയിരുന്നു. അപ്പോഴുണ്ടായ പ്രക്ഷോഭങ്ങളും സമരങ്ങളും നാമെല്ലാം കണ്ടതാണ്. വാസഭൂമി, തോട്ടഭൂമി, കൃഷിഭൂമി എന്നിവയൊക്കെ ഒഴിവാക്കണമെന്ന വാദം അംഗീകരിച്ചാൽ അവശേഷിക്കുന്നത്, പ്രത്യേക സംരക്ഷണപ്രദേശങ്ങൾ മാത്രമായിരിക്കും.

സുപ്രീംകോടതിയുടെ പുതിയ വിധി സൂക്ഷ്മതലത്തിൽ പരിശോധിച്ച് ജനപങ്കാളിത്തത്തോടെ പുതിയ മാർഗരേഖകളും മാസ്റ്റർപ്ലാനുകളും തയ്യാറാക്കി, സുഗമമായ ജനകീയവും ശാസ്ത്രീയവുമായ വനസംരക്ഷണം ഉറപ്പാക്കുകയാവണം ലക്ഷ്യം

ശാശ്വത പരിഹാരം ഗാഡ്ഗിൽ റിപ്പോർട്ട്

കേന്ദ്രസർക്കാരാണെങ്കിൽ പരിസ്ഥിതി കാര്യങ്ങളിൽ കാര്യമായ ആത്മാർഥതയൊന്നും കാണിക്കുന്നില്ലെന്നതിന്റെ പ്രത്യക്ഷ തെളിവാണ് ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളുടെ ഇന്നത്തെ അവസ്ഥ. മാത്രമല്ല, കോവിഡ് കാലത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന്റെ പിറ്റേദിവസാണ് പരിസ്ഥിതി ആഘാതപഠനം സംബന്ധിച്ച നിയമം പാടെ ഭേദഗതി ചെയ്തുകൊണ്ടുള്ള ഓർഡിനൻസ് പുറപ്പെടുവിച്ചത്. ഈയൊരു സാഹചര്യത്തിൽ സുപ്രീംകോടതിയുടെ പുതിയ വിധി സൂക്ഷ്മതലത്തിൽ പരിശോധിച്ച് ജനപങ്കാളിത്തത്തോടെ പുതിയ മാർഗരേഖകളും മാസ്റ്റർപ്ലാനുകളും തയ്യാറാക്കി, സുഗമമായ ജനകീയവും ശാസ്ത്രീയവുമായ വനസംരക്ഷണം ഉറപ്പാക്കുകയാവണം ലക്ഷ്യം. ഈ പ്രക്രിയയിൽ തദ്ദേശഭരണ സ്ഥാപനങ്ങൾക്കും പരിസ്ഥിതി സംഘടനകൾക്കും കെ.എഫ്.ആർ.ഐ. പോലുള്ള ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങൾക്കുമെല്ലാം നിയമപരമായി തന്നെ ഇടപെടാൻ കഴിയണം.

വന്യജീവി സങ്കേതങ്ങൾക്കുചുറ്റുമുള്ള പരിസ്ഥിതിലോല മേഖലകൾ ശാസ്ത്രീയമായി നിർവചിച്ചുകഴിഞ്ഞാൽ മേഖലയുടെ മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിലും അതിൽ അന്തിമ തീരുമാനമെടുക്കുന്നതിലും വനാവകാശ കമ്മിറ്റികൾക്കും അതത് പ്രദേശത്തെ ഗ്രാമസഭകൾക്കും കൂടി അധികാരവും ഉത്തരവാദിത്വവും നൽകി ഉന്നതാധികാരസമിതിയെ പുനർനിർവചിക്കേണ്ടതുണ്ട്
വന്യജീവി സങ്കേതങ്ങൾക്കുചുറ്റുമുള്ള പരിസ്ഥിതിലോല മേഖലകൾ ശാസ്ത്രീയമായി നിർവചിച്ചുകഴിഞ്ഞാൽ മേഖലയുടെ മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിലും അതിൽ അന്തിമ തീരുമാനമെടുക്കുന്നതിലും വനാവകാശ കമ്മിറ്റികൾക്കും അതത് പ്രദേശത്തെ ഗ്രാമസഭകൾക്കും കൂടി അധികാരവും ഉത്തരവാദിത്വവും നൽകി ഉന്നതാധികാരസമിതിയെ പുനർനിർവചിക്കേണ്ടതുണ്ട്

യഥാർഥത്തിൽ 1986-ലെ ഇന്ത്യൻ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ 5(1) ചട്ടം അനുസരിച്ചാണ് ഇന്നത്തെ നടപടികളെന്ന കാര്യവും കാണേണ്ടതുണ്ട്. സംരക്ഷിതപ്രദേശങ്ങൾക്ക് ഹാനികരമായ മനുഷ്യ ഇടപെടൽ ഉണ്ടാകരുതെന്നതാണ് ഇതിന്റെയൊരു ലക്ഷ്യം. കാലാവസ്ഥാ മാറ്റവും അതിന്റെ പ്രത്യാഘാതങ്ങളും മുമ്പൊന്നുമില്ലാത്തവിധം ഇന്ത്യയിൽ പൊതുവിലും കേരളത്തിൽ പ്രത്യേകിച്ചും പ്രകൃതിക്ഷോഭങ്ങൾക്കിടയാക്കുകയാണ്. ഇവ ദുരന്തങ്ങളായി മാറാതിരിക്കണമെങ്കിൽ പ്രകൃതിസംരക്ഷണം അത്യന്താപേക്ഷിതമാണ്. ലാഭം മാത്രം മുൻനിർത്തിയുള്ളതും, ഒരു വിഭാഗം സംഘടിതമായി പ്രശ്‌നങ്ങളെ പെരുപ്പിച്ച് അവതരിപ്പിക്കുന്നതും വിവിധതരം വാദങ്ങൾ ഉയർത്തുന്നതുമായ ഇന്നത്തെ രീതി ആശാസ്യമല്ല.

കൈയേറ്റങ്ങൾക്കെതിരെ ശക്തമായ നിയമനടപടി കൈക്കൊള്ളണം, ഒപ്പം, അർഹർക്ക് നീതി ലഭിക്കുകയും വേണം. പ്രശ്‌നത്തിന്റെ ശാശ്വത പരിഹാരം ഗാഡ്ഗിൽ റിപ്പോർട്ട് ജനങ്ങൾക്കിടയിൽ ചർച്ച ചെയ്ത് നടപ്പാക്കുക തന്നെയാണ്. കൂട്ടത്തിൽ, ശാസ്ത്രീയമായ ഒരു പാരിസ്ഥിതിക ഭരണരീതി (Environmental Governance) രൂപപ്പെടുത്തി പ്രചരിപ്പിക്കുകയും വേണം. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ടി.പി. കുഞ്ഞിക്കണ്ണൻ

കേരള ശാസ്​ത്രസാഹിത്യ പരിഷത്ത്​ മുൻ ജനറൽ സെക്രട്ടറി. ഗാഡ്​ഗിൽ റിപ്പോർട്ടും കേരള വികസനവും, കേരളം 2020 (എഡിറ്റർ), കേരളം സുസ്​ഥിര വികസനത്തിന്​ ഒരു രൂപ​രേഖ, നെഹ്​റുവിയൻ ഇന്ത്യ: പുനർവായനയുടെ രാഷ്​ട്രീയം എന്നിവയാണ്​ പ്രധാന പുസ്​തകങ്ങൾ.

Comments