മുതലപ്പൊഴിയിൽ ആവർത്തിക്കുന്നു; ​
അതേ മരണങ്ങൾ, അതേ ഉറപ്പുകൾ

2006-ൽ മുതലപ്പൊഴിയിൽ പുലിമുട്ട് സ്ഥാപിച്ചതിനുശേഷം മരിച്ചവരുടെ എണ്ണം 77 ആയി. ജൂൺ 20 നു പുലർച്ചെയായിരുന്നു ഒടുവിലത്തെ അപകടമരണം. ഇത്ര വർഷങ്ങളായിട്ടും അപകടങ്ങൾ തടയാൻ കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ ഭാഗത്തുനിന്ന് പ്രാഥമിക നടപടികൾ പോലുമുണ്ടാകുന്നില്ല എന്നത് ഞെട്ടിപ്പിക്കേണ്ട കാര്യമാണ്. മുതലപ്പൊഴിയിൽ സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തിയായെന്നാരോപിച്ച് ജൂലൈ രണ്ടിന് കോൺഗ്രസ് രാപ്പകൽ സമരം നടത്തുകയാണ്.

നിരാലംബരായ ഒരു ജനതയോടുളള സംസ്ഥാന സർക്കാറിന്റെ കുറ്റകരമായ അനാസ്ഥയുടെ ക്രൂരമായ ഉദാഹരണമാകുകയാണ് തിരുവനന്തപുരം മുതലപ്പൊഴി. ആവർത്തിച്ചുകൊണ്ടിരിക്കുന്ന മരണങ്ങൾക്കിടയിലും സർക്കാറിന്റെ 'ഉറപ്പുകൾ' മാത്രമാണ് ഇവിടുത്തെ മത്സ്യത്തൊഴിലാളികളുടെ മുന്നിലുള്ളൂ. ഇത്ര വർഷങ്ങളായിട്ടും അപകടങ്ങൾ തടയാൻ പ്രാഥമിക നടപടികൾ പോലുമുണ്ടാകുന്നില്ല എന്നത് ഞെട്ടിപ്പിക്കേണ്ട കാര്യമാണ്.

മുതലപ്പൊഴിയിൽ സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തിയായെന്നാരോപിച്ച് ജൂലൈ രണ്ടിന് കോൺഗ്രസ് രാപ്പകൽ സമരം നടത്തുകയാണ്. കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ ഉറപ്പുകൾ പാലിക്കുക, അപകടത്തിൽ മരിച്ചവരുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുക, വിഴിഞ്ഞം ഹാർബർ നിർമാണത്തിന്റെ ഭാഗമായി കല്ലുകൾ കൊണ്ടുപോകുന്നതിന് തകർത്ത പുലിമുട്ടിന്റെ ഭാഗം പൂർവസ്ഥിതിയിലാക്കുക, പുലിമുട്ടിലുണ്ടായിരുന്ന കല്ലുകൾ കടത്തിക്കൊണ്ടുപോയതിനെക്കുറിച്ച് അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് രാപ്പകൽ സമരം.

ജൂൺ 20 നു പുലർച്ചെയായിരുന്നു ഒടുവിലത്തെ അപകടം. അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് മരിച്ചത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരുമ്പോൾ തിരയിലും കാറ്റിലും പെട്ട് വിക്ടറും സംഘവും സഞ്ചരിച്ചിരുന്ന വള്ളം തലകീഴായി മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന ഫ്രാൻസിസ്, സുരേഷ്, യേശുദാസ് എന്നിവർ നീന്തി രക്ഷപ്പെട്ടു. ഇതോടെ, 2006-ൽ മുതലപ്പൊഴിയിൽ പുലിമുട്ട് സ്ഥാപിച്ചതിനുശേഷം മരിച്ചവരുടെ എണ്ണം 77 ആയി. കഴിഞ്ഞ വർഷം മാത്രം നാലുപേരാണ് മരിച്ചത്.

മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ കേന്ദ്രത്തിൽ അപകടകരമാംവിധം അടിഞ്ഞുകൂടുന്ന മണൽതിട്ടകൾ ഡ്രജറുപയോഗിച്ചു നീക്കണം എന്നാണ് തൊഴിലാളികളുടെ ആവശ്യം.
മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ കേന്ദ്രത്തിൽ അപകടകരമാംവിധം അടിഞ്ഞുകൂടുന്ന മണൽതിട്ടകൾ ഡ്രജറുപയോഗിച്ചു നീക്കണം എന്നാണ് തൊഴിലാളികളുടെ ആവശ്യം.

