വനത്തെ ഇഞ്ചിഞ്ചായി ഇല്ലാതാക്കുന്ന ‘വന സംരക്ഷണ ബിൽ’

വന (സംരക്ഷണ) ഭേദഗതി ബിൽ- 2023 കേന്ദ്ര ഗവൺമെൻറ്​ മാർച്ച്​ 29ന്​ലോക്‌സഭയിൽ അവതരിപ്പിച്ചു. ബില്ലിലെ വ്യവസ്​ഥകൾ ആദിവാസികൾക്കും വനസംരക്ഷണത്തിനും എതിരാണെന്ന പ്രതിപക്ഷ ആക്ഷേപത്തെ തുടർന്ന്​, ബിൽ ബി.ജെ.പി അംഗം തലവനായ സെലക്ട് കമ്മറ്റിക്ക് വിട്ടിരിക്കുകയാണ്​. രാജ്യത്തെ വന നിയമങ്ങളിൽ തുടർച്ചയായി വെള്ളം ചേർക്കപ്പെടുന്നതിന്റെ ഏറ്റവും ഒടുവിലത്തെ നടപടിയാണ്​ ഈ ബിൽ​. നരേന്ദ്രമോദി സർക്കാരിന്റെ ‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്' നയത്തിന് അനുരൂപമായ രീതിയിൽ വന നിയമങ്ങൾ മാറ്റപ്പെടുകയാണ്, കാടുകളെ ഇഞ്ചിഞ്ചായി ഇല്ലാതാക്കിക്കൊണ്ട്​.

തിവുപോലെ എല്ലാ ജനാധിപത്യ- പാർലമെന്ററി മര്യാദകളും കീഴ്​വഴക്കങ്ങളും ലംഘിച്ച്​ വന (സംരക്ഷണ) ഭേദഗതി ബിൽ- 2023 കേന്ദ്ര ഗവൺമെൻറ്​ മാർച്ച്​ 29ന്​ ലോക്‌സഭയിൽ അവതരിപ്പിച്ചു. വനം- പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവ് അവതരിപ്പിച്ച ഏഴോളം പേജുകൾ വരുന്ന ഈ ഭേദഗതി ബിൽ പാർലമെൻറ്​ സ്റ്റാൻഡിംഗ് കമ്മറ്റിയുടെ പരിശോധനയ്ക്ക് അയക്കുന്നതിനുപകരം മന്ത്രിയുടെ പ്രത്യേക നിർദ്ദേശ പ്രകാരം ബി.ജെ.പി അംഗം തലവനായ സെലക്ട് കമ്മറ്റിക്ക് വിടുകയാണ് ചെയ്തത്​.

ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം, ഗവൺമെൻറ്​ രൂപീകരിച്ച സെലക്ട് കമ്മറ്റിയിൽ പ്രതിപക്ഷത്തു നിന്നുള്ള ഒരൊറ്റ അംഗത്തെ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ എന്നതാണ്. തൃണമൂൽ കോൺഗ്രസ് എം.പി. ജവ്ഹർ സിർക്കാർ ഒഴിച്ചുള്ള മറ്റൊരാളെയും കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടില്ല. പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് ബിൽ വിടാതിരിക്കാനുള്ള പ്രധാന കാരണം, വനം-പരിസ്ഥിതി വകുപ്പുമായി ബന്ധപ്പെട്ട സ്റ്റാൻഡിംഗ് കമ്മറ്റിയുടെ അധ്യക്ഷൻ മുൻ വനം- പരിസ്ഥിതി മന്ത്രിയായിരുന്ന ജയ്‌റാം രമേശ് ആണെന്നുള്ളതാണ്. വനപരിപാലനത്തെ സംബന്ധിച്ച് അടിസ്ഥാന ശാസ്ത്ര ബോധ്യമുള്ള ജയ്‌റാം രമേഷിനെപ്പോലുള്ള ഒരാളുടെ മുന്നിലേക്ക് പുതിയ ഭേദഗതി ബിൽ എത്തുന്നത് തടയേണ്ടത് പ്രധാനമാണെന്ന് സർക്കാരിന് അറിയാം.

