ശുചിത്വം, മാലിന്യ സംസ്‌കരണം: കേരളത്തിന്​ ഇങ്ങനെയൊരു നിലപാട്​ മതിയോ?

ധനമന്ത്രി കെ. എൻ. ബാലഗോപാൽ ഈയിടെ അവതരിപ്പിച്ച പുതിയ മന്ത്രിസഭയുടെ കന്നി ബജറ്റിൽ സെപ്‌റ്റേജ് മാനേജ്മന്റ്, വേസ്റ്റ് വാട്ടർ മാനേജ്മന്റ് എന്നിവയ്ക്ക് പ്രാധാന്യം കൊടുത്തുകാണുന്നില്ല. ശുചിത്വ മേഖലയിലും മാലിന്യ സംസ്‌കരണത്തിലും ഇന്ന് കേരളം എവിടെ നിൽക്കുന്നുവെന്നും കേരളത്തിന്റെ വെല്ലുവിളികളും മുന്നോട്ടുള്ള സാധ്യതകളും എന്തൊക്കെയാണെന്നും, കേന്ദ്ര, സംസ്ഥാന ബജറ്റുകളെ അടിസ്ഥാനമാക്കി വിലയിരുത്തപ്പെടുന്നു

ര- ദ്രവ മാലിന്യങ്ങളുടെ സമുചിതമായ സംസ്‌കരണം പൊതുജനാരോഗ്യ നേട്ടങ്ങളെ മെച്ചപ്പെടുത്തുന്നതിലും സാമൂഹ്യ ശുചിത്വത്തിലൂടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിലും സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. ശുചിത്വ മേഖലയിലും മാലിന്യ സംസ്‌കരണത്തിലും ഇന്ന് കേരളം എവിടെ നിൽക്കുന്നുവെന്നും കേരളത്തിന്റെ വെല്ലുവിളികളും മുന്നോട്ടുള്ള സാധ്യതകളും എന്തൊക്കെയാണെന്നും, കേന്ദ്ര സർക്കാരിന്റെ 2021-22 ബജറ്റിന്റെയും രണ്ടു സംസ്ഥാന ബജറ്റുകളുടെയും (ജനുവരി 15, ജൂൺ നാല്, 2021) അടിസ്ഥാനത്തിലും, കേരളത്തിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളുടെ വിശകലനത്തിലൂടെയും പരിശോധിക്കുകയാണ്. ആദ്യം ദ്രവ മാലിന്യത്തെകുറിച്ചും പിന്നീട് ഖര മാലിന്യത്തെ കുറിച്ചുമാണ് ചർച്ച ചെയ്യുന്നത്.

സുരക്ഷിത ശുചിത്വം ദ്രവ മാലിന്യങ്ങളുടെ പശ്ചാത്തലത്തിൽ

ഐക്യരാഷ്ട്രസഭയും ലോകാരോഗ്യ സംഘടനയും ചേർന്ന് സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിൽ സുരക്ഷിതശുചിത്വത്തിന്റെ സൂചകങ്ങളായി കാണുന്നത് 1) ഒന്നിലധികം വീട്ടുകാർ പങ്കിട്ടുപയോഗിക്കുന്നതരം കക്കൂസുകളുടെ (shared sanitation) സ്ഥാനത്ത് ഓരോ വീടിനും സ്വന്തമായ കക്കൂസ് ഉണ്ടാകുക 2) ശേഖരിച്ച കക്കൂസ് മാലിന്യം അവിടെ തന്നെയോ അതോ ദൂരെയോ സംസ്‌കരിക്കാനാവശ്യമായ ശാസ്ത്രീയ സംവിധാനം ഉണ്ടാവുക എന്നിവയെയാണ്. കേരളത്തിന്റെ കാര്യം എടുക്കുകയാണെങ്കിൽ ശേഖരണ സംവിധാനങ്ങളോട് (containment structures) കൂടിയ, പങ്കിട്ടുപയോഗിക്കാത്തതരം സ്വന്തമായ കക്കൂസുകൾ ഏതാണ്ട് മുഴുവൻ വീട്ടുകാർക്കും ഉണ്ട്. എന്നാൽ ശേഖരിച്ച മാലിന്യം അവിടെ തന്നെയോ ദൂരെയൊ സംസ്‌കരിക്കാനുള്ള ശാസ്ത്രീയ സംവിധാനങ്ങൾ ഇപ്പോഴും നമുക്കില്ല.

