യാന്ത്രികമാകരുത്​, പരിസ്ഥിതിലോല മേഖലാ ക്ലാസിഫിക്കേഷൻ

സു​പ്രീംകോടതി ഉത്തരവ്​ അശാസ്​ത്രീയം

പരിസ്​ഥിതിലോല പ്രദേശം ഐഡന്റിഫൈ ചെയ്യാനുള്ള സയന്റിഫിക് മെത്തഡോളജിയായി നമുക്കുമുന്നിലുള്ളത്, വെസ്​റ്റേൺ ഗാട്ട്​സ്​ ഇക്കോളജി എക്​സ്​പെർട്ട്​ പാനൽ റിപ്പോർട്ട് മുന്നോട്ടുവച്ച രീതിശാസ്ത്രം മാത്രമാണ്​. അതിനേക്കാൾ മികച്ചത് ഇല്ല. ജനപങ്കാളിത്തം പൂർണമായി ഉറപ്പുവരുത്തി മാത്രമേ പരിസ്ഥിതി സംരക്ഷണം പാടുള്ളൂ എന്ന നിലപാട് എടുക്കുന്ന ആ റിപ്പോർട്ട് നടപ്പാക്കുക എന്നതുമാത്രമാണ്​ നമുക്കുമുന്നിലെ ഏറ്റവും ശരിയായ വഴി.

കെ. കണ്ണൻ: വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ വീതിയിലെങ്കിലും പരിസ്ഥിതിലോല മേഖല വേണമെന്ന സുപ്രീംകോടതി നിർദേശം, കേരളത്തിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണല്ലോ. സംസ്ഥാനത്തെ അഞ്ച് ദേശീയോദ്യാനങ്ങളിൽ നാലും സ്ഥിതിചെയ്യുന്ന, നാല് വന്യജീവിസങ്കേതങ്ങളുള്ള, 3770 ചതുരശ്രകിലോമീറ്റർ വനമുള്ള, ഇടുക്കി ജില്ലയുടെ സമ്പൂർണ തകർച്ചക്ക് ഈ നിർദേശം വഴിയൊരുക്കുമെന്ന ആശങ്ക പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്. ജനവാസമേഖല ഒഴിവാക്കിവേണം പരിസ്ഥിതിലോലമേഖല നിർണയിക്കാൻ എന്ന നിലപാട്, സംസ്​ഥാന സർക്കാർ ആവർത്തിച്ചിട്ടുണ്ട്. പാരിസ്ഥിതിക ദുരന്തങ്ങൾ കണക്കിലെടുത്ത് സംരക്ഷിത വനമേഖലകളോടും ദേശീയ ഉദ്യാനങ്ങളോടും ചേർന്നുകിടക്കുന്ന മനുഷ്യവാസ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സംരക്ഷിതപ്രദേശങ്ങൾക്കുചുറ്റും ഒരു കിലോമീറ്റർ വരെ ഇക്കോ സെൻസിറ്റിവിറ്റി മേഖലയയായി നിശ്ചയിച്ചുകൊണ്ട്​, കരടുവിജ്ഞാപന നിർദേശങ്ങളിൽ മാറ്റം വരുത്താൻ, 2019 ഒക്‌ടോബർ 23നുചേർന്ന മന്ത്രിസഭായോഗം തത്വത്തിൽ അംഗീകാരം നൽകിയിരുന്നതാണ്. രണ്ട് പ്രളയങ്ങളുടെ സാഹചര്യത്തിൽ പൊതുതാൽപര്യം മുൻനിർത്തിയായിരുന്നു ഈ ഉത്തരവ് എന്നാണ് ഇപ്പോൾ വനംമന്ത്രി പറയുന്നത്. ഇത്തരം പലതരം വൈരുധ്യങ്ങൾ, നയപരമായി ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നു. മാത്രമല്ല, മുമ്പ്, പശ്ചിമഘട്ട നിയന്ത്രണങ്ങൾ കൊണ്ടുവന്നപ്പോൾ കേരളത്തിലുണ്ടായ പ്രതികരണങ്ങളുടെ സ്വഭാവത്തിലേക്ക്, ഈ സുപ്രീംകോടതി നിർദേശവും കേരളത്തെ കൊണ്ടുപോകുകയാണ്. അവയിൽ പലതും വൈകാരികവും പരിസ്ഥിതിവിരുദ്ധവുമായ വാദങ്ങളെ പിൻപറ്റുന്നതുമാണ്. കേരളത്തിന്റെ വനത്തെയും പരിസ്ഥിതിയെയും ജനജീവിതത്തെയും സംബന്ധിച്ച്
പൊതുതാൽപര്യത്തെയും ശാസ്ത്രീയതയെയും ‘ബാലൻസ്' ചെയ്യുന്ന നിലപാട് എന്തായിരിക്കണം, ഈ വിഷയത്തിൽ?

