നിങ്ങൾ മുറിച്ചു മാറ്റുന്നത് കവിതയല്ല ഇന്ത്യ എന്ന മഴവിൽ റിപ്പബ്‌ളിക്കാണ്

ഇന്ത്യയിലെ പ്രശസ്തരും പ്രഗത്ഭരുമായ അക്കാദമിക്കുകളും അധ്യാപകരുമുൾപ്പെട്ട സമിതി തയാറാക്കിയ മികച്ച പാഠപുസ്തകങ്ങളാണ് അവരുടെ സമ്മതമില്ലാതെ സി.ബി.എസ്.ഇയുടെ ഉദ്യോഗസ്ഥൻമാർ തിരുത്തുന്നത്. നീക്കം ചെയ്യുന്നവ പുനഃസ്ഥാപിക്കപ്പെടുകയെന്നത് അത്ര എളുപ്പമല്ല.

"We remain strangers
Even after so many meetings
Blood stains remain
Even after so many rains'

"ഒരുപാട് യോഗങ്ങൾക്കു ശേഷവും
ഞങ്ങൾ അപരിചിതരായി തുടരുന്നു
ഒരുപാട് മഴയ്ക്കു ശേഷവും
രക്തക്കറ അവശേഷിക്കുന്നു'

പത്താം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിൽ നിന്ന് സി. ബി. എസ്. ഇ മുറിച്ചു മാറ്റിയ ഫൈസ് അഹമ്മദ് ഫൈസിന്റെ കവിതയിലെ വരികളാണിത്.

ഡെമോക്രാറ്റിക് പൊളിറ്റിക്‌സ് എന്ന പുസ്തകത്തിലെ റിലിജിയൻ കമ്യൂണലിസം ആൻറ്​ പൊളിറ്റിക്‌സ് എന്ന അധ്യായത്തിലെ 46, 48, 49 പേജുകളിലെ ഫൈസ് അഹമ്മദ് ഫൈസിന്റെ രണ്ടു കവിതകൾ ഉൾപ്പെടുന്ന പോസ്റ്ററും, ടൈംസ് ഓഫ് ഇന്ത്യയിൽ അജിത് നൈനാൻ പ്രസിദ്ധീകരിച്ച കാർട്ടൂണും ഒഴിവാക്കി. ഇതിനു പുറമെ പത്താം ക്ലാസിലെ തന്നെ ഡെമോക്രസി ആൻറ്​ ഡൈവേഴ്‌സിറ്റി, പോപ്പുലർ സ്ട്രഗിൾസ് ആന്റ് മൂവ്‌മെൻറ്സ്​, ചലഞ്ചസ് ഓഫ് ഡെമോക്രസി എന്നിവയും പതിനൊന്നാം ക്ലാസ് ചരിത്രപുസ്തകത്തിലെ സെൻട്രൽ ഇസ്​ലാമിക് ലാൻഡ്‌സ് എന്നിവയും ഒഴിവാക്കണമെന്നാണ് സി. ബി. എസ്. ഇ നിർദ്ദേശം.

വർഗീയതയേയും കലാപങ്ങളെയും എതിർക്കുന്ന, മതനിരപേക്ഷതയുടെ അനിവാര്യത സൂചിപ്പിക്കുന്ന പാഠഭാഗങ്ങൾ ഒഴിവാക്കുന്നതിലൂടെ സി. ബി. എസ്. ഇ ലക്ഷ്യമിടുന്നതെന്താണ്? `ഉദാഹരണത്തിന് അജിത് നൈനാന്റെ നീക്കം ചെയ്ത കാർട്ടൂൺ എടുക്കുക. ഒരു ഒഴിഞ്ഞ കസേരയിൽ പലതരം മത ചിഹ്നങ്ങൾ. ക്യാപ്ഷൻ ഇങ്ങനെ: "നിയുക്ത മുഖ്യമന്ത്രിയ്ക്ക് തന്റെ മതേതര യോഗ്യത തെളിയിക്കാനുള്ളതാണ് ഈ കസേര, ധാരാളം കുലുക്കമുണ്ടാവും'. ഒരു ജനാധിപത്യ മതേതര വ്യവസ്ഥയിൽ ഈയൊരു കാർട്ടൂൺ മുന്നോട്ടുവയ്ക്കുന്ന ചോദ്യങ്ങളിലൂടെ കുട്ടികൾ കടന്നുപോകേണ്ടതല്ലേ?

