ലോകത്തെ അതിപ്രധാനമായ ഇക്കോ സ്പോട്ടുകളിലൊന്നായ പശ്ചിമഘട്ടത്തിന്റെ അതിസുന്ദരമായ വനമേഖലയാണ് ശബരിമല. ഈ വനഭൂമിയിൽ ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞു കിടക്കുന്നു. കാനനവാസനായ അയ്യപ്പന്റെ വിശേഷപ്പെട്ട ഈ കാനനക്ഷേത്രം പണ്ട് കാടിനാൽ ചുറ്റപ്പെട്ടതുകൊണ്ട് അത് വിശ്വാസികളുടെ പൂങ്കാവനമായിരുന്നു. ഇന്നാകട്ടെ ഓരോ വർഷവും മൂന്നുകോടിയിലധികം പേരെത്തുന്ന കോൺക്രീറ്റ് കാടുകളാൽ ചുറ്റപ്പെട്ട ഒന്നായി ഈ മലമുടി മാറി. പെരിയാർ ടൈഗർ റിസർവിൽപ്പെടുന്ന അതീവ സംരക്ഷണം ആവശ്യപ്പെടുന്ന ഈ പരിസ്ഥിതിലോല പ്രദേശത്തിന്റെ പാരിസ്ഥിതികാഘാതം കുറയ്ക്കാനും ശബരിമലയെ രക്ഷിക്കാനും വനംവകുപ്പും കേന്ദ്രഗവൺമെന്റും സുപ്രീംകോടതിയുടെ അംഗീകാരത്തോടെ 2007 ൽ മാസ്റ്റർ പ്ലാൻ ഉണ്ടാക്കി. നിർഭാഗ്യവശാൻ ദേവസ്വംബോർഡിന്റെ ഭരണത്തിൻ കീഴിൽ മാസ്റ്റർപ്ലാനിനെ നോക്കുകുത്തിയാക്കി ശബരിമല കെട്ടിടങ്ങളാൽ വളർന്നു തളർന്നു. ശബരിമല മാസ്റ്റർപ്ലാനിന് വിരുദ്ധമായ പരിസ്ഥിതിനിയമലംഘനങ്ങളെക്കുറിച്ച് പ്രൊഫ. ടി. ശോഭീന്ദ്രൻ സുപ്രീം കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോടതി കേന്ദ്ര ഉന്നതാധികാരസമിതിയെക്കൊണ്ട് അന്വേഷിക്കുകയും അവർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി ശബരിമലയിലെ അനധികൃത നിർമാണങ്ങൾക്കെതിരെ 2018ൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ശബരിമല ഇന്ന് അഭിമുഖീകരിക്കുന്ന യഥാർഥ പ്രശ്നം മലിനീകരണവും അനധികൃത നിർമാണങ്ങളുമാണെന്ന് ചൂണ്ടിക്കാട്ടുകയാണ് പ്രൊഫ. ശോഭീന്ദ്രൻ ഈ സംഭാഷണത്തിൽ.
ഡോ. ദീപേഷ് കരിമ്പുങ്കര: ശബരിമല ഇന്നും അശാന്തമാണ്. സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതിവിധി നടപ്പാക്കാൻ ഗവൺമെന്റും ആചാരസംരക്ഷണത്തിന്റെ പേരിൽ അതിനെ എതിർക്കുന്ന ഒരു വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലുകളാണ് പോയ നാളുകളിൽ നമ്മൾ കണ്ടത്. ഇതിനിടയിൽ ശബരിമലയിലെ പരിസ്ഥിതിപ്രശ്നങ്ങൾ ഉയർത്തിക്കാട്ടി 2015 ൽ മാഷ് സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര ഉന്നതാധികാരി സമിതി അന്വേഷണം നടത്തുകയും ഈ റിപ്പോർട്ടിന്മേൽ സുപ്രീം കോടതിയുടെ സുപ്രധാനമായ ഇടക്കാല ഉത്തരവ് വരികയും ചെയ്തത്. വിശ്വാസത്തെ മറികടന്ന് രാഷ്ട്രീയ ലാഭം എന്നതിലേക്കാണ് ശബരിമല ഇന്നെത്തി നിൽക്കുന്നത്. ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി ശബരിമല എന്താണ്? ശബരിമലയിൽ മാഷുന്നയിച്ച പാരിസ്ഥിതിക പ്രശ്നങ്ങൾ എന്തൊക്കെയായിരുന്നു?
പ്രൊഫ. ടി. ശോഭീന്ദ്രൻ: കേരളത്തിന്റെ മഹാഭാഗ്യമായി കരുതുന്ന പശ്ചിമഘട്ട മലനിരകളിലെ അതിമനോഹരമായ ഒരിടമാണ് ശബരിമല. അതിന്റെ ഒരു മലഞ്ചെരിവിലായി, പൂങ്കാവനത്തിന് നടുവിലായാണ് അയ്യപ്പന്റെ കാനനക്ഷേത്രം. ശബരിമലയുടെ താഴ്വാരത്തുകൂടി ത്രിവേണികളിലൊന്നായി പമ്പാനദി ഒഴുകുന്നു. പ്രകൃതിയും മനുഷ്യരും ദൈവവും ഒന്നായി മാറുന്ന ജാതിമതഭേദചിന്തകളൊന്നും ഇല്ലാത്ത തത്വമസി എന്ന മന്ത്രത്തിന്റെ അർത്ഥശുദ്ധിയത്രയും ഉൾക്കൊള്ളുന്ന അപൂർവസൗന്ദര്യം കൂടി ശബരിമലക്കുണ്ട്.
മനുഷ്യരിൽ ആത്മബോധവും ആത്മീയബോധവും ഒരുപോലെ ഉണർത്തിക്കാട്ടുന്നതാണ് ഈ തീർത്ഥസ്ഥാനമെങ്കിലും വർഷങ്ങളായി ജനബാഹുല്യംകൊണ്ടും കോൺക്രീറ്റ് നിർമിതികൾകൊണ്ടും ശബരിമല അപകടകരമായ ദുരവസ്ഥ നേരിട്ടുകൊണ്ടിരിക്കുന്നു. ക്ഷേത്രഭരണം നിർവഹിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് അടിസ്ഥാനസൗകര്യ വികസനത്തിന്റെ പേരിൽ നടത്തുന്ന അശാസ്ത്രീയവും അപകടകരവുമായ നിർമാണപ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് 2007 ൽ സുപ്രീംകോടതി നിർദേശപ്രകാരമുള്ള ശബരിമല മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. തീർത്ഥാടകരുടെ ബാഹുല്യം കണക്കിലെടുത്തും ഭൂപ്രകൃതിയുടെ പ്രത്യേകതയനുസരിച്ചുമുള്ള അടിസ്ഥാനസൗകര്യങ്ങളുടെ നിർമിതികളാണ് മാസ്റ്റർപ്ലാനിൽ ഉണ്ടായിരുന്നത്. ഇത് നടപ്പാക്കാൻ പ്രത്യേകസമിതിയെ നിയോഗിക്കുകയും ചെയ്തു. എന്നാൽ മാസ്റ്റർ പ്ലാനിനെയും വനംസംരക്ഷണനിയമം അടക്കമുള്ള നിയമങ്ങളെയും നിലവിലുള്ള കോടതിവിധികളെയുമെല്ലാം കാറ്റിൽ പറത്തി പുതിയ പുതിയ നിർമിതികൾ ഉണ്ടാക്കുകയാണ് ചെയ്തത്.
കോടികൾ ചെലവിടാൻ പദ്ധതികളുണ്ടാക്കുന്ന വിചിത്രരീതിയാണ് ശബരിമലയിൽ നടക്കുന്നത്. അതേസമയം മാലിന്യനിയന്ത്രണം, നിർമാർജ്ജനം അടക്കമുള്ള അടിസ്ഥാനപരമായ കാര്യങ്ങളിലാകട്ടെ ഗുരുതരവീഴ്ച വരുത്തുകയും ചെയ്യുന്നു. പമ്പയുടെ കാര്യമാണ് മറ്റൊരു ദയനീയത. പമ്പ ഇന്നൊരു നദിയല്ല. നദിയായി ഒഴുകാനുള്ള സാഹചര്യം പോലും നഷ്ടപ്പെട്ട് ആരെയും അമ്പരിപ്പിക്കുന്ന ഒന്നായി പമ്പയെ മാറ്റിയതിന് തീർത്ഥാടന നടത്തിപ്പുകാരാണ് ഉത്തരം പറയേണ്ടത്. ശബരിമലയുടെയും പമ്പയുടെയും രക്ഷക്കുവേണ്ടിയും ഇന്നും നാളെയും നിലനിൽക്കേണ്ട ആവാസവ്യവസ്ഥയുടെ കരുതലിനുവേണ്ടിയുമാണ് ഈ പ്രശ്നങ്ങളൊക്കെ ചൂണ്ടിക്കാണ്ടി സുപ്രീംകോടതിയിൽ പരാതി നൽകിയത്.
