ബൈബിളിലെ ഹവ്വ, ആദ്യപാപത്തിലെ ഹവ്വ

രിത്രത്തിന്റെ നിശ്ചിതഘട്ടങ്ങളിൽ കേരളത്തിൽ സംഭവിച്ച വൈദേശിക ഇടപടെലുകളാണ് കേരളസമൂഹത്തെ നിരന്തരം പുതുക്കിനിർമിച്ചതെന്നത് ചരിത്രപാഠങ്ങളിൽ കാണാം. ആധുനികത ശക്തമാകുമ്പോൾ പ്രവാസമെന്ന വൈദേശികത്വമാണ് കേരളത്തിലേക്ക് സമ്പത്തിന്റെയും സാംസ്കാരിക കൊടുക്കൽവാങ്ങലുകളുടെയും നവരൂപങ്ങളെ സൃഷ്ടിക്കുന്നത്.

ജാതി ഉപജാതിപരമായി പരസ്പരം വർജ്ജിച്ച് തീണ്ടാപ്പാടകലങ്ങളിൽ കഴിഞ്ഞിരുന്ന ഇവിടുത്തെ മനുഷ്യർ ഇതരസമൂഹങ്ങളെ അഭിമുഖീകരിക്കുകയും പരസ്പരം സംവദിക്കകുയും ചെയ്ത പ്രക്രിയ സജീവമായത് പ്രവാസത്തിലൂടെയാണ്. കടൽകടന്നാൽ ഭ്രഷ്ടുസംഭവിച്ചിരുന്ന ജാതികളൊക്കെ കടൽകടന്ന് സമ്പത്ത് കൊണ്ടുവന്നപ്പോൾ ജാതിയുടെ വേരുകളെയാണ് വെട്ടിയതെന്നു വ്യക്തം.

എഴുപതുകളിൽ ശക്തമായ ഗൾഫ് പ്രവാസം ആ പ്രക്രിയകളെ കൂടുതൽ ആഴമുള്ളതാക്കുകയും ആഗോളസമൂഹവുമായി നിരന്തരം ഇടപഴകുന്ന പൗരത്വത്തിലേക്ക് മലയാളിയെ പരിവർത്തിപ്പിക്കുകയും ചെയ്തു. സമ്പത്തിന്റെ പ്രവാഹം കേരളത്തിലേക്കു വന്നപ്പോൾ കേവലമായ മാറ്റങ്ങളല്ല മറിച്ച് മലയാളിയുടെ ശരീരത്തെയും ലൈംഗികതയെയും പൊളിച്ചെഴുതുന്ന പ്രവർത്തനങ്ങൾ കൂടിയാണ് നടന്നത്. നഗരത്തിലെ മനുഷ്യരുടെ ആധുനികതകൾ ഗ്രാമത്തിലേക്കു പടരുകയും വിപണിവത്കരണം ഉൾഗ്രാമങ്ങളിലേക്കുവരെ തുളഞ്ഞുകയറുകയും ചെയ്യുന്നു. അതിലൂടെ മിക്സിയും ടെലിവഷനും ഫ്രിഡ്ജും സാധാരണ വീട്ടുപകരണങ്ങളായി മാറുന്നു.

കളർടെലിവിഷൻ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യാൻ എൺപതുകളിലെ ഇന്ത്യൻഭരണകൂടം അനുമതി നല്കിയത് മലയാളിയുടെ വിനോദസമയത്തിനും കാമനകൾക്കും പുതിയ മാനംനല്കി. വിപണിയുടെയും ആധുനിക വൈദേശിക സൗകര്യങ്ങളുടെയും തളഞ്ഞുകയറൽ കേവലമായി ചില സൗകര്യങ്ങളെ വർധിപ്പിക്കുന്നതിനപ്പുറത്ത് മലയാളിയുടെ ശരീരത്തെയും ലൈംഗികകാമനകളെയും മറ്റൊരുതലത്തിലേക്കു വളർത്തുകയായിരുന്നുവെന്നു കാണാം.

