Swachh Survekshan 2020; ചെളി പിടിച്ച കേരളം

കേന്ദ്രസർക്കാറിന്റെ 'സ്വച്ഛ് സർവേക്ഷൺ സർവേ- 2020'ൽ എല്ലാ വർഷത്തെയും പോലെ ആദ്യ നൂറു റാങ്കുകളിലെവിടെയും കേരളത്തിലെ നഗരങ്ങൾ ഇല്ല. വലിയ ശുചിത്വം പ്രസംഗിക്കുന്ന കേരളമെന്താ ഇങ്ങനെ ദേശീയ പട്ടികയിൽ തേഞ്ഞുമാഞ്ഞ് ഇല്ലാതാകുന്നത് എന്ന് ചിന്തിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു

കേന്ദ്രസർക്കാറിന്റെ ‘സ്വച്ഛ് സർവേക്ഷൺ സർവേ- 2020' പുറത്തിറങ്ങി. എല്ലാ വർഷത്തെയും പോലെ ആദ്യ നൂറു റാങ്കുകളിലെവിടെയും കേരളത്തിലെ നഗരങ്ങൾ ഇല്ല. ആലപ്പുഴക്കുമാത്രം നവീന പ്രവൃത്തികൾക്ക് ‘മികച്ച ചെറിയ നഗരം' സ്റ്റാറ്റസ് കിട്ടിയിട്ടുണ്ട്. സംസ്ഥാന റാങ്കിംഗിൽ കേരളം ഇത്തവണ ഏറ്റവും അവസാനം, 27ാം സ്ഥാനത്താണ്. വലിയ ശുചിത്വം പ്രസംഗിക്കുന്ന കേരളമെന്താ ഇങ്ങനെ ദേശീയ പട്ടികയിൽ തേഞ്ഞുമാഞ്ഞ് ഇല്ലാതാകുന്നത് എന്ന് ചിന്തിക്കാനുള്ള സമയം അതിക്രമിച്ചു.
ശുചിത്വവുമായി ബന്ധപ്പെട്ട് മിനിസ്ട്രി ഓഫ് ഹൗസിങ് ആൻഡ് അർബൻ അഫയേഴ്‌സിന്റെ വാർഷിക റാങ്കിങ് പരിപാടി ആണ് ‘സ്വച്ഛ് സർവേക്ഷൺ സർവേ'. 2016ൽ തുടങ്ങി 2020 വരെ അഞ്ചു റാങ്കിങ്ങുകൾ നിലവിലുണ്ട്. 2016ൽ 73 നഗരങ്ങളാണ് പങ്കെടുത്തത്. 2020 ആയപ്പോഴേക്കും നഗരങ്ങളുടെ എണ്ണം 4242 ആയി. നഗരങ്ങൾ ഓരോന്നും ഓരോ വർഷവും സാനിറ്റേഷൻ / മാലിന്യ സംസ്‌കരണ മേഖലകളിൽ കാര്യമായ പ്രവർത്തനം നടത്തി ശുചിത്വത്തിൽ മുന്നിലാണെന്ന് കാണിക്കാൻ തത്രപ്പെടുന്നു. ഓരോ വർഷവും സർവേ നടത്തുന്നത് വ്യത്യസ്ത ഉദ്ദേശ്യത്തോടെയാണ്. കഴിഞ്ഞ അഞ്ചു വർഷത്തെ ഉദ്ദേശ്യങ്ങൾ ഇവയാണ്:

2016- Assess Physical Progress
2017- Assess Output Parameters
2018- Assess Outcome of initiatives
2019- Assess Sustainable practices
2020- Assess institutionalisation of Swachhata

അതായത്, ഓരോ വർഷവും നഗരങ്ങളുടെ കാര്യക്ഷമതയുടെ സൂക്ഷ്മതയാണ്​ അളക്കപ്പെടുന്നത്​. അതുകൊണ്ട് ഓരോ വർഷത്തെയും സർവേ ഉദ്ദേശ്യമനുസരിച്ച് നഗരങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ അതാതു നഗരസഭകൾ ശ്രമിക്കേണ്ടതുണ്ട്. സ്വച്ഛ് സർവ്വേക്ഷൻ സർവേക്ക് അടിസ്ഥാനരീതിശാസ്ത്രം ഉണ്ട്. അത് ഓരോ വർഷവും ഭേദപ്പെടുത്തും (ചിത്രം കാണുക).