കേരളത്തിലെ മിക്കവാറും എല്ലാ വീടുകളിലും ഒന്നോ അതിലധികമോ കക്കൂസുണ്ട്. ഈ കക്കൂസുകളിലെ മാലിന്യം ശേഖരിക്കപ്പെടുന്നത് മിക്കവാറും സെപ്റ്റിക് ടാങ്കുകളിലോ പിറ്റുകളിലോ ആണ്. ഈ രണ്ടു തരം ശേഖരണ സംവിധാനങ്ങളിലും നിറയുന്ന മാലിന്യം സമയാസമയം സെക്കന്ററി ട്രീട്‌മെന്റിന് വിധേയമാക്കേണ്ടത് പരിസര ശുചിത്വത്തിന് അത്യാവശ്യമാണ്. ഇത്തരം ട്രീട്‌മെന്റിന് ആവശ്യമായ കേന്ദ്രീകൃതമോ വികേന്ദ്രീകൃതമോ ആയ സാങ്കേതികവിദ്യ ലഭ്യമാണെങ്കിലും ഇവ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള മാലിന്യ സംസ്‌കരണം കേരളത്തിൽ കാര്യമായി പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. നദികളിലേക്കും കനാലുകളിലേക്കും കൃഷിയിടങ്ങളിലേക്കും ഒക്കെ ഒഴുക്കിവിട്ട് അവയുടെ മലിനീകരണത്തിനും തുടർന്നുള്ള പ്രശ്‌നങ്ങൾക്കും വഴിവെക്കുന്ന അശാസ്ത്രീയ രീതിയിൽ തന്നെയാണ് കേരളത്തിലെ കക്കൂസ് മാലിന്യം ഇപ്പോഴും കൈകാര്യം ചെയ്യുന്നത് എന്നത് ദൗർഭാഗ്യകരമാണ്. ദ്രവമാലിന്യം ഉറവിടത്തിൽ തന്നെ ശേഖരിച്ചു സംസ്‌കരിക്കുന്ന സാങ്കേതിക വ്യവസ്ഥകളും നിലവിലുണ്ട്.

കക്കൂസ് നിർമാണത്തിന് ഇന്ത്യാ ഗവൺമെൻറ്​ പൊതുവിൽ പ്രോത്സാഹിപ്പിക്കുന്നത് ഇരട്ട ലീച്ച് പിറ്റുകളാണ്. എന്നാൽ കേരളം പോലെ ജലനിരപ്പ് ഏറെ മുകളിലുള്ള പ്രദേശങ്ങളിൽ ഇത്തരം ഡിസൈനുകൾ ഗുണം ചെയ്യില്ല.

ഉദാഹരണത്തിന്, ഇന്ത്യാ ഗവൺമെൻറ്​ പൊതുവിൽ പ്രോത്സാഹിപ്പിക്കുന്നത് ഇരട്ട ലീച്ച് പിറ്റുകളാണ്. ഇരട്ടപിറ്റുകളിൽ ഒന്നിൽ ആദ്യം മലം ശേഖരിച്ച്, അത് നിറയുമ്പോൾ അടച്ചുവെച്ച് ലീച്ചിങ് പ്രക്രിയയിലൂടെ മാലിന്യം കമ്പോസ്റ്റ് ആകാൻ അനുവദിക്കുന്ന, അതേസമയം പുതിയ മാലിന്യം ശേഖരിക്കാൻ രണ്ടാമത്തെ പിറ്റ് ഉപയോഗിക്കുന്ന സംവിധാനമാണിത്. വരണ്ട ഭൂപ്രകൃതിയുള്ള, ജലനിരപ്പ് ഏറെ താഴെയുള്ള പ്രദേശങ്ങളിലാണ് ഇത്തരം സാങ്കേതിക വിദ്യ ഫലപ്രദമാകുക. കേരളം പോലെ ജലനിരപ്പ് ഏറെ മുകളിലുള്ള പ്രദേശങ്ങളിൽ ഇത്തരം ഡിസൈനുകൾ ഗുണം ചെയ്യില്ല എന്നുമാത്രമല്ല, വ്യാപക ഭൂജല മലിനീകരണത്തിന് കാരണമാകാം. ഇരട്ട പിറ്റുകളുടെ പ്രവർത്തനം ലീച്ചിങ് മുഖാന്തിരം ആയതുകൊണ്ടും, പാർപ്പിടസാന്ദ്രത കൂടിയ, സാധാരണ കിണറുകളിലെ കുടിവെള്ളം വ്യാപകമായി ഉപയോഗിയ്ക്കുന്ന കേരളത്തിൽ ലീച്ച് പിറ്റുകൾക്കും കിണറുകൾക്കും ഇടയിൽ വേണ്ട സുരക്ഷിത അകലം ഉറപ്പാക്കാനോ അതുവഴി കിണർ ജലം മലിനമാകുന്നത് തടയാനോ കഴിയില്ല. അതുകൊണ്ടുതന്നെ കേരളം പോലെയുള്ള ഒരു പ്രദേശത്ത് എല്ലാ തരത്തിലുള്ള ലീച് പിറ്റുകളുടെയും ഉപയോഗത്തിന് അറുതി വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതുപോലെത്തന്നെ കക്കൂസ് മാലിന്യം പുറത്തെടുത്ത് വൃത്തിയാക്കുന്നതിൽ മാലിന്യ നിർമാർജ്ജനത്തൊഴിലാളികളുടെ നേരിട്ടുള്ള ഇടപെടൽ ഒഴിവാക്കി ഈ പ്രക്രിയക്കായി യന്ത്രങ്ങൾ ഉപയോഗിയ്ക്കുന്ന രീതി പ്രാവർത്തികമാകണം, ഇതിനായി ഫീക്കൽ സ്ലഡ്ജ് മാനേജ്‌മെന്റ് പരിപാടികളുടെ ഭാഗമായി തദ്ദേശസ്ഥാപനങ്ങൾ പണം മുടക്കണം. തോട്ടിപ്പണി മുഴുവനായും നിർമാർജ്ജനം ചെയ്ത് ആ തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ ഉദ്ദേശിച്ചുള്ള 2013 ലെ ദേശീയ നിയമം എന്നാലേ നടപ്പിലാക്കാൻ കഴിയൂ.