ഡോ. ടി.വി. സജീവ്: സുപ്രീംകോടതി ഉത്തരവ് ശാസ്ത്രീയമായി ശരിയല്ല, യാന്ത്രികമായി ചെയ്യാവുന്ന ഒരു കാര്യമല്ല, പരിസ്ഥിതിലോല മേഖല ക്ലാസിഫൈ ചെയ്യുക എന്നത്. അതിന് കൃത്യമായ രീതിശാസ്ത്രമുണ്ട്. അതനുസരിച്ച്, പശ്ചിമഘട്ടമേഖലകളിലെ പരിസ്ഥിതിലോല മേഖലകൾ കണ്ടെത്തുന്ന പ്രക്രിയ നടന്നതുമാണ്. 2011ൽ തന്നെ അത്തരത്തിലൊരു ശാസ്ത്രീയ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടതുമാണ്. The Western Ghats Ecology Expert Panel (WGEEP) റിപ്പോർട്ടിന്റെ രീതിശാസ്ത്രം ഇങ്ങനെയായിരുന്നു: പശ്ചിമഘട്ടമേഖല ആദ്യം തരംതിരിക്കുകയും അതിനുശേഷം ആ പ്രദേശത്തെ ഒമ്പതു കിലോമീറ്റർ X ഒമ്പത് കിലോമീറ്റർ ഗ്രിഡുകളായി തിരിക്കുകയും ചെയ്​തു. പിന്നീട്​, ഓരോ ഗ്രിഡിലെയും സവിശേഷ ഡാറ്റ ശേഖരിച്ചു. അതായത്, ആ പ്രദേശത്തിന്റെ ഉയരം, ചെരിവ്, സസ്യങ്ങൾ, ജന്തുജാലങ്ങൾ, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ, അപകടസാധ്യതയുള്ള സ്ഥലങ്ങൾ, കാലാവസ്ഥ, കൃഷി, കന്നുകാലി വളർത്തൽ, ഗതാഗത സംവിധാനങ്ങൾ- ഇങ്ങനെ പതിനെട്ട് വ്യത്യസ്ത പാരാമീറ്ററുകളിലുള്ള ഡാറ്റ ശേഖരിച്ച് അതിനൊരു വാല്യു നിശ്ചയിക്കുകയാണ് ചെയ്തത്. ഏതൊക്കെ ഗ്രിഡുകൾക്കാണ് സ്വഭാവിക വനത്തിന്റെ അത്ര തന്നെയോ അതിനേക്കാൾ ഏറെയോ മൂല്യം കിട്ടിയത്, അതിനെ ഇക്കോളജിക്കൽ സെൻസിറ്റീവ് സോൺ- വൺ ആയി ക്ലാസിഫൈ ചെയ്​തു. അതിനുതാഴെ സോൺ- 2, 3 എന്നിങ്ങനെ നിർവചിക്കപ്പെട്ടു. മൂന്നുമേഖലകളും ചേർത്തെടുത്താൽ, മനുഷ്യന്റെ ജീവസന്ധാരണത്തിനാവശ്യമായ എല്ലാം ചെയ്യാനാകും. പക്ഷെ, അത് എവിടെ ചെയ്യണം എന്നത് പ്രധാനമാണ്. സോൺ വണ്ണിലും ടുവിലും ത്രീയിലും ചെയ്യാവുന്ന കാര്യങ്ങളുണ്ട്.

