ഇന്ത്യയുടെ തീരദേശമേഖലയെ പ്രകമ്പനം കൊള്ളിച്ച് സുനാമി ദുരന്തം വീശിയടിച്ചിട്ട് ഇരുപതുവർഷം തികയുകയാണ്. 2004 ഡിസംബർ 26നാണ് കേരളം അന്നോളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള ദുരന്തം നമ്മുടെ തീരദേശമേഖലകളിൽ ഉണ്ടാവുന്നത്. ഹോളിവുഡ് സിനിമകളിലും കഥകളിലുമെല്ലാമായിരിക്കണം നമ്മുടെ ജനത മുമ്പ് ഇത്തരത്തിലുള്ള ദുരന്തങ്ങൾ കാണുകയും കേൾക്കുകയും ചെയ്തിട്ടുള്ളത്. സുനാമി, നമ്മുടെ പ്രദേശത്തിൻെറ ദുർബലത കൂടി വെളിവാക്കുകയാണ് ചെയ്തത്. ആ സുനാമിക്ക് ശേഷം പ്രളയവും മണ്ണിടിച്ചിലും ഉരുൾപൊട്ടലും തീവ്രമഴയുമെല്ലാം കേരളത്തെ പലവിധത്തിൽ ദുരന്തഭൂമിയാക്കി മാറ്റുകയുണ്ടായി. ദുരന്തങ്ങൾ നമുക്ക് വലിയ മുന്നറിയിപ്പായിരുന്നു. മേൽപ്പറഞ്ഞ ഓരോ ദുരന്തത്തിന് ശേഷവും നമ്മുടെ ശാസ്ത്ര സാങ്കേതിക ഗവേഷണ രീതികളും നൈപുണികളും ഒത്തിരി മെച്ചപ്പെട്ടു. 2004 -ലെ സുനാമിയെ തുടർന്ന് 2007-ൽ ഇന്ത്യയിൽ ഒരു സുനാമി മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കപ്പെട്ടു. ഹൈദരാബാദിൽ കുക്കട്പള്ളിയിലാണ് ഭൗമശാസ്ത്ര പഠന മന്ത്രാലയത്തിന്റെ സഹായത്തോടെ ഇൻകോയിസ് (INCOIS) എന്ന സ്ഥാപനം സുനാമി മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ചത്. ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് ഇൻകോയിസിൻെറ പൂർണരൂപം. നിരവധി മലയാളി ശാസ്ത്രജ്ഞർ ജോലി ചെയ്യുന്ന ഒരു സ്ഥാപനം കൂടിയാണിത്. കടലുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിന് ഗുണകരമാവുന്ന തരത്തിലുള്ള നിരവധി ഗവേഷണങ്ങളാണ് ഇൻകോയിസിൽ നടക്കുന്നത്.
ഇന്തോനേഷ്യയിലെ സുമാത്രയിൽ റിക്ടർ സ്കെയിലിൽ 9.1 രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു 2004-ലെ സുനാമിക്ക് കാരണമായത്. ചരിത്രത്തിൽ അതുവരെ കാണാത്ത തരത്തിലുള്ള ദുരന്തമായിരുന്നു ഇത്. ഏകദേശം 14 രാജ്യങ്ങളിലെ മനുഷ്യരെ സുനാമി ബാധിച്ചു. ഇന്ത്യ, ശ്രീലങ്ക, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഭൂകമ്പത്തിൻെറ പ്രഭവകേന്ദ്രമായ ഇന്തോനേഷ്യയിൽ തന്നെയാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചത്. ലോകത്താകമാനം 2,20000-ത്തോളം പേർ മരിച്ചുവെന്നാണ് കണക്കുകൾ. സുനാമി ഓർമകളുടെ ഇരുപതാം വർഷത്തിൽ ഇന്ത്യൻ സുനാമി മുന്നറിയിപ്പ് സംവിധാനത്തിന്റെ അതിനൂതന ശാസ്ത്ര സാങ്കേതിക വികാസങ്ങളെ പറ്റിയുള്ള അന്വേഷണമാണ് ഈ ലേഖനം.
