ഒരു ബോംബ്​ ആകും മുമ്പ്​ മാലിന്യം നിർവീര്യമാക്കാൻ വഴികളുണ്ട്​

കൃത്യമായ മാലിന്യ ശേഖരണത്തിലൂടെയും സംസ്‌കരണത്തിലൂടെയും പാരിസ്ഥിതിക തകർച്ചയും അതുമൂലമുണ്ടാകുന്ന പൊതുജനാരോഗ്യ അപകടങ്ങളും ഒരു പരിധി വരെ തടയാനാകും. ആധുനിക സാങ്കേതികവിദ്യകളിലും നൂതനമായ സമീപനങ്ങളിലും ഊന്നിയുള്ള മാർഗങ്ങൾ മാലിന്യസംസ്‌കരണം വളരെ വേഗത്തിലാക്കുന്നു. ബ്രഹ്​മപുരം ദുരന്തത്തിന്റെ പാശ്​ചാത്തലത്തിൽ ചില പരിഹാര നിർദേശങ്ങൾ.

മാലിന്യ സംസ്‌കരണം എന്നത് ഉത്തരവാദിത്ത ജീവിതത്തിന്റെ ഒരു പ്രധാന ഘടകമാണ്. കൃത്യമായ മാലിന്യ ശേഖരണത്തിലൂടെയും സംസ്‌കരണത്തിലൂടെയും പാരിസ്ഥിതിക തകർച്ചയും അതുമൂലമുണ്ടാകുന്ന പൊതുജനാരോഗ്യ അപകടങ്ങളും ഒരു പരിധി വരെ തടയാനാകും. ആധുനിക സാങ്കേതികവിദ്യകളിലും നൂതനമായ സമീപനങ്ങളിലും ഊന്നിയുള്ള മാർഗങ്ങൾ മാലിന്യസംസ്‌കരണം വളരെ വേഗത്തിലാക്കുന്നു.

മാലിന്യസംസ്‌കരണം എങ്ങനെ ഫലപ്രദമായി നിർവഹിക്കാം എന്നതിനെ കുറിച്ച് കൃത്യമായി നടപ്പിൽ വരുത്തേണ്ട ചില കാര്യങ്ങളുണ്ട്.

1. മാലിന്യം കുമിഞ്ഞുകൂടാനുള്ള സാഹചര്യം ഒഴിവാക്കുക

മാലിന്യസംസ്‌കരണം കൃത്യതയിലെത്തിക്കാനുള്ള ആദ്യപടി മാലിന്യം കുന്നുകൂടാനുള്ള സാഹചര്യം ഒഴിവാക്കുക എന്നതാണ്. വീടുകളിലും പൊതുസ്ഥലങ്ങളിലും കുന്നുകൂടുന്ന മാലിന്യങ്ങൾ നാം തന്നെ ക്ഷണിച്ചു വരുത്തുന്നവയാണ്. അതുകൊണ്ട് ഒറ്റത്തവണ മാത്രം ഉപയോഗ്യമായ വസ്തുക്കളുടെ ഉപയോഗം പരമാവധി ഒഴിവാക്കി പുനരുപയോഗിക്കാൻ കഴിയുന്ന ബാഗുകൾ, കുപ്പികൾ, കപ്പുകൾ എന്നിവ ശീലമാക്കുക. ഇത്തരം മാർഗങ്ങൾ ശീലമാക്കിയാൽ ഒരു പരിധിവരെ മലിന്യത്തിന്റെ ഉത്പാദനം കുറക്കാനാകും.

2. മാലിന്യം വേർതിരിക്കുക

മാലിന്യങ്ങളെ ജൈവമാലിന്യം, പുനരുപയോഗം ചെയ്യാവുന്ന മാലിന്യം, ജൈവവിഘടനം നടക്കാത്ത മാലിന്യം എന്നിങ്ങനെ തരംതിരിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തിലുള്ള വേർതിരിക്കൽ മാലിന്യനിർമാർജനം എളുപ്പമാക്കുന്നു.

