അംബികാപുരിലെ സ്ത്രീകൾ / Photo: NITI Aayog FB Page

കേരളത്തിനായി ഇതാ,
​ഇന്ത്യയിലെ ചില നല്ല മാതൃകകൾ

അജൈവ മാലിന്യ സംസ്‌കരണം എന്ന കീറാമുട്ടിയെ കേരളം കുറച്ചുകൂടി സൂക്ഷ്മമായി പരിശോധിച്ച് പഠിക്കേണ്ടതുണ്ട്. കേരളത്തിന്റെ ഇൻഫോർമൽ റീ സൈക്ലിങ്​ സെക്​ടർ താരതമ്യേന ദുർബലമാണ്. ഈയൊരു കുറവ് മറികടക്കാൻ കഴിയുന്നിടത്താണ് കേരളത്തിന്റെ ശക്തി. പുനഃ ചംക്രമണം ചെയ്യാൻ കഴിയാത്ത മാലിന്യം എന്തുചെയ്യണമെന്നുകൂടി ആലോചിക്കേണ്ടിയിരിക്കുന്നു.

മാലിന്യം ഉറവിടത്തിൽ വേർതിരിക്കാൻ സാധിച്ചാൽ കേരളത്തിന്റെ പകുതി മാലിന്യ പ്രശ്‌നം കുറയും. പക്ഷെ, പുതുവർഷത്തിൽ സ്വന്തമായി എടുക്കുന്ന ‘പ്രതിജ്ഞ’ പോലും ഒരാഴ്ചക്കുമുകളിലേക്ക്​ കൊണ്ടുപോകാൻ മടിക്കുന്ന മനുഷ്യരോടാണ്, കുറച്ച്​ പാംഫ്‌ലെറ്റും കൊടുത്ത്​, ഒരു റൗണ്ട്​ കാമ്പയിനും നടത്തി, മാലിന്യം ഉറവിടത്തിൽ വേർതിരിക്കാൻ പറഞ്ഞ്,​ റിസൾട്ടും നോക്കി ഭരണകൂടം കാത്തിരിക്കുന്നത്. എന്തൊരു വിരോധാഭാസമാണല്ലേ?

സത്യം പറഞ്ഞാൽ മനുഷ്യരുടെ സ്വഭാവം എല്ലായിടത്തും ഒരുപോലെ തന്നെയാണ്. റോഡിൽ വലിച്ചെറിയാൻ അവസരം കിട്ടിയാൽ എല്ലാവരും അത് ചെയ്യും. അത് അവബോധത്തിന്റെ (awareness) കുറവുകൊണ്ടല്ല. ഓരോ മനുഷ്യനും തങ്ങളുടെ അവബോധം പ്രതിബദ്ധതയായി (commitment) ജീവിതത്തിൽ പരിഭാഷപ്പെടുത്താത്തതുകൊണ്ടാണ്. ഉറവിടത്തിൽ മാലിന്യം വേർതിരിക്കുന്ന കാര്യവും അങ്ങനെ തന്നെ. ചിലർ ആ പ്രതിബദ്ധത സ്വയം വളർത്തിയെടുക്കും. ബാക്കിയുള്ളവരെ കൊണ്ട് സർക്കാർ ചെയ്യിപ്പിക്കും. അത്രയേ ഉള്ളൂ വ്യത്യാസം.