Source: Compiled from different Swachh Survekshan Surveys
Source: Compiled from different Swachh Survekshan Surveys

ലക്ഷത്തിൽ കൂടുതലും കുറവുമുള്ള ജനസംഖ്യയുള്ള നഗരമെന്ന്, നഗരങ്ങളെ വിശകലനത്തിന് രണ്ടായി തിരിച്ചിരിക്കുന്നു. ആദ്യ മൂന്നു വർഷങ്ങൾ മൂന്നു മാനദണ്ഡങ്ങളാണ് ഉപയോഗിച്ചിരുന്നത്: സേവനനിലവാരത്തിലെ പുരോഗതി (Service Level Progress), നേരിട്ടുള്ള നിരീക്ഷണം (Direct Observation ), പൗരപ്രതികരണം (Citizen Feedback.). 2019ൽ അതോടൊപ്പം സർട്ടിഫിക്കേഷൻ എന്നൊരു മാനദണ്ഡം കൂടി ചേർത്തു. (Certification of cities on ODF+, ODF++ and star rating of garbage free cities by independent third parties). ODF, ODF+, ODF++ എന്നിവയുടെ റേറ്റിംഗ് നടത്തുന്നത് ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയാണ്. ഗാർബേജ് ഫ്രീ സിറ്റീസ് നിരീക്ഷണം നടത്തുന്നത് Kantar Public. സേവനനിലവാരത്തിലെ പുരോഗതി (Service Level Progress) അളക്കുന്നത് മൂന്ന് മാസത്തിലൊരിക്കലാണ്. അവസാനം ഓരോ മാസത്രയത്തിന്റെയും ശരാശരി കണക്കെടുക്കും.
ഇത്രയും എഴുതിയത് സ്വച്ഛ് സർവേക്ഷൻ സർവേയെ കുറിച്ച് ഒരു ധാരണ നൽകാനാണ്. ഇനി കേരളത്തിലേയ്ക്കു വരാം.

കേരളം സ്വച്ഛ് സർവേക്ഷൻ സർവേയിലൂടെ

കേരളത്തിലെ കുറച്ചു നഗരങ്ങൾ, പ്രത്യേകിച്ച് അമൃത് സ്‌കീമിൽ പെട്ട നഗരങ്ങൾ, സ്വച്ഛ് സർവേക്ഷൻ സർവേയിൽ ഭാഗമാകാറുണ്ട്. 2016ൽ 73 നഗരങ്ങൾ മാത്രം പങ്കെടുത്ത സർവേയിൽ കൊച്ചി 15ാം സ്ഥാനവും, തിരുവനന്തപുരം 17ാം സ്ഥാനവും, കോഴിക്കോട് 24ാം സ്ഥാനവും നേടി. പിന്നീടങ്ങോട്ട് ഒരു സർവേയിലും കേരളത്തിലെ ഒരു നഗരവും ആദ്യ 100 പട്ടികയിൽ വന്നില്ല. യു.എൻ അംഗീകാരം ലഭിച്ച ആലപ്പുഴ പോലും 2017 ൽ 380ാം സ്ഥാനവും, 2019ൽ 256ാം സ്ഥാനവുമാണ് നേടിയത്. 2020ൽ മാത്രമാണ് നവീന പ്രവൃത്തികൾക്കുള്ള അംഗീകാരമായി ഒരവാർഡ് ആലപ്പുഴയ്ക്ക് ലഭിക്കുന്നത്. 2017 തൊട്ട് ഇങ്ങോട്ട്​ സ്വച്ഛ് സർവേക്ഷൻ സർവേയുടെ മെത്തോഡോളജിയുടെ പ്രശ്‌നമായിട്ടാണ് കേരളത്തിലെ നഗരങ്ങളുടെ ദുർബല പ്രകടനത്തെ അധികാരത്തിലിരിക്കുന്നവർ വ്യാഖ്യാനിച്ചത്.
സൂക്ഷ്മമായി നിരീക്ഷിച്ചാൽ രീതിശാസ്ത്രത്തിൽ (Methodology) പാകപ്പിഴയുണ്ട് എന്നുകാണാം. പക്ഷെ അതുമാത്രമല്ല കേരളത്തിന്റെ ദയനീയതക്കു കാരണം എന്നാണ് ഞാൻ മനസിലാക്കുന്നത്. നേതൃത്വത്തിന്റെ ദീർഘവീക്ഷണമില്ലായ്മയും, പ്രയോഗ കൗശലമില്ലായ്മയും ആണ് മറ്റ് കാരണങ്ങൾ എന്ന് തോന്നുന്നു. സ്വച്ഛ് സർവേക്ഷൻ സർവേയുടെ ഓരോ വർഷത്തെ ഉദ്ദേശ്യവും നിശ്ചയിക്കുന്നത് സുസ്ഥിരവികസനത്തിനായുള്ള ലക്ഷ്യങ്ങളൂമായി (Sustainable Development Goals) താരതമ്യം ചെയ്തിട്ടാണ്. അതായത്, സാനിറ്റേഷനിൽ ശുചീകരണവുമായി ബന്ധപ്പെട്ട മൂല്യശൃംഖല (Sanitation Value Chain) പൂർത്തിയാക്കൽ ആണ് പ്രധാന ലക്ഷ്യം. അതിനുവേണ്ട അടിസ്ഥാനസൗകര്യം, ഭരണനിർവഹണം, ജനപങ്കാളിത്തവും സംതൃപ്തിയും തുടങ്ങി ഓരോ മേഖലകളും വിശകലനത്തിന് വിധേയമാക്കപ്പെടുന്നു. മാലിന്യ സംസ്‌കരണത്തിൽ ചാക്രികമായ സമ്പദ് വ്യവസ്ഥ്യയും ( circular economy) മാലിന്യം ശേഖരിക്കുന്നത് തുടങ്ങി അവസാനഘട്ടത്തിലുള്ള പുറന്തള്ളൽ വരെ എല്ലാ കാര്യങ്ങളും വിശകലനം ചെയ്യുന്നു. കേന്ദ്രീകൃതമോ വികേന്ദ്രീകൃതമോ ആയ ഏതുതരം മാലിന്യ സംസ്‌കരണ രീതിയും സംസ്ഥാനത്തിന് സ്വീകരിക്കാം. പക്ഷെ ഫലം കാണണം. കേന്ദ്രീകൃത- വികേന്ദ്രീകൃത രീതികളുടെ ഗുണപരമായ മിശ്രണമാണ് 2016ലെ ഘരമാലിന്യ കൈകാര്യനിയമം (Solid Waste Management rules, 2016 ) വഴി കേന്ദ്രസർക്കാർ വിഭാവനം ചെയ്യുന്നത്. അതുകൊണ്ട് തന്നെ പ്രകടനം അളക്കപ്പെടുന്നതും ആ രീതിയിലായിരിക്കും.