അജിത് നൈനാന്റെ നീക്കം ചെയ്ത കാർട്ടൂൺ

2014 - ൽ ബി.ജെ.പി ഗവൺമെന്റ് അധികാരമേറിയതു മുതൽ, ആർ.എസ്.എസും അവർക്കൊപ്പം പ്രവർത്തിക്കുന്ന എൻ.ജി.ഒ കളും പാഠപുസ്തകങ്ങൾക്കെതിരെ വലിയ ആക്രമണമഴിച്ചുവിട്ടിരുന്നു. യു.പി.എ കാലഘട്ടത്തിൽ നിലവിൽവന്നുവെന്നതും , ഇന്ത്യയിലെ അറിയപ്പെടുന്ന ഇടതു ചിന്തകരും , ലിബറലുകളും , അക്കാദമിക്കുകളും അധ്യാപകരും പുസ്തക രചനയിൽ സഹകരിച്ചിരുന്നുവെന്നതും പ്രകോപനത്തിനുള്ള കാരണങ്ങളാണ്.ജനാധിപത്യത്തെയും , മതേതരത്വത്തെയും, വൈവിധ്യത്തേയും, ഫെഡറലിസത്തേയും സംബന്ധിക്കുന്ന ഉദാരമായ ആശയങ്ങൾ കഥകളായും ,ചിത്രങ്ങളായും , കവിതകളായും, കാർട്ടൂണുകളായും , സിനിമകളായും കുട്ടികളോട് നേരിട്ട് സംവദിക്കുന്ന രീതിയിൽ അവതരിപ്പിക്കുന്നുവെന്നതും അവർക്ക് അസ്വസ്ഥജനകമായിരിക്കും.

പാൻഡമിക് പ്രതിസന്ധിയുടെ മറയിൽ രണ്ടായിരത്തി ഇരുപതിലും സിലബസ് നോർമലൈസേഷന്റെ പേരുപറഞ്ഞ് 30% പാഠഭാഗങ്ങൾ വെട്ടിക്കുറച്ചിരുന്നു. അന്ന് ഫെഡറലിസം, പൗരത്വം ,ദേശീയത, മതേതരത്വം, പ്രാദേശികസർക്കാരുകൾ, ആസൂത്രണകമീഷൻ, പഞ്ചവത്സര പദ്ധതികൾ എന്നീ പാഠഭാഗങ്ങളാണ് തെരഞ്ഞുപിടിച്ച് ഒഴിവാക്കിയത്. (പൗരത്വം, ദേശീയത ജനകീയ മുന്നേറ്റം ഒന്നും കുട്ടികൾ പഠിക്കരുത് - ട്രൂ കോപ്പി തിങ്ക് - 11 ജൂലൈ 2020) സാമൂഹ്യ ശാസ്ത്രപാഠപുസ്തകങ്ങൾക്കു നേരെയാണ് അതിക്രമങ്ങൾ ഏറെയുമെന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്.

2020 ൽ കോവിഡ് പ്രതിസന്ധിയുടെ ഭാഗമായുണ്ടായ അധ്യയനനഷ്ടം ഒഴിവാക്കലുകൾക്ക് ന്യായീകരണമായി പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ വ്യക്തമായ ഒരു കാരണവും സി.ബി.എസ്.ഇ പറയുന്നില്ല. എന്നാൽ എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളും, ഗുജറാത്തിലെ പുസ്തകങ്ങളും കേരളത്തിലെ പാഠപുസ്തകങ്ങളും താരതമ്യപ്പെടുത്തി പി.പി.ആർ.സി എന്ന സംഘ പരിവാർ എൻ.ജി.ഒ വിദ്യാഭ്യാസത്തിനുള്ള പാർലമെന്റ് സമിതിയ്ക്കു നൽകിയ റിപ്പോർട്ട് ഇപ്പോഴത്തെ വെട്ടിമാറ്റലുകൾക്ക് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്നത് വസ്തുതയാണ്.