സുപ്രീംകോടതി നിയമിച്ച ഉന്നതാധികാരസമിതി പരാതി അന്വേഷിച്ച് സമർപ്പിച്ച റിപ്പോർട്ട് മാഷുടെ പരാതിയെ ശരിവയ്ക്കുന്നതായിരുന്നു. ഇതേതുടർന്നാണ് അനധികൃതമായ കെട്ടിടങ്ങൾ പൊളിക്കാൻ നിർദേശിക്കുകയും മാസ്റ്റർ പ്ലാൻ പ്രകാരമല്ലാത്ത പുതിയ നിർമിതികൾക്ക് അനുമതി നിഷേധിക്കുകയും ചെയ്തത്. ശബരിമലയിലെ പരിസ്ഥിതിലംഘനം സംബന്ധിച്ച് മാഷുടെ നിയമപരമായ പരിശ്രമങ്ങൾ ശുഭപര്യവസായിയായെന്ന് കരുതുന്നുണ്ടോ?
സുപ്രീംകോടതി വിധി ചെറുതും വലുതുമായ രീതിയിൽ പരിസ്ഥിതിസംരക്ഷണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കൊക്കെ സന്തോഷവും ആത്മവീര്യവും നൽകുന്ന ഒന്നായിരുന്നു. പരിസ്ഥിതിക്കുവേണ്ടി വാദിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലയിൽ എനിക്കും അത് സന്തോഷം നൽകുന്നുണ്ട്. ജയത്തെക്കാളെറെ തോൽക്കുന്ന യുദ്ധങ്ങളിലാണ് പലപ്പോഴും പരിസ്ഥിതി പ്രവർത്തകർക്ക് ഏർപ്പെടേണ്ടി വരുന്നത്. ജയം പോലെ തോൽവികളും നമുക്ക് ഒരുപാട് പാഠങ്ങൾ തന്നിട്ടുണ്ട്. നാളേക്കുവേണ്ടി നിലവിളിക്കാനുള്ള ഒരു പാരിസ്ഥിതികബോധം സമൂഹത്തിൽ ഉണ്ടാക്കാൻ കഴിഞ്ഞത് ഇതുപോലെ നിരവധിപേരുടെ പരിശ്രമങ്ങളിലൂടെയാണ്.
വികസനവിരുദ്ധരെന്ന ആക്ഷേപംകൊണ്ട് പരിസ്ഥിതി സംരക്ഷണശ്രമങ്ങളെ പലരും പരിഹസിക്കാറുണ്ട്. പക്ഷെ ഒന്നോർക്കണം; പുഴയെ പുഴയായി ഒഴുകാൻ സമ്മതിക്കണം എന്ന് ഞങ്ങൾക്ക് പറയേണ്ടി വരുന്നത് എന്തുകൊണ്ടാണ്? കാടിനെന്നപോലെ പുഴകൾക്കും അതിന്റേതായ ഒരാവാസവ്യവസ്ഥയുണ്ട്. പുഴയെന്നത് ഒഴുകുന്ന ഒരു ജലപ്രവാഹം മാത്രമല്ല. അതിന്റെ കരയും കരയിലെ മണൽത്തിട്ടകളും പുഴയുടെ ഭാഗംതന്നെയാണ്. വേനൽക്കാലത്ത് പുഴ അതിന്റെ കരയിൽനിന്ന് ഉള്ളിലേക്ക് ഒതുങ്ങിയൊഴുകുന്നു. മഴക്കാലത്ത് അത് കരകവിഞ്ഞൊഴുകുന്നു. നദീതീരത്ത് ഇത്ര അകലത്തിലേ നിർമാണം പാടുള്ളൂ എന്ന് പറയുന്നത് ഇതുകൊണ്ടാണ്. പുഴപോലെ പുഴയോരവും പുഴയുടേതാണ്. ഈ തീരം വിട്ടു മതി കെട്ടിടങ്ങളും റിസോർട്ടുകളും. കെട്ടിടങ്ങൾ ഉണ്ടാക്കാൻ അനിയോജ്യമായ എത്രയോ സ്ഥലങ്ങൾ കണ്ടെത്താവുന്നതേയുള്ളൂ. പരിസ്ഥിതിലോല പ്രദേശങ്ങളായ മലയോരവും പുഴയോരവും വിട്ടുകൊണ്ടു വേണം ഇതുണ്ടാക്കേണ്ടത് എന്നേ വാദിക്കുന്നുള്ളൂ. ഈ പറഞ്ഞതിന്റെയൊക്കെ അർത്ഥമെന്താണെന്ന് ഇപ്പോൾ പമ്പാനദിതീരത്ത് ചെന്നാൽ കാണാം. പുഴയോരം കവർന്നു അവിടെ ഉണ്ടാക്കി വച്ചതെല്ലാം പ്രളയം തകർത്തില്ലേ? പുഴയോരത്തും പുഴയിലേക്ക് ഇറക്കിനിർത്തിയുമൊക്കെ കെട്ടിടങ്ങളുണ്ടാക്കുന്ന പ്രവണതക്ക് ഒരു ടൂറിസ്റ്റ് - ബിസിനസ് മനഃശാസ്ത്രമാണുള്ളത്. പ്രകൃതിയുടെ സൗന്ദര്യതീരങ്ങളിലെല്ലാം ഇത്തരത്തിലുള്ള ഒരു വാണിജ്യവത്കരണം നടക്കുന്നുണ്ട്. ഭക്തർക്ക് അടിസ്ഥാനസൗകര്യം ചെയ്തുകൊടുക്കുക എന്ന ഉത്തരവാദിത്തമല്ല പമ്പയിലും കാണുന്നത്. കയ്യേറ്റത്തിന്റെ ഗുരുതരമായ നിയമലംഘനങ്ങൾ അവിടെയും നടന്നിരിക്കുന്നു. കുറേക്കാലമായി നമ്മുടെ നാട്ടിൽ വനസംരക്ഷണ നിയമവും നദീസംരക്ഷണ നിയമവും നിലവിലുണ്ട്. സർക്കാർ ഉത്തരവുകളും കോടതിവിധികളും നിലവിലുണ്ടെങ്കിലും ശബരിമല അടക്കമുള്ള സ്ഥലങ്ങളിൽ അനധികൃത നിർമാണങ്ങൾ പലതും നടത്താൻ തന്നെയാണ് അധികൃതർക്ക് താൽപര്യം. ഇതിനുപകരം പരിസ്ഥിതി വിവേകത്തോടുകൂടിയുള്ള സൗകര്യങ്ങൾ ശബരിമലയിൽ ഉണ്ടാക്കിയെടുക്കുക എന്നതാണ് പരാതിയുടെ പ്രധാന ഉദ്ദേശ്യം.
ഈയൊരു ആശയം നടപ്പാവാൻ നിയമപരിരക്ഷ അത്യാവശ്യമാണ്. സുപ്രീംകോടതിയുടെ ഈ ഇടക്കാല ഉത്തരവിലൂടെ അത് സാധ്യമാവുന്നു എന്നതുകൊണ്ട് തന്നെ ഇതേറെ സന്തോഷം നൽകുന്നുണ്ട്.
ശബരിമലയിൽ കണ്ടെത്തിയ പാരിസ്ഥിതികപ്രശ്നങ്ങൾ എത്ര ഗുരുതരമാണ്. ഇത് സംബന്ധിച്ച എന്ത് പഠനമാണ് പരാതിക്കടിസ്ഥാനമായി മാഷ് നടത്തിയത്?
എന്റെ സുഹൃത്തായ ഫോട്ടോഗ്രാഫർ എൻ.പി. ജയനാണ് ശബരിമലയുടെ ഗുരുതരാവസ്ഥയെ ആദ്യം എന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. 2011 ൽ മകരജ്യോതി ദർശനത്തിന് പുല്ലുമേട്ടിലേക്ക് കയറിപ്പോയ 104 പേർ മലയിടിഞ്ഞ് മരിച്ച ദാരുണ സംഭവത്തെ തുടർന്നാണ് ജയൻ ശബരിമലയെക്കുറിച്ച് പഠിക്കാനും പകർത്താനുമായി ശ്രമം തുടങ്ങിയത്. അദ്ദേഹം ക്യാമറയിൽ പകർത്തിയ ശബരിമല ചിത്രങ്ങളത്രയും ഞെട്ടിക്കുന്ന കാഴ്ചകളായിരുന്നു. കേരളത്തിലെ ഏതൊരു നദിയേക്കാളും മലിനമായാണ് പമ്പ ഒഴുകുന്നത്. വ്രതനിഷ്ഠരായ അയ്യപ്പൻമാർക്ക് ദേഹശുദ്ധി വരുത്താൻ തീർത്ഥാടക നടത്തിപ്പുകാർ ഒരുക്കിക്കൊടുക്കുന്നത് ഇത്തരമൊരു പമ്പയെയാണ്. കാനനവാസനായ അയ്യപ്പന്റെ സന്നിധാനത്തിലും അതിന്റെ ചുറ്റുവട്ടങ്ങളിലും മഹാനഗരത്തെപ്പോലും തോൽപിക്കുന്ന മാലിന്യങ്ങളത്രയും കുന്നുകൂടി കിടക്കുന്നു. ശബരിമല അക്ഷരാർത്ഥത്തിൽ ഒരു മലിനമലയായി മാറിയതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു ജയന്റെ ചിത്രങ്ങൾ.