2021 ലെ കേന്ദ്ര ബജറ്റ് സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി സുരക്ഷിത ശുചിത്വം ഉറപ്പു വരുത്തുന്ന ദ്രവ മാലിന്യങ്ങളുടെ സെക്കന്ററി ട്രീട്‌മെന്റിനാണ് പ്രധാനമായും ഊന്നൽ കൊടുക്കുന്നത്. അതായത്, വേസ്റ്റ് വാട്ടർ ട്രീട്‌മെന്റിനും, ഫീക്കൽ സ്ലഡ്ജ് മാനേജ്‌മെന്റിനും. സ്വച്ഛ് ഭാരത് മിഷന്റെ ആദ്യഘട്ടത്തിൽ അനുവദിക്കപ്പെട്ട കേന്ദ്രഫണ്ടിന്റെ ചെറിയ ഭാഗം മാത്രമേ കേരളത്തിന് ഉപയോഗിക്കാൻ കഴിഞ്ഞിട്ടുള്ളൂ എന്നാണ് ഡൽഹയിലെ സെന്റർ ഫോർ പോളിസി റിസർച്ച് ഈയടുത്തു നടത്തിയ പഠനത്തിൽ മനസ്സിലാകുന്നത്. ഒരു പക്ഷെ കേരളത്തിൽ കക്കൂസ് നിർമാണത്തിന് അധികം പണം വേണ്ടി വരാത്തതാകാം ഇതിനുകാരണം, അതുപോലെ, ദ്രവ മാലിന്യങ്ങളുടെ ട്രീറ്റ്‌മെന്റിന് സ്വച്ഛ് ഭാരത് മിഷന്റെ ആദ്യഘട്ടത്തിൽ പ്രാധാന്യം നൽകാത്തതും ഇതിന് കാരണമാകാം. എന്നാൽ സ്വച്ഛ് ഭാരത് മിഷൻ 2.0 വിഭാവനം ചെയ്യുന്ന കാര്യങ്ങൾ കേരളത്തിന്റെ സാനിറ്റേഷൻ പ്രശ്‌നങ്ങൾക്ക് പരിഹാരമാകാൻ കഴിയുന്നതാകയാൽ ഇതിനായുള്ള കേന്ദ്ര ഫണ്ടിന്റെ മുഴുവൻ പങ്കും, അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഉപയോഗിച്ച് കേരളത്തെ സുരക്ഷിത ശുചിത്വ സംസ്ഥാനമാക്കി മാറ്റാൻ സാധ്യത നിലനിൽക്കുന്നു. അതുപോലെ, 15ാം ധനകാര്യ കമീഷന്റെ ഭാഗമായി പ്രാദേശിക ഭരണകൂടങ്ങൾക്ക് കിട്ടുന്ന സഹായത്തിലെ പകുതിയോളം പ്രാദേശിക ശുചിത്വവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഉപയോഗിക്കണം എന്ന വ്യവസ്ഥയും കേരളത്തിന്റെ ശുചിത്വ ഭാവി കെട്ടിപ്പടുക്കാൻ ഉപയോഗിക്കാം.