അവളുടെ രാവുകൾ  സിനിമയിൽ നിന്ന്
അവളുടെ രാവുകൾ സിനിമയിൽ നിന്ന്

ടി വിയുടെയും വിസിആറിന്റെയും വീടുകളിലെ ധർമം ഇതു സൂചിപ്പിക്കുന്നുണ്ട്. ചെറുപ്പക്കാരായ ആണുങ്ങൾ ലൈംഗികവീഡിയോകൾ സ്വകാര്യമായി കണ്ട് ലൈംഗികധാരണകൾ നേടാൻ വി സി ആറിനെ ഉപയോഗിക്കുന്ന നിരവധി ആഖ്യാനങ്ങൾ ഇക്കാലത്തുണ്ടാകുന്നുണ്ട്. കൊച്ചുപുസ്തകങ്ങളിലെ അക്ഷരങ്ങളിൽ കിടന്നിരുന്ന ലൈംഗികഭാവനകളെ കാഴ്ചയിലേക്ക് തുറന്നുവിട്ടതിലൂടെ ആണുങ്ങളുടെ "ലൈംഗികവിപ്ലവം' സംഭവിക്കുകയായിരുന്നുവെന്നുള്ളതാണ് വസ്തുത. കൊളോണിയലിസത്തിന്റെ മിഷനറി മതാത്മകത മരുമക്കത്തായ ലൈംഗികതയും ശരീരബോധവും പാപമാണെന്നു പഠിപ്പിച്ചുവെങ്കിൽ അതിനെ ഉല്ലംഘിച്ചുകൊണ്ട് ലൈംഗികതയെ പാപമല്ലെന്നും ശരീരകാമനകൾ ആഘോഷിക്കേണ്ടതുണ്ടെന്നും പറയുകയായിരുന്നു പുതുലൈംഗികക്കാഴ്ചകൾ. ഈ ലൈംഗിക വിപ്ലവത്തിലേക്കുള്ള വാതിലായിരുന്നു എൺപതുകളിൽ തരംഗമായ ലൈംഗികത പ്രമേയമായസിനിമകൾ.

തൊണ്ണൂറുകളിലാരംഭിക്കുന്ന ഷക്കീലതരംഗത്തെയാണ് സോഫ്റ്റ് പോൺ സിനിമകളുടെ കാലമായി നിരൂപകർ ഗൗരവത്തോടെ കാണുന്നത്. എന്നാൽ എഴുപതുകൾതൊട്ട് മലയാളത്തിൽ ലൈംഗികത പ്രധാന പ്രമേയമാകുന്ന സിനിമകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. 1978 ലെ അവളുടെ രാവുകൾ കേരളക്കരയെയും ദക്ഷിണേന്ത്യയെയും പിടിച്ചുകുലുക്കിയെന്നാണ് സിനിമാചരിത്രകാരർ പറയുന്നത്. ഷർട്ടിട്ടു തുടകാണിച്ചു നില്ക്കുന്ന സീമയുടെ ചിത്രം പോസ്റ്ററിലൂടെ കാഴ്ചയുടെ കാമനാസംസ്കാരം സൃഷ്ടിക്കുകയായിരുന്നു. അക്കാലത്തുതന്നെയിറങ്ങിയ രതിനിർവ്വേദം ഇതിന് പുതിയ മാനം നല്കി.

എന്നാൽ ഇത്തരം ചിത്രങ്ങളെ അക്കാലത്തെ പൊതുബോധം പരിപാവനമായ കേരളീയ സംസ്കാരത്തെ നശിപ്പിക്കുന്ന കച്ചവടസിനിമാക്കാരുടെ കുതന്ത്രമായിട്ടാണ് കണ്ടത്. എൺപതുകളിൽ ഇറങ്ങിയ ലൈംഗികത പ്രമേയമായ സിനിമകളുടെ പട്ടികതന്നെ വളരെ നീണ്ടതാണ്. അശ്വരഥം (1980), ലോറി (1980), ചാമരം (1980), പാർവ്വതി (1981), പാളങ്ങൾ (1981), തൃഷ്ണ(1981), ഇണ (1982), ഒറ്റയാൻ (1985), തൂവാനത്തുമ്പികൾ (1987), ലയനം (1989), വൈശാലി (1989) തുടങ്ങിയവ മലയാളിയുടെ ആൺകാമനകളെ ആഹ്ലാദിപ്പിക്കുന്ന ദൃശ്യവിനിമയമായി ഒട്ടേറെ ആവർത്തിക്കപ്പെട്ടതാണ്. കേവലം സിനിമയുടെ കച്ചവടതന്ത്രത്തിന്റെ ഭാഗമായി നിർമിക്കപ്പെട്ടതാണ് ഇത്തരം ചിത്രങ്ങളെന്ന പൊതുബോധത്തിനപ്പുറം എൺപതുകളിലെ മാറുന്ന കേരളീയതയുടെ സൃഷ്ടിയാണിവയെന്നു മനസ്സിലാക്കുന്ന കാഴ്ചയുടെ പരിസരം രൂപപ്പെടേണ്ടിയിരിക്കുന്നു.