3. കമ്പോസ്റ്റ് സംവിധാനം സ്ഥാപിക്കുക

ജൈവ മാലിന്യങ്ങൾ സംസ്‌കരിക്കാനുള്ള ഫലപ്രദമായ മറ്റൊരു മാർഗമാണ് കമ്പോസ്റ്റിങ്. വീട്ടുടമ എന്ന നിലയിൽ അവരവരുടെ വീടുകളിൽ ഒരു കമ്പോസ്റ്റ് കുഴി ഉണ്ടാക്കുക അല്ലെങ്കിൽ അതിനനുസൃതമായ ഒരു ശേഖരണം നടപ്പിലാക്കുക. പച്ചക്കറി അവശിഷ്ടങ്ങൾ, മുട്ടത്തോട് തുടങ്ങി അടുക്കളയിൽ നിന്ന്​ പുറന്തള്ളുന്ന ജൈവമാലിന്യങ്ങളാണ് കമ്പോസ്റ്റിംഗിന് ഉപയോഗിക്കേണ്ടത്. കമ്പോസ്റ്റ് വളരെ നല്ലൊരു ജൈവവളമാണ്. അതുവഴി മണ്ണിന്റെ ഫലഭൂഷ്ടിയും ഈർപ്പവും നിലനിർത്തി ചെടികളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു.

4. പുനരുപയോഗം

പ്ലാസ്റ്റിക്, ഗ്ലാസ്, പേപ്പർ തുടങ്ങിയ വസ്തുക്കളെ പുനരുപയോഗിക്കുന്നതുവഴി മാലിന്യത്തിന്റെ അളവ് ഗണ്യമായി കുറക്കാം. പുനരുപയോഗ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതുമൂലം മേൽപറഞ്ഞ വസ്തുക്കളെ വീണ്ടും ഉപയോഗിക്കാൻ കഴിയുകയും അവമൂലമുണ്ടാകുന്ന മലിനീകരണം കുറയ്ക്കാനും സാധിക്കുന്നു.

5. പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുടെ ഉപയോഗം

പരിസ്ഥിതിയോട് ഇണങ്ങുന്നതും പരിസ്ഥിതിക്ക് വിപത്താകാത്തതുമായ സുസ്ഥിരമായ ഉത്പന്നങ്ങൾ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുന്നതിലൂടെ മാലിന്യങ്ങളുടെ അളവ് കുറക്കാം. ജൈവവിഘടനം നടക്കാനിടയുള്ള വസ്തുക്കൾ കൂടുതലായി ഉപയോഗിച്ചാൽ അവ പ്രകൃതിയിലേക്കുതന്നെ മടങ്ങുകയും അതുമൂലമുണ്ടാകുന്ന മാലിന്യത്തിന്റെയും വിപത്തിന്റെയും വർധനവിൽ തടയിടാനുമാകും.

6. കമ്മ്യൂണിറ്റി ക്ലീൻ അപ്പ് പദ്ധതി

പൊതുസ്ഥലങ്ങളിൽ നിന്ന്​ മാലിന്യം നീക്കാൻ സ്വമേധയാ സന്നദ്ധരായി ശുചീകരണപരിപാടികളിൽ ഏർപ്പെടുക. ഇത്തരം പദ്ധതികൾ ശരിയായ മാലിന്യസംസ്‌കാരണത്തിനായുള്ള സാമൂഹിക അവബോധം മറ്റുള്ളവരിൽ സൃഷ്ടിക്കും.

മേൽപറഞ്ഞ കാര്യങ്ങൾ ശ്രദ്ധയോടും കൃത്യതയോടും ചെയ്തുകഴിഞ്ഞാൽ പരിസ്ഥിതി നാശവും അതുവഴി ഉണ്ടാകുന്ന പൊതുജനാരോഗ്യ പ്രശ്‌നങ്ങളും നമ്മളാൽ തന്നെ കുറക്കാൻ സാധിക്കും. വൃത്തിയുള്ളതും ആരോഗ്യകരവുമായ അന്തരീക്ഷത്തിൽ ജീവിക്കുക എന്നത് ഓരോ വ്യക്തിയുടെയും അവകാശമാണ്. അതുകൊണ്ടുതന്നെ അത്തരം അന്തരീക്ഷം ഉറപ്പാക്കേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്.