ഭൂപേന്ദർ യാദവ്

അപകടകരമായ ഇളവുകൾ

സംഘപരിവാർ ഗവൺമെന്റിനെ സംബന്ധിച്ച്​ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ് പേര് മാറ്റലാണ്. സ്ഥലനാമങ്ങളും കെട്ടിടനാമങ്ങളും ഒക്കെ മാറ്റി കാവിവൽക്കരിക്കുന്നതുപോലെ ഫോറസ്റ്റ് (കൺസർവേഷൻ) ആക്ട് ഇനി മുതൽ ‘വൻ (സംരക്ഷൺ ഏവം സംവർധൻ) അധിനിയം' എന്നായിരിക്കും അറിയപ്പെടുക. ഹിന്ദി ഇതര മേഖലകളിലെ ജനങ്ങളെ ഒട്ടും പരിഗണിക്കാതെയാണ് ഈ പേര് മാറ്റൽ ചടങ്ങ് നടത്തിയിരിക്കുന്നത്. എന്നാൽ രസകരമായ സംഗതി, നിയമവും ഭേദഗതികളും ഇപ്പോഴും ഇംഗ്ലീഷിൽ തന്നെയാണ് തയ്യാറാക്കിയിരിക്കുന്നത്.

നിലവിലുള്ള നിയമത്തിൽ ഭേദഗതി ആവശ്യമായി വരുന്നതിന്റെ ലക്ഷ്യങ്ങളും കാരണങ്ങളും അവതരിപ്പിച്ച്​, വനനിയമങ്ങൾ തെറ്റായി വ്യാഖ്യാനിക്കുന്നതിന് തടയിടുന്നതിനാണ് സർക്കാരിന്റെ ശ്രമം എന്ന് അവകാശവാദം ഉന്നയിക്കുന്നുണ്ട്. 1996-ലെ സുപ്രീംകോടതി വിധി ന്യായത്തെ മുൻനിർത്തി പ്രസ്തുത വിധിന്യായം ഭൂവിനിയോഗത്തിൽ മാറ്റം വരുത്തുന്നതിൽ തടസം സൃഷ്ടിക്കുമെന്ന ആശങ്ക പങ്കുവെച്ച്​ അവ പരിഹരിക്കാനുള്ള ശ്രമം നടത്തുകയാണെന്നാണ് സർക്കാർ വാദം.

ഭേദഗതി ബില്ലിലെ വാദങ്ങൾ കാണുക:

‘‘Further, prior to the Judgment of the Hon'ble Supreme Court, dated the 12th December, 1996 (in the matter of T.N. Godavarman Thirumulpad vs. Union of India and others), the provisions of the said Act were applied to notified forest lands and not to revenue forest areas, and non-forestry use in the revenue forest areas was allowed through permissions granted by the Government and various authorities. Subsequent to the said Judgment, the provisions of the Act were applied in the recorded forest areas including such recorded forests which had already been put to various type of non-forestry use, thereby restraining the authorities from undertaking any change in the land use and allowing any development or utility related work. Besides this, apprehensions prevailed regarding applicability of the Act in the plantations raised in private and Government non-forest lands. This situation resulted in misinterpretation of the provisions of the Act with respect to their applicability especially in recorded forest lands, private forest lands, plantations, etc. Therefore, it is considered necessary to prescribe the extent of applicability and non- applicability of the Act in various types of lands.’’ [See Full PDF]