ഈയൊരു സാഹചര്യത്തിൽ നിന്നാണ് ശബരിമലയെയും അതിന്റെ ആവാസവ്യവസ്ഥയെയും പരിരക്ഷിക്കണമെന്ന ആലോചനയും അതിനുള്ള പരിശ്രമങ്ങളും ഉണ്ടാവുന്നത്. പരാതിയിൽ ഉന്നയിക്കപ്പെട്ട വാദമുഖങ്ങളാർന്ന വാക്കുകളെക്കാൾ വലിയ തെളിവുകളായിരുന്നു ജയന്റെ ശബരിമല ചിത്രങ്ങൾ. ശബരിമലയിലെ പ്രശ്നങ്ങൾ ദേശീയശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിന് ഞങ്ങൾ 2014 ൽ ഡൽഹിയിൽ ശബരിമല വിഷയത്തിൽ ഇന്ത്യ ഇന്റർനാഷണൽ സെന്ററിൽ ഒരു ഫോട്ടോ പ്രദർശനം നടത്തി. അന്നതു ഉദ്ഘാടനം ചെയ്തത് സുരേഷ് ഗോപിയായിരുന്നു. നിരവധി പേർ അന്ന് ആ ചിത്രങ്ങൾ കണ്ടു. ദൈവസന്നിധിയിലെ ഈ മലിനസത്യങ്ങൾ കണ്ടവരിൽ പലരും വികാരഭരിതരായിരുന്നു. ശബരിമലയെ സ്നേഹിക്കുന്നവരെയെല്ലാം ആ ചിത്രങ്ങൾ വേദനിപ്പിച്ചിട്ടുണ്ടാവണം.
ചിത്രങ്ങളോടുള്ള പ്രതികരണമെന്ന നിലയിൽ നേരിട്ടു സംസാരിച്ചവരും അഭിപ്രായം കുറിച്ചുവച്ചവരും ഈ ദുരവസ്ഥ മാറ്റാൻ എന്തെങ്കിലും ചെയ്തുകൂടേ എന്നു ചോദിച്ചിരുന്നു. ഒന്നും ചെയ്യാൻ കഴിയാതെപോവുന്ന നൂറുനൂറ് നിത്യാനുഭവങ്ങൾക്കിടയിൽ എന്തുചെയ്യാൻ കഴിയും എന്നു സ്വയം ചോദിക്കുകയല്ലാതെ അന്നേരം മറ്റൊരുത്തരവും മനസ്സിലില്ലായിരുന്നു. പിന്നെപ്പിന്നെയാണ് ജയന്റെ ചിത്രങ്ങൾ തെളിവാക്കി ശബരിമയിലെ മാസ്റ്റർപ്ലാൻ ലംഘനങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കി സുപ്രീംകോടതിയിൽ പരാതി നൽകിയത്.
പെരിയാർ ടൈഗർ റിസർവ് വനമേഖലയായ ശബരിമല വനംവകുപ്പിന്റെ കീഴിലല്ലേ? ഈ നിയമലംഘനങ്ങളത്രയും വനം വകുപ്പ് കണ്ടില്ലെന്ന് നടിക്കുന്നതുകൊണ്ടുകൂടിയാവില്ലേ?
ശബരിമല മുമ്പ് ചെറിയൊരു കാനനക്ഷേത്രം മാത്രമായിരുന്നു. പരമ്പരാഗതമായി ശബരിമല ക്ഷേത്രത്തിന് 13.5 ഏക്കർ സ്ഥലം മാത്രമേ സ്വന്തമായുള്ളൂ. 1939 ശേഷമാണെന്നു തോന്നുന്ന അതൊരു തീർത്ഥാടനകേന്ദ്രമായി വികസിക്കാൻ തുടങ്ങിയത്. പിന്നീട് തീർത്ഥാടകബാഹുല്യം പരിഗണിച്ച് അയ്യപ്പൻമാർക്ക് സൗകര്യം ചെയ്തുകൊടുക്കാൻ പല ഘട്ടങ്ങളിലായി വനം വകുപ്പിന്റെ ഭൂമി ദേവസ്വം ബോർഡിന് പാട്ടത്തിന് നൽകിയിട്ടുണ്ട്. 1965ൽ അമ്പലത്തിന്റെ ചുറ്റുവട്ടത്ത് 63.5 ഏക്കർ വനം വകുപ്പ് ദേവസ്വം ബോർഡിന് നൽകിയതായി കാണുന്നു (MS No 19/ 65 / Agric. Dated 11.1.1965). ഒരേക്കറിന് വർഷത്തിൽ ഒരു രൂപ നിരക്കിൽ 99 വർഷത്തേക്കാണ് പാട്ടം നൽകിയത്. ഇവിടത്തെ മരങ്ങൾ മുറിച്ചു മാറ്റണമെങ്കിൽപോലും മുൻകൂട്ടി അനുവാദം വാങ്ങണമെന്നും തീർത്ഥാടകരുടെ സൗകര്യത്തിനായല്ലാതെ മറ്റൊരു കാര്യത്തിനും ഇതുപയോഗിക്കരുത് എന്നും വന്യജീവികളുടെ സ്വൈര്യവിഹാരത്തിന് തടസമുണ്ടാക്കരുതെന്നും വ്യവസ്ഥയുണ്ട്.
ഇതുപോലെ പമ്പയിലും സുപ്രധാന നിബന്ധനകളോടെ തിരുവിതാംകൂർ ദേവസ്വംബോർഡിന് വനംഭൂമി വിട്ടുനൽകിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ പെരിയാർ ടൈഗർറിസർവിൽ നിന്ന് 10 ഏക്കറും റാന്നി ഫോറസ്റ്റ് ഡിവിഷനിൽനിന്ന് 10 ഏക്കറും നൽകി. അതിനുശേഷം 126.356 ഏക്കറും (പെരിയാർ ടൈഗർ റിസർവിൽ നിന്ന്) 309. 0299 ഏക്കറും നൽകിയിട്ടുണ്ട്. ഇതെല്ലാം കൂടി 435.3886 ഏക്കർ സ്ഥലം 1965 മുതൽ 2005 വരെ നൽകിയിട്ടുണ്ട്.
മാസ്റ്റർ പ്ലാനിന്റെ ഭാഗമായി പമ്പയിൽ നിന്ന് 18 കിലോമീറ്റർ അകലെയായി നിലക്കലിൽ 273.11 ഓളം ഏക്കർ വനംവകുപ്പ് 2009ൽ കൈമാറിയിട്ടുണ്ട്. നിലക്കലിൽ റാന്നി ഫോറസ്റ്റ് ഡിവിഷനിൽ 250 ഏക്കറും പെരിയാർ ടൈഗർ റിസർവിനകത്തായി 23 ഏക്കറുമാണ് കൈമാറിയത്. സന്നിധാനത്തിലെ അമിതമായ തിക്കും തിരക്കും ഒഴിവാക്കാൻ നിലക്കലിൽ തീർത്ഥാടകർക്ക് താമസിക്കാൻ ബെയ്‌സ് ക്യാമ്പ് ഉണ്ടാക്കുക എന്നതും കൂടി പരിഗണിച്ചാണ് വനംവകുപ്പ് ഇവിടെ ഭൂമി വിട്ടുകൊടുത്തത്. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട എല്ലാ വികസനപ്രവർത്തനങ്ങളും നിലക്കൽ പരിസരത്ത് മാത്രം ഒതുക്കണമെന്ന് സുപ്രീംകോടതിയും കേന്ദ്രഗവൺമെന്റും നിർദേശിക്കുകയും ചെയ്തിരുന്നു. പക്ഷെ ഇക്കാര്യങ്ങളൊന്നും കാര്യക്ഷമമായില്ല. ആസൂത്രണമില്ലാതെയുള്ള നിരവധി നിർമാണപ്രവർത്തനങ്ങൾ തുടർന്നപ്പോഴാണ് വനംവകുപ്പും കേന്ദ്രഗവൺമെന്റും സുപ്രീം കോടതിയുടെ അംഗീകാരത്തോടെ 2007 ൽ ശബരിമല മാസ്റ്റർ പ്ലാൻ കൊണ്ടുവന്നത്. അതിനൊരു സമിതിയുണ്ടാക്കുകയും വരുന്ന അമ്പതു വർഷത്തേക്കുള്ള കാഴ്ചപ്പാടുകൾ ഉണ്ടാക്കുകയും ചെയ്തു. 2007 ൽ രൂപംകൊടുത്തതും ദേവസ്വം ബോർഡ് മുൻകൈയെടുത്ത് നടത്തേണ്ടതുമായ മാസ്റ്റർപ്ലാനിന്റെ ലേ ഔട്ട് പ്ലാൻ പോലും പൂർത്തിയാക്കിയിട്ടില്ല. മാത്രമല്ല, മാസ്റ്റർപ്ലാനിന് വിരുദ്ധമായ പുതിയ കെട്ടിടങ്ങൾ സന്നിധാനത്ത് തന്നെ നിർമാണം തുടങ്ങാനുള്ള ധൃതിപിടിച്ച ശ്രമങ്ങൾ ഇവർ നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
കേരള ഗവൺമെന്റിന്റെ നിർദേശപ്രപകാരം ഐ.എൽ ആൻഡ് എഫ്.എസ് ഇക്കോസ്മാർട്ട് ഇന്ത്യാലിമിറ്റഡ് ആണ് ശബരിമലക്കുവേണ്ടി മാസ്റ്റർ പ്ലാൻ തയാറാക്കിയത്. 2007ൽ ഗവൺമെന്റ് മാസ്റ്റർ പ്ലാനിന് അംഗീകാരം നൽകുകയും 2007 മുതൽ 2015 വരെയുള്ള ഹ്രസ്വകാലയളവിൽ ഒന്നാം ഘട്ടവും വിദൂരകാലയളവായ 2050 ൽ മാസ്റ്റർപ്ലാൻ പ്രകാരമുള്ള കാര്യങ്ങൾ പൂർത്തിയാക്കാനുമാണ് നിർദേശമുണ്ടായിരുന്നത്.