ഫൈസ് അഹമ്മദ് ഫൈസിന്റെ കവിത

ഡോ. ശ്യാമപ്രസാദ് മുഖർജി സ്മൃതി ന്യാസ് ട്രസ്റ്റിനു കീഴിലുള്ള പബ്‌ളിക് പോളിസി റിസർച്ച് സെന്ററിനു വേണ്ടി ഡോ. ചാന്ദ്‌നി സെൻഗുപ്തയുടെ സംഘമാണ് പുസ്തകങ്ങളുടെ താരതമ്യം നടത്തിയത്. അറിയപ്പെടുന്ന ഒരൊറ്റ ചരിത്രപണ്ഡിതനോ, ചരിത്രഗവേഷകനോ അതിലുണ്ടായിരുന്നില്ല. എൻ.സി ഇ ആർ. ടി യും കേരളവും പാശ്ചാത്യ ആശയങ്ങൾക്കും , മധ്യകാല മുസ്​ലിം ഭരണകൂടങ്ങൾക്കും , ഗാന്ധിയ്ക്കും, ജവഹർലാൽ നെഹ്‌റുവിനും അമിത പ്രാധാന്യം നൽകുന്നുവെന്നതായിരുന്നു അവരുടെ കണ്ടെത്തൽ .

ഇന്ത്യയിൽ നിലനിന്ന വർണവ്യവസ്ഥ, അടിമത്തം , സ്ത്രീ പദവി എന്നിവയെ സംബന്ധിച്ചുള്ള പുസ്തകങ്ങളിലെ ചരിത്രപരാമർശങ്ങളെയും വസ്തുതകളെയും അവർ ചോദ്യം ചെയ്യുന്നു. ഗുജറാത്തിലെ പാഠപുസ്തകങ്ങളാണ് ഗംഭീരമോഡൽ എന്ന നിഗമനമാണ് പി.പി.ആർ.സി യ്ക്കുള്ളത്. പി.പി.ആർ.സി യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പ് Removing reference to unhistorical facts and distortions about our national heroes from textbooks to ensure equal or proportional references to all periods of history എന്ന പേരിൽ വെബ് സൈറ്റിലൂടെ അഭിപ്രായങ്ങൾ ക്ഷണിച്ചത്.

പൊതുജനാഭിപ്രായം എന്തായിരുന്നുവെന്നോ, അവ ക്രോഡീകരിച്ചതെങ്ങനെയെന്നോ വ്യക്തമല്ല. ഒരു ബി.ജെ.പി ബേയ്‌സ്ഡ് എൻ.ജി.ഒ യ്ക്ക് ഇത്തരമൊരു റിപ്പോർട്ട് തയാറാക്കാൻ സ്വാതന്ത്ര്യമുണ്ടെങ്കിലും പാർലമെൻറ്​ സമിതി അത് ആധികാരിക രേഖയായി പരിഗണിച്ച് എൻ.സി.ഇ.ആർ.ടി.യും കേരളവും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളും ഗുജറാത്തിനെ മാതൃകയാക്കണമെന്നു പറയുന്നിടത്ത് ഭരണഘടനാപരമായ ലംഘനമുണ്ട്. ഗുജറാത് മാതൃക പിൻപറ്റണമെന്ന് പറയുന്നവർ നിതി ആയോഗ് റിപ്പോർട്ട് , യു ഡെയ്‌സ് ഡേറ്റ റിപ്പോർട്ട് എന്നീ ഒഫീഷ്യൽ റിപ്പോർട്ടുകളിലെയും ‘അസർ’ പഠന റിപ്പോർട്ടിലെയും ഗുജറാത്തിന്റെ പ്രകടന നിലവാരവും പാഠപുസ്തകങ്ങളുംകൂടി വിശദ പരിശോധനയ്ക്കും പഠനത്തിനും വിധേയമാക്കിയാൽ നന്ന്.