വാസ്തവത്തിൽ, സുപ്രീംകോടതി ഗോദവർമൻ വിധിയിലെ ‘ഡീംഡ് ഫോറസ്റ്റ്' വ്യവസ്ഥകൾക്ക് പുതിയ ഭേദഗതി ബില്ലിലൂടെ വ്യവസ്ഥാപിതമായി ഇളവു നൽകുകയാണ് ചെയ്യുന്നത്. സുപ്രീംകോടതി വിധി പ്രകാരം സർക്കാർ രേഖയിൽ വനമായി അടയാളപ്പെടുത്തിയിട്ടുള്ള ഏതൊരു ഭൂമിക്കും ‘ഫോറസ്റ്റ് ക്ലിയറൻസ്' ആവശ്യമാണ്. പുതിയ ഭേദഗതിപ്രകാരം 1980 ഒക്ടോബർ 25-ന് ശേഷം വനമായി രേഖപ്പെടുത്തിയിട്ടുള്ള ഭൂമി മാത്രമേ ഉൾപ്പെടുത്താവൂ എന്ന് നിഷ്‌കർഷിക്കുന്നു. ഈയൊരു ഭേദഗതി രാജ്യത്തെ വനഭൂമിയുടെ നിലനിൽപ്പിന് വലിയ ഭീഷണിയാകും എന്നതിൽ തർക്കമില്ല. ഭൂവുടമസ്ഥത സമ്പ്രദായം അവസാനിപ്പിക്കുമ്പോൾ തന്നെ വനഭൂമിയെന്ന് രേഖപ്പെടുത്തപ്പെട്ട വലിയൊരു ഭാഗം വനഭൂമിയും വനം വകുപ്പിന്റെ കൈകളിലേക്ക് എത്തിപ്പെട്ടിരുന്നു. അതിർത്തി നിർണയത്തിലെ അപാകത, അഴിമതി എന്നിവ കാരണം കൈമാറ്റം ചെയ്യപ്പെട്ട വനഭൂമിയുടെ വലിയൊരു ഭാഗം ഇന്ത്യൻ ഫോറസ്റ്റ് ആക്റ്റ് അല്ലെങ്കിൽ സ്റ്റേറ്റ് ഫോറസ്റ്റ് നിയമങ്ങളുടെ അധീനതയിലാക്കാൻ സാധിച്ചിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. സുപ്രീംകോടതിയുടെ ‘ഗോദവർമൻ' വിധിപ്രസ്താവം ‘റെക്കോർഡ് വനങ്ങളുടെ' നാശം തടയിടുന്നതിന് സഹായകമായി. ഇതിനെയാണ് പുതിയ ഭേദഗതിയിലൂടെ അട്ടിമറിച്ചിരിക്കുന്നത്.

രേഖപ്പെടുത്തപ്പെട്ട വനങ്ങൾക്ക് ‘ഫോറസ്റ്റ് ക്ലിയറൻസ്' ആവശ്യമുണ്ടെന്ന വ്യവസ്ഥയിലും സാരമായ ഇളവനുവദിക്കാൻ ബിൽ ലക്ഷ്യമിടുന്നുണ്ടെന്ന് വ്യക്തമാണ്. പുതിയ ബില്ലിൽ ഒഴിവാക്കപ്പെടുന്ന മേഖലകൾ കാണുക:

(i) as is situated within a distance of one hundred kilometers along international borders or Line of Control or Line of Actual Control, as the case may be, proposed to be used for construction of strategic linear project of national importance and concerning national security; or (ii) up to ten hectares, proposed to be used for construction of security related infrastructure; or (iii) as is proposed to be used for construction of Defense related project or a camp for paramilitary forces or public utility projects, as may be specified by the Central Government, the extent of which does not exceed five hectares in a Left Wing Extremism affected area as may be notified by the Central Government."

അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് 100 കിലോമീറ്റർ ചുറ്റളവിലുള്ള വനങ്ങൾ, പ്രതിരോധ, അർദ്ധസൈനിക വിഭാഗങ്ങൾക്കുള്ള സ്ഥാപനങ്ങൾ, വനഭൂമിയിലെ പൊതുഉപയോഗങ്ങൾ തൊട്ട് ഇടത് തീവ്രവാദ ബാധിത മേഖലയെന്ന് കേന്ദ്ര ഗവൺമെൻറ്​ കണക്കാക്കിയ പ്രദേശങ്ങിൽ അടക്കം വനഭൂമിയുടെ വനതേതര ഉപയോഗത്തിന് വനം വകുപ്പിന്റെ ക്ലിയറൻസ് ആവശ്യമില്ലാത്ത രീതിയിലാണ് പുതിയ നിയമ ഭേദഗതി നിർദ്ദേശിച്ചിരിക്കുന്നത്. റെയിൽപ്പാതകൾക്കും റോഡുകൾക്കുമൊപ്പം (0.10 ഹെക്ടർ വരെ), സുരക്ഷാ അടിസ്ഥാന സൗകര്യ നിർമ്മാണത്തിനായി നിർദ്ദേശിക്കപ്പെട്ട പ്രദേശങ്ങളിലെ 10 ഹെക്ടറിൽ താഴെ വരുന്ന വനഭൂമിയെയും ഇത് ഒഴിവാക്കുന്നു.