കേരളത്തിന്റെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ആരോഗ്യകരമായ ചർച്ച നടക്കണമെങ്കിൽ ആദ്യം ചെയ്യേണ്ടത്, പാറമടകളെ ദേശസാൽക്കരിക്കുക എന്നതാണ്. ഇത് സർക്കാർ ചെയ്യേണ്ടതാണ്. ഓരോ ആളുകൾക്കും വീട് വെക്കാൻ ആവശ്യമായ പാറ കൊടുക്കാനുള്ള ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണം

ഈ റിപ്പോർട്ടിനോടുള്ള പ്രതികരണം അശ്രദ്ധയോടെയുള്ളതായിരുന്നു. ധാരാളം നുണകൾ പ്രചരിപ്പിക്കപ്പെട്ടു. കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങളും കത്തോലിക്ക സഭയുമെല്ലാം ഈ റിപ്പോർട്ടിനെതിരെ രംഗത്തുവന്നു. റിപ്പോർട്ട് വളരെ വൈകിയാണ്, ശാസ്ത്രസാഹിത്യ പരിഷത്ത് മലയാളത്തിലേക്ക് തർജമ ചെയ്തത്. അതിനുശേഷം, തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചർച്ചകൾ തുടങ്ങിയതുതന്നെ. അതിനുശേഷം, ഈ റിപ്പോർട്ട് നടപ്പാക്കുന്നതിന്റെ രീതികളെക്കുറിച്ച് അന്വേഷിക്കാൻ മറ്റൊരു ഹൈപവർ ഗ്രൂപ്പിനെ കേന്ദ്ര സർക്കാർ തന്നെ നിയോഗിക്കുകയും അവർ അത് പരിശോധിക്കുകയും, ഗ്രേഡഡ് ആയ രീതിയിൽനിന്ന് മാറി, ഇക്കോളജിക്കൽ സെൻസിറ്റീവ് സോൺ എന്ന ഒരൊറ്റ കാറ്റഗറിയിലേക്ക് ചുരുക്കുകയും ചെയ്തു. അതിനുശേഷം, കേരളത്തിനു മാത്രമായി ഉമ്മൻ വി. ഉമ്മന്റെ നേതൃത്വത്തിൽ ഒരു മൂന്നംഗ സമിതി പരിശോധിച്ചു. ഇപ്പോൾ സംരക്ഷിക്കപ്പെടുന്ന വനം മാത്രമേ ഇക്കോളജിക്കൽ സെൻസിറ്റീവ് സോൺ ആകേണ്ടതുള്ളൂ എന്ന നിലപാടിലെത്തുകയായിരുന്നു ഈ സമിതി. ഇത് വളരെ അപകടകരമായ പ്രക്രിയയായിരുന്നു.

എടുത്തുപറയേണ്ട ഒരു കാര്യം, ആദ്യ റിപ്പോർട്ടിൽ (WGEEP), മനുഷ്യനെ പുറത്താക്കി സംരക്ഷണം സാധ്യമാകില്ല എന്ന് കൃത്യമായി പറഞ്ഞിരുന്നു. അതുകൊണ്ട് പശ്ചിമഘട്ട ഇക്കോളജി അതോറിറ്റി രൂപീകരിക്കുകയും അത് മുന്നോട്ടുവക്കുന്ന നിലപാടുകൾ മുൻനിർത്തി, സവിശേഷമായ പ്രാദേശിക പ്രാധാന്യം കണക്കിലെടുത്ത് സോണുകളുടെ അതിർവരമ്പുകൾ തീരുമാനിക്കേണ്ട ഉത്തരവാദിത്തം അതാത് ഗ്രാമസഭകളെ ഏൽപ്പിച്ചുകൊടുക്കുന്ന രീതിയായിരുന്നു ആദ്യ റിപ്പോർട്ടിലുണ്ടായിരുന്നത്.

രണ്ടാമത്തെ റിപ്പോർട്ട് ചോദിച്ച ഒരു കാര്യം, എങ്ങനെയാണ് ഇത്ര പ്രധാനപ്പെട്ട വിഷയങ്ങളിൽ തീരുമാനമെടുക്കുന്നത് ഗ്രാമീണരെയും നിരക്ഷരരായ ആദിവാസികളെയും ഏൽപ്പിക്കുക എന്നതാണ്. മൂന്നാമത്തെ റിപ്പോർട്ടിലെത്തിയതോടെ, ഇക്കോളജിക്കൽ സെൻസിറ്റീവ് സോൺ എന്ന സംജ്ഞ ഇല്ലാതായി.

എന്തുകൊണ്ടാണ്, പാറ പോലെ, പൊതുജനങ്ങളുടെ സ്വത്ത്, ഒരു Common Property Resource, ഒരു സ്വകാര്യ വ്യക്തിയുടേതാകുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരം എനിക്കിതുവരെ കിട്ടിയിട്ടില്ല.