പുലിമുട്ടുകൾ സ്ഥാപിച്ചതിനുശേഷം 120-ലേറെ അപകടങ്ങളാണ് നടന്നത്. എഴുന്നൂറിലേറെ പേർക്ക് പരിക്കേറ്റു. നൂറുകണക്കിന് വള്ളങ്ങൾക്ക് കേടു പറ്റി, എൻജിനുകൾ നഷ്ടപ്പെട്ടു. വലകളും മറ്റ് യാനങ്ങളും തിരിച്ചുകിട്ടാതെ പോയി. അങ്ങനെ കോടിക്കണക്കിന് രൂപയുടെ നഷ്ടങ്ങളാണ് മുതലപ്പൊഴി ഹാർബർ നിർമ്മാണത്തിനുശേഷമുണ്ടായത്​. പുലിമുട്ടുകൾ സ്ഥാപിക്കാൻ ഇറക്കിയ പാറകൾ പോലും ഇപ്പോൾ മത്സ്യത്തൊഴിലാളികൾക്ക് ഭീഷണിയാണ്. ഏറ്റവും പ്രാഥമികമായ ചില ആവശ്യങ്ങളാണ് മത്സ്യത്തൊഴിലാളികളുടേത്. മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ കേന്ദ്രത്തിൽ അപകടകരമാംവിധം അടിഞ്ഞുകൂടുന്ന മണൽതിട്ടകൾ ഡ്രജറുപയോഗിച്ചു നീക്കണം. ഈയൊരു ആവശ്യത്തോടുപോലും സർക്കാർ മുഖം തിരിച്ചുനിൽക്കുകയാണ്.

തുറമുഖ മുനമ്പിലെ അഴിമുഖത്ത് അപകടകരമായ തോതിൽ മണൽതിട്ടകൾ രൂപപ്പെട്ടിരിക്കുകയാണ്. ഡ്രഡ്ജർ ഉപയോഗിച്ചുള്ള മണൽനീക്കം സ്ഥിരം സംവിധാനമാക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം

കഴിഞ്ഞ വർഷം നാലുപേരുടെ മരണത്തെതുടർന്നുണ്ടായ പ്രതിഷേധത്തിൽ, പുലിമുട്ടിലെ കല്ലും മണ്ണും നീക്കും, 22 പേരെ ലൈഫ് ഗാർഡുമാരായി നിയമിക്കും തുടങ്ങിയ ഏഴ് ഉറപ്പുകൾ സർക്കാർ മുന്നോട്ടുവച്ചിരുന്നു. ഒന്നും പാലിക്കപ്പെട്ടില്ല. പ്രതിഷേധങ്ങളെ തുടർന്ന്, എട്ടുമാസം മുമ്പ്, എസ്‌കവേറ്റർ ഉപയോഗിച്ച് ഭാഗികമായി മണൽനീക്കിയിരുന്നു. എന്നാൽ, മഴ ശക്തമായതോടെ പെരുമാതുറ തീരം കേന്ദ്രീകരിച്ച് മണൽ അടിഞ്ഞുകൂടി തുടങ്ങി. തുറമുഖ മുനമ്പിലെ അഴിമുഖത്ത് അപകടകരമായ തോതിൽ മണൽതിട്ടകൾ രൂപപ്പെട്ടിരിക്കുകയാണ്. ഡ്രഡ്ജർ ഉപയോഗിച്ചുള്ള മണൽനീക്കം സ്ഥിരം സംവിധാനമാക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. മഴക്കാലത്തെ പ്രശ്‌നം മുന്നിൽ കണ്ട്, ജനുവരിയിൽ തന്നെ ഡ്രഡ്ജിങ് പൂർത്തിയാക്കാമായിരുന്നു. എന്നാൽ, ഇത് നടന്നില്ല.

അടൂർ പ്രകാശ് എം.പി പറയുന്നത് വാസ്തവമാണെങ്കിൽ, നിയമസഭക്കും മത്സ്യത്തൊഴിലാളികൾക്കും മന്ത്രി സജി ചെറിയാൻ ഉറപ്പുകളാണ് ലംഘിക്കപ്പെട്ടിരിക്കുന്നതെന്ന് കരുതേണ്ടിവരും.
അടൂർ പ്രകാശ് എം.പി പറയുന്നത് വാസ്തവമാണെങ്കിൽ, നിയമസഭക്കും മത്സ്യത്തൊഴിലാളികൾക്കും മന്ത്രി സജി ചെറിയാൻ ഉറപ്പുകളാണ് ലംഘിക്കപ്പെട്ടിരിക്കുന്നതെന്ന് കരുതേണ്ടിവരും.