ഖരമാലിന്യങ്ങൾ പുനരുപയോഗം ചെയ്യുന്നതിന് നിരവധി മാർഗങ്ങളുണ്ട്.

1. ഉറവിടത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കുക

വീടുകൾ, ഓഫീസുകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് മലിന്യങ്ങളെ അവയുടെ പുനരുപയോഗമനുസരിച്ചു വേർതിരിച്ചെടുക്കാം. ഇതുവഴി പാഴ്​വസ്തുക്കളെ അവയുടെ പുനരുപയോഗ സ്വഭാവസവിശേഷതകൾക്കനുസൃതമായി പുനരുപയോഗത്തിനായി അയക്കാം.

2. റീസൈക്ലിങ് ബിന്നുകൾ

പാർക്കുകൾ, ബീച്ചുകൾ, പ്രധാന നഗരകേന്ദ്രങ്ങൾ പോലെയുള്ള പൊതുസ്ഥലങ്ങളിൽ തരംതിരിച്ച റീസൈക്ലിങ് ബിന്നുകൾ സ്ഥാപിക്കുന്നത് ആളുകളെ അവരുടെ പക്കലുള്ള മാലിന്യവസ്തുക്കൾ പൊതുസ്ഥലങ്ങളിൽ വലിച്ചെറിയാതെ കൃത്യമായി ബിന്നുകളിൽ നിക്ഷേപിക്കാൻ സഹായിക്കുന്നു.

3. കമ്പോസ്റ്റിംഗ്

ഭക്ഷണാവശിഷ്ടങ്ങൾ അല്ലെങ്കിൽ ഗാർഹികാവശിഷ്ടങ്ങൾ പോലുള്ള ജൈവമാലിന്യങ്ങൾ കമ്പോസ്റ്റ് ചെയ്യുന്നത് വഴി അവ പൂന്തോട്ട പരിപാലനത്തിനും പച്ചക്കറിത്തോട്ട കൃഷിപരിപാലനത്തിനും സഹായിക്കുന്നു.

4. സഹപ്രക്രിയ

വൻകിട വ്യവസായ സ്ഥാപനങ്ങളിൽ ഉത്പാദനം ഗണ്യമായി കൂട്ടുന്നതിന് ഊർജ സ്രോതസ്സുകളായി ഖരമാലിന്യം വേണ്ടവിധം ഉപയോഗപ്രദ മാക്കാവുന്നതാണ്. ഇത് ജൈവഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറക്കും, കൃത്യമായ മാലിന്യസംസ്‌കരണം ഉറപ്പാക്കാനും സാധിക്കും.

5. അപ്പ് സൈക്ലിങ്

പാഴ്​വസ്തുക്കളെയോ, ഉപയോഗശൂന്യമായ വസ്തുക്കളെയോ പുനരുപയോഗത്തിന് ഉതകുന്ന രീതിയിലും ഉയർന്ന മൂല്യമുള്ള ഉത്പന്നങ്ങളായി മാറ്റുന്നതുവഴി ഉണ്ടാകുന്ന മാലിന്യത്തിന്റെ അളവ് കുറക്കാൻ സാധിക്കുന്നു.

ഖരമാലിന്യങ്ങൾ മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം

1. മാലിന്യങ്ങൾ കത്തിക്കുന്നത്:തുറസ്സായ സ്ഥലങ്ങളിലും പ്ലാന്റുകളിലും മാലിന്യം കത്തിച്ചാൽ കാർബൺ മോണോക്‌സൈഡ്, നൈട്രജൻ ഓക്‌സൈഡ്, സൾഫർ ഡൈഓക്സൈഡ് തുടങ്ങിയ കണികാപദാർത്ഥങ്ങൾ വായുവിൽ കലരുകയും അവ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഇത്തരത്തിൽ പുറത്തേക്കുവരുന്ന വാതകങ്ങൾ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ, ഹൃദ്രോഗം, കാൻസർ പോലെയുള്ള രോഗങ്ങൾക്ക് കാരണമാകും.