എന്തുകൊണ്ടാണ്, കേരളത്തിൽ ഇത്ര വ്യാപകമായ പ്രതിഷേധമുണ്ടാകുന്നു എന്നു ചോദിച്ചാൽ, മറ്റൊരു കാര്യം പരിഗണിക്കേണ്ടതായി വരും. അത്, കേരളത്തിലെ കരിങ്കൽ ക്വാറികൾ നടത്തുന്ന ആളുകളുമായി ബന്ധപ്പെട്ട ഇടപെടലുകളാണ്. ഇക്കോളജിക്കൽ സെൻസിറ്റീവ് സോൺ എന്ന ആശയം മുന്നോട്ടുവക്കപ്പെട്ടപ്പോൾ, ക്വാറികൾ നടത്തുന്നവരാണ് ഏറ്റവും പേടിച്ചത്. ക്വാറികൾ എല്ലായിടത്തും നിർബാധം നടത്താൻ ബുദ്ധിമുട്ടാകും എന്ന് മനസ്സിലാക്കി, അവരാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് വലിയ ഊർജം പകർന്നത്. ധാരാളം രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും മറ്റും പ്രധാന ഫണ്ടിംഗ് ഏജൻസികളായി പ്രവർത്തിക്കുന്നത് പാറമടകളാണ്. തിരുവനന്തപുരത്തൊക്കെ ഇതുസംബന്ധിച്ച്​ശാസ്ത്രീയപഠനങ്ങളുണ്ടായിട്ടുണ്ട്. ഒരു പഞ്ചായത്തിൽ പെട്ടെന്നൊരു പ്രശ്‌നമുണ്ടാകുന്ന സമയത്ത്, സഹായിക്കാനുണ്ടാകുക പാറമട മുതലാളിമാരാണ് എന്ന അവസ്ഥയിലേക്കുവരെ കാര്യങ്ങൾ എത്തിയിട്ടുണ്ട്. പഞ്ചായത്തുതലത്തിൽ, പല ജനപ്രതിനിധികളും അധികാരമേൽക്കുന്നതുവരെ ക്വാറികൾക്കെതിരെ സമരം ചെയ്യും, അധികാരത്തിലെത്തിയാൽ, ക്വാറി തുടങ്ങാൻ ഇവർ തന്നെ എല്ലാ സഹായവും ചെയ്തുകൊടുക്കും. എത്രയോ ഉദാഹരണങ്ങൾ നമുക്കിടയിലുണ്ട്​.

വടക്കൻ കേരളം, മധ്യ കേരളം, തെക്കൻ കേരളം എന്നിവിടങ്ങളിൽ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ പാനലും (WGEEP), കസ്തൂരിരംഗൻ സമിതിയും (HLWG) പരിസ്ഥിതി ലോല പ്രദേശങ്ങളായി രേഖപ്പെടുത്തിയ സ്ഥലങ്ങളിലെ ക്വാറി പ്രവർത്തനത്തെ സൂചിപ്പിക്കുന്ന ഭൂപടം

എന്തുകൊണ്ടാണ്, പാറ പോലെ, പൊതുജനങ്ങളുടെ സ്വത്ത്, ഒരു Common Property Resource, ഒരു സ്വകാര്യ വ്യക്തിയുടേതാകുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരം എനിക്കിതുവരെ കിട്ടിയിട്ടില്ല. ഇപ്പോഴത്തെ മനുഷ്യർക്കുമാത്രമല്ല, വരാൻ പോകുന്ന തലമുറകളെ സംബന്ധിച്ചും പ്രധാനപ്പെട്ട ഒരു വിഭവമാണ് പാറ. അതുവച്ചിട്ട് എങ്ങനെയാണ് ഒരു സ്വകാര്യവ്യക്തി അതിസമ്പന്നനായി മാറുക? എങ്ങനെയാണ്, അങ്ങനെ കിട്ടുന്ന പണം കൊണ്ട് എല്ലാ രാഷ്ട്രീയ സംവിധാനങ്ങളെയും നിയന്ത്രിക്കുക? നമ്മുടെ ജനാധിപത്യത്തെ പാടേ അട്ടിമറിക്കുന്ന ഒരു പ്രക്രിയയായി, ഈ ഭൂമിയിലെ വിഭവത്തിന്റെ ഉപയോഗം മാറിയതായി നമുക്ക് കാണാനാകും.