ഒന്നാലോചിച്ചു നോക്കൂ. കേരളത്തിലെ എല്ലാ വീടുകളും ഉറവിടത്തിൽ മാലിന്യം വേർതിരിക്കുന്നതിൽ ഉത്സുകരും കർമബന്ധരും ആണെങ്കിൽ നഗരസഭകൾക്കും പഞ്ചായത്തുകൾക്കും മാലിന്യം കൈകാര്യം ചെയ്യുന്നത് എത്ര എളുപ്പമുള്ള കാര്യമായിരിക്കും എന്നത്. പക്ഷെ അത് നടക്കുന്നില്ല. കാരണം എന്താണെന്നോ? ‘സമയമില്ല'. അതാണ് ഓരോ വീട്ടിലും കയറിയിറങ്ങുമ്പോൾ കേൾക്കുന്ന സ്ഥിരം പല്ലവി. ഒരു രണ്ടോ മൂന്നോ ഡസ്​റ്റ്​ബിൻ വീട്ടിൽ വാങ്ങിവച്ച് ജൈവമാലിന്യം ഒന്നിലും, അജൈവ മാലിന്യം മറ്റൊന്നിലും, household hazardous waste വേറൊന്നിലും ഉല്പാദിപ്പിക്കപ്പെടുമ്പോൾ തന്നെ മാറ്റുന്നതിന് 16 മണിക്കൂറാണല്ലോ വേണ്ടത്?

Photo: cityof1000tanks.org
Photo: cityof1000tanks.org

ജീവിതത്തിൽ ഇത്രേം ധൃതി പിടിച്ച്​ ഈ മനുഷ്യരൊക്കെ എങ്ങോട്ടാണ് ഓടുന്നത് എന്നാണ് ഞാൻ ആലോചിക്കുന്നത്.

മാലിന്യം വേർതിരിക്കുന്നതിൽ സംസ്ഥാനത്തെ ഓരോ മനുഷ്യരും ഉത്സുകരും കർമനിരതരും ആകുന്നില്ലെങ്കിൽ പിന്നെ ഗവണ്മെന്റിന്​ ഇടപെടാതെ തരമില്ല. പക്ഷെ എന്തുകൊണ്ടാണ് ചില ഗവൺമെൻറുകൾ വളരെ തന്മയത്വത്തോടെ ചെയ്ത കാര്യം മറ്റു ഗവണ്മെന്റുകൾക്ക്​ സാധിക്കാത്തത്? എന്താണ് ഇന്ത്യയിലെ നല്ല മാതൃകകൾ നമുക്കുതരുന്ന പാഠം?

നല്ല മാതൃകകളുടെ പരിശോധന

ഞാൻ മുന്നോട്ടുവക്കാൻ ഇഷ്ടപ്പെടുന്നത് ഇൻഡോർ, അംബികാപുർ മാതൃകകളാണ്. അതിനുശേഷം, കേരളത്തിൽ എന്തു മാറ്റം കൊണ്ടുവരേണ്ടതുണ്ട് എന്നു നോക്കാം. എന്തുകൊണ്ട്​ ഈ മാതൃകകൾ എന്നുചോദിച്ചാൽ അതിന്​ മൂന്നു കാരണങ്ങളുണ്ട്​:
1. ഈ നഗരങ്ങൾ വളരെ വ്യത്യസ്തങ്ങളായ രീതിയാണ് അവലംബിച്ചത്.
2. കേന്ദ്രീകൃത- വികേന്ദ്രീകൃത മോഡലുകളിലെ മാതൃകകളാണ്.
3. പദ്ധതി ഫലപ്രാപ്തിയിലെത്തിക്കാൻ സാധിച്ചു.

ഇൻഡോർ നഗരസഭ വീടുകൾക്ക്​ മാലിന്യം തരംതിരിക്കാൻ കളർ കോഡുള്ള ചവറുവീപ്പകൾ കൊടുക്കുന്നില്ല. വീട്ടുകാർ അവർക്കിഷ്ടമുള്ള വീപ്പകളിൽ മാലിന്യം വേർതിരിച്ചു ശേഖരിച്ചു വയ്ക്കുകയും രാവിലെ വണ്ടി വരുമ്പോൾ കൈമാറുകയുമാണ് ചെയ്യുന്നത്.