2. മീഥേൻ വാതകത്തിന്റെ വ്യാപനം:ആഗോള താപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുന്ന ശക്തമായ ഹരിതഗൃഹ വാതകമാണ് മീഥേൻ. ജൈവമാലിന്യങ്ങൾ മാലിന്യക്കൂമ്പാരങ്ങളിൽ വിഘടിപ്പിക്കുമ്പോൾ ഹരിതഗൃഹ പ്രഭാവത്തിന് കാരണമാകുന്ന മീഥേൻ അന്തരീക്ഷമൊട്ടാകെ വ്യാപിക്കുകയും ചെയ്യുന്നു.

3. മാലിന്യ ഗതാഗത പ്രക്രിയ:ഒരിടത്തുനിന്ന്​ മറ്റൊരിടത്തേക്ക് മാലിന്യം കൊണ്ടുപോകുന്നത് അന്തരീക്ഷമലിനീകരണത്തിന് കാരണമാകുന്നു. മാലിന്യങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങളിൽ നിന്ന്​ ദുർഗന്ധം വമിക്കുകയും ഒപ്പം നിരവധി ആരോഗ്യത്തെയും പരിസ്ഥിതിയെയും ദോഷകരമായി ബാധിക്കുന്ന കണികാ പദാർത്ഥങ്ങൾ പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ഇത് സമീപപ്രദേശങ്ങളിലുള്ള ആളുകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.

4. പുറന്തള്ളുന്ന രാസവസ്തുക്കൾ:അപകടകരമായ മാലിന്യങ്ങളെ തെറ്റായി നീക്കം ചെയ്താൽ അവ മണ്ണിനേയും വായുവിനേയും ജലത്തിനേയും മലിനമാക്കുന്ന രാസപദാർത്ഥങ്ങളെയായിരിക്കും പുറപ്പെടുവിക്കുക. ഇത്തരത്തിൽ മലിനമായ മണ്ണ്, വായു, ജലം എന്നിവ സസ്യങ്ങളുടെയും മൃഗങ്ങളുടെയും മനുഷ്യരുടെയും ആരോഗ്യസ്ഥിതിയെ ദുരിതത്തിലാക്കുന്നു.

Photo : Wikipedia

ചുരുക്കത്തിൽ മാലിന്യത്തിന്റെ അനുചിതവും അശാസ്ത്രീയവുമായ നിർമാർജന പ്രക്രിയ വായുവിന്റെ ഗുണനിലവാരത്തിൽ ഗുരുതരവും ദീർഘകാലം നീണ്ടുനിൽക്കുന്നതുമായ പ്രത്യാഘാതം സൃഷ്ടിക്കുകയും പാരിസ്ഥിതികവും ആരോഗ്യപരവുമായ പ്രശ്‌നങ്ങൾക്ക് കാരണമാവുകയും ചെയ്യും.

മാലിന്യത്തിന്റെ പുനരുപയോഗം എന്നത് മാലിന്യത്തിൽ നിന്ന് പുതിയ ഉത്പന്നം എന്ന ചിന്താഗതിയാണ് എല്ലാവരിലേക്കും എത്തുന്നത്. മാലിന്യം പുനരുത്പാദിപ്പിക്കുക എന്നതിലൂടെ ഉൽപാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ അളവ് കുറക്കുക എന്ന ആശയം ഉടലെടുക്കുകയും അതുമൂലം പരിസ്ഥിതിക്കും ജീവജന്തുജാലങ്ങൾക്കും ദോഷകരമായി ബാധിക്കുന്ന രാസപദാർത്ഥങ്ങളുടെ വ്യാപനത്തിനു കടിഞ്ഞാണിടാൻ കഴിയുന്നു.