കേരളത്തിന്റെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ആരോഗ്യകരമായ ചർച്ച നടക്കണമെങ്കിൽ ആദ്യം ചെയ്യേണ്ടത്, പാറമടകളെ ദേശസാൽക്കരിക്കുക എന്നതാണ്. ഇത് സർക്കാർ ചെയ്യേണ്ടതാണ്. ഓരോ ആളുകൾക്കും വീട് വെക്കാൻ ആവശ്യമായ പാറ കൊടുക്കാനുള്ള ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണം, അത് സർക്കാറിന്റെ പൊതുസ്വത്താണ് എന്ന നിലയ്ക്ക് കൈകാര്യം ചെയ്യണം. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രണ്ട് പ്രകടനപത്രികകളിലും ഈ നിർദേശമുണ്ടായിരുന്നു. അത് കൃത്യമായി നടപ്പാക്കുക എന്നത് പ്രധാനമാണ്. പാറ ഖനനമേഖല പൊതുമേഖലയിലാക്കിയതിനുശേഷം മാത്രമേ ശരിയായ തരത്തിലുള്ള ഒരു പരിസ്ഥിതി ചർച്ച കേരളത്തിൽ നടക്കാൻ സാധ്യതയുള്ളൂ.
അതുകൊണ്ടുതന്നെ യാന്ത്രികമായി, ഒരു കിലോമീറ്ററിൽ ഇക്കോളജിക്കൽ സെൻസിറ്റീവ് സോൺ തീരുമാനിക്കുന്നത് ശാസ്ത്രീയമായി ശരിയല്ല. വീണ്ടും മുന്നോട്ടുപോയി, The Western Ghats Ecology Expert Panel റിപ്പോർട്ട് മുന്നോട്ടുവച്ച രീതിശാസ്ത്രം ഉപയോഗിച്ചുതന്നെ കാര്യങ്ങൾ ചെയ്യണം. പത്തുവർഷം കഴിഞ്ഞതിനാൽ, ഡാറ്റ അപ്‌ഡേഷൻ നടത്താം. അതേ രീതിശാസ്ത്രം എന്നു പറയാൻ കാരണം, അതുമാത്രമാണ് ഇക്കോളജിക്കൽ സെൻസിറ്റീവ് സോൺ ഐഡന്റിഫൈ ചെയ്യാനുള്ള സയന്റിഫിക് മെത്തഡോളജിയായി നമുക്കുമുന്നിലുള്ളത്. അതിനേക്കാൾ മികച്ചത് ഇല്ല. മാത്രമല്ല, ജനപങ്കാളിത്തം പൂർണമായി ഉറപ്പുവരുത്തി മാത്രമേ പരിസ്ഥിതി സംരക്ഷണം പാടുള്ളൂ എന്ന നിലപാട് എടുക്കുന്ന ആ റിപ്പോർട്ട് നടപ്പാക്കുക എന്നതുമാത്രമാണ്​ നമുക്കുമുന്നിലെ ഏറ്റവും ശരിയായ വഴി.

തദ്ദേശ സ്ഥാപന അധ്യക്ഷന്മാർക്കും സെക്രട്ടറിമാർക്കും കാട്ടുപന്നിയെ വെടിവെക്കാൻ അധികാരം നൽകുന്ന ഉത്തരവ്, യഥാർഥത്തിൽ, വനംവകുപ്പിന്റെ അധികാരങ്ങൾ ചോർന്നുപോകുന്നതിന്റെ ലക്ഷണമായി തന്നെ കാണണം.