തൃഷ്ണയിലെ രംഗം
തൃഷ്ണയിലെ രംഗം

കൊളോണിയലാധുനികത സൃഷ്ടിച്ച മതാത്മകമായ, ഗാർഹികതയിലൂന്നിയ ലൈംഗികതയെ പ്രശ്നവല്കരിച്ചുകൊണ്ട് മലയാളിയുടെ ലോകവീക്ഷണത്തിനുനേരെ ചോദ്യങ്ങൾ എയ്യുകയാണ് ഈ ചിത്രങ്ങളെന്നാണ് പറയേണ്ടത്. ഇതിൽ ശക്തമായ തരംഗമാകുകയായിരുന്നു ആദ്യപാപം എന്ന സിനിമ (1988). അവളുടെ രാവുകൾ, തൃഷ്ണ, ഇണ, ലയനം തുടങ്ങിയ സിനിമകളെല്ലാം നേരിട്ട് പേരിലൂടെത്തന്നെ കാമത്തെയും ശരീരത്തെയും അടയാളപ്പെടുത്തിയാണ് ലൈംഗികതയെ വിനിമയംചെയ്തത്. ആദ്യപാപം ഒരുപടികൂടിക്കടന്ന് നൂറ്റാണ്ടുകളായി ക്രൈസ്തവർ പ്രതിഷ്ഠിച്ച ലൈംഗികത പാപമാണെന്ന ബോധത്തിന്റെ ചിഹ്നത്തെത്തന്നെ കേന്ദ്രസ്ഥാനത്തുവച്ചു.

ചെയ്യാൻപാടില്ലാത്ത, വിലക്കിന്റെ അടയാളമായ, പാപത്തിന്റെ ചിഹ്നത്തെ മുന്നിൽവച്ചുകൊണ്ട് ആ പാപത്തെ കാണിച്ചുതരുന്നതിനുള്ള സിനിമയുടെ ശ്രമമാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്. ആദ്യപാപമെന്നത് വിലക്ക് ലംഘിച്ചു നടത്തിയ ഒന്നാണെന്നുള്ള ബോധം, ചിത്രത്തിനുള്ളിൽ മറയ്ക്കപ്പെടുന്ന പലതും കാണിച്ചുതരുമെന്ന തോന്നലായി സൃഷ്ടിക്കുന്നു. ലൈംഗികത പ്രമേയമാക്കുന്ന ചിത്രങ്ങളെല്ലാം ഈ നിലയിൽ കാണാൻ പാടില്ലാത്തത് കാണിച്ചുതരുന്നുവെന്ന ബോധമാണ് ഉല്പാദിപ്പിക്കുന്നത്.

ബൈബിളിലെ ഉല്പത്തിയിലെ കഥയാണ് സിനിമയുടെ ഇതിവൃത്തം. ദൈവം പ്രപഞ്ചം സൃഷ്ടിച്ച ശേഷം മനുഷ്യനെ സൃഷ്ടിച്ചു. ആദാമിനെ സൃഷ്ടിച്ചശേഷം അവൻ തനിച്ചായതിനാൽ സ്ത്രീയായ ഹവ്വയെയും സൃഷ്ടിച്ചു. അവരെ ഏദൻതോട്ടത്തിലാക്കുകയും തോട്ടത്തിനു നടുവിലെ വൃക്ഷത്തിലെ ഫലം കഴിക്കുരുതെന്ന് വിലക്കുകയും ചെയ്തു. എന്നാൽ പാമ്പിന്റെ പ്രേരണയാൽ ഹവ്വ ആ പഴംകഴിച്ച് ആദാമിനെയും തീറ്റിക്കുന്നു. അവർ തെറ്റുചെയ്തതിനാൽ അവരെ ദൈവം പുറത്താക്കി. ഹവ്വ മക്കളെ പ്രസവിക്കുകയും കായീനും ഹാബേലും ജനിക്കുകയും ചെയ്യുന്നു. ഹാബേലിനെ കായീൻ കൊല്ലുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.

ആദ്യപാപം എന്ന സിനിമ ബൈബിളിലെ ഉല്പത്തി കഥയെ അതേപടി പിന്തുടരുന്ന അനുകല്പനമാണ്. രണ്ട് പ്രധാനപ്പെട്ട മാറ്റങ്ങൾ സിനിമയുടെ കഥയിൽ കൊണ്ടുവരുന്നത് സിനിമയെ വ്യത്യസ്തമായിട്ടുള്ള ഒരു പാഠമായി കാണാൻ സഹായിക്കുന്നുണ്ട്. അതിൽ ഒന്നാമത്തെ മാറ്റം, പാമ്പാണ് ഹവ്വയെ പ്രേരിപ്പിച്ച് തോട്ടത്തിലെ പഴംതീറ്റിക്കുന്നതെന്ന ബൈബിൾ വ്യാഖ്യാനത്തിന്റെ തിരസ്കാരമാണ്. സാത്താനായ പാമ്പിന്റെ പ്രേരണകൊണ്ടാണ് "ദുർബല'യായ, സ്ത്രീയായ ഹവ്വാ പഴം നൽകി പുരുഷനെക്കൂടി പാപംചെയ്യിപ്പിച്ചതെന്നാണ് പൊതുവിൽ വ്യാഖ്യാനിക്കുന്നത്. അങ്ങനെ സ്ത്രീയാണ് പാപത്തിന്റെ വിത്തുവിതച്ചതെന്ന് സ്ഥാപിക്കപ്പെടുന്നു. എന്നാൽ ഈ വ്യാഖ്യാനത്തെ ചോദ്യംചെയ്യുന്ന വിധത്തിലുള്ള ദൃശ്യവൽക്കരണമാണ് സിനിമയിൽ കാണുന്നത്.