എന്നാൽ, മുതലപ്പൊഴിയിൽ മനുഷ്യസാധ്യമായതെല്ലാം ചെയ്തുവെന്നുപറഞ്ഞ് ഒഴിഞ്ഞുമാറുകയാണ്, കഴിഞ്ഞ ആഴ്ച ഈ വിഷയം നിയമസഭയിൽ ചർച്ചയായപ്പോൾ മന്ത്രി സജി ചെറിയാൻ ചെയ്തത്. അപകട മുന്നറിയിപ്പ് അവഗണിച്ച് മത്സ്യബന്ധനത്തിന് പോകുന്നതാണ് മുതലപ്പൊഴിയിലെ അപകട മരണങ്ങൾക്ക് കാരണമെന്നുകൂടി മന്ത്രി പറഞ്ഞു: ''കുടുംബങ്ങളെ സംരക്ഷിക്കാൻ സർക്കാർ പരമാവധി കാര്യങ്ങൾ ചെയ്യുന്നുണ്ട്. 623 പരമ്പരാഗത വള്ളങ്ങൾ മുതലപ്പൊഴിയിലുണ്ട്. മണൽമാറ്റി ചാലിന് ആഴം കൂട്ടുക, ബ്രേക്ക് വാട്ടറിൽ അറ്റകുറ്റപ്പണി, മുന്നറിയിപ്പ് ബോയകൾ സ്ഥാപിക്കുക എന്നിവയാണ് പ്രശ്‌ന പരിഹാരത്തിന് ചെയ്യേണ്ടത്. നിരന്തരം സ്ഥിതി അവലോകനം ചെയ്യുന്നുണ്ട്. അദാനി പോർട്ട് അധികൃതരുമായി നിരന്തരം സംസാരിക്കുന്നുണ്ട്. മനുഷ്യസഹജമായി ചെയ്യാവുന്ന എല്ലാം മുതലപ്പൊഴി പ്രശ്‌ന പരിഹാരത്തിന് ചെയ്തിട്ടുണ്ട്. തുറമുഖം അപകടരഹിതമാക്കാൻ നടപടികൾ എടുക്കുന്നുണ്ട്. വിദഗ്ധ സംഘം പഠനം നടത്തുകയാണ്. യുദ്ധകാലാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാൻ കേന്ദ സർക്കാരിന് പദ്ധതി സമർപ്പിച്ചു. 65.6 കോടി സംസ്ഥാന സർക്കാർ വകയിരുത്തി. ആവശ്യമുള്ള വിവരങ്ങളെല്ലാം കേന്ദ്രസർക്കാരിന് നൽകി. കേന്ദ്രത്തിന്റെ അനുവാദം ലഭിക്കുന്ന മുറയ്ക്ക് പദ്ധതി നടപ്പാക്കും. രണ്ട് മാസത്തിനകം പണി തുടങ്ങാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഒന്നര വർഷത്തിനകം പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകും''- മന്ത്രി നിയമസഭയിൽ പറഞ്ഞതാണിത്.

പുലിമുട്ടുകൾ സ്ഥാപിച്ചതിനുശേഷം 120-ലേറെ അപകടങ്ങളാണ് നടന്നത്. എഴുന്നൂറിലേറെ പേർക്ക് പരിക്കേറ്റു. നൂറുകണക്കിന് വള്ളങ്ങൾക്ക് കേടു പറ്റി
പുലിമുട്ടുകൾ സ്ഥാപിച്ചതിനുശേഷം 120-ലേറെ അപകടങ്ങളാണ് നടന്നത്. എഴുന്നൂറിലേറെ പേർക്ക് പരിക്കേറ്റു. നൂറുകണക്കിന് വള്ളങ്ങൾക്ക് കേടു പറ്റി