വന്യജീവികളും മനുഷ്യരും തമ്മിലുള്ള സംഘർഷം വർധിച്ചുവരുന്ന സാഹചര്യമുണ്ട്. ഇതിനിടെയാണ്, തദ്ദേശ സ്ഥാപന അധ്യക്ഷന്മാർക്കും സെക്രട്ടറിമാർക്കും കാട്ടുപന്നിയെ വെടിവെക്കാൻ അധികാരം നൽകുന്ന ഉത്തരവ് സംസ്ഥാന സർക്കാർ പുറത്തിറക്കിയത്. സംസ്ഥാനത്തെ 406 വില്ലേജുകൾ രൂക്ഷമായ കാട്ടുപന്നി ശല്യം നേരിടുന്ന ‘ഹോട്ട് സ്‌പോട്ടു'കളായി, സംസ്ഥാന സർക്കാർ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നൽകിയ പട്ടികയിൽ പറയുന്നുണ്ട്. ഇത്തരം താൽക്കാലികവും ജനപ്രിയവുമായ നടപടികൾ വന്യജീവികളും മനുഷ്യരും തമ്മിലുള്ള സംഘർഷത്തെ നേരിടാൻ പര്യാപ്തമാണോ? പാരിസ്ഥിതികാവബോധത്തെക്കുറിച്ചുള്ള ഏറ്റവും ആധുനികമായ പാഠങ്ങളിൽനിന്ന് കേരളീയ സമൂഹത്തെ അന്യവൽക്കരിക്കാൻ ബോധപൂർവശ്രമം നടക്കുന്നതായി തോന്നിയിട്ടുണ്ടോ?

തദ്ദേശ സ്ഥാപന അധ്യക്ഷന്മാർക്കും സെക്രട്ടറിമാർക്കും കാട്ടുപന്നിയെ വെടിവെക്കാൻ അധികാരം നൽകുന്ന ഉത്തരവ്, യഥാർഥത്തിൽ, വനംവകുപ്പിന്റെ അധികാരങ്ങൾ ചോർന്നുപോകുന്നതിന്റെ ലക്ഷണമായി തന്നെ കാണണം. അതിനൊരു ചരിത്രപരമായ കാരണവുമുണ്ട്. വന്യജീവി ആക്രമണം ഏറിവരികയാണ്. കാട്ടുപന്നികൾ മാത്രമല്ല, ആനയും കടുവയും മയിലുമടങ്ങുന്ന ധാരാളം ജീവികൾ മനുഷ്യരുമായി സംഘർഷത്തിലേർപ്പെടുന്നുണ്ട്. ഇതിന് കൊടുക്കുന്ന നഷ്ടപരിഹാരത്തുക വർഷം ചെല്ലുംതോറും കൂടിക്കൂടി വരികയാണ്. കഴിഞ്ഞ നാലഞ്ചുവർഷത്തിനിടെ, ധാരാളം സെമിനാറുകളും കോൺഫറൻസുകളും ഈ വിഷയത്തിൽ നടന്നിട്ടുണ്ട്. എങ്കിലും, മൂർത്തമായ പരിഹാരത്തിലെത്താനായിട്ടില്ല. അതുകൊണ്ടുതന്നെ, ഈ വിഷയത്തെ കുറെക്കൂടി ആഴത്തിൽ പരിശോധിക്കേണ്ടതുണ്ട്.

കാട്ടുപന്നിയെപ്പോലൊരു ജീവിയെ കൊന്ന് മണ്ണിൽ കുഴിച്ചിടുക എന്നത്​, ലളിതമായ ഭാഷയിൽ പറഞ്ഞാൽ അഹങ്കാരമാണ്. അത്ര ഗംഭീരമായ ഒരു ഫുഡ് സോഴ്‌സാണ് അത്.

കാട്ടുപന്നിയിൽനിന്നുതന്നെ തുടങ്ങാം. കാടില്ലാത്ത ആലപ്പുഴ ജില്ലയിൽ വരെ കാട്ടുപന്നി എത്തിക്കഴിഞ്ഞു. വനത്തിൽ നിന്ന് നാൽപതോ അമ്പതോ കിലോമീറ്റർ അകലെ വരെ, ഇവയുടെ ബ്രീഡിംഗ് പോപ്പുലേഷൻ എത്തിക്കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഒരു പ്രധാന കാരണം, ഇവർക്ക്​ നാട്ടിൽ കുറെക്കൂടി സുരക്ഷിതമായ ജീവിതം സാധ്യമാകുന്നു എന്നതാണ്. നമ്മുടെ വെയ്‌സ്റ്റ് മാനേജുമെൻറ്​ സംവിധാനം പടേ തകരാറിലായതിനെതുടർന്ന്, ഇവർക്ക്​ ധാരാളം ഭക്ഷണം നാട്ടിൽതന്നെ ലഭിക്കുന്നു. റബറിന് വില കുറയുന്ന സമയത്ത്, തോട്ടങ്ങളിൽ അടിക്കാടുകൾ വെട്ടാതാകുമ്പോൾ, അവിടെ നല്ല ഒളിത്താവളങ്ങളുണ്ടാകുന്നുണ്ട്. ഇതുകൂടാതെ, കാട്ടിൽ ഇവരെ പിടിച്ചുതിന്നുന്ന ജീവികളുടെ സാന്നിധ്യവും നാട്ടിൽ കുറവാണ്. ഈ കാരണങ്ങൾ കൊണ്ട് ഇവർ പുറത്തേക്ക് വ്യാപിക്കും.