സൈനികവൽക്കരിക്കപ്പെടുന്ന വനം

ഇടത് തീവ്രവാദ പ്രവർത്തനങ്ങൾ തടയാനുള്ള നടപടികളെന്ന പേരിൽ മധ്യ-കിഴക്കൻ ഇന്ത്യയിലെ വനപ്രദേശങ്ങളിൽ സൈനിക- അർദ്ധ സൈനിക വിഭാഗങ്ങളുടെ സാന്നിദ്ധ്യം കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ള വലിയ തോതിൽ വർദ്ധിപ്പിച്ചതായി കാണാം. ഛത്തീസ്ഗഢിലെ സിൽഗേറിൽ (ബസ്തർ മേഖല) സി ആർ പി എഫ് താവളം സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പതിനായിരക്കണക്കിന് ആദിവാസികൾ പ്രക്ഷോഭത്തിലേർപ്പെട്ടതും വനഭൂമി വനേതര ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നതിനെതിരെ കോടതിയെ സമീപിക്കാൻ നിശ്ചയിച്ചതും അടക്കമുള്ള പ്രശ്‌നങ്ങളെ മുന്നിൽകണ്ടുകൊണ്ടാണ് ഇത്തരമൊരു നിയമഭേദഗതിക്ക് സർക്കാർ പുറപ്പെട്ടിരിക്കുന്നത്. കശ്മീർ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും സൈനികവൽക്കരിക്കപ്പെട്ട പ്രദേശമായി, ധാതുവിഭവങ്ങളാൽ സമൃദ്ധമായ, ഛത്തീസ്ഗഢ്- ഝാർഖണ്ഡ്​ പ്രദേശങ്ങൾ മാറുന്നതും, അവിടെ സൈനികാവശ്യങ്ങൾക്കുള്ള നിർമ്മാണ പ്രവർത്തനങ്ങളെ വനം വകുപ്പിന്റെ അനുമതിയിൽ നിന്ന് ഒഴിവാക്കപ്പെടുന്നതും ദീർഘകാല ലക്ഷ്യം മുന്നിൽകണ്ടുകൊണ്ടുതന്നെയാണ്.

കോടതി വിധികളിലെ അവ്യക്തത, ഭൂവിനിയോഗത്തിലും, വികസന പ്രവർത്തനങ്ങളിലും മറ്റും സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങൾ പരിഹരിക്കാൻ, നിയമങ്ങളിൽ വ്യക്തതവരുത്തേണ്ടത് ആവശ്യമാണെന്ന് അവകാശപ്പെട്ടുകൊണ്ട് നടത്തിയ ഭേദഗതിയിൽ വളരെ അയഞ്ഞതരത്തിലുള്ള പദപ്രയോഗങ്ങൾ സർക്കാർ നടത്തിയിരിക്കുന്നത് കാണാം. ഉദാഹരണത്തിന് ‘നിർദ്ദേശിക്കപ്പെട്ടത്' (proposed), ‘പരിസ്ഥിതി വിനോദസഞ്ചാര സൗകര്യങ്ങൾ' (Ecotourism facilities), ‘മറ്റേതെങ്കിലും ആവശ്യങ്ങൾ' (any other purpose) തുടങ്ങിയ അവ്യക്തമായ പദപ്രയോഗങ്ങൾ നിക്ഷിപ്ത താൽപ്പര്യങ്ങൾക്കായി ദുരുപയോഗം ചെയ്യാൻ ധാരാളം അവസരം നൽകുന്നതാണ്. നിയമങ്ങളിലെ ഇത്തരത്തിലുള്ള അവ്യക്തത ഉപയോഗപ്പെടുത്തിക്കൊണ്ടാണ് നാളിതുവരെ വനങ്ങളും ആവാസ വ്യവസ്ഥകളും നശിപ്പിക്കപ്പെട്ടിട്ടുള്ളത്.

