ഡോ. കെ.ജി. താര / Photo: The News Minutes

ശാസ്ത്രജ്ഞരെ കേൾക്കാൻ ഭരണകൂടം തയ്യാറാവണം, ശാസ്ത്രജ്ഞർ സത്യസന്ധത പുലർത്തുകയും വേണം

‘‘മീറ്റിംഗുകളിൽ പലപ്പോഴും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാവുന്നത് സമ്പൂർണ നിശ്ശബ്ദതയാണ്. പോളിസികളിലെ പോരായ്മകൾ ചൂണ്ടിക്കാണിക്കപ്പെടുന്നില്ല. മന്ത്രിയ്ക്കെതിരെയോ രാഷ്ട്രീയ നേതൃത്വത്തിനെതിരെയോ പറയുന്നു എന്ന തരത്തിലെടുക്കാതെ ശാസ്ത്രജ്ഞരെ കേൾക്കാൻ ഭരണകൂടം തയ്യാറാവണം. ശാസ്ത്രജ്ഞർ സത്യസന്ധത പുലർത്തുകയും വേണം. ഭരണകൂടത്തിനനുസൃതമായ തരത്തിൽ റിപ്പോട്ടുകളിൽ വെള്ളം ചേർക്കരുത്’’- വയനാട് ദുരന്തത്തിന്റെ പാശ്ചാത്തലത്തിൽ, ദുരന്ത നിവാരണ മാനേജുമെന്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നു, ഡോ. കെ.ജി. താര.

കെ. കണ്ണൻ: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിനുകാരണം അനധികൃത കൈയേറ്റവും ഖനനവുമാണെന്ന് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി ആവർത്തിച്ച് പറയുന്നുണ്ട്. വളരെ സെൻസിറ്റീവായ ഒരു പ്രദേശത്തിന് നൽകേണ്ട പ്രാധാന്യം വയനാടിന് നൽകിയില്ല എന്നും അദ്ദേഹം വിമർശിക്കുന്നു. വയനാട് ദുരന്തം പൂർണമായും മനുഷ്യനിർമിതവും ഭരണകൂട അവഗണനയുടെ ഫലമായുണ്ടായതാണെന്നുമാണ് കേന്ദ്രമന്ത്രിയുടെ പരാമർശത്തിൽനിന്ന് വായിച്ചെടുക്കാവുന്നത്. ഈ വാദത്തിന് എത്രത്തോളം ശാസ്ത്രീയ അടിസ്ഥാനമുണ്ട്?

ഡോ. കെ.ജി. താര: വയനാട്ടിലെ ദുരന്തം പൂർണമായും മനുഷ്യനിർമിതവും ഭരണകൂട അവഗണനയും മൂലമുണ്ടായതാണ് എന്ന മട്ടിലുള്ള കേന്ദ്ര വനംമന്ത്രിയുടെ പ്രസ്താവനക്ക് ശാസ്ത്രീയ അടിസ്ഥാനമില്ല. കാരണം, കാലാവസ്ഥാ വ്യതിയാനം കൊണ്ട് പെയ്ത അതിശക്തമായ മഴയുടെ ഫലമായി (very heavy rainfall) നേരത്തെ പാരിസ്ഥിതികമായി ദുർബലമായ സ്ഥലത്ത് ദുരന്തമുണ്ടായി എന്നുതന്നെയാണ് കാണേണ്ടത്. കേന്ദ്ര സർക്കാറിന്റെ ബഹിരാകാശ ഗവേഷണകേന്ദ്രത്തിനുകീഴിലുള്ള നാഷനൽ റിമോട്ട് സെൻസിങ് സെന്ററിന്റെ (National Remote Sensing Centre-NRSC) ആഗസ്റ്റ് ഒന്നിലെ റിപ്പോർട്ട് അനസരിച്ച്, വയനാട്ടിലെ ഉരുൾപൊട്ടൽ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ അതിതീവ്ര മഴയുടെ ഫലമായി ഉണ്ടായതാണ് എന്ന് ഉപഗ്രഹ ചിത്രങ്ങളുടെ പഠനങ്ങളുടെ അടിസ്ഥാനത്തിൽ പറയുന്നുണ്ട്. ഇത് മന്ത്രിക്ക് പരിശോധിച്ചുനോക്കാവുന്ന രേഖ കൂടിയാണല്ലോ.

ഉരുൾപൊട്ടൽ സാധ്യതാമേഖലകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞർ നിരന്തരം പറയുന്ന ചില കാര്യങ്ങളുണ്ട്: ഈ മേഖലകളിലെ മേൽമണ്ണിന്റെ അളവ്, ഭൂമിയുടെ ചെരിവ് (20 ഡിഗ്രിയിൽ കൂടുതൽ ചെരിവുള്ള പ്രദേശങ്ങളെല്ലാം ഉരുൾപൊട്ടൽ സാധ്യതയുള്ളവയാണ്), പാറയുടെ ഘടന, പാറയുടെ കെമിക്കൽ കോമ്പോസിഷൻ (എന്തുതരം മിനറലുകൾ കൊണ്ടാണ് അതുണ്ടാക്കിയിരിക്കുന്നത്), പാറകളിൽ എത്രത്തോളം വിള്ളലുണ്ട് (Fractures or joints ) - ഇത്തരം ഭൗമശാസ്ത്രപരവും ജിയോ ടെക്‌നിക്കൽ ആയതുമായ ഘടകങ്ങൾ ചേർന്നാണ് ഒരു പ്രദേശത്തിന്റെ ഉരുൾപൊട്ടൽ സാധ്യത നിർണയിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനം കൊണ്ട് പെയ്ത അതിശക്തമായ മഴയുടെ ഫലമായി നേരത്തെ പാരിസ്ഥിതികമായി ദുർബലമായ സ്ഥലത്ത് ദുരന്തമുണ്ടായി എന്നുതന്നെയാണ് കാണേണ്ടത്.  / Photo: Ajmal M.K.
കാലാവസ്ഥാ വ്യതിയാനം കൊണ്ട് പെയ്ത അതിശക്തമായ മഴയുടെ ഫലമായി നേരത്തെ പാരിസ്ഥിതികമായി ദുർബലമായ സ്ഥലത്ത് ദുരന്തമുണ്ടായി എന്നുതന്നെയാണ് കാണേണ്ടത്. / Photo: Ajmal M.K.

വയനാട്ടിലെ ഉരു​ൾപൊട്ടലിൽ, വീടുകൾക്കുമേൽ പതിച്ചതും ഒഴുകിവന്നതുമെല്ലാം കൂർത്തതും മൂർച്ചയുള്ളതുമായ അറ്റങ്ങളുള്ള വലിയ പാറക്കല്ലുകളാണ്. fracture zone-ന്റെ സാന്നിധ്യമാണ് ഇത്തരം പാറക്കല്ലുകൾ കാണിക്കുന്നത്. ഉരുൾപൊട്ടലുണ്ടായ സ്ഥലം അത്തരം വിള്ളലുകളുള്ള പ്രദേശമാണ്. നേരെ മറിച്ച്, കുറെ ദൂരം ഒഴുകിവരുന്ന പാറകളായിരുന്നുവെങ്കിൽ, അവ ഉരുളൻ കല്ലുകളായിട്ടാണ് കാണുക. അതായത്, മലയുടെ ഏറ്റവും മുകൾഭാഗം, അല്ലെങ്കിൽ എവിടെയാണോ നദികൾ ഉൽഭവിക്കുന്നത് അതിനെയാണ് കാച്ച്‌മെന്റ് ഏരിയ എന്നു പറയുന്നത്. അവിടം തൊട്ടുള്ള ശാസ്ത്രീയപഠനമാണ് നമുക്കുവേണ്ടത്.

ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നേർപ്പിച്ചിട്ടാണ് കസ്തൂരി രംഗൻ കമ്മിറ്റി റിപ്പോർട്ടുണ്ടാക്കിയത്. അത് നേർപ്പിച്ചാണ് ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി റിപ്പോർട്ടുണ്ടാക്കിയത്. അവസാനം കേന്ദ്രസർക്കാർ എക്കോ സെൻസിറ്റി പരിധി നിശ്ചയിക്കുകയും ചെയ്തു. സത്യസന്ധത ഗവേഷണ രംഗത്തുംനിലനിറുത്തണം.

സ്വഭാവിക വനത്തിന് അപചയം സംഭവിച്ചിട്ടുണ്ടോ എന്നത് മറ്റൊരു പ്രധാന വിഷയമാണ്. പൊതുവെയുള്ള കണക്കെടുത്താൽ, കാടുകൾക്ക് ഒരുപാട് സ്വഭാവിക അപചയം (degradation) സംഭവിച്ചിട്ടുണ്ടെന്ന് ഉപഗ്രഹചിത്രങ്ങളിൽനിന്നുള്ള പഠനങ്ങളിൽ വ്യക്തമാണ്. കാടുകളുടെ സ്വഭാവികത നഷ്ടമാകുന്നത് ജൈവവൈവിധ്യത്തിന്റെ നാശത്തിന് കാരണമാകും. കാട്ടിലെ മൃഗങ്ങൾക്ക് ഭക്ഷണമില്ലാതായി നാട്ടിലേക്കിറങ്ങിവരുന്നതും മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘട്ടനത്തിനു കാരണമാകുന്നതും ഇതിന്റെ ഒരു ഫലമാണ്. ഒരു പാട് പ്രകൃതിദത്ത ദുരന്തങ്ങൾക്കും ഇത് കാരണമാകുന്നുണ്ട്.

മേൽമണ്ണ് പിടിച്ചുനിർത്തുന്നത് കാടും മരങ്ങളുമാണ്. വേരുകൾ വെള്ളം വലിച്ചെടുത്ത് താഴേക്ക് വിട്ട് ഭൂഗർഭജലം സംരക്ഷിച്ചുനിർത്തുന്നു. കാട് വെട്ടിത്തെളിച്ച് വ്യാപകമായി കൃഷിയോ മറ്റോ ചെയ്യുന്നതും ഭൂവിനിയോഗത്തിലുള്ള മാറ്റങ്ങളും കാലാവസ്ഥാദുരന്തങ്ങളുടെ ആക്കം കൂട്ടുമെന്നതിൽസംശയമില്ല.

വയനാട്ടിലെ ഉരു​ൾപൊട്ടലിൽ, വീടുകൾക്കുമേൽ പതിച്ചതും ഒഴുകിവന്നതുമെല്ലാം കൂർത്തതും മൂർച്ചയുള്ളതുമായ അറ്റങ്ങളുള്ള വലിയ പാറക്കല്ലുകളാണ്. fracture zone-ന്റെ സാന്നിധ്യമാണ് ഇത് കാണിക്കുന്നത്.
വയനാട്ടിലെ ഉരു​ൾപൊട്ടലിൽ, വീടുകൾക്കുമേൽ പതിച്ചതും ഒഴുകിവന്നതുമെല്ലാം കൂർത്തതും മൂർച്ചയുള്ളതുമായ അറ്റങ്ങളുള്ള വലിയ പാറക്കല്ലുകളാണ്. fracture zone-ന്റെ സാന്നിധ്യമാണ് ഇത് കാണിക്കുന്നത്.