മാസ്റ്റർ പ്ലാനിന്റെ കൃത്യമായ ലംഘനമല്ലേ "പുണ്യദർശനം' എന്ന പേരിൽ സന്നിധാനത്തു തന്നെ വി.വി.ഐ.പികൾക്ക് ഗസ്റ്റ് ഹൗസ് നിർമിക്കാനെടുത്ത തീരുമാനം?
സന്നിധാനത്ത് പുതിയ ഗസ്റ്റ്ഹൗസിന് ശിലാസ്ഥാപനം നടത്തിയതായാണ് അറിയാൻ കഴിഞ്ഞത്. വി.വി.ഐ.പികൾക്ക് വേണ്ടിയാണ് ഈ തിടുക്കം എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനായി 29 ഏക്കർ സ്ഥലം ടൂറിസം ഡിപ്പാർട്ടുമെന്റിന് വിട്ടുകൊടുത്തതായാണ് വാർത്ത. കല്ലും മുള്ളും കാലിന് മെത്തയായി കരുതി ബുദ്ധിമുട്ടി മലകയറുന്നവർക്കുള്ളതാണ് കാനനവാസന്റെ ദർശനവും അപൂർവ കാനനഭംഗികളുമൊക്കെ. സന്നിധാനത്തും പമ്പയിലും ആഡംബരനിർമ്മിതികളുടെ ആവശ്യമില്ല. ശരിക്കും ശബരിമല നിയമലംഘകരുടെ കയ്യിൽപ്പെട്ട് നശിച്ചുകൊണ്ടിരിക്കുകയാണ്. ഫലത്തിൽ ശബരിമലയുടെ ആവാസവ്യവസ്ഥയ്ക്ക് യോജിക്കാത്തവിധം പടിപടിയായി ഒരു ടൂറിസ്റ്റ് തീർത്ഥാടനകേന്ദ്രമാക്കി മാറ്റുന്നതിന്റെ പരിണതികളാണ് ഇവിടെ കാണുന്നത്.
കഴിഞ്ഞ ജൂലൈയിൽ 4.55 കോടി രൂപ ചെലവിൽ ലൂയിസ് ബെർഗർ എന്ന കൺസൾട്ടിംഗ് കമ്പനി ശബരിമലയിൽ വിമാനത്താവളത്തിന്റെ സാധ്യതാപഠന റിപ്പോർട്ട് കേരളസർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. ഇതിനെ എങ്ങനെ കാണുന്നു?
കേരളത്തിന്റെ 580 കി.മീറ്റർ ദൈർഘ്യമുള്ള ഭൂമിശാസ്ത്രപരിസരത്തായി നാല് വിമാനത്താവളങ്ങൾ ഇപ്പോഴുണ്ട്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇത്രത്തോളം വിമാനത്താവളങ്ങളില്ല എന്നോർക്കണം. ആറന്മുളയിലെ കൃഷിഭൂമിയിൽ വിമാനമിറക്കാനുള്ള ശ്രമം പാഴായതുകൊണ്ടാവാം ശബരിമലയിൽ വിമാനത്താവളം എന്ന പുതിയ ആശയം ഇപ്പോൾ ഉണ്ടായിവന്നത്. ഇതിനായി ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കയ്യിലുള്ള ചെറുവള്ളി എസ്റ്റേറ്റ് എന്നറിയപ്പെടുന്ന 2363 ഏക്കർ സ്ഥലമാണ് കണ്ടെത്തിയിരിക്കുന്നത്. ശബരിമലയിൽ നിത്യേനയെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പന്മാരുടെ തീനും കുടിയും കുളിയും വിസർജ്യങ്ങളുമടങ്ങുന്ന വൻമാലിന്യങ്ങളെ ശാസ്ത്രീയവും ആരോഗ്യകരവുമായി സംസ്‌കരിക്കാനും അവക്കു പരിഹാരം കണ്ടെത്താനുമാണ് സർക്കാർ അടിയന്തര പരിഗണന കൊടുക്കേണ്ടത്.
ഭക്തരുടെ ശരണം വിളിയും ദൈവദർശനത്തിന്റെ സാക്ഷാത്കാരവുമൊക്കെ ശബരിമലയിൽ അലൗകികമായ അന്തരീക്ഷസൃഷ്ടി ഉണ്ടാക്കുന്നുണ്ട് എന്നതും ശരിതന്നെ. അതുകൊണ്ടായിരിക്കാം വിശ്വാസികൾ വർഷാവർഷങ്ങളിൽ വന്നുപോവുന്നത്. പക്ഷെ വർഷം കഴിയുന്തോറും ആളുകൾ പുറന്തള്ളുന്ന വിസർജ്യങ്ങൾ ഭക്തൻ മലയിറങ്ങി തിരിച്ചുപോയാലും ബാക്കിയാവുന്നു. പമ്പയുടെ കരകളിൽ ശേഖരിക്കപ്പെടുന്നവ വെള്ളത്തിൽ കലർന്നൊഴുകുന്നു. മണ്ഡലകാലത്ത് പമ്പ ഒരു നദിയല്ല. കോളിഫോം ബാക്ടീരിയയുടെ വൻ പ്രവാഹമാണ്. കുടിവെള്ളത്തിലൂടെ പമ്പയുടെ ഇരുകരളിലുള്ള മനുഷ്യരുടെ വയറിലേക്കാണ് ആദ്യമിത് എത്തുന്നത്. പത്തനംതിട്ട, കോട്ടയം ജില്ലകകൾ കടന്ന് വേമ്പനാടൻ കായലുകളിലേക്ക് പമ്പയിലെ മലിനജലം ഒഴുകിയെത്തുന്നു. കുട്ടനാട്ടിൽ വർഷാവർഷങ്ങളിൽ പടർന്നുപിടിക്കുന്ന പകർച്ചവ്യാധിയുടെ ഒരു കാരണം ഈ മലിനജലമാണ്. ഇതൊന്നും കാണാതെ ആർക്കാണ് ഇവിടെ വിമാനമിറക്കേണ്ടത്?
ഇക്കാര്യത്തിൽ വേലി തന്നെ വിളവുതിന്നുന്ന ഒരവസ്ഥയുണ്ട്. സർക്കാറിന്റെ കീഴിലുള്ള ബോർഡ് തന്നെയാണ് നിലവിലുള്ള നിയമങ്ങളുടെയും ഉത്തരവുകളുടെയും ലംഘനം നടത്തുന്നത്. പൊളിക്കാനാണെങ്കിലും കോടികൾ ചെലവിട്ട് എന്തെങ്കിലും നിർമിച്ചേ മതിയാകൂ എന്ന വാശിയോ മറ്റെന്തങ്കിലും ലാഭേച്ഛയോ ഇതിന് പിന്നിലുണ്ടെന്ന് കരുതുന്നുണ്ടോ?
ശബരിമലയിൽ വർഷാവർഷങ്ങളിൽ നടവരവായി ലഭിക്കുന്നത് കോടികളാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ ചെന്നുചേരുന്ന പണത്തിന്റെ ചെറിയൊരംശം മതി തീർത്ഥാടകർക്ക് ശുദ്ധജലവും ശൗചാലയ സൗകര്യങ്ങളും അത്യാവശ്യത്തിനുള്ള അടിസ്ഥാനസൗകര്യങ്ങളും ഒരുക്കുന്നതിന്. സന്നദ്ധസേവകരും അയ്യപ്പസേവസംഘവുമൊക്കെ തീർത്ഥാടകർക്ക് കുടിവെള്ളമടക്കമുള്ള അത്യാവശ്യ സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നുണ്ട്. പമ്പയിലും സന്നിധാനത്തും മലകയറ്റവഴികളിൽ ദേവസ്വംബോർഡ് വൻതുകക്ക് ലേലം നൽകുക വഴി നിരവധി കച്ചവടസ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. ഈ കച്ചവടസ്ഥാപനങ്ങൾ വിറ്റഴിക്കുന്ന സാധനങ്ങളുടെ കവറുകളും മറ്റു പല അവശിഷ്ടങ്ങളും ശബരിമലയെ മലിനമാക്കുന്നതിന് വലിയ കാരണമായിത്തീരുന്നുണ്ട്. ഇവിടെ നിന്ന് വാങ്ങുന്ന സാധനങ്ങളുടെ കവറുകൾ അജൈവ മാലിന്യമായി കിടക്കുന്നു. ഇവിടത്തെ ഹോട്ടലുകൾ ഭക്ഷണം നൽകുന്ന അലൂമിനിയും ഫോയിൽ പ്ലെയിറ്റുകൾ ഉയർന്ന ചുടിൽപോലും കത്തിക്കാൻ കഴിയാത്ത വിധം കുന്നുകൂടി കിടക്കുന്നു.