ഇൻഡോർ (മധ്യപ്രദേശ്)

പലരും എഴുതിക്കണ്ടിട്ടുണ്ട് ഇൻഡോർ മാതൃക ചെലവേറിയതാണ്​ എന്ന്. ഒരു തരത്തിൽ പറഞ്ഞാൽ അത് സത്യവുമാണ്. പക്ഷെ ഉറവിടത്തിൽ ​മാലിന്യം വേർതിരിക്കുന്നതിൽ ഇൻഡോർ എങ്ങനെയായിരിക്കും പണവും സമയവും മുടക്കിയത്? നമുക്കതിൽ നിന്ന് എന്തെങ്കിലും പഠിക്കാനുണ്ടോ? ഇൻഡോർ നഗരസഭ വീടുകൾക്ക്​ മാലിന്യം തരംതിരിക്കാൻ കളർ കോഡുള്ള ചവറുവീപ്പകൾ കൊടുക്കുന്നില്ല. വീട്ടുകാർ അവർക്കിഷ്ടമുള്ള വീപ്പകളിൽ മാലിന്യം വേർതിരിച്ചു ശേഖരിച്ചു വയ്ക്കുകയും രാവിലെ വണ്ടി വരുമ്പോൾ കൈമാറുകയുമാണ് ചെയ്യുന്നത്. ഞാൻ മുൻപ് സൂചിപ്പിച്ചിട്ടുണ്ട്, ഏഴു വർഷത്തെ പരിശ്രമമാണ് ഇൻഡോറിന്​ ആദ്യത്തെ ‘സ്വച്ഛ് സർവേക്ഷൻ റാങ്ക്’ വാങ്ങി കൊടുത്തതെന്ന്.

എന്താണ് അവർ ചെയ്തത്?
രണ്ടു സ്ട്രാറ്റജി ഉപയോഗിച്ചു:
1. അവബോധം സൃഷ്ടിക്കൽ, അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തൽ.
2. ആത്മവിശ്വാസം വർദ്ധിപ്പിക്കൽ.

അവബോധം സൃഷ്ടിക്കലിന് രണ്ടു സാധ്യതകളാണ് ഇൻഡോറിൽ ഉപയോഗപ്പെടുത്തിയത്. മേയർ, കോർപൊറേ​റ്റേഴ്​സ്​, എം.എൽ.എ തുടങ്ങിയവർ നടത്തിയ ആദ്യത്തെ കാമ്പയിനുകൾ. പിന്നെ ‘റോക്കോ ടോക്കോ ഡബ്ബ ഗാംഗ്‌സ്' നടത്തിയ ദൈനംദിന ഇടപെടലുകൾ. മാലിന്യം വേർതിരിക്കുന്നതിന്​ ആഹ്വാനം ചെയ്തും മാലിന്യം വലിച്ചെറിഞ്ഞവരെ ‘വേസ്റ്റ് ഇൻസ്പെക്ഷൻ’ നടത്തി കണ്ടുപിടിച്ച്​വീടുകളിൽ പോയി ഫൈൻ വാങ്ങിയും ജനങ്ങളിൽ അവബോധം വളർത്തി. പക്ഷെ മനുഷ്യരുടെ അവബോധം മാത്രം നന്നായാൽ മതിയോ? മാലിന്യ ശേഖരണ വ്യവസ്ഥ (Waste collection system) കൂടി നന്നാകണമല്ലോ. അതുകൊണ്ട് ഇൻഡോർ, മാലിന്യം ശേഖരിക്കുന്ന വണ്ടികളിൽ ഇൻവെസ്റ്റ് ചെയ്തു. ഇൻഡോറിലെ മാലിന്യ ശേഖരണ വണ്ടികളുടെ പരിണാമം നിരീക്ഷിച്ചാൽ നല്ല രസമാണ്.
- ആദ്യം ജൈവ/ അജൈവ മാലിന്യം ശേഖരിക്കാനുതകുന്ന രണ്ടറകളുള്ള വണ്ടി.
- പിന്നെ മൂന്നറകളുള്ള വണ്ടി (സാനിറ്ററി നാപ്കിൻ ശേഖരിക്കാൻ).
- പിന്നെ അഞ്ചറയുള്ള വണ്ടി (ജൈവ/പ്ലാസ്റ്റിക്/ബാക്കിയുള്ള അജൈവ മാലിന്യം /സാനിറ്ററി നാപ്കിൻ/ വീട്ടിലെ മാരകമായ മാലിന്യം എന്നിവ ശേഖരിക്കാൻ).
- ഇപ്പോൾ ആറ് അറകളുള്ള വണ്ടികളാണ് ഉപയോഗിക്കുന്നത്.