ടെക്റ്റ്ടോണിക് (tectonic) കാരണങ്ങളാണ് മറ്റൊന്ന്. ഭൂമിക്കടിയിലെ പാറകളിൽ പ്രത്യക്ഷത്തിൽ കാണാനാകാത്ത വിള്ളലുകളുണ്ട്. ഉപഗ്രഹചിത്രങ്ങളിൽ ഇതിനെ നേർരേഖയായാണ് കാണുക. ഈ രേഖകളെ (lineaments) അടിസ്ഥാനമാക്കി നേർരേഖയിൽ ഒഴുകുന്നതുപോലെയാണ് കേരളത്തിലെ മിക്ക നദികളേയും ഉപഗ്രഹചിത്രങ്ങളിൽ കാണാനാവുക. ഉരുൾപൊട്ടലുകൾ മനുഷ്യപ്രേരിതം കൊണ്ടു മാത്രമല്ല, കാലാവസ്ഥാ വ്യതിയാനം കൊണ്ടു മാത്രമല്ല, ടെക്റ്റ്റ്റോണിക് കാരണങ്ങൾ കൊണ്ടുമുണ്ടാകാം. അതിൽ മഴ ഒരു ഘടകമായി വരും. എന്ത് ഘടകമാണ് ഉരുൾപൊട്ടലിന് കാരണമായത് എന്നറിയാനാണ് geotechnical study നടത്തുന്നത്.

വയനാട്ടിലേത് തികച്ചും സ്വഭാവിക ദുരന്തമായിരുന്നുവെന്നതിന് സംശയമില്ല- പെട്ടെന്ന് പെയ്ത മഴ, ചെങ്കുത്തായ ചെരിവുകൾ ഇതെല്ലാം ഘടകങ്ങളായി നിൽക്കുമ്പോൾ തന്നെ, പ്രകൃതിയുടെ മേൽ ഒരു ശാസ്ത്രീയബോധവുമില്ലാതെ നടത്തിയ നിരന്തര മനുഷ്യ ഇടപെടലുകൾ അതിന്റെ ആക്കം കൂട്ടി. മനുഷ്യ ഇടപെടലുകൾ നിയന്ത്രിക്കാൻ ആവശ്യമായ നിയമനിർമാണം ഇല്ലാത്തത് ഒരു പ്രശ്നമാണ്. ഇരുവഴിഞ്ഞിപ്പുഴയുടെ രണ്ടു ഭാഗത്തുമുള്ള വീടുകളാണ് ഏറ്റവും കൂടുതൽ നശിച്ചത്. പുഴയുടെ രണ്ടു ഭാഗത്തും, അര കിലോമീറ്റർ ദൂരം പുഴയ്ക്ക് അവകാശപ്പെട്ടതാണെന്നാണ് നിയമം അനുശാസിക്കുന്നത്.

ഭൂവിനിയോഗത്തിലുള്ള മാറ്റങ്ങളും ടൂറിസവും അനിയന്ത്രിതമായ നിർമാണപ്രവർത്തനങ്ങളുമെല്ലാം ദുരന്തവ്യാപ്തി കൂട്ടാൻ കാരണമായിട്ടുണ്ട്. ഒരു പ്രദേശത്തിന് താങ്ങാവുന്ന പരിധിയുണ്ട്- ‘കാരിയിങ് കപ്പാസിറ്റി’ എന്നു പറയും. ഒരു പ്രദേശത്ത് എന്തുതരം കൃഷിയാകാം, എന്തുതരം റോഡുകളാകാം- ഇതെല്ലാം ഘടകങ്ങളാണ്. അവിടെ നിർമിക്കുന്ന കെട്ടിങ്ങൾ ഏതു തരത്തിലുള്ളതാകണം? എത്ര നിലവരെയാകാം? (വയനാട്ടിൽ നിരവധി നിലകളുള്ള റിസോർട്ടുകളുണ്ട്), വീടുകളുടെ വിസ്തൃതി പരിമിതപ്പെടുത്തേണ്ടേ? ഒരാൾക്ക് ഒന്നിൽ കൂടുതൽ വീട് പാടില്ല എന്ന നിയമം കൊണ്ടുവരാനാകില്ലേ? അത്തരം നിയമങ്ങൾ കൊണ്ടുവന്നാലേ കേരളം കുറച്ചുകാലം കൂടി സുരക്ഷിതമായി ഇരിക്കുകയുള്ളൂ. പ്രാദേശികാടിസ്ഥാനത്തിൽ ഒരു സംസ്ഥാനത്തും ഇതിനുള്ള പ്ലാനിങ്ങില്ല, കേരളവും ഇതിൽനിന്ന് ഭിന്നമല്ല.

 ഒരു പ്രദേശത്ത് എന്തുതരം കൃഷിയാകാം, എന്തുതരം റോഡുകളാകാം- ഇതെല്ലാം ഘടകങ്ങളാണ്.  / Photo: PRD
ഒരു പ്രദേശത്ത് എന്തുതരം കൃഷിയാകാം, എന്തുതരം റോഡുകളാകാം- ഇതെല്ലാം ഘടകങ്ങളാണ്. / Photo: PRD

റിസർവ് ഫോറസ്റ്റുകളോടുചേർന്ന ഒരു കിലോമീറ്റർ സ്ഥലം മാത്രമാണ് ഇപ്പോൾ പരിസ്ഥിതിലോല പ്രദേശങ്ങളായി നോട്ടിഫൈ ചെയ്തിട്ടുള്ളൂ. ഇതേക്കുറിച്ച് കൃത്യമായ പഠനം വേണം. പരിസ്ഥിതിലോല മേഖലകളുടെ അതിർത്തികൾ നിർണയിക്കുമ്പോൾ തദ്ദേശവാസികളോട് സംസാരിക്കൂ എന്നാണ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് പറയുന്നത്. നമ്മുടേതാണ് ഈ സ്ഥലം എന്ന രീതിയിൽ അപ്പോൾകുറച്ചുകൂടി കരുതലുണ്ടാകും.

വയനാട്ടിൽ നടക്കുന്ന അത്യന്തം മനുഷ്യത്വപരമായ സേവനപ്രവർത്തനങ്ങളെ മുൻനിർത്തി, 'മാനവികതയുടെ കേരള മോഡലി'നെക്കുറിച്ചുള്ള സർവസമ്മതി മുൻ ദുരന്തകാലങ്ങളിലേതുപോലെ, ഇത്തവണയും ആവർത്തിക്കപ്പെടുന്നുണ്ട്. ഒരു ദുരന്തപാശ്ചാത്തലത്തിൽ അത് അനിവാര്യവുമാണ്. എന്നാൽ, അതോടൊപ്പം നടക്കേണ്ട, ദുരന്തത്തിന്റെ കാരണങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ വിശകലനങ്ങളെയും അന്വേഷണങ്ങളെയും ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കേണ്ട പരിഹാരനടപടികളെക്കുറിച്ചുള്ള ചർച്ചകളെയും 'നിരോധിക്കുന്ന' മറ്റൊരുതരം സർവസമ്മതിയും ഔദ്യോഗികമായി തന്നെ അടിച്ചേൽപ്പിക്കപ്പെടുന്നുണ്ട്. അതായത്, ഇതല്ല ഇക്കാര്യങ്ങൾ ചർച്ച ചെയ്യാനുള്ള സമയം എന്നൊരു വാദമുണ്ട്. ഈ സമയത്തുതന്നെയല്ലേ, വിമർശനാത്മകമായി ഇക്കാര്യങ്ങൾ ചർച്ച ചെയ്യേണ്ടത്?

‘ഇത്തരം ചർച്ചകൾക്ക് ഇതല്ല സമയം’ എന്നത് 2005 മുതൽ ഉയരുന്ന വാദമാണ്. ഓഖിയുടെയും രണ്ട് പ്രളയങ്ങളുടെയും ഇപ്പോൾ വയനാട്ടിലെ ഉരുൾപൊട്ടലിന്റെയും സമയത്ത് അത് മാറ്റമില്ലാതെ ആവർത്തിക്കുന്നു. ചർച്ചക്ക് ഇതുവരെ സമയം കിട്ടിയിട്ടുമില്ല. ഈ നിലപാട് തിരുത്തപ്പെടുക തന്നെ വേണം.

സർക്കാർ ഉദ്യോഗസ്ഥർ സർക്കാർ പോളിസികളെ എതിർക്കരുതെന്ന് പറയുന്നത് ശരിയല്ല. ഒരു സോഷ്യൽ മീഡിയ പോസ്റ്റിട്ടാൽ തന്നെ അത് കുറ്റകരമായ അനാസ്ഥയായി കാണുന്ന നിയമം കർശനമായി നടപ്പാക്കുന്നുണ്ട്. സർക്കാർ നയങ്ങൾക്കെതിരെ പ്രവർത്തിക്കരുതെന്ന് പറയാം. പക്ഷേ അഭിപ്രായം പറയുന്നതിനെ തടയേണ്ടതില്ല.

മാധവ് ഗാഡ്ഗിൽ, കസ്തൂരി രംഗൻ
മാധവ് ഗാഡ്ഗിൽ, കസ്തൂരി രംഗൻ

മീറ്റിംഗുകളിൽ പലപ്പോഴും ഉദ്യോഗസ്ഥരുടെ ഭാഗത്ത് സമ്പൂർണ നിശ്ശബ്ദതയാണ്. പോളിസികളിലെ പോരായ്മകൾ ചൂണ്ടിക്കാണിക്കപ്പെടുന്നില്ല. മന്ത്രിയ്‌ക്കെതിരെയോ രാഷ്ട്രീയ നേതൃത്വത്തിനെതിരെയോ പറയുന്നു എന്ന തരത്തിലെടുക്കാതെ ശാസ്ത്രജ്ഞരെ കേൾക്കാൻ ഭരണകൂടം തയ്യാറാവണം. ശാസ്ത്രജ്ഞർ സത്യസന്ധത പുലർത്തുകയും വേണം. ഭരണകൂടത്തിനനുസൃതമായ തരത്തിൽ റിപ്പോട്ടുകളിൽ വെള്ളം ചേർക്കരുത്. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നേർപ്പിച്ചിട്ടാണ് കസ്തൂരി രംഗൻ കമ്മിറ്റി റിപ്പോർട്ടുണ്ടാക്കിയത്. അത് നേർപ്പിച്ചാണ് ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി റിപ്പോർട്ടുണ്ടാക്കിയത്. അവസാനം കേന്ദ്രസർക്കാർ എക്കോ സെൻസിറ്റി പരിധി നിശ്ചയിക്കുകയും ചെയ്തു. സത്യസന്ധത ഗവേഷണ രംഗത്തുംനിലനിറുത്തണം.

വയനാട്ടിലെ ഉരുൾപൊട്ടലിന്റ കാര്യം മാത്രമെടുത്താൽ, ദുരന്തനിവാരണത്തിൽ ഒരു പാട് കാര്യങ്ങൾ ഇനിയും ചെയ്യേണ്ടതുണ്ട്. അവ ഇപ്പോൾ തന്നെയാണ് ചർച്ച ചെയ്യേണ്ടത്. അവയിൽ ചിലതിനെക്കുറിച്ചു പറയാം.

വയനാടുമായി ബന്ധപ്പെട്ടു മാത്രമല്ല, എത് റിപ്പോർട്ട് എടുത്തുനോക്കിയാലും പ്രാദേശികാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ പറ്റുന്ന മാപ്പുകൾ ഇല്ല എന്നത് വലിയ പ്രശ്നമാണ്.
National Centre for Earth Science Studies 2010-ൽ കേരളത്തിനായി Multi- hazard Zoning Map തയാറാക്കിയിരുന്നു. ജില്ലാ അടിസ്ഥാനത്തിൽ സ്വഭാവിക പ്രകൃതിദുരന്തങ്ങളുടെ സാധ്യതകൾ പരിശോധിച്ചാണ് ഇത് തയാറാക്കിയത്. ഇതിലുള്ളത് 1: 50000 എന്ന സ്കെയിലാണ്. അതായത്, ഒരു സെന്റീമീറ്ററിനകത്ത് അര കിലോമീറ്ററിലെ കാര്യങ്ങൾചുരുക്കി കാണിക്കണം. വാർഡ് അടിസ്ഥാനത്തിൽ മഴ വ്യത്യാസപ്പെട്ട് പെയ്യുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ കാലത്ത് അര കിലോമീറ്ററിലെ കാര്യങ്ങൾ ഒരു സെന്റീമീറ്ററിനകത്ത് ചുരുക്കിപ്പറയുന്ന ഇത്തരം മാപ്പുകൾ പ്രാദേശിക തലത്തിൽ ഫലപ്രദമായി ഉപയോഗിക്കാൻ പറ്റില്ല.