ദീനാനാഥ് ബത്ര

മതന്യൂനപക്ഷങ്ങളെ , ദളിതുകളെ അന്യവൽക്കരണത്തിലേക്കും, അപരത്വത്തിലേക്കും നയിച്ചതിൽ ദീനാനാഥ് ബത്രയും സംഘവും എഴുതിയ ഗുജറാത്തിലെ പാഠ്യപദ്ധതിയ്ക്കും പാഠപുസ്തകങ്ങൾക്കുമുള്ള പങ്ക് സാമൂഹ്യ ശാസ്ത്ര വിദ്യാർഥികൾക്കെങ്കിലും പഠന വിധേയമാക്കാവുന്നതാണ്.

പാകിസ്ഥാനിലെ ഏകാധിപത്യ ഭരണവ്യവസ്ഥകളെ നിർദയം ചോദ്യം ചെയ്തവയാണ് ഫൈസിന്റെ കവിതകൾ. ഉറുദു കവിതയിൽ മിർസ ഗാലിബിന്റെ തുടർച്ചയെന്നു പറയാവുന്ന ഫൈസ് എഴുത്തിൽ ഒരേ സമയം പ്രണയവും കലഹവും വിപ്ലവവും ആവിഷ്‌ക്കരിച്ചു. ഇന്ത്യ- പാകിസ്ഥാൻ വിഭജനവും, പാകിസ്ഥാൻ -ബംഗ്ലാദേശ് വിഭജനവും സൃഷ്ടിച്ച മുറിവുകളുടെ രക്തം പൊടിയുന്നവയാണ് ഫൈസിന്റെ കവിതകളെന്ന് നിരൂപകർ പറയുന്നു. പാകിസ്ഥാനിലെ ഇടതുപക്ഷ മൂവ്‌മെന്റുകൾക്ക് തുടക്കമിട്ട ഫൈസ് സുഹൃത്തായിരുന്ന സുൾഫിക്കർ അലിഭൂട്ടോയുടെ വധശിക്ഷയ്ക്കു ശേഷം സിയാ ഉൾ-ഹഖിനാൽ വേട്ടയാടപ്പെട്ടു ജയിലിലുമായി. തുടർന്ന്
കുറേക്കാലം പ്രവാസിയായി ബെയ്‌റൂട്ടിലായിരുന്നു. പാകിസ്ഥാനിലെ പട്ടാള ഭരണകൂടങ്ങൾക്കും തീവ്ര വലതുപക്ഷ ഭരണകൂടങ്ങൾക്കുമെതിരെ എഴുത്തിലൂടെ പ്രതികരിച്ച ഫൈസ് നോബൽ സമ്മാനത്തിനു പോലും നോമിനേറ്റ് ചെയ്യപ്പെട്ടയാളാണ്.

ഇന്ത്യയിലെ പൗരത്വ നിയമഭേദഗതിയ്‌ക്കെതിരെ നടന്ന പ്രക്ഷോഭങ്ങളിൽ ഉയർന്നു കേട്ട ഹംദേ ഖെംഗെ (നമുക്കു കാണാം) എന്ന കവിത ഫൈസിന്റേതാണ്. ജെ.എൻ . യു വിലേയും ജാമിയ മിലിയയിലേയും വിദ്യാർഥികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച്, കാൺപൂർ ഐ.ഐ.ടിയിലെ വിദ്യാർഥികളാണ് അതുറക്കെപ്പാടിയത്. ഇന്ത്യാ വിരുദ്ധവും, ഹിന്ദു വിരുദ്ധവുമെന്ന് ആരോപണമുയർത്തി കാൺപൂർ ഐ.ഐ.ടി അധികൃതർ കവിത പരിശോധിക്കാൻ കമ്മിറ്റിയെ നിയോഗിക്കുകയുണ്ടായി. സാമൂഹ്യ ശാസ്ത്രവിദ്യാർത്ഥികൾക്ക് കവിതയെന്തിന്, അതും പാകിസ്ഥാൻകാരനായ ഉറുദു വിപ്ലവകവിയുടേത് എന്ന ചോദ്യം സി.ബി.എസ്.ഇ ചോദിച്ചില്ലെങ്കിലും മുറിച്ചുമാറ്റലിനു പിന്നിലെ മനോഭാവം അതു തന്നെയാണ്.