വനംവകുപ്പിനെ അപകോളനീകരിക്കേണ്ടതുണ്ട്. കൊളോണിയൽ കാലത്തെ മൂല്യബോധത്തെ മനസ്സിൽ വച്ചുകൊണ്ട് കാടിനെ പരിപാലിക്കാൻ പറ്റില്ല എന്ന് തിരിച്ചറിയണം.

പണ്ട് കേരളത്തിൽ മൂന്നുതരം പന്നികളാണുണ്ടായിരുന്നത്. വീടുകളിൽ വളർത്തുന്നവയും കാട്ടുപന്നികളും. ഇവർക്കിടയിൽ, അലഞ്ഞുതിരിഞ്ഞുനടക്കുന്ന, തെരുവുനായ്ക്കൾക്കുസമാനമായ തെരുവുപന്നി (feral pig) കളുമുണ്ടായിരുന്നു. ഈ വിഭാഗം ഇപ്പോൾ പൂർണമായും ഇല്ലാതായി. കേരളത്തിൽ, തമിഴ്‌നാടിനോടു ചേർന്ന ഭാഗങ്ങളിൽ മാത്രമേ നമുക്ക് ഇവരെ കാണാനാകുന്നുള്ളൂ. അതുകൊണ്ടുതന്നെ, അവർ ഒഴിവാക്കിപ്പോയ ഇടം കാട്ടുപന്നികൾ occupy ചെയ്യുകയാണ്. ഇങ്ങനെ സംഭവിക്കുമ്പോൾ, കാട്ടിലുള്ള പന്നികളുടെ എണ്ണം കൂടുകയും കൂടിയ എണ്ണം പുറത്തേക്കുവരികയും ചെയ്യും. മറ്റൊരു സാധ്യത, കാട്ടിലുള്ള പന്നികൾ പുറത്തേക്ക് ഇറങ്ങിവരിക എന്നതാണ്. അല്ലെങ്കിൽ, ഇതിന്റെ ഒരു കോമ്പിനേഷനുമാകാം, പ്രദേശിക വ്യത്യാസങ്ങളോടെ.

എന്താണ് യഥാർഥത്തിൽ സംഭവിക്കുന്നത് എന്ന് കണ്ടെത്തിയശേഷമാകണം, പരിഹാരത്തെക്കുറിച്ച് ആലോചിക്കാൻ. എണ്ണം കൂടിയിട്ടാണ് നാട്ടിലേക്ക് എത്തുന്നതെങ്കിൽ, എണ്ണം കുറയ്ക്കാനുള്ള നടപടികളിലേക്ക് പോകേണ്ടിവരും. പൂർണമായും മൈഗ്രേറ്റ് ചെയ്ത് വന്നതാണെങ്കിൽ അവരെ റീ ലൊക്കേറ്റ് ചെയ്യേണ്ടിവരും. ലഭ്യമായ വിവരമനുസരിച്ച്, ട്രാൻസ് ലൊക്കേറ്റ് ചെയ്തതായാണ് മനസ്സിലാകുന്നത്. അതുകൊണ്ട്, ഇവരുടെ റീ ലൊക്കേഷൻ പരിഗണിക്കേണ്ടതുണ്ട്.

സുൽത്താൻ ബത്തേരി നഗരത്തിലെ ട്രാൻസ്‌ഫോമർ വേലിക്കുള്ളിൽ കുടുങ്ങിയ കാട്ടുപന്നി. 'കാടില്ലാത്ത ആലപ്പുഴ ജില്ലയിൽ വരെ കാട്ടുപന്നി എത്തിക്കഴിഞ്ഞു. വനത്തിൽ നിന്ന് നാൽപതോ അമ്പതോ കിലോമീറ്റർ അകലെ വരെ, ഇവയുടെ ബ്രീഡിംഗ് പോപ്പുലേഷൻ എത്തിക്കഴിഞ്ഞിട്ടുണ്ട്.'