പ്ലാസ്റ്റിക് വാട്ടർബോട്ടിലുകളുടെ വൻമല കൂടി ശബരിമലയിലുണ്ട്. സന്നിധാനത്ത് പ്രവർത്തിക്കുന്ന ഇൻസിനേറ്ററുകളിൽ നിന്ന് പുറത്തള്ളുന്ന വിഷപ്പുക വന്യജീവികൾക്കും മനുഷ്യർക്കും ഒരുപോലെ അപകടം വരുത്തുന്നു. ഇത്തരം സാധനങ്ങളുടെ വിൽപനയും ഇതിന്റെ ഉപയോഗവും കർശനമായി നിരോധിക്കണം. ഇവിടെ എത്തുന്നവർക്ക് വൃത്തിയുള്ള അന്തരീക്ഷം ഒരുക്കുന്നതിന് പ്രഥമ പരിഗണന നൽകണം. ഇതൊക്കെയൊരുക്കാൻ കോൺക്രീറ്റ് നിർമിതികൾ വേണ്ട. താത്കാലിക ഷെഡുകളും അതിന്റെ സൗകര്യങ്ങളും മാത്രം മതി.
മൂന്നു വർഷം മുമ്പാണ് പമ്പാനദീതീരത്ത് പല കെട്ടിടങ്ങളും കെട്ടിപ്പൊക്കിയതിന്റെ അപകടങ്ങളെക്കുറിച്ച് മാഷ് പരാതിപ്പെടുന്നത്. ആ പരാതിയെ ശരിവെക്കുംവിധത്തിൽ കഴിഞ്ഞ പ്രളയത്തിൽ ഈ കെട്ടിടങ്ങളിൽ ഭൂരിഭാഗവും നശിക്കുകയോ താറുമാറാവുകയോ ചെയ്തു. ഇതേപ്പറ്റി അന്വേഷിച്ച ഉന്നതാധികാര സമിതിയുടെ മുന്നിൽ ഇത് തന്നെ വലിയ തെളിവായി നിന്നു അല്ലേ?
നിയമങ്ങളെപ്പറ്റി അറിയുന്ന ആർക്കും ഒറ്റനോട്ടത്തിൽ കണ്ടു മനസ്സിലാക്കാൻ കഴിയുന്നതാണ് ശബരിമലയില നിയമലംഘനങ്ങൾ. ആർട്ടിക്കിൾ 48 എ പ്രകാരം വന്യജീവികളെയും പുഴകളെയും സംരക്ഷിക്കേണ്ടത് സംസ്ഥാന ഗവൺമെന്റിന്റെ ഉത്തരവാദിത്തമാണ്. 1974 ൽ വന്ന വാട്ടർ ആക്ട് പ്രകാരം പുഴയെ മലിനമാക്കുന്നവരെ സെക്ഷൻ 24, 25 പ്രകാരം ശിക്ഷിക്കാനും വകുപ്പുകളുണ്ട്. സംസ്ഥാന മാലിന്യ നിയന്ത്രണബോർഡിനും അവരുടേതായ അധികാരങ്ങളുണ്ട്. പക്ഷെ ഇവയൊക്കെ നിലവിലുണ്ടെങ്കിലും നിയമലംഘനങ്ങളാണ് പലയിടത്തും നടക്കുന്നത്. പമ്പയിൽ 50 മീറ്റർ പോലും ദൂരപരിധി പാലിക്കാതെയാണ് കെട്ടിടങ്ങളുണ്ടാക്കിയത്. പരിസ്ഥിതി തീവ്രവാദം എന്നും പരിസ്ഥിതി മൗലികവാദം എന്നുമൊക്കെ പറഞ്ഞ് പരിസ്ഥിതി നാശത്തിന്റേതായ ഓരോ ഓർമപ്പെടുത്തലുകളെയും ലഘൂകരിക്കാനുള്ള സംഘടിത ശ്രമങ്ങൾ പല ഘട്ടങ്ങളിലായി ഞങ്ങൾ നേരിട്ടിട്ടുണ്ട്. പ്രളയം ഓർക്കാപ്പുറത്ത് വരുമ്പോഴും നിയമം അന്തിമവിധി പ്രഖ്യാപിക്കുമ്പോഴും എല്ലാ സംശയാലുക്കൾക്കും സത്യം ബോധ്യപ്പെടുകതന്നെ ചെയ്യും.
1993 മുതൽ പമ്പാനദീ പരിരക്ഷണസമിതിയുടെ പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ടല്ലോ. ഇതും ഫലവത്താകുന്നില്ലെന്നാണോ?
കേരളത്തിലൂടെ ഒഴുകുന്ന മൂന്നാമത്തെ വലിയ നദിയാണ് പമ്പ. 176 കിലോ മീറ്റർ നീളത്തിലായി ഇത് ഒഴുകുന്നു. പമ്പാനദിക്കേറ്റ ഗുരുതര പ്രത്യാഘാതങ്ങളെക്കുറിച്ച് പുറംലോകത്തെത്തിച്ചത് പമ്പ പരിരക്ഷണസമിതിയുടെ പ്രവർത്തനങ്ങളാണ്. ഇതേക്കുറിച്ചുള്ള പഠനങ്ങളും ചർച്ചകളും നിരവധിയുണ്ടായിട്ടുണ്ട്. സംസ്ഥാന മാലിന്യനിയന്ത്രണബോർഡും മറ്റു പല അന്വേഷണ ഏജൻസികളും ഗവേഷകരും പമ്പയുടെ രോഗാവസ്ഥ പഠിക്കുകയും റിപ്പോർട്ടുകൾ സമർപ്പിക്കുകയും ചെയ്തതായി അറിയാം. തീർത്ഥാടനകാലങ്ങളിൽ പമ്പയുടെ മലിനീകരണം കുറച്ചുകൊണ്ടുവരിക എന്ന വെല്ലുവിളി ഏറ്റെടുക്കാൻ ദേവസ്വം ബോർഡിനൊപ്പം തീർത്ഥാടകരും കൂടി വിചാരിക്കണം.
അത്തരമൊരു ബോധവത്കരണം വ്രതനിഷ്ഠപോലെത്തന്നെ വളർത്തിക്കൊണ്ടുവരേണ്ടിയിരിക്കുന്നു. ഒരു നദിയെ ശുദ്ധമാക്കാൻ ഒരു സംഘടന മാത്രം വിചാരിച്ചാൽ കഴിയില്ല. ശുദ്ധീകരണം തുടർപ്രക്രിയ കൂടിയാണ്. ഓരോ കാലത്തും നദിയുമായി ഇടപഴകുന്ന ഓരോരുത്തരുടെയും ശുദ്ധിയാണ് ഓരോ നദിയെയും ശുദ്ധമാക്കി നിലനിർത്തുന്നത്.
കേന്ദ്ര ടൂറിസം വകുപ്പിന്റെ സ്വദേശി ദർശൻ പരിപാടിയുടെ ഭാഗമായി 100 കോടിയുടെ സാമ്പത്തിക സഹായത്തോടെ ശബരിമല -എരുമേലി - പമ്പ-സന്നിധാനം സ്പിരിച്വൽ സർക്യൂട്ട് പദ്ധതി കൂടി ശബരിമലയിലേക്ക് കടന്നുവരുന്നുതായി വാർത്തകളുണ്ടായിരുന്നു. ഇത് ശബരിമലയിലെ പാരിസ്ഥിതിക സാഹചര്യം പരിഗണിച്ചുള്ള പദ്ധതിയാണെന്ന് കരുതുന്നുണ്ടോ?
ഇന്ത്യയിലെ പ്രധാന ആത്മീയപ്രധാനമായ തീർത്ഥാടനകേന്ദ്രങ്ങളെ ഉൾപ്പെടുത്തി കേന്ദ്ര ടൂറിസം വകുപ്പ് വിഭാവനം ചെയ്ത പദ്ധതിയാണിത്. 2016 ലാണ് കേരളത്തിൽ ശബരിമലയെ ഉൾപ്പെടുത്തി പദ്ധതിക്കുവേണ്ടി 100 കോടിയോളം രൂപ കേന്ദ്രം അനുവദിച്ചത്. ഇതിന്റെ ഒന്നാം ഘട്ടത്തിൽ 20 കോടിയോളം രൂപ കൈമാറിയതായി റിപ്പോർട്ടുണ്ടായിരുന്നു.
ശബരിമലയെ കേന്ദ്രീകരിച്ച് പുതിയ പദ്ധതികൾ മുന്നോട്ടുവരുന്നതിന് കാരണം ഇവിടെനിന്ന് ഇത്തരം പദ്ധതികൾ ശബരിമലയിലേക്കു കൊണ്ടുവരാൻ ആരൊക്കെയോ ശ്രമിക്കുന്നതുകൊണ്ടു കൂടിയാവില്ലേ?
ശബരിമലയെന്ന പരിസ്ഥിതിലോല മേഖലയിൽ കോടികൾ ചെലവാക്കുന്നുണ്ടെങ്കിൽ, അത് അതിന്റെ ആവാസവ്യവസ്ഥയെ തിരിച്ചുകൊണ്ടുവരുന്നതിനായിരിക്കണം. അല്ലാതെയുള്ള ഓരോ ചെലവിടലും അതിലുമെത്രയോ കോടികളുടെ പാരിസ്ഥിതിക നഷ്ടം ശബരിമലക്ക് ഉണ്ടാക്കുകതന്നെ ചെയ്യും.
ഒരു വർഷത്തിനിടയിൽ മൂന്നുകോടിയിലധികം ഭക്തരാണ് ശബരിമലയിൽ വരുന്നതെന്നാണ് കണക്ക്. അനിയന്ത്രിതമായി വർധിച്ചുവരുന്ന തിരക്ക് നിയന്ത്രിക്കുന്നതിന് എന്ത് നിർദേശമാണ് മാഷിന് മുന്നോട്ടു വയ്ക്കാനുള്ളത്?