NCESS ഡാറ്റ ഉപയോഗിച്ച് സംസ്ഥാന ദുരന്തനിവാരണ അഥോരിറ്റി തയ്യാറാക്കിയ ദുരന്തസാധ്യതാ മാപുകള്‍ / Download Here
NCESS ഡാറ്റ ഉപയോഗിച്ച് സംസ്ഥാന ദുരന്തനിവാരണ അഥോരിറ്റി തയ്യാറാക്കിയ ദുരന്തസാധ്യതാ മാപുകള്‍ / Download Here

ഇങ്ങനെ ചുരുക്കുമ്പോൾ പല കാര്യങ്ങളുടെയും വ്യക്തത നഷ്ടമാകും. ഉദാഹരണത്തിന് സെക്രട്ടറിയേറ്റിനടുത്താണ് ഏജീസ് ഓഫീസ്, അതിനടുത്ത് പൊലീസ് സ്‌റ്റേഷനുണ്ട്. ഇവിടെയെല്ലാം ദുരന്തസാധ്യത ഒരുപോലെയല്ലല്ലോ. ഈ സ്ഥാപനങ്ങളും 1:50,000 എന്ന മാപ്പിൽ ഒരു പോയന്റായാണ് വരിക, അവയ്ക്ക് വ്യത്യസ്തമായ പ്ലാനുകളുണ്ടാക്കാനാകില്ല. ശരിക്കു വേണ്ടത് 1:1000 എന്ന സ്കെയിലിലുള്ള മാപ്പാണ്. 1:4000 വരെ അത് പോകാം. നാലുമീറ്റർ ഭൂമിയിലുള്ള സ്ഥലം ഒരു സെന്റീമീറ്ററിൽ കാണിക്കാം. അത്തരം Cadastral map-ൽ കുറെക്കൂടി കൃത്യമായിരിക്കും പ്ലാനിങ്. വമ്പിച്ച ഉരുൾപൊട്ടൽ സാധ്യതാമേഖലയിൽ 1:200 എന്ന സ്‌കെയിലിൽ എന്ന സ്കെയിലിൽ മാപ്പിങ് നടത്തുന്നതാണ് അഭികാമ്യം ഒരു മീറ്റർ സമം ഒരു സെന്റീമീറ്റർ എന്ന തരത്തിലേക്ക് കുറച്ചാലും തരക്കേടില്ല.

എന്നാൽ, ഏത് റിപ്പോർട്ട് പരിശോധിച്ചാലും, പ്രാദേശികാടിസ്ഥാനത്തിൽ ആസൂത്രണത്തിന് ഉപയോഗിക്കാൻ പറ്റുന്ന മാപ്പിങ് സ്‌കെയിൽ കാണാനാകില്ല. ഇത് ഒരു വലിയ പ്രതിസന്ധിയാണ്. ഇതിനെ പറ്റി ആരും സംസാരിക്കുന്നില്ല. മാപ്പ് തയാറാക്കിയോ എന്ന് ചോദിച്ചാൽ മാപ്പ് തയാറാക്കി. പക്ഷേ ഈ മാപ്പുകൾ പ്രാദേശികതലത്തിൽ ഉപയോഗിക്കാൻ പറ്റില്ല. ഇത്തരം മാപ്പുകളാണ് പല ജില്ലകളിലും എപ്പോഴും എടുക്കുന്നത്. പി.വി. അൻവർ എം.എൽ.എയുടെ പാർക്ക് ദുരന്തസാധ്യതാ ഭൂപടത്തിന് വെളിയിലാണോ അല്ലയോ എന്നൊക്കെ ഈ മാപ്പുകൾ നോക്കിയാണ് തീരുമാനിക്കുന്നത്. ഇത് കൃത്യമായ വിവരം തരില്ല. അതിർത്തികൾ കൃത്യമായി അളന്നു തിട്ടപ്പെടുത്താത്ത (georeferenced അല്ലാത്ത) മാപ്പുകളുടെ താഴെ, ‘External boundaries not verified’ എന്ന് കൊടുത്തിട്ടുണ്ടാകും. ‘For planning and reference purpose only’ എന്ന് പറയുന്നുണ്ടെങ്കിലും സൂക്ഷ്മതലത്തിൽ, പ്രാദേശിക ദുരന്ത നിവാരണ പ്ലാനുകൾ തയ്യാറാക്കാൻ ഇവ ഉപയോഗിക്കാൻ സാധിക്കില്ല.

വയനാട്ടിൽ മൂന്ന് താലൂക്കുകളുണ്ട്. ദുരന്ത സാധ്യതാ മാപ്പിന്റെ അടിസ്ഥാനത്തിൽ എവിടെയൊക്കെയാണ് ഉരുൾപൊട്ടൽ സാധ്യത, വെള്ളപ്പൊക്ക സാധ്യത എന്നെല്ലാം കണ്ടുപിടിക്കാനാകില്ല. കാരണം, ഇതിൽ അതിർത്തികൾ അളന്ന് രേഖപ്പെടുത്തിയിട്ടില്ല. ഒരു വിഗഹവീക്ഷണം മാത്രമേ കിട്ടൂ. താലൂക്കിന്റെ കിഴക്കേ ഭാഗത്ത് ഉരുൾപൊട്ടൽ സാധ്യത കൂടുതലാണ് എന്നോ പടിഞ്ഞാറ് ഭാഗത്ത് കൂടിവെള്ള ക്ഷാമം കൂടുതലായി അനുഭവപ്പെടുന്നതിനാൽ പടിഞ്ഞാറ് ഭാഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന മട്ടിലേ തീരുമാനമെടുക്കാനാകൂ. അല്ലാതെ, പ്രാദേശികമായി സൂക്ഷ്മതലത്തിൽ ആക്ഷൻ പ്ലാൻ അസാധ്യമാണ്.

ഇതേക്കുറിച്ചെല്ലാം ശാസ്ത്രീയമായി അറിവുള്ള ശാസ്ത്രജ്ഞരാണ് ചുറ്റുമുള്ളത്, ദുരന്തനിവാരണ വകുപ്പിലുമുണ്ട് വിദഗ്ധർ. എന്നാൽ, ആരും ഒന്നും പുറത്ത് പറയുന്നില്ല. മാപ്പ് തയ്യാറാക്കിയോ എന്ന് ചോദിച്ചാൽ തയ്യാറാക്കി. നിലവിലുള്ള മാപ്പുകളുടെ പരിമിതികൾ സത്യസന്ധമായി തുറന്നുപറയാൻ കഴിയണം.

നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് 2018- ൽ വയനാട്ടിൽ പെയ്ത മഴയുടെ അളവ് പഠിച്ചിരുന്നു. മഴ പെയ്താലാണ് ഉരുൾ പൊട്ടലുണ്ടാവുക എന്നും 40 മണിക്കൂറിനുതാഴെ ശരാശരി 50- 250 മില്ലി മീറ്ററിനിടയ്ക്ക് മൊത്തം മഴയുണ്ടെങ്കിൽ അത് മണ്ണിടിച്ചിന് കാരണമാവും എന്നും പറഞ്ഞിരുന്നു. വെള്ളപ്പൊക്കത്തിനുശേഷം അതിതീവ്രമഴ അല്ലെങ്കിൽ ചെറിയ മഴ തുടർച്ചയായി പെയ്തുകൊണ്ടിരിക്കുന്നു. രണ്ടോ മൂന്നോ ദിവസം ഇങ്ങനെ പെയ്താൽ land slide ഉണ്ടാവുമെന്ന് പറയുന്നുണ്ട്. പക്ഷേ എവിടെ എന്ന് കൃത്യമായി പറയാൻ സാധിക്കുന്നില്ല. പറയാൻ സാധിക്കണമെങ്കിൽ മാപ്പുകൾ സൂക്ഷ്മതലത്തിൽ തയാറാക്കണം. ജിയോറഫറൻസ്ഡ് (georeferenced ) മാപ്പുകളാണ് നമുക്കാവശ്യം.

കാലാവസ്ഥാ നീരീക്ഷണ കേന്ദ്രത്തിന്റെ പ്രഖ്യാപനങ്ങളും ഇങ്ങനെ തന്നെയാണ്. കാരണം, അവർക്ക് ആവശ്യത്തിനനുസരിച്ചുള്ള മഴ മാപിനിയില്ല. ഞാൻ മനസിലാക്കുന്നത്, മുണ്ടക്കൈയിലും ഇല്ല എന്നാണ്. അത് മാനന്തവാടിയിലോ അമ്പലവയലിലോ ആയിരിക്കും. വയനാട് മുഴുവനെടുത്താൽ അ​ഞ്ചോ ആറോ സ്ഥലത്തു കാണും. 2132 ചതുരശ്ര മീറ്റർ മറ്റോ ആണ് ഇതിന്റെ മുഴുവൻ വിസ്തീർണം. അവിടെ നാലോ അഞ്ചോ മഴ മാപിനികൾ വച്ചാൽ, ശരാശരി മഴയുടെ കണക്കേ കിട്ടൂ. കാലാവസ്ഥാ വ്യതിയാനത്തിന്റെ സമയത്ത് വാർഡ് അടിസ്ഥാനത്തിൽ അറിഞ്ഞാൽ മാത്രമേ എന്തേങ്കിലും സൂചന കിട്ടൂ.

മഴമാപിനികൾ മാത്രം വച്ചാലും പ്രശ്നം പരിഹരിക്കപ്പെടില്ല. കാരണം, മഴ ഉരുൾപൊട്ടലിന്റെ ഒരു triggering factor, പ്രേരകശക്തി മാത്രം ആണ്. വേറെ ഘടകങ്ങളുണ്ട്. മണ്ണിന്റെ കനം, എത്ര വെള്ളം ആഗിരണം ചെയ്യാൻ സാധിക്കും, എത്ര ജലം സംഭരിക്കാൻ പറ്റും, ഉപരിതലത്തിൽ എത്ര വെള്ളം ഒഴുകിപ്പോകും, മരങ്ങൾക്ക് എത്രത്തോളം വെള്ളത്തെ പിടിച്ചുവയ്ക്കാൻ കഴിയും, പാറകളിൽ വിള്ളലുണ്ടോ, പാറയുടെ രാസഘടന, കളിമണ്ണ് കൂടുതലുള്ള പാറകളാണോ, പാറകൾക്കിടയിലെ സുഷിരങ്ങളിൽ എത്ര വെള്ളം കേറി നിൽക്കും, അത് എത്ര മർദ്ദം ചെലുത്തും- തുടങ്ങിയ കാര്യങ്ങൾക്കായി ഓരോയിടത്തും സെൻസറുകൾ വെക്കണം. ഒരു കുന്നിൽ തന്നെ പല സ്ഥലത്തും വെച്ചാൽ മാത്രമേ porepressure കണ്ടുപിടിക്കാൻ പറ്റൂ. സെക്കന്റുകൾക്ക് മുമ്പു മാത്രമേ ഇതറിയാനാകൂ. ഉരുൾപൊട്ടലിന് അത്രയും സെക്കന്റുകൾക്കുമുമ്പുള്ള അപായ സൂചന മനുഷ്യജീവൻ രക്ഷിക്കുന്നതിൽ ഫലപ്രദമാകണമെന്നില്ല. വസ്തുവകകളുടെ നാശ നഷ്ടവും ഒഴിവാക്കാൻ സാധിക്കില്ല.