ആശയക്കുഴപ്പങ്ങൾ

ആഗോളതലത്തിൽ നടക്കുന്ന കാലാവസ്ഥാ പ്രവർത്തനങ്ങൾക്ക് അനുരൂപമായ രീതിയിൽ 2070- ഓടെ ‘നെറ്റ് സീറോ’ ലക്ഷ്യം കൈവരിക്കുമെന്ന പ്രഖ്യാപനവുമായ രാജ്യത്തിന്റെ വനമേലാപ്പ് (forest cover) വർദ്ധിപ്പിക്കാനുള്ള നടപടികളെ സംബന്ധിച്ചുള്ള പരാമർശവും പുതിയ ഭേദഗതികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2030- ഓടെ 2.5 മുതൽ 3 ബില്യൺ ടൺ വരെ അധിക കാർബൺ പിടിച്ചെടുക്കുന്നതിനായുള്ള കാർബൺ ശേഖരണി (carbon sink) ഇതിലൂടെ സൃഷ്ടിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും സർക്കാർ അവകാശപ്പെടുന്നുണ്ട്.

Photo: pxhere

കാലാവസ്ഥാ പ്രവർത്തനങ്ങളെ സംബന്ധിച്ച് അന്താരാഷ്ട്ര വേദികളിലും നിയമ നിർമ്മാണവേളയിലും നിരവധി പ്രഖ്യാപനങ്ങൾ സർക്കാർ നടത്തുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് വ്യക്തവും ശക്തവുമായ നയരൂപീകരണത്തിന് സർക്കാർ ഇതുവരെയും ശ്രമിച്ചിട്ടില്ലെന്ന് മാത്രമല്ല, പല വകുപ്പുകൾക്കിടയിലും ഇത് സംബന്ധിച്ച് ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുമുണ്ട്.

കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനായുള്ള ഇന്ത്യയുടെ പ്രഥമ ദേശീയ നിർണീത സംഭാവനകൾ (Nationally Determined Contributions- NDC) സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ച് നിരവധി വർഷങ്ങളായി. ലക്ഷ്യം എന്താണെന്നോ ഏത് അടിസ്ഥാന വർഷത്തിലാണ് ഇത് അളക്കേണ്ടതെന്നോ (ഇന്ത്യൻ ഫോറസ്റ്റ് അധികാരികൾക്ക് പോലും) ഇപ്പോഴും വ്യക്തമല്ല. പരിഷ്‌കരിച്ച എൻ ഡി സി യിലും ഇത് വ്യക്തമാക്കിയിട്ടില്ല. 2019-ൽ, ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ (എഫ്.എസ്.ഐ) ഇന്ത്യയുടെ വന ലക്ഷ്യത്തിൽ രണ്ടുതവണ പ്രത്യക്ഷപ്പെടുന്ന ‘അഡീഷണൽ' എന്ന പദത്തെയും കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനുള്ള വ്യകതമായ അടിസ്ഥാന വർഷത്തിന്റെ അഭാവത്തെയും ചോദ്യം ചെയ്​ത്​ ഒരു പ്രത്യേക റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. രണ്ട് നിർണായക ചോദ്യങ്ങളിൽ വ്യകതത വരുത്താൻ ഇന്ത്യയുടെ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം (MoEFCC) മന്ത്രാലയത്തോട് ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യ അഭ്യർത്ഥിച്ചു, ഇതില്ലാതെ NDC ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രവർത്തന പദ്ധതികൾ വികസിപ്പിക്കാനാവില്ലെന്നതായിരുന്നു എഫ്.എസ്. സിയുടെ നിലപാട്.