ആദ്യപാപം എന്ന സിനിമയിൽ നിന്ന്
ആദ്യപാപം എന്ന സിനിമയിൽ നിന്ന്

ഏദനിലെ ജീവിതത്തിനിടയിൽ ഹവ്വ ഒരു സ്വപ്നംകാണുന്ന ദൃശ്യവൽക്കരണത്തിലൂടെയാണ് പഴം തിന്നുന്ന സംഭവത്തിലേക്ക് എത്തപ്പെടുന്നതെന്നാണ് പറയുന്നത്. ഒരുറക്കത്തിൽ തന്റെ ശരീരത്തിലൂടെ പാമ്പ് ഇഴഞ്ഞുനടക്കുമ്പോൾ ലൈംഗികാനുഭവം ഹവ്വയ്ക്കുണ്ടാകുന്നതാണ് സ്വപ്നമായി കാണിക്കുന്നത്. ഉറക്കത്തിൽനിന്നുണരുന്ന അവളപ്പോൾതന്നെ തോട്ടത്തിലെ വിലക്കപ്പെട്ട വൃക്ഷത്തിനടുത്തേക്കു പോവുകയും പാമ്പിനെ കാണുകയും ചെയ്യുന്നു. പിന്നീട് വൃക്ഷത്തിനടുത്ത് ചെല്ലുമ്പോൾ ഫലം തിന്നുന്നത് വിലക്കാണോ എന്ന് പാമ്പ് ചോദിക്കുന്നു. അപ്പോൾ തോട്ടത്തിനു നടുവിലെ വൃക്ഷത്തിലെ ഫലം തിന്നാൽ മരിക്കുമെന്ന് ദൈവം പറഞ്ഞതായി അവൾ പറയുന്നു. എന്നാൽ ദൈവം പറഞ്ഞതു തെറ്റാണെന്നും മരണം സംഭവിക്കില്ലെന്നും പാമ്പു പറയുമ്പോൾ അവളാ പഴം പറിക്കുന്നു. ചില സ്വയംതിരിച്ചറിവുകളാണ് അവളുടെ ചെയ്തികൾക്ക് പിന്നിലെന്ന് സൂചിപ്പിക്കുന്നതാണ് ഇവിടുത്തെ മാറ്റം.

ശരീരത്തിലൂടെ അറിഞ്ഞ അനുഭൂതിയെ സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഹവ്വ ആ പഴംതിന്നതെന്നുള്ള വ്യാഖ്യാനമാണ് സിനിമ നൽകുന്നത്. അവിടെ സാത്താൻ വെറും ഉപകരണം മാത്രമാകുന്നു. സ്ത്രീ അവളുടെ തിരിച്ചറിവിലൂടെ സൃഷ്ടിക്കുന്ന നീക്കങ്ങളാണ് ഉല്പത്തിക്കഥയുടെ പരമ്പരാഗത മാനങ്ങളെ ചോദ്യം ചെയ്യുന്നത്.

പഴമെടുത്ത ശേഷം ആദാമിനു നല്കുമ്പോൾ ആദാമത് നിഷേധിക്കുന്നു. അപ്പോൾ താൻ പഴമെടുത്തിട്ടും തനിക്കൊന്നും സംഭവിച്ചില്ലെന്നും അതിനാൽ പഴംതിന്നാലും ഒന്നും സംഭവിക്കില്ലെന്നും അവൾ പറയുന്നു. തുടർന്നവൾ പഴം തിന്നുകാണിക്കുന്നു. അപ്പോഴാണ് ആദാം പഴം കഴിക്കുന്നത്. ഈ രണ്ടുഭാഗങ്ങളും പരസ്പരം ചേർത്തുവയ്ക്കുന്നിടത്ത് ഹവ്വയെ ഈ സിനിമ പരമ്പരാഗത കാഴ്ചപ്പാടിൽ നിന്നും വേറിട്ടു പരിചരിക്കുന്നത് ദൃശ്യമാകുന്നു. സ്വപ്നത്തിനുശേഷം രാത്രിയിൽ ആ മരത്തിനടുത്തേക്കു ചെന്നതും പഴമെടുത്തപ്പോൾ തനിക്കൊന്നും സംഭവിച്ചില്ലെന്ന തിരിച്ചറിവും ഹവ്വയുടെ അനുഭവങ്ങളാണ്. അതാണ് ദൈവത്തിനെതിരേ നീങ്ങാനവളെ പ്രേരിപ്പിക്കുന്നതെന്നു വ്യക്തം. ബൈബിളിലെ ഹവ്വയ്ക്ക് ഈ തിരിച്ചറിവുള്ളതായി കാണുന്നില്ല. ഈ മാറ്റം ക്രൈസ്തവവിശ്വാസപരമായിതന്നെ ഒരു വേറിട്ടകാഴ്ചയാകുന്നുവെന്നാണ് പറയേണ്ടത്.