മറ്റൊരു പ്രധാന കാര്യം, കാട്ടുപന്നിയെപ്പോലൊരു ജീവിയെ കൊന്ന് മണ്ണിൽ കുഴിച്ചിടുക എന്നത്​, ലളിതമായ ഭാഷയിൽ പറഞ്ഞാൽ അഹങ്കാരമാണ്. അത്ര ഗംഭീരമായ ഒരു ഫുഡ് സോഴ്‌സാണ് അത്, വളരെ ന്യുട്രിറ്റീവായ മെറ്റീരിയൽ.

പ്രശ്​നപരിഹാരത്തെക്കുറിച്ച്​ ആലോചിക്കുമ്പോൾ, അടിസ്ഥാനപരമായി പ്രവർത്തിക്കുന്ന ഒരു ഘടകം, വനം- വന്യജീവി സംരക്ഷണം, ജനപങ്കാളിത്തത്തോടെ മാത്രമേ സാധ്യമാകൂ എന്ന തിരിച്ചറിവാണ്​. ഇതിനുള്ള ഒരു ശ്രമവും വനംവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. 2006ൽ തന്നെ പങ്കാളിത്ത വന പരിപാലനത്തിന്​ ശ്രമം തുടങ്ങിയിരുന്നുവെങ്കിലും അത് പൂർണാർഥത്തിൽ ഏറ്റെടുക്കുകയുണ്ടായില്ല. വനംവകുപ്പ് തീരുമാനിക്കുന്ന ജോലികൾ ആളുകളെക്കൊണ്ട് ചെയ്യിക്കുന്ന പ്രക്രിയയായി അത് മാറിയിട്ടുണ്ട്. കാടിനെക്കുറിച്ച് നിരവധി അറിവുകളുള്ള, സാംസ്‌കാരിക തനിമയുള്ള ആദിമനിവാസികളെയടക്കം, ടൂറിസ്റ്റുകളുടെ വെയ്‌സ്റ്റ് എടുത്തുമാറ്റുന്ന ജോലിയിൽ നിയോഗിക്കുകയും അവർക്ക് ശമ്പളം കൊടുക്കുകയും ചെയ്യുന്ന പ്രക്രിയയാണ്​ പങ്കാളിത്ത പരിപാലനം എന്നാണ് ധരിച്ചുവച്ചിരിക്കുന്നത്. അതിൽനിന്ന് വ്യത്യസ്തമായി ജനങ്ങളെ കൂടി ചേർത്തുകൊണ്ട് കാട്ടിലെ പരിപാലനസംവിധാനങ്ങൾ ആലോചിക്കണം, അങ്ങനെ വനംവകുപ്പിനെ അപകോളനീകരിക്കേണ്ടതുണ്ട്. കൊളോണിയൽ കാലത്തെ മൂല്യബോധത്തെ മനസ്സിൽ വച്ചുകൊണ്ട് കാടിനെ പരിപാലിക്കാൻ പറ്റില്ല എന്ന് തിരിച്ചറിയണം. നമുക്ക്​ സ്വാതന്ത്ര്യം കിട്ടിയതായി ആദ്യം മനസ്സിലാക്കണം, ഒരു ജനാധിപത്യവ്യവസ്ഥക്കുള്ളിലാണ് നാം എന്ന് തിരിച്ചറിയണം, ജനങ്ങളെ പൂർണമായും വിശ്വാസത്തിലെടുത്ത്, അവരെ ചേർത്തുകൊണ്ട്, വനത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള സംവിധാനത്തെ മുന്നോട്ടുകൊണ്ടുവരണം. അങ്ങനെ മാത്രമേ വന്യജീവി സംഘർഷം എന്ന പ്രശ്‌നത്തെ ഫലപ്രദമായി നേരിടാനാകുകയുള്ളൂ. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഡോ. ടി.വി. സജീവ്​

പരിസ്​ഥിതി ശാസ്​ത്രജ്​ഞൻ. കെ.എഫ്.ആർ.ഐയിൽ സീനിയർ സയൻറിസ്​റ്റ്​. ദേശീയ, അന്താരാഷ്​ട്രീയ ജേണലുകളിൽ ഗവേഷണപ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

Comments