ദൈവത്തിന്റെ ഭവനത്തിൽ നിന്ന്
എല്ലാ വിഗ്രഹങ്ങളും നീക്കപ്പെടും
അവർ ഇന്നുവരെ അയിത്തം കല്പിച്ചു
മാറ്റിനിർത്തപ്പെട്ടിരുന്നവർ
നമ്മൾ തന്നെ ഇനി നാട് ഭരിക്കും,
അവരുടെ സ്വർണ്ണക്കിരീടങ്ങൾ
വലിച്ചെറിയപ്പെടും.
ആ സിംഹാസനങ്ങൾ തച്ചു തകർക്കപ്പെടും,
കാണാം, നമുക്ക് തീർച്ചയായും
അത് കാണാം..

പാകിസ്ഥാനിൽ ഇസ്​ലാമിക വിരുദ്ധമെന്നും ഇന്ത്യയിൽ ഹിന്ദുവിരുദ്ധമെന്നും ഒരേ കവിത തന്നെ ആരോപിക്കപ്പെടുന്നുവെന്നത് കവിതയുടെ വിജയവും മതാധിഷ്ഠിതഭരണകൂട വ്യവസ്ഥകളുടെ പരാജയവുമാണ്. മുറിച്ചുമാറ്റിയാലും മുറികൂടുന്ന എഴുത്ത് ഏതു പ്രതിഷേധങ്ങൾക്കും എപ്പോൾ വേണമെങ്കിലും തിരികൊളുത്തിയേക്കാമെന്ന തിരിച്ചറിവിൽ നിന്നാവണം കവിതയെ ഫാസിസം ഭയപ്പെടുന്നത്.

സർഗാത്മക - വിമർശനാത്മക ചിന്തയിലൂടെ അറിവു നിർമ്മാണം സാധ്യമാക്കണമെന്നാണ് എൻ.സി.ഇ.ആർ.ടി.യും, സി.ബി.എസ്.ഇയും ദേശീയ വിദ്യാഭ്യാസ നയവുമുൾപ്പെടെ പ്രഖ്യാപിക്കുന്നത്. ഉള്ളടക്കം മുറിച്ചുമാറ്റുന്നതിനു നേതൃത്വം നൽകുന്ന സി.ബി.എസ്.ഇ. അവരുടെ രേഖകളിലൂടെ അത് പ്രഖ്യാപിക്കുന്നുമുണ്ട്. സി ബി.എസ്.ഇ സെക്കന്ററി സ്‌കൂൾ വിദ്യാർഥികളുടെ കരിക്കുലത്തിന്റെ അടിസ്ഥാന സവിശേഷതകളായി നിരീക്ഷിക്കുന്നത് ഭരണഘടനാ മൂല്യങ്ങളുടെ ഉറപ്പാക്കലും, വ്യതിരിക്ത ചിന്തയുടെ സാധ്യതകളും, അറിവിനേയും നൈപുണികളേയും ജീവിത സാഹചര്യങ്ങളും ചുറ്റുപാടുകളുമായി ബന്ധിപ്പിക്കലുമാണ്. എന്നാൽ ജനാധിപത്യ വിരുദ്ധതയും സംവാദ വിരുദ്ധതയുമാണ് ഇത്തരം ദേശീയ ഏജൻസികളുടെ പ്രവൃത്തിയിൽനിന്നു കാണാൻ കഴിയുന്നത്.