എന്നാൽ, മുതലപ്പൊഴിയിൽ 125 മീറ്റർ വീതി വേണ്ടിടത്ത് 60 മീറ്റർ വീതിയും 6 മീറ്റർ ആഴം വേണ്ടിടത് 2 മീറ്റർ ആഴവുമാണ് ഇപ്പോഴുള്ളതെന്നും മണ്ണ് ഡ്രഡ്ജ് ചെയ്ത് നീക്കുന്നതിൽ അദാനി പൂർണമായി പരാജയപ്പെട്ടുവെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഒന്നുകിൽ അദാനിയെ കൊണ്ട് ഡ്രഡ്ജിങ് ചെയ്യിപ്പിക്കണം. ഇല്ലെങ്കിൽ സർക്കാർ അത് ചെയ്തശേഷം അദാനിയിൽ നിന്നും ബിൽ ഈടാക്കണം, വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

186 കോടി രൂപയുടെ പദ്ധതിയാണ് മുതലപ്പൊഴിക്കായി തയ്യാറാക്കിയതെന്നും സംസ്ഥാനം 40 ശതമാനവും കേന്ദ്രം 60 ശതമാനവും വഹിച്ചുള്ള പദ്ധതി കേന്ദ്രത്തിന് സമർപ്പിക്കുകയും ചെയ്തുവെന്നും സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞിരുന്നു. കേന്ദ്രത്തിന്റെ അനുവാദം ലഭിച്ചാൽ ടെൻഡർ ചെയ്ത് നിർമ്മാണ പ്രവർത്തനം ആരംഭിക്കുമെന്നും ഒന്നര വർഷം കൊണ്ട് മുതലാപ്പൊഴി പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും മന്ത്രി പറയുന്നു. എന്നാൽ, ഇതിനെ നിഷേധിക്കുകയാണ് ആറ്റിങ്ങൽ എം.പി അടൂർ പ്രകാശ്.

മുതലപ്പൊഴിയിലെ അപകടാവസ്ഥയെക്കുറിച്ചുള്ള യഥാർഥ ചിത്രം സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിന് സമർപ്പിച്ചിട്ടില്ല എന്നാണ് അടൂർ പ്രകാശിന്റെ ആരോപണം. 164 കോടി രൂപയുടെ പദ്ധതി രൂപരേഖ കേന്ദ്രം തത്വത്തിൽ അംഗീകരിച്ചതായി മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞെങ്കിലും, ഡി.പി.ആർ ലഭിച്ചിട്ടില്ല എന്നാണ് കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിൽനിന്ന് മനസ്സിലാകുന്നതെന്നും അടൂർ പ്രകാശ് പറയുന്നു. എം.പി പറയുന്നത് വാസ്തവമാണെങ്കിൽ, നിയമസഭയിലും മത്സ്യത്തൊഴിലാളികളോടും സംസ്ഥാന സർക്കാർ പറഞ്ഞ ഉറപ്പുകളാണ് ലംഘിക്കപ്പെട്ടിരിക്കുന്നതെന്ന് കരുതേണ്ടിവരും.

മുതലപ്പൊഴിയിലെ അപകടാവസ്ഥയെക്കുറിച്ചുള്ള യഥാർഥ ചിത്രം സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിന് സമർപ്പിച്ചിട്ടില്ല എന്നാണ് അടൂർ പ്രകാശിന്റെ ആരോപണം.
മുതലപ്പൊഴിയിലെ അപകടാവസ്ഥയെക്കുറിച്ചുള്ള യഥാർഥ ചിത്രം സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിന് സമർപ്പിച്ചിട്ടില്ല എന്നാണ് അടൂർ പ്രകാശിന്റെ ആരോപണം.

ഒരു ദിവസം 500-ലേറെ വള്ളങ്ങൾ മീൻ പിടിക്കാൻ പോകുന്ന പുലിമുട്ട് ഹാർബറാണിത്. 2012-17 കാലത്ത് 42 മത്സ്യത്തൊഴിലാളികളാണ് മരിച്ചത്. 2018-ൽ അദാനി പോർട്ടിനായി മുതലപ്പൊഴി ഹാർബറിൽ ചില മാറ്റങ്ങൾ വരുത്തി. അതിനുശേഷം 2021 ജൂൺ വരെയുള്ള കാലത്ത് മരണം 55 ആയി ഉയർന്നു.