സുനാമി മുന്നറിയിപ്പ് സംവിധാനത്തിന്റെ നവ പരിണാമങ്ങൾ നമുക്ക് ഇപ്രകാരം സംഗ്രഹിക്കാം:
തത്സമയ ഭൂകമ്പ മാപിനികൾ
ഇന്ത്യൻ മഹാസമുദ്രത്തിനു ചുറ്റുമായി മുന്നൂറോളം ഭൂകമ്പനിരീക്ഷണ കേന്ദ്രങ്ങൾ ഇപ്പോൾ നിലവിലുണ്ട്. ആഗോള ഭൂകമ്പന ശൃംഖലയുമായി ചേർന്നുനിന്ന് വളരെ പെട്ടെന്ന് തന്നെ ഭൂകമ്പങ്ങളുടെ തീവ്രത മനസ്സിലാക്കുകയും അപഗ്രഥിക്കുകയും പ്രഭവകേന്ദ്രവും ആഴവും ശക്തിയും അനുസരിച്ചു അതിനെ വേർതിരിക്കുകയും ചെയ്യുന്ന ശൃംഖലയാണ് ഇപ്പോൾ ഇന്ത്യൻ സുനാമി മുന്നറിയിപ്പ് സംവിധാനത്തിൻെറ ശാസ്ത്ര സാങ്കേതിക വികാസം. സുനാമിക്ക് പല കാരണങ്ങളുണ്ടെങ്കിലും കടലിനടിയിലെ ടെക്ടോണിക് പ്ളേറ്റുകളുടെ കൂടി ചേരൽ കൊണ്ടുണ്ടാകുന്ന ഭൂചലനങ്ങളാണ് പ്രധാനകാരണം. അതുകൊണ്ട് ഭൂകമ്പ നിരീക്ഷണം സുനാമി മുന്നറിയിപ്പിന്റെ നട്ടെല്ലാകുന്നു.
ഡാർട് സംവിധാനങ്ങൾ
ഡാർട് എന്നാൽ Deep Ocean Assessment and Reporting of Tsunamis (DART) എന്നാണ് പറയുക. ഇന്ത്യൻ മഹാ സമുദ്രത്തിൽ നിരവധി ബോയ്കളും (Buoy) വേലിയേറ്റ നിരീക്ഷണ സംവിധാനങ്ങളും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഇവ സമുദ്രനിരപ്പിൽ വരുന്ന ഉയർച്ച താഴ്ച വ്യതിയാനങ്ങളെ തത്സമയമായി ഉപഗ്രഹ വിദൂര വിക്ഷേപണവുമായി സംയോജിപ്പിച്ച് സുനാമി മുന്നറിയിപ്പ് കേന്ദ്രത്തിലേക്ക് വിവരങ്ങൾ കൈമാറുന്നു. ഭൂകമ്പങ്ങൾ സുനാമിയെ സൃഷ്ടിച്ചോ എന്ന് തത്സമയം നിരീക്ഷിച്ച് വിവരങ്ങൾ കൈമാറാനും മുന്നറിയിപ്പ് കാര്യക്ഷമമാക്കാനും ഇതിലൂടെ സാധിക്കും. അതിനൂതന സെൻസറുകൾ വളരെ കൃത്യതയോടെ വിവരങ്ങൾ നൽകുന്ന തലത്തിലേക്ക് ഈ സംവിധാനം ഇപ്പോൾ പരിണമിച്ചിട്ടുണ്ട്.