പ്രാഥമികമായി സി.ബി.എസ്.ഇ എന്നത് ഒരു പരീക്ഷാ ബോർഡാണ്. കേരളത്തിലെ പരീക്ഷാഭവൻ പോലെ. പൊതു പരീക്ഷകൾ നടത്തി സർട്ടിഫിക്കറ്റ് നൽകുകയെന്നതാണ് സി.ബി.എസ്. ഇ ചെയ്യുന്നതും ചെയ്യേണ്ടതും. ഇതിനപ്പുറം പാഠ്യപദ്ധതി രൂപീകരണമോ, പാഠ പുസ്തക നിർമ്മാണമോ സി.ബി.എസ്.ഇ യുടെ ഉത്തരവാദിത്തമല്ല. കേന്ദ്ര ഗവൺമെന്റിനു വേണ്ടി ഇക്കാര്യങ്ങൾ ചെയ്യുന്നത് MHRD യുടെ നേതൃത്യത്തിലുള്ള സ്വയം ഭരണസ്ഥാപനമായ എൻ.സി.ആർ.ടിയാണ്. പാഠപുസ്തകങ്ങൾ രൂപീകരിക്കുന്ന സ്ഥാപനം എന്ന നിലയിൽ കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും എൻ.സി.ഇ.ആർ.ടിയാണ് നിർദ്ദേശിക്കേണ്ടത്. അതും ബന്ധപ്പെട്ട പാഠപുസ്തക സമിതിയുടെ അനുവാദത്തോടെ മാത്രം. ഇന്ത്യയിലെ പ്രശസ്തരും പ്രഗത്ഭരുമായ അക്കാദമിക്കുകളും അധ്യാപകരുമുൾപ്പെട്ട സമിതി തയാറാക്കിയ മികച്ച പാഠപുസ്തകങ്ങളാണ് അവരുടെ സമ്മതമില്ലാതെ സി.ബി.എസ്.ഇയുടെ ഉദ്യോഗസ്ഥൻമാർ തിരുത്തുന്നത്. നീക്കം ചെയ്യുന്നവ പുനഃസ്ഥാപിക്കപ്പെടുകയെന്നത് അത്ര എളുപ്പമല്ല.

എല്ലാ മുറിച്ചുമാറ്റലുകൾക്കു ശേഷവും ഒരു പുസ്തകം അവശേഷിച്ചേക്കാം. പേജുകൾ തുന്നിക്കൂട്ടിയ ഒരു പഠനസാമഗ്രിയെന്ന നിലയിൽ. പക്ഷേ അത്, ആശയങ്ങളുടെയും ചിന്തകളുടേയും അന്വേഷണങ്ങളുടെയും അനന്തസാധ്യതകളിലേക്ക് ആരെയും നയിക്കുന്നതാവണമെന്നില്ല. വിയോജിക്കാനുള്ള സ്വാതന്ത്ര്യവും, ചോദ്യങ്ങളുടെ സൗന്ദര്യവും പ്രസരിപ്പിക്കുന്നതാവണമെന്നില്ല.ഛിന്നഭിന്നമാക്കപ്പെട്ട സിലബസും മുറിച്ചു മാറ്റപ്പെട്ട പുസ്തകങ്ങളും എന്താണ് ഓർമ്മിപ്പിക്കുന്നത്? നിങ്ങൾ മുറിച്ചു മാറ്റുന്നത് കവിതയെയല്ല, ഇന്ത്യ എന്ന മഴവിൽ റിപ്പബ്‌ളിക്കിനെയാണ് എന്നതോ?


കെ.വി. മനോജ്

എസ്.സി.ഇ.ആർ.ടി മുൻ റിസർച്ച് ഓഫീസർ.ദേശീയ വിദ്യാഭ്യാസനയം -ചരിത്രം, ദർശനം, രാഷ്ട്രീയം, ഓൺലൈൻ വിദ്യാഭ്യാസം - പ്രയോഗം, പ്രതിവായന എന്നീ പുസ്തകങ്ങളുടെ എഡിറ്റർ.

Comments