ഉരുൾപൊട്ടൽ സാധ്യതാ മേഖലകളെ സൂക്ഷ്മതലത്തിൽ മാപ്പ് ചെയ്യുമ്പോൾ ഓരോ മേഖലയുടേയും അതിർത്തികൾ അളന്ന് കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട് ഇപ്പോൾ നിലവിലുള്ള എല്ലാ മാപ്പുകളിലും "boundaries not verified "എന്ന് കൊടുത്തിരിക്കുന്നത് കാണാം. ഇതിന്റെ അർത്ഥം, അവയുടെ അതിർത്തികൾ കൃത്യമായി അളന്നു തിട്ടപ്പെടുത്തിയതല്ല എന്നാണ്. നമ്മുടെ പേരിലുള്ള വസ്തുവിൽ സർവ്വേ നടത്തി അതിരുകൾ കൃത്യമായി രേഖപ്പെടുത്തിയില്ലെങ്കിൽ അവ എത്ര പ്രയോജന രഹിതമായിരിക്കുമോ അത്രയും ഉപയോഗശൂന്യമായിരിക്കും ഇത്തരം മാപ്പുകൾ. ബഹിരാകാശ ചിത്രങ്ങള്‍ പഠിക്കുന്നതോടൊപ്പം അവിടെ എന്തുതരം പാറയാണ്, എന്തുതരം മണ്ണ് ആണ് എന്നെല്ലാം പഠിക്കണം. വയനാട് പോലെ, ഇത്ര പാരിസ്ഥിക ദുർബലമായ പ്രദേശത്ത് സൂക്ഷ്മതല പഠനം തുടങ്ങണം.

മുണ്ടക്കൈയിൽ റെയിൻ ഗേജ് ഇല്ലെങ്കിൽ അത് മാനന്തവാടിയിലോ അമ്പലവയലിലോ ആയിരിക്കും. വയനാട് മുഴുവനെടുത്താൽ അ​ഞ്ചോ ആറോ സ്ഥലത്തു കാണും.
മുണ്ടക്കൈയിൽ റെയിൻ ഗേജ് ഇല്ലെങ്കിൽ അത് മാനന്തവാടിയിലോ അമ്പലവയലിലോ ആയിരിക്കും. വയനാട് മുഴുവനെടുത്താൽ അ​ഞ്ചോ ആറോ സ്ഥലത്തു കാണും.

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ആണ്, ഉരുൾപൊട്ടൽ പഠിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നോഡൽ ഏജൻസി. മുഴുവൻ മേഖലയും പഠിക്കാൻ അവർക്കാകില്ല. 14- ഓളം പാരാമീറ്റേഴ്സ് എടുത്തിട്ടാണ് ഉരുൾ പൊട്ടൽ സാധ്യത പഠിക്കുന്നത്. ‘സെസ്’ നാലോ അഞ്ചോ ഘടകങ്ങളാണെടുക്കുന്നത്. National Centre for Earth Science Studies-ന്റെയും (NCESS) ജി.എസ്.ഐയുടെയും മാപ്പുകൾ സമഗ്രമായി സംയോജിപ്പിച്ച് തീരുമാനമെടുക്കാൻ തടസ്സം നിൽക്കുന്നത് സ്കെയിലിലെയും പാരാമീറ്ററുകളിലെയും വ്യത്യാസമാണ്.

അപ്പോൾ എന്താണ് ചെയ്യേണ്ടത്? കേരളം ഇത്രത്തോളം പാരിസ്ഥിതിക ദുർബല മേഖലയാണ് എന്നത് പരിഗണിച്ച്, ശാസ്ത്ര ഗവേഷണസ്ഥാപനങ്ങളെ വിളിച്ചുകൂട്ടി സൂക്ഷ്മതലത്തിൽ എങ്ങനെ മാപ്പുകൾ തയ്യാറാക്കാം എന്ന് ചർച്ച ചെയ്യണം. എന്നിട്ട്, ഒരു കേന്ദ്രീകൃത പോർട്ടലിൽ ഇവ സൗജന്യമായി ലഭ്യമാകത്തക്കവിധം, പ്രസിദ്ധീകരിക്കണം. ഭൂമിയുടെ വില കുറയുമെന്ന ആശങ്ക അവിടെ പ്രശ്നമാവരുത്. കാരണം, ഒരു സ്ഥലവും മറ്റൊരു സ്ഥലത്തേക്കാൾ സുരക്ഷിതമാണ് എന്ന് പറയാൻ പറ്റാത്ത വിധം ഈ കേരളം അത്രത്തോളം ദുരന്ത സാധ്യതയുള്ളതാണ്.

2018-ലെ പ്രളയത്തിനുശേഷം, എല്ലാ ജില്ലകളിലെയും ദുരന്തസാധ്യതാ മേഖലകളെക്കുറിച്ച് പലതരം മുന്നറിയിപ്പുകളുണ്ടായിട്ടുണ്ട്. ഇത്തരം ഇക്കോ സെൻസിറ്റീവ് സോണുകൾക്കായി സമഗ്ര പദ്ധതി ഇല്ലാത്തതിന് ഒരു കാരണം, ഈ സോണുകളുടെ അതിർത്തികൾ സൂക്ഷ്മതലത്തിൽ നിർണയിക്കപ്പെട്ടിട്ടില്ല എന്നതാണ്. ശാസ്ത്രീയ തീരുമാനമെടുക്കാൻ അതിർത്തികൾ അളന്ന് തിട്ടപ്പെടുത്തുക തന്നെ വേണം. അത്തരം സൂക്ഷ്മതല മാപ്പുകളുടെ അഭാവം ഒരു പ്രശ്‌നമാണ്.

2018-ലെ പ്രളയം
2018-ലെ പ്രളയം

രണ്ട്: സമഗ്ര പദ്ധതിയുണ്ടാക്കണമെങ്കിൽ ഭൂവിനിയോഗനയം വേണം. അതില്ല. എവിടെയാണ് വികസനം കൊണ്ടുവരാൻ പറ്റാത്ത സ്ഥലം എന്നത് കൃത്യമായി രേഖ​പ്പെടുത്തണം. മുണ്ടക്കൈയിൽ ഇനി ഒരു മെഗാ വികസനപദ്ധതി ആലോചിക്കാൻ പറ്റുമോ? പാരിസ്ഥിതികമായി അത്രയേറെ ദുർബലമായ പ്രദേശമാണത് എന്ന് വീണ്ടും വീണ്ടും തെളിയുകയാണ്.

കൃത്യമായ നിയമനിർമാണം വഴി നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടതുണ്ട്. അതിൽ ഏറ്റവും മുഖ്യം ഓരോ പ്രദേശത്തിന്റെയും മാപ്പുകൾ സൂക്ഷ്മതലത്തിൽ തയാറാക്കുകയാണ്.
മറ്റൊന്ന്, അവയുടെ ‘കാരിയിങ് കപ്പാസിറ്റി’ പഠിക്കണം. അവിടെ എത്രത്തോളം നിർമാണപ്രവർത്തനങ്ങളാകാം, എന്തുതരം വിളകളാകാം, മരങ്ങളാകാം തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കണം. പാറകളിൽ കൂടുതൽ ഭൂഗർഭ ജലം കെട്ടിനിൽക്കുന്ന സ്ഥലമാണെങ്കിൽ അത് ഉരുൾപൊട്ടലിനുള്ള പ്രേരകശക്തിയാണ്. അധികമുള്ള ജലം ഒഴുക്കിക്കളയാൻ ചിലയിടങ്ങളിൽ ഭൂമിക്കടിയിലൂടെ സർഫസ് ഡ്രെയ്‌നേജ് സംവിധാനമൊരുക്കുന്നത് ഫലപ്രദമാകും. അങ്ങനെ വിവിധ വകുപ്പുകൾ ചേർന്നുള്ള സംയോജിത പദ്ധതിക്ക് രൂപം കൊടുക്കണമെങ്കിൽ ആദ്യം ഒരു നയം വേണം.

1950-നുശേഷം വയനാട്ടിൽ ഒട്ടേറെ വനഭൂമി നഷ്ടമായി എന്നു പറയുന്നുണ്ട്. ഇടക്കാലത്ത് 11 ശതമാനത്തോളം നഷ്ടമായി. വനത്തിന്റെ സ്വാഭാവികത നഷ്ടമായി എന്ന റിപ്പോർട്ടുകളുമുണ്ട്. ഇത് ദുരന്തങ്ങളുടെ ആഘാതം വർധിക്കുന്നതിന് മറ്റൊരു കാരണമാണ്. കാടിന്റെ സ്വഭാവികത വീണ്ടെടുക്കുന്നതിൽ സോഷ്യൽ ഫോറസ്ട്രിക്കും പങ്കുണ്ട്. ഒരു സ്ഥലത്ത് എന്ത് മരങ്ങളാണ് വെക്കേണ്ടത് എന്ന കൃത്യമായ ധാരണ വേണം. അത് പലപ്പോഴും ഉണ്ടാകാറില്ല.

ഇപ്പോൾ തന്നെ ചർച്ച ചെയ്യേണ്ട കാര്യങ്ങളാണിവ.

വനത്തിന്റെ സ്വാഭാവികത നഷ്ടമായി എന്ന റിപ്പോർട്ടുകളുമുണ്ട്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ കാര്യവും വ്യത്യസ്തമല്ല. ഇത് പലതരം ദുരന്തങ്ങൾക്ക് വഴിവക്കും.
വനത്തിന്റെ സ്വാഭാവികത നഷ്ടമായി എന്ന റിപ്പോർട്ടുകളുമുണ്ട്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ കാര്യവും വ്യത്യസ്തമല്ല. ഇത് പലതരം ദുരന്തങ്ങൾക്ക് വഴിവക്കും.

വയനാട് ദുരന്തത്തിന്റെ പാശ്ചാത്തലത്തിൽ ഇക്കോ സെൻസിറ്റീവ് സോണുകളുമായി ബന്ധപ്പെട്ട് അടിയന്തമായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്?.

1975-ൽ കേന്ദ്ര സർക്കാർ Model bill for flood Plain Zoning കൊണ്ടുവന്നിരുന്നു. രാജസ്ഥാൻ, മണിപ്പുർ, ജമ്മു കാശ്മീർ, ഉത്തരാഖണ്ഡ് തുടങ്ങി ചുരുക്കം സംസ്ഥാനങ്ങളേ ഈ നിയമം നടപ്പാക്കാൻ ശ്രമം നടത്തിയുള്ളൂ. മണിപ്പുരിൽ ഈ നിയമം നടപ്പിലാക്കിയെങ്കിലും വേണ്ടത്ര ബോധവൽക്കരണം നടത്താത്തതിനാൽ ജനങ്ങൾക്ക് എവിടെയാണ് വെള്ളപ്പൊക്ക സമതലങ്ങൾ എന്നത് ഇപ്പോഴും അറിയില്ല.
ഉത്തരാഖണ്ഡിൽ 2012-ൽ പാസാക്കിയെങ്കിലും വെള്ളപ്പൊക്ക സമതലങ്ങൾ (flood plain) കണ്ടെത്തി അതിരുകൾ നിശ്ചയിക്കുന്നതിന് തുടക്കമിട്ടത് 2020-ൽ മാത്രമാണ്. അവിടെ വലിയ ഉരുൾപൊട്ടലും വെള്ളപ്പൊക്കവുമുണ്ടായിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം അനിയന്ത്രിതവും അശാസ്ത്രീയവുമായ കടന്നുകയറ്റവും അതിന്റെ ആക്കം കൂട്ടിയിട്ടുണ്ട് എന്നതിന് സംശയമില്ല. രാജസ്ഥാനിലും ജമ്മു കാശ്മീരിലും നിയമം പാസാക്കിയെങ്കിലും നടപ്പാക്കിത്തുടങ്ങിയിട്ടില്ല.