പേപ്പർ, കാർഡ്‌ബോർഡ്, പ്ലാസ്റ്റിക് കുപ്പികൾ, ഇലക്​ട്രോണിക്​ മാലിന്യങ്ങൾ എന്നിവ പുനരുപയോഗിക്കാവുന്ന വസ്തുക്കളിൽ പെടുന്നു. ഇത്തരം വസ്തുക്കൾ ശേഖരിച്ച് ഇവയെ കൃത്യമായി കൈകാര്യം ചെയ്താൽ അവ പുതിയ ഉത്പന്നങ്ങളായി നമ്മളിലേക്ക് തന്നെ എത്തുകയും ചെയ്യും. പ്ലാസ്റ്റിക് കുപ്പികൾ പോളിസ്റ്റർ വസ്ത്രങ്ങളാക്കി മാറ്റുന്നത്, പഴകിയ പേപ്പറുകൾ പുതിയ പേപ്പർ ഉത്പന്നമാക്കി മാറ്റുന്നതൊക്കെ പുനരുപയോഗത്തിന്റെ ഉദാഹരണങ്ങളാണ്.

ഇന്ത്യയിലെ പ്രധാന മാലിന്യ നിക്ഷേപ ദുരന്തങ്ങൾ

ഭോപ്പാൽ വാതക ദുരന്തം: മധ്യപ്രദേശിലെ ഭോപ്പാൽ നഗരത്തിലാണ് 1984 ൽ ഈ വ്യാവസായിക ദുരന്തം ഉണ്ടായത്. യൂണിയൻ കാർബൈഡ് ഇന്ത്യാ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള പ്ലാന്റിൽ നിന്ന്​ മീഥൈൽ ഐസോസയനേറ്റ് എന്ന വാതകം വൻതോതിൽ പുറന്തള്ളപ്പെട്ടതാണ് ദുരന്തത്തിന് കാരണമായത്. ഈ വാതക ചോർച്ച ആയിരക്കണക്കിന് ആളുകളുടെ മരണത്തിനും ലക്ഷക്കണക്കിന് ആളുകൾക്ക് ദീർഘകാലം നീണ്ടുനിന്ന മറ്റു പല ശാരീരിക അസ്വസ്ഥതകൾക്കും കാരണമായി.

The Bhopal pesticide plant of Union Carbide India Limited in early 1986, around a year after the disaster. Picture by Martin Stott.

2. ദിയോനാർ ഡംപിങ് ഗ്രൗണ്ട് തീപിടിത്തം:മുംബൈയിൽ 2016 ജനുവരിയിൽ നടന്ന ഒരു തീപിടിത്തം. ദിവസങ്ങളോളം നീണ്ടുനിന്ന ഈ തീപിടിത്തത്തിൽ നിന്ന്​ വമിച്ച വിഷപ്പുക സമീപവാസികൾക്ക് ശ്വാസതടസം സൃഷ്ടിച്ചു.

3. ഗാസിപുർ ലാൻഡ്ഫിൽ കൊളാപ്‌സ്:ഡൽഹിയിൽ നടന്ന മാലിന്യ നിക്ഷേപ ദുരന്തം. നഗരത്തിലെ പ്രധാന മാലിന്യക്കൂമ്പരമായിരുന്ന ഇവിടെ 2017 ൽ മണ്ണിടിച്ചിലുണ്ടാകുകയും ഇതിന്റെ ഒരു ഭാഗം തകർന്ന് രണ്ടു പേർ മരിക്കുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ തകർച്ച വൻ തീപിടിത്തത്തിനും കാരണമായി. ആഴ്ചകളോളം നീണ്ടുനിന്ന ദുരന്തത്തിൽ നിന്ന്​വൻതോതിൽ വിഷവാതകം പുറന്തള്ളപ്പെട്ടു.

4. ചെന്നൈയിലെ എണ്ണച്ചോർച്ച:ചെന്നൈ നഗരത്തിലെ എന്നൂർ എന്ന തുറമുഖത്തിനുസമീപം രണ്ട് കപ്പലുകൾ കൂട്ടിയിടിച്ചാണ് ഈ എണ്ണച്ചോർച്ചയുണ്ടായത്. പുറന്തളപ്പെട്ട എണ്ണ ഒരു വലിയ പ്രദേശമാകെ വ്യാപിക്കുകയും ഇത് മത്സ്യബന്ധനത്തെയും സമുദ്ര ജീവികളെയും ബാധിച്ചു.