ഏദനിൽനിന്ന് പുറത്താക്കപ്പെട്ട ശേഷം ആദാമും ഹവ്വയും പരസ്പരം ലൈംഗികബന്ധത്തിന് വിധേയരാകുന്ന ചിത്രീകരണമാണ് രണ്ടാമത്തെ വ്യതിയാനം. കൊടുങ്കാറ്റിലൂടെയാണ് ഏദനിൽനിന്ന് അവർ പുറത്താക്കപ്പെടുന്നത് ദൃശ്യവല്കരിക്കുന്നത്. പുറത്താക്കപ്പെട്ടശേഷം ഹവ്വയും ആദമും രണ്ടിടങ്ങളിലാണ് എത്തപ്പെടുന്നത്. ഹവ്വ ചെന്നുവീഴുന്ന നദിയിൽ മുതലയുടെ അക്രമണം ഉണ്ടാകുമ്പോൾ അവളുടെ നിലവിളികേട്ടാണ് ആദാമെത്തുന്നത്. മുതലയെ പ്രതിരോധിച്ച് ആദാമവളെ രക്ഷിക്കുന്നു. അതിനുശേഷം അവർ വീണ്ടും അടുക്കുകയും ശാരീരികവേഴ്ചയിലേക്കു പോവുകയും ചെയ്യുന്നു. അവരുടെ പ്രണയം പൂവിടുന്നതായി ചിത്രീകരിച്ചിരിക്കുന്നത് ചുറ്റുവട്ടത്തുള്ള മൃഗങ്ങളുടെ ഇണചേരൽ കണ്ടു രൂപപ്പെടുന്ന ഒന്നായിട്ടാണ്. പഴം കഴിക്കുമ്പോൾ സംഭവിക്കുന്ന ചുംബനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചപ്പോഴും അതിൽനിന്നവർ വിട്ടുമാറുന്നു. പിന്നീട് തങ്ങളുടെ കാഴ്ചയിൽപെടുന്ന മൃഗങ്ങളുടെ ലൈംഗികബന്ധങ്ങളിലൂടെ തങ്ങളുടെ ശരീരത്തിന്റെ സാധ്യതകളവർ മനസ്സിലാക്കുന്നു. പ്രകൃതിയിലുള്ള മൃഗങ്ങളുടെ ഇണചേരലിൽനിന്നാണ് മനുഷ്യർ തങ്ങളുടെ ലൈംഗികത കണ്ടെത്തിയതെന്നുള്ള വ്യാഖ്യാനമാണ് ഇവിടെ മുന്നോട്ടുവയ്ക്കുന്നത്.

പ്രകൃതിയെന്നു പറയുന്നത് സ്വാഭാവികമാണെന്നും അതിന്റെ നിയമമനുസരിച്ചാണ് മനുഷ്യരുടെ ലൈംഗികത നിർവചിക്കപ്പെടുന്നതെന്നും ഇതിലൂടെ സ്ഥാപിക്കപ്പെടുന്നു. ബൈബിളിലത് ഇങ്ങനെയല്ല പറയുന്നത്. ദൈവത്തിന്റെ നിയമമാണ് മനുഷ്യലൈംഗികതയെന്ന് പറയുകയാണവിടെ. ദൈവം കല്പിച്ചതിനുപുറത്ത് മനുഷ്യൻ കണ്ടെത്തുന്നതൊക്കെ നിരോധിക്കപ്പെടുന്നു.

ഒരു പൂവ് വിടർന്നു ശോഭിച്ചുനില്ക്കുന്ന ദൃശ്യത്തിലാണ് അവരുടെ ലൈംഗികതയുടെ സമാപ്തി കാണിക്കുന്നത്. പ്രകൃതിബിബംങ്ങളുടെ സവിശേഷമായ ലയനത്തിലൂടെയാണ് മനുഷ്യബന്ധങ്ങളുടെ സൂക്ഷ്മതയെ ആവിഷ്കരിക്കുന്നത്. ഇതിലൂടെ പ്രകൃതിയുടെ സ്വാഭാവികതയാണ് മനുഷ്യനെന്ന പാഠം ഉല്പാദിപ്പിച്ചുകൊണ്ട് ദൈവത്തിന്റെ നിയമങ്ങളെ തിരസ്കരിക്കുന്നതായി ദൃശ്യവല്കരിക്കുന്നു. അധികാരരൂപിയായ ദൈവത്തിന്റെ സൃഷ്ടിയെന്ന ബൈബിൾ പാഠത്തെ നിരാകരിച്ച് വിശാലമായ പ്രകൃതിയുടെ ഒരുഭാഗംമാത്രമായി മനുഷ്യനെ പ്രതിഷ്ഠിക്കുന്നതിലൂടെയാണ് ആദ്യപാപമെന്ന സിനിമ കാഴ്ചയിലെ വഴിമാറിനടക്കലായി മാറുന്നത്. എന്നാൽ ലൈംഗികത പ്രകൃതിനിയമത്തിന്റെ പകർപ്പാണെന്നു സ്ഥാപിക്കുന്നതിലൂടെ മലയാളിയുടെ പൊതുബോധലൈംഗികതയോടു സന്ധിചെയ്യുകയും ചെയ്യുന്നു. ഈ സന്ധിചെയ്യലാണ് സോഫ്റ്റ്പോൺ സിനിമകളുടെ പ്രധാനപ്പെട്ട ധർമ്മമെന്നും പറയാം.