സിവിൽ സൊസൈറ്റിയെ ഇൻവോൾവ് ചെയ്യിച്ച്​നാട്ടുകാരുടെ അവബോധം പ്രതിബദ്ധതയാക്കി മാറ്റി, ഇൻഡോർ. സ്ഥിരമായി കിട്ടിയ ‘സ്വച്ഛ് സർവേക്ഷൻ റാങ്ക്’ അവരുടെ അഭിമാനമായി മാറി. ഇനി തിരിച്ചു പോകാൻ അവർ ഇഷ്ടപ്പെടില്ല എന്നു കരുതുന്നു.

രണ്ടാമതായി അവർ ചെയ്തത്, ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കുക എന്നതാണ്. സർക്കാരിനെ ലവലേശം വിശ്വാസമില്ല മനുഷ്യർക്ക്. അതിനുകാരണം ഗവണ്മെന്റിന്റെ കാര്യക്ഷമതയിലുള്ള കുറവാണ്. ഇങ്ങനെയൊരു സാഹചര്യത്തിൽ എങ്ങനെയാണ് ജനങ്ങളിൽ സർക്കാരിലുള്ള ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കുക? ഒരേയൊരു പോംവഴിയേയുള്ളൂ അതിന്. ചെയ്തുതുടങ്ങുന്ന കാര്യം അതിന്റെ പൂർണതയിൽ എത്തിയ്ക്കുക, എന്നിട്ട്​ അത് നിലനിർത്തുക. അവബോധവും ശേഖരണവും മാത്രം നന്നായാൽ മതിയാകില്ലല്ലോ. അതുകൊണ്ട് മാലിന്യ മൂല്യ ചങ്ങല പൂർത്തീകരിക്കാൻ തക്ക സമ്പൂർണമായ ഇൻഫ്രാസ്​ട്രക്​ചർ ഇൻവെസ്റ്റ്‌മെൻറ്​ നടത്തി. സിവിൽ സൊസൈറ്റിയെ ഇൻവോൾവ് ചെയ്യിച്ച്​നാട്ടുകാരുടെ അവബോധം പ്രതിബദ്ധതയാക്കി മാറ്റി. സ്ഥിരമായി കിട്ടിയ ‘സ്വച്ഛ് സർവേക്ഷൻ റാങ്ക്’ അവരുടെ അഭിമാനമായി മാറി. ഇനി തിരിച്ചു പോകാൻ അവർ ഇഷ്ടപ്പെടില്ല എന്നു കരുതുന്നു.

അംബികാപുർ (ഛത്തിസ്ഗഢ്​)
(https://www.youtube.com/watch?v=RP4KwGbvITI )

2015- ൽ കലക്ടറുടെ നേതൃത്വത്തിലാണ് അംബികപുരിൽ മാലിന്യ നിർമാർജ്ജനവും ദാരിദ്ര്യ നിർമാർജ്ജനവും കൂട്ടിയിണക്കി Solid and liquid resource management (SLRM) മോഡൽ വിഭാവനം ചെയ്ത്​ നടപ്പിലാക്കിയത്. സ്ത്രീകളെ സ്വയം സഹായ സംഘങ്ങളുണ്ടാക്കാൻ പ്രേരിപ്പിച്ചു. 300 ഓളം സ്ത്രീകൾക്ക് രണ്ടാഴ്ച ട്രെയിനിങ് നൽകിയാണ് സംരംഭത്തിന് തുടക്കം കുറിച്ചത്. പിന്നീട് ജനപ്രതിനിധികൾ, കുട്ടികൾ തുടങ്ങി പല വിഭാഗക്കാർ പല വിധത്തിൽ ബോധവത്കരണം നടത്തി. കലക്ടറുടെ നേതൃത്വത്തിൽ വിലംബമില്ലാതെ SLRM സെന്ററുകൾ നിർമിച്ചു.