2018- ലെ അദാനി പോർട്ടിന്റെ വരവ് മുതലപ്പൊഴി ഹാർബറിനെ സുരക്ഷിതമാക്കുമെന്നായിരുന്നു മത്സ്യത്തൊഴിലാളികൾക്ക് നൽകപ്പെട്ട ഉറപ്പ്. എന്നാൽ വിഴിഞ്ഞത്തേക്ക് ബാർജുകളിലായി കല്ലുകൊണ്ടുപോകുന്നതിന് അദാനി കമ്പനി തെക്കുവശത്തുള്ള പുലിമുട്ടിൽ മാറ്റം വരുത്തിയത് അപകടങ്ങൾ വർധിപ്പിക്കുകും മരണസംഖ്യ ഉയർത്തുകയും ചെയ്തു. കമ്പനിയുടെ ആവശ്യത്തിനനുസരിച്ച് ആഴം കൂട്ടിയും ആഴം കൂട്ടാതെയുമുള്ള പണികളാണ്, അപകടങ്ങൾ കുത്തനെ ഉയർത്തിയത്. 2021 ജൂൺ വരെയുള്ള അപകടങ്ങളിൽ 55 പേരാണ് മരിച്ചതെങ്കിൽ 2023- ജൂലൈ പത്തിന് നാലു പേരടക്കം മരണസംഖ്യ 77 ആയി വർധിച്ചിരിക്കുകയാണ്. അതായത്, അദാനി പോർട്ടി കമ്പനി വന്നശേഷമാണ് പ്രശ്‌നം രൂക്ഷമായത് എന്നു കാണാം. കൃത്യമായി ഡ്രഡ്ജിങ് നടത്തി അഴിമുഖത്തെ മണൽത്തിട്ടകൾ നീക്കിയാൽതന്നെ അപകടങ്ങൾ ഒരു പരിധിവരെ നീക്കാം. എന്നാൽ, ഇതിന് അദാനി പോർട്ട് കമ്പനിക്കുമേൽ ഒരുതരത്തിലുമുള്ള സർക്കാർ സമ്മർദമുണ്ടാകുന്നില്ല.

മൺസൂണിലെ പ്രക്ഷുബ്ധമായ കാലാവസ്ഥയിൽ മാത്രമല്ല മുതലപ്പൊഴിയിൽ അപകടങ്ങളുണ്ടാകുന്നത്. വളരെ ശാന്തമായ കാലാവസ്ഥയിൽ പോലും മത്സ്യത്തൊഴിലാളികൾ അപകടങ്ങളിൽ മരിച്ചിട്ടുണ്ട്.
മൺസൂണിലെ പ്രക്ഷുബ്ധമായ കാലാവസ്ഥയിൽ മാത്രമല്ല മുതലപ്പൊഴിയിൽ അപകടങ്ങളുണ്ടാകുന്നത്. വളരെ ശാന്തമായ കാലാവസ്ഥയിൽ പോലും മത്സ്യത്തൊഴിലാളികൾ അപകടങ്ങളിൽ മരിച്ചിട്ടുണ്ട്.

ചെന്നൈ ഐ.ഐ.ടിയാണ് കൃത്രിമ ഹാർബറുകളുടെ പട്ടികയിൽ പെടുന്ന മുതലപ്പൊഴി പുലിമുട്ട് ഹാർബർ ഡിസൈൻ ചെയ്തത്. മുതലപ്പൊഴി അഴിയാക്കണമെന്ന ആവശ്യത്തിനുപകരം ഇപ്പോഴുള്ള പുലിമുട്ട് ഹാർബർ ആണ് വിഭാവനം ചെയ്യപ്പെട്ടത്. ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ചെന്നൈ ഐ. ഐ. ടി. യാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ് ഈ ഹാർബറിനെ ആശ്രയിച്ച് മീൻ പിടിക്കാൻ പോകുന്നത്. അപകടങ്ങളില്ലാതെ കടലിലേക്ക് പാകാനും തിരിച്ചുവരാനുമാണ് ഹാർബർ നിർമിച്ചത്. ഏതു കാലാവസ്ഥയിലും കരയിൽ തിരിച്ചെത്താനും തിരയുടെ ശക്തി ചെറുക്കാനും അതിനെ മറികടന്ന് സ്വസ്ഥമായി മത്സ്യബന്ധനം നടത്താനും തിരിച്ചുവരാനുമാണ് ഹാർബർ നിർമിച്ചത്. 2020-ൽ അന്നത്തെ ഫീഷറീസ് മന്ത്രി, ഇനിയൊരു അപകടമരണമുണ്ടാകില്ല എന്നും എല്ലാ തരത്തിലുമുള്ള സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുമുണ്ട് എന്ന ഉറപ്പു നൽകി കമീഷൻ ചെയ്ത ഹാർബറാണിത്. എന്നാൽ, ഫലത്തിൽ മുതലപ്പൊഴി, അപകടങ്ങൾക്കുവേണ്ടി ഡിസൈൻ ചെയ്യപ്പെട്ട ഒരു ഹാർബറായി മാറി. മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി അപകടം തടയാം എന്ന ഒറ്റമൂലിയാണ് ഇപ്പോൾ സർക്കാർ സ്വീകരിച്ചിരിക്കുന്ന പരിഹാരം.