വെറുമൊരു "എ പടം' എന്ന രീതിയിൽ "മസാലവൽക്കരിച്ച'തെന്നു തോന്നിപ്പിക്കുന്ന സിനിമയിൽ ഇത്തരത്തിലുള്ള വേറിട്ട കാഴ്ചകൾ രൂപീകരിക്കേണ്ട ആവശ്യമില്ല. എന്നാൽ ഈ സിനിമയിൽ അത് കൈയൊഴിയുകയും പുതിയൊരു വ്യാഖ്യാനം തന്നെ ചമയ്ക്കുകയും ചെയ്തിരിക്കുന്നു എന്നുള്ളത് സിനിമയുടെ പ്രസക്തിയാണ് അടയാളപ്പെടുത്തുന്നത്.

ഉല്പത്തികഥയെ ദൈവശാസ്ത്രപരമായ വ്യാഖ്യാനിച്ചിട്ടുള്ള പലതരം ബൈബിൾവ്യാഖ്യാനങ്ങളും ഇത്തരത്തിലുള്ള പാഠങ്ങൾക്ക് പാഠങ്ങൾ കണ്ടെടുക്കുന്നുണ്ടെന്ന് മലയാളത്തിൽ തന്നെ ഉണ്ടായിട്ടുള്ള ദൈവശാസ്ത്രവ്യാഖ്യാനങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാക്കാം. അതായത് ക്രൈസ്തവർ പൊതുവിൽ വിശ്വസിക്കുന്ന, ഹവ്വ പാപത്തിലേക്ക് ആദമിനെ നയിക്കുകയായിരുന്നുവെന്ന പാഠം വ്യക്തമായി ചോദ്യംചെയ്യപ്പെടുന്നുണ്ട്. സാത്താൻ പാപത്തിന്റെ ഇടമാണെന്നും മനുഷ്യരെ വഴിതെറ്റിക്കുന്ന ശക്തിയാണെന്നുമുള്ള പൊതുബോധം ഇത്തരത്തിലുള്ള കാഴ്ചകൾ അടച്ചുകളയുന്നു. മനുഷ്യർ കാലാകാലങ്ങളിൽ നേടുന്ന പലതരം തിരിച്ചറിവുകളിലൂടെയാണ് തങ്ങളുടെ സ്വത്വത്തെയും വിധിയെയും നിർണയിക്കുന്നതെന്നുള്ള ചരിത്രബോധമാണ് ഇവിടെ സൂചിപ്പിക്കുന്നത്.

എന്നാൽ ആദാമിന് ഇങ്ങനെ സ്വയംനിർണയാവകാശം ഉള്ളതായി ആദ്യഭാഗത്ത് കാണിക്കുന്നില്ല. എന്നല്ല നിസംഗനായ ഒരാളായിട്ടാണ് അയാളെ ദൃശ്യവല്കരിക്കുന്നത്, ദൈവമെന്ന അധികാരത്തെ ഭയന്നു ജീവിക്കുന്ന ഒരാളെന്ന മട്ടിൽ. ദൈവശക്തി പോലുള്ള ശക്തികളെ തിരിച്ചറിഞ്ഞ് തിരസ്കരിക്കുന്നതിലൂടെയാണ് മനുഷ്യർക്ക് തങ്ങളുടെ സർഗ്ഗാത്മകതയെ ആവിഷ്കരിക്കാൻ കഴിയുക എന്നബോധ്യം ഇവിടെ ഉയരുന്നുണ്ട്.