അജൈവ മാലിന്യം ഏകദേശം 156 ഐറ്റമാക്കി തരംതിരിക്കും. എന്നിട്ട്​ അതതു റീസൈക്കിളേഴ്‌സിനെ കണ്ടുപിടിച്ച്​ അവർക്കു വിൽക്കും. ഇങ്ങനെ അംബികാപുരിലെ സ്ത്രീകൾ മൊത്തത്തിൽ 28 ലക്ഷം രൂപ വരെ വരവ് ഈ ഒരു പ്രോസസ്സിലൂടെ ഉണ്ടാക്കുന്നുണ്ട്.

ഈ മോഡലിൽ വീടുകൾക്ക് രണ്ടു നിറത്തിലുള്ള ബിന്നുകൾ നൽകി. പച്ച ജൈവ മാലിന്യത്തിനും ചുവപ്പ്​ അജൈവ മാലിന്യത്തിനും. വെല്ലൂരിലെ ശ്രീനിവാസന്റെ മോഡലിൽ നിന്ന്​ പാഠമുൾക്കൊണ്ട്, അഴുകുന്നതിനു മുൻപേ മാലിന്യം ശേഖരിക്കുക എന്ന രീതിയാണ് അംബികാപുർ ജൈവമാലിന്യ ശേഖരണത്തിൽ ഊന്നൽ നൽകുന്നത്. ദിവസവും വീടുകളിൽ മാലിന്യ ശേഖരണത്തിന്​ രണ്ടു തവണ അറിയിപ്പ് നൽകും. മാലിന്യം ശേഖരിക്കുന്ന ട്രൈസൈക്കിളുകൾക്ക്​രണ്ടറകളുണ്ട്. ജൈവ മാലിന്യ അറയും, അജൈവ മാലിന്യ അറയും. ഒരു വണ്ടി ഏകദേശം മുന്നൂറു വീടുകളിൽ നിന്ന് മാലിന്യം ശേഖരിച്ച്​ SLRM സെന്ററിൽ എത്തിയ്ക്കും. അധികം അഴുകാത്ത ജൈവമാലിന്യം കന്നുകാലികൾക്കും താറാവിനും കോഴികൾക്കും തീറ്റയാക്കും. ബാക്കി ബയോഗ്യാസ് ആക്കി മാറ്റും.

അജൈവ മാലിന്യം സെന്ററിൽ വച്ച് ഏകദേശം 156 ഐറ്റമാക്കി തരംതിരിക്കും. എന്നിട്ട്​ അതതു റീസൈക്കിളേഴ്‌സിനെ കണ്ടുപിടിച്ച്​ അവർക്കു വിൽക്കും. ഇങ്ങനെ അംബികാപുരിലെ സ്ത്രീകൾ മൊത്തത്തിൽ 28 ലക്ഷം രൂപ വരെ വരവ് ഈ ഒരു പ്രോസസ്സിലൂടെ ഉണ്ടാക്കുന്നുണ്ട്. ഏകദേശം ഒമ്പതു ലക്ഷം രൂപ യൂസർ ഫീ ഇനത്തിലും ഉണ്ടാക്കുന്നു. അംബികാപുരിലെ അജൈവ മാലിന്യ തരംതിരിക്കലിന് ഏറ്റവും സഹായകമായ ഘടകം, തരംതിരിക്കുന്ന ഉത്തരവാദിത്തം നൽകിയത് മുൻപ് തെരുവിൽനിന്ന്​ പാഴ്​വസ്​തുക്കൾ പെറുക്കിയിരുന്ന സ്ത്രീകൾക്കാണ് എന്നതാണ്. അജൈവ മാലിന്യം തരംതിരിക്കുന്നതിൽ ഇൻഫോർമൽ സെക്ടർ കഴിഞ്ഞിട്ടേ ഉള്ളൂ, മറ്റാരും.