അപകട മുന്നറിയിപ്പ് അവഗണിച്ച് മത്സ്യബന്ധനത്തിന് പോകുന്നതാണ് മുതലപ്പൊഴിയിലെ അപകട മരണങ്ങൾക്ക് കാരണമെന്ന മന്ത്രിയുടെ പ്രസ്താവന എത്രമേൽ ക്രൂരമാണ് എന്നുകൂടി ഓർക്കണം.

മൺസൂൺ കാലാവസ്ഥ പ്രക്ഷുബ്​ധമായ സമയത്ത് സുഗമമായും സുരക്ഷിതമായും കടലിൽ പോകാനും വരാനും കഴിയണം എന്ന നിലയിലാണ് ഹാർബറിന്റെ നിർമിതി തന്നെ. അതായത്, പ്രക്ഷുബ്​ധ കാലാവസ്ഥയിലും മത്സ്യബന്ധനം നടക്കണം. എന്നാൽ, ഹാർബറിന്റെ ഈ ഉദ്ദേശ്യലക്ഷ്യം മറന്ന്, മത്സ്യബന്ധനത്തിനുപോകുന്ന തൊഴിലാളികളെ കുറ്റപ്പെടുത്തിയാണ് മന്ത്രി നിയമസഭയിൽ സംസാരിച്ചത്. നിർമാണവുമായി ബന്ധപ്പെട്ട് അപാകതയുണ്ട് എന്ന് സമ്മതിക്കുന്ന മന്ത്രി തന്നെയാണ് മത്സ്യത്തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കുന്നത്. മാത്രമല്ല, മൺസൂണിലെ പ്രക്ഷുബ്ധമായ കാലാവസ്ഥയിൽ മാത്രമല്ല മുതലപ്പൊഴിയിൽ അപകടങ്ങളുണ്ടാകുന്നത്. വളരെ ശാന്തമായ കാലാവസ്ഥയിൽ പോലും മത്സ്യത്തൊഴിലാളികൾ അപകടങ്ങളിൽ മരിച്ചിട്ടുണ്ട്. ആ നിലയ്ക്ക്, അപകട മുന്നറിയിപ്പ് അവഗണിച്ച് മത്സ്യബന്ധനത്തിന് പോകുന്നതാണ് മുതലപ്പൊഴിയിലെ അപകട മരണങ്ങൾക്ക് കാരണമെന്ന മന്ത്രിയുടെ പ്രസ്താവന എത്രമേൽ ക്രൂരമാണ് എന്നുകൂടി ഓർക്കണം.

മുതലപ്പൊഴിക്കു സമീപത്തെ കടൽമേഖലയിലെ തിരമാലകളുടെ സ്വഭാവം, ഒഴുക്ക്, മണൽനീക്കത്തിന്റെ തോത് തുടങ്ങിയ കാര്യങ്ങളെല്ലാം സെൻട്രൽ വാട്ടർ ആന്റ് പവർ റിസർച്ച് സ്‌റ്റേഷൻ പഠനവിധേയമാക്കിയിരുന്നു.
മുതലപ്പൊഴിക്കു സമീപത്തെ കടൽമേഖലയിലെ തിരമാലകളുടെ സ്വഭാവം, ഒഴുക്ക്, മണൽനീക്കത്തിന്റെ തോത് തുടങ്ങിയ കാര്യങ്ങളെല്ലാം സെൻട്രൽ വാട്ടർ ആന്റ് പവർ റിസർച്ച് സ്‌റ്റേഷൻ പഠനവിധേയമാക്കിയിരുന്നു.

തുടക്കം മുതൽ ഹാർബർ നിർമാണത്തിലെ അപാകതകൾ മത്സ്യത്തൊഴിലാളികളടക്കമുള്ളവർ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നുണ്ട്. നിർമ്മാണത്തിലെ അപാകതകൾ കാരണം, 2004- ൽ ചെയ്ത ഡിസൈൻ, പല തവണ മാറ്റി രൂപകൽപ്പന ചെയ്തു. 2007-ൽ പണി പൂർണമായും നിർത്തിവച്ചു.