ശബരിമലയിലെ ജനത്തിരക്ക് നിയന്ത്രിക്കാൻ ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് നിർദേശങ്ങളൊന്നും മുന്നോട്ടു വയ്ക്കാനില്ല. ഇതേക്കുറിച്ച് പഠിക്കേണ്ടതും എത്തിച്ചേരുന്നവർക്ക് ബുദ്ധിമുട്ടില്ലാത്തവിധം വന്നുപോകാൻ സാഹചര്യമൊരുക്കേണ്ടതും ദേവസ്വം ബോർഡിന്റെ ഉത്തരവാദിത്തമാണ്. മുമ്പൊക്കെ തീർത്ഥാടന കാലം മണ്ഡലകാലത്ത് മാത്രമായിരുന്നെങ്കിൽ ഇപ്പോൾ എല്ലാ മലയാളം മാസവും ആദ്യത്തെ ഒന്നുമുതൽ അഞ്ചു വരെയായി. വിഷുവിനും ഓണത്തിനുമായി. എല്ലാം കൂടി വർഷത്തിൽ 133 ദിവസം ക്ഷേത്രം തീർത്ഥാടകർക്കായി തുറക്കുന്നു. ഇതൊക്കെയാണ് ശബരിയിലേക്ക് ഇത്രയധികം ആൾക്കാർ എത്തിച്ചേരുന്നതിന്റെ സാഹചര്യങ്ങൾ. തിരക്ക് നിയന്ത്രിക്കാൻ ഓൺലൈൻ ബുക്കിങ്ങടക്കമുള്ള കാര്യങ്ങൾ വന്നു കഴിഞ്ഞു.
തിരക്കും ബന്ധപ്പെട്ട പ്രശ്നങ്ങളും മുൻകൂട്ടിക്കണ്ട് മുൻകരുതലും സജ്ജീകരണങ്ങളും ഒരുക്കുകയാണ് വേണ്ടത്. ഇപ്പോൾ തിരക്കേറിയ സമയത്ത് ദിവസത്തിൽ 25- 30 ലക്ഷത്തോളം പേർ എത്തുന്നുണ്ടെന്നാണ് അറിയുന്നത്. കൂടിവരുന്ന മലകയറ്റം കാടിന്റെ കാലാവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇവിടത്തെ സസ്യ- ജീവിലോകത്തിനുണ്ടായ മാറ്റമെന്തൊക്കെ എന്ന് പഠിക്കുമ്പോൾ മാത്രമേ അതുണ്ടാക്കുന്ന അപകടം എത്ര വലുതായിരുന്നു എന്നു ബോധ്യപ്പെടൂ.
ശബരിമലയിലെ കെട്ടിടങ്ങളടക്കമുള്ള സൗകര്യങ്ങൾ പലതും കേന്ദ്ര ഉന്നതാധികാര സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊളിച്ചുമാറ്റണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. ഇങ്ങനെ വന്നാൽ ജനത്തിരക്ക് സംബന്ധിച്ച് ശ്വാസം മുട്ടുന്ന ശബരിമലയിലെ നിലവിലുള്ള പ്രശ്നം വഷളാക്കുകയല്ലേ ചെയ്യുക?
ശബരിമല ദേവസ്ഥാനത്തെ ജനബാഹുല്യത്തെയും വരാനിരിക്കുന്ന കാലത്തെയും ദീർഘവീക്ഷണത്തോടെ കണ്ടാണ് ദേവസ്വം ബോർഡ് അടക്കമുള്ള സമിതിയുടെ മേൽനോട്ടത്തിൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. അതുപ്രകാരം മുന്നോട്ടുപോവുകയാണ് ക്ഷേത്ര ഭരണകർത്താക്കൾ എന്ന നിലയിൽ ദേവസ്വംബോർഡ് ചെയ്യേണ്ടിയിരുന്നത്. 2015 ൽ പൂർത്തിയാക്കേണ്ട ആദ്യഘട്ടം പൂർത്തിയാക്കാനോ മാസ്റ്റർ പ്ലാൻ സംബന്ധിച്ച അന്തിമ ലേ ഔട്ട് തയാറാക്കാനോ ദേവസ്വം ബോർഡ് മുൻകൈയെടുത്തിട്ടില്ല. മാസ്റ്റർപ്ലാൻ എന്ന കാര്യം പോലും വിസ്മരിച്ച് അശാസ്ത്രീയവും ആലോചനയില്ലാത്തതുമായി കെട്ടിടങ്ങൾ നിർമിച്ചുകൊണ്ടിരിക്കാനാണ് ശ്രമിച്ചുകൊണ്ടിരുന്നത്. ജസ്റ്റിസ് മദൻ ബി. ലോക്കൂർ അധ്യക്ഷനായ മൂന്നംഗ സുപ്രീം കോടതി ബെഞ്ച് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് പ്രകാരം മാസ്റ്റർപ്ലാനിന് വിരുദ്ധമല്ലാത്തതും സംസ്ഥാനസർക്കാറിന്റെ അനുമതിയുള്ളതുമായ കെട്ടിടങ്ങളുടെ അറ്റകുറ്റപണിക്കെല്ലാം അനുമതി കൊടുത്തിട്ടുണ്ട്. സന്നിധാനത്ത് കുടിവെള്ളവിതരണം, ശൗചാലയങ്ങൾ, അഴുക്കുചാലുകളുടെ പ്രവർത്തനം എന്നിവയാണ് അവിടെ നൽകേണ്ട പ്രാഥമിക സൗകര്യങ്ങൾ. ഇവയ്ക്കൊന്നും കോടതി തടസം നിന്നിട്ടില്ല.
അതേസമയം പമ്പാതീരത്തെ മൂന്ന് ശൗചാലയ സമുച്ചയങ്ങളും ഹോട്ടൽ കോംപ്ലക്സും അന്നദാന മണ്ഡപവും മഴക്കാലത്ത് പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതുപോലെ പമ്പ മരാമത്ത് കോംപ്ലക്സ്, പൊലീസ് സ്റ്റേഷൻ, സർക്കാർ ആശുപത്രി എന്നിവയും പമ്പയിൽ നിന്ന് 50 മീറ്ററിനുള്ളിലായാണ് പണി കഴിപ്പിച്ചിരിക്കുന്നത്. ഇവിടെ കെട്ടിടങ്ങൾ നിർമിക്കാൻ അനുമതി കൊടുത്തവർ കൂടി വലിയ കുറ്റമാണ് ചെയ്തിരിക്കുന്നത്. വെള്ളപ്പൊക്കസമയത്ത് പുഴ കരകവിഞ്ഞൊഴുകുന്ന ദുരപരിധികൂടി കണക്കിലെടുത്തു വേണം കെട്ടിടങ്ങൾക്ക് അനുമതി നൽകാൻ. നിയമലംഘനം നടത്തിയതുകൊണ്ടാണ് പമ്പാതീരത്ത് അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾ പ്രളയത്തിൽ നശിച്ചത്. ഉന്നതാധികാര സമിതി ചെയർമാൻ ടി.വി. ജയകൃഷ്ണൻ, മെമ്പറായ അമർനാഥ് ഷെട്ടി, സുപ്രീംകോടതി നിയോഗിച്ച അമിക്കസ് കൃൂറി എന്നിവരുടെ പരിശോധനയിൽ ഇക്കാര്യം വ്യക്തമായി ബോധ്യപ്പെട്ടതുകൊണ്ടാണ് ഇത്തരമൊരു വിധി ഉണ്ടായിരിക്കുന്നത്.
ഭക്തർക്ക് സൗകര്യമൊരുക്കുക എന്ന ഉത്തരവാദിത്തം ദേവസ്വം ബോർഡിനുണ്ടല്ലോ. സന്നിധാനത്ത് താമസത്തിനും മറ്റുമായ നിരവധി കെട്ടിടങ്ങളും അടിസ്ഥാനസൗകര്യത്തിന്റെ ഭാഗമായി ഉണ്ടാക്കിയിട്ടുണ്ട്. ഇത് ഇവിടെയെത്തുന്ന ഭക്തരെ സംബന്ധിച്ച് അങ്ങേയറ്റം ഉപകാരപ്പെടുന്ന കാര്യങ്ങളല്ലേ?
ഭക്തർക്ക് സൗകര്യമൊരുക്കുക എന്നത് ബോർഡിന്റെ ഉത്തരവാദിത്തമാണെന്ന കാര്യം ശരിതന്നെ. പക്ഷെ ഒരു കാനനക്ഷേത്രത്തിലുണ്ടാവേണ്ട സൗകര്യമാണ് ബോർഡ് ഒരുക്കേണ്ടത് എന്ന കാര്യം കൂടി അവർ ശ്രദ്ധിക്കണം. ഈ കാനനക്ഷേത്രം ലോകത്തിന്റെ അതീവ പരിസ്ഥിതി പ്രാധാന്യമേറിയ ഇക്കോസ്പോട്ടുകളിലൊന്നിലാണെന്നതും ബോർഡ് ഓർക്കണം. ഭക്തജനത്തിരക്ക് ഏറ്റവും കൂടുതലുള്ള സമയത്തും കെട്ടിടങ്ങളാൽ മൂടിയ ക്ഷേത്രമല്ല, തുറസ്സായ പ്രകൃതിയാണ് ഭക്തർക്ക് ഗുണപരമായിത്തീരുക. ചൂടും ഈർപ്പവും തിരക്കും കാരണം പലരും ഈ കെട്ടിടക്കാടുകളിൽ നിന്ന് മാറി സുഖകരമായ കാടിന്റെ തണലിലും തണുപ്പിലേക്കും പോവാനുള്ള സാഹചര്യം കൂടി ഇതുണ്ടാക്കുന്നുണ്ട്. കണ്ണാംതളി പൂക്കളും അപൂർവയിനം ഔഷധസസ്യങ്ങളും മനോഹരമായ ഓർക്കിഡുകളും വന്യജീവികൾക്ക് സമൃദ്ധമായ വെളളം നൽകുന്ന ചോലവനങ്ങളും ഇവിടെയുണ്ട്.