5. ജയ്​പുർ വാതക ചോർച്ച:രാജസ്ഥാനിലെ ഒരു കെമിക്കൽ ഫാക്ടറിയിൽ നിന്നും 2020 മെയിൽ വിഷവാതക ചോർച്ചയുണ്ടായി. 250- ലധികം ആളുകളെ ഇത് ബാധിച്ചു. ശ്വാസതടസവും കണ്ണിന് അസ്വസ്ഥതയും മൂലം നിരവധി ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മാലിന്യ സൗഹൃദ അന്തരീക്ഷം എങ്ങനെ സൃഷ്ടിക്കാം?

1. ഒറ്റത്തവണമാത്രം ഉപയോഗ്യമായ വസ്തുക്കളുടെ ഉപയോഗം കുറക്കുക:

പ്ലാസ്റ്റിക് പ്ലേറ്റുകൾ, കുപ്പികൾ കപ്പുകൾ തുടങ്ങിയ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന വസ്തുക്കളുടെ ഉപയോഗം കുറച്ച്​ കൂടുതൽ കാലം ഉപയോഗിക്കാവുന്ന വസ്തുക്കൾ ഉപയോഗിക്കുക.

2. ആവശ്യമില്ലാത്ത വസ്തുക്കൾ സംഭാവന ചെയ്യുക അല്ലെങ്കിൽ വിൽക്കുക:

വസ്ത്രങ്ങൾ, ഇലക്​ട്രോണിക്​ സാധനങ്ങൾ എന്നിവ ആവശ്യമില്ലെങ്കിൽ വെറുതെ മാലിന്യക്കൂമ്പാരത്തിലേക്കു തള്ളാതെ സംഭാവന ചെയ്യുകയോ വിൽക്കുകയോ ചെയ്യുക.

3. നമ്മൾ നമ്മെയും മറ്റുള്ളവരെയും ബോധവൽക്കരിക്കുക:

നിങ്ങൾക്ക് ചുറ്റുമുള്ള മാലിന്യങ്ങളെ മനസ്സിലാക്കി അവയെ പ്രകൃതിക്ക് ദോഷകരമാകാതെ സംസ്‌കരിക്കാനുള്ള അവബോധം നിങ്ങളാൽ ചുറ്റപ്പെട്ടുനിൽക്കുന്നവർക്കുകൂടി പകർന്നു നൽകുക. നിങ്ങളുടെ നേതൃത്വം പിന്തുടർന്ന് മാലിന്യങ്ങളുടെ അളവ് കുറക്കുന്നതിന് കുടുംബത്തെയും സുഹൃത്തുക്കളെയും അയൽക്കാരെയും പ്രോത്സാഹിപ്പിക്കുക.

നമ്മുടെ രാജ്യം ഇപ്പോൾ മുന്നേറണ്ടത് സ്മാർട്ട് മാലിന്യ സംസ്‌കരണ രീതിയിലേക്കാണ്. അതിനൂതന സാങ്കേതിക സംവിധാനത്തോടുകൂടി ചെലവ് കുറഞ്ഞ വളരെ ഫലപ്രദമായ രീതിയിൽ സമൂഹത്തിന്, പ്രകൃതിക്ക് പ്രശ്‌നമൊന്നുമുണ്ടാക്കാതെ മാലിന്യങ്ങളെ സംസ്‌കരിക്കുന്ന രീതിയെയാണ് സ്മാർട്ട് മാലിന്യ സംസ്‌കരണം എന്ന് പറയുന്നത്. അതിനായി ഈ പറയുന്ന കാര്യങ്ങൾ നമുക്ക് ഉപയോഗത്തിൽ കൊണ്ടുവരാം.