ചെന്നൈ ഐ ഐ ടിയുടെ ഒന്നാംഘട്ട നിർമ്മാണത്തിലെ അപാകതകൾ 2011- ലെ CWPRS-ന്റെ പഠനം ശരിവച്ചു. ഇതേതുടർന്ന് മുതലപ്പൊഴി ഹാർബർ റി ഡിസൈൻ ചെയ്തു. അതിനുശേഷം 2020- ലാണ് എല്ലാ പണിയും പൂർത്തിയായെന്നും ഹാർബർ സുരക്ഷിതമാണെന്നും ഇനി അപകടമരണമുണ്ടാകില്ലെന്നും ഉറപ്പുനൽകി അന്നത്തെ ഫിഷറീസ് മന്ത്രി മുതലപ്പൊഴി ഹാർബർ കമീഷൻ ചെയ്തത്. റീ ഡിസൈൻ ചെയ്ത രണ്ടാം ഘട്ടത്തിന് 3102 ലക്ഷം രൂപയായിരുന്നു ചെലവ്. എന്നാൽ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെ വെബ്സൈറ്റിൽ ഇപ്പോഴും ഈ ഹാർബറിന്റെ പണി തീർന്നിട്ടില്ല.

കേന്ദ്ര- സംസ്ഥാന സർക്കാറുകൾ നിരവധി പഠനങ്ങളാണ് മുതലപ്പൊഴിയിൽ നടത്തിയിട്ടുള്ളത്. എന്നാൽ, 'വിദഗധർ' വന്നുപോകും എന്നതല്ലാതെ മത്സ്യത്തൊഴിലാളികളുടെ ദുരിതജീവിതത്തിന് ഒരു മാറ്റവുമുണ്ടായില്ല. പുലിമുട്ടിന്റെ അലൈൻമെന്റ് മാറ്റണമെന്ന് നിരവധി സമിതികൾ നിർദേശിച്ചിരുന്നു. അത് വൻ സാമ്പത്തിക ചെലവ് വരുന്ന പദ്ധതിയായതിനാൽ സർക്കാറുകൾക്ക് മിണ്ടാട്ടമില്ല.

എല്ലാ വർഷവും, പ്രത്യേകിച്ച് മൺസൂണിനുമുമ്പ് ഡ്രഡ്ജ് ചെയ്ത മണലെടുക്കണമെന്ന് 2011-ലെ പഠനത്തിൽ പറയുന്നുണ്ട്. ഏപ്രിൽ മെയ് മണ്ണെടുത്ത് ഏഴു മീറ്റർ ആഴമുളള കടൽ സ്ഥിരമായി നിലനിർത്തണം. എന്നാൽ കഴിഞ്ഞ 12 വർഷത്തിൽ ഒരിക്കലും ഈ മണ്ണെടുപ്പ് പൂർണമായി ചെയ്തിട്ടില്ല. മരണങ്ങളോ അപകടങ്ങളോ ഉണ്ടാകുമ്പോൾ പ്രതിഷേധം തണുപ്പിക്കാൻ മണലെടുക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന ചില നടപടികൾ മാ​ത്രമാണ് ഈ കഴിഞ്ഞ കാലങ്ങളിലെല്ലാം നടന്നുവന്നത്.

2011-ലെ പഠനത്തിലെ കണ്ടെത്തലുകൾ പഠിച്ച് അതിനനുയോജ്യമായ പരിഹാര നടപടികൾസ്വീകരിച്ചിരുന്നുവെങ്കിൽ പുതിയ പഠനങ്ങൾ വേണ്ടിവരില്ലായിരുന്നു. ഒരു ദശകം കഴിഞ്ഞിട്ടും നിർദേശിക്കപ്പെട്ട പരിഹാര നടപടികൾ ഒന്നും ഉണ്ടായില്ല. പിന്നീട് നടന്ന പല പഠനങ്ങളും CWPRS- ന്റെ ഈ കണ്ടെത്തലിനെ ശരിവച്ചിട്ടുണ്ട്, പക്ഷെ പരിഹാരം മാത്രമുണ്ടായില്ല.
മുതലപ്പൊഴിക്കു സമീപത്തെ കടൽമേഖലയിലെ തിരമാലകളുടെ സ്വഭാവം, ഒഴുക്ക്, മണൽനീക്കത്തിന്റെ തോത് തുടങ്ങിയ കാര്യങ്ങളെല്ലാം സെൻട്രൽ വാട്ടർ ആന്റ് പവർ റിസർച്ച് സ്‌റ്റേഷൻ പഠനവിധേയമാക്കിയിരുന്നു. പുലിമുട്ടുകളുടെ നീളം കൂട്ടുക, മണൽ അടിയുന്ന തെക്കൻ ഭാഗത്തുനിന്ന് മണൽ ശേഖരിച്ച് ഹാർബറിനുവടക്ക് തീരശോഷണം നടക്കുന്ന തീരത്തേക്ക് നിക്ഷേപിക്കുക എന്നീ പരിഹാരങ്ങളാണ് നിർദേശിക്കപ്പെട്ടത്. എന്നാൽ, പുലിമുട്ടുകളുടെ നീളം കൂട്ടിയ സർക്കാർ മണൽ നീക്കുന്ന നടപടിയോട് മുഖം തിരിച്ചു.