ആലപ്പുഴ മോഡലിന്റെ ന്യൂനത

കഴിഞ്ഞ അഞ്ചു വർഷത്തിൽ കേരളത്തിൽ എന്താണ് സംഭവിച്ചത്? ആദ്യ വർഷം (2016) ഭൗതിക ഉന്നമനത്തിൽ (physical progress) കേരളത്തിലെ പ്രധാന നഗരങ്ങൾ നല്ല പ്രകടനം കാഴ്ചവെച്ചു. അതായത്, അടിസ്ഥാനസൗകര്യം കേരളത്തിലുണ്ട്. അത് മാലിന്യ സംസ്‌കരണത്തിന്റെ കാര്യത്തിൽ ചില നഗരങ്ങളിൽ കേന്ദ്രീകൃത രീതിയിലും ചില നഗരങ്ങളിൽ വികേന്ദ്രീകൃത രീതിയിലുമാണെന്ന് മാത്രം. കക്കൂസുകളും ഉണ്ട്. 2017ലെ സർവേയിൽ പക്ഷെ ഫലം (output parameters) പരിശോധിച്ചപ്പോൾ കേരളത്തിലെ നഗരങ്ങൾ പിന്നോട്ട് പോയി. അതിൽ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം ഏറ്റെടുത്ത നഗരങ്ങൾ ചെറിയ അനീതിക്ക് പാത്രമായിട്ടുണ്ട്. കാരണം, പ്രകടനം വിലയിരുത്തിന്നതിനുള്ള ഘടകങ്ങൾ (performance indicators) എല്ലാത്തിനെയും ഉൾക്കൊള്ളുന്നതായിരുന്നില്ല. ഈ പോരായ്മ 2018 സർവേ നികത്തി. 2018 സർവേ നിഷ്‌കർഷിച്ചത്, ഓരോ നഗരങ്ങളും തുടക്കം കുറിച്ച പ്രവർത്തനങ്ങളുടെ ആത്യന്തികഫലം ആയിരുന്നു. അതായത്, മാലിന്യ സംസ്‌കരണത്തിൽ രീതി കേന്ദ്രീകൃതമായാലും, വികേന്ദ്രീകൃതമായാലും ആത്യന്തികഫലം നന്നായിരിക്കണം. 2018ൽ കേരളത്തിലെ ഒരു നഗരവും നല്ല പ്രകടനം കാഴ്ചവെച്ചിട്ടില്ല. 2019ൽ അളക്കപ്പെട്ടത് സുസ്ഥിരതയിൽ ഊന്നിയ