Photo: NITI Aayog FB Page
Photo: NITI Aayog FB Page

കേരളത്തിനുള്ള പാഠം?

കേരളത്തിൽ ഒരു ആലപ്പുഴ മോഡൽ മാത്രമല്ല ഉള്ളത് എന്ന് നമ്മൾ ആദ്യം മനസിലാക്കണം. പല നഗരസഭകളും പഞ്ചായത്തുകളും അവരവരുടേതായ രീതികളിൽ വൃത്തിയായി മാലിന്യം കൈകാര്യം ചെയ്യുന്നുണ്ട്. (പ്രത്യേകിച്ച് മാലിന്യ വേർതിരിവും ജൈവമാലിന്യ സംസ്‌കരണവും). അവരാരും ഒരിക്കലും പൊതു ചർച്ചകളിലും ചിത്രത്തിലും വരാത്തത്, അവർക്കുവേണ്ടി സംസാരിക്കാൻ സോഷ്യൽ മീഡിയയിലും അല്ലാതെയും ആളുകൾ ഇല്ല എന്ന ഒറ്റ കാരണം കൊണ്ടാണ്.

ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ പലവിധ ശ്രമങ്ങൾ കേരള സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടത്തിയിട്ടുണ്ട്. പക്ഷെ ആ പ്രയത്‌നങ്ങൾക്ക്​ ഫലമില്ലാതെ പോകുന്നത്, അവയ്ക്ക്​ തുടർച്ചയില്ലാത്തതുകൊണ്ടാണ്.

ഞാൻ മനസിലാക്കിയതിൽ വച്ച് മാലിന്യ വേർതിരിവും സംസ്‌കരണവുമായി ബന്ധപ്പെട്ട്​ മൂന്ന് കീറാമുട്ടികളാണ് ഇന്ന് കേരളത്തിലുള്ളത്.
ഒന്ന്; ഇടപെടലുകളിലെ സ്ഥിരതയില്ലായ്മ.
രണ്ട്; ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ ശ്രമിക്കുമ്പോഴും, ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാൻ സർക്കാരിന് ഇതുവരെ കഴിഞ്ഞില്ല.
മൂന്ന്; അജൈവ മാലിന്യ സംസ്‌കരണത്തിന് സുസ്ഥിര മോഡൽ ഉണ്ടാക്കാൻ കഴിഞ്ഞില്ല.
ഈ മൂന്നു കാര്യങ്ങളും മുകളിൽ പറഞ്ഞ മാതൃകകൾ എങ്ങനെ ഭംഗിയായി ചെയ്തു എന്നത് പഠിക്കേണ്ട വിഷയമാണ്.

ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ പലവിധ ശ്രമങ്ങൾ കേരള സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടത്തിയിട്ടുണ്ട്. പക്ഷെ ഞാൻ മനസ്സിലാക്കിയിടത്തോളം ആ പ്രയത്‌നങ്ങൾക്ക്​ ഫലമില്ലാതെ പോകുന്നത്, അവയ്ക്ക്​ തുടർച്ചയില്ലാത്തതുകൊണ്ടാണ്. ജനങ്ങളിൽ ശീല പരിവർത്തനം വരുത്തണമെങ്കിൽ രണ്ട് കാര്യങ്ങൾ അത്യാവശ്യമാണ്.
ഒന്ന്; ഇടപെടലിൽ തുടർച്ച വരണം.
രണ്ട്; നാളെ സർക്കാർ പിന്മാറിയാലും നിലനിൽക്കുന്ന രീതിയിലുള്ള ശീല പരിവർത്തനമാണ് കൊണ്ടുവരേണ്ടത്.
രണ്ടാമത് പറഞ്ഞ കാര്യം നടക്കണമെങ്കിൽ ജനങ്ങൾക്ക് അവർ ചെയ്യുന്ന കാര്യങ്ങളിൽ അഭിമാനം തോന്നണം. ഇതിന്റെ തുടർച്ചയാണ് ജനങ്ങൾക്ക് സർക്കാരിലുള്ള വിശ്വാസം.