തോമസ്​ ഐസക്കും ബാലഗോപാലും

ഡോ. തോമസ് ഐസക്ക് 2021 ജനുവരി 15ന് നിയമസഭയിൽ അവതരിപ്പിച്ച കേരള ബജറ്റിൽ We should be able to achieve total sanitation status in 2021-22 based on the decentralized source waste management എന്നാണ് പരാമർശിച്ചിരുന്നത്. നൂറ് സെപ്‌റ്റേജ് മാനേജ്‌മെൻറ്​ സംവിധാനങ്ങൾക്കുവേണ്ടിയും, തലസ്ഥാന നഗരിയിയുടെ ടോട്ടൽ സാനിറ്റേഷൻ ആൻഡ് വേസ്റ്റ് വാട്ടർ ട്രീട്‌മെന്റിനുവേണ്ടിയും തുക നീക്കിവെച്ചിരുന്നു. ഇവിടെ വികേന്ദ്രീകൃത വേസ്റ്റ് വാട്ടർ ട്രീട്ടമെന്റാണ് വിഭാവനം ചെയ്തിരുന്നത് എന്ന് മനസ്സിലാക്കുന്നു. കേരളത്തിന്റെ കുടിവെള്ള ക്വാളിറ്റി വളരെ പരിതാപകരമായതുകൊണ്ടുതന്നെ ജലജന്യ രോഗങ്ങൾ കേരളത്തിൽ വരാനുള്ള സാധ്യത ഏറെയാണ്. കെട്ടിട സാന്ദ്രതയും ജനസാന്ദ്രതയും ഏറെയുള്ള കേരളത്തിൽ കക്കൂസുകൾ ഒരുപാടുള്ളതും അവയിൽ മിക്കവക്കും സെപ്റ്റിക് ടാങ്കുകളെന്ന ധാരണയിൽ നമ്മൾ പണി തീർത്ത അശാസ്ത്രീയമായ ലീച് പിറ്റ്കളുമാണ് ഇതിന്റെ പ്രധാന കാരണം. ജലജന്യ രോഗങ്ങളിൽ നിന്ന് ഇന്ന് നമ്മളെ സംരക്ഷിക്കുന്നത് ഒരുപക്ഷെ വെള്ളം തിളപ്പിച്ച് കുടിക്കുന്ന മലയാളിയുടെ ശീലമാണ്. കേരളത്തിന്റെ ഇന്നത്തെ ഒരവസ്ഥയിൽ പൂർണ ശുചിത്വം നേടാൻ തോമസ് ഐസക്കിന്റെ ബജറ്റിൽ വിഭാവനം ചെയ്ത 100 സെപ്‌ടെജ് ട്രീറ്റ്‌മെന്റ് പദ്ധതികളും, തലസ്ഥാന നഗരിയിലെ ഒരു വേസ്റ്റ് വാട്ടർ ട്രീറ്റ്‌മെന്റ് പദ്ധതിയും മാത്രം മതിയാകില്ല. എങ്കിലും, ഒരു നല്ല തുടക്കത്തിന് നാന്ദി കുറിച്ച ബജറ്റ് എന്ന നിലയിൽ വളരെ പ്രധാന്യത്തോടെയാണ് ആ ബജറ്റിനെ കാണേണ്ടത്.

ടി.എം. തോമസ് ഐസക്ക്, കെ.എൻ. ബാലഗോപാൽ

എന്നാൽ ധനമന്ത്രി കെ. എൻ. ബാലഗോപാൽ ഈയിടെ അവതരിപ്പിച്ച പുതിയ മന്ത്രിസഭയുടെ കന്നി ബജറ്റിൽ സെപ്‌റ്റേജ് മാനേജ്മൻറ്​, വേസ്റ്റ് വാട്ടർ മാനേജ്മൻറ്​ എന്നിവയ്ക്ക് പ്രാധാന്യം കൊടുത്തുകാണുന്നില്ല. സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ കേരളത്തിന് ഇനിയും എത്തിപ്പിടിക്കാൻ കഴിയാത്ത ഒന്നാണ് സുസ്ഥിര ശുചിത്വം എന്നിരിക്കെ, ഹരിതകേരളം പോലുള്ള മിഷൻ രൂപീകരിച്ച് കൃത്യമായ പരിപാടികളിലൂടെ ഈ ലക്ഷ്യം നേടാൻ തീരുമാനിച്ച കേരളം പോലെ ഒരു മുൻനിര സംസ്ഥാനം ദ്രവ മാലിന്യങ്ങളുടെ സെക്കണ്ടറി ട്രീറ്റ്‌മെന്റിന് നിരന്തര മുൻഗണന നൽകേണ്ടതല്ലേ?. അതോ കേന്ദ്ര തലത്തിലെ സ്വച്ഛ ഭാരത മിഷൻ ബജറ്റ് കൊണ്ടും പതിനഞ്ചാം ധനകാര്യ കമീഷൻ കൊണ്ടും പ്രാദേശിക തലത്തിൽ മാത്രം ശുചിത്വപദ്ധതികൾ ചെയ്താൽ മതി എന്ന തോന്നൽ കൊണ്ടാണോ ഇത്തരം ഒരു നിലപാട്? അങ്ങനെയാണെങ്കിൽ പോലും അത് ബജറ്റിൽ പരാമർശിക്കേണ്ടതല്ലേ?