മുതലപ്പൊഴി ദുരന്തത്തിന്റെ പ്രധാന ഉത്തരവാദികൾ അദാനി പോർട്ട് കമ്പനിയും സംസ്ഥാന ഫിഷറീസ് ഹാർബർ എഞ്ചിനീയറിങ് വകുപ്പുമാണ്. മത്സ്യബന്ധനത്തിന് ഭീഷണിയായി ചാനലിൽ ചിതറിക്കിടക്കുന്ന കല്ലുകളും ടെട്രാപോഡുകളും നീക്കുന്നതിൽ അദാനി പോർട്സ് കടുത്ത അനാസ്ഥയാണ് കാണിക്കുന്നത്. മാത്രമല്ല, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് കല്ലുകൾ ബാർജിൽ കൊണ്ടുപോകുന്നതിനായി അദാനി പോർട്‌സുമായി ഒപ്പുവെച്ച ധാരണാപത്ര പ്രകാരം മുതലപ്പൊഴി തുറമുഖത്തിന്റെ പ്രവേശന ഭാഗത്തും ചാനലിലും അഞ്ച് മീറ്ററും തുറമുഖ ബേസിനിൽ മൂന്ന് മീറ്ററും ആഴം ഉറപ്പാക്കണമെന്നും ലോഡ് ഔട്ട് സൗകര്യത്തിന്റെ പ്രവർത്തനമോ ഡ്രട്ജിംഗ് പ്രവർത്തികളോ മൂലം പുലിമുട്ടിനുണ്ടാകുന്ന കേടുപാടുകൾ അദാനി പോർട്ട്‌സ് സ്വന്തം ചെലവിൽ പരിഹരിക്കണമെന്നും വ്യവസ്ഥയുണ്ട്. എന്നാൽ, ഈ വ്യവസ്ഥ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാന സർക്കാറിന്റെ ഭാഗത്തുനിന്ന് നടപടിയൊന്നുമുണ്ടായില്ല.

പുലിമുട്ടുകളുടെ നീളം കൂട്ടിയ സർക്കാർ മണൽ നീക്കുന്ന നടപടിയോട് മുഖം തിരിച്ചു.
പുലിമുട്ടുകളുടെ നീളം കൂട്ടിയ സർക്കാർ മണൽ നീക്കുന്ന നടപടിയോട് മുഖം തിരിച്ചു.

ഏറ്റവുമൊടുവിലത്തെ മരണത്തിൽപോലും, പരിഹാരങ്ങളെക്കുറിച്ചല്ല മന്ത്രിയും വകുപ്പുകളും അടക്കമുള്ള സർക്കാർ സംവിധാനങ്ങൾ സംസാരിക്കുന്നത്. കേന്ദ്രത്തിന്റെ അംഗീകാരത്തിനായ സമർപ്പിച്ചിരിക്കുന്ന കോടികളുടെ പദ്ധതികളെക്കുറിച്ചും ‘ഒരു വർഷത്തിനകം ശാശ്വത പരിഹാരമുണ്ടാകും’ എന്ന വർഷങ്ങളായി ആവർത്തിക്കുന്ന ഉറപ്പുകളുമാണ് ഇത്തവണയും മത്സ്യത്തൊഴിലാളികൾക്കുമുന്നിലുള്ളത്, ഒരിക്കലും പാലിക്കപ്പെടാത്ത അതേ ഉറപ്പുകൾ…

മുതലപ്പൊഴി ഹാർബറിലെ മത്സ്യത്തൊഴിലാളി കൊലപാതകങ്ങളുടെ ഉത്തരവാദി ആര്?

Comments