ദൈവം മനുഷ്യന് വിലക്കിയത് കാഴ്ചയാണെന്നും അതിലൂടെ തങ്ങളുടെ ശരീരം കാണാനുള്ള അധികാരമാണ് റദ്ദാക്കിയതെന്നുമാണ് ഏദനിലെ പാഠത്തിന്റെ കാതൽ. ആ വിലക്കാണ് ഹവ്വ തന്റെ ബോധ്യങ്ങളിലൂടെ മറികടക്കുന്നത്. ഹവ്വ കാണുന്ന സ്വപ്നം തന്റെ ശരീരത്തിന്റെ ആനന്ദത്തെക്കുറിച്ചുള്ള ബോധ്യമാണ്. ആ ബോധ്യമാണ് സാത്താനെ നിരന്തരം കാണാനവളെ പ്രേരിപ്പിക്കുന്നത്. അതിനാൽ ആദിയിൽ പുരുഷനല്ല ദൈവത്തെ നിഷേധിച്ച് തങ്ങളുടെ ലോകം പടുത്തുയർത്തിയത് മറിച്ച് ഹവ്വയെന്ന സ്ത്രീയാണത് ചെയ്തതെന്നു വ്യക്തമാകുന്നു. തനിക്കൊരു ശരീരമുണ്ടെന്നും അതിന് പലസാധ്യതകളുണ്ടെന്നുമുള്ള ബോധ്യമാണ് ആദിയിലെ ആദ്യകലാപത്തിന്റെ അടിസ്ഥാനമെന്ന ദൈവശാസ്ത്രം സിനിമ പറയുന്നു. അങ്ങനെ ആദ്യപാപം സിനിമയിൽ ആദ്യകലാപമായി മാറുന്നു.

ഉല്പത്തിപുസ്തകത്തിലെ വ്യാഖ്യാനത്തിലൂടെ സ്ഥാപിച്ചിരിക്കുന്ന പ്രധാനപ്പെട്ട ചില ആശയങ്ങളിലൊന്ന്, ആദ്യം സൃഷ്ടിക്കപ്പെട്ടത് ആദാമായതിനാൽ പുരുഷനാണ് സൃഷ്ടിയിൽ പൂർണനെന്നും സ്ത്രീ പുരുഷന്റെ സഹായി മാത്രമാണെന്നുമുള്ളതാണ്. ഈ പുരുഷാധിപത്യചിന്ത ദൈവശാസ്ത്ര, വിശ്വാസസത്യമാക്കിയാണ് ക്രൈസ്തവവിശ്വാസം പ്രവർത്തിക്കുന്നത്. എന്നാൽ ഇതിനെ ചോദ്യംചെയ്തുകൊണ്ട് സ്ത്രീ അവസാനം സൃഷ്ടിക്കപ്പെട്ടതിനാൽ സ്ത്രീയാണ് സൃഷ്ടിയുടെ മകടമെന്നും സ്ത്രീ പുരുഷന്റെ സഹായിയാണെന്നുള്ള വ്യഖ്യാനം തെറ്റാണെന്നും മറിച്ച് അവൾ പങ്കാളിയായിട്ടാണ് സൃഷ്ടിക്കപ്പെട്ടതെന്നും വ്യാഖ്യാതാക്കൾ പറയുന്നു. ബൈബിളിലെ പുരുഷാധിപത്യ മനുഷ്യസൃഷ്ടികഥയെ ചരിത്രസത്യമാക്കിയാണ് ബൈബിളിൽ പൗലൂസിനെപ്പോലുള്ളവർ വിശ്വാസം വ്യാഖ്യാനിച്ചതെന്നും അതെല്ലാം തിരുത്തപ്പെടണമെന്നും സ്ത്രീകളെ പുരുഷന്റെ കീഴിലുള്ള സ്വത്വമായി നിലനിർത്തുന്ന വ്യാഖ്യാനങ്ങളെ ചോദ്യംചെയ്യുന്ന പാഠങ്ങൾ ഇക്കഥകളിൽതന്നെയുണ്ടെന്നും ദൈവചിന്തകനായ എം എം തോമസ് അസന്ദിഗ്ധമായി ചൂണ്ടിക്കാട്ടുന്നുണ്ട് (ആദിയിൽ ദൈവം). ലൈംഗികതയും ശരീരവും പാപമാണെന്ന ക്രൈസ്തവമതബോധത്തിന്റെ ആചാരവഴക്കങ്ങളെ ചോദ്യംചെയ്യുന്ന വായനകൾ രൂപപ്പെടുന്നതും അക്കാലത്തെ പുതിയ സാമൂഹികബോധ്യങ്ങളുടെ പശ്ചാത്തലത്തിലാണെന്നും ശ്രദ്ധിക്കണം. ഇത്തരം വാദങ്ങളിലേക്ക് ചില കാഴ്ചകൾ തുറന്നിടുകയാണ് ആദ്യപാപം ചെയ്യുന്നതെന്ന് പറയാം.

കഥയുടന്നീളം സഞ്ചരിക്കുന്നത് വിശാലമായ പ്രകൃതിയിലൂടെയാണ്. ഏറെയും വനമെന്നു തോന്നിക്കുന്ന സ്ഥലങ്ങളിലാണ് ആദവും ഹവ്വയും ജീവിക്കുന്നത്. ഒരിടത്തു സ്ഥിരമായി പാർക്കുന്നവരെന്ന തോന്നൽ സൃഷ്ടിക്കാതെ നിരന്തരം വിവിധയിടങ്ങളിലൂടെ സഞ്ചരിക്കുന്നുവരായിട്ടാണ് അവരെ കാണിക്കുന്നത്. മനുഷ്യസംസ്കാരത്തിന്റെ ആദിമകാലങ്ങളിൽ വനങ്ങളിൽ ഗുഹകളെയും മറ്റും മനുഷ്യനാശ്രയിച്ചതായി പറയുന്നുണ്ടെങ്കിലും ഇവിടെ ഒരു ദൃശ്യത്തിൽപ്പോലും അവർ ഗുഹകളിൽ പാർക്കുന്നതായി കാണിക്കുന്നില്ല.