കമ്പ്യൂട്ടർ മാതൃകകൾ- Numerical Modelling
ഭൗതികശാസ്ത്രത്തിന്റെയും ഗണിത ശാസ്ത്രത്തിന്റെയും സൂത്രവാക്യങ്ങൾ അടയാളപ്പെടുത്തി കമ്പ്യൂട്ടർ ഭാഷകളുടെ സഹായത്തോടെ ഗ്രാഫിക്സ് കൃത്യമായി ഉപയോഗിച്ച് സുനാമി പ്രയാണത്തെ ഡിജിറ്റൽ ഭൂപടത്തിൽ അനാവരണം ചെയ്യുന്ന പ്രക്രിയയാണ് കമ്പ്യൂട്ടർ മാതൃകകൾ അഥവാ സിമുലേഷനുകൾ. പലതരത്തിലുള്ള ഭൂകമ്പങ്ങളെയും അതുമൂലമുണ്ടാകുന്ന സുനാമികളെയും വിവിധ പ്രഭവ കേന്ദ്രകേന്ദ്രങ്ങളിൽ നിന്ന് സൃഷ്ടിച്ച അതിന്റെ പ്രയാണത്തെയും ഗതിവിഗതികളെയും ഭൗതിക സവിശേഷതകളേയും മനസിലാക്കി, തുടർന്ന് സുനാമി ആക്രമിക്കാൻ സാധ്യതയുള്ള ദുർബല തീരപ്രദേശങ്ങളെ കണ്ടെത്തുന്ന രീതിയാണ് കമ്പ്യൂട്ടർ മാതൃകകൾ ചെയ്യുന്നത്. തുടർന്ന് തീരദേശത്തുണ്ടാകുന്ന മാറ്റങ്ങൾ, തിരമാല പരിവർത്തനങ്ങൾ, വെള്ളത്തിന്റെ ഉയരം, വെള്ളത്തിന്റെ പ്രവേശനം എന്നിവ കൃത്യമായി പ്രവചിക്കാം. തത്സമയ മുന്നറിയിപ്പുകൾ ഉണ്ടാകുന്ന സമയത്ത് കമ്പ്യൂട്ടർ മാതൃകകളിൽ നിന്ന് അനുയോജ്യമായ തെരഞ്ഞെടുക്കുകയും അതുവഴി തീരപ്രദേശങ്ങളിലേക്കു മുന്നറിയിപ്പ് നൽകുകയും ചെയ്യും.
ഉപഗ്രഹ നിരീക്ഷണം (Satellite Observation)
സമുദ്രനിരപ്പുകളെക്കുറിച്ചും തിരമാലാ ഉയരങ്ങളെ പറ്റിയും തത്സമയ സമുദ്രവിവരങ്ങൾ ഉപഗ്രഹ വിദൂരവിക്ഷേപണം വഴി മനസ്സിലാക്കാൻ സാധിക്കുന്ന അത്യാധുനിയ സംവിധാനവും ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. ഉപകരണങ്ങൾ വഴിയുള്ള നിരീക്ഷണ സംവിധാനങ്ങളിലാത്ത സമുദ്രപ്രദേശങ്ങളിൽ ഉപഗ്രഹ നിരീക്ഷണം ഉപയോഗിക്കാം.
ആശയവിനിമയ സംവിധാനം (Communication System)
തത്സമയ വിവരങ്ങളെ സംയോജിപ്പിച്ചു കൊണ്ട് (ഭൂകമ്പ + കമ്പ്യൂട്ടർ മാതൃകകൾ + ഡാർട്ട് ) വിവരങ്ങളും മുന്നറിയിപ്പുകളും നൽകാൻ ഒരു ആശയ വിനിമയ സമ്പ്രദായവും ഇന്ത്യൻ സുനാമി മുന്നറിയിപ്പ് സംവിധാനത്തിനുണ്ട്. മെസ്സേജുകൾ വഴിയും ഇമെയിലുകൾ വഴിയം സമൂഹ മാധ്യമങ്ങൾ വഴിയും മുന്നറിയിപ്പുകൾ നൽകുകയും തീരപ്രദേശങ്ങളിൽ അറിയിപ്പുകൾ നൽകാനുള്ള സംവിധാനവും ഇപ്പോൾ നിലവിലുണ്ട്. 2012-ൽ ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ ഭൂചലനത്തെ അപഗ്രഥിച്ച് കൃത്യമായി വിവരങ്ങളും മുന്നറിയിപ്പുകളും നൽകി ജനങ്ങളുടെ ആശങ്ക അകറ്റാൻ ഇന്ത്യയുടെ മുന്നറിയിപ്പ് കേന്ദ്രത്തിനു കഴിഞ്ഞു എന്നത് എടുത്തു പറയേണ്ട ഒരു കാര്യമാണ്. നിർമ്മിത ബുദ്ധിയും യാന്ത്രിക പഠനങ്ങളും കമ്പ്യൂട്ടിങ് സാധ്യതകളും ഉപയോഗപ്പെടുത്തി മുന്നറിയിപ്പ് സംവിധാനത്തെ കൂടുതൽ വിപുലപ്പെടുത്താനും മെച്ചപ്പെടുത്താനുമുള്ള തയ്യാറെടുപ്പിലാണ് നമ്മുടെ മുന്നറിയിപ്പ് കേന്ദ്രം. സമുദ്രാന്തരീക്ഷത്തിൽ നിന്നും വിവരങ്ങൾ ശേഖരിക്കാൻ വെള്ളത്തിനടിയിലുള്ള ഡ്രോണുകളുടെ സാങ്കേതികവിദ്യയും മുന്നോട്ടുള്ള കാലഘട്ടത്തിൽ ഒരു പരിണാമമായേക്കാം.