കെട്ടിടങ്ങളിൽ നിന്ന് മാറി ആളുകൾ കൂട്ടത്തോടെ കാടു കയറുമ്പോൾ ഈ ആവാസവ്യവസ്ഥയ്ക്കുണ്ടാക്കുന്ന ക്ഷതം വളരെ വലുതാണ്. തിക്കും തിരക്കും നിയന്ത്രിക്കാനും വനത്തിന്റേതായ സൂക്ഷ്മകാലാവസ്ഥ (Micro Climate) നിലനിർത്താനും വന്യജീവികളുടെ ആവാസവ്യവസ്ഥ അവർക്ക് തിരിച്ചുകൊടുക്കാനും വേണ്ടിയാണ് മാസ്റ്റർ പ്ലാൻ എന്ന ആശയം തന്നെ വന്നത്. അതുപ്രകാരം ഉണ്ടാക്കിയ പ്ലാനാണ് മാസ്റ്റർ പ്ലാൻ. ഇതുപ്രകാരം ഇവിടെയുള്ള ഓരോ നിർമിതിയും ഈ സമിതിയുടെ അംഗീകാരത്തിനുശേഷം മാത്രമേ തുടങ്ങുക പോലും ചെയ്യാവൂ. ഇവിടെയെത്തുന്ന ഭക്തർക്ക് കാടിന്റെ ഭംഗിയും കാലാവസ്ഥയുമാണ് ബോർഡ് അനുവദിച്ച് നൽകേണ്ടത്. കാടിനാൽ ചുറ്റപ്പെട്ട ക്ഷേത്രം ഇന്ന് സന്നിധാനം കോംപ്ലക്സ് എന്ന പേരിൽ കെട്ടിടങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുകയാണ്. പമ്പാനദിക്കരയിൽ നിർമിച്ച കെട്ടിടങ്ങൾ പലതും പ്രളയത്തിൽ തകർന്നതിന്റെ അനുഭവം ഉണ്ടായിട്ടുപോലും അവിടെ പുതിയ ഒരു കെട്ടിടത്തിന്റെ നിർമ്മാണം തുടങ്ങിവച്ചതായി കേന്ദ്ര ഉന്നതാധികാര സമിതി കഴിഞ്ഞ മാസം നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലാണ് ബോർഡിന്റെ പ്രവർത്തനങ്ങൾ.
മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഇടപെടൽ ശബരിമലയിൽ ഉണ്ടാകേണ്ടതല്ലേ? ഇതുപോലെ ഗവൺമെന്റിന്റെ എല്ലാ സംവിധാനങ്ങളും ഉണർന്നു പ്രവർത്തിക്കേണ്ടുന്ന ഒരിടമെന്ന പ്രാധാന്യം ശബരിമലയ്ക്കുണ്ടെന്നു തോന്നുന്നു.
പമ്പയിൽ ക്രമാതീതമാവുന്ന കോളിഫോം ബാക്ടീരിയയുടെ അപകടത്തെക്കുറിച്ച് നിരവധി റിപ്പോർട്ടുകൾ മലിനീകരണ നിയന്ത്രണബോർഡ് ഓരോ കാലത്തുമായി സമർപ്പിച്ചിട്ടുണ്ട്. ലക്ഷക്കണക്കായ അയ്യപ്പന്മാരുടെ മനുഷ്യവിസർജ്യം ശബരിമലയിലെ സേവേജ് കലക്ഷൻ ടാങ്കുകളിൽ ശേഖരിച്ച് ലോറികളിൽ നിലക്കലിൽ എത്തിക്കുന്ന സംവിധാനം ഇപ്പോഴുണ്ട്. പക്ഷെ അത് കാര്യക്ഷമമായി നടക്കുന്നില്ല. മണ്ഡലകാലത്ത് ഈ ടാങ്കുകൾ പലതും കവിഞ്ഞൊഴുകി ചുറ്റുപാടികളിലേക്ക് ഒഴുകുന്നു. അതിൽ കുറെ പമ്പയിലേക്കും എത്തുന്നുണ്ട്. ഇവിടെ കൂടുതൽ ബയോമെട്രിക് ടോയ്ലറ്റുകൾ ഉപയോഗിക്കേണ്ടിവരും. അതിശയകരമായ ഒരു കാര്യം, ദേവസ്വം ബോർഡ് തീർത്ഥാടകരുടെ സാനിറ്ററി സൗകര്യത്തിനുവേണ്ടിയുള്ള ഒരു പ്രൊപ്പോസൽ പോലും സമർപ്പിച്ചിട്ടില്ല എന്നതാണ്. മാസ്റ്റർ പ്ലാനിൽ ഏറ്റവും കരുതലോടെ നടപ്പാക്കേണ്ട ഒന്നാണ് മനുഷ്യവിസർജ്യങ്ങളുടെ ശരിയായ നീക്കം ചെയ്യലും സംസ്‌കരണവും.
കഴിഞ്ഞ പ്രളയകാലങ്ങൾ കേരള മനസ്സിനെ ഒന്നിപ്പിച്ചു. പിന്നീട്, ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കേരളീയ മനസ്സിൽ ഭിന്നിപ്പുണ്ടാക്കി. ഇക്കാര്യത്തിൽ മാഷിന്റെ രാഷ്ട്രീയ പക്ഷമെന്താണ് ?
ഞാനൊരു പ്രകൃതി ഭക്തനും പ്രകൃതി പക്ഷക്കാരനുമാണ്. പ്രകൃതിയിൽ മനുഷ്യരും ദൈവവും ജീവലോകമാകെത്തന്നെയും ഉണ്ടല്ലോ. ഇതിലോരോന്നിനെയും വേറെവേറയായി കാണുന്നവരുണ്ടാകാം. അവരുടെതായ ദർശനമല്ല എന്റെ ദർശനം. പുലിപ്പുറത്ത് അയ്യപ്പന് സഞ്ചരിക്കാൻ കഴിയുന്നു. ഇതുതന്നെ പ്രകൃതി-മനുഷ്യ പാരസ്പര്യത്തിന്റെ ഏറ്റവും നല്ല ഉദാഹരണമല്ലേ? ഇപ്പോഴും ശബരിമലയടങ്ങുന്ന ഭൂപ്രദേശം രേഖപ്പെടുത്തിയിരിക്കുന്നത് ടൈഗർ റിസർവ് ഫോറസ്റ്റ് എന്നാണ്. അയ്യപ്പനോടൊപ്പം കാടും പുലിയുമുണ്ട്. പക്ഷെ ദേവസ്വംബോർഡ് ഇപ്പോൾ അയ്യപ്പനെ കോൺക്രീറ്റ് കാടിനുള്ളിലാക്കുകയാണ് ചെയ്യുന്നത്, പാടില്ലെന്ന് പറഞ്ഞ ഇടങ്ങളിലൊക്കെയും കൽമതിലുണ്ടാക്കിയും ബാരിക്കേഡുകൾ കെട്ടിനിരത്തിയും വന്യജീവികളുടെ സ്വൈര്യസഞ്ചാരത്തെ തടസ്സപ്പെടുത്തുകയാണ്. വന്യജീവികൾ സ്വൈര്യവിഹാരം നടത്തുന്ന ഈ നിത്യഹരിതവനത്തിന്റെ നാഥനായാണ് അയ്യപ്പനെ ഞാൻ കാണുന്നത്. ദൈവം എല്ലാരുടേതുമാണെന്ന് അറിയാത്തവർ ആരുമുണ്ടാകില്ല. എന്റെ ദൈവം നിന്റെ ദൈവം എന്ന് തരംതിരിച്ചു പറയാൻ എനിക്കറിയില്ല. മനുഷ്യ-പ്രകൃതി പാരസ്പര്യമാണ് ക്ഷേത്രസങ്കൽപം പോലും. ഞാൻ ഈയൊരു പച്ചയായ സങ്കൽപത്തിന്റെയും യാഥാർത്ഥ്യത്തിന്റെയും പക്ഷത്താണെന്നു വിചാരിക്കാനാണ് എനിക്ക് താത്പര്യം. തത്വമസിയിൽ ഇതുതന്നെയാണുള്ളതെന്നും വിചാരിക്കുന്നു.
ശബരിമല എന്ന നിത്യഹരിതവനത്തെ ചൊല്ലിയുള്ള എന്റെ വേദനയും ആശങ്കയും ശബരിമലയിലേക്ക് മലയറി വരുന്ന കോൺക്രീറ്റു കാടുകളും അതുണ്ടാക്കുന്ന മാലിന്യങ്ങളുമാണ്. ഇവിടെ കെട്ടിപ്പൊക്കിയ കോൺക്രീറ്റ് കെട്ടിടങ്ങൾ പകൽ ചൂട് ആഗരിണം ചെയ്യുകയും രാത്രി അതിനെ പുറന്തള്ളുകയും ചെയ്യുന്നു.