FSI റിപ്പോർട്ട് അനുസരിച്ച്, 2005 അടിസ്ഥാന വർഷമായിരിക്കുകയാണെങ്കിൽ, NDCക്ഷ്യത്തിന്റെ ഏറ്റവും അഭിലഷണീയമായ വ്യാഖ്യാനങ്ങളിൽ, രാജ്യത്തിന്റെ കാർബൺ സിങ്ക് 2030 ആകുമ്പോഴേക്കും 30.62 മുതൽ 34.87 ബില്യൺ ടൺ C_2e വരെ വ്യത്യാസപ്പെടേണ്ടതുണ്ട്. പ്ലാേന്റഷനുകൾ, പൂന്തോട്ടങ്ങൾ എന്നിവയെ കൂടാതെ ഏതുതരം ഹരിതമേലാപ്പുകളെയും ‘വനം' ആയി പരിഗണിക്കുന്നതിലൂടെ ഇന്ത്യയുടെ വനവിസ്തൃതി വർഷം തോറും വർദ്ധിക്കുന്നതായി കാണാം. 2020- ലെ മാത്രം കണക്കനുസരിച്ച്, വനനശീകരണം ഉൾപ്പെട്ട 367 പദ്ധതികളിൽ മൂന്നെണ്ണം മാത്രമാണ് MoEFCC -യും കാലാവസ്ഥാ മന്ത്രാലയവും നിരസിച്ചത്. 9,434 ഹെക്ടർ വനഭൂമി വ്യാവസായിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന കരാറുകളാണ് ഈ രീതിയിൽ ഒപ്പുവെക്കപ്പെട്ടത്. ഗ്ലോബൽ ഫോറസ്റ്റ് വാച്ചിന്റെ കണക്കു കൂടി ശ്രദ്ധിച്ചാൽ ഈയടുത്ത വർഷങ്ങളിൽ ഇന്ത്യയ്ക്ക് നഷ്ടമായ ‘ഹരിതകവച'ങ്ങളെ സംബന്ധിച്ച വ്യക്തമായ ധാരണ ലഭിക്കും.

2015-നും 2021-നും ഇടയിൽ 1 ദശലക്ഷം ഹെക്ടർ മരങ്ങൾ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടതായി ഗ്ലോബൽ ഫോറസ്റ്റ് വാച്ച് ചൂണ്ടിക്കാട്ടുന്നു. ഇത് 508 TMC_2e കാർബൺ സിങ്കിന് തുല്യമാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. 2005-നെ ബേസ്​ലൈൻ ആയി കണക്കാക്കുമ്പോൾ ഇത്തരത്തിൽ 899-​TMC_2e ന്​ തുല്യമായ കാർബൺ സിങ്കിനെ പ്രതിനിധീകരിക്കുന്ന 1.8 ദശലക്ഷം ഹെക്ടർ ഹരിതാവരണം ഇന്ത്യക്ക് നഷ്ടപ്പെട്ടതായി പറയുന്നു.

അധികാരം വനംവകുപ്പ് ഉദ്യോഗസ്ഥരിലേക്ക്

പുതുതായി അവതരിപ്പിക്കപ്പെട്ട ബിൽ ഇപ്പോൾ പാർലമെന്റിന്റെ സെലക്ട് കമ്മിറ്റിയുടെ പരിശോധനക്കയച്ചിരിക്കുകയാണ്. പാർലമെന്റിന്റെ മൺസൂൺ സെഷനിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. രാജ്യത്തിന്റെ വനങ്ങൾക്കും വന്യജീവികൾക്കും തിരിച്ചടിയായേക്കാവുന്ന നിയമ ഭേദഗതികളെ ആരംഭത്തിൽ തന്നെ ചോദ്യം ചെയ്യുകയും ശരിയായ പാതയിലേക്ക് നയിക്കുകയും ചെയ്യേണ്ടതുണ്ട്.

2023ലെ ഫോറസ്റ്റ് കൺസർവേഷൻ റൂൾസ് വന (സംരക്ഷണ) നിയമത്തിലെ ഭേദഗതികളെക്കുറിച്ച് ചർച്ച ചെയ്യുന്ന അവസരത്തിൽ കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ പാസാക്കിയ ഫോറസ്റ്റ് (കൺസർവേഷൻ) റൂൾസിനെ (Forest Conservation Rules- 2022)) കുറിച്ച് പരാമർശിക്കാതിരിക്കാൻ കഴിയില്ല.
വനസംരക്ഷണത്തിൽ പ്രാദേശിക സമൂഹത്തിന്റെ പങ്കാളിത്തത്തെ പൂർണ്ണമായും അട്ടിമറിക്കുന്ന രീതിയിൽ ഗ്രാമസഭകളുടെ അധികാരം വെട്ടിക്കുറയ്ക്കുകയും, ‘പെസ’ (The Panchayats Extension to Scheduled Areas-PESA) ആക്ട് ദുർബലപ്പെടത്തുകയും, വനംവകുപ്പ് ഉദ്യോഗസ്ഥരിലേക്ക് കൂടുതൽ അധികാരം കേന്ദ്രീകരിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ഫോറസ്റ്റ് കൺസർവേഷൻ റൂൾസ് ലോക്‌സഭയിൽ പാസാക്കപ്പെട്ടത്.