നടപടിക്രമങ്ങൾ (sustainable practices) ആണ്. അതിൽ ആലപ്പുഴ 256ാം സ്ഥാനം നേടി. യു.എൻ പോലും അംഗീകരിച്ച ആലപ്പുഴ മോഡൽ എന്തുകൊണ്ടാണ് സുസ്ഥിരതയിൽ ഊന്നിയ നടപടിക്രമങ്ങൾ ആയി ഇടം പിടിക്കാതിരുന്നത് എന്ന് തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ അത് ആലപ്പുഴ മോഡലിന്റെ ഏറ്റവും വലിയ ന്യൂനത കൊണ്ടും, കൗശലമില്ലായ്മ കൊണ്ടുമാണ്. ആലപ്പുഴ മോഡലിന്റെ ന്യൂനത പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യുന്നതിലുള്ള കാര്യക്ഷമതയില്ലായ്മയാണ്. കൗശലക്കുറവ് പൗരപ്രതികരണത്തിൽ (citizen feedback) കേരളം കുഴിമടിയന്മാരാണ് എന്നതും. ദേശീയ റാങ്കിങ്ങിൽ പൗരപ്രതികരണത്തിന് 25 ശതമാനം പ്രാമുഖ്യമുണ്ട്. പക്ഷെ കേരളം ഇപ്പോഴും അതിൽ പിന്നിലാണ്. 2020ലും കണ്ണൂർ ക്യാന്റ്‌റ് ഒഴികെ ഒരു നഗരവും ലിസ്റ്റിൽ ഇടം പിടിച്ചിട്ടില്ല. ഈ വർഷം അളക്കപ്പെട്ടത് ശുചിത്വത്തിന്റെ സ്ഥാപനവൽക്കരണം ആണ്. ആലപ്പുഴ അതിൽ ഇടം നേടിയത് വികേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിന് ഒരു സ്ഥാപനസ്വഭാവം കൊടുത്തു വളർത്തി എന്നതുകൊണ്ടും വികേന്ദ്രീകൃതമായ മലിനജലസംസ്‌കരണത്തിന് (Decentralised waste water treatment) പ്രാരംഭം കുറിച്ചത് കൊണ്ടുമാണ്. അതായത്, സുസ്ഥിര വികസനത്തിലേക്കുള്ള ദേശീയതലത്തിലെ ലക്ഷ്യങ്ങളിലേക്കുള്ള ശ്രേണിയിൽ ഒരു പിച്ചവയ്‌പെങ്കിലും നടത്തി എന്നതുകൊണ്ട്.
സാനിറ്റേഷനിൽ കേരളത്തിലെ നഗരങ്ങൾ അടുത്ത റാങ്കിങ്ങിൽ ഇടം പിടിയ്ക്കണമെങ്കിൽ ODF+, and ODF ++ നിർബന്ധമായും ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം നമ്മുടെ ശൗചാലയവ്യവസ്ഥ ശുചീകരണവുമായി ബന്ധപ്പെട്ട മൂല്യശൃംഖല (Sanitation Value Chain) പൂർത്തിയാക്കുന്നില്ല. മാലിന്യ സംസ്‌കരണത്തിൽ ജൈവ മാലിന്യ സംസ്‌കരണത്തിന് വികേന്ദ്രീകൃത സംസ്‌കരണം നല്ലതാണ്. അത് കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കേണ്ടതുണ്ട്. പിന്നെ പ്രശ്‌നമേഖലയായ മറ്റ് അജൈവ മാലിന്യങ്ങളുടെ സംസ്‌കരണം പ്രത്യേകം ശ്രദ്ധിക്കണം. കേരളത്തിലെ അജൈവ മാലിന്യ സംസ്‌കരണത്തിന്റെ ഉള്ളുകളികളെ കുറിച്ച് ഇവിടെ എഴുതിയാൽ തികയില്ല.

ഡോ. പ്രതിഭ ഗണേശൻ: ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ വിസിറ്റിംഗ് ഫാക്കൽറ്റി. സാനിറ്റേഷൻ/സോളിഡ് വേസ്റ്റ് മാനേജ്‌മന്റ് മേഖലകളിൽ സ്‌പെഷലൈസ് ചെയ്യുന്നു.


Summary: കേന്ദ്രസർക്കാറിന്റെ 'സ്വച്ഛ് സർവേക്ഷൺ സർവേ- 2020'ൽ എല്ലാ വർഷത്തെയും പോലെ ആദ്യ നൂറു റാങ്കുകളിലെവിടെയും കേരളത്തിലെ നഗരങ്ങൾ ഇല്ല. വലിയ ശുചിത്വം പ്രസംഗിക്കുന്ന കേരളമെന്താ ഇങ്ങനെ ദേശീയ പട്ടികയിൽ തേഞ്ഞുമാഞ്ഞ് ഇല്ലാതാകുന്നത് എന്ന് ചിന്തിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു


ഡോ.​ പ്രതിഭ ഗണേശൻ

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ വിസിറ്റിംഗ് ഫാക്കൽറ്റി. സാനിറ്റേഷൻ/സോളിഡ് വേസ്റ്റ് മാനേജ്മൻറ്​ മേഖലകളിൽ സ്പെഷലൈസ് ചെയ്യുന്നു.

Comments