ഖരമാലിന്യ സംസ്‌കരണവും സുരക്ഷിത ശുചിത്വവും കേരളത്തിൽ

ഖര മാലിന്യ സംസ്‌കരണത്തിൽ കേരളം ഇന്ന് പിന്തുടരാൻ ശ്രമിക്കുന്നത് വികേന്ദ്രീകൃത മാലിന്യ സംസ്‌കരണമാണ്. ജൈവ മാലിന്യ സംസ്‌കരണത്തിന് ഇത് വളരെ നല്ലൊരു രീതിയുമാണ്. എന്നാൽ അജൈവ മാലിന്യ സംസ്‌കരണത്തിന്റെ കാര്യത്തിലെങ്കിലും രണ്ടഭിപ്രായങ്ങൾ പോളിസി തലത്തിൽ കേരളത്തിലുണ്ട്. പുനഃചംക്രമണത്തിന് ഊന്നൽ കൊടുക്കുന്ന വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം മതി എന്ന് പറയുന്നവരും, അതല്ല വേസ്റ്റ് ടു എനർജി പ്ലാന്റ് പോലുള്ള കേന്ദ്രീകൃത മാലിന്യ സംസ്‌കരണം വേണം എന്ന് കരുതുന്നവരും. ഇത് കേരളത്തിലെ ജനങ്ങളുടെ ചർച്ചകളിലും കാണാറുണ്ട്. സത്യത്തിൽ അങ്ങനെ ഒരു അഭിപ്രായ ഭിന്നത മുൻപോട്ടുള്ള വഴിയായി കണക്കാക്കുകയാണെങ്കിൽ ഒരു പ്രശ്നമേയല്ല.

കേന്ദ്രീകൃത മാലിന്യ സംസ്‌കരണം നടത്തുവാൻ കേന്ദ്രത്തിന്റെ ഊന്നലും സാമ്പത്തിക സഹായവും ഉണ്ട്. 2021 ലെ കേന്ദ്ര ബജറ്റിൽ മാലിന്യ സംസ്‌കരണത്തിനുള്ള ഫണ്ടും സാനിറ്റേഷൻ ഫണ്ടിന്റെ കൂടെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത്തവണ ഊന്നൽ നൽകുന്നത് ലെഗസി വേസ്റ്റ് സൈറ്റുകൾ ബയോറെമെഡിയേഷൻ വഴി നികത്താനും, പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാനും, പിന്നെ മാലിന്യം തരം തിരിക്കൽ പ്രോത്സാഹിപ്പിക്കാനുമാണ്. ബയോ പവർ എന്ന ഉപവിഭാഗത്തിൽ രണ്ടിടത്തായി സാമ്പത്തിക നീക്കിയിരിപ്പു വച്ചിട്ടുണ്ട്. ബയോഗ്യാസ്, വേസ്റ്റ് ടു എനർജി പ്ലാന്റ് എന്നിവയിൽ നിന്ന് ഉല്പാദിപ്പിക്കാൻ കഴിയുന്ന ഊർജ്ജത്തെയാണ് ഇവിടെ പ്രതിപാദിക്കുന്നതെന്ന് മനസിലാക്കാം. കഴിഞ്ഞ കേന്ദ്രതല ബജറ്റിനെക്കാൾ കൂടുതൽ തുക ഈ രണ്ടു കാര്യങ്ങൾക്കുമായി നീക്കിയിരുത്തിയിട്ടുമുണ്ട്.

ജനുവരിയിൽ അവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റിൽ ഊന്നൽ നൽകിയത് എല്ലാ ലോക്കൽ ഗവണ്മെന്റുകളും ശുചിത്വ നിലവാരം കൈവരിക്കുന്ന സ്ഥിതി നടപ്പിലാക്കാനാണ്. വടകര, കുന്നംകുളം, തളിപ്പറമ്പ് മാതൃകയിൽ മാലിന്യം ശേഖരിച്ച് പ്രോസസ്സ് ചെയ്ത് മാർക്കറ്റ് ചെയ്യുന്ന രീതിയാണ് ഇതിന് വിഭാവനം ചെയ്തിരുന്നത്. പ്രൈവറ്റ് സംരംഭകരെ വച്ച് കേരളത്തെ ഇറച്ചി മാലിന്യ മുക്ത സംസ്ഥാനമാക്കാനുള്ള തയ്യാറെടുപ്പും ഉണ്ടായിരുന്നു. സംസ്‌കരണം ചെയ്ത ജൈവ കമ്പോസ്റ്റ് ഹരിതമിത്രം ബ്രാൻഡിംഗ് വഴി മാർക്കറ്റ് ചെയ്യാനും തീരുമാനിച്ചിരുന്നു. മൊത്തത്തിൽ 15 കോടി രൂപ ഹരിത കേരളം മിഷനും 57 കോടി രൂപ ശുചിത്വ മിഷനും വേണ്ടി നീക്കി വച്ചിരുന്നു. കേന്ദ്ര ഷെയർ കൂടി ആകുമ്പോൾ സ്വച്ഛ് ഭാരത് മിഷൻ പദ്ധതിയ്ക്കായി 87 കോടി രൂപ ഉണ്ടാകുമെന്ന് ബജറ്റ് സൂചിപ്പിച്ചിരുന്നു. ലോക ബാങ്ക് സഹായത്തോടെ റീജ്യനൽ ലാൻഡ് ഫില്ലിങ്, മെഡിക്കൽ വേസ്റ്റ് മാനേജ്മന്റ്, കൺസ്ട്രക്ഷൻ ആൻഡ് ഡെമോളിഷൻ വേസ്റ്റ് സെന്ററുകൾ എന്നിവ നിർമിക്കുമെന്നും ഗ്രീൻ പ്രോട്ടോകോൾ കൊണ്ട് വരുമെന്നും കൂടി ബജറ്റ് പ്രഖ്യാപിച്ചിരുന്നു.