1. നിർമിതബുദ്ധി കേന്ദ്രീകൃതമായ മാലിന്യതരംതിരിക്കൽ

വലിയ നഗരങ്ങളിലെ വീടുകളിൽ നിന്നും ഫ്ലാറ്റുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ ഒരു മാലിന്യ ശേഖരണ കേന്ദ്രത്തിലെത്തിക്കുകയും നിർമിത ബുദ്ധിയുടെ സഹായത്തോടെ അതിനെ വ്യവസ്ഥാപിതമായും കേന്ദ്രീകൃതമായും തരംതിരിക്കുകയും അതിനുശേഷം പുനരുത്പാദന പ്രക്രിയക്കു വിധേയമാക്കുന്ന അസംസ്‌കൃതവസ്തുക്കളായി മാറ്റി തുലനം ചെയ്യേണ്ടതുമാണ്. ഈ തരംതിരിക്കൽ നിർമിത ബുദ്ധിയോടുകൂടി ചെയ്യുമ്പോൾ മനുഷ്യവിഭവ ശേഷിക്ക് അത് സഹായകമാകും

2. സ്മാർട്ട് മാലിന്യശേഖരണ പാത്രങ്ങൾ

മാലിന്യശേഖരണ ബിന്നുകളായി തരം തിരിച്ച ബിന്നുകളാണ് ഇനിയുള്ള കാലഘട്ടത്തിൽ സ്ഥാപിക്കേണ്ടത്. തുടർന്ന് ആ മാലിന്യ ശേഖരണ പാ ത്രത്തിൽത്തന്നെ അതിന്റെ അളവുകോൽ കൃത്യമായി പൊതുസമൂഹത്തിന് മനസ്സിലാക്കത്തക്കവണ്ണമുള്ള ലേബലുകൾ ഉണ്ടായിരിക്കണം. ആ ബിന്നുകളിൽ എത്ര മാലിന്യം നിക്ഷേപിക്കാമെന്നും നിക്ഷേപിച്ച മാലിന്യങ്ങൾ എത്രത്തോളം മാറ്റം ചെയ്തുവെന്നുമുള്ള കൃത്യമായ വിവരണപട്ടികകൾ പ്രദർശിപ്പിക്കണം. മാലിന്യങ്ങൾ തെറ്റായ രീതിയിൽ നിക്ഷേപിച്ചാൽ സൂചന നൽകുന്ന മാലിന്യ സെൻസറുകൾ കൂടി സ്ഥാപിക്കണം. മാലിന്യങ്ങൾ തരംതിരിക്കുമ്പോൾ തന്നെ ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട കേന്ദ്രങ്ങളെ അറിയിക്കുകയും അത് വേർതിരിക്കേണ്ട പ്രക്രിയകളിലേക്ക് പോകാനും സെൻസറുകൾ വഴി സാധിക്കും.

3. പുനരുത്പാദന പ്രക്രിയ വിഭാവനം ചെയ്യുന്ന കമ്പ്യൂട്ടർ മാതൃകകൾ

ഒരു മാലിന്യം തരംതിരിച്ചു കഴിഞ്ഞാൽ, അതിനുശേഷമുണ്ടാകുന്ന അസംസ്‌കൃതവസ്തുക്കളിൽനിന്ന്​ ഏതെല്ലാം രീതിയിൽ പുതിയ വസ്തുക്കൾ ഉണ്ടാക്കിയെടുക്കാം, അവയ്​ക്ക്​ എത്ര ആവശ്യകതയുണ്ട് എന്നീ കാര്യങ്ങൾ വിഭാവനം ചെയ്യുന്ന കമ്പ്യൂട്ടർ മാതൃകൾ വിദേശരാജ്യങ്ങൾ പരീക്ഷിച്ചു വിജയിപ്പിച്ചതാണ്. അത്തരം മാതൃകകൾ നമുക്കും പരീക്ഷിച്ചു വിജയിപ്പിക്കാവുന്നതാണ്

4. മാലിന്യഗതാഗതത്തിനുപയോഗിക്കുന്ന ലോറികളുടെ എണ്ണം വർധിപ്പിക്കുക

മാലിന്യ കൂമ്പാരങ്ങളുണ്ടാകുന്ന സ്ഥലത്ത് കൃത്യമായി എത്തുകയും മാലിന്യം ശേഖരിച്ച് അളവുകോൽ യഥാക്രമം വിലയിരുത്തി മറ്റ് സംഭരണ മേഖലകളിലേക്ക് കൊണ്ടുപോയി അവിടെ വെച്ച് തരംതിരിച്ച് വീണ്ടും മറ്റ് വസ്തുക്കളുണ്ടാക്കാനുള്ള പ്രവർത്തനങ്ങൾക്കായി മാലിന്യസംസ്‌കരണ ലോറികൾ രൂപാന്തരപ്പെടുത്തിയെടുക്കുക.