മഴക്കാലത്ത് നദിയിൽ വെള്ളപ്പൊക്കമുണ്ടാകുമ്പോൾ ഇരുവശത്തേക്കും കരകവിഞ്ഞൊഴുകും. മുകളിൽനിന്ന് ഒഴുകിയെത്തിയ ഏക്കലും ചരലും മണലുമെല്ലാം രണ്ടുവശത്തുമായി നിക്ഷേപിക്കപ്പെടും. ഇങ്ങനെയുണ്ടാകുന്ന സമതലങ്ങളാണ് വെള്ളപ്പൊക്ക സമതലങ്ങൾ. ഇതാണ് കൃഷിക്കു പറ്റിയ ഏറ്റവും ഫലഭൂയിഷ്ടമായ സ്ഥലം. എന്നാൽ, കൃഷി ചെയ്യുന്നതിനുപകരം അവിടെ വാസസ്ഥലങ്ങൾ പണിയുകയാണ് ചെയ്തത്. കേരളത്തിൽ മാത്രമല്ല, യമുനയിലും ഉത്തരാഖണ്ഡിലും അടക്കം വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ടു കിടക്കുന്നത് വെള്ളപ്പൊക്ക സമതലങ്ങൾ കൈയേറിയുള്ള മനുഷ്യ നിർമിതികളാണ്.

ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തില്‍ തകര്‍ന്ന വീട്
ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തില്‍ തകര്‍ന്ന വീട്

വെള്ളപ്പൊക്ക സമതലങ്ങൾ കണ്ടെത്തി അവയുടെ അതിർത്തികൾ നിശ്ചയിക്കണം, തീവ്രത അനുസരിച്ച് ഇവയെ വീണ്ടും മേഖലകളായി തിരിക്കണം. നദിയോട് തൊട്ടടുത്ത പ്രദേശത്ത് ടൂറിസം ഉൾപ്പെടെ യാതൊരു നിർമാണപ്രവർത്തനങ്ങളും പാടില്ല. സർക്കാർ ടൂറിസ്റ്റ് കേന്ദ്രങ്ങളുൾപ്പെടെ റീ ലൊക്കേറ്റ് ചെയ്യേണ്ടിവരും.

രണ്ടാമത്തെ സോൺ കുറച്ചകൂടി സുരക്ഷിതമായതിനാൽ, അവിടെ കൃഷി ചെയ്യാം. എന്തുതരം കൃഷിയാണ് നടത്താനാകുക എന്ന് തീരുമാനിക്കണം.

മൂന്നാമത്തെ സോൺ നദിയിൽനിന്ന് കുറച്ചുകൂടി അകലെയുള്ള സ്ഥലമായിരിക്കും. ഇത് flood plain ആണെങ്കിൽ നിർമാണപ്രവർത്തനം പൂർണമായും ഒഴിവാക്കണം. Zonation എന്നാണ് ഇതിനെ പറയുക. Flood Plain Mapping, Zonation, Regulation- ഈ മൂന്നു കാര്യങ്ങളാണ് അടിയന്തരമായി ചെയ്യാനുള്ളത്.

വയനാട് ദുരന്തത്തിന്റെ പാശ്ചാത്തലത്തിൽ ഭൂവിനിയോഗത്തെക്കുറിച്ച് ചർച്ചയാകുന്നുണ്ട്. 1960-ലെ കേരള ഗവൺമെന്റ് ലാൻഡ് അസൈൻമെന്റ് ആക്ട് ഭേദഗതിയിലൂടെ ഹൈറേഞ്ചിൽ താമസിക്കുന്നവർ ആറു പതിറ്റാണ്ടിലേറെയായി അനുഭവിക്കുന്ന ഭൂവിനിയോഗ വിവേചനത്തിന് അറുതിവരുത്തുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഭേദഗതിയുടെ ലക്ഷ്യം അതുതന്നെയായിരുന്നുവോ?

എല്ലാതരം ഭൂമിയും- വയലാകട്ടെ, തണ്ണീർത്തടമാകട്ടെ- കെട്ടിടനിർമാണത്തിന് ഉപയോഗിക്കാം എന്ന രീതിയിലേക്ക് ഒരു പാട് പഴുതുകൾ വരികയാണ്, പുതിയ ഭേദഗതിയിലൂടെ സംഭവിച്ചത്.

ഇപ്പുറത്തും വികസനം, അപ്പുറത്തും വികസനം എന്ന മട്ടിൽ ചെകുത്താനും കടലിലുമിടയിൽ പെട്ടുപോകുമ്പോഴുള്ള അവസ്ഥയിലാണ് കേരളം എന്നു പറയാം. / Photo: Prasoon Kiran
ഇപ്പുറത്തും വികസനം, അപ്പുറത്തും വികസനം എന്ന മട്ടിൽ ചെകുത്താനും കടലിലുമിടയിൽ പെട്ടുപോകുമ്പോഴുള്ള അവസ്ഥയിലാണ് കേരളം എന്നു പറയാം. / Photo: Prasoon Kiran

The Intergovernmental Panel on Climate Change (IPCC) റിപ്പോർട്ടിൽ, കേരളത്തിന് സംഭവിക്കാൻ സാധ്യതയുള്ള ദുരന്തം സൂചിപ്പിക്കുന്നുണ്ട്. കടലിനും മലയ്ക്കും ഇടയിലുള്ള കൊച്ചുതുരുത്താണ് കേരളം. ഇപ്പുറത്തും വികസനം, അപ്പുറത്തും വികസനം എന്ന മട്ടിൽ ചെകുത്താനും കടലിലുമിടയിൽ പെട്ടുപോകുമ്പോഴുള്ള അവസ്ഥയിലാണ് കേരളം എന്നു പറയാം. അതിനിടയിൽ നിസ്സഹാരായ മനുഷ്യരും. അതുകൊണ്ട്, കേരളത്തിന് ഒരു പോളിസി അനിവാര്യമാണ്. വികസന പദ്ധതികൾ എന്തിനുവേണ്ടി, ആർക്കുവേണ്ടി എന്ന് നമ്മൾ ചോദിക്കേണ്ടിവരും. ലോകത്ത് ഒരുപാട് നല്ല മാതൃകകൾ കാണും- ബാഴ്‌സലോണ, സ്വിറ്റ്‌സർലാന്റ്, നെതർലാന്റ്‌സ് തുടങ്ങിയവ. അതെല്ലാം ഈ കേരളത്തിൽ പരീക്ഷിക്കാനാകുമോ?
നമ്മുടെ റോഡുകൾ നന്നാക്കുക, റെയിൽ പാളങ്ങൾ ഡബിൾ ലൈനാക്കുക, പബ്ലിക് ട്രാൻസ്‌പോർട്ട് സിസ്റ്റം നന്നാക്കുക- ഇങ്ങനെയുള്ള നയരൂപീകരണ പരിപാടികളിലൂടെ, കേരളത്തിന്റെ സുസ്ഥിരത തിരിച്ചുപിടിക്കണം. കേരളം, കേരളം പോലെ വികസിച്ചാൽ പോരേ?

ഉപജീവനവുമായി ബന്ധപ്പെടുത്തി ഭൂവിനിയോഗത്തെ എങ്ങനെ ശാസ്ത്രീയമായി പ്രയോഗവൽക്കരിക്കാം?

മോഡൽ ടൗൺ പ്ലാനിംഗ് ആന്റ് ലാന്റ് യൂസ് ബൈലോ വളരെ മുമ്പ് നിലവിൽ വന്നതാണ്. എങ്ങനെയാണ് ഒരു പട്ടണം വികസിക്കേണ്ടതെന്ന് അതിലുണ്ട്. ബി.ഐ.എസിന്റെ ഉരുൾപൊട്ടൽ നിയന്ത്രിക്കാനു​ള്ള നിയമാവലി 1999-ൽ നിലവിലുണ്ട്. എവിടെയാണ് നിർമാണ പ്രവർത്തനങ്ങൾ നടത്താൻ പറ്റുക, ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിൽ അതിന്റെ ഡിസൈൻ എങ്ങനെ വേണം, എന്തുതരം വിഭവങ്ങൾ ഉപയോഗിക്കണം, പാറ ഉപയോഗിക്കാമോ, പകരം സംവിധാനങ്ങൾ ഉപയോഗിക്കണോ എന്നെല്ലാമുള്ള നിർദേശങ്ങൾ 2000-ൽ തന്നെ നിലവിൽ വന്നിട്ടുണ്ട്. ദേശീയ കെട്ടിട നിർമാണച്ചട്ടം (നാഷണൽ ബിൽഡിംഗ് കോഡ്) 2005 മുതലുണ്ട്.

നിലവിലെ ദേശീയ കെട്ടിടനിർമാണ ചട്ടങ്ങൾ കേരളത്തിന് അനുയോജ്യമായ രീതിയിൽ പരിഷ്‌കരിച്ചെടുക്കാൻ നഗരാസൂത്രണകാര്യാലയത്തിലെ വിദഗ്ധരോടും ശാസ്ത്രഗവേഷണ സ്ഥാപനങ്ങളോടും സർക്കാർ ആവശ്യപ്പെടണം. ഒന്നിൽ കൂടുതൽ ദുരന്തങ്ങൾക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനെ മാത്രം പ്രതിരോധിക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്യരുത്. വെള്ളപ്പൊക്കത്തെയും മറ്റ് ദുരന്തങ്ങളെയും പ്രതിരോധിക്കുന്ന തരത്തിലാവണം രൂപകൽപ്പന. ഇതിനായി ആർക്കിടെക്റ്റുകളുടെ അസോസിയേഷനുകളുടെ ഉൾപ്പടെ സഹകരണം തേടണം. ആദ്യം പാർപ്പടത്തിനാണ് മുൻഗണന നൽകേണ്ടത്. ദുരന്തബാധിതർക്ക് അവരുടെ ഉപജീവനമാർഗം കണ്ടെത്താനും വീണ്ടെടുക്കാനും സംവിധാനമുണ്ടാക്കണം.

The Intergovernmental Panel on Climate Change റിപ്പോർട്ടിൽ, കേരളത്തിന് സംഭവിക്കാൻ സാധ്യതയുള്ള ദുരന്തം സൂചിപ്പിക്കുന്നുണ്ട്.
The Intergovernmental Panel on Climate Change റിപ്പോർട്ടിൽ, കേരളത്തിന് സംഭവിക്കാൻ സാധ്യതയുള്ള ദുരന്തം സൂചിപ്പിക്കുന്നുണ്ട്.

വയനാട്ടിലെ ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിൽ 384 മാത്രമാണ്. കൃഷി അനുബന്ധ തൊഴിൽ ചെയ്യുന്നത് 29.88 ശതമാനം പേരാണ്.

പുനരധിവാസപാക്കേജിൽ, ഈ പ്രദേശത്ത് എന്തുതരം കൃഷിയും വിളകളുമാണ് അനുയോജ്യമെന്ന് പുനരാലോചിക്കേണ്ടതുണ്ട്. ഓരോ പ്രദേശത്തെയും ഉപജീവനമാർഗം വ്യത്യസ്തമായിരിക്കും. ഭൂപ്രദേശത്തിനനുയോജ്യമായ തൊഴിൽ മേഖലയിലേക്ക് മാറണം. അതിനും പ്ലാനിങ് വേണം. കൃഷി- മണ്ണ് സംരക്ഷണ വകുപ്പുകളുടെ നിർദേശങ്ങൾ ഇക്കാര്യത്തിൽ സഹായകമാകും. ഈ പ്രദേശത്തിന്റെ ദുരന്ത ആഘാതസാധ്യത
കുറയ്ക്കാൻ എന്താണ് ചെയ്യാൻ പറ്റുക എന്നും കണ്ടെത്തണം. വനവത്കരണത്തിന്റെ ഭാഗമായി മുളയും രാമച്ചവുമെല്ലാം നട്ടുപടിപ്പിച്ചാൽ ചില മലഞ്ചെരിവുകളെ ശക്തിപ്പെടുത്താനാകും. പല സ്ഥലത്തും വനവത്കരണത്തിനായി കാറ്റാടി മരം വെയ്ക്കും. ഇത്, ഭൂഗർഭജലം കുറയാൻ ഇടയാക്കാറുണ്ട്. ഇക്കാര്യത്തിലൊക്കെ പഠനം വേണം. ജലം പുനരുപയോഗിക്കാനുള്ള സാധ്യതയും തേടണം. വിവിധ വകുപ്പുകളുടെ സംയോജിച്ച പരിപാടിയിലൂടെ പല ഭൂപ്രദേശങ്ങളും വീണ്ടെടുക്കാൻ സാധിക്കും. താമസത്തിനല്ലാതെ മറ്റാവശ്യങ്ങൾക്ക് മുണ്ടകൈ പ്രദേശം ഉപയോഗപ്പെടുത്താം. ജലസേനവകുപ്പ്, ഭൂഗർഭജലവകുപ്പ് എന്നിവയുടെ സഹകരണത്തോടെ ഉപരിതല -ഭൂഗർഭ ജല പരിപാലനവും നടത്തേണ്ടതുണ്ട്.
പരിസ്ഥിതിലോല പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ഒരു സമഗ്ര ദുരന്ത ഉൻഷുറൻസ് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നതും നന്നായിരിക്കും.