മാറണം, കേരളം

എന്നാൽ പുതിയ കെ. എൻ. ബാലഗോപാലിന്റെ ആദ്യ ബജറ്റ് പ്രസംഗത്തിൽ മുകളിൽ പറഞ്ഞ പ്രാഥമികതകൾ കാണുന്നില്ല. ആകെയുള്ള സൂചന, ലോക പരിസ്ഥിതി ദിന തീം ആയി ബന്ധപ്പെട്ട് എക്കോസിസ്റ്റം റെസ്റ്റോറേഷനുവേണ്ടി ജലസ്രോതസുകൾ വൃത്തിയാക്കുന്നതിന് നീക്കിവച്ച 500 കോടി രൂപയിൽ ആദ്യത്തെ ഗഡുവായ 50 കോടി രൂപയാണ്. എന്തുകൊണ്ടായിരിക്കും ഇത്? രണ്ടാം പിണറായി സർക്കാർ അതിന്റെ ആദ്യഘട്ടത്തിലെ ഹരിതകേരളലക്ഷ്യങ്ങളുടെ തുടർച്ച എന്ന നിലയിൽ ഖരമാലിന്യ സംസ്‌കരണത്തെ അതർഹിക്കുന്ന പ്രധാന്യത്തോടെ ഏറ്റെടുക്കില്ലേ? അതോ കേന്ദ്ര ഫണ്ടിംഗ് കൊണ്ട് നടത്താൻ പറ്റുന്ന ചുരുങ്ങിയ ലക്ഷ്യങ്ങളിൽ ഇവ ഒതുങ്ങിപ്പോകുമോ? ലോക ബാങ്ക് സഹായത്തോടെ മാത്രം മാലിന്യ സംസ്‌കരണം കേരളത്തിൽ നടത്തിയാൽ മതിയാകുമെന്ന മുൻകാല സർക്കാരുകളുടെ നിലപാടുകളിൽ നിന്നു വ്യതിചലിച്ച് സ്വന്തം നിലയിൽക്കൂടി ഇക്കാര്യങ്ങൾ ഏറ്റെടുക്കാനും, നേതൃത്വം കൊടുക്കാനും, ഇന്ത്യക്ക് മാതൃക കാട്ടാനും കേരളത്തിന് കഴിയണം, കഴിയും, അതിനു വേണ്ട സത്വര നടപടികൾ ഉണ്ടാകണം.

തദ്ദേശ ഭരണസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മാലിന്യം ശേഖരിച്ച് പ്രോസസ്സ് ചെയ്ത് മാർക്കറ്റ് ചെയ്യുന്ന രീതിയാണ് ജനുവരിയിലെ സംസ്ഥാന ബജറ്റിൽ വിഭാവനം ചെയ്തത് / Photo: Haritha Keralam Mission, Fb

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട കേരളത്തിന്റെ കാഴ്ചപ്പാട് ഏറെ ശക്തിപ്പെടേണ്ട സമയമാണിത്. ഇക്കാര്യത്തിൽ കേരളം കുറച്ചു കൂടി നീതിപൂർവകമായി ചിന്തിക്കേണ്ടതുണ്ട് എന്നു തോന്നുന്നു. മാലിന്യ സംസ്‌കരണം സംസ്ഥാന വിഷയമാണെങ്കിലും, വിവിധ പരിപാടികൾക്കായുള്ള ടൈഡ് ഫണ്ട് രൂപത്തിലും, നാഷണൽ ഗ്രീൻ ട്രിബുണൽ, നാഷണൽ പൊലൂഷൻ കണ്ട്രോൾ ബോർഡ്, മിനിസ്ട്രി ഓഫ് ഹൗസിങ് ആൻഡ് അർബൻ അഫയേസ് മുതലായ ഏജൻസികൾ വഴിയും സ്വന്തം അജണ്ട നടത്താൻ കേന്ദ്രത്തിനു വലിയ ബുദ്ധിമുട്ടില്ല എന്നത് മനസ്സിലാക്കപ്പെടണം. കൂടെ സ്വച്ഛ് സർവേക്ഷൺ പോലെയുള്ള മൂല്യനിർണയങ്ങൾ കൂടിയാകുമ്പോൾ സംസ്ഥാനത്തിന്റെ പരിഗണയിൽ ഏറെ പ്രധാന്യമില്ലാത്ത വിഷയങ്ങൾ പ്രാഥമികതകളായി രൂപപ്പെട്ടേക്കാം. പക്ഷെ ഇതിനുള്ള മറുപടി കേരളത്തിലുടനീളം വേസ്റ്റ് ടു എനർജി പ്ലാന്റ് കൊണ്ടുവരികയുമല്ല. അതുകൊണ്ടുതന്നെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നയം നടപ്പിലാക്കൽ സ്വന്തം നിലയിൽ സംസ്ഥാനത്തിന് അനുയോജ്യമായ പ്രാഥമികതകൾ നിർണയിച്ചുകൊണ്ട് മാലിന്യ സംസ്‌കരണം നടപ്പിലാക്കുന്നതായിരിക്കും സംസ്ഥാനത്തിന്റെ ഗുണപരമായ മുന്നേറ്റത്തിന് നല്ലത്.