5. ന്യൂമാറ്റിക് പൈപ്പുകൾ സ്ഥാപിക്കുക

മാലിന്യ വസ്തുക്കൾ ശേഖരിക്കുവാനും അത് നിറയുന്ന മുറയ്​ക്ക്​ മാലിന്യ സംഭരണികളിലേക്ക് മാറ്റുവാനും സജ്ജമായ പൈപ്പുകൾ വിവിധ പ്രദേശങ്ങളിൽ കൃത്യമായ റെസൊല്യൂഷനുകളിൽ സ്ഥാപിക്കുക എന്നതാണ് മറ്റൊരു പ്രതിവിധി.

6. സൗരോർജ ട്രാഷുകൾ

സൗരോർജ ട്രാഷുകൾ എന്നുപറയുന്നത് മാലിന്യങ്ങൾ ശേഖരിക്കുന്ന മുറക്കുതന്നെ അവയെ നിർമാർജനം ചെയ്ത് പ്രകൃതിയിലെ മറ്റു വിഭവങ്ങൾക്ക് വളമായി ഉപയോഗിക്കത്തക്ക രീതിയിലുള്ള പദാർത്ഥങ്ങളായി മാറ്റിയെടുക്കുന്ന ഒരു രീതിയാണ് സൗരോർജ ട്രാഷ്.

7. പ്ലാസ്മാ ഗ്യാസിഫിക്കേഷൻ

മാലിന്യങ്ങൾ നേരിട്ട് കത്തിക്കാതെ ഒരു പ്രത്യേക താപനിലയിൽ വൈദ്യുതിയുടെ സഹായത്തോടെ നിർമാർജനം ചെയ്യുന്ന പ്രക്രിയയാണ് പ്ലാസ്മാ ഗ്യാസിഫിക്കേഷൻ. ഈ പ്രക്രിയയുടെ ഫലമായുണ്ടാകുന്ന വാതകം കാർബൺ മോണോക്‌സൈഡിന്റെയും ഹൈഡ്രജന്റെയും ഒരു മിശ്രിതമാണ്. ഈ വാതകം ഇന്ധനമായും മറ്റ് പല സ്രോതസ്സായും ഉപയോഗിക്കാൻ സാധിക്കും.

8. കൃത്രിമ മഴ

പല തരത്തിലുള്ള രാസപദാർത്ഥങ്ങളെ വിമാനം ഉപയോഗിച്ച് അന്തരീക്ഷത്തിലേക്കു വ്യാപിപ്പിച്ച്​ അവയെ സമന്വയിപ്പിച്ച്​ കൃത്രിമമായി ഒരു ചെറിയ പ്രദേശത്ത് മഴ പെയ്യിപ്പിക്കുന്നതാണ് കൃത്രിമ മഴ. ഇതിതിലൂടെ പെട്ടെന്നുണ്ടാകുന്ന തീ പിടിത്തത്തെ അതിവേഗം ശമിപ്പിക്കാനും തീപിടിത്തം മൂലമുണ്ടായ അന്തരീക്ഷ മലിനീകരണം കുറയ്​ക്കാനും സഹായിക്കുന്നു.

അതിനൂതന സാങ്കേതിക വിദ്യയുടെ സഹായത്തിൽ രൂപകല്പന ചെയ്ത മാലിന്യ നിർമാർജന പ്രക്രിയകളും, പുനരുപയോഗ സാധ്യതകളും സംയോജിപ്പിച്ചുള്ള ഒരു പദ്ധതി വർത്തമാനകാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഈ വസ്തുതയാണ് ബ്രഹ്മപുരം അടിവരയിടുന്നത്.

Comments