ഇതിലേറെ ശ്രദ്ധിക്കേണ്ടത് ഹവ്വയുടെ സഞ്ചാരങ്ങളാണ്. വിശാലമായ പ്രകൃതിയിൽ ഭയമില്ലാതെ വസ്ത്രവുമില്ലാതെ സഞ്ചരിക്കുന്ന ഹവ്വയുടെ ശരീരഭാഷ "അക'ത്തിന്റെ ആളല്ല താനെന്ന് പറയുന്നുണ്ട്. ഗർഭിണിയായ കാലത്തും അവൾ ക്രൂരമൃഗങ്ങളുടെ ഇടയിലൂടെ ആഹ്ലാദത്തോടെ സഞ്ചരിക്കുന്നു. ഏദനിൽവച്ച് പഴം തിന്നുമ്പോൾ നാണം തോന്നുന്നുണ്ടെങ്കിലും പിന്നീടവൾ നാണം പ്രകടിപ്പിക്കുന്നില്ല. നാണമില്ലായ്മയിലൂടെയും വസ്ത്രമില്ലായ്മയിലൂടെയും സ്ത്രീശരീരത്തിന്റെ സവിശേഷമായ രാഷ്ട്രീയം പറയുകയാണ് ഇക്കഥയെന്നു പറയാം. "സോഫ്റ്റുപോൺ' സിനിമകൾ അങ്ങനെ കുലീനമായ സ്ത്രീശരീരത്തിന്റെ വസ്തുവല്കരണത്തെ തിരസ്കരിക്കുന്ന ശരീരഭാഷയായി മാറുന്നുവെന്നു വ്യക്തം. സ്ത്രീശരീരം കേവലമായി പുരുഷകാഴ്ചയുടെ ബിംബമായി നിലകൊള്ളുകയല്ലെന്നും അധികാരബോധത്തോടെ തന്റെ ശരീരത്തെ ഫ്രെയ്മിൽ സന്നിവേശിപ്പിക്കുന്ന സാന്നിധ്യമായി മാറുകയാണെന്നും ഹവ്വ വ്യക്തമാക്കുന്നു.

ലൈംഗികതയും ശരീരവും അതി ഭൗതികമായ ഒന്നല്ലെന്നും ചരിത്രപരമായി നിർമിക്കപ്പെടുന്നതാണെന്നും മലയാളിയുടെ ആധുനികത അസന്ദിഗ്ധമായി വ്യക്തമാക്കുന്നുണ്ട്. അർധനഗ്നമായ, മരുമക്കത്തായ ശരീരങ്ങൾ കൊളോണിയലിസത്തിലൂടെ വസ്ത്രത്തിന്റെ മറവിലേക്കു മാറി അക്കാലത്തിന്റെ ഉപകരണങ്ങളായി പരിവർത്തിക്കുന്നതിന്റെ കഥയാണ് ആധുനികതയിലെ സാഹിത്യവും സിനിമയും പറഞ്ഞത്. ആധുനികവീടിന്റെ വാസ്തുശാസ്ത്രത്തിനനുസരിച്ച് ഭിന്നധർമ്മങ്ങളിലൂന്നി നിർമിക്കപ്പെട്ട ശരീരങ്ങൾ തങ്ങളുടെ ശരീരത്തിലെ തൃഷ്ണകളെ തിരിച്ചറിയുന്ന സന്ദർഭത്തിലാണ് ലൈംഗികത പാപമെന്ന പുരാവൃത്തത്തെ പുനർവായിക്കുന്ന കാഴ്ചയുണ്ടാകുന്നത്. ഗൾഫ് പ്രവാസത്തിന്റെ സാമ്പത്തിക വളർച്ച മലയാളിയുടെ ആധുനികതയെ ചോദ്യം ചെയ്യുന്ന ഘട്ടത്തിലാണ് ശരീരത്തിന്റെ കാമനകളെ തേടുന്ന പുതിയ കാഴ്ചകൾ മലയാളി ആവശ്യപ്പെടുന്നത്. അകത്ത് ഒളിപ്പിച്ചുവയ്ക്കാനാവശ്യപ്പെടുന്ന ശരീരത്തെ തുറന്നുകാണാനുള്ള വ്യാമോഹങ്ങളുടെ ചരിത്രസന്ദർഭത്തിലാണ് പാപങ്ങളെ വിലക്കിനപ്പുറത്ത് ആവശ്യമായി തിരിച്ചറിയുന്ന മുഹൂർത്തം സൃഷ്ടിക്കപ്പെടുന്നത്.

Comments