ഇത്രയധികം വേസ്റ്റ് ടു എനർജി പ്ലാന്റുകൾ കേരളത്തിന് ആവശ്യമുണ്ടോ?

കേരളത്തിൽ നിലവിൽ വലിയ പ്രശ്‌നങ്ങളായി നിൽക്കുന്നത് അജൈവ മാലിന്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതും, ലെഗസി വേസ്റ്റ് സൈറ്റുകളുടെ ശാസ്ത്രീയ പരിചരണം എങ്ങനെ നടത്താമെന്നതുമാണ്. കേന്ദ്ര ബഡ്ജറ്റിൽ ഊന്നൽ നൽകുന്നതാകട്ടെ ലെഗസി വേസ്റ്റ് പരിപാലനം മാത്രമാണ്. ഇത്തവണത്തെ കേരള ബജറ്റിൽ മാലിന്യ സംസ്‌കരണത്തിനായുള്ള നീക്കിയിരിപ്പ് കാണാത്തതിനാൽ, ചെയ്യാവുന്ന ഒരു കാര്യം കേരളത്തിൽ ഉള്ള ലെഗസി സൈറ്റുകൾ സ്വച്ഛ് ഭാരത് മിഷൻ 2.0 കാലയളവിൽ ബയോ റെമേഡിയേഷൻ വഴി കാര്യക്ഷമമായി കൈകാര്യം ചെയ്യുക എന്നതും ഇതിനായി കേന്ദ്ര ഫണ്ടിന്റെ കൂടെ സംസ്ഥാന ഫണ്ടിൽ നിന്നുകൂടി കുറച്ചു തുക വകയിരുത്തുക എന്നതുമാണ്. ബാക്കി തുക വേസ്റ്റ് സെഗ്രിഗേഷൻ, ബയോഗ്യാസ് പ്ലാന്റുകൾ, കമ്പോസ്റ്റ് സാങ്കേതികവിദ്യകൾ, സാമൂഹ്യ ബോധവത്കരണപരിപാടികൾ മുതലായവക്ക് വേണ്ടി നീക്കിവയ്ക്കാം. പതിനഞ്ചാം ധനകാര്യകമ്മീഷൻ ഗ്രാന്റിൽ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ആവശ്യമായ അധിക തുക വകയിരുത്താം.

വേസ്റ്റ് ടു എനർജി പ്ലാന്റുകൾ ഉണ്ടാക്കാൻ ലോകബാങ്കിന്റെ സഹായത്തിൽനിന്ന് കേന്ദ്ര ഫണ്ടിൽ തുക വകയിരുത്താൻ കഴിയും. എന്നാൽ വേസ്റ്റ് ടു എനർജി പ്ലാന്റുകൾ നിർമിക്കുന്നതിനുമുമ്പ് പരിഗണിക്കേണ്ട സുപ്രധാന കാര്യങ്ങൾ ഇത്രയധികം വേസ്റ്റ് ടു എനർജി പ്ലാന്റുകൾ കേരളത്തിന് ആവശ്യമുണ്ടോ എന്നും, അവയെ പരിപാലിക്കാനുള്ള ശേഷി നമുക്കുണ്ടോ എന്നതും, അതുപോലെ ഈ പ്ലാൻറ്​ വഴി ഉണ്ടാകുന്ന സാമൂഹിക സാമ്പത്തിക പാരിസ്ഥിതിക പ്രശ്‌നങ്ങളെ സമഗ്രമായി മനസ്സിലാക്കി അവയെ പരിഹരിക്കാൻ നമുക്ക് കഴിയുമോ എന്നതുമാണ്. പ്രത്യേക പ്രവൃത്തി പരിചയമോ, പഠനങ്ങളോ, ഫീസിബിലിറ്റി റിപ്പോർട്ടുകളോ ഇല്ലാതെ ആറും ഏഴും വേസ്റ്റ് ടു എനർജി പ്ലാന്റുകൾക്കു അനുവാദം കൊടുക്കുന്നത് ഒഴിവാക്കാവുന്ന വലിയ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. അടിയന്തരമായി ചെയ്യേണ്ടത് കേരളത്തിന്റെ വേസ്റ്റ് ഫ്‌ളോ മാപ്പിങ് നടത്തി മാലിന്യപരിപാലനം കൃത്യമായി മനസ്സിലാക്കാനും പണം വകയിരുത്തി അത്തരമൊരു വിശദ പഠനം നടത്താനുമാണ്.