പരിസ്ഥിതി സംബന്ധമായ നമ്മുടെ നയരൂപീകരണത്തിൽ ശാസ്ത്രമേഖലയ്ക്ക് ക്രിയാത്മകമായി ഇടപെടാനാകുന്നുണ്ടോ? ഇല്ലെങ്കിൽ അതിനെ തടയുന്നത് എന്താണ്? സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അംഗമായിരുന്നുവല്ലോ താങ്കൾ. നമ്മുടെ സർക്കാർ- അധികാര സംവിധാനങ്ങൾക്ക് ഇത്തരം ദുരന്തങ്ങളെ ശാസ്ത്രാവബോധത്തോടെ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ടെന്ന് താങ്കളുടെ അനുഭവത്തിൽ പറയാനാകുമോ?

പരിസ്ഥിതി സംബന്ധമായ നയരൂപീകരണത്തിൽ നമ്മുടെ ശാസ്ത്രമേഖലക്ക് ക്രിയാത്മകമായി ഇടപെടാനാകുന്നില്ല, ഇടപെടാൻ അവസരം ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. ശാസ്ത്രീയമായി തയാറാക്കിയ റിപ്പോർട്ടുകളാണെങ്കിൽ പോലും അത് പ്രായോഗിക തലത്തിൽ നടപ്പിലാക്കുന്നത് കാണുന്നില്ല.
സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്, 2018-ലെ വെള്ളപ്പൊക്കത്തിനുശേഷം എത്ര മഴ പെയ്താലാണ് ഉരുൾപൊട്ടൽ സാധ്യതയുണ്ടാകുക എന്ന പഠനം നടത്തിയിരുന്നു. ഇത്തരം റിപ്പോർട്ടുകൾ കാര്യമായി പരിഗണിക്കപ്പെടുന്നുണ്ടോ? ഇനിയുള്ള വികസനപ്രവർത്തനങ്ങൾ അതിനനുസരിച്ചാണോ വിഭാവനം ചെയ്യുന്നത്. കെ. റെയിൽ, ആറുവരിപ്പാത തുടങ്ങി, പാരിസ്ഥിതികമായി ദുർബലാവസ്ഥയിലുള്ള മേഖലകളെ വീണ്ടും ദുർബലപ്പെടുത്തുന്ന രീതിയിലാണ് ദൗർഭാഗ്യവശാൽ നമ്മുടെ വികസനം വിഭാവനം ചെയ്തിട്ടുള്ളത്.

സർക്കാർ നിർദേശപ്രകാരമുള്ള പദ്ധതികൾക്കനുസരിച്ചാണോ ശാസ്ത്രഗവേഷണ സ്ഥാപനങ്ങൾ പദ്ധതികളും പ്രൊജക്ടുകളും ചെയ്യുന്നത് എന്ന് പരിശോധിച്ചാൽ, ശാസ്ത്രഗവേഷണ സ്ഥാപനങ്ങൾ പ്രൊജക്റ്റ് തയാറാക്കി സർക്കാറിനു സമർപ്പിക്കുകയാണ് ചെയ്യുന്നത് എന്ന് കാണാം. സർക്കാർ സംവിധാനങ്ങൾക്ക് ഇതിനകത്ത് ക്രിയാത്മകമായി ഇടപെടാൻ സാധിക്കുന്നില്ല എന്നാണ് ദുരന്ത നിവാരണ അതോറിറ്റി അംഗമായിരുന്ന കാല​ത്തെ എന്റെ അനുഭവം. ആശിക്കുന്ന രീതിയിലുള്ള ഇടപെടൽ നടക്കാത്തതിനുള്ള ഒരു കാരണം, നമ്മുടെ പോരായ്മകൾ തുറന്നുപറയാനുള്ള സാഹചര്യം ഒരു സർക്കാറും ജീവനക്കാർക്ക് കൊടുക്കുന്നില്ലെന്നാണ് ഇത്രയും കാലത്തെ അനുഭവത്തിൽ നിന്ന് പറയാനാകുന്നത്. അതിനുള്ള സ്വാതന്ത്ര്യം പരിമിതപ്പെട്ടുപോയിരിക്കുന്നു. ഇക്കാര്യത്തിൽ ഒരു സർക്കാറും മറ്റ് സർക്കാറിൽനിന്ന് വ്യത്യസ്തമല്ല.

ഒരു കാര്യം ചൂണ്ടിക്കാണിക്കാം. 32- ഓളം ദുരന്ത സാധ്യതകളാണ് നമുക്കുള്ളത്. ഇവയ്ക്കൊന്നും സൂക്ഷ്മതലത്തിലുള്ള മാപ്പുകളില്ല. പ്രായോഗിക തലത്തിൽ ഇത് ഉപയോഗപ്രദമല്ലെന്ന സത്യം തുറന്നു പറയാനുള്ള സാഹചര്യം സർക്കാർ ഉദ്യോഗസ്ഥർക്കോ ഗവേഷണ സ്ഥാപനങ്ങൾക്കോ ഇല്ല. താത്കാലിക നേട്ടങ്ങളും പരിഹാരമാർഗങ്ങളും അല്ലാതെ ദീർഘകാലത്തേയ്ക്കുള്ള പദ്ധതികൾ തയാറാക്കണമെന്ന കാഴ്ചപ്പാട് സർക്കാറിനുമില്ല. ആസൂത്രണ ബോർഡ് അതിനുള്ള വേദിയായി മാറുന്നത് അപൂർവമാണ്.

ദുരന്ത നിവാരണ അതോറിറ്റിയിൽ മുഖ്യമന്ത്രിയും മുഖ്യമന്ത്രി നിർദ്ദേശിക്കുന്ന ഒമ്പത് പേരുമാണുള്ളത്. മന്ത്രിസഭയുടെ ഒരു മിനി പതിപ്പാണത്. ദുരന്ത നിവാരണ അതോറിറ്റിയുടെ മുഖ്യ ചുമതല ദുരന്ത നിവാരണ നിയമപ്രകാരം ദുരന്തം കുറക്കാൻ പോളിസിയുണ്ടാക്കുക, അതിനുവേണ്ട നിർദ്ദേശങ്ങൾ കൊടുക്കുക എന്നിവയാണ്. തയ്യാറാക്കിയ പദ്ധതികൾക്ക് അംഗീകാരം കൊടുക്കണം. മുഖ്യമന്ത്രിയ്ക്കോ ചീഫ് സെക്രട്ടറിയ്ക്കോ അംഗങ്ങളായ മറ്റ് മന്ത്രിമാർക്കോ അതിനുള്ള സമയവും സാവകാശവും കിട്ടും എന്ന് കരുതാൻ നമുക്ക് സാധിക്കുമോ?. അവർക്ക് ഇത് വിശദമായി പരിശോധിച്ച് മാർഗനിർദ്ദേശം കൊടുക്കാൻ സാധിക്കുമോ?.

മുഖ്യമന്ത്രിയുടെ കീഴിൽ പ്രവർത്തിക്കുന്ന വൈദഗ്ധ്യമുള്ള ആളുകളുടെ സമിതിയാക്കി ദുരന്ത നിവാരണ അതോറ്റിയെ മാറ്റണം. തീപിടിത്ത സാധ്യതയാണെങ്കിൽ അത് കൈകാര്യം ചെയ്ത് സാങ്കേതിക പരിചയമുള്ള ആളുകളെ ഉൾപെടുത്താം. വെള്ളപ്പൊക്ക സാദ്ധ്യതയാണെങ്കിൽ അങ്ങനെ. ശാസ്ത്രജ്ഞർക്ക് ഒരുപാട് സംഭാവന ചെയ്യാൻ പറ്റും. വരൾച്ച എങ്ങനെ നേരിടണമെന്ന കാര്യത്തിൽ ശാസ്ത്രീയമായി സഹായിക്കാൻ പറ്റുന്ന സി.ഡബ്ല്യു.ആർ.ഡി.എം പോലുള്ള ഗവേഷണ സ്ഥാപനങ്ങളുണ്ട്. അവരെ വിളിക്കാം. ഉരുൾപൊട്ടലമായി ബന്ധപ്പെട്ട് ജിയോളജിസ്റ്റുകളെയും ജി.എസ്.ഐയിലെ (Geological Survey of India- GSI) ശാസ്ത്രജ്ഞരെയും മൈനിംഗ് ആൻഡ് ജിയോളജി ഉദ്യോഗസ്ഥരെയെല്ലാം ഉൾപ്പെടുത്താം. ഇങ്ങനെ സമിതിയുണ്ടായാൽ 24 മണിക്കൂറും ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റും. മുഖ്യമന്ത്രിയ്ക്കും മറ്റ് മന്ത്രിമാർക്കും ധാരാളം ചുമതലകളുണ്ട്. ദുരന്തനിവാരണത്തിൽ മാത്രം പൂർണ്ണസമയം ശ്രദ്ധ കേന്ദ്രീകരിക്കാനോ അതിനുള്ള സാങ്കേതിക പരിജ്ഞാനമോ ഉണ്ടാവണമെന്നില്ല. 24 മണിക്കൂറും ദുരന്ത മുന്നൊരുക്ക- ലഘുകരണ പ്രവർത്തനങ്ങളിൽ ശ്രദ്ധ വേണ്ട സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു. അതുകൊണ്ട്, ദുരന്ത നിവാരണ അതോറിറ്റിയുടെ ഘടനാ മാറ്റം അനിവാര്യമാണ്.

ഇപ്പോൾ ശാസ്ത്രഗവേഷണ സ്ഥാപനങ്ങൾ watertight കംപാർട്ട്മെന്റുകളായിട്ടാണ് പ്രവർത്തിക്കുന്നത്. ഒരു സ്ഥാപനത്തിന്റെ ഡാറ്റ മറ്റൊരു സ്ഥാപനവുമായി ഷെയർ ചെയ്യപ്പെടുന്നില്ല. ഒരു സ്ഥാപനം വാങ്ങുന്ന വിലയേറിയ ഉപഗ്രഹചിത്രങ്ങൾ മറ്റൊരു ശാസ്ത്രഗവേഷണ സ്ഥാപനത്തിന് കൈമാറുന്നുമില്ല. ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളുടെ ഒരു നെറ്റ് വർക്കിംഗ് ആവശ്യമാണ്. അവർ തമ്മിൽ ഡാറ്റാ ഷെയറിങ്ങും വേണ്ടതാണ്. ഉരുൾപൊട്ടൽ പോലെയുള്ള ദുരന്തത്തിന് ഓരോ ശാസ്ത്രസ്ഥാപനങ്ങൾക്കും എന്തൊക്കെ ചെയ്യാനാവും എന്ന് ചർച്ച ചെയ്ത് സംയോജിപ്പിച്ച കർമ്മപദ്ധതികളാണ് രൂപീകരിക്കേണ്ടത്.