പ്രകൃതി നൽകുന്ന മുന്നറിയിപ്പുകൾ
സുനാമിക്ക് പ്രകൃതി തന്നെ ചില മുന്നറിയിപ്പുകൾ നൽകാറുണ്ട്. അനിമൽ പ്രീകഴ്സർ, നാച്ചുറൽ പ്രീകഴ്സർ (Animal Precursor, Natural Precursor) എന്നാണ് ഇതിനെ പറയുക. കടൽ ഉൾവലിയുക, കടൽ ജീവികളും മത്സ്യങ്ങളും കടലിൽ നിന്നും കരയിലേക്ക് കയറി ചത്തു പൊങ്ങുക, മൃഗങ്ങളുടെ അസ്വാഭാവിക പെരുമാറ്റങ്ങൾ, തീരത്തുണ്ടാകുന്ന ഗന്ധങ്ങൾ, തീരദേശത്തുണ്ടാകുന്ന പ്രത്യേക തിരമാലാ ശബ്ദം എന്നിവ അവയിൽ ചിലതാണ്. 2004-ലെ സുനാമിക്ക് മുൻപ് ഇന്ത്യയിൽ പലയിടത്തും ഇത്തരം പ്രകൃതിദത്ത മുന്നറിയിപ്പുകളുണ്ടായിരുന്നു. എന്നാൽ പലതും ശ്രദ്ധിക്കപ്പെടാതെ പോയി. പ്രകൃതി നൽകുന്ന മുന്നറിയിപ്പുകൾ കണ്ടെത്തി അതിൻെറ ശാസ്ത്രീയ നിജസ്ഥിതി പരിശോധിച്ച് അത്യാധുനിക മുന്നറിയിപ്പ് സംവിധാനങ്ങളുമായി ചേർത്തുവെക്കുന്നത് വലിയ വെല്ലുവിളിയാണ്.
ഇന്ത്യയെ സംബന്ധിച്ച് രണ്ടു കേന്ദ്രങ്ങളിൽ നിന്നാണ് സുനാമിക്ക് കാരണമാകുന്ന ഭൂചലനങ്ങൾ ഉണ്ടാകുന്നത്. ഒന്ന് ഇന്ത്യയുടെ കിഴക്കൻ തീരത്തുള്ള സുമാത്രയാണ്. മറ്റൊന്ന് പടിഞ്ഞാറേ തീരത്തുള്ള മക്രാൻ. ഇവ ഭൂഗർഭ പ്ലേറ്റുകൾ കൂടിച്ചേരുന്ന പ്രദേശങ്ങളായാണ് പൊതുവെ അറിയപ്പെടുന്നത്. അവിടെയാണ് നമ്മുടെ സെൻസറുകൾ ഉളളത്. എന്നാൽ പെസഫിക് സമുദ്രത്തിൽ നിന്ന് വരുന്ന വിവരങ്ങൾ പ്രകാരം പ്ലേറ്റുകൾ കൂട്ടിമുട്ടാത്ത സ്ഥലത്തും സുനാമിക്ക് കാരണമാകുന്ന ഭൂചലങ്ങൾ ഉണ്ടാകാം എന്നാണ് പറയുന്നത്. പ്ലേറ്റുകളുടെ വാലറ്റത്തു നടക്കുന്ന ദിശാ പരിണാമങ്ങളാണ് ഇതിനു കാരണമാകുന്നത്. ഒരുപക്ഷെ അങ്ങനെ ഭൂചലനമുണ്ടായാൽ നമുക്ക് കണ്ടെത്താൻ കഴിയുമോ എന്നത് ഒരു പ്രധാന ചോദ്യമാണ്. ഭൂചലനം കൂടാതെയുള്ള മണ്ണിടിച്ചിൽ, ഉൽക്കാവീഴ്ച, അണുവിസ്ഫോടനം എന്നിവ കാരണവും സുനാമി ഉണ്ടാകാം. അത്തരം മേഖലകളിൽ നമ്മുടെ നിരീക്ഷണ സംവിധാനം കാര്യക്ഷമാകുമോ എന്ന ചോദ്യവും പ്രസ്കതമാണ്.