വനമേഖല വനേതര ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തണമെങ്കിൽ ആ പ്രദേശങ്ങളിലെ ഗ്രാമ സഭകളുടെ അനുമതി - കൺസെൻറ്​- ആവശ്യമാണെന്നത് 2016- ലെ വന സംരക്ഷണ നിയമത്തിൽപ്പോലും വളരെ കൃത്യമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത് ഒരു സുപ്രധാന നടപടിയായി പരക്കെ അംഗീകരിക്കപ്പെട്ട കാര്യമാണ്. ഈ കൺസെൻറ്​ പ്രോസസ്സ് എടുത്തുകളഞ്ഞുകൊണ്ടാണ് 2022-ലെ നിയമം പാസാക്കപ്പെട്ടത്.
2006- ലെ വനാവകാശ നിയമവും വന മേഖലയിൽ താമസിക്കുന്നവരിൽ നിന്ന് സ്വതന്ത്രവും നീതിപൂർവ്വകവുമായ അനുമതി തേടേണ്ടതുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്. ഏതൊരു വനമേഖലയാണോ വനേതര ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താൻ പോകുന്നത് എന്നതിനെക്കുറിച്ച് അറിയാൻ ആദിവാസികൾക്കോ മറ്റ് വനവാസികൾക്കോ സാധ്യമല്ലാത്ത അവസ്ഥയാണ് 2022ലെ ഫോറസ്റ്റ് കൺസർവേഷൻ റൂൾസിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

ഫോറസ്റ്റ് മാനേജ്‌മെൻറ്​ അല്ലെങ്കിൽ ക്ലിയറൻസ് പ്രോസസ്​ ഏതാണ്ട് പൂർണമായും തന്നെ ഉദ്യോഗസ്ഥരുടെ കുത്തകയാക്കപ്പെടുന്നു എന്നത് മറ്റൊരു പോരായ്മയാണ്. ജനപ്രതിനിധി സഭകളിൽ നിന്ന് ഉദ്യോഗസ്ഥവൃന്ദങ്ങളിലേക്ക് അധികാരം കൈമാറുന്ന വിപരീത പ്രക്രിയയാണ് പുതിയ നിയമത്തിലൂടെ സൃഷ്ടിക്കപ്പെടുന്നത്. വനഭൂമി വനേതര ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനായി മുൻകാലങ്ങളിൽ നിലനിന്നിരുന്ന Institutional Mechanism- ഉം ഇതിലൂടെ നീക്കംചെയ്യപ്പെട്ടു.

പ്ലാന്റേഷനുകളെ ‘surrogate forests’ എന്ന രീതിയിൽ പുനർനിർവചിച്ചും ഫോറസ്റ്റ് ഡൈവർഷന് (മറ്റാവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നത്)വേണ്ടിയുള്ള അന്തിമ അനുമതിക്ക് ഫോറസ്റ്റ് കൺസർവേഷൻ റൂൾസ് അനുസരിക്കേണ്ടതില്ലെന്നും ഒക്കെയുള്ള നിരവധി മാറ്റങ്ങൾ 2022-ലെ നിയമനിർമ്മാണത്തിൽ നടത്തിയിരുന്നു. ഈ നിയമ നിർമ്മാണങ്ങൾക്ക് പുറമെയാണ് പുതിയ ഭേദഗതികളുമായി ബിൽ അവതരിപ്പിക്കപ്പെട്ടത്. രാജ്യത്തെ വന നിയമങ്ങളിൽ തുടർച്ചയായി വെള്ളം ചേർക്കപ്പെടുകയാണ്. നരേന്ദ്രമോദി സർക്കാരിന്റെ ‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്' നയത്തിന് അനുരൂപമായ രീതിയിൽ അവ മാറ്റപ്പെടുകയാണ്. അവർ നമ്മുടെ കാടുകളെ ഇഞ്ചിഞ്ചായി ഇല്ലാതാക്കുകയാണ്.

Comments