മാപ്പിങ്ങിന്റെയും മറ്റും കാര്യത്തിൽ പരിശീലനം കിട്ടിയ വിദ്യാർഥികളെ/യുവാക്കളെ /യുവതികളെ ക്കൂടി പങ്കാളികളാക്കാം. ജിയോളജി- ജ്യോഗ്രഫി വിദ്യാർഥികൾക്ക് മാപ്പിങ്, പഠനത്തിന്റെ ഭാഗമാണ്. അവർക്ക് കൃത്യമായ മാർഗനിർദേശം നൽകിയാൽ മികച്ച മാപ്പുകളുണ്ടാക്കാനാകും. ദുരന്തനിവാരണം മുഖ്യമന്ത്രിയുടെ കീഴിലായതിനാൽ, ശാസ്ത്രഗവേഷണ സ്ഥാപനങ്ങൾ, യൂണിവേഴ്‌സിറ്റികളിലെ ജിയോളജി വകുപ്പുകൾ, ഇറിഗേഷൻ- ഗ്രൗണ്ട് വാട്ടർ വകുപ്പുകൾ,മണ്ണ് സംരക്ഷണം വനം,റവന്യൂ, സോഷ്യൽ ഫോറസ്റ്ററി, തുടങ്ങി ബന്ധപ്പെട്ട എല്ലാ വകുപ്പുകളേയും സം യോജിപ്പിച്ച് ഒരു പ്ലാൻ തയാറാക്കാൻ അദ്ദേഹത്തിന് നിർദ്ദേശം നൽകാൻ സാധിക്കുമല്ലോ.

അതുപോലെ, മുന്നറിയിപ്പ് സംവിധാനങ്ങളും വേണം. മഴമാപിനികൾ എല്ലായിടത്തും കൊണ്ടുവച്ചാൽ പ്രശ്‌നത്തിന് പരിഹാരമാകുമോ? ഇല്ല എന്നാണ് ഉത്തരം. മഴ മാത്രമല്ല ഇത്തരം ദുരന്തങ്ങളുടെ പ്രേരക ഘടകം. മേൽമണ്ണിന്റെ കനം, പാറയിലെ വിള്ളലുകൾ, സസ്യാവരണം, മണ്ണിലെ ഈർപ്പം ഇവയൊക്കെ ഘടകങ്ങളാണ്. മണ്ണ് ഗവേഷണകേന്ദ്രത്തിന്റെയും മണ്ണ് സംരക്ഷണ കേന്ദ്രത്തിന്റെയും ഇറിഗേഷൻ വകുപ്പിന്റെയും ഭൂഗർഭജല സംരക്ഷണ വകുപ്പിന്റെയുമെല്ലാം സഹകരണം തേടണം. മേൽമണ്ണിന്റെ സംരക്ഷണമെന്നത് ഉരുൾപൊട്ടലിന്റെ ആഘാതം കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഘടകമാണ്. മുന്നറിയിപ്പ് കിട്ടിയാൽ അത് ജനങ്ങൾക്ക്‌ എത്തിക്കാൻ മൊബൈൽ നെറ്റ്‌വർക്കിങ് ഒരുപരിധി വരെ സഹായിക്കും.

അലർട്ട് സിസ്റ്റമുണ്ടെന്നുതന്നെ കരുതുക. കോർ പ്രഷർ കൂടി ഉരുൾപൊട്ടൽ നടക്കാൻ പോകുന്നുവെന്ന് അറിഞ്ഞാൽ തന്നെയും ഇത് രാത്രി ഉറങ്ങിക്കിടക്കുന്നവരിലേക്ക് എത്തിക്കാൻ എന്തു സംവിധാനമാണുള്ളത്?
അലർട്ട് സിസ്റ്റമുണ്ടെന്നുതന്നെ കരുതുക. കോർ പ്രഷർ കൂടി ഉരുൾപൊട്ടൽ നടക്കാൻ പോകുന്നുവെന്ന് അറിഞ്ഞാൽ തന്നെയും ഇത് രാത്രി ഉറങ്ങിക്കിടക്കുന്നവരിലേക്ക് എത്തിക്കാൻ എന്തു സംവിധാനമാണുള്ളത്?

അതുപോലെ, ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെ ഫ്ലഡ് പ്ലെയിൻ മാപ്പിങും സോണിങ്ങും (വെള്ളപ്പൊക്ക സമതല മാപ്പിങ്ങും, തീവ്രത അനുസരിച്ച്‌ മേഖലകളായി തിരിക്കലും) നടത്തിയശേഷം ഫീൽഡ് തലത്തിൽ സർവേ നടത്തി, ശരിയോ എന്ന് ഒന്നുകൂടി ഉറപ്പിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ എന്തു സംഭവിക്കും?. കസ്തൂരിരംഗൻ റിപ്പോർട്ടിൽ റബർ തോട്ടങ്ങളെയും മറ്റും വനങ്ങളായി രേഖപ്പെടുത്തിയിരുന്നു എന്ന ആക്ഷേപമുണ്ടായിരുന്നുവല്ലോ. അതുപോലെ തെറ്റുകൾ പറ്റാം.

ദുരന്ത മുന്നറിയിപ്പ് സംവിധാനം ഉണ്ടെന്നുതന്നെ കരുതുക. പാറകൾക്കുള്ളിലെ സുഷിരങ്ങളിൽ ശേഖരിക്കപ്പെടുന്ന ജലത്തിന്റെ pore pressure പരിധിക്കപ്പുറം കടന്നുവെന്നും ഉരുൾപൊട്ടൽ നടക്കാൻ പോകുന്നുവെന്നും അറിഞ്ഞാൽ തന്നെയും ഈ വിവരം, രാത്രി ഉറങ്ങിക്കിടക്കുന്നവരിലേക്ക് എത്തിക്കാൻ ഇപ്പോൾ എന്തു സംവിധാനമാണുള്ളത്? അതുണ്ടാവണം.
2023 ഒക്ടോബറിൽ, ദേശീയ ദുരന്തനിവാരണ അതോറിറ്റി (National Disaster Management Authority) ദുരന്ത അപായസൂചന നടത്താനുള്ള ഒരു ടെസ്റ്റിംഗ് നടത്തിയിരുന്നുവല്ലോ. എല്ലാവരുടെയും മൊബൈലിലാണ് അന്ന് സൈറൺ ശബ്ദം വന്നത്. ഇപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞതനുസരിച്ച്, വയനാട്ടിലെ ദുരന്തത്തിന് നാലു ദിവസം മുമ്പ് കൃത്യമായ മുന്നറിയിപ്പ് കിട്ടിയിരുന്നുവെങ്കിൽ ​അങ്ങനെയൊരു അലർട്ട്, ഈ സൈറൺ സംവിധാനം വഴി നമുക്ക് തരാമായിരുന്നുവല്ലോ? അതുണ്ടായില്ല. ലോക്കേഷൻ സ്‌പെസഫിക്കായ ഡാറ്റ നമുക്കില്ല, അത്തരം മാപ്പുകളുമില്ല. മുണ്ടക്കൈയിലാണോ അമ്പലവയലിലാണോ ദുരന്തം സംഭവിക്കാൻ പോകുന്നത് എന്നറിയാൻ കൃത്യമായ ഡാറ്റ സൂക്ഷ്മതലത്തിൽ ശേഖരിക്കപ്പെടുകയും നാട്ടറിവുകൾ സംയോജിപ്പിച്ചു കൊണ്ട് കൃത്യതയുള്ള മുന്നറിയിപ്പുകൾ ജനങ്ങളിലേയ്ക്ക് കൈമാറുകയുമാണ് ചെയ്യേണ്ടത് .

വികസനവും പരിസ്ഥിതി സംരക്ഷണവുമായും ബന്ധപ്പെട്ട ചര്‍ച്ചകളില്‍ വികസനത്തിന്റെ പക്ഷത്തുള്ളവരും വിരുദ്ധപക്ഷത്തുള്ളവരും എന്ന രീതിയിലുള്ള ബൈനറി കേരളത്തില്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അത് ജനാധിപത്യപരമായ എല്ലാ സംവാദങ്ങളെയും അസാധ്യമാക്കിയിരിക്കുന്നുവെന്നു പറയാം. കെ റെയിലിന്റെയും വിഴിഞ്ഞം തുറമുഖത്തിന്റെയുമെല്ലാം കാര്യത്തില്‍ ജനാധിപത്യപരവും പൗരാവകാശപരവുമായ സംവാദങ്ങളെ ഇല്ലാതാക്കിയത് ഈയൊരു ബൈനറിയാണ്. തുടര്‍ച്ചയായി ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ സംവിധാനമെന്ന നിലയ്ക്ക് ഇക്കാര്യത്തില്‍ഇടതുപക്ഷത്തിനുള്ള പങ്ക് എന്താണ്?

വികസനവാദികൾ - പാരിസ്ഥിതിക തീവ്രവാദികള്‍ എന്ന ബൈനറി തീര്‍ച്ചയായും സൃഷ്ടിക്കപ്പെടുന്നുണ്ട്. നിങ്ങള്‍ രാജ്യദ്രോഹികളാണ്, സ്‌റ്റേറ്റിന്റെ താത്പര്യത്തിന് എതിരാണ്, തീവ്രവാദികളാണ്, നക്‌സലെറ്റുകളാണ് (അര്‍ബന്‍ നക്സലേറ്റുകള്‍) എന്നിങ്ങനെയുള്ള വിശേഷണങ്ങൾ കുറേ കാലമായി നാം കേള്‍ക്കുന്നുമുണ്ട്. പരിസ്ഥിതിയെപ്പറ്റിയോ, സർക്കാരിനെതിരെയോ അഭിപ്രായം പറഞ്ഞാൽ, മാവോയിസ്റ്റുകളുമായി ബന്ധമുണ്ട്, വിദേശ ശക്തികളുമായി ബന്ധം, തുടങ്ങി എന്തുതരം വിശേഷണങ്ങള്‍ക്കും നിങ്ങള്‍ അര്‍ഹമാകുന്ന രീതിയില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുന്നു.

പരിസ്ഥിതിയുമായി ബന്ധപ്പെട്ട് നിരവധി വിവാദ പദ്ധതികള്‍, നിര്‍ഭാഗ്യമെന്ന് പറയട്ടെ, ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്തുതന്നെ, അനുസ്യൂതം തുടര്‍ന്നുപോരുന്നത് നാം കണ്ടിട്ടുണ്ട്. 200 വര്‍ഷം പഴക്കമുള്ള ശാന്തിവനം, (കോട്ടുവള്ളി പഞ്ചായത്തിലെ രണ്ടേക്കറോളം വരുന്ന, ഇക്കോളജിക്കലി സെന്‍സിറ്റീവായ പച്ചത്തുരുത്താണത്), പെരിങ്ങല്‍ മലയില്‍ വേസ്റ്റ് മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടി, കീഴാറ്റൂര്‍, തുടങ്ങിയവ ഉദാഹരണം. പരിസ്ഥിതി വിഷയത്തില്‍ ഇടതുപക്ഷമെങ്കിലും സുതാര്യമായ, ജനപക്ഷത്തുനിന്നുകൊണ്ടുള്ള സമീപനം കൈക്കൊള്ളും എന്ന് പ്രതീക്ഷിച്ചിടത്താണ് ഇത് സംഭവിക്കുന്നത്. ആ പ്രതീക്ഷകളെയെല്ലാം തകിടം മറിക്കുന്ന തരത്തിലുള്ള പദ്ധതികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. കെ റെയില്‍ പദ്ധതിയിലൊക്കെ, അതിവേഗം നാം തിരുവനന്തപുരത്തുനിന്ന് കാസര്‍ഗോഡ് എത്തിയിട്ട് എന്തിനാണ് എന്ന ചോദ്യം കൂടി അവശേഷിക്കുന്നുണ്ട്. കെ റെയിലില്‍ യാത്രചെയ്യുന്ന ഒരാള്‍ ഉദ്പാദനരംഗത്ത് എന്തെങ്കിലും സംഭാവന ചെയ്യുന്നുണ്ടോ? അതിവേഗം യാത്ര ചെയ്യുന്നത് മാത്രമാണോ നമ്മുടെ ഉത്പാദനക്ഷമത നിർണ്ണയിക്കേണ്ടത്? അല്ലെന്നാണ് ഉത്തരം.