ഏതൊക്കെ മാലിന്യം എവിടെയൊക്കെ ഉപയോഗിക്കപ്പെടുന്നു, റീസൈക്ലിങ് സെക്ടറിലേക്ക് എത്ര മാലിന്യം പോകുന്നു, ബാക്കി എത്ര വേസ്റ്റ് ടു എനർജി പ്ലാന്റിലേക്ക് പോകും, കലോറിഫിക് മൂല്യമുള്ള ഇത്തരം വേസ്റ്റ് ആവശ്യാനുസരണം പ്ലാന്റിലേക്ക് നിരന്തരം കൊടുക്കാൻ ഉണ്ടാകുമോ, ഇത്തരം പ്ലാന്റുകൾ വന്നാൽ അത് ഹരിത കർമസേനയെ എങ്ങനെ ബാധിക്കും, ഈ പ്ലാന്റുകൾ ഉണ്ടാക്കുന്ന പാരിസ്ഥിതികാഘാതങ്ങൾ കേരളം പോലെയുള്ള ഒരു ഭൂപ്രദേശത്തെ എങ്ങനെ ബാധിക്കും, അതിന് പരിഹാരമുണ്ടോ തുടങ്ങിയ കാര്യങ്ങൾ ഗൗരവമായ വിചിന്തനത്തിന് വിഷയമാകണം. കൂടെ കാലാവസ്ഥ വ്യതിയാനം മൂലം കേരളത്തിൽ വെള്ളപ്പൊക്കം ഒരു വാർഷിക പ്രശ്‌നമാകുകയാണെങ്കിൽ അത് വേസ്റ്റ് ടു എനർജി പ്ലാന്റുകളെ എങ്ങനെ ബാധിക്കുമെന്നും കൂടി വിശദമായി മനസിലാക്കേണ്ടതുണ്ട്. ചെയ്യാവുന്ന മറ്റൊരു കാര്യം, ഇക്കാര്യങ്ങൾ വിശദമായി മനസ്സിലാക്കാൻ പാകത്തിന് ഒരു വേസ്റ്റ് ടു എനർജി പ്ലാന്റ് നിർമിച്ച് വിജയകരമായി നടപ്പാകാൻ ശ്രമിക്കുക എന്നതാണ്. കേരളത്തിന്റെ രാഷ്ട്രീയ- സാമൂഹിക- സാമ്പത്തിക- പാരിസ്ഥിതിക സാഹചര്യത്തിൽ അതിന്റെ പ്രശ്‌നങ്ങൾ പഠിക്കാനും പരിഹരിക്കാനും ഇത്തരം ഒരു രീതി സഹായിച്ചേക്കും. അത്തരം ഒരു പൈലറ്റ് പരിപാടിയുടെ വിശദ വിലയിരുത്തൽ നടത്തി മാത്രം ഇതിന്റെ വ്യാപനത്തെക്കുറിച്ച് ആലോചിക്കുന്നതാവും കേരളത്തിന് ഗുണകരം.

കോവിഡുകാലമാണ്​, ശ്രദ്ധ വേണം

മാലിന്യ സംസ്‌കരണത്തെ ക്കുറിച്ച് മനസ്സിലാക്കേണ്ട സുപ്രധാന കാര്യം, ഇത് അടിസ്ഥാന സൗകര്യം ഒരുക്കുന്ന ജോലി മാത്രമല്ല, ഇതിന് ഒരുപാടു വശങ്ങളും, പ്രക്രിയകളും, ദൂരവ്യാപക ഫലങ്ങളും ഉണ്ട് എന്നതും കൂടിയാണ്. ചിലപ്പോൾ വലിയ പ്രത്യാഘാതമുണ്ടാകും എന്നതിനാൽ ഈ പദ്ധതികൾ പെട്ടെന്ന് തീരുമാനമെടുത്ത് നടപ്പിലാക്കേണ്ടവയല്ല, മറിച്ച്, കാര്യങ്ങൾ വിശദമായി പഠിച്ചു നടപ്പിലാക്കേണ്ടവയാണ്. വ്യത്യസ്തമായ അഭിപ്രായങ്ങൾ പരിഗണിച്ച് മുന്നോട്ടുപോയി ഏറ്റവും ഉചിത തീരുമാനമെടുക്കുന്ന രീതിയാവും ഇവിടെ ഗുണം ചെയ്യുക.

കോവിഡ് മഹാമാരി നിറഞ്ഞാടുന്ന കാലമാണ്. അതുകൊണ്ടുതന്നെ ശ്രദ്ധ ഏറ്റവും കൂടുതൽ വേണ്ട മേഖലയും അതാണ്. പക്ഷെ ശുചിത്വവും മാലിന്യ സംസ്‌കരണവുമൊക്കെ ആരോഗ്യരക്ഷയുടെ കേന്ദ്രബിന്ദുവായി വരേണ്ടതും മഹാമാരിയുടെ പശ്ചാത്തലത്തിലും അത്രതന്നെ പ്രധാനമാണ്, പ്രത്യേകിച്ചും കേരളം പോലെയുള്ള ഒരു സംസ്ഥാനത്തിൽ. അത്തരം രാഷ്ട്രീയ- പാരിസ്ഥിതിക പ്രതിഫലനങ്ങൾ ബജറ്റുകളിൽ ഉണ്ടാകേണ്ടതും അത്യാവശ്യമാണ്.


Comments