ഒരു സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസ്യത വരുന്നത് വെറുതെ അവബോധം സൃഷ്ടിക്കുന്നതുകൊണ്ടുമാത്രമല്ല. ജനങ്ങളുടെ പ്രയത്‌നങ്ങളും സർക്കാരിന്റെ പ്രയത്‌നങ്ങളും തമ്മിൽ പൊരുത്തം സാധ്യമാകുമ്പോഴാണ്. അതിന് സർക്കാരിന്റെ ഭാഗത്തുനിന്ന്​ തുടക്കത്തിൽ നല്ല പ്രയത്‌നം ആവശ്യമുണ്ട്. ജനങ്ങളിൽ ബിഹേവിയർ ചേഞ്ച് ഉണ്ടാക്കുന്നതിനൊപ്പം, ഇൻഫ്രാസ്​ട്രക്​ചർ ഡവലപ്പ്​മെൻറ്, സേവനദാതാക്കളുടെ കപ്പാസിറ്റി ബിൽഡിംഗ്, ചെയ്തുതുടങ്ങിയ കാര്യം പൂർണതയിലെത്തിക്കാനുള്ള കഴിവ് ഒക്കെ അത്യാവശ്യമാണ്. ഇത് ജൈവ മാലിന്യത്തിന്റെ കാര്യത്തിൽ കേരളം ചെയ്തിട്ടുണ്ട്. അജൈവ മാലിന്യത്തിന്റെ കാര്യത്തിൽ ഒരു ദിശയില്ലാതെ പോയി. ആ ദിശയില്ലായ്മ സർക്കാരിന്റെ ഉള്ളിൽ തന്നെ അഭിപ്രായ വ്യത്യാസങ്ങളുണ്ടാക്കുകയും ചെയ്തു. അഭിപ്രായ വ്യത്യാസമുള്ള ഒരു സർക്കാരിനെ ജനങ്ങൾ വിശ്വസിക്കുന്നത് എങ്ങനെയാണ്? പബ്ലിക് ആയി കേന്ദ്രീകൃതം, വികേന്ദ്രീകൃതം എന്നുപറഞ്ഞ്​ തമ്മിൽ തല്ലുന്നവർ എപ്പോഴെങ്കിലും ഇതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

അജൈവ മാലിന്യ സംസ്‌കരണം എന്ന കീറാമുട്ടിയെ കേരളം കുറച്ചുകൂടി സൂക്ഷ്മമായി പരിശോധിച്ച് പഠിക്കേണ്ടതുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിന്റെ ഇൻഫോർമൽ റീ സൈക്ലിങ്​ സെക്​ടർ താരതമ്യേന ദുർബലമാണ്. ഈയൊരു കുറവ് നൂതന പരിഹാരത്തിലൂടെ മറികടക്കാൻ കഴിയുന്നിടത്താണ് കേരളത്തിന്റെ ശക്തി. അതുമാത്രമല്ല, പുനഃ ചംക്രമണം ചെയ്യാൻ കഴിയാത്ത മാലിന്യം എന്തുചെയ്യണമെന്നുകൂടി നമുക്ക് ആലോചിക്കേണ്ടിയിരിക്കുന്നു. ▮


ഡോ.​ പ്രതിഭ ഗണേശൻ

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ വിസിറ്റിംഗ് ഫാക്കൽറ്റി. സാനിറ്റേഷൻ/സോളിഡ് വേസ്റ്റ് മാനേജ്മൻറ്​ മേഖലകളിൽ സ്പെഷലൈസ് ചെയ്യുന്നു.

Comments