നമ്മുടെ കാർഷിക വിഭവങ്ങളുടെ ഉൽപ്പാദനം കൂട്ടാനും, കശുവണ്ടി- നെയ്ത്ത് തുടങ്ങി നാശോന്മുഖമായ പരമ്പരാഗത തൊഴില്‍ മേഖലകളെ പുനരുജ്ജീവിപ്പിക്കാനും ഇത്തരം വികസനങ്ങള്‍ കൊണ്ട് കഴിയുമോ? നാടിനനുയോജ്യമായ വികസനം അല്ലേ വേണ്ടത്? വരുമാന സ്രോതസ് വര്‍ദ്ധിപ്പിക്കാനാവശ്യമായ ഇടപെടലുകള്‍ നടത്തുകയും അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യുക എന്ന തരത്തിലുള്ള വികസനമാണ് വിഭാവനം ചെയ്യേണ്ടത്.

വയനാട്ടില്‍ ദുരന്തമുണ്ടായ മൂന്നു താലൂക്കുകളും ഗാഡ്ഗിൽ റിപ്പോര്‍ട്ട് പ്രകാരം സോണ്‍ ഒന്നിൽ (zone 1) വരുന്നവയാണ്. സോണ്‍ ഒന്നില്‍ ഒരുതരത്തിലുള്ള പുതിയ നിർമാണങ്ങളോ പുതിയ ക്വാറികളോ അനുവദനീയവുമല്ല. എന്നാല്‍ 2018- നുശേഷം ഏതാണ്ട് 60 ക്വാറികള്‍ക്ക് അവിടെ അനുമതി കൊടുത്തിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. കേരളം ഒട്ടാകെ നിരവധി ക്വാറികള്‍ക്ക് അനുമതി കൊടുക്കുന്നുമുണ്ട്.

എന്താണ് ഇതിനൊരു ബദൽ? നിര്‍മാണത്തിന് പാറയ്ക്കും മണലിനും പകരം എന്ത് എന്ന അന്വേഷണമാണ് ഊർജ്ജിതമാവേണ്ടത്. ഗോവയിലെ ഒരു എന്‍ജിനീയറിംഗ് കോളേജ്, ജര്‍മന്‍ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് പ്ലാസ്റ്റിക് റീ- സൈക്കിള്‍ ചെയ്ത് ഇഷ്ടികകൾ ഉണ്ടാക്കുന്ന പരീക്ഷണം നടത്തിയിരുന്നു. ഇവയ്ക്ക്, തീ പിടിക്കാത്ത തരത്തിലുള്ള (fire retardant) കോട്ടിങ്ങും നൽകും. മണലിനു പകരമായി പ്ലാസ്റ്റിക് തരികള്‍നിര്‍മ്മാണത്തിനുപയോഗിച്ചുള്ള പരീക്ഷണങ്ങളും നടക്കുന്നുണ്ട്. അതായത്, നമ്മുടെ കാലാവസ്ഥക്കനുയോജ്യമായ രീതിയില്‍ പുതിയ നിര്‍മ്മാണ സാമഗ്രികള്‍ കണ്ടുപിടിക്കാനും ഉപയോഗിക്കാനും നാം തയ്യാറായേ മതിയാകൂ.

കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ബില്‍ഡിംഗ് മെറ്റീരിയല്‍ ടെക്‌നോളജി പ്രമോഷണല്‍ കൗണ്‍സില്‍ 24 കൊല്ലം മുൻപ്, മണലിനും പാറക്കും പകരം എന്തുപയോഗിക്കാം എന്ന നിരവധി സാധ്യതകൾ മുന്നോട്ടുവച്ചിരുന്നു. അതുപോലെ, വെള്ളം ആഗിരണം ചെയ്യത്തക്ക തരത്തില്‍ (permeable) റോഡുകൾ നിർമ്മിച്ച് ദുരന്ത ആഘാതം കുറയ്ക്കാനുള്ള സാധ്യതകളും പലരും പരീക്ഷിക്കുന്നുണ്ട്.
യഥാര്‍ത്ഥത്തില്‍, വെള്ളപ്പൊക്കമുണ്ടാകുന്നതിന് റോഡുകൾ കാരണമാകുന്നുണ്ട്. അതിന് ആക്കം കൂട്ടുന്നുമുണ്ട്. കാരണം വെള്ളം താഴ്ന്നു പോകാത്ത പ്രദേശങ്ങളിലാണ് റോഡുകളും കോണ്‍ക്രീറ്റ് തറകളും നിര്‍മിക്കുന്നത് എന്നതുതന്നെ. എന്നാല്‍ പല രാജ്യങ്ങളിലും വെള്ളം താഴ്ന്നുപോകുന്ന തരത്തിലുള്ള റോഡുകള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് വെള്ളപ്പൊക്കത്തിന്റെ ആധിക്യം കുറയ്ക്കുന്നുമുണ്ട്.

എന്നാല്‍ നമ്മുടെ എല്ലാ വികസന പ്രവര്‍ത്തനങ്ങളും- റോഡും റെയിലും ദേശീയപാതകളുമെല്ലാം നദികള്‍ക്ക് കുറുകെയാണല്ലോ. ഇതൊന്നും വേണ്ട എന്നല്ല പറയുന്നത്. കേരളത്തിലെ മിക്ക നദികളും കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ഒഴുകുന്നവയാണ്. നദികള്‍ക്കു കുറുകെ ഇത്തരം നിര്‍മ്മാണങ്ങള്‍ നടത്തുമ്പോള്‍ കിഴക്കുഭാഗത്ത് വെള്ളപ്പൊക്കമുണ്ടാകും. പടിഞ്ഞാറുഭാഗത്തുനിന്ന് കടല്‍ കയറി വരും. ഇതു സംബന്ധിച്ച് ഐ.പി.സി.സിയുടെ (The Intergovernmental Panel on Climate Change) പഠനം തന്നെയുണ്ട്. വികസന പദ്ധതികളില്‍ പരിസ്ഥിതി ആഘാതം കുറക്കുന്ന ഇടപെടലുകള്‍ നമ്മുടെ പദ്ധതികളില്‍ ഉണ്ടാവേണ്ടതുണ്ട്.

ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങള്‍, കോട്ടയത്തെയും, തിരുവനന്തപുരത്തേയും കാലാവസ്ഥാ വ്യതിയാന പഠനകേന്ദ്രങ്ങൾ, ദുരന്തനിവാരണ അതോറിറ്റി തുടങ്ങി, ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളുടെയും പെര്‍ഫോർമെന്റ് ഓഡിറ്റ് (performance Audit) നടത്തേണ്ടത് വളരെ അത്യാവശ്യമാണ്. ഓഡിറ്റ് നടത്തി, അപാകതകൾ പരിഹരിച്ച് മുന്നോട്ടുപോവുക എന്നതാണ് അടിയന്തിരമായി ചെയ്യേണ്ടത്. ഏറ്റവും പാരിസ്ഥിതിക ആഘാതസാധ്യതയുള്ള (Red Zone) മേഖലകളായി അടയാളപ്പെടുത്തിയ ഭാഗത്താണ് വയനാട്- കോഴിക്കോട് തുരങ്കപാത വിഭാവനം ചെയ്തിരിക്കുന്നത്. തുരങ്കപാത അവസാനിക്കുന്ന മേപ്പാടിയിലാണ് മുൻപ് വലിയ ഉരുൾപൊട്ടൽ നടന്ന പുത്തുമല. അതീവ പാരിസ്ഥിതിക ദുര്‍ബലമെന്ന് എല്ലാ ഏജന്‍സികളും പറയുന്ന പ്രദേശത്തുകൂടി തുരങ്കം നിര്‍മ്മിക്കുന്നത് എത്ര അശാസ്ത്രീയമാണെന്ന് ഓര്‍ത്തുനോക്കൂ. ഒരുപക്ഷേ, ഏഴുമണിക്കൂര്‍ സമയം ലാഭിക്കാന്‍ കഴിഞ്ഞേക്കാം. പക്ഷേ അതിന് തിരികെ കൊടുക്കേണ്ടി വരുന്നതോ? എത്രപേരുടെ സ്വത്ത്? എത്രപേരുടെ ജീവന്‍? ഈ ചോദ്യങ്ങള്‍ക്കെല്ലാം നാം ഉത്തരം പറയുക തന്നെ ചെയ്യേണ്ടിവരും. മാത്രമല്ല, 150 ദശലക്ഷം വര്‍ഷം പഴക്കമുള്ള പാറകളാണ് ഈ തുരങ്കപാതയ്ക്ക് വേണ്ടി തുരക്കുന്നത് എന്നോര്‍ക്കണം.

2018- നുശേഷം അവിടെ നിരവധി ഹോംസ്റ്റേകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടെന്നാണ് അറിവ്. ഇത്തരം ടൂറിസ്റ്റ് കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് നിര്‍മിക്കുന്ന സ്വിമ്മിംഗ് പൂളുകളും വെള്ളം കെട്ടിനിര്‍ത്തുന്ന മറ്റ് നിരവധി നിര്‍മ്മിതികളും ഉണ്ടാക്കാനിടയുള്ള പാരിസ്ഥിതികാഘാതപഠനം നടത്തേണ്ടതുണ്ട്. മലയുടെ ചെരുവില്‍ ഇത്തരം നിര്‍മിതികള്‍ ഉണ്ടാക്കുമ്പോഴുള്ള അപകടസാധ്യത എത്രത്തോളമുണ്ടെന്ന കാര്യവും പഠനവിധേയമാക്കേണ്ടതുണ്ട്. തുരങ്കത്തിന് 34.30 ഹെക്ടര്‍ വനഭൂമിയാണ് ഏറ്റെടുക്കേണ്ടിവരുന്നത്. ഇതിനുപകരം അത്രതന്നെ വനം ഉണ്ടാക്കും എന്നാണ് പറയുന്നതെങ്കിലും, സ്വാഭാവിക വനവും മനുഷ്യനിര്‍മിത വനവും തമ്മില്‍ വലിയ വ്യത്യാസമുണ്ട് എന്നത് ഓർക്കേണ്ടതുണ്ട്. സ്വാഭാവിക വനത്തിലെ ജൈവവൈവിധ്യം പുനഃസൃഷ്ടിക്കുക ബുദ്ധിമുട്ടാണ്.

കാലാവസ്ഥക്കും പാരിസ്ഥിതിക പ്രത്യേകതകള്‍ക്കും അനുയോജ്യമായ വികസനം മാത്രമാണ് ആശാസ്യം. അല്ലാത്തപക്ഷം ഈ ദുരന്തം നാം അനുഭവിച്ചു തീര്‍ക്കുക തന്നെ ചെയ്യേണ്ടിവരും. കേരളം രക്ഷപ്പെടണമെങ്കിൽ ശാസ്ത്രാവബോധമുള്ള (scientific Temper) ഒരു തലമുറയും രാഷ്ട്രീയ നേതൃത്വവും ഉണ്ടാവേണ്ടിയിരിക്കുന്നു. പരിസ്ഥിതിക്ക് അനുകൂലമായ നിലപാടുകളുണ്ടാകണമെങ്കില്‍, സുസ്ഥിരമായ വികസനം ഉറപ്പ് വരുത്തണമെങ്കിൽ,ഈ അവബോധം തീര്‍ച്ചയായും ഉണ്ടാകണം, ഉണ്ടായേ പറ്റൂ.

Comments