ഇതുവഴി ഇവിടെത്ത സൂക്ഷ്മകാലാവസ്ഥയിൽ സാരമായ മാറ്റമുണ്ടാവുകയും അന്തരീക്ഷ ഊഷ്മാവ് വർധിക്കുകയും ചെയ്യുന്നു. ഇതിന്റെ ഏറ്റവും അപകടം മൂല്യമെത്രയെന്നുപോലും ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്ത എത്രയോ തരം സസ്യജാലങ്ങളുടെയും ജീവജാലങ്ങളുടെയും അതിജീവനം അസാധ്യമായിത്തീരുന്നു എന്നതാണ്. അതോടൊപ്പം ഇവിടെയുള്ള ഓരോ കെട്ടിട നിർമിതിയും പുറന്തള്ളുന്ന മഴവെള്ളത്തിന്റെ ഒഴുക്കു കാരണം മേൽമണ്ണ് നഷ്ടപ്പെടുന്നതും പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങളുടെ ക്രമാതീതമായ വർധനയുമൊക്കെയാണ്. ഇതൊക്കെയും കാടിന്റെ അടിത്തറ ഇളക്കിക്കൊണ്ടിരിക്കുന്നു. ഭക്തർ ഉപയോഗിച്ച് ഉപേക്ഷിക്കുകയും ശുചീകരണത്തൊഴിലാളികൾ സമാഹരിച്ച് നിക്ഷേപിക്കുന്നതുമായ മാലിന്യക്കൂമ്പാരങ്ങൾ കാട്ടിൽ പലയിടത്തുമായുണ്ട്. ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക്കും കൂടിച്ചേർന്നു കിടക്കുന്ന മാലിന്യകൂമ്പാരങ്ങളിൽ ചെന്ന് പ്ലാസ്റ്റിക് തിന്നുമരിക്കുന്ന കാട്ടാനകളുടെ ദയനീയാവസ്ഥ കാണാതിരിക്കാനാവുമോ? ചരിഞ്ഞ ആനകളെ പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ വയറ്റിൽനിന്ന് കിട്ടിയത് മൂന്നു കിലോ പ്ലാസ്റ്റിക് അവശിഷ്ടങ്ങളാണ്. കാട്ടുപന്നി, മാൻ തുടങ്ങിയ മൃഗങ്ങളൊക്കെയും നെയ്യും ശർക്കരയും പുരണ്ട പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ തിന്ന് വയറുപൊട്ടി മരിച്ചതിന്റെ എത്രയോ വേദനിപ്പിക്കുന്ന തെളിവുകൾ ഈ കാട്ടിലുണ്ട്. വന്യമൃഗങ്ങളുടെ സ്വാഭാവിക ജീവിതമാണ് ഇവിടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. എന്റെ അഭിപ്രായത്തിൽ ശബരിമല ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രശ്നവും ഭീഷണിയും ഇതൊക്കെത്തന്നെയാണ്. ഇതിലും വലിയൊരു ഭീഷണി ശബരിമല ഒരു കാലത്തും നേരിട്ടിട്ടില്ല.
ശബരിമലയിൽ മാഷ് പോയതായി അറിയാം. ക്ഷേത്രദർശന താൽപര്യമാണോ പ്രകൃതിദർശന താൽപര്യമാണോ മാഷെ അവിടേക്കെത്തിച്ചത്?
എന്നെ സംബന്ധിച്ച്, ക്ഷേത്രവും പ്രകൃതിയും ദൈവവും മനുഷ്യനും ഒന്നുതന്നെയാണ്. ഒന്നിൽ മറ്റൊന്നിനെ ദർശിക്കുകയല്ല, എല്ലാത്തിലും ഒന്നിനെത്തന്നെ ദർശിക്കുന്ന സങ്കൽപമാണത്. തത്വമസിയിലും അദ്വൈതത്തിലും രണ്ടല്ലാത്ത ഈ ഒന്നുണ്ട്. ഭാരതീയമായ ഈശ്വരസങ്കൽപത്തിൽ പ്രകൃതിയും ഈശ്വരനും ഒന്നുതന്നെയാണ്. പ്രകൃതിയുടേതായ സകലതും ഈശ്വരന്റെ വ്യത്യസ്ത ഭാവങ്ങളായാണ് ഭാരതീയർ കരുതിയിരുന്നത്. വായുവും ജലവും ഭൂമിയും പ്രാണനെ ഉണർത്തുകയും ഉയർത്തുകയും ചെയ്യുന്നു. അനന്തമായ കാലത്തിലേക്ക് നിത്യപ്രയാണം ചെയ്യുന്ന പ്രപഞ്ചത്തെ മാറിനിന്ന് ഒന്ന് നോക്കിക്കാണുന്നതിന്റെ കൗതുകവും അത്ഭുതവും പലപ്പോഴും ഞാനറിയാൻ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈശ്വരൻ എന്നെ സംബന്ധിച്ച് മതപരമായ ആചാരമോ അനുഷ്ഠാനമോ അല്ല. പ്രപഞ്ചത്തിന്റെ അറിയാപ്പൊരുളുകളോടുള്ള ഏകാന്തമായ ആത്മഭാഷണം മാത്രമാണത്. മന്ത്രങ്ങളോ തന്ത്രങ്ങളോ വാക്കുകളോ ഒന്നുമില്ലാത്ത സാത്മീകരണമാണത്.
നാട്ടിലെ ഒരു തീർത്ഥാടകസംഘത്തോടൊപ്പം വർഷങ്ങൾക്കുമുമ്പ് അപ്രതീക്ഷിതമായാണ് ശബരിമലയിലെത്തിയത്. ഇരുമുടിക്കെട്ടും ശരണമന്ത്രങ്ങളും പ്രാർത്ഥനകളുമായി അമ്പലങ്ങളായ അമ്പലങ്ങളിലൊക്കെ കയറിയിറങ്ങുന്നവരുടെ കൂട്ടത്തിൽ ഇതൊന്നുമല്ലാത്ത ഒരാളായി ഞാനും യാത്രചെയ്തു. സന്നിധാനത്തെത്തിച്ചേർന്നപ്പോൾ സന്ധ്യയായിരുന്നു. അന്നേരം അന്നേവരെ കണ്ടിട്ടില്ലാത്തവിധം മഴ കനത്തുപെയ്യുകയായിരുന്നു. വരിവരിയായി നിന്ന അയ്യപ്പന്മാർ തണുത്തുവിറച്ച് മഴകൊള്ളാതിരിക്കാൻ അടുത്തുള്ള കെട്ടിടങ്ങളിലേക്ക് മാറിനിൽക്കാൻ തുടങ്ങിയപ്പോൾ മഴയത്ത് ഞാൻ മാത്രമായി. ഞാൻ മാത്രം മഴയത്ത് നടന്നു. ഒടുവിൽ എത്തിച്ചേർന്നത് പതിനെട്ടാംപടിയുടെ മുന്നിൽ. ആ പടികളിൽ അപ്പോൾ ആരുമുണ്ടായിരുന്നില്ല. കോടാനുകോടി അയ്യപ്പൻമാരുടെ ശരണചരണങ്ങളൊഴുകിയെത്തുന്ന ആ പടികളുടെ മുന്നിൽ ഞാൻ അത്ഭുതാദരങ്ങളോടെ കുറച്ചുനേരം നിന്നു. മഴത്തുള്ളികൾ മുകളിൽനിന്ന് താഴോട്ട് പതിനെട്ടാംപടി ഇറങ്ങിവരുന്നതു കണ്ടപ്പോൾ അങ്ങോട്ടു കയറാൻ തോന്നി.
ദൈവത്തെ തേടുന്ന കോടാനുകോടി മനുഷ്യരുടെ കാൽപ്പാദങ്ങളമർന്ന ആ പടിതൊട്ട് നമസ്‌കരിച്ച് കുറച്ചുനേരം അവിടത്തന്നെ നിന്നു. മഴത്തുള്ളികൾ ശരണംമന്ത്രം ചൊല്ലി പടി കയറിയിറുങ്ങന്നതും ഇറങ്ങുന്നതും നോക്കി കുറച്ചുനേരം നിന്നു. ശ്രീകോവിലിനു മുന്നിലെത്തിയപ്പോൾ അവിടെ ആരുമുണ്ടായിരുന്നില്ല.
അതിൽപിന്നെയും പലവട്ടം ശബരിമലയിൽ ഞാൻ വന്നിട്ടുണ്ട്. അത് ദർശനത്തിനായിരുന്നില്ല. നിത്യേനെ മാറിക്കൊണ്ടിരിക്കുന്ന ഈ മല കാണാൻ. പല കോണിൽ നിന്ന് സ്വാമിമാർ ദർശനസൗഭാഗ്യത്തോടെ മലകയറുമ്പോൾ ഈ കാടിന്റെയും മലയുടെയും വേദനയുടെ മനസ്സിൽ ഏറ്റുവാങ്ങിക്കൊണ്ടാണ് ഓരോ തവണയും ഞാൻ മടങ്ങിപ്പോയത്.
മലകയറുന്നവരോട് പ്രത്യേകമായി എന്തെങ്കിലും പറയാനുണ്ടോ?
ഇതിൽ കൂടുതലായി ഒന്നും പറയാനില്ല. കരുതലോടെ മല കാക്കുക. ഇത